ജീവിച്ചിരുന്ന, ഇരിക്കുന്ന മനുഷ്യരെപ്പറ്റി എഴുതിയ പന്ത്രണ്ടു് കഥകളുടെ സമാഹാരമായ ‘അറം’ 2009-ലാണു് ഞാൻ പ്രസിദ്ധീകരിച്ചതു്. തമിഴ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ, ഏറ്റവും കൂടുതൽ വായിക്കപ്പെട്ട കൃതികളിലൊന്നാണതു്. അതിലെ മറ്റു കഥകളാണു് കഴിഞ്ഞ കൊല്ലങ്ങളിൽ ഭാഷാപോഷിണിയിൽ വന്ന ‘അറം’, ‘വണങ്ങാൻ’ തുടങ്ങിയവ.
ഈ കഥയിൽ മാത്രം നായകന്റെ പേരും മറ്റു വിവരങ്ങളും മാറ്റിയിട്ടുണ്ടു്. അദ്ദേഹത്തിന്റെ അനുവാദത്തോടു തന്നെയാണു് എഴുതിയതു്. അദ്ദേഹം വായിച്ചു് അനുഗ്രഹിക്കുകയുമുണ്ടായി. ഇതിലെ സംഭവങ്ങൾ ഭാവനകൊണ്ടു് പുനർസൃഷ്ടിച്ച സത്യമാണു്.
ഈ കഥ ലഘുലേഖകളായി പല ദലിതു് സംഘടനകളും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. സുപ്രസിദ്ധ ദലിതു് പ്രസിദ്ധീകരണമായ ‘എഴുത്ത്’ (V. Alex, Ezhuthu Publications, Siron Cottage, Jonespuram, Ist street, Pasumalai, Madurai) ഈ കഥയെ ചെറിയ പുസ്തകമാക്കി ആയിരക്കണക്കിനു് അച്ചടിച്ചു് വിതരണം ചെയ്തുവരുന്നുണ്ടു്. ഈ കഥയ്ക്കു് പകർപ്പവകാശം ഇല്ല.
ജയമോഹൻ