images/W_W.jpg
Exploitation upon Women, painting by Kailash Chandra Meher .
‘ബലേ പ്രതിഷ്ഠിതോ ധർമ്മഃ’: കുട്ടികൃഷ്ണമാരാരുടെ ‘ഭാരതപര്യടന’ധർമ്മവിചിന്തനം
ജോസ് വി. മാത്യു
images/Kuttikrishnamarar-cover.jpg

ഉപനിഷത്തുക്കളോടൊപ്പം മഹാഭാരതത്തിലും ആവർത്തിക്കപ്പെടുന്ന ഒരു വിചാരമാണു “ധർമ്മസ്യ തത്ത്വം നിഹിതം ഗുഹായാം” എന്നതു്. ഈ സുദുർഗ്രഹമായ ധർമ്മരഹസ്യം തേടിയുള്ള ശ്രീ. കുട്ടികൃഷ്ണമാരാരുടെ യാത്രയാണു വിശ്രുതമായ ഭാരതപര്യടനം.[1] മഹാഭാരതത്തിലെ ധർമ്മചിന്തയുടെ മർമ്മം മാരാര് നിർദ്ധാരണം ചെയ്യുന്നതു “നേശേ ബലസ്യേതി ചരേദധർമ്മം” എന്ന ശ്ലോകപാദവ്യാഖ്യാനത്തിലൂടെയാണു്. പാണ്ഡവരുടെ വനവാസകാലത്തു, ദ്വൈതവനത്തിൽ അവരെ സന്ദർശിക്കാനെത്തിയ മാർക്കണ്ഡേയൻ—വിധിയെ പൗരുഷം കൊണ്ടെതിർത്തു ദീർഘായുസ്സു നേടിയെന്ന ഖ്യാതിയുള്ള മുനി—പുഞ്ചിരി തൂകിക്കൊണ്ടു യുധിഷ്ഠിരനോടു പറയുന്നതാണിതു്. “ബലസ്യ ഈശേ ഇതി അധർമ്മം ന ചരേൽ”—താൻ ബലത്തിനാളാണെന്നു വെച്ചു് അധർമ്മം ചെയ്യരുതു്—എന്നതാണു് ഈ ശ്ലോകപാദത്തിനു പൊതുവേ എടുത്തിരുന്ന അർത്ഥം. എന്നാൽ മാരാര്, “ബലസ്യ ന ഈശേ ഇതി അധർമ്മം ചരേൽ”—താൻ ബലത്തിനാളല്ലെന്നു വന്നാൽ അധർമ്മം ചെയ്യാം —എന്നു് അന്വയിച്ചു, ‘താൻ ബലത്തിനാളല്ലെന്നു വെച്ചു ചെയ്യുന്നതു് അധർമ്മമാണു്’ എന്ന സന്ദർഭാനുസാരിയായ അർത്ഥാന്തരത്തിലേയ്ക്കെത്തി. “ഇങ്ങനെ ഒരു അർത്ഥമെടുക്കാനുള്ള മുഖ്യോപപത്തി മാർക്കണ്ഡേയന്റെ ആ ചിരി തന്നെ. ചിരിച്ചു കൊണ്ടു പറഞ്ഞ വാക്കിനു് ഒരിക്കലും വാച്യാർത്ഥത്തിലല്ലല്ലോ താല്പര്യം”, എന്നു മാരാര്. താതാജ്ഞയാൽ വനവാസിയായ രാമനും, നാഭാഗഭഗീരഥാദി രാജാക്കളും സത്യവ്രതത്തിലുറച്ചുനിന്നതിനെയും, വാനിൽ വാഴുന്ന സപ്തർഷികളും, പർവ്വതാകാരികളായ ആനകളും, എല്ലാ ജീവിജാലങ്ങളും ധാതൃവിധിയ്ക്കു വഴങ്ങി നിൽക്കുന്നതിനെയും ഉദാഹരിച്ചു മാർക്കണ്ഡേയൻ ഈ വാക്യം പല തവണ ആവർത്തിക്കുന്നുണ്ടു്. രാമാദി രാജർഷിമാരോടും സപ്തർഷിമാരോടുമൊപ്പം തിര്യഗ്ജാതികളായ ഗജങ്ങളെയും മറ്റെല്ലാ പ്രാണികളെയും ചേർത്തുപറഞ്ഞതിനാൽ, രാമാദികളുടെ പ്രസിദ്ധമായ സത്യവ്രതം ഗജങ്ങളുടെയും മറ്റും ധാതൃനിദേശാനതിവർത്തിത്വത്തോടു തുല്യമാവാമെന്നു മാരാര് അനുമാനിക്കുന്നു. ഏതെങ്കിലും വികാരഭേദത്തിനടിപ്പെട്ടു പറഞ്ഞുപോയ വാക്കിന്റെ പേരിലുള്ള സത്യവ്രതാനുഷ്ഠാനം—ആനയുടെ കീഴടക്കം പോലെ—പൗരുഷസ്പർശമേല്ക്കാത്ത വിധിവിധേയതയ്ക്കു തുല്യമാണെന്നും അതിനാൽ രാജ്യം വാഴുക സ്വധർമ്മമായുള്ള യുധിഷ്ഠിരൻ ചൂതുകളിയിലെ സത്യപ്രതിജ്ഞയുടെ പേരിൽ രാജ്യം കളഞ്ഞുകുളിച്ചു ഭാര്യാസഹോദരന്മാരോടുകൂടി കാട്ടിൽ വസിക്കുന്നതു ദുർബ്ബലതയും തന്മൂലം അധർമ്മവുമാണെന്നാണു മുനി സൂചിപ്പിക്കുന്നതെന്നാണു മാരാരുടെ നിരീക്ഷണം.

മാരാരുടെ ഏറ്റവും പേരുകേട്ട കൃതി ഭാരതപര്യടനം ആയിരിക്കും. ഭാരതപര്യടനപ്രബന്ധങ്ങളിൽ നടുനായകത്വംവഹിക്കുന്നതാകട്ടെ, ‘നേശേ ബലസ്യേതി ചരേദധർമ്മം’ എന്ന പ്രബന്ധവും. മാരാരുടെ പാണ്ഡിത്യവും, യുക്തിബോധവും, ഋഷികവിഹൃദയം കണ്ടറിയാനുള്ള നൈപുണ്യവും ഒരേപോലെ അനുഭവവേദ്യമാകുന്ന ഈ പഠനത്തിൽ, മാർക്കണ്ഡേയസൂക്തവ്യാഖ്യാനത്തിലൂടെ മഹാഭാരതത്തിലെ ധർമ്മചിന്തയ്ക്കു വ്യത്യസ്തമായൊരു മാനം നല്കപ്പെട്ടു. ഇതിഹാസകഥാസന്ദർഭങ്ങൾ ഈ പുതുവീക്ഷണത്തിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്യപ്പെട്ടിരിക്കുന്നു ഭാരതപര്യടനത്തിൽ. അതിനാൽത്തന്നെ മാരാരുടെ ഈ വ്യാഖ്യാനം വളരെയേറെ വിമർശനങ്ങൾക്കും വഴിയൊരുക്കി. അവയിൽ ശ്രദ്ധേയമായ വിമർശപഠനങ്ങളാണു ഡോ. എം. ലീലാവതിയുടെ “നേഽശേ ബലസ്യേതി ചരേദധർമ്മം” എന്ന ലേഖനവും, അനുബന്ധലേഖനങ്ങളും.[2],[3] ഭാരതപര്യടനലേഖനത്തെ വിവിധ വീക്ഷണകോണുകളിലൂടെ നോക്കിക്കണ്ടു മാരാരുടെ വാദമുഖങ്ങളെ ഖണ്ഡിക്കാനുള്ള സവിസ്തരമായ ശ്രമമാണിതു്. ഒറ്റവായനയിൽ, മാരാരുടെ ശക്തിയുക്തവാദങ്ങൾക്കു മറുപടി നൽകുന്നുവെന്ന തോന്നലുളവാക്കുന്ന ഈ പഠനങ്ങൾക്കു്, ഒരു സമ്പൂർണ്ണ നിരൂപണം ഇതുവരെ ഉണ്ടായിട്ടില്ല. മഹാഭാരതത്തിലെ ധർമ്മവീക്ഷണത്തിന്റെ പേരിൽ കാലാകാലങ്ങളായി മാരാര് നേരിട്ടു പോന്ന വിമർശനങ്ങളുടെ ആകെത്തുകയായി ഡോ. ലീലാവതിയുടെ വാദങ്ങളെ കരുതാമെന്നതിനാൽ, ഭാരതപര്യടനബാഹ്യേതിഹാസരംഗങ്ങൾകൂടി ഉൾപ്പെടുത്തി, ഒരു സമഗ്രഅപഗ്രഥനമാണിവിടെ ഉദ്ദേശിച്ചിരിക്കുന്നതു്.

‘നേശേ ബലസ്യേതി ചരേദധർമ്മം’—ബലസ്യ ന ഈശേ ഇതി അധർമ്മം ചരേൽ—എന്ന മാരാരുടെ അന്വയവും, അതിന്റെ അർത്ഥാന്തരവും യുക്തിഭദ്രമല്ലെന്നു വാദിക്കാനാവില്ലല്ലോ. അപ്പോൾ, ആ അന്വയത്തിനു മാരാര് നല്കിയ താത്പര്യാർത്ഥം ഋഷിവിവക്ഷയ്ക്കെതിരാണെന്നു സ്ഥാപിക്കാനാണു ഡോ. ലീലാവതിയുടെ ശ്രമം. അതിനു നടത്തിയ വിപുലമായ സന്നാഹങ്ങൾ ഇപ്രകാരം സംഗ്രഹിക്കാം.

  1. ‘നേശേ…’ ശ്ലോകപാദ സന്ദർഭത്തിലെ മാർക്കണ്ഡേയമുനിയുടെ ഉദാഹരണങ്ങൾക്കു മാരാര് എടുത്ത അർത്ഥം തെറ്റെന്നു വാദിക്കുക. (ഭാഗം 1)
  2. മാരാരുടെ വ്യാഖ്യാനത്തിലെ ഊന്നൽ വ്യക്തിയുടെ ബലബോധത്തിലാണു്. അപ്പോൾ, യുധിഷ്ഠിരനു ദൗർബ്ബല്യബോധം ഇല്ലായിരുന്നെന്നു സ്ഥാപിക്കുക. (ഭാഗം 2)
  3. വനവാസപ്രതിജ്ഞ യുധിഷ്ഠിരൻ വികാരാവേശത്തിൻപുറത്തു ചെയ്തു പോയതാണെന്നും, ചൂതുകളിക്കമ്പമാണു കാരണമെന്നും മാരാര് പറയുന്നു. അപ്പോൾ, അതു ‘കമ്പം’ അല്ലെന്നു വാദിക്കുക. (ഭാഗം 3)
  4. ‘നേശേ…’ ശ്ലോകപാദ വ്യാഖ്യാനത്തിനു സഹായകരമെന്നു മാരാര് കണ്ടെത്തുന്ന മറ്റു മഹാഭാരതസന്ദർഭങ്ങളും ശ്ലോകങ്ങളും പ്രകൃതത്തിനു് അനുയോജ്യമല്ലെന്നു തെളിയിക്കുക. (ഭാഗം 5)
  5. ഋഷിസൂക്തമായ ‘നേശേ…’ത്തിന്റെ മാരാരുടെ വ്യാഖ്യാനത്തെ മഹാഭാരതസന്ദർഭത്തിൽ നിന്നടർത്തി മാറ്റി ലോകചരിത്രത്തിൽ പ്രതിഷ്ഠിച്ചാൽ വളരെ തെറ്റായ ഒരു സന്ദേശമാണു് അതു നല്കുന്നതെന്നു സമർത്ഥിക്കുക. (ഭാഗം 6)
  6. ഇനി ഇതൊന്നും ഫലിച്ചില്ലെങ്കിൽ, മാരാരുടെ ശ്ലോകാന്വയപ്രകാരം തന്നെപോയി, മാരാരുദ്ദേശിക്കാത്ത നിർജ്ജീവമായ ഒരർത്ഥം ആ ശ്ലോകപാദത്തിനു കല്പിക്കുക. (ഭാഗം 4)
ഈ വാദങ്ങളെ ഇവിടെ വിശദപഠനവിധേയമാക്കിയിരിക്കുന്നു.
1. പൗരുഷം കൂടാതെകണ്ടു ദൈവവും ഫലമേകിടാ!

ദുർബ്ബലസൂചകമായ വിധിവിധേയതാവാദത്തിന്റെ അടിത്തറയായ ‘ഗജ’, ‘ഭൂത’ ശബ്ദങ്ങൾ സ്വന്തം വാദത്തിനു് ഉപോദ്ബലകമാകാൻ വേണ്ടി ‘വെറും’ ആനകളെയും പ്രാണികളെയുമാണു വിവക്ഷിക്കുന്നതെന്നു മാരാര് തെറ്റിദ്ധരിപ്പിച്ചു എന്നതാണു് ഒന്നാമത്തെ വാദം. “വാനിൽ വാഴുന്ന സപ്തർഷികളെപ്പറ്റിപ്പറഞ്ഞതിനു ശേഷം പറയുന്ന ‘മഹാഗജങ്ങൾ’ ദിഗ്ഗജങ്ങളാണു്; ‘ഭൂതങ്ങൾ’ പഞ്ചമഹാഭൂതശക്തികളും. ദിഗ്ഗജങ്ങൾ എന്നൊരു സങ്കല്പം ഇതിഹാസ പുരാണകാവ്യാദികളിൽ പ്രസിദ്ധമാണു്. അവ ഭൂമിയെ താങ്ങിനിറുത്തുന്നു എന്നാണു സങ്കല്പം. ‘ധാതാവു വേദത്തിൽ വിധിച്ച വണ്ണം’ ആണു സപ്തർഷികളും ദിഗ്ഗജങ്ങളും പഞ്ചമഹാഭൂതങ്ങളും പ്രവർത്തിക്കുന്നതു്… ഇവ വേദത്തിൽ പറയുന്ന ‘ഋതം’ അഥവാ സത്യം പാലിച്ചുകൊണ്ടു പ്രപഞ്ചത്തെ നിലനിർത്തുന്നു എന്നാണു വ്യാഖ്യാനിക്കേണ്ടതു്… ‘ഊക്കാണ്ടു്’, ‘പർവ്വതകൂടമൊത്തുവായ്ക്കുന്ന കൊമ്പുള്ള’ എന്ന വിശേഷണം കൊണ്ടു പൃഥിവീപാലനമെന്ന ധർമ്മം, സത്യം, ഋതം പാലിക്കുന്ന ദിഗ്ഗജങ്ങളാണു വിവക്ഷിതം എന്നുതന്നെ ഗ്രഹിച്ചേ തീരൂ… ഉറുമ്പു, തേരട്ട, തൊട്ടാലൊട്ടി പോലുള്ള പ്രാണിവർഗ്ഗത്തേയാണു ‘ഭൂതങ്ങൾ’ കൊണ്ടു വ്യപദേശിക്കുന്നതെന്ന വ്യാഖ്യാനം സന്ദർഭഗുരുതയ്ക്കൊട്ടും ചേരുന്നതല്ല.” ഇങ്ങനെ പോകുന്നു ലീലാവതിയുടെ വാദഗതി.

⋄ ⋄ ⋄

ഭാരതപര്യടനം പൂർണമായും സംസ്കൃത മൂലഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണു് എഴുതപ്പെട്ടതു്.[4] മാരാരുടെ ഗദ്യാനുഗതതർജ്ജമയിലൂടെയാണു ഭാരതപര്യടനത്തിലെ പ്രശസ്തമായ കഥാസന്ദർഭങ്ങൾ ഇതൾവിരിയുന്നതു്. എന്നാൽ, ലീലാവതി തന്റെയീ പ്രധാനപ്പെട്ട വാദസമർത്ഥനത്തിനായി, മൂലഗ്രന്ഥവും, മാരാരുടെ തർജ്ജമയും മാറ്റി വെച്ചിട്ടു, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാന്റെ മഹാഭാരതവിവർത്തനം മാത്രമാണു് ആധാരമാക്കിയിരിക്കുന്നതു്.[5] അതിനാൽ, മാർക്കണ്ഡേയമുനിയുടെ ദ്വൈതവന സന്ദർശനസന്ദർഭത്തിന്റെ മൂലഗ്രന്ഥഭാഗം, ഭാരതപര്യടനത്തിലെ മാരാരുടെ തർജ്ജമ, കുഞ്ഞിക്കുട്ടൻതമ്പുരാന്റെ തർജ്ജമ; ഇവയിലേയ്ക്കു് ഒന്നു കണ്ണോടിക്കാം.

മഹാഭാരതമൂലം:

മാർകണ്ഡേയ ഉവാച:

“ന താത ഹൃഷ്യാമി ന ച സ്മയാമി;

പ്രഹർഷജോ മാം ഭജതേ ന ദർപഃ

തവാപദം ത്വദ്യ സമീക്ഷ്യ രാമം;

സത്യവ്രതം ദാശരഥിം സ്മരാമി

സ ചാപി രാജാ സഹ ലക്ഷ്മണേന;

വനേ നിവാസം പിതുരേവ ശാസനാത്

ധന്വീ ചരൻപാർഥ പുരാ മയൈവ;

ദൃഷ്ടോ ഗിരേരൃഷ്യമൂകസ്യ സാനൗ

സഹസ്രനേത്രപ്രതിമോ മഹാത്മാ;

മയസ്യ ജേതാ നമുചേശ്ച ഹന്താ

പിതുർനിദേശാദനഘഃ സ്വധർമ്മം;

വനേ വാസം ദാശരഥിശ്ചകാര

സ ചാപി ശക്രസ്യ സമപ്രഭാവോ;

മഹാനുഭാവഃ സമരേഷ്വജേയഃ

വിഹായ ഭോഗാനചരദ്വനേഷു;

നേശേ ബലസ്യേതി ചരേദധർമ്മം

നൃപാശ്ച നാഭാഗഭഗീരഥാദയോ;

മഹീമിമാം സാഗരാന്താം വിജിത്യ

സത്യേന തേഽപ്യജയംസ്താത ലോകാ;

ന്നേശേ ബലസ്യേതി ചരേദധർമ്മം

അലർകമാഹുർനരവര്യ സന്തം;

സത്യവ്രതം കാശികരൂഷരാജം

വിഹായ രാഷ്ട്രാണി വസൂനി ചൈവ;

നേശേ ബലസ്യേതി ചരേദധർമ്മം

ധാത്രാ വിധിര്യോ വിഹിതഃ പുരാണ;

സ്തം പൂജയന്തോ നരവര്യ സന്തഃ

സപ്തർഷയഃ പാർഥ ദിവി പ്രഭാന്തി;

നേശേ ബലസ്യേതി ചരേദധർമ്മം

മഹാബലാൻപർവ്വതകൂടമാത്രാ;

ന്വിഷാണിനഃ പശ്യ ഗജാന്നരേന്ദ്ര

സ്ഥിതാന്നിദേശേ നരവര്യ ധാതു;

ര്നേശേ ബലസ്യേതി ചരേദധർമ്മം

സർവ്വാണി ഭൂതാനി നരേന്ദ്ര പശ്യ;

യഥാ യഥാവദ്വിഹിതം വിധാത്രാ

സ്വയോനിതസ്തത്കുരുതേ പ്രഭാവാ;

ന്നേശേ ബലസ്യേതി ചരേദധർമ്മം

സത്യേന ധർമ്മേണ യഥാർഹവൃത്ത്യാ;

ഹ്രിയാ തഥാ സർവഭൂതാന്യതീത്യ

യശശ്ച തേജശ്ച തവാപി ദീപ്തം;

വിഭാവസോർഭാസ്കരസ്യേവ പാർഥ

യഥാപ്രതിജ്ഞം ച മഹാനുഭാവ;

കൃച്ഛ്രം വനേ വാസമിമം നിരുഷ്യ

തതഃ ശ്രിയം തേജസാ സ്വേന ദീപ്താ;

മാദാസ്യസേ പാർഥിവ കൗരവേഭ്യഃ”

(ആരണ്യകപർവ്വം: 26)

ഭാരതപര്യടനത്തിലെ കുട്ടികൃഷ്ണമാരാരുടെ അനുഗതതർജ്ജമ:

മാർക്കണ്ഡേയൻ പറഞ്ഞു: “ഉണ്ണീ ഞാൻ ഹർഷിക്കുകയല്ല, ചിരിക്കുകയുമല്ല. എനിക്കു ഹർഷത്തിൽ നിന്നുണ്ടാവുന്ന ദർപ്പമില്ല. നിന്റെ ഈ ആപത്തു കണ്ടിട്ടു ഞാൻ സത്യവ്രതനായ ഭാശരഥിരാമനെ ഓർത്തുപോകുന്നു. ആ രാജാവിനെയും, പണ്ടു പിതൃശാസനത്താൽ ലക്ഷ്മണനോടുകൂടി വില്ലേന്തി കാട്ടിൽ നടക്കെ, ഋശ്യമൂകസാനുവിൽ വെച്ചു ഞാൻ കാണുകയുണ്ടായി. ഇന്ദ്രനൊത്ത പ്രഭാവമുള്ളവനും, യുദ്ധത്തിൽ അജയ്യനുമായ ആ മഹാനുഭാവനും, ഭോഗങ്ങളെ വിട്ടു കാടുകളിൽ തെണ്ടി—നേശേ ബലസ്യേതി ചരേദധർമ്മം (താൻ ബലത്തിനാളല്ല എന്നു വന്നാൽ അധർമ്മം ചെയ്യാം). നാഭാഗൻ ഭഗീരഥൻ മുതലായ രാജാക്കന്മാരും ഈ ആഴിയോളമുള്ള ഊഴി കീഴടക്കിയിട്ടു സത്യംകൊണ്ടു ലോകരെയും കീഴടക്കി—നേശേ ബലസ്യേതി ചരേദധർമ്മം… ധാതാവു പണ്ടേ വിധിച്ചുവെച്ച വിധിയുണ്ടല്ലോ, അതിനെ മാനിച്ചുംകൊണ്ടു സത്തുക്കളായ സപ്തർഷിമാർ വാനിൽ വിളങ്ങുന്നു—നേശേ ബലസ്യേതി ചരേദധർമ്മം. ഏറിയ കരുത്തും കുന്നിൻകൊടുമുടിയോളം വലുപ്പവും മികച്ച കൊമ്പുകളുമുള്ള ആനകളെ നോക്കൂ, അവയും ധാതാവിന്റെ വരുതിക്കു നില്ക്കുന്നു—നേശേ ബലസ്യേതി ചരേദധർമ്മം. രാജാവേ, നോക്കൂ, എല്ലാ പ്രാണികളും വിധി വിധിച്ചുവെച്ചതെന്തെല്ലാമോ, അതൊക്കെ സ്വന്തം വർഗ്ഗത്തിനും കഴിവിനുമൊത്തവണ്ണം ചെയ്തുകൊണ്ടിരിക്കുന്നു— നേശേ ബലസ്യേതി ചരേദധർമ്മം. സത്യംകൊണ്ടും ധർമ്മംകൊണ്ടും തക്കനടപടി കൊണ്ടും, ലജ്ജകൊണ്ടും എല്ലാ പ്രാണികളെയും കവിഞ്ഞു നിൽക്കുന്ന താങ്കൾക്കുമുണ്ടു സൂര്യന്നൊത്ത കീർത്തിയും, തേജസ്സും. മഹാനുഭാവ, താങ്കൾ കരാറനുസരിച്ചു് ഈ വനവാസക്ലേശം കടന്നു സ്വതേജസ്സുകൊണ്ടു കൗരവരിൽനിന്നു ദീപ്തമായ ഐശ്വര്യത്തെ വീണ്ടെടുക്കും.”

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാന്റെ വിവർത്തനം:

മാർക്കണ്ഡേയൻ പറഞ്ഞു:

“ഉണ്ണീ, ഹർഷിപ്പീലെടോ ഞാൻ സ്മയിപ്പീ-

ലില്ലെൻ ചിത്തേ ഹർഷമാർന്നുള്ള ദർപ്പം

അങ്ങയ്ക്കിയ്യാപത്തു പാർത്തോർത്തു ദാശ-

രഥി ശ്രീരാമൻ സത്യവാൻ രാമനേ ഞാൻ.

ആ രാജാവും ലക്ഷ്മണനോടുകൂടെ-

ക്കോദണ്ഡിയായ് താതവാക്കാലെ കാട്ടിൽ

ചുറ്റുന്നതായ്ക്കണ്ടു ഞാനൃശ്യമൂക-

ക്കുന്നിന്നടിപ്പാട്ടിലായിട്ടു മുന്നം

സഹസ്രനേത്രപ്രതിമൻ യമന്നും

ശാസ്താവവൻ നമുചിദ്വേഷി യോഗ്യൻ

താതാജ്ഞ കേട്ടങ്ങനഘൻ സ്വധർമ്മം

ചരിച്ചല്ലോ കാട്ടിലാ രാമഭദ്രൻ.

അദ്ദേഹമോ ശക്രസമപ്രഭാവൻ

മഹാനുഭാവൻ പോരിലെല്ലാമജയ്യൻ

ഭോഗം വിട്ടും കാനനേ സഞ്ചരിച്ചൂ;

ശക്തൻതാനെന്നോർത്തു ചെയ്യൊല്ലധർമ്മം.

മന്നോർകൾ നാഭാഗഭഗീരഥാദ്യരീ

മന്നാഴിയറ്റം വരെയും ജയിച്ചോർ

സത്യത്താലേ ലോകമൊക്കെജ്ജയിച്ചു;

ശക്തൻതാനെന്നോർത്തു ചെയ്യൊല്ലധർമ്മം.

അളർക്കനത്രേ നരനാഥനാര്യൻ

സത്യവ്രതൻ കാശികരൂഷ നാഥൻ

നാടും സർവ്വദ്രവ്യവും കൈവെടിഞ്ഞൂ;

ശക്തൻതാനെന്നോർത്തു ചെയ്യൊല്ലധർമ്മം.

ധാതാവു വേദത്തിൽ വിധിച്ചവണ്ണം

താൻചെയ്തു സത്തുക്കൾ നരപ്രവീര!

വാഴുന്നു സപ്തർഷികൾ വാനിലെന്നും;

ശക്തൻതാനെന്നോർത്തു ചെയ്യൊല്ലധർമ്മം.

ഊക്കാണ്ടഹോ പർവ്വതകൂടമൊത്തു

വായ്ക്കുന്ന കൊമ്പുള്ള മഹാഗജങ്ങൾ

നോക്കൂ വിഭോ, ധാതൃവിധിക്കു നില്പൂ;

ശക്തൻതാനെന്നോർത്തു ചെയ്യൊല്ലധർമ്മം.

ഭൂതങ്ങളെല്ലാം നരനാഥ, കാൺക

നില്പൂ വിധാതാവു വിധിച്ചപോലെ

സ്വജാതിധർമ്മപ്പടിതന്നെയെന്നും;

ശക്തൻതാനെന്നോർത്തു ചെയ്യൊല്ലധർമ്മം.

സത്യം ധർമ്മം താൻതനിക്കൊത്ത വൃത്തി

ഹ്രീയെന്നെല്ലാം കൊണ്ടുമേവർക്കു മേന്മേൽ

പെരുംദീപ്തിപ്പെട്ട തേജസ്സുമങ്ങ-

യ്ക്കഗ്ന്യർക്കന്മാർക്കൊത്തമട്ടുണ്ടു പാർത്ഥ!

സത്യം പോലങ്ങുന്നു പുണ്യാനുഭാവ!

ക്ലേശത്തൊടും വനവാസം കഴിഞ്ഞാൽ

പിന്നെ സ്വൈരം കൗരവന്മാരിൽനിന്നു

തേജസ്സേന്തും ശ്രീയുടൻതന്നെ നേടും.”

(വനപർവ്വം: 25)

“ഏറിയ കരുത്തും (മഹാബലാൻ) കുന്നിൻകൊടുമുടിയോളം വലുപ്പവും (പർവ്വതകൂടമാത്രാൻ) മികച്ച കൊമ്പുകളുമുള്ള (വിഷാണിനഃ) ആനകളെ നോക്കൂ (‘പശ്യ, ഗജാൻ’)” എന്ന മാരാരുടെ തർജ്ജമ പദാനുപദമാണു്. (‘mighty elephants, huge as mountain cliffs and furnished with tusks’—K. M. Ganguli; ‘behold the powerful tuskers, great king, that stand tall as mountain peak’—J. A. B. van Buitenen; ‘tusked and powerful elephants, as large as mountain peaks’—Bibek Debroy; ഈ അനുഗതതർജ്ജമകളെല്ലാം മാരാരുടേതുമായി യോജിക്കുന്നു).[6],[7],[8] കുഞ്ഞിക്കുട്ടൻതമ്പുരാന്റെതാകട്ടേ പദാനുപദത്തേക്കാളുപരി വൃത്താനുവൃത്ത തർജ്ജമയാണു്. ‘ഊക്കാണ്ടു്’, ‘പർവ്വതകൂടമൊത്തുവായ്ക്കുന്ന കൊമ്പുള്ള’, ‘മഹാ’ഗജങ്ങൾ തുടങ്ങി ‘ദിഗ്ഗജ’ ലക്ഷണങ്ങളായി ലീലാവതി എടുത്തു പറയുന്നവ, കുഞ്ഞിക്കുട്ടൻതമ്പുരാന്റെ തർജ്ജമയിൽ കടന്നുവരുന്ന വിശേഷണങ്ങളാണെന്നു കാണാം. ലീലാവതിയുടെ ലേഖനം കണ്ടാൽ, മാരാര് ഈ ഭാഗം തർജ്ജമ ചെയ്തിട്ടുണ്ടെന്ന ഭാവമേയില്ല. രണ്ടു തർജ്ജമകളും മൂലഗ്രന്ഥത്തോടു് ഒത്തുനോക്കി പാഠഭേദങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനു പകരം, പ്രഖ്യാതമായ ഒന്നു കണ്ടില്ലെന്നു നടിക്കുന്നതു് ഒരു ഗവേഷകയ്ക്കു കരണീയമാണോ? ഇവിടെ മാരാരുടെ പ്രവാചകശബ്ദം ഉയരുന്നു. “വിവർത്തിതഗ്രന്ഥങ്ങളെ മൂലത്തോടു് ഒത്തുനോക്കി നിരൂപണം ചെയ്യുക എന്ന പാരതന്ത്ര്യം സ്വതന്ത്ര തർജ്ജമക്കൂറ്റുകാരായ ആധുനികനിരൂപകന്മാർക്കു് അസഹനീയമായിരിക്കാം” (നിരൂപകനായ വള്ളത്തോൾ—സാഹിത്യപര്യടനം). മൂലഗ്രന്ഥത്തോടൊപ്പം നിരൂപണം ചെയ്തു, തെറ്റുകണ്ടെത്താത്തിടത്തോളം, മാരാരുടെ പദാനുപദതർജ്ജമ വഴിയേ തന്നെ പോകേണ്ടി വരും. അപ്പോൾ, “ഏറിയ കരുത്തും കുന്നിൻകൊടുമുടിയോളം വലുപ്പവും മികച്ച കൊമ്പുകളുമുള്ള ആനകൾ” ‘ദിഗ്ഗജ’ങ്ങളൊന്നുമല്ലെന്നു കാണാം. തന്നെയുമല്ല, ഈ വിശേഷണങ്ങൾ ദിഗ്ഗജലക്ഷണങ്ങളായി കരുതിയാൽ, മഹാഭാരതത്തിൽ, വിശേഷിച്ചും യുദ്ധപർവ്വങ്ങളിൽ, ദിഗ്ഗജങ്ങളെ മാറ്റിനിറുത്തി വായന മുന്നോട്ടു പോവാത്ത സ്ഥിതിയാവും. കാരണം, ‘മാതംഗാ ഗിരിസന്നിഭാഃ’; ‘കുഞ്ജരൈഃ പർവതോപമൈഃ’; ‘ശൈലാനാം ശിഖരാണി ദ്വിപോത്തമാഃ’; ‘മഹാഗജ’… തുടങ്ങി ആനകളെ പർവ്വതത്തോടും, പർവ്വതശിഖരത്തോടുമൊക്കെ ഉപമിച്ചിരിക്കുന്ന ഇടങ്ങൾ അസംഖ്യമാണു് അവിടെ. ‘ഗജം ഐരാവതോപമം’ എന്നു വിശേഷിക്കപ്പെട്ട ചില ശ്രേഷ്ഠഗജങ്ങളെയും അവിടെ കാണാം. ഇവയൊന്നും കാട്ടാനകളുടെ വിശേഷണങ്ങളുമല്ല. അക്ഷൗഹിണിപടകളിലെ ആനകൾ, രാജാക്കളുടെ പടയാനകൾ തുടങ്ങി, ഭീമനെ മൃതതുല്യനാക്കിയ ഭഗദത്തന്റെ സുപ്രതീകയും, ‘അശ്വത്ഥാമാവു്’ എന്ന പേരു നല്കപ്പെട്ടു ഭീമനാൽ കൊല്ലപ്പെട്ട ആനവരെയുമുണ്ടു് ഈ വിശേഷണാർഹരായി. ഇനി, ദിഗ്ഗജങ്ങളെപ്പറ്റി മഹാഭാരതത്തിൽ എന്താണു് പറഞ്ഞിരിക്കുന്നതെന്നു നോക്കാം. സഞ്ജയൻ പറയുന്നു, “…ലോകം ആരാധിക്കുന്ന ദിഗ്ഗജങ്ങൾ; വാമനൻ, ഐരാവതം, സുപ്രതീക, കൂടാതെ മറ്റൊന്നും. ഈ ആനകളുടെ അളവുകൾ കണക്കാക്കാൻ എനിക്കു കഴിയില്ല. അവയുടെ നീളവും, വണ്ണവും, പൊക്കവും കണക്കാക്കപ്പെട്ടിട്ടില്ല. എല്ലാ ദിശകളിൽ നിന്നും സ്വതന്ത്രമായി വീശുന്ന കാറ്റിനെ ഈ ആനകൾ തങ്ങളുടെ ശോഭയേറിയതും, തുമ്പുകൾ താമര പോലുള്ളതും, വഴിയിലുള്ളതൊക്കെയും പിടിച്ചെടുക്കുവാൻ കഴിവുള്ളതുമായ, തുമ്പിക്കൈകളാൽ പിടിച്ചെടുക്കുന്നു. പിടിച്ചെടുത്ത കാറ്റു് ആനകളുടെ ഉച്ഛ്വാസമായി പുറത്തുവരുന്നു. അതു ഭൂമിയിൽ പരന്നു ജീവൻ നിലനിർത്തുന്നു” (ഭീഷ്മപർവ്വം: 13). ഇപ്രകാരം, അസാമാന്യഭാവലക്ഷണാദികളോടെ അഭൗമമണ്ഡലത്തിൽ ചരിക്കുന്നുവെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ദിഗ്ഗജങ്ങൾക്കു മേൽപറഞ്ഞ സാമാന്യ ആനകളുടെ വിശേഷണങ്ങൾ തീർച്ചയായും ചേരില്ലല്ലോ.

ഇനി, ‘ഭൂത’ങ്ങളുടെ കാര്യം. ‘സർവ്വാണി ഭൂതാനി’—എല്ലാ ജീവ/പ്രാണിജാലങ്ങൾ—എന്ന മുനിയുടെ പ്രയോഗവും മഹാഭാരതത്തിലും മറ്റും ആവർത്തിച്ചു വരുന്ന ഒന്നാണു്. എവിടെയും ‘പഞ്ചഭൂതങ്ങൾ’ എന്ന അർത്ഥം വരുന്നില്ല. (‘all creatures’—K. M. Ganguli; ‘various creatures’—J. A. B. van Buitenen; ‘all beings’—Bibek Debroy). മാർക്കണ്ഡേയസമസ്യാപർവ്വത്തിൽ പഞ്ച(മഹാ)ഭൂതങ്ങളെ പറ്റി വിസ്തരിക്കുന്നുണ്ടു് (ആരണ്യകപർവ്വം: 202). അവിടെ, “ഏതേ പഞ്ചദശ ബ്രഹ്മൻഗുണാ ഭൂതേഷു പഞ്ചസു; വർതന്തേ സർവ്വഭൂതേഷു യേഷു ലോകാഃ പ്രതിഷ്ഠിതാഃ—’പഞ്ചഭൂത’ങ്ങളിൽ അന്തർല്ലീനമായ ഈ പതിനഞ്ചു ഗുണങ്ങൾ ലോകങ്ങൾ നിലനില്ക്കുന്ന ‘എല്ലാ ജീവി’കളിലുമുണ്ടു്”, എന്നു പറയുന്നിടത്തു പഞ്ച-സർവ്വ-ഭൂതങ്ങളെ വ്യക്തമായി വിവേചിച്ചിരിക്കുന്നു. കൂടാതെ, “സ്വന്തം വർഗ്ഗത്തിനും കഴിവിനുമൊത്തവണ്ണം” എന്ന മുനിവചനം പ്രാണിവർഗ്ഗത്തെക്കുറിച്ചല്ല; പഞ്ചഭൂതങ്ങളെക്കുറിച്ചാണെങ്കിൽ, പഞ്ചഭൂതങ്ങൾക്കെന്തു വർഗ്ഗം/ജാതി? എന്നും ലീലാവതി വിശദീകരിക്കേണ്ടി വരും.

മാർക്കണ്ഡേയനിദർശനങ്ങളെ സംബന്ധിച്ച ശ്രീ വി. വി. ഗോവിന്ദൻനായരുടെ ഒരു നിരീക്ഷണം ഇവിടെ പ്രസക്തമാണു്. “സപ്തർഷിമാരെക്കുറിച്ചു പറയുമ്പോൾ ‘ദിവി’ എന്നു പറയുന്ന മാർക്കണ്ഡേയൻ മഹാഗജങ്ങളെക്കുറിച്ചു (തുടർന്നു സർവ്വഭൂതങ്ങളെക്കുറിച്ചും) പറയുമ്പോൾ ‘പശ്യ’—നോക്കൂ— എന്നെടുത്തുപറയുന്നുണ്ടു്. ‘എന്തിന്നു് അത്ര അകലെയൊക്കെ പോകുന്നു?, ചുറ്റുവട്ടത്തു് ഒന്നു് കണ്ണോടിച്ചാലും ഇതുതന്നെ കാണാം’ എന്നതാണു ഋഷിയുടെ ആശയം എന്നു് തോന്നും.[9] ”ഇതു് ഈ ഉദാഹരണങ്ങളുടെ സർവ്വസാധാരണതയിലേയ്ക്കാണല്ലോ വിരൽ ചൂണ്ടുന്നതു്.

നിരീക്ഷിച്ചാൽ, മാർക്കണ്ഡേയമുനിയുടെ നിദർശനങ്ങൾ യുക്തിസഹമായ ഒരു ക്രമം പിന്തുടരുന്നതായി കാണാം. ആദ്യ ഗണത്തിൽ ശ്രീരാമനാഭാഗഭഗീരഥാദി മാനവർ, രണ്ടാമതായി, സപ്തർഷികളുൾപ്പെടുന്ന വാനവർ, മൂന്നാമതായി, ഗജങ്ങളുൾപ്പെടുന്ന തിര്യഗ്ജാതി. തുടർന്നു സാമാന്യവത്കരിച്ച്, “എല്ലാ പ്രാണികളും വിധി വിധിച്ചുവെച്ചതെന്തെല്ലാമോ, അതൊക്കെ, സ്വന്തം വർഗ്ഗത്തിനും കഴിവിനുമൊത്തവണ്ണം ചെയ്തുകൊണ്ടിരിക്കുന്നു; നേശേ ബലസ്യേതി ചരേദധർമ്മം” എന്നു പറയുന്നു. ഈ ‘പ്രാണികൾ’ ലീലാവതി പറയുന്നതുപോലെ ‘പഞ്ചഭൂത’ങ്ങളുമല്ല; ‘ഉറുമ്പു, തേരട്ട, തൊട്ടാലൊട്ടി’ പോലുള്ള കീടങ്ങളുമല്ല. മാനവവാനവതിര്യക്കുകൾ; എല്ലാമുൾപ്പെടുന്നതിൽ. ഓരോ വിഭാഗത്തിലെയും ശ്രേഷ്ഠരെ മുനി പ്രത്യേകമെടുത്തു പറഞ്ഞിരിക്കുന്നു എന്നു മാത്രം. അതുപോലെതന്നെ, മാനവർ, വാനവർ, തിര്യക്കുകൾ; ഇവയിലെ ശ്രേഷ്ഠരെ കൃത്യമായി പേരെടുത്തു പറയുകയും ലീലാവതി വിവരിക്കുന്ന ദിഗ്ഗജങ്ങളെയും പഞ്ചഭൂതങ്ങളെയും മാത്രം ഋഷി അനുമാനവിധേയമാക്കുകയും ചെയ്തു എന്നും കരുതുകവയ്യ.

“ധാത്രാ വിധിര്യോ വിഹിതഃ പുരാണ” എന്ന ശ്ലോകപാദത്തിലെ, ‘പുരാണ’ ശബ്ദത്തിനു, വാച്യാർത്ഥത്തിനു പകരം, കുഞ്ഞിക്കുട്ടൻതമ്പുരാൻ പറയുന്ന ‘വേദം’ എന്ന ലാക്ഷണികാർത്ഥം എടുത്താണു് ലീലാവതി, ‘ധാതാവു പണ്ടേ വിധിച്ചുവെച്ച വിധി’യെ ‘വേദത്തിൽ പറയുന്ന ഋതം’ ആയി വിവരിക്കുന്നതു്. എങ്കിൽ, വേദം ചമച്ച ബ്രഹ്മാവു് തന്നെ വിധിവിധേയതയെക്കുറിച്ചു പറയുന്നതു് എപ്രകാരമെന്നു വഴിയേ കാണാം.

ആനകൾ ‘ധാതാവിന്റെ വരുതിക്കു നില്ക്കുന്നു’ എന്നു പറയുമ്പോൾ മെരുക്കപ്പെട്ട ആനകളാണല്ലോ സ്വാഭാവികമായും വിവക്ഷിതം. ഈ വിവക്ഷ തന്നെയാണു ഭീഷ്മർ പരാമർശിക്കുന്ന ‘ക്ഷമയുള്ള ആന’യിലുമുള്ളതു് (“മൃദുവായ രാജാവു് ക്ഷമയുള്ള ആനയെപ്പോലെ അധർമ്മാത്മാവാണു്” (ശാന്തിപർവ്വം: 56)). ‘ഗജ’ശബ്ദം കാട്ടാനയെയും സൂചിപ്പിക്കാമല്ലോ എന്നു ലീലാവതി പിന്നീടു വാദിക്കുന്നുണ്ടു്. ആനയുടെ പേരിലുള്ള രാജധാനിയും, (ഹാസ്തിനപുരം/നാഗപുരം), ആനയും, ആനച്ചങ്ങലയുമൊക്കെ കൊടിയടയാളങ്ങളായുള്ള രാജാക്കന്മാരും (ദുര്യോധനൻ, കർണ്ണൻ), ‘ഐരാവതോപമ’വും, ‘പർവ്വതോപമ’വുമായ ‘മഹാഗജ’ങ്ങൾ രാജസമ്പത്തിന്റെ ഭാഗമാവുമായിരുന്ന കാലഘട്ടത്തിൽ, മെരുക്കപ്പെട്ട/പരിശീലിക്കപ്പെട്ട ആനകളെ തന്നെയാണു തിര്യഗ്ജാതിയിൽ ശ്രേഷ്ഠരായി കണക്കാക്കിയിരുന്നതെന്നു കരുതാം. രാജസൂയത്തിലെ കാഴ്ചദ്രവ്യങ്ങളും (ഉത്തമകാഴ്ചദ്രവ്യങ്ങളുമായി വരുന്നവർക്കേ പ്രവേശനമുള്ളൂ എന്നു ദ്വാരപാലകനറിയിക്കുമ്പോൾ ആനകളെ കാഴ്ചവെച്ചാണു രാജാക്കന്മാർ അകത്തു കയറുന്നതു്—സഭാപർവ്വം: 48), ദ്യൂതത്തിലെ യുധിഷ്ഠിരന്റെ പണയങ്ങളും (ആനകളെ മറ്റു് അമൂല്യ വസ്തുക്കളുടെ അതേ നിലയിലാണു പണയമായി നിറുത്തുന്നതു്) ഈ വസ്തുത വെളിവാക്കുന്നുണ്ടു്. അതിനാൽ മുനിയുടെ വിവക്ഷ മറിച്ചാവാൻ വഴിയില്ല.

പ്രാണികളുടെ വിധിവിധേയതയെ മാരാര് രാമന്റെ സത്യവ്രതവുമായി തുലനപ്പെടുത്തിയതു് ‘അസഹനീയ’മെന്നു ലീലാവതി വിശേഷിപ്പിക്കുന്നിടത്താണു, ഗജങ്ങളെ ദിഗ്ഗജങ്ങളും, സർവഭൂതങ്ങളെ പഞ്ചഭൂതങ്ങളും ആക്കാൻ ലീലാവതിക്കുള്ള പ്രചോദനം വ്യക്തമാവുന്നതു്. പ്രാണിയ്ക്കു ‘കീട’മെന്ന അർത്ഥമെടുത്താണു ലീലാവതി ഇങ്ങനെ പറയുന്നതു്. എന്നാൽ, പ്രാണനുള്ളതെന്തും ‘പ്രാണി’യാണല്ലോ! ഈ അർത്ഥം തന്നെയാണു മാരാരെടുക്കുന്നതും. “…മഹാത്മാക്കളെ വെവ്വേറെ എടുത്തുപറയാൻ മിനക്കെടാതെ, എല്ലാ പ്രാണികളേയും പറ്റിയുള്ള ആ ഒരൊറ്റ ശ്ലോകം കൊണ്ടു കഴിക്കാമായിരുന്നില്ലേ?” എന്നു പറയുന്നിടത്തു് ഇതു വ്യക്തമാണല്ലോ.

‘താൻ ബലത്തിനാളല്ലെന്നു വെച്ചു ചെയ്യുന്നതു് അധർമ്മമാണു്” എന്ന വ്യാഖ്യാനത്തിൽ ജീവികളുടെ വിധിവിധേയതയെയാണല്ലോ എടുത്തുകാട്ടുന്നതു്. അകർമ്മണ്യതയുടെ തണൽ തേടുന്ന ഈ വിധിവിധേയത്വത്തെ ഇതിഹാസത്തിലെങ്ങും മഹത്ത്വവല്കരിച്ചിട്ടില്ല. വിധിയോ പൗരുഷമോ മഹത്തരം?, എന്ന യുധിഷ്ഠിരന്റെ ചോദ്യത്തിനു മറുപടിയായി, ഈ വിഷയത്തെക്കുറിച്ചു ബ്രഹ്മാവും വസിഷ്ഠനും നടത്തിയ സംഭാഷണം ഭീഷ്മർ വിവരിക്കുന്നുണ്ടു് (അനുശാസനപർവ്വം: 6). പൗരുഷമാകുന്ന പാടത്തു വിതയ്ക്കപ്പെട്ട വിത്തായാണു വിധിയെ ബ്രഹ്മാവു് വിവരിക്കുന്നതു്. പൗരുഷമില്ലെങ്കിൽ വിധി നിഷ്ഫലമാകുന്നു. ‘ജ്യോതിർഗ്ഗണങ്ങൾ, ദേവന്മാർ, നാഗന്മാർ, യക്ഷന്മാർ, ചന്ദ്രൻ, സൂര്യൻ, മാരുതൻ; ഇവരെല്ലാവരും മർത്ത്യതയിൽ നിന്നു ദൈവികതയിലേയ്ക്കു് ഉയർന്നതു പൗരുഷം കൊണ്ടാണു്. അപ്രകാരംതന്നെ, അർത്ഥം, മിത്രവർഗ്ഗം, സമൃദ്ധി, കുലമേന്മ, ഐശ്വര്യം ഇവയും കാര്യപ്രാപ്തി കൊണ്ടേ നേടാനാവൂ. സുഖസമ്പത്തുകൾ; നിഷ്ക്രിയനും, ക്ലീബനും, ലുബ്ധനും, അലസനും, അബലനും ലഭിക്കില്ല… മനുഷ്യപ്രയത്നം കൂടാതെ വിധിയെ മാത്രം പിന്തുടരുന്നവൻ വ്യർത്ഥനാണു്’, തുടങ്ങി പൗരുഷത്തിന്റെ അനിവാര്യത സാധാരണവും അസാധാരണവുമായ സകല ജീവിതവ്യാപാരങ്ങളിലും ബ്രഹ്മാവു് വിവരിക്കുന്നു. ഇവയോടൊപ്പം, പൗരുഷത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന മറ്റുദാഹരണങ്ങളും ബ്രഹ്മാവു് നിരത്തുന്നുണ്ടു്. ‘പൗരുഷത്താലാണു് അമൃതം ലഭ്യമായതു്, പൗരുഷത്താൽ തന്നെ ദൈത്യരെ കൊലപ്പെടുത്തിയതും, പൗരുഷത്താൽ ഇന്ദ്രൻ സ്വർഗ്ഗത്തിലും ഭൂമിയിലും പരമാധികാരം നേടി…’, ‘ബുദ്ധിമാനെങ്കിലും, പൗരുഷമില്ലാത്ത രാജാവു്, വിഷമില്ലാത്ത പാമ്പിനെപ്പോലെയാണു, ശത്രുക്കൾ അയാളെ മറികടക്കുന്നു’, തുടങ്ങിയ പൗരുഷത്തെ കീർത്തിക്കുന്ന ബൃഹസ്പതി വചനങ്ങളും ഭീഷ്മർ ഉദ്ധരിക്കുന്നുണ്ടു് (ശാന്തിപർവ്വം: 58).

ഇതിഹാസകഥാപാത്രങ്ങളിൽ, ഭീഷ്മരും കൃഷ്ണനും പൗരുഷത്തിന്റെ ജീവത്സ്വരൂപങ്ങളായിരുന്നു. പാണ്ഡവപക്ഷത്താണു ധർമ്മം എന്നറിഞ്ഞു കൊണ്ടുതന്നെ, കൗരവപക്ഷത്തിന്റെ സേനാപത്യമേറ്റെടുത്തു പത്തുദിവസം അത്യുഗ്രമായി പൊരുതി വീണ ഭീഷ്മരും; യുദ്ധത്തിൽ നേർവഴിയിലൂടെ ഒരിക്കലും കൊല്ലാനാവാത്ത ദുര്യോധനനെയും, ഭീഷ്മാദിമഹാരഥന്മാരെയും, ‘പല ഉപായങ്ങൾകൊണ്ടും, കള്ളപ്പണികൾകൊണ്ടും’ (ശല്യപർവ്വം: 60) കൊലപ്പെടുത്തുവാൻ പാണ്ഡവർക്കു് ഉൾക്കരുത്തു നൽകിയ കൃഷ്ണനും; അധർമ്മഭീതികൂടാതെ, പൗരുഷത്തിന്റെ വഴി തേടിയവരാണു്. മരണശയ്യയിൽ കിടക്കുന്ന ഭീഷ്മരുടെ അടുത്തു ധർമ്മോപദേശം തേടിയെത്തുന്ന യുധിഷ്ഠിരനോടു പ്രാരംഭമായി തന്നെ ഭീഷ്മർ പറയുന്നതിപ്രകാരമാണു്. “ഊർജ്ജിതമായ പൗരുഷം കൊണ്ടല്ലാതെ, വെറും വിധികൊണ്ടു രാജാവിനു തന്റെ ലക്ഷ്യങ്ങൾ നിറവേറ്റാനാവില്ല. വിധിയും പൗരുഷവും; ഇവ രണ്ടും സാർവ്വമെങ്കിലും, പൗരുഷം വിധിയെക്കാൾ ശ്രേഷ്ഠമാണെന്നു ഞാൻ കരുതുന്നു” (ശാന്തിപർവ്വം: 56). അകർമ്മണ്യവാദിയെ ദുർബ്ബലനെന്നു വിശേഷിപ്പിക്കുന്ന കൃഷ്ണനെ മാരാര് ഉദ്ധരിക്കുന്നുണ്ടു്. മഹാഭാരതകഥയിൽ ഭാഗഭാക്കുകളായവർ മിക്കവരും ഇപ്രകാരം കർമ്മവീരരും, പൗരുഷവാദികളുമാണു്. വിധിയുടെ അധീശത്വത്തെ പുണരുന്നതായി കാണുന്ന രണ്ടു കഥാപാത്രങ്ങൾ ധൃതരാഷ്ട്രരും, യുധിഷ്ഠിരനുമാണു്. എന്നാൽ, ഇവർ രണ്ടു പേരുടെയും വിധിവിധേയതയ്ക്കു പിന്നിൽ അവരുടെ വ്യക്തിദൗർബ്ബല്യങ്ങളായിരുന്നുവെന്നു നമുക്കു കാണാം (ഭാഗം 2, 3).

2. കർണ്ണകൈവേഗമോർക്കയാൽ എനിക്കുറക്കവുംകൂടി വരുന്നില്ലാ വൃകോദര!

യുധിഷ്ഠിരനു ദൗർബ്ബല്യബോധം ഇല്ലായിരുന്നെന്ന വാദമാണു ശ്രീമതി ലീലാവതി അടുത്തതായി മുമ്പോട്ടു വയ്ക്കുന്നതു്. ബലാബലബോധമാണു ധർമ്മാധർമ്മങ്ങളെ നിശ്ചയിക്കുന്നതു് എന്ന മാരാരുടെ വാദത്തെ ഖണ്ഡിക്കണമെങ്കിൽ ഈ പ്രതിവാദം കൂടിയേ തീരൂ! കിർമ്മീരവധകഥ കേട്ടു പാണ്ഡവബലമോർത്തു സംഭീതനായ ധൃതരാഷ്ട്രരുടെ നെടുവീർപ്പും, പാണ്ഡവർ ഗന്ധർവ്വരുടെ മേൽ വിജയം വരിച്ചതും, “സത്യം ശ്രേഷ്ഠം പാണ്ഡവാ” എന്ന വിദുരവചനവും, “ധർമ്മം പരം പാണ്ഡവാ” എന്ന കൃഷ്ണന്റെ ആഹ്വാനവും, മാർക്കണ്ഡേയമുനിയുടെ രണ്ടാം സന്ദർശനത്തിൽ “താൻ ആദ്യം വന്നപ്പോൾ പാണ്ഡവർ ബലബോധമില്ലാത്തവരെന്നു ധ്വനിപ്പിച്ചതായി ആരെങ്കിലും ആരോപിക്കുകയാണെങ്കിൽ അതിനുള്ള മുൻകൂർ മറുപടിയായി”, അവർ “അതിവീര്യരും, ദിവ്യമായ ഓജസ്സുള്ളവരും, നൽദേഹബലം പെരുത്തോരുമാണെന്നു” പറഞ്ഞതുമൊക്കെയാണു തെളിവുകൾ.

⋄ ⋄ ⋄

ഭാരതപര്യടനത്തിലെ ‘കിരാതമൂർത്തി’ പ്രബന്ധം ഒരാവർത്തി വായിച്ചാൽ ഈ വാദങ്ങൾക്കെല്ലാം മറുപടിയായി! പാണ്ഡവരുടെ ബലമോർത്തിട്ടു ധൃതരാഷ്ട്രർ നെടുവീർപ്പെട്ടെങ്കിൽ, കൗരവപക്ഷശക്തിയോർത്തു (വനവാസാരംഭകാലത്ത്) നെടുവീർപ്പെടുന്ന യുധിഷ്ഠിരനെ നമുക്കവിടെ കാണാം.

“‘ഭീഷ്മദ്രോണകൃപന്മാർ നമ്മോടു സമമായി പെരുമാറുന്നുണ്ടെങ്കിലും, അവർക്കു് ഉണ്ട ചോറിന്റെ കടം വീട്ടേണ്ടതുണ്ടു്; അതവർ പ്രാണൻ കളഞ്ഞും വീട്ടും. ഇവരൊക്കെ ദിവ്യാസ്ത്രങ്ങളറിയുന്നവരും ദേവന്മാർക്കുപോലും ദുർജ്ജയരുമാണു്. ഇവരെയെല്ലാം ജയിക്കാതെ നിനക്കൊറ്റയ്ക്കു ദുര്യോധനനെ കൊല്ലാൻകിട്ടുകയൊന്നുമില്ല. വൃകോദര, എല്ലാ വില്ലാളികളിലും കവിഞ്ഞുനില്ക്കുന്ന സൂതപുത്രന്റെ കൈമിടുക്കു് ഓർത്തോർത്തു് എനിക്കുറക്കം വരുന്നില്ല’.

ഇതു കേട്ടപ്പോൾ അത്യമർഷണനായ ഭീമസേനൻ ഒരു ഞെട്ടലോടെ മനസ്സുകെട്ടു മിണ്ടാതിരിപ്പായി.

ഇവരിങ്ങനെ സംസാരിച്ചിരിക്കെ, മഹായോഗിയായ വ്യാസൻ അവിടെയ്ക്കെഴുന്നെള്ളി. അദ്ദേഹം സൽക്കാരം കൈക്കൊണ്ടു യുധിഷ്ഠിരനോടു പറഞ്ഞു: ‘ മഹാബാഹോ, നിന്റെ ഹൃദയത്തിലുള്ള വിചാരം അറിഞ്ഞാണു ഞാൻ വന്നതു്. നിനക്കു ഭീഷ്മാദികളെപ്പറ്റി ഒഴിയാത്ത പേടിയുണ്ടല്ലോ, അതു തീർക്കാൻ വഴി പറയാം; അതുകേട്ടു ധൈര്യംപൂണ്ടു പ്രവർത്തിച്ചോളൂ’. അദ്ദേഹം യുധിഷ്ഠിരനെ ഏകാന്തത്തിലേയ്ക്കു വിളിച്ചു പ്രതിസ്മൃതി എന്ന വിദ്യ ഉപദേശിച്ചു കൊടുത്തു; അതുകൊണ്ടു് അർജ്ജുനൻ ഇന്ദ്രാദികളിൽനിന്നു് അസ്ത്രം നേടണമെന്നും പുരാണമുനിയായ നരന്റെ അവതാരമായ അദ്ദേഹം തപസ്സുകൊണ്ടും വിക്രമംകൊണ്ടും അതുസാധിക്കുമെന്നും ഉപദേശിച്ചു് അന്തർദ്ധാനം ചെയ്തു.” (ആരണ്യകപർവ്വം: 37, തർജ്ജമ: മാരാര്)

യുധിഷ്ഠിരന്റെ അബലത്വബോധത്തിനു് ഇതിൽ കൂടുതൽ വ്യക്തത ആവശ്യമുണ്ടോ? ഏതുവിധേനയും തന്റെ സത്യധർമ്മനിഷ്ഠയിൽ മുറുകെപ്പിടിച്ചിരുന്ന യുധിഷ്ഠിരനെ, “ദ്രൗപദിയും ഭീമസേനനും കൂടി ഇരുവശത്തും നിന്നു നല്ലൊരു ബലിയുഴിച്ചിൽ നടത്തിയപ്പോൾ, ആ ധർമ്മാനുഷ്ഠാതാവിന്റെ ഹൃദയത്തിൽപ്പതുങ്ങിയ ദൗർബ്ബല്യബോധം ഇളകിച്ചാടി”, എന്നു മാരാര്. ഒരിക്കലും ദൗർബ്ബല്യശങ്ക ബാധിച്ചിട്ടില്ലാത്ത ഭീമൻ പോലും, യുധിഷ്ഠിരന്റെ വാക്കുകൾ കേട്ടു മനസ്സുകെട്ടുമിണ്ടാതിരുന്നതിനെ ദൗർബ്ബല്യബോധത്തിന്റെ സാംക്രമികഭാവമായി മാരാര് വിവരിക്കുന്നുണ്ടു്. “യുധിഷ്ഠിരന്റെ ഈ ദുർബ്ബലതയെ മാർക്കണ്ഡേയൻ കണ്ടറിഞ്ഞ് ഉദാസീനമായി സൂചിപ്പിച്ചുകൊടുത്തതേ ഉള്ളൂ. ഈ ധർമ്മാത്മജാദികളിൽ പക്ഷപാതിയായ വ്യാസനാകട്ടേ, എഴുന്നള്ളിവന്നു ആ ഭയമകറ്റുവാൻതക്ക ഉപദേശം നല്കുകതന്നെ ചെയ്തു”, എന്നു മാരാര്. അതുപോലെ, കേവലം ദിവ്യാസ്ത്രങ്ങൾ പ്രാപ്തമാക്കുകയല്ല, മനോബലം നേടിക്കൊടുക്കുകകൂടിയാണു വ്യാസന്റെ യോഗവിദ്യോപദേശത്തിന്റെ ആന്തരാർത്ഥമെന്നു മാരാര് നിരീക്ഷിക്കുന്നു. ഭയാശങ്കകളുടെ സ്മൃതികൾക്കുള്ള ബലവത്താബോധത്തിന്റെ ‘പ്രതിസ്മൃതി’മന്ത്രം! തുടർന്നു്, ആ യോഗവിദ്യാസാഫല്യവേളയിൽ കിരാതമൂർത്തിയുമായേറ്റാണു് അർജ്ജുനൻ ദിവ്യാസ്ത്രങ്ങൾ കൈവരിക്കുന്നതു്. അവനവനിൽ ദൗർബ്ബല്യബോധം ജനിപ്പിക്കുന്ന എതിരാളിയുടെ ദുർജ്ജയഭാവത്തിന്റെ പ്രതീകമത്രേ കിരാതൻ. ഈ അധർമ്മഭാവത്തോടു ജയപരാജയഭീതികളില്ലാതെ ഏറ്റുമുട്ടുന്നവനേ—“അവസാനക്കൈകൂടി നോക്കി ഒരു ദിവ്യാസ്ത്രപ്രതീക്ഷയുമില്ലാതെ അവനോടെതിർത്തു നില്ക്കുന്നവനേ”—നിർഭയതയുടെ ദിവ്യാസ്ത്രം കൈവരുകയുള്ളൂ എന്നതാണു കിരാതകഥയുടെ കാതൽ. ഇതൊക്കെ മാരാര് വിസ്തരിച്ചതു കണ്ടില്ലെന്നു സൗകര്യപൂർവ്വം നടിക്കുന്നു വിമർശക.

യുധിഷ്ഠിരന്റെ ദൗർബ്ബല്യബോധപ്രകടനം ഇതാദ്യമല്ല. ബകനെ നേരിടാനായി ഭീമനെ കുന്തി അയയ്ക്കുന്ന വേളയിലും, ജരാസന്ധനെ കീഴടക്കി ചക്രവർത്തിപദം ചൂടാൻ കൃഷ്ണൻ പ്രേരിപ്പിക്കുന്ന അവസരത്തിലുമൊക്കെയിതു വെളിവാകുന്നുണ്ടു്. കർണ്ണൻ ഒറ്റയ്ക്കു നിന്നു പൊരുതിത്തോൽപ്പിച്ച ജരാസന്ധനെ (ശാന്തിപർവ്വം: 5) വെല്ലാൻ കൃഷ്ണഭീമാർജ്ജുനന്മാർ ഒന്നിച്ചു പോയാൽപ്പോലും സാധ്യമാകില്ലെന്നാശങ്കപ്പെടുന്ന യുധിഷ്ഠിരനെ നമുക്കു കാണാം (സഭാപർവ്വം: 15). കർണ്ണനെപ്രതി യുധിഷ്ഠിരനുള്ള പേടിയെ, “മഹദ് ഭയം”, “ഭയം, തീവ്രം” എന്നൊക്കെയാണു മഹാഭാരതത്തിൽ വിശേഷിപ്പിക്കുന്നതു്. കുണ്ഡലാഹരണ (ഉപ)പർവ്വപ്രകാരം യുധിഷ്ഠിരന്റെ ഈ മഹാഭയം തീർക്കാനാണു് ഇന്ദ്രൻ കർണന്റെ കവചകുണ്ഡലങ്ങൾ കൈവശപ്പെടുത്തുന്നതു് (ആരണ്യകപർവ്വം: 284). സമാനമായ മറ്റൊരു സന്ദർഭംകൂടി ഭാഗം 5-ൽ വിവരിച്ചിട്ടുണ്ടു്.

പാണ്ഡവർക്കു ബലമില്ലെന്നല്ല മാരാര് പറയുന്നതു; മറിച്ച്, അവരുടെ നേതാവായ യുധിഷ്ഠിരനു തങ്ങൾക്കു ബലമുണ്ടെന്ന ബോധമില്ലെന്നാണു്. എന്തുവന്നാലും ജ്യേഷ്ഠനെതിരെ പ്രവർത്തിക്കാത്ത ഭീമാർജ്ജുനാദികൾക്കപ്പോൾ ബലമുണ്ടായിട്ടും കാര്യമില്ലല്ലോ!

ഇനി മറ്റു വാദങ്ങൾ നോക്കാം. പാണ്ഡവർ ഗന്ധർവ്വരോടേറ്റു് കൗരവരെ മോചിപ്പിക്കുന്ന സംഭവം നടക്കുന്നതു വനവാസത്തിലെ പന്തിരണ്ടാം വർഷമാണു്. അർജ്ജുനന്റെ ദിവ്യാസ്ത്രലബ്ധിക്കു് ഒക്കെ വളരെ ശേഷം! അതുപോലെ, വനവാസകാലത്തിന്റെ പന്തിരണ്ടാം കൊല്ലത്തിലാണു മാർക്കണ്ഡേയമഹർഷിയുടെ രണ്ടാം സന്ദർശനവും (കാമ്യകവനത്തിൽ, കൃഷ്ണനുമുള്ളപ്പോൾ). വനവാസത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലേക്കു് (“ആൾക്കൂട്ടത്തിൽ പതിമ്മൂന്നാമാണ്ടാരുമറിയാതെയും, അറിഞ്ഞാൽ പന്തിരണ്ടാണ്ടു വീണ്ടും കാട്ടിൽ വസിക്കണം”, തർജ്ജമ: കുഞ്ഞിക്കുട്ടൻതമ്പുരാൻ) പ്രവേശിക്കാനൊരുങ്ങുന്നവരോടു ‘ധർമ്മം പരം പാണ്ഡവാ’ എന്നു കൃഷ്ണനും, “നിങ്ങൾ അതിവീര്യരും, ദിവ്യമായ ഓജസ്സുള്ളവരും, നൽദേഹബലം പെരുത്തോരുമാണെന്നു” മാർക്കണ്ഡേയനും പറയുന്നതിൽ ആശ്ചര്യപ്പെടാനെന്തിരിക്കുന്നു? (കൃഷ്ണന്റെ വിവക്ഷ മറ്റൊന്നാണെന്നും, മുനിയുടെ വാക്കുകൾ, ധർമ്മശങ്കയിലാണ്ട യുധിഷ്ഠിരനെ സമാശ്വസിപ്പിക്കാനായിരുവെന്നും വഴിയേ കാണാം). വനവാസപ്രതിജ്ഞയെ സംബന്ധിച്ചു കൃഷ്ണന്റെയും മറ്റുള്ളവരുടെയും നിലപാടു് എന്തായിരുന്നെന്നു നോക്കാം. ഈ ആരണ്യകപർവ്വാഖ്യാനം ശ്രദ്ധിക്കുക;

“പാണ്ഡവർ ചൂതിൽ തോറ്റു് കാടുകയറിയ ഉടനെ അവരെ ചെന്നുകണ്ടാശ്വസിപ്പിക്കാൻ, മഹാവീരനായ മധുസൂദനൻ കാമ്യകവനത്തിലെത്തി. കൂടാതെ ധൃഷ്ടദ്യുമ്നന്റെ നേതൃത്വത്തിൽ പാഞ്ചാലപുത്രന്മാരും, വിരാടനും, ധൃഷ്ടകേതുവും, മഹാരഥന്മാരായ കേകേയന്മാരും അവിടെയെത്തി… മധുസൂദനൻ പാണ്ഡവരെ കണ്ടുമുട്ടിയപ്പോൾ, യുദ്ധത്തിൽ ഫല്ഗുനസാരഥിയാകാൻ അവർ അപേക്ഷിക്കുകയും, ‘അങ്ങനെയാകട്ടേ’യെന്നു കൃഷ്ണൻ മറുപടി നൽകുകയും ചെയ്തു. മാൻതോലുടുത്ത പാണ്ഡവരെക്കണ്ടു കൃഷ്ണൻ കോപത്താൽ ജ്വലിച്ചു; യുധിഷ്ഠിരനോടു പറഞ്ഞു. ‘ഇന്ദ്രപ്രസ്ഥത്തിൽ പാണ്ഡവരുടെ സമൃദ്ധി കണ്ടറിഞ്ഞവനാണു ഞാൻ. രാജസൂയത്തിൽ മറ്റു രാജാക്കന്മാർക്കാർക്കും ഇത്ര വലിയ ഐശ്വര്യം ലഭിക്കുകയുണ്ടായിട്ടില്ല. …രാജാക്കന്മാർ അവിടെ, നിങ്ങളുടെ ശസ്ത്രശക്തി ഭയന്നു, ക്ഷണംമാനിച്ചു യജ്ഞപരിവേഷകരായി നിന്നു. ആ സമൃദ്ധിയെ അപഹരിച്ച ശത്രുവിന്റെ പ്രാണഹാനിവരുത്തി, അങ്ങേയ്ക്കു ഞാനതു തിരികെത്തരും. രാമൻ, ഭീമാർജ്ജുനന്മാർ, മാദ്രേയർ, പ്രദ്യുമ്നസാംബാക്രൂരാഹുകന്മാർ, വീരനായ ധൃഷ്ടദ്യുമ്നൻ, ശിശുപാലപുത്രൻ എന്നിവരുടെ സഹായത്തോടേ, ദുര്യോധനൻ, കർണ്ണൻ, ദുശ്ശാസനൻ, സൗബാലൻ, എന്നിവരെയും അവർക്കൊപ്പം എതിർത്തുവരുന്ന ഏവരേയും ഞാൻ കൊല്ലും. പിന്നെ അങ്ങ് ഹാസ്തിനപുരത്തിൽ, ഭ്രാതാക്കളോടുകൂടി ധാർത്തരാഷ്ട്രരുടെ ഐശ്വര്യം കൈയ്യേറി, ഈ ഭൂമിയടക്കി ഭരിക്കും.’

കൃഷ്ണന്റെ വാക്കുകൾ കേട്ടു്, ആ രാജമദ്ധ്യത്തിൽ, ധൃഷ്ടദ്യുമ്നാദികളായ വീരന്മാർ കേൾക്കേ യുധിഷ്ഠിരൻ പറഞ്ഞു. ‘ഹേ ജനാർദ്ദന, അങ്ങയുടെ വാക്കുകൾ സത്യമെന്നു ഞാൻ കൈക്കൊള്ളുന്നു. മഹാബാഹോ, പതിമൂന്നാണ്ടു കാലാവധി തീരുമ്പോൾ എന്റെ ശത്രുക്കളെ കൂട്ടത്തോടേ നിഹനിച്ചാലും. ഹേ കേശവാ, നീ എനിക്കായി സത്യം ചെയ്താലും. ഇങ്ങനെ വനവാസമനുഷ്ഠിക്കാമെന്നു രാജമദ്ധ്യത്തിൽ ഞാൻ പ്രതിജ്ഞ എടുത്തിട്ടുണ്ടു്.’

ധർമ്മിഷ്ഠനായ യുധിഷ്ഠിരന്റെ വാക്കുകൾ ശരിവെച്ചു ധൃഷ്ടദ്യുമ്നാദികൾ, മധുരവും സന്ദേർഭോചിതവുമായ വാക്കുകളാൽ കുപിതനായ കൃഷ്ണനെ ശാന്തനാക്കി.” (ആരണ്യകപർവ്വം: 48)

അപ്പോൾ, വനവാസം വെടിഞ്ഞു ധാർത്തരാഷ്ട്രരോടു യുദ്ധം ചെയ്തു രാജ്യം വീണ്ടെടുക്കണമെന്നു തന്നെയാണു കൃഷ്ണനുൾപ്പെടെ എല്ലാ ബന്ധുമിത്രജനങ്ങളുടെയും ആവശ്യം. കൗരവർക്കെതിരെ ആയുധമെടുക്കാൻ എത്ര ശക്തമായാണു കൃഷ്ണൻ ആവശ്യപ്പെടുന്നതു്. കൃഷ്ണന്റെ വാക്കുകളിലെ ഈ കനൽ ആളിക്കത്തിക്കാനുള്ള ശ്രമമായാണു, യുദ്ധം ചെയ്തു രാജ്യം വീണ്ടെടുക്കാൻ, ഭീമസേനനും, ദ്രൗപദിയും വനവാസകാലത്തു കൂടെക്കൂടെ യുധിഷ്ഠിരനെ പ്രേരിപ്പിച്ചുക്കൊണ്ടിരുന്നതു്. യുദ്ധത്തിനു് എന്നിറങ്ങിത്തിരിച്ചാലും, കൃഷ്ണൻ തങ്ങളെ സഹായിക്കാനുണ്ടാവും എന്ന ഉത്തമവിശ്വാസം ഭീമസേനൻ എന്നും പ്രകടിപ്പിച്ചിരുന്നു. യുദ്ധത്തിൽ ധാർത്തരാഷ്ട്രരെ ഇല്ലായ്മ ചെയ്തതിനു ശേഷം വനവാസപ്രതിജ്ഞ പാലിക്കാനായി യുധിഷ്ഠിരനു തിരികെവരാമെന്നുപോലും ഭീമൻ നിർദ്ദേശിക്കുന്നുണ്ടു്. പിന്നീടു, വൃഷ്ണിപ്രമുഖർ പ്രഭാസതീർത്ഥത്തിൽ പാണ്ഡവരെ സന്ദർശിച്ച വേളയിൽ, കൃഷ്ണബലരാമന്മാരുടെ കൂടെയിരുന്നു സാത്യകിയും ധാർത്തരാഷ്ട്രരെ ഇല്ലായ്മചെയ്യാൻ യുധിഷ്ഠിരനെ പ്രേരിപ്പിക്കുന്നുണ്ടു്. യുധിഷ്ഠിരൻ വനവാസം കഴിഞ്ഞു വരുന്നതു വരെ അദ്ദേഹത്തിന്റെ പേരിൽ അഭിമന്യു നാടുവാഴട്ടെ എന്നാണു സാത്യകിയുടെ നിർദ്ദേശം. യുധിഷ്ഠിരനോടു വനവാസാരംഭത്തിൽ പറഞ്ഞ കാര്യങ്ങൾ അവസാനിക്കാറായപ്പോളും കൃഷ്ണൻ ആവർത്തിക്കുന്നുണ്ടു് (ആരണ്യകപർവ്വം: 180). “രാജാവേ, സഭയിൽ എടുത്ത പ്രതിജ്ഞയിൽ ഉറച്ചു നില്ക്കുന്നതു അങ്ങയുടെ ഇഷ്ടം. എന്നാൽ, ശത്രുസൈന്യത്തെ കൊന്നൊടുക്കിയ ദാശാർഹയോദ്ധാക്കളോടുകൂടിയ ഹാസ്തിനപുരം അങ്ങയെ പ്രതീക്ഷിച്ചിരിക്കട്ടേ”, “അങ്ങല്ലലില്ലാതെയഘങ്ങൾ തീർന്നു, നിനച്ചിടും ദിക്കിൽ വസിച്ചു പിന്നെ, മുന്നേ വശപ്പെട്ട സരാഷ്ട്രനാഗപുരത്തിലെത്തീടുക ശോകമെന്യേ”. (തർജ്ജമ: കുഞ്ഞിക്കുട്ടൻതമ്പുരാൻ). ‘ഇഷ്ടമെങ്കിൽ പ്രതിജ്ഞയിൽ ഉറച്ചു നില്ക്കുക’; ‘മുമ്പേപോയി തങ്ങൾ ഹാസ്തിനപുരം കീഴടക്കട്ടെ’, തുടങ്ങിയ കൃഷ്ണവചനങ്ങൾ ശ്രദ്ധിക്കുക. അപ്പോൾ, ‘ബലമുണ്ടെന്നു വെച്ചു് അധർമ്മം ചെയ്യരുതു്’ എന്നതാണു് യുധിഷ്ഠിരന്നു യോജിച്ച ധർമ്മോപദേശമെങ്കിൽ ധാർത്തരാഷ്ട്രരെ കീഴടക്കി രാജ്യം വീണ്ടെടുക്കാൻ കൃഷ്ണാദി മഹാരഥന്മാർ വനവാസകാലത്തിലുടനീളം ആവശ്യപ്പെട്ടുകൊണ്ടിരിക്കുമോ? എന്നാൽ എല്ലാവരുടെയും എല്ലാവിധ ശ്രമങ്ങളും ധർമ്മരാജാവിന്റെ സത്യധർമ്മനിഷ്ഠയിൽ തട്ടിത്തകരുകയാണുണ്ടായതു്.

സത്യമാണു യുധിഷ്ഠിരന്നു് ഏറ്റവും പ്രധാനം; രാജ്യത്തെക്കാളും, സഹോദരരെക്കാളുമൊക്കെ. യുധിഷ്ഠിരന്റെ സത്യധർമ്മനിഷ്ഠയെ പ്രകീർത്തിക്കാത്തവരായി ആരുമില്ല. എന്നാൽ സത്യത്തോളം തന്നെ പ്രധാനമാണല്ലോ സത്യം ചെയ്യാനിടയായ സാഹചര്യവും. ഇതു യുധിഷ്ഠിരനു് അറിയായ്കയില്ല. പാണ്ഡവരുടെ ഈ വനവാസത്തിനു മുമ്പു്, ഒരു സത്യപ്രതിജ്ഞയുടെ പേരിൽ അർജ്ജുനൻ പന്തിരണ്ടുവർഷം വനവാസമനുഷ്ഠിക്കുന്നുണ്ടു് (ആദിപർവ്വം: 205). അന്നു, വനവാസത്തിനിറങ്ങിപ്പുറപ്പെടുന്ന അനുജനെ പിന്തിരിപ്പിക്കാനായി യുധിഷ്ഠിരൻ ഉന്നയിക്കുന്ന ന്യായവാദങ്ങൾക്കു സമാനമാണു ഇപ്പോൾ, വനവാസം ത്യജിക്കാനുള്ള ഭീമന്റെയും, ദ്രൗപദിയുടെയുമൊക്കെ ഈ ന്യായങ്ങൾ. അതുപോലെ, ജ്യേഷ്ഠന്റെ വാക്കുകൾ ശ്രവിക്കാതെ, ‘ന സത്യാദ്വിചലിഷ്യാമി’—ഞാൻ സത്യത്തിൽ നിന്നും വ്യതിചലിക്കുകയില്ല—എന്നുപറഞ്ഞു തന്റെ പ്രതിജ്ഞയിലുറച്ചുനിന്ന അർജ്ജുനനു സമാനമത്രേ ഇന്നു യുധിഷ്ഠിരന്റെ പെരുമാറ്റവും. (കർണ്ണപർവ്വത്തിൽ കൃഷ്ണൻ അർജ്ജുനനെ ഉപദേശിക്കുന്നുണ്ടു് (കർണ്ണപർവ്വം: 49): “സത്യം പറയുന്നവൻ നീതിമാനാണു്. സത്യത്തേക്കാൾ ഉയർന്നതായി ഒന്നുമില്ല. എന്നിരുന്നാലും, അനുഷ്ഠിതമായ സത്യത്തെ തത്ത്വവിചാരത്താൽ മനസ്സിലാക്കുക വളരെ പ്രയാസമാണു്. ചിലപ്പോൾ, സത്യം പറയാൻ പാടില്ല. മറ്റു ചിലപ്പോൾ, നുണ പറയുകയും വേണം”. പ്രാണഭയം, വിവാഹം, വംശനാശം, ധനനാശം, തുടങ്ങിയവ സംഭവിക്കുമ്പോൾ കള്ളം പറയാവുന്നതാണെന്നു കൃഷ്ണൻ തുടർന്നു പറയുന്നു). ദ്രൗപദിയെ പണയപ്പെടുത്തിയ സത്യവാക്കോർത്തു പിന്നീടു യുധിഷ്ഠിരൻ പശ്ചാത്തപിക്കുന്ന മഹാഭാരതസന്ദർഭം മാരാര് വിവരിച്ചിട്ടുണ്ടു് (‘ഭീഷ്മരുടെ ധർമ്മനിശ്ചയം’). അതേസമയം, വനവാസസത്യപ്രതിജ്ഞയെ യുധിഷ്ഠിരനെന്നും ന്യായീകരിച്ചിട്ടേയുള്ളൂ. എന്നാൽ, വനവാസമെന്ന വൈഷമ്യമേറിയ ജീവിതഘട്ടത്തിലൂടെ കടന്നു പോയപ്പോൾ യുധിഷ്ഠിരനുതന്നെ തന്റെയീ ധർമ്മനിഷ്ഠയെപ്പറ്റി സംശയങ്ങൾ ഉണ്ടാവുന്നതായി കാണുന്നു.

മാർക്കണ്ഡേയമുനിയുടെ രണ്ടാം സന്ദർശനവേളയിൽ, യുധിഷ്ഠിരൻ മുനിയോടു് ഉന്നയിക്കുന്ന ധർമ്മപ്രശ്നങ്ങളിൽ ആദ്യത്തേതിൽ, വനവാസകാലാരംഭത്തിൽ ദ്രൗപദി ഉന്നയിച്ച ഒരു സമസ്യയുടെ പ്രതിധ്വനിയുണ്ടു്. ഇതായിരുന്നു ദ്രൗപദി അന്നു യുധിഷ്ഠിരനോടു പറഞ്ഞതു്;

“…അങ്ങയ്ക്കീ ആപത്തും ദുര്യോധനന്നു് ആ സമൃദ്ധിയും കണ്ടിട്ടു ഞാൻ വിധാതാവിനെ പുച്ഛിക്കുന്നു. എന്തൊരു വിഷമവീക്ഷണം! എന്താവശ്യത്തിന്നാണു ധാതാവു് ആ തെമ്മാടിക്കു് ആ ശ്രീയൊക്കെ കൊടുത്തതു്! ചെയ്ത കർമ്മം ചെയ്തവനേശുമെങ്കിൽ, ഈശ്വരന്നിതിൽ പാപം പറ്റിയേ കഴിയൂ. അതല്ല, കർമ്മം ചെയ്തവനേശില്ലെങ്കിൽ ബലമാണു കാര്യം; ബലമില്ലാത്തവരെച്ചൊല്ലി ഞാൻ വ്യസനിക്കുന്നു.” (ആരണ്യകപർവ്വം: 31, തർജ്ജമ: മാരാര്)

കൗരവസഭയിൽ തനിക്കു നേരിട്ട അപമാനത്താലും, വനവാസത്താലും വ്രണിതഹൃദയയായ ദ്രൗപദിയുടെ വാക്കുകളാണിവ. യുധിഷ്ഠിരൻ ഈ സമസ്യയ്ക്കുത്തരം പറഞ്ഞതിപ്രകാരമാണു്.

“യാജ്ഞസേനി, നീ വളച്ചുകെട്ടി ചന്തത്തിൽ പറഞ്ഞതു മനസ്സിലായി. പക്ഷേ, നാസ്തികത്വമാണു നീ പറയുന്നതു്. ഞാൻ ധർമ്മമനുഷ്ഠിക്കുന്നതു് അതിന്റെ ഫലമന്വേഷിച്ചിട്ടല്ല. കൊടുക്കേണ്ടതു കൊടുക്കുന്നു, യജിക്കേണ്ടതു യജിക്കുന്നു—അത്രമാത്രം. ധർമ്മത്തെ കറക്കുവാൻ വിചാരിക്കുന്നവന്നു ധർമ്മഫലം കിട്ടലില്ല. ‘അധികപ്രസംഗം’ കൊണ്ടോ മദം കൊണ്ടോ ധർമ്മത്തെ ശങ്കിയ്ക്കുന്നവന്നു പാപമേ ഉള്ളൂ. പിന്നെ, ധർമ്മത്തെ ശങ്കിയ്ക്കുന്നവന്നു വേറെ പ്രമാണമെന്തുള്ളൂ? ധർമ്മിഷ്ഠർ നടത്തിപ്പോന്ന ധർമ്മം നിഷ്ഫലമാണെങ്കിൽ ഈ ലോകം നിലയില്ലാത്ത ഇരുട്ടിൽ ആണ്ടു പോയേനേ—സമാധാനമില്ല, മൃഗങ്ങളെപ്പോലെ കഴിയേണ്ടിവന്നേനേ, എങ്ങും തടസ്സങ്ങളായേനേ, ഒരു കാര്യവും നേടാഞ്ഞേനേ! അതുകൊണ്ടു് ധർമ്മത്തിന്നു ഫലമുണ്ടെന്നുതന്നെ ഉറപ്പിച്ചോളൂ. പക്ഷേ, അതിന്റെ വഴി വ്യക്തമല്ല; അതു ദേവഗുഹ്യമാണു, ഋഷിമാർക്കതറിയാം. അതിനാൽ നിന്റെ ഈ സംശയം മഞ്ഞുപോലെ മാഞ്ഞുപോകട്ടെ.” (ആരണ്യകപർവ്വം: 32, തർജ്ജമ: മാരാര്)

താൻ ഫലമന്വേഷിക്കാതെ ധർമ്മമനുഷ്ഠിക്കുകയാണെന്ന ആത്മവിശ്വാസമാണു യുധിഷ്ഠിരൻ അന്നു പ്രകടിപ്പിച്ചതു്. വനവാസത്തിന്റെ അവസാനകാലത്തു്, മുനിയുടെ രണ്ടാം വരവിൽ, നാസ്തികത്വമെന്നു മുമ്പു് വിശേഷിപ്പിക്കപ്പെട്ട ദ്രൗപദിയുടെ സമസ്യ, വനവാസത്തിന്റെ കഷ്ടപ്പാടുകൾ തളർത്തിയ യുധിഷ്ഠിരന്റെ നാവിൽ നിന്നുതന്നെ, മറ്റു വാക്കുകളിൽ പുറത്തുചാടി.

“എന്റെ സുഖച്യുതിയും, ദുർവൃത്തനായ ധാർത്തരാഷ്ട്രന്റെ അഭിവ്യദ്ധിയും കാണുമ്പോൾ, എനിക്കിപ്രകാരം ബുദ്ധിയിൽ തോന്നുന്നു. നല്ലതും തീയതുമായ കർമ്മങ്ങൾ ചെയ്യുന്നതു മനുഷ്യൻ! അതിന്റെ ഫലമനുഭവിക്കുന്നതും അവൻ തന്നെ. ഇവിടെ ഈശ്വരനെന്തു പ്രവർത്തിക്കുന്നു? സുഖദുഃഖങ്ങൾ മുനുഷ്യൻ ഇഹലോകത്തിലോ പരദേഹത്തിലോ അനുഭവിക്കുക?” (ആരണ്യകപർവ്വം: 181)

ഫലമിച്ഛിക്കാതെ ധർമ്മമനുഷ്ഠിക്കണമെന്നു, മുമ്പുപദേശിച്ച യുധിഷ്ഠിരൻ, തനിക്കു ദുഃസ്ഥിതിയും, ദുര്യോധനന്നു് അഭിവൃദ്ധിയുമുണ്ടായതു തന്റെ കർമ്മഫലം മൂലമെന്നരീതിയിൽ പ്രശ്നവത്കരിച്ചതു കാണുമ്പോൾ, തന്റെ ധർമ്മനിഷ്ഠയിൽ യുധിഷ്ഠിരനു ശങ്ക ഉടലെടുത്തതായി കാണാം. കഷ്ടപ്പാടുകളുടെ ഫലമായി ഇത്തരം ശങ്കകൾ ഉണ്ടാവാതിരിക്കട്ടെ എന്നു മാർക്കണ്ഡേയമുനി തന്നെ യുധിഷ്ഠിരനോടു പറയുന്നുണ്ടു്.

3. ചൂതിൽ ഭ്രമിച്ചു കരൾ കെട്ടെന്തു ഞാനിതു ചെയ്യുവാൻ!

‘രാജ്യം വാഴുക സ്വധർമ്മമായിട്ടുള്ള യുധിഷ്ഠിരൻ ചൂതുകളിക്കമ്പംമൂലം അതെല്ലാം കളഞ്ഞുകുളിച്ചു ഭാര്യാസഹോദരന്മാരോടുകൂടിപോന്നു കാട്ടിൽ തപസ്വിമാരുടെ ഇടയിൽ കൂടിയതു കണ്ടിട്ടു മഹർഷി ചിരിച്ച ചിരി’ എന്നു മാരാര് പറഞ്ഞതിനാണു് അടുത്ത വിമർശം. ‘ചൂതുകളിക്കമ്പംകൊണ്ടു് എല്ലാം കളഞ്ഞുകുളിച്ചു’ എന്നതു തെറ്റായ പ്രയോഗമാണുപോലും. ഋഷിമാരോ, വിദുരരോ, കൃഷ്ണനോ അങ്ങനെ വിശേഷിപ്പിക്കുന്നില്ലത്രേ. യുദ്ധാഹ്വാനം പോലെ ക്ഷത്രിയർക്കു നിരസിക്കാനാവാത്തതാണു് പോലും ദ്യൂതാഹ്വാനം. കൂടാതെ, ആഹ്വാനമായിട്ടല്ല ധൃതരാഷ്ട്രാജ്ഞയായിട്ടാണു വിളിവന്നതു്, അതുകൊണ്ടു് ആജ്ഞ അനുസരിച്ചയാളെ ‘കമ്പ’ക്കാരനെന്നു വിളിക്കാൻ പാടില്ല. പിന്നെ, ആൾ പണയങ്ങൾ ലോഭബദ്ധമായ ‘കമ്പ’മല്ല മറിച്ചു ഉന്മത്തമനസ്സിന്റെ ‘പ്രകമ്പ’മാണത്രേ. ഭയമുണ്ടെങ്കിൽ പിന്മാറാനനുവദിച്ച ശകുനിയുടെ ‘നന്മസിനെ’ അഭിമാനപ്രശ്നമായതുകൊണ്ടാണത്രേ യുധിഷ്ഠിരൻ കണ്ടില്ലെന്നു നടിച്ചതു്. അതുപോലെ രണ്ടാം ദ്യൂതം, കളികൊണ്ടു നഷ്ടപ്പെട്ടതിനെ കളികൊണ്ടുതന്നെ വീണ്ടെടുക്കാനുള്ള ശ്രമമത്രേ. അതിനാൽ അതും യുധിഷ്ഠിരന്റെ പമ്പരവിഡ്ഢിത്തമായോ, കളിക്കമ്പമായോ കാണാൻ പ്രയാസമാണു്. ഇങ്ങനെ പോകുന്നു വാദങ്ങൾ.

⋄ ⋄ ⋄

‘കൗരവരുടെ ദുഷ്ടത സഹിച്ചു, മനുഷ്യവ്യാഘ്രങ്ങളായ കുന്തീപുത്രരും, മാദ്രീപുത്രരും, ചൂതുകളിയെന്ന ദുശ്ശീലത്തിനടിപ്പെട്ട യുധിഷ്ഠിരനെ പിന്തുടർന്നതെന്തിനു്?’ എന്ന ചോദ്യം മഹാഭാരതത്തിന്റെ ആരംഭത്തിൽ തന്നെ ഉയരുന്നുണ്ടു് (ജനമേജയൻ വൈശമ്പായനോടു്: ആദിപർവ്വം: 56). യുധിഷ്ഠിരന്റെ ചൂതുകളിക്കമ്പവും, യുധിഷ്ഠിരസഹോദരരുടെ ബലവുമാണല്ലോ ഇവിടെ പരാമർശിതം.

ഇനി, മഹാഭാരതയുദ്ധത്തിന്റെ മൂലകാരണമായ ഈ ദ്യൂതത്തിന്റെ തുടക്കം എപ്രകാരമായിരുന്നെന്നു നോക്കാം. ഖാണ്ഡവപ്രസ്ഥത്തിൽ മയസഭപണിതു രാജസൂയവും കഴിച്ചു സാമ്രാജ്യയശസ്സു നേടി വിരാജിക്കുന്ന പാണ്ഡവരുടെ ഉല്കർഷം കണ്ടസൂയപൂണ്ട ദുര്യോധനൻ ഏതു വിധേനയും അവരുടെ ഐശ്വര്യം തട്ടിയെടുക്കാൻ മാർഗ്ഗമാരായുമ്പോൾ ശകുനി പറയുന്നു.

“യുധിഷ്ഠിരനു ചൂതുകളിക്കമ്പമുണ്ടു് (‘ദ്യൂതപ്രിയ’ എന്നു മൂലം). കളിക്കാനൊട്ടറിഞ്ഞുംകൂടാ. ആ ചക്രവർത്തി ചൂതിനു വിളിച്ചാൽ ഒഴിഞ്ഞു മാറില്ല. ഞാനാകട്ടേ, ചൂതുകളിയിൽ വിരുതനാണു്, എനിക്കു കിടനിൽക്കാൻ മൂന്നു ലോകത്തിലും ആരുമില്ല, നീ യുധിഷ്ഠിരനെ ചൂതിനു വിളിക്കുക; ഞാനദ്ദേഹത്തിന്റെ രാജ്യവും ശ്രീയുമെല്ലാം നിനക്കു വാങ്ങിത്തരാം, തീർച്ച.” (സഭാപർവ്വം: 45, തർജ്ജമ: മാരാര്)

യുദ്ധാഹ്വാനം പോലെ ഒഴിഞ്ഞു മാറാൻ പറ്റാത്തതാണു ക്ഷത്രിയനു ദ്യൂതമെങ്കിൽ, യുധിഷ്ഠിരൻ ഒഴിഞ്ഞു മാറില്ല എന്നു എടുത്തു പറയേണ്ട കാര്യമില്ലല്ലോ. യുധിഷ്ഠിരന്റെ ചൂതുകളിക്കമ്പത്തെ കൃത്യമായി മനസ്സിലാക്കിയിരുന്നു ശകുനി. ശകുനിയുടെ ഏതെങ്കിലും നിഗമനം തെറ്റായിരുന്നെങ്കിൽ ദുര്യോധനൻ വലിയ വില കൊടുക്കേണ്ടി വന്നേനേ. കാരണം ആ വാക്കുകളിൽ വിശ്വാസമർപ്പിച്ചാണു ധൃതരാഷ്ട്രരെ കഷ്ടപ്പെട്ടു സമ്മതിപ്പിച്ചു “സഹസ്രം തൂണൊത്തു പൊൻരത്നചിത്രം; ശതദ്വാരം സ്ഫടികക്കോട്ടയോടും, വിളിപ്പാടാം ദീർഘവിസ്താരമോടും (തർജ്ജമ: കുഞ്ഞിക്കുട്ടൻതമ്പുരാൻ)”, ദ്യൂതസഭ പണിയുകയും, യുധിഷ്ഠിരനെ ദ്യൂതിനു ക്ഷണിക്കാനായി വിദുരരെ പറഞ്ഞയക്കുകയും ചെയ്തതു്. വിദുരരുടെ ക്ഷണമിപ്രകാരമാണു്.

വിദുരർ പറഞ്ഞു: “ ‘(ധൃതരാഷ്ട്രവചനം)… രാജാവേ, നിന്റെ സഹോദരന്മാരോടൊപ്പം, ആ പുതുമാളികയിൽ രസിക്കുക, ഒപ്പം ഒരു സൗഹൃദദ്യൂതിനിരിക്കുകയും ചെയ്യുക. കുരുക്കൾ ഇതിനകം അവിടെയെത്തിയിരിക്കും. നിങ്ങൾ കൂടി പോയാൽ ഞങ്ങൾക്കു സന്തോഷമാവും.’ ഒപ്പം മഹാത്മാവായ ധൃതരാഷ്ട്രർ ചൂതിനായി ഇതിനകം കൊണ്ടുവന്ന ചൂതാട്ടക്കാരെയും, ചൂതിനായി വലവിരിക്കുന്ന വഞ്ചകരെയും നിങ്ങൾക്കു് അവിടെ കാണാനാകും. രാജാവേ, ഈ ക്ഷണത്തിനായി ഞാൻ ഇവിടെ വന്നിരിക്കുന്നു, സ്വീകരിക്കൂ.”

യുധിഷ്ഠിരൻ പറഞ്ഞു: “ക്ഷത്താവേ, ചൂതുകളിയ്ക്കിരുന്നാൽ കലഹമുണ്ടാകാനിടയുണ്ടു്. ഇതെല്ലാം അറിഞ്ഞുകൊണ്ടു് ആരാണു ചൂതാട്ടത്തിനു സമ്മതിക്കുക? ഞങ്ങൾക്കു് എന്താണു് അനുയോജ്യമെന്നു താങ്കൾ കരുതുന്നു? ഞങ്ങൾ താങ്കളുടെ ഉപദേശത്തെ അനുസരിക്കാം.”

വിദുരർ പറഞ്ഞു: “ചൂതാട്ടം അനർത്ഥത്തിന്റെ മൂലകാരണമാണെന്നെനിക്കറിയാം, അതിൽനിന്നു രാജാവിനെ പിന്തിരിപ്പിക്കാൻ ഞാൻ പരിശ്രമിച്ചിരുന്നു. എന്നിരുന്നാലും, രാജാവു എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു. ഇതെല്ലാം അറിഞ്ഞുംകൊണ്ടു വിദ്വാനായവനേ, ഉചിതമായതു ചെയ്യുക.” യുധിഷ്ഠിരൻ പറഞ്ഞു: “ധൃതരാഷ്ട്രപുത്രന്മാരെ കൂടാതെ, വേറെ ഏതു ചൂതാട്ടക്കാരാണു കളിക്കാനായി വന്നിട്ടുള്ളതു? പറയുക വിദുര, അവർ ആരെന്നും, ആരോടൊപ്പം ഞങ്ങൾക്കു നൂറുകണക്കിനു സ്വത്തുക്കൾ പണയംവെച്ചു കളിക്കേണ്ടിവരുമെന്നും?”

വിദുരർ പറഞ്ഞു: “രാജാവേ, ഗാന്ധാരരാജാവായ ശകുനി പ്രഗത്ഭനും, ചൂതിൽ കൃതഹസ്തനുമാണു്; കൂടാതെ വിവിംശതി, ചിത്രസേനൻ രാജാവു്, സത്യവ്രതൻ, പുരുമിത്രൻ, ജയൻ തുടങ്ങിയവരുമുണ്ടു്.”

യുധിഷ്ഠിരൻ പറഞ്ഞു: “അപ്പോൾ, ഏറ്റവും ഭയങ്കരചൂതുകളിക്കാരും വഞ്ചനയെ ആശ്രയിച്ചു കളിക്കുന്നവരും അവിടെയുണ്ടു്. എന്നിരുന്നാലും, ഈ പ്രപഞ്ചം സ്രഷ്ടാവിന്റെ ഇഷ്ടപ്രകാരമാണു നടക്കുന്നതു, വിധിയുടെ നിയന്ത്രണത്തിലും. ഇതു സ്വതന്ത്രമല്ല. ധൃതരാഷ്ട്രരാജാവിന്റെ കല്പനപ്രകാരം ചൂതാട്ടത്തിൽ ഏർപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മകനു പ്രയോജനമുള്ളതേതെന്നു പിതാവു് എപ്പോഴും അറിയുന്നു. വിദുര, താങ്കളാണു ഞങ്ങളുടെ ആശ്രയം. ഞങ്ങൾക്കു് അനുയോജ്യമായതു് എന്താണെന്നു് എന്നോടു പറയുക. ശകുനിയുമായി കളിക്കാൻ എനിക്കു് ഇച്ഛയില്ല, വിളിക്കപ്പെട്ടില്ലെങ്കിൽ ഞാൻ സഭയിലണയുകയുമില്ല. എന്നെ വെല്ലുവിളിച്ചാൽ ഞാൻ ഒരിക്കലും പിന്മാറുകയുമില്ല. ഇതെന്റെ ദൃഢവ്രതമാണു്.” (സഭാപർവ്വം: 52)

ധൃതരാഷ്ട്രർ സൗഹൃദചൂതിനായാണു ക്ഷണിക്കുന്നതു്. ഇവിടെ യുദ്ധാഹ്വാനം പോലുള്ള ദ്യൂതാഹ്വാനമോ, ആജ്ഞയോ കാണാൻ കഴിയില്ല. “ധൃതരാഷ്ട്രരാജാവിന്റെ കല്പനപ്രകാരം ചൂതാട്ടത്തിൽ ഏർപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല” എന്നും യുധിഷ്ഠിരൻ പറയുന്നുണ്ടു്. വിദുരർ ചൂതിന്റെ ദൂഷ്യവശം കൃത്യമായി എടുത്തുകാട്ടുന്നുമുണ്ടു് (വാരണാവതത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ചു യുധിഷ്ഠിരനു സൂചനകൾ നൽകിയ വിദുരർ സമാനസൂചനകൾ ദ്യൂതത്തെക്കുറിച്ചും നൽകുന്നതായി കാണാം). “ചൂതുകളിക്കിരുന്നാൽ കലഹമുണ്ടാവാനിടയുണ്ടു്, ഇതെല്ലാം അറിഞ്ഞുകൊണ്ടു് ആരാണു ചൂതാട്ടത്തിനു സമ്മതിക്കുക” എന്നു വിവേകബുദ്ധിയോടെ സംസാരിച്ചു തുടങ്ങുന്ന യുധിഷ്ഠിരൻ, പതുക്കെപ്പതുക്കെ, ദ്യൂതത്തിന്റെ വിശദാംശങ്ങൾ അറിയാൻ കാട്ടുന്ന ആകാംക്ഷയും, സ്വത്തുക്കൾ പണയം വയ്ക്കുന്നതിനെപ്പറ്റി പരാമർശിക്കുന്നതും, വഞ്ചകരായ ചൂതാട്ടക്കാരാണു സഭയിലുള്ളതെന്നു മനസ്സിലായിട്ടും, കളിക്കായി തയ്യാറാവുന്നതും ഒരു ചൂതുകളിക്കമ്പക്കാരന്റെ വശംവദലാവലാണു വെളിവാക്കുന്നതു്. വിവേചനപൂർവ്വം തീരുമാനമെടുക്കാനുള്ള വിദുരരുടെ ഉപദേശമുണ്ടായിട്ടും, തന്റെ ഈ വ്യക്തിദൗർബ്ബല്യത്തെ വിധിയുടെ മേൽ പഴിചാരി, അനിർവാര്യമായ നാശത്തിലേക്കു നടന്നുകയറാനാണു യുധിഷ്ഠിരൻ തീരുമാനിക്കുന്നതു്. ‘ഉജ്ജ്വലതേജസ്സോടെ മുന്നിൽ വീഴുന്ന വസ്തു കണ്ണിനെ എന്നതുപോലെ, വിധി നമ്മെ ബുദ്ധിശൂന്യരാക്കുന്നു. മനുഷ്യൻ കയറുകൊണ്ടു കെട്ടപ്പെട്ടതുപോലെ, ധാതാവിന്റെ നിയന്ത്രണത്തിനു കീഴടങ്ങുന്നു എന്നു പറഞ്ഞു ധൃതരാഷ്ട്രരുടെ ക്ഷണത്തെപ്പറ്റി കൂടുതൽ ചിന്തിക്കാതെ ക്ഷത്താവിനൊപ്പം യാത്രയായി’, എന്നാണു യുധിഷ്ഠിരന്റെ ചൂതുകളിപ്പുറപ്പാടിനെ വിവരിച്ചിരിക്കുന്നതു്. ‘വിധി ആണു ബലവാൻ, എല്ലാം വിധിയുടെ പാട്ടിലാണു്’ എന്നു പറഞ്ഞാണു യുധിഷ്ഠിരൻ ശകുനിയുമായി ചൂതുകളിക്കാനിരിക്കുന്നതും. അതുപോലെ, പുനർദ്യൂതത്തിനുളള ക്ഷണം വന്നപ്പോൾ യുധിഷ്ഠിരൻ പറയുന്നതിപ്രകാരമാണു്: ‘ധാതാവിന്റെ നിയോഗപ്രകാരം ജീവജാലങ്ങൾ നല്ലതും ദോഷകരവുമായ ഫലങ്ങൾ അനുഭവിക്കുന്നു. കളിച്ചാലുമില്ലെങ്കിലും അതിൽ നിന്നൊഴിഞ്ഞു മാറാൻ കഴിയില്ല.’

വിദുരർ മുമ്പു്, ചൂതുകളിയുടെ ആപത്തു ചൂണ്ടിക്കാണിച്ചപ്പോൾ, അതു തടുക്കാതെ ധൃതരാഷ്ട്രർ ഒഴിഞ്ഞു മാറിയതും ഇപ്രകാരം തന്നെയാണു്. ‘ധാതാവു വിധിച്ചതിന്റെ പാട്ടിലാണല്ലോ ഈ ലോകം മുഴുവൻ, സ്വതന്ത്രമല്ലല്ലോ’. വിധിയുടെ മറതേടി, ചൂതുകളിയുമായി മുമ്പോട്ടുപോകാൻ ധൃതരാഷ്ട്രരെ പ്രേരിപ്പിച്ച വ്യക്തിദൗർബ്ബല്യം അമിതപുത്രസ്നേഹമാണെങ്കിൽ, യുധിഷ്ഠിരനെ നയിച്ചതു് ചൂതുകളിക്കമ്പമത്രേ. തനിക്കു രാജ്യലോഭവുമുണ്ടായിരുന്നെന്നു യുധിഷ്ഠിരൻ പറയുന്നുണ്ടു്. (യുധിഷ്ഠിരന്റെ ചൂതുകളിക്കമ്പവും രാജ്യലോഭവും തമ്മിലുള്ള ബന്ധം ഈ ലേഖനത്തിന്റെ ഉപസംഹാരത്തിൽ വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ടു്.) പിന്നീടു ധൃതരാഷ്ട്രരെപ്പോലെ യുധിഷ്ഠിരനും തന്റെ പ്രവൃത്തിയോർത്തു പരിതപിക്കുന്നു. യുധിഷ്ഠിരൻ വനവാസകാലത്ത് ഭീമസേനനോടു പറയുന്നു;

“എന്റെ നയക്കേടുകൊണ്ടാണു നിങ്ങൾക്കു് ഈ വ്യസനം വന്നതു്. ദുര്യോധനനിൽ നിന്നു രാജ്യം നേടാമെന്നുവെച്ചാണു ഞാൻ ചൂതുകളിക്കു പുറപ്പെട്ടതു്. (“അഹം ഹ്യക്ഷാനന്വപദ്യം ജിഹീർഷ; ന്രാജ്യം സരാഷ്ട്രം ധൃതരാഷ്ട്രസ്യ പുത്രാതു്”—ധൃതരാഷ്ട്രപുത്രനിൽ നിന്നും, രാജ്യം പരമാധികാരത്തോടെ കൈവശപ്പെടുത്താമെന്നു വെച്ചാണു ഞാൻ ചൂതുകളിക്കു പുറപ്പെട്ടതു്—എന്നു മൂലം). പക്ഷേ, ശഠനായ ശകുനിയാണു് എന്നോടു നേരിട്ടതു്. പകിടകൾ ശകുനിക്കനുകൂലമായി തിരിയുന്നതു കണ്ടു് എനിക്കൊഴിയാമായിരുന്നു. എന്നാൽ ശുണ്ഠി മനുഷ്യന്റെ ധൈര്യം കെടുത്തുന്നു (തർജ്ജമ: മാരാര്). പൗരുഷം, അഭിമാനബോധം, വീര്യം; ഇവയാൽ ബന്ധിതമായ മനസ്സിനെ നിയന്ത്രിക്കാൻ കഴിയില്ല… നമുക്കു് ഈ സംഭവിച്ചവയൊക്കെ വിധിനിശ്ചിതമെന്നു ഞാൻ കരുതുന്നു.” (ആരണ്യകപർവ്വം: 35)

അതിനാൽ, ചൂതുകളിക്കുള്ള ക്ഷണം മുതൽ, ചൂതുകളിയുടെ ഓരോ ഘട്ടത്തിലും—പണയം നിർണ്ണയിക്കുന്നതുൾപ്പെടെ—സ്വന്തം വിവേചനബുദ്ധിയാൽ തീരുമാനമെടുക്കാൻ സ്വതന്ത്രനായിരുന്നു യുധിഷ്ഠിരൻ. (‘സ്വേച്ഛയാ’ എന്നു ഭീഷ്മർ വിശേഷിപ്പിക്കുന്നതു വഴിയേ കാണാം—ഭാഗം 5). എന്നാൽ വ്യക്തിദൗർബ്ബല്യങ്ങളുടെ വിലങ്ങുകൾ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം ഹനിച്ചു.

ഇപ്രകാരം അസ്വതന്ത്രനായ ഒരുവന്റെ സത്യവാക്കിനെക്കുറിച്ചു് മാരാര് പറയുന്നു. “ഒരാൾ അന്യരുടെയും തന്റെയും പ്രിയഹിതങ്ങളോർത്തു പറഞ്ഞവാക്കും സത്യമാണു്. ഏതെങ്കിലും വികാരഭേദത്തിനടിപെട്ടു പറഞ്ഞുകളഞ്ഞവാക്കും സത്യം തന്നെ—പക്ഷേ, രണ്ടിനും തമ്മിൽ ധ്രുവാന്തരമുണ്ടു്. ഇവയിലേതാണു് ഇവിടത്തെ സത്യങ്ങൾ? രണ്ടാമത്തേതാണെന്നു പ്രകൃതമായ യുധിഷ്ഠിരകഥ തെളിയിക്കുന്നു. താൻ ചൂതുകളിക്കമ്പവും രാജ്യലോഭവും മൂലം ഏറ്റു പറഞ്ഞ ഒരു വാക്കാണു് അദ്ദേഹത്തിന്റെ ഈ വനവാസപ്രതിജ്ഞ എന്നു സ്പഷ്ടമാണു്.”

അടുത്തതായി, യുധിഷ്ഠിരന്റെ ദ്യൂതസംരംഭത്തെ മറ്റുള്ളവർ എങ്ങനെ നോക്കിക്കണ്ടു എന്നു പരിശോധിക്കാം.

കുരുസഭയിൽ അപമാനിതയായ ദ്രൗപദി, യുധിഷ്ഠിരൻ തന്നെ അടിമപ്പെടുത്തിയതു ധർമ്മമോ അധർമ്മമോ, എന്നു വിധിക്കാൻ സഭാശ്രേഷ്ഠന്മാരോടു പേർത്തുംപേർത്തും അപേക്ഷിക്കുമ്പോൾ, സഭയിലുയർന്നൊരു സ്വരമുണ്ടു്; ദുര്യോധനസഹോദരനായ വികർണ്ണന്റെ. “സദസ്യരിൽനിന്നു ഒരു വികർണ്ണനെങ്കിലും ധർമ്മമെന്തെന്നു പറയാനുണ്ടായല്ലോ എന്നദ്ദേഹം (വിദുരർ) അഭിനന്ദിക്കുകയും, വികർണ്ണന്റെ അഭിപ്രായം ഒന്നിച്ചു് ഏറ്റുപറയണമെന്നു സദസ്യരോടു് അഭ്യർത്ഥിക്കുകയും ചെയ്തു”, എന്നു ലീലാവതി പ്രകീർത്തിക്കുന്ന വികർണ്ണന്റെ അഭിപ്രായമെന്തെന്നു നോക്കാം.

“വ്യസനങ്ങൾ നൃപന്മാർക്കു്

നാലുണ്ടല്ലോ നരേന്ദ്രരേ!

നായാട്ടു കുടി ചൂതാട്ടം

സ്ത്രീയിലുള്ളതിസക്തിയും.

ഇവയിൽ സക്തനാം മർത്ത്യൻ

ധർമ്മം കൈവിട്ടു നിന്നിടും

അമ്മട്ടുള്ളോൻ ചെയ്ത കൃത്യം

ചെയ്തതായ് വെച്ചിടാ ജനം.

എന്നാലീപ്പാണ്ഡവൻ പാരം

വ്യസനത്തിലമർന്നവൻ

ചൂതാട്ടക്കാർ വിളിച്ചിട്ടു

പണയംവെച്ചു കൃഷ്ണയെ.

മാന്യയാമിവളോ സർവ്വ-

പാണ്ഡവർക്കും സമാനയാം

താൻ മുൻപടിമയായ് പിന്നെ-

പ്പണയംവെച്ചു പാണ്ഡവൻ.

പണയത്തിന്നോതിനാനി-

ക്കൃഷ്ണയെസ്സുബലാത്മജൻ

ഇതൊക്കെയോർത്തിട്ടെൻപക്ഷം

നേടീട്ടില്ലിഹ കൃഷ്ണയെ.”

(സഭാപർവ്വം: 61, തർജ്ജമ: കുഞ്ഞിക്കുട്ടൻതമ്പുരാൻ)

യുധിഷ്ഠിരനെ വിശദമായി അടയാളപ്പെടുത്തിയിരിക്കുന്നു വികർണ്ണൻ. വ്യസന(ദോഷ)ങ്ങൾക്കു് അടിമയായവനെ ‘കമ്പ’ക്കാരൻ എന്നു മാത്രമല്ലേ മാരാര് വിളിച്ചുള്ളൂ. വികർണ്ണനാകട്ടേ ഏതൊക്കെ സംജ്ഞകളാണു യുധിഷ്ഠിരനു ചാർത്തിയിരിക്കുന്നതെന്നു നോക്കൂ!

ഇനി, കൃഷ്ണനെന്താണു പറയുന്നതെന്നു നോക്കാം. പാണ്ഡവരുടെ വനപ്രവേശവേളയിൽ ധർമ്മപുത്രരെ കാണാനെത്തിയ കൃഷ്ണൻ, താനവിടുണ്ടായിരുന്നെങ്കിൽ ധൃതരാഷ്ട്രരോടു ചൂതിന്റെ ദോഷങ്ങൾചൊല്ലി ആ ദ്യൂതം തടഞ്ഞേനേ, എന്നുപറഞ്ഞുതുടരുന്നു.

“…ഇതിനാൽ വൈരസേനിക്കും

രാജ്യം പോയിതു മുന്നമേ.

ചൂതിൽച്ചിന്തിച്ചുകൂടാത്ത

നാശം പറ്റും ധരാപതേ!

വാശിയുണ്ടാം ചൂതിനെന്നു-

മോതിയേനേ ശരിക്കു ഞാൻ.

സ്ത്രീ ചൂതാട്ടം വേട്ട കുടി-

യെന്നിതോ കാമസംഭവം

വ്യസനംതാനെന്നു ചൊൽവൂ

ശ്രീ നശിപ്പൂ നരർക്കിതിൽ.

ഇതിലൊക്കെക്കണ്ടിടുന്നൂ

ദോഷം ശാസ്ത്രജ്ഞരായവർ

വിശേഷിച്ചും ചൂതിലുണ്ടു

കാണ്മൂ ദോഷം വിചക്ഷണർ.

ഇതൊറ്റനാൾകൊണ്ടർത്ഥങ്ങൾ

കെടുക്കും വ്യസനം പരം

അഭുക്തനാശമർത്ഥങ്ങൾ-

ക്കേറ്റം വാക്പരുഷത്വവും

ഇവയും മറ്റുപലതു-

മനർത്ഥം ചൂതിൽ വാശിയാൽ

പറ്റുമെന്നംബികാപുത്ര-

നോടു ഞാൻ വീര, ചൊല്ലിടും.”

(ആരണ്യകപർവ്വം: 14, തർജ്ജമ: കുഞ്ഞിക്കുട്ടൻതമ്പുരാൻ)

പന്തിരണ്ടുവർഷം വനവാസത്തിനും, ഒരുവർഷം അജ്ഞാതവാസത്തിനും വിധിക്കപ്പെട്ടു ദുഃഖാർത്തനായിരിക്കുന്ന തന്റെ ജ്യേഷ്ഠതുല്യനെ, നേരിട്ടു കുറ്റം പറയാതെ അന്യാപദേശത്തിലൂടെ തെറ്റു് കാണിച്ചു കൊടുക്കുകയല്ലേ കൃഷ്ണനിവിടെ ചെയ്യുന്നതു? അല്ലെങ്കിൽ, ചൂതാട്ടത്തിന്റെ ദുർവ്വശങ്ങളെപ്പറ്റി ഇത്ര നീണ്ട ഒരു പ്രഭാഷണം ദുഃഖപരവശനായിരിക്കുന്ന ഒരുവന്റെ മുന്നിൽ നടത്താൻ വേറെന്തു ന്യായം? വൈരസേനിക്കു (നളൻ) ചൂതുകളിയിലൂടെ രാജ്യം പോയ കഥയിൽ നിന്നു് ആരാണു പാഠമുൾക്കൊള്ളേണ്ടതു? രാജാവു് വർജ്ജിക്കേണ്ട ചതുർദ്ദോഷങ്ങൾ വികർണ്ണനെപ്പോലെ, കൃഷ്ണനും (രാജധർമ്മാനുശാസനപർവ്വത്തിൽ ഭീഷ്മരും) എടുത്തു പറയുന്നുണ്ടു്.

പിന്നീടു, ഭാരതയുദ്ധത്തിന്റെ പതിനെട്ടാം ദിവസം, പാണ്ഡവരിൽ നിന്നു ദുര്യോധനന്നു് ഇഷ്ടമുള്ളയാളെ ദ്വന്ദ്വയുദ്ധത്തിനായി തിരഞ്ഞെടുക്കാൻ യുധിഷ്ഠിരൻ അനുവദിച്ചതിനെ കുറ്റപ്പെടുത്തുമ്പോൾ, പഴയ ചൂതുകളിയുടെകാര്യവും കൃഷ്ണൻ എടുത്തിടുന്നുണ്ടു്. “താങ്കൾ പണ്ടു ശകുനിയുമായി, ഹീനമായൊരു ഭാഗ്യപരീക്ഷണത്തിനു് അനുവദിച്ചതുപോലെ, ഇപ്പോൾ വീണ്ടും മുതിരുന്നു” (ശല്യപർവ്വം: 32). ഈ രണ്ടു ഭാഗ്യപരീക്ഷണങ്ങളും യുധിഷ്ഠിരന്റെ തീരുമാനമാണെന്നല്ലേ കൃഷ്ണൻ പറയുന്നതു്.

ചതുർദ്ദോഷങ്ങളായ സ്ത്രീയിലുള്ള ആസക്തി, ചൂതാട്ടം, വേട്ട, കുടി എന്നിവയെ കാമജന്യദോഷങ്ങളെന്നാണു മഹാഭാരതത്തിൽ പറയുന്നതു്. ബാധിച്ചു കഴിഞ്ഞാൽ, കമ്പമാണോ, ലീലാവതി പറയുന്ന പ്രകമ്പമാണോ എന്നൊന്നും പറയാനാവില്ല. നളനെ ബാധിച്ച ‘കലി’യും മറ്റെന്തിനെയാണു സൂചിപ്പിക്കുന്നതു? അതുവരെ കാണാത്ത രൂപഭാവങ്ങൾ മറ്റുള്ളവരിവരിൽ ദർശിക്കും. ഈയൊരവിശ്വസനീയതയാണു ദ്രൗപദിയുടെയും ഭീമസേനന്റെയും വാക്കുകളിൽ നിഴലിക്കുന്നതു്;

‘ഏതു രാജകുമാരനാണു തന്റെ ഭാര്യയെ പണയം വെച്ചു കളിക്കുക. മൂഢനായ ഈ രാജാവു് ചൂതുകളിയിൽ മത്തനായിരിക്കുന്നു. അല്ലെങ്കിൽ, മറ്റേതെങ്കിലും പണയവസ്തു കണ്ടെത്തുമായിരുന്നില്ലേ?’ എന്നു ദ്രൗപദിയും; “നാട്ടിൽ ചൂതുകളിക്കാർക്കൊക്കെ പെണ്ണുങ്ങളുണ്ടു്, ആ കുലടകളെപ്പോലും അവർ പണയം വെച്ചു കളിക്കാറില്ല. അവരിൽ അവർക്കു ദയയുണ്ടു്.” എന്നു ഭീമസേനനും പറയുന്നു (സഭാപർവ്വം: 60). സ്വന്തം ഭാര്യയെ വരെ പണയപ്പെടുത്താൻ മടിയ്ക്കാത്ത ഈ കളിഭ്രാന്തു് ഇവരെ അമ്പരിപ്പിക്കുന്നു.

പിന്നീടു വനവാസകാലത്തു്, “അശ്വമേധം, പുണ്ഡരീകം, രാജസൂയം, ഗോസവം; ദക്ഷിണകളേറേയാവശ്യമായ മഹായജ്ഞങ്ങൾ, രാജാവേ അങ്ങ് നടത്തി. എന്നിട്ടും, ബുദ്ധിവിഭ്രാന്തിപിടിപെട്ടു് അങ്ങ്, ചൂതിൽ തോറ്റ നേരം, രാജ്യവും, ധനവും, ശസ്ത്രവും, സഹോദരന്മാരെയും ഈയെന്നെയും പണയം വെച്ചില്ലേ? സൗമ്യനും, ദയാശീലനും, വിശാലമനസ്കനും, വിനീതനും, സത്യവാദിയുമായ അങ്ങേയ്ക്കു് എങ്ങനെ ഈ ചൂതുകളിഭ്രാന്തുണ്ടായി?” (ആരണ്യകപർവ്വം: 31), എന്നു ഓർത്തോർത്തു വിലപിക്കുന്ന ദ്രൗപദിയെയും, “അങ്ങേയ്ക്കു ചൂതുകളി ഒട്ടും അറിഞ്ഞുകൂടാ; എന്നാലും ക്ഷണിക്കപ്പെട്ടാൽ ഭ്രാന്തു പിടിച്ചവനെ പോലെയാണു്” എന്നു കുറ്റപ്പെടുത്തുന്ന ഭീമസേനനെയും കാണാനാവും. ജ്യേഷ്ഠന്റെ ഈ സ്വഭാവം മൂലം, പന്തിരണ്ടുവർഷം വനവാസവും, ഒരുവർഷം അജ്ഞാതവാസവും തികച്ചുചെല്ലുമ്പോൾ, വീണ്ടുമൊരു ചൂതുകളിക്കു വിളിക്കപ്പെട്ടു രണ്ടാമതൊരു വനവാസംകൂടി സഹിക്കേണ്ടിവരുമോ എന്നു ഭീമസേനൻ ആശങ്കപ്പെടുന്നുണ്ടു് (ആരണ്യകപർവ്വം: 49). ഇതേ രീതിയിൽ അർജ്ജുനനും പിന്നീടു സംസാരിക്കുന്നുണ്ടു്. “ചൂതുകളിയെന്ന തിന്മയ്ക്കു താങ്കൾ അടിമയായതിനാൽ രാജ്യാധിപത്യം പുനസ്ഥാപിക്കുന്നതിൽ എനിക്കൊരു സന്തോഷവുമില്ല. അധമർ മാത്രം ശീലമാക്കുന്ന ഒരു പാപത്തിൽ സ്വയം ഉൾപ്പെട്ടിട്ടു ശത്രുക്കളെ കീഴടക്കാൻ ഇപ്പോൾ ഞങ്ങളുടെ സഹായം തേടുന്നു. ചൂതിന്റെ പാപത്തെക്കുറിച്ചും, നിരവധിയായ ദോഷങ്ങളെപ്പറ്റിയും സഹദേവൻ പറഞ്ഞു താങ്കൾ കേട്ടിട്ടുണ്ടു്. എന്നിട്ടും, അധമർ ആരാധിക്കുന്ന ചൂതുകളി താങ്കൾക്കു് ഉപേക്ഷിക്കാനായില്ല. ഇതിനാലാണു നമ്മളെല്ലാരും ഈ നരകത്തിൽ വീണുകിടക്കുന്നതു്. ദ്യൂതത്തിലേർപ്പെട്ടതിനുശേഷം താങ്കളിൽനിന്നും ഒരിക്കലും ഒരു സന്തോഷവും ഞങ്ങൾക്കു കിട്ടിയിട്ടില്ല” (കർണപർവ്വം: 49).

ഇനി, “ചൂതിൽ ഭ്രമിച്ചു കരൾ കെട്ടെന്തു ഞാനിതു ചെയ്യുവാൻ” (ആരണ്യകപർവ്വം: 144, തർജ്ജമ: കുഞ്ഞിക്കുട്ടൻതമ്പുരാൻ) എന്നു സ്വയം പഴിക്കുന്ന യുധിഷ്ഠിരനെത്തന്നെ വനവാസകാലത്തു നമുക്കു കാണാനാവും.

അതിനാൽ അനുദ്യൂതത്തെപ്പറ്റിയും കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല. “തോണിയില്ലാതാഴമുള്ള വെള്ളത്തിൽ താണുമുങ്ങവേ, പാഞ്ചാലി കരയേറ്റുന്ന തോണിയായ് പാണ്ഡവർക്കിഹ” (തർജ്ജമ: കുഞ്ഞിക്കുട്ടൻതമ്പുരാൻ) എന്ന കർണ്ണപരിഹാസം പാണ്ഡവരുടെ അഭിമാനത്തിനേറ്റൊരു അടിയായതും, അനുദ്യൂതത്തിനായി തിരിച്ചു വരാൻ ഒരു കാരണമായിരുന്നിരിക്കാം.

യുധിഷ്ഠിരന്റെ ചൂതുകളിക്കമ്പം വെളിപ്പെടുന്ന പ്രധാനപ്പെട്ട മറ്റൊരു സന്ദർഭം അജ്ഞാതവാസകാലമാണു്. അജ്ഞാതവാസത്തിനായി വിരാടരാജധാനി തിരഞ്ഞെടുത്തിട്ടു പഞ്ചപാണ്ഡവർ, തങ്ങളുടെ സാമർത്ഥ്യത്തിനൊത്തവിധമുള്ള പ്രച്ഛന്നരൂപങ്ങൾ സ്വീകരിക്കുന്നു. ‘വല്ലവ’നെന്ന പാചകക്കാരനായി ഭീമനും, ‘ബൃഹന്നള’യായി അർജ്ജുനനും, ‘ഗ്രന്ഥിക’നെന്ന കുതിരക്കാരനായി നകുലനും, പശുപാലകനായ ‘തന്ത്രിപാല’നായി സഹദേവനും, ‘സൈരന്ധ്രി’യായി ദ്രൗപദിയും, വിരാടസമക്ഷം പ്രത്യക്ഷപ്പെടുവാൻ തീരുമാനിക്കുമ്പോൾ, യുധിഷ്ഠിരൻ പറയുന്നതിപ്രകാരമാണു്, ‘ഒരു ബ്രാഹ്മണനായി, ‘കങ്ക’നെന്ന പേരിൽ, ചൂതിൽ നിപുണനും (‘മാതാക്ഷഃ’), ചൂതുകളിക്കമ്പക്കാരനുമായി (‘ദേവിതാപ്രിയ’ എന്നു മൂലം. മുമ്പു്, ശകുനി യുധിഷ്ഠിരനെ വിശേഷിപ്പിച്ചതും ഇതു തന്നെ, ‘ദ്യൂതപ്രിയ’. നിപുണതയും, കമ്പവും ഇവിടെ വേർതിരിച്ചു കാട്ടിയിരിക്കുന്നു.) എത്തി, ഉന്നതനായ രാജാവിന്റെ സദസ്യനാകാൻ ഞാൻ വിചാരിക്കുന്നു’ (വിരാടപർവ്വം: 1). യുധിഷ്ഠിരനു വേറേതു വേഷവുമെടുക്കാമായിരുന്നിട്ടും, ഒരു ചൂതുകളിക്കമ്പക്കാരനായി എത്താൻ തീരുമാനിക്കുന്നതു, കളിഭ്രാന്തു മാറാത്തതിനാലാവണമല്ലോ. ഹാസ്തിനപുരത്തെ ദ്യൂതസഭയിൽ തനിക്കും തന്റെ കുടുംബാംഗങ്ങൾക്കും നേരിട്ട കനത്ത മാനക്കേടു മനസ്സിൽ കൊണ്ടു നടക്കുന്ന ഒരുവൻ, വീണ്ടുമൊരിക്കൽകൂടി അത്തരമൊരു സഭാജീവിതം തിരഞ്ഞെടുക്കാൻ വേറെന്തു ന്യായം? ഫലമോ, കുരുസഭയിൽ ദ്രൗപദിക്കു നേരിട്ട അവമാനം, വിരാടന്റെ ദ്യൂതസഭയിൽ യുധിഷ്ഠിര (ഭീമന്റെയും) സമക്ഷം വീണ്ടും സംഭവിക്കുന്നു. അന്നു ദുശ്ശാസനനെങ്കിൽ, ഇന്നു കീചകൻ എന്ന വ്യത്യാസം മാത്രം. അന്നത്തേപോലെതന്നെ, ഭയം മൂലം, എതിർത്തു് ഒരക്ഷരം ഉരിയാടാനാവാതെ യുധിഷ്ഠിരൻ ആ ആക്ഷേപങ്ങൾ ഇന്നും കണ്ടിരുന്നു. കൂടാതെ, തന്റെ മുമ്പിൽ കേഴുന്ന ദ്രൗപദി(സൈരന്ധ്രി)യോടു, മത്സ്യസഭയിലെ ചൂതുകളിക്കു വിഘ്നം വരുത്താതെ അവിടെ നിന്നു പോകാനാണു യുധിഷ്ഠിരൻ കല്പിക്കുന്നതു്. അതു കേട്ടു, ‘ദയാശാലികളുടെ ധർമ്മപത്നിയാണു ഞാൻ. അവരുടെ ജ്യേഷ്ഠൻ ചൂതുകളിക്കു് അടിമയായതിനാൽ, എല്ലാവരാലും അവർ അടിച്ചമർത്തപ്പെടുന്നു’ എന്നു വിലപിച്ചാണു ദ്രൗപദി അവിടെനിന്നു പോകുന്നതു്.

അപ്പോൾ, ചൂതുകളിക്കമ്പത്തിന്റെ പുറത്തു യുധിഷ്ഠിരൻ ചെയ്ത സത്യങ്ങളെ പറ്റി ചിന്തിക്കുമ്പോൾ, “ഏതോ ചില വികാരങ്ങളുടെ പ്രേരണാവിശേഷങ്ങളാൽ വേണ്ടുമ്പോലെ ആലോചിക്കാതെ പറഞ്ഞുപോയ വാക്കിന്റെ പേരിൽ ‘സത്യം’, ‘സത്യം’ എന്നു വിചാരിച്ചടങ്ങുന്നതു്, ‘വിധി’, ‘വിധി’ എന്നുവെച്ചടങ്ങുന്നതുപോലെതന്നെ, ഒരു ദുർബ്ബലതയും തന്മൂലം അധർമ്മവുമാണെന്നായി…” എന്നു മാരാര് പറയുന്നതു ശരി തന്നെ.

4. സൂക്ഷ്മാ ഗതിർ ഹി ധർമ്മസ്യ

‘നേശേ ബലസ്യേതി ചരേദധർമ്മ’ സൂക്തത്തിനു “ബലപ്രയോഗത്തിനു നിവൃത്തിയില്ലാതിരിക്കെ അധർമ്മം ചെയ്യാം” എന്ന വ്യാഖ്യാനമെടുക്കാമെന്ന ലീലാവതിയുടെ വാദമാണടുത്തതു്. വർണ്ണാശ്രമവ്യവസ്ഥയനുസരിച്ചുള്ള സ്വധർമ്മത്തിൽ നിന്നു വ്യത്യസ്തമായ ഒന്നത്രേ ഇവിടെ ‘അധർമ്മം’. ശ്രീരാമന്റെ ‘പുത്രധർമ്മപാലനം എന്ന കൃത്യം പരധർമ്മമെന്ന (കാടുവാഴൽ) അധർമ്മത്തെ സ്വീകരിക്കുന്നതിനു സാധൂകരണ’മത്രേ.

⋄ ⋄ ⋄

മാരാരുടെ ശ്ലോകാന്വയത്തിന്റെ ചുവടു പിടിച്ചുള്ള ഈ പുതുവ്യാഖ്യാനത്തിനു ‘താൻ ബലത്തിനാളല്ല എന്നു വെച്ചു ചെയ്യുന്നതു് അധർമ്മമാണു്’ എന്ന മാരാരുടെ വ്യാഖ്യാനവുമായി ഒരു ബന്ധവുമില്ലെന്നു വ്യക്തമാണല്ലോ. തന്നെയുമല്ല ലീലാവതിയുടെ, ‘ബലപ്രയോഗത്തിനു നിവൃത്തിയില്ലാതിരിക്കെ അധർമ്മം (പരധർമ്മം) ചെയ്യാം’ എന്ന ഈ വ്യാഖ്യാനവുമായി, മുനിയുടെ മറ്റുദാഹരണങ്ങളിലേയ്ക്കു കടന്നാൽ വെട്ടിലാവുകയും ചെയ്യും. (പരധർമ്മമെന്നതു് അധർമ്മത്തിന്റെ പര്യായമാണോ എന്നും ആലോചിക്കണം). ശ്രീരാമാദികൾ ചെയ്തതു് ലീലാവതി പറയുമ്പോലെ അധർമ്മ(പരധർമ്മ)മെങ്കിൽ, “വേദത്തിൽ പറയുന്ന ഋതം പാലിച്ചുകൊണ്ടു പ്രപഞ്ചത്തെ പാലിക്കുന്നു” എന്നു ലീലാവതി മുമ്പുപറഞ്ഞ, സപ്തർഷികളും, ദിഗ്ഗജങ്ങളും പഞ്ചഭൂതങ്ങളുമെല്ലാം ചെയ്യുന്നതും അധർമ്മമാണെന്നു വരും. അപ്പോൾ, വേദത്തിൽ വിധിച്ചതു് ‘അധർമ്മ’മാണു്, എന്നാണോ മനസ്സിലാക്കേണ്ടതു? കൂടാതെ അവരെങ്ങനെ ബലപ്രയോഗത്തിന്നു് നിവൃത്തിയില്ലാത്തവരായിരുന്നു എന്നും വിശദീകരിക്കേണ്ടി വരും.

ശ്രീമതി ലീലാവതിയുടെ ഈ പുതുവ്യാഖ്യാനനിർമ്മിതി, മാർക്കണ്ഡേയസമസ്യാപർവ്വത്തിലെ വ്യാധന്റെ— ’ശൂദ്രനാണെങ്കിലും ധർമ്മാധർമ്മവിചിന്തനത്തിൽ ഏതു ബ്രാഹ്മണനും മേലേ’ എന്നു ലീലാവതി വിശേഷിപ്പിക്കുന്ന ആൾ—കഥയിൽനിന്നു പ്രചോദനമുൾക്കൊണ്ടാണു്. ശൂദ്രൻ ധർമ്മജ്ഞനാവുന്നതു്, വർണ്ണധർമ്മമനുസരിച്ചുള്ള കർമ്മത്തിൽ നിന്നു ഭിന്നവും, അതിനാൽ, ‘പരധർമ്മ’വും, സ്വധർമ്മമല്ലാത്തതിനാൽ അധർമ്മവുമായി, എന്ന ലീലാവതിയുടെ വ്യാഖ്യാനം ബാലിശമെന്നേ തോന്നൂ. ഇങ്ങനെയുള്ള അർത്ഥം വല്ലതും മാർക്കണ്ഡേയോപാഖ്യാനത്തിലുണ്ടോ എന്നൊന്നു പരിശോധിക്കാം. പതിവ്രത-വ്യാധ കഥകളുടെ മുഖവുരയിൽ, സ്ത്രീകളുടെ ഭർത്തൃശുശ്രൂഷയെയും, മക്കളുടെ മാതൃപിതൃശുശ്രൂഷയെയും പറ്റി (ചില ആശ്രമധർമ്മങ്ങൾ) പ്രബോധനം ആവശ്യപ്പെട്ട യുധിഷ്ഠിരനു മറുപടിയായി, താൻ ഈ ധർമ്മങ്ങളെപ്പറ്റി പ്രസംഗിക്കാൻ പോകുന്നുവെന്നു പറഞ്ഞാണു, മുനി ഈ ആഖ്യാനം ആരംഭിക്കുന്നതു്. അതുപോലെ, യുധിഷ്ഠിരനുള്ള ധർമ്മപ്രബോധനമായി പതിവ്രതാധർമ്മവും, മാതൃപിതൃശുശ്രൂഷാധർമ്മവും വിശദമായി വിവരിച്ചു എന്നു പറഞ്ഞാണു മുനി ഈ വിവരണം അവസാനിപ്പിക്കുന്നതും. അപ്പോൾ ഈ വ്യാധന്റെ കഥ, ധർമ്മാധർമ്മവിചിന്തനത്തിൽ ഏതു ബ്രാഹ്മണനും മേലെയായ ഒരു ശൂദ്രന്റെ കഥയായല്ല അവതരിപ്പിക്കപ്പെട്ടതു്, മറിച്ചു, മാതൃപിതൃശുശ്രൂഷയാൽ സദ്ഗുണസമ്പത്തി നേടിയ ഒരു മനുഷ്യന്റെ കഥയായാണു്. ആ മനുഷ്യനാകട്ടേ ശൂദ്രജാതിയിൽ ജനിച്ച്, അച്ഛൻമുത്തച്ഛന്മാർ ചെയ്തു പോന്ന, കുലധർമ്മമായ മാംസവ്യാപാരത്തെ കൃത്യനിഷ്ഠയോടെ അനുഷ്ഠിച്ചുപോന്ന ഒരു വ്യാധനും. ഇദ്ദേഹത്തെ, ‘സദ്ഗുണസമ്പത്തിനാൽ ബ്രാഹ്മണത്വം നേടിയ വ്യാധൻ’ എന്നു വ്യാധന്റെ തന്നെ ധർമ്മചിന്തയുടെ അടിസ്ഥാനത്തിൽ വിശേഷിപ്പിക്കാം. വ്യാധന്റെധർമ്മചിന്തയിൽ കുലധർമ്മമല്ല വർണ്ണധർമ്മത്തിന്റെ അടിസ്ഥാനം. ‘ഒരുവൻ ശൂദ്രജാതിയിൽ ജനിച്ചാൽതന്നെയും സദ്ഗുണങ്ങൾ ഉണ്ടെങ്കിൽ അയാൾക്കു വൈശ്യന്റെ അവസ്ഥ കൈവരിക്കാം. അതുപോലെതന്നെ ക്ഷത്രിയന്റെയും; ആർജ്ജവത്തോടെ ഇരുന്നാൽ അവനു ബ്രാഹ്മണത്വവും സിദ്ധിക്കും’ (ആരണ്യകപർവ്വം: 203), എന്നാണു സത്വരജതമോഗുണങ്ങളെക്കുറിച്ചു വിവരിച്ചിട്ടു വ്യാധൻ പറയുന്നതു്. വ്യാധനുമായി സംവദിച്ച ബ്രാഹ്മണനും അദ്ദേഹത്തെ ബ്രാഹ്മണനായാണു കണക്കാക്കുന്നതു്. വ്യാധന്റെ ധർമ്മവിചക്ഷണത കൊണ്ടല്ല, മറിച്ചു,’ഞാൻ താങ്കളെ ഒരു ബ്രാഹ്മണനായി കാണുന്നു… ഒരു മനുഷ്യൻ അവന്റെ സ്വഭാവഗുണങ്ങളാൽ ബ്രാഹ്മണനാകുന്നു’ എന്നാണു ബ്രാഹ്മണൻ പറയുന്നതു്.

ഇനി, ഈ വ്യാധന്റെ സദ്ഗുണസമ്പത്തിയെ കുറിച്ചു്: ‘അല്ലയോ ബ്രാഹ്മണാ, താങ്കൾ സ്വന്തം കണ്ണുകൊണ്ടു് എന്റെ ‘ധർമ്മം’ ദർശിച്ചാലും, ഇതിലൂടെയാണു് ഈ ആനന്ദാവസ്ഥ എനിക്കു പ്രാപ്തമായതു്’ എന്നു പറഞ്ഞു വ്യാധൻ ബ്രാഹ്മണനെ സ്വഗൃഹത്തിലേയ്ക്കാണു് ആനയിക്കുന്നതു്. അവിടെ ദൈവങ്ങളെ പോലെ താൻ ആരാധിക്കുന്ന മാതാപിതാക്കളെ ബ്രാഹ്മണനു പരിചയപ്പെടുത്തി; മാതാപിതാക്കളെ പൂജിക്കുന്നതു ഗൃഹസ്ഥാശ്രമിയുടെ ശാശ്വതധർമ്മമാണെന്നു് ഉപദേശം നൽകുന്നു. തുടർന്നു്, ആ ബ്രാഹ്മണനു സംഭവിച്ച ധർമ്മഭ്രംശം—വേദം പഠിക്കാനായി, വൃദ്ധരായ അച്ഛനമ്മമാരുടെ അനുവാദം വാങ്ങാതെ, വീടുവിട്ടുപോന്നു്, അവരെ ദുഃഖിപ്പിച്ചതു്—വ്യാധൻ വെളിവാക്കുന്നു. (ഇതു ബോധ്യപ്പെടുത്താനാണു പതിവ്രതയായ സ്ത്രീ ബ്രാഹ്മണനെ വ്യാധന്റെ അടുക്കലേയ്ക്കയച്ചതും).

അപ്പോൾ, മാതാപിതാക്കളുടെ ശുശ്രൂഷയെന്ന ആശ്രമധർമ്മം വിശദീകരിക്കാനായി മുനി പറയുന്ന കഥയിൽ ലീലാവതി, വ്യാധന്റെ ധർമ്മജ്ഞാനം മാത്രം ദർശിക്കുന്നതിൽ അസ്വഭാവികതയുണ്ടു്. വ്യാധന്റെ പൂർവ്വജന്മശാപകഥ, ‘ശൂദ്രനെങ്കിലും, തികഞ്ഞ ധർമ്മജ്ഞനായി തീരുമെന്നു മുനി അനുഗ്രഹിച്ചു’ എന്ന ഒരു വരി മാത്രം അടർത്തിയെടുത്താണു ലീലാവതി വിവരിക്കുന്നതു്. മുനിയുടെ ശാപമോചനവചസ്സുകൾ ഇപ്രകാരമാണു്. ‘ശൂദ്രജാതിയിൽ ജനിച്ചാലും, താങ്കൾ ധർമ്മജ്ഞനായി തുടരും. നിസ്സംശയമായും താങ്കൾ മാതാപിതാക്കളെ ശുശ്രൂഷിക്കും. ആ ശുശ്രൂഷയിലൂടെ താങ്കൾക്കു മാഹാത്മ്യം സിദ്ധിക്കുകയും; മുൻജന്മസംഭവങ്ങൾ ഓർമ്മിക്കുകയും, സ്വർഗ്ഗപ്രാപ്തി ഉണ്ടാകുകയും ചെയ്യും. ശാപകാലാവധി തീരുമ്പോൾ വീണ്ടും താങ്കൾ ബ്രാഹ്മണനാകും.’ ലീലാവതി പറയുന്നതുപോലെ ‘ധർമ്മജ്ഞനായി തീരും’ എന്നല്ല, (ഈ ജന്മത്തിലെപോലെ അടുത്ത ജന്മത്തിലും) ധർമ്മജ്ഞനായി ‘തുടരും’ എന്നാണു മുനിവാക്യം. മാഹാത്മ്യവും, സ്വർഗ്ഗപ്രാപ്തിയും സിദ്ധിക്കുക മാതാപിതാക്കളുടെ ശുശ്രൂഷയിലൂടെയായിരിക്കും എന്നാണു മുനി പറയുന്നതു്. അപ്പോൾ ശാപമോചനഹേതുവായി കരുതേണ്ടതു മാതാപിതാക്കളുടെ ശുശ്രൂഷ തന്നെയാണു്.

പതിവ്രതയുടെ കഥയിൽ, ഭർത്തൃശുശ്രൂഷാധർമ്മത്തിൽ പരധർമ്മം/അധർമ്മം ദർശിക്കുന്ന ലീലാവതി അപ്പോൾ, വ്യാധന്റെ കഥയിൽ ശൂദ്രന്റെ ധർമ്മജ്ഞാനത്തിലല്ല മറിച്ചു, മാതാപിതാക്കളുടെ ശുശ്രൂഷാധർമ്മത്തിൽ അധർമ്മം/പരധർമ്മം ദർശിക്കേണ്ടി വരും. അതിനേതായാലും ലേഖിക തുനിയുമെന്നു തോന്നുന്നില്ല. ഇനി പതിവ്രതാധർമ്മത്തിലെ പരധർമ്മ/അധർമ്മ ചിന്ത മാറണമെന്നുണ്ടെങ്കിൽ മാർക്കണ്ഡേയമുനി പറയുന്നതു കേൾക്കൂ. ‘സ്ത്രീകളെ സംബന്ധിച്ചിടത്തോളം, യജ്ഞക്രിയ, ശ്രാദ്ധങ്ങൾ, ഉപവാസങ്ങൾ ഇവയ്ക്കൊന്നും ഒരു ഫലപ്രാപ്തിയുമില്ല. ഭർത്താക്കന്മാരെ സേവിക്കുന്നതിലൂടെ മാത്രമേ അവർക്കു സ്വർഗ്ഗപ്രാപ്തി കൈവരൂ’ (ആരണ്യകപർവ്വം: 196). (ഈ ധർമ്മം പ്രഘോഷിക്കാനായാണു മുനി പതിവ്രതയുടെ കഥ പറയുന്നതു തന്നെ). അങ്ങനെ, സ്ത്രീകൾക്കു ഭർത്തൃശുശ്രൂഷയാണു ശ്രേഷ്ഠധർമ്മമെന്നു വന്നാൽ, ‘പരധർമ്മ’മെന്ന വാദഗതിയേ അപ്രത്യക്ഷമാകുന്നു. അപ്പോൾ, ഈ മാർക്കണ്ഡേയോപാഖ്യാനങ്ങളുടെ ബലത്തിൽ പടുത്തുയർത്തിയ “നേശേ…” സൂക്ത പുതുവ്യാഖ്യാനത്തിന്റെ അടിത്തറതന്നെ തകർന്നു തരിപ്പണമാകുന്നതു കാണാം.

ഇനി ശൂദ്രന്റെ ധർമ്മജ്ഞാനത്തെക്കുറിച്ചു്: രാജധർമ്മാനുശാസനപർവ്വത്തിൽ, രാജാവു് ഏതു തരം മന്ത്രിമാരെയാണു നിയമിക്കേണ്ടതെന്നു ഭീഷ്മർ യുധിഷ്ഠിരനെ ഉപദേശിക്കുന്നുണ്ടു്. ഇവരിൽ മൂന്നു ശൂദ്രരും ഉണ്ടാവണമെന്നു ഭീഷ്മർ നിർദ്ദേശിക്കുന്നു. മന്ത്രിമാരെല്ലാവരുടെയും പൊതുസ്വഭാവഗുണങ്ങൾ ഭീഷ്മർ വിശദീകരിക്കുന്നു. എല്ലാവരും ‘അന്തസ്സുള്ളവരും, അസൂയയില്ലാത്തവരും, ശ്രുതികളിലും സ്മൃതികളിലും പ്രാവീണ്യമുള്ളവരും, നിഷ്പക്ഷരും, വിനീതരും, തർക്കങ്ങളിൽ പെട്ടെന്നു തീരുമാനമെടുക്കാൻ കഴിവുള്ളവരും, അത്യാഗ്രഹമില്ലാത്തവരും, സപ്തദോഷങ്ങളിൽ അകപെടാത്തവരുമായിരിക്കണം’ എന്നാണു ഭീഷ്മരുടെ നിർദ്ദേശം (ശാന്തിപർവ്വം: 86). അതിനാൽ, ശൂദ്രരിൽ, ശ്രുതികളിലും സ്മൃതികളിലും പ്രാവീണ്യമുള്ള ധർമ്മജ്ഞർ ഉണ്ടാവുന്നതു് അപൂർവ്വസംഭവമൊന്നുമല്ലായിരുന്നെന്നു കാണാം.

തന്റെ പരധർമ്മസ്വീകാര്യതാവാദത്തിന്റെ നേർഖണ്ഡനമാണല്ലോ, സാക്ഷാൽ ഗീതാപ്രബോധനം തന്നെ എന്നു തിരിച്ചറിഞ്ഞാവണം ലീലാവതി, വർഷങ്ങൾക്കുശേഷം ചില ന്യായീകരണങ്ങളുമായി വരുന്നതു്.[10],[11]

(ഗീതയിലെ, “ശ്രേയാൻ സ്വധർമ്മോ വിഗുണഃ പരധർമ്മാത്സ്വനുഷ്ഠിതാതു്, സ്വധർമ്മേ നിധനം ശ്രേയഃ പരധർമ്മോ ഭയാവഹഃ”—നല്ലവണ്ണമനുഷ്ഠിക്കപ്പെട്ട അന്യന്റെ ധർമ്മത്തെക്കാൾ, ഗുണഹീനമായ സ്വധർമ്മമാണു് ശ്രേയസ്ക്കരം. സ്വധർമ്മത്തിൽ പ്രവർത്തിക്കുന്നവന്നു മരണം പോലും ശ്രേയസ്ക്കരമാണു്. എന്നാൽ പരധർമ്മം ഭയാവഹമാകുന്നു—(3.35) എന്ന ശ്ലോകം മാത്രമേ പരധർമ്മാനുഷ്ഠാനത്തിനു് എതിരായി ലീലാവതിയ്ക്കു കാണാനായിട്ടുള്ളു. എന്നാൽ പരധർമ്മം ഭയാവഹമാണെന്നുമാത്രമല്ല, സ്വധർമ്മപരിത്യാഗം ക്ലൈബ്യവും, ദൗർബ്ബല്യവും, ഭീരുത്വവുമാണെന്നുകൂടി ഗീതയിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ (2.3, 2.35).)

തന്റെ പുതുന്യായീകരണത്തിനായി, ധർമ്മത്തെ കേവല-സോപാധികധർമ്മങ്ങൾ എന്നു വിവേചിച്ചു്, “കേവലമനുഷ്യൻ ഏതു സാഹചര്യത്തിലും കൈക്കൊള്ളേണ്ട മാനുഷോത്കർഷോന്മുഖവും സത്യാധിഷ്ഠിതവുമായ ധർമ്മങ്ങളെ” കേവലധർമ്മമെന്നും, “മനുഷ്യന്റെ പല അവസ്ഥാഭേദങ്ങൾ അനുസരിച്ചു്—വർണ്ണം, ഭാര്യാഭർതൃബന്ധം, ഭരണാധിപഭരണീയബന്ധം ഇത്യാദികൾ—ഉള്ള സ്വധർമ്മസങ്കല്പങ്ങളെ” സോപാധികധർമ്മമെന്നും ലീലാവതി വിവരിക്കുന്നു. മേല്പറഞ്ഞ ഗീതാശ്ലോകത്തെ (3.35), സോപാധികധർമ്മത്തിന്റെ ഉദാഹരണമാക്കുന്ന ലീലാവതി, കേവലധർമ്മത്തിനു ഉദാഹരണമായി ഗീതയിലെ തന്നെ വേറെ രണ്ടു ശ്ലോകങ്ങളും ഉദ്ധരിക്കുന്നു. “യദാ യദാ ഹി ധർമസ്യ, ഗ്ലാനിർഭവതി ഭാരത; അഭ്യുത്ഥാനമധർമസ്യ, തദാത്മാനം സൃജാമ്യഹം; പരിത്രാണായ സാധൂനാം, വിനാശായ ച ദുഷ്കൃതാം; ധർമസംസ്ഥാപനാർഥായ, സംഭവാമി യുഗേ യുഗേ” (4.7–8). “ഇവിടെ പ്രയുക്തമായ ധർമ്മശബ്ദം, കുലം, വർണ്ണം, ആശ്രമം, വ്യക്തി, വൃത്തി എന്നിവയെ ആസ്പദമാക്കിയുള്ള സ്വധർമ്മമോ പരധർമ്മമോ അല്ല, മറിച്ചു കേവലധർമ്മവും കേവലമായ അധർമ്മവുമാണു്” എന്നാണു് ലീലാവതിയുടെ വാദം. സ്വധർമ്മത്തിന്റെ മഹത്ത്വം ഉദ്ഘോഷിക്കാനായിതന്നെ പറയപ്പെട്ട ഗീതയിലെ, ധർമ്മശബ്ദത്തെ, കേവലധർമ്മത്തിലേയ്ക്കു മാത്രമായി ചുരുക്കാൻ അസാമാന്യ ധൈര്യം വേണം. ഗീതയിൽ കർമ്മശബ്ദം പോലും സ്വധർമ്മം എന്ന അർത്ഥത്തിലാണല്ലോ പ്രയോഗിച്ചിരിക്കുന്നതു്.[12] കേവലധർമ്മത്തെ മാത്രം ഉദ്ദേശിച്ചതു് എന്നു് ലീലാവതി വിശേഷിപ്പിക്കുന്ന ഗീതാശ്ലോകത്തിന്റെ (4.7) ശങ്കരഭാഷ്യം ഒന്നു നോക്കാം. “വർണ്ണാശ്രമലക്ഷണമായി, പ്രാണികൾക്കു അഭ്യുദയത്തിന്നും, മോക്ഷത്തിന്നും സാധനമായുമിരിക്കുന്ന ധർമ്മത്തിന്നു് ഏതേതു കാലത്തിൽ ഹാനിവരുന്നുവോ, അധർമ്മം ഏതേതു കാലത്തുത്ഭവിക്കുന്നുവോ, അപ്പോഴെല്ലാം ഞാൻ സ്വമായകൊണ്ടു് അവതാരം ചെയ്യുന്നു” “(Whenever righteousness declines or withers—righteousness as embodied in the order of classes, life stations etc., which promotes the prosperity and makes for the emancipation of all living beings—and unrighteousness prevails, flourishes, then through Maya, I project myself).”[13] ഇവിടെ പ്രയുക്തമായ ധർമ്മശബ്ദം വർണ്ണാശ്രമങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്വധർമ്മമാണെന്നു ഭാഷ്യകാരൻ സംശയലേശമെന്യേ വ്യക്തമാക്കുന്നു. അതിനാൽ ഗീതാശ്ലോകങ്ങളെ ആസ്പദമാക്കിയുള്ള ലീലാവതിയുടെ കേവല/സോപാധിക ധർമ്മവിവേചനാശ്രമം അടിസ്ഥാനമില്ലാത്തതാണെന്നു വരുന്നു.

സാധാരണധർമ്മം, സാമാന്യധർമ്മം എന്നൊക്കെ വ്യവഹരിക്കപ്പെടുന്ന ധർമ്മങ്ങളെ (സത്യം, അഹിംസ മുതലായ ധർമ്മങ്ങൾ), കേവലധർമ്മം (absolute) എന്നു വിളിക്കുന്നതിൽ, അവ കാലദേശാതീതമാണു എന്ന പ്രതീതി ഉണ്ടാക്കാനും ലീലാവതി ശ്രമിച്ചിട്ടുണ്ടു്. എന്നാൽ ധർമ്മം കാലദേശോചിതമായി നിർവചിക്കപ്പെടേണ്ടവ തന്നെയാണു്. ഇതു് മഹാഭാരതത്തിൽ ആവർത്തിക്കപ്പെടുന്ന ഒരു വിചാരവുമാണു്. കർണ്ണപർവ്വത്തിൽ കൃഷ്ണൻ അർജ്ജുനനോടു പറയുന്നു.

“സത്യം പറയുന്നവൻ നീതിമാനാണു്. സത്യത്തേക്കാൾ ഉയർന്നതായി ഒന്നുമില്ല. എന്നിരുന്നാലും, അനുഷ്ഠിതമായ സത്യത്തെ തത്ത്വവിചാരത്താൽ മനസ്സിലാക്കുക വളരെ പ്രയാസമാണു്. ചിലപ്പോൾ, സത്യം പറയാൻ പാടില്ല. മറ്റു ചിലപ്പോൾ, കള്ളം പറയുകയും വേണം. സ്വത്തുക്കളെല്ലാം കവർന്നെടുക്കപ്പെടുന്ന അവസരത്തിൽ ഒരാൾക്കു നുണ പറയാവുന്നതാണു്. അതുപോലെ, ജീവൻ അപകടത്തിലാകുമ്പോളും, വിവാഹത്തിനായും ഒരാൾക്കു നുണപറയാം. ഈ അവസരങ്ങളിൽ, അസത്യം സത്യവും, സത്യം അസത്യവുമായി മാറുന്നു. സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസം അറിയാതെ സത്യം അനുഷ്ഠിക്കുന്നവൻ വിഡ്ഢിയാണു്. സത്യവും അസത്യവും തമ്മിൽ വേർതിരിച്ചറിയാൻ കഴിയുന്ന ഒരാൾക്കു് മാത്രമേ ധർമ്മം പിന്തുടരാനാകൂ.”

“ജ്ഞാനിയായ ഒരു മനുഷ്യൻ ക്രൂരമായ ഒരു പ്രവൃത്തി—വാലകൻ അന്ധമൃഗത്തെ കൊന്നതുപോലെ— ചെയ്താൽപോലും മഹത്ത്വം പ്രാപിക്കുന്നതിൽ അത്ഭുതമെന്തു? അതുപോലെ, വിഡ്ഡിയും അജ്ഞനുമായ ഒരുവൻ —നദികളിൽ ജീവിച്ചിരുന്ന കൗശികനെപ്പോലെ—ധർമ്മകാംക്ഷയിൽ നിന്നായാൽ പോലും വലിയ പാപം ചെയ്തേക്കാമെന്നതിൽ അത്ഭുതമെന്തു?”

തുടർന്നു കൃഷ്ണൻ, വാലകന്റെയും, കൗശികന്റെയും കഥകൾ പറയുന്നു.

“വാലകൻ എന്ന പേരിൽ ഒരു മൃഗവ്യാധൻ ഉണ്ടായിരുന്നു. തന്റെ മകനും ഭാര്യക്കുമായി—സ്വന്തം ഇഷ്ടപൂർത്തിയ്ക്കായല്ല—അയാൾ വേട്ടയാടിപ്പോന്നു. സ്വധർമ്മനിരതനും, സത്യസന്ധനും, ഈർഷ്യ വെടിഞ്ഞവനുമായ അയാൾ, തന്റെ അച്ഛനമ്മമാരെയും, ആശ്രിതരെയും പുലർത്തിപ്പോന്നു. ഒരു ദിവസം മൃഗങ്ങൾക്കായി വളരെ തിരഞ്ഞെങ്കിലും അയാൾക്ക് ഒന്നും കിട്ടിയില്ല. ഒടുവിൽ, കാഴ്ചയുടെ വൈകല്യം ഘ്രാണശേഷി ഉപയോഗിച്ചു പരിഹരിച്ചു, വെള്ളം കുടിക്കുന്നതിൽ വ്യാപൃതനായ ഒരു മൃഗത്തെ അയാൾ കണ്ടു. അത്തരമൊരു മൃഗത്തെ അതുവരെ കണ്ടിട്ടില്ലെങ്കിലും അയാൾ അതിനെ തത്ക്ഷണം കൊന്നു. ആ അന്ധമൃഗത്തെ കൊന്നുകഴിഞ്ഞപ്പോൾ ആകാശത്തുനിന്നും പുഷ്പവൃഷ്ടിയുണ്ടായി. അപ്സരസുകളുടെ ഗീതവാദ്യഘോഷങ്ങളുടെ അകമ്പടിയോടേ അയാളെ സ്വർഗ്ഗത്തിലേക്കു ആനയിക്കാൻ ആകാശവാഹനം ഇറങ്ങി വരുകയും ചെയ്തു. തപശ്ചര്യകളിലൂടെ ആ മൃഗം, സർവ്വജീവികളെയും സംഹാരിക്കാനാവും; പക്ഷെ അന്ധനാകും എന്ന വരം, സമ്പാദിച്ചിരുന്നു. എല്ലാ ജീവികളെയും കൊല്ലാൻ തീരുമാനിച്ചിരുന്ന ആ മൃഗത്തെ വാലകൻ കൊന്നതാണ് അയാൾ സ്വർഗ്ഗത്തിലെത്തിയതിന്റെ കാരണം.”

“ധർമ്മത്തെ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണു്.”

“കൗശികൻ എന്ന ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. സന്ന്യാസിയും, വലിയ വിദ്വാനുമായിരുന്ന അയാൾ, ഗ്രാമങ്ങളിൽ നിന്നു വളരെ അകലെ നദികളുടെ സംഗമസ്ഥാനത്താണു താമസിച്ചിരുന്നതു്. എപ്പോഴും സത്യം സംസാരിക്കുമെന്നു് അയാൾ പ്രതിജ്ഞയെടുത്തിരുന്നു. അതിനാൽ അദ്ദേഹം പ്രശസ്തനായി തീർന്നു. ആ സമയത്തു്, കൊള്ളക്കാരെ പേടിച്ചു ചില ആളുകൾ കാട്ടിൽ പ്രവേശിച്ചു. അവരുടെ കാലടികളെ പിന്തുടരാൻ ക്രൂരരായ കൊള്ളക്കാർ എല്ലാ ശ്രമങ്ങളും നടത്തി. അവർ എപ്പോഴും സത്യം സംസാരിക്കുന്ന കൗശികനെ സമീപിച്ചു ചോദിച്ചു, “പുണ്യാത്മാവേ, ഏതു പാതയിലൂടെയാണു് അല്പം മുമ്പു ഒരു കൂട്ടം ആളുകൾ പോയതു്. സത്യത്തിന്റെ പേരിലാണു് ഞങ്ങൾ ചോദിക്കുന്നതു്. നിങ്ങൾക്കറിയാമെങ്കിൽ ഞങ്ങളോടു പറയുക”. അങ്ങനെ ചോദിച്ചപ്പോൾ, കൗശികൻ അവരോടു് സത്യം പറഞ്ഞു. “ആ ആളുകൾ, മരങ്ങളും ഇഴജന്തുക്കളും, ചെടികളും നിറഞ്ഞ ഈ കാട്ടിൽ പ്രവേശിച്ചിരിക്കുന്നു”. ആ ക്രൂരരായ മനുഷ്യർ, തങ്ങൾ അന്വേഷിച്ച ആളുകളെ കണ്ടെത്തി, എല്ലാവരെയും കൊന്നുകളഞ്ഞു. പറയാൻ പാടില്ലാഞ്ഞതു് പറഞ്ഞതുകൊണ്ടു് കൗശികൻ വലിയ അധർമ്മം ചെയ്തു, കഠിനമായ നരകത്തിൽ വീണു. ധർമ്മത്തിന്റെ സൂക്ഷ്മതകളെക്കുറിച്ചു് അറിയില്ലായിരുന്ന അയാൾ, വയോവൃദ്ധരോടു സംശയനിവാരണം നടത്താതെ, വലിയ അറിവൊന്നുമില്ലാത്ത ഒരു വിഡ്ഢിയെപ്പോലെ പ്രവർത്തിച്ചു, യാതനയേറിയ നരകത്തിൽ വീണുപോയി.”

“ധർമ്മത്തിന്റെ സ്വഭാവം മനസ്സിലാക്കാനായി ചില സൂചകങ്ങളുണ്ടു് താനും. ദുർഗ്രാഹ്യമായ ഈ പരമജ്ഞാനത്തിനായി ചിലർ യുക്തിയുടെ സഹായം തേടുന്നു. ധർമ്മഗ്രന്ഥങ്ങളിൽ പറയപ്പെട്ടതു മാത്രമാണു ധർമ്മം എന്നു് മറ്റുചിലർ പറയുന്നു. ഞാൻ ഇതിനെ ഖണ്ഡിക്കുന്നില്ല. പക്ഷേ, എല്ലാം അവിടെ പറയപ്പെട്ടിട്ടില്ല. ജീവികളുടെ ഉത്കർഷത്തിനാണു ധർമ്മപ്രമാണങ്ങൾ കല്പിച്ചിരിക്കുന്നതു്. ആളുകളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു, ധർമ്മം” (കർണ്ണപർവ്വം: 49).

അഹിംസ, സത്യം തുടങ്ങിയ ധർമ്മങ്ങളൊന്നും തന്നെ കേവലമല്ല എന്നാണല്ലോ, അന്ധജീവിയെക്കൊന്നെങ്കിലും സ്വർഗ്ഗത്തിലെത്തിയ വ്യാധന്റെയും, സത്യത്തിൽ ഉറച്ചു നിന്നെങ്കിലും നരകത്തിലെത്തിയ ബ്രാഹ്മണന്റെയും കഥകളിലൂടെ കൃഷ്ണൻ വ്യക്തമാക്കുന്നതു്. ഇതേ കാര്യം തന്നെ രാജധർമ്മാനുശാസനപർവ്വത്തിൽ എന്താണു സത്യം; എന്താണു് അസത്യം? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കുന്ന യുധിഷ്ഠിരനോടു ഭീഷ്മരും ആവർത്തിക്കുന്നുണ്ടു് (ശാന്തിപർവ്വം: 110). മാർക്കണ്ഡേയസമസ്യാപർവ്വത്തിലും ഇതേ ആശയം കടന്നു വരുന്നുണ്ടു് (ആരണ്യകപർവ്വം: 200). അതിനാൽ ജീവികളുടെ ഉത്കർഷത്തിനായി കല്പിക്കപ്പെട്ട ധർമ്മം, കാലദേശോചിതമായി നിർവ്വചിക്കപ്പെടേണ്ടതു തന്നെയാണെന്നാണു് ഇതിഹാസം പറയുന്നതു്. ഈ നിർവ്വചനത്തിന്റെ അടിസ്ഥാനം ബലബോധമാണെന്നാണു് ഇതിഹാസകഥാ സന്ദർഭങ്ങളെ അടിസ്ഥാനമാക്കി മാരാര് നിരീക്ഷിക്കുന്നതു്. കൂടുതൽ വിശദീകരണം, ഭാഗം 6-ൽ കാണാം.

5. കർമ്മത്താലീ വിധി കല്പിച്ചിരിപ്പു

‘നേശേ ബലസ്യേതി ചരേദധർമ്മം’ ശ്ലോകപാദവ്യാഖ്യാനത്തിനു സഹായകരമായി മാരാരുദ്ധരിച്ച മഹാഭാരതശ്ലോകങ്ങൾ പ്രകൃതത്തിനു യോജിച്ചതല്ല എന്നാണു ലീലാവതിയുടെ അടുത്ത വാദം.

⋄ ⋄ ⋄

ഒന്നാമത്തേതു്, ദ്രൗപദി കുരുസഭയിൽ അപമാനിതയായ വേളയിൽ ‘ബലമുള്ളവൻ പറയുന്നതാണു ധർമ്മ’മെന്ന ഭീഷ്മവചനമാണു്. ഇതു യുധിഷ്ഠിരൻ ആത്മബലം പ്രകടിപ്പിക്കേണ്ടിയിരുന്ന ആ പ്രത്യേക അവസരത്തിനു യോജിച്ചതാണെന്നു ലീലാവതി സമ്മതിക്കുന്നുണ്ടു്. എന്നാൽ രണ്ടാം ദ്യൂതപരിണാമത്തിൽ ഈ ഭീഷ്മവചനം ഉദാഹരിക്കാൻ കഴിയില്ലെന്നാണു വാദം.

ഭീഷ്മർ, ദ്യൂതസഭയിൽ (രണ്ടു തവണയായി) പറഞ്ഞതു മുഴുവൻ ശ്രദ്ധിക്കാഞ്ഞതിന്റെ കുഴപ്പമാണിതു്. ഇരുദ്യൂതത്തിലെയും കളിക്കാർ ഒന്നു തന്നെയായിരുന്നു, പണയങ്ങൾ തർക്കവിഷയങ്ങളും. അപ്പോൾ ഭീഷ്മരുടെ, കളിയെയും കളിക്കാരെയും പറ്റിയുള്ള നിരീക്ഷണം രണ്ടവസരത്തിലും ബാധകമാണു്. ഭീഷ്മർ പറയുന്നു: “ചൂതുകളിയിൽ ശകുനിക്കു മനുഷ്യരിൽ തുല്യനില്ല. ഇതു് അറിഞ്ഞിട്ടും യുധിഷ്ഠിരൻ സ്വേച്ഛയാ കളിക്കാൻ തീരുമാനിച്ചു. ശകുനി തന്നോടു ചതി കാണിച്ചുവെന്നു യുധിഷ്ഠിരൻ കരുതുന്നുമില്ല” (സഭാപർവ്വം: 60). ഇതിന്റെ തുടർച്ചയായാണു, ബലവാനായ പുരുഷൻ ധർമ്മത്തെ ഏതു നിലയിൽ കാണുന്നുവോ, അതുതന്നെയാണു ധർമ്മമെന്നും, പണയതർക്കവിഷയത്തിൽ യുധിഷ്ഠിരൻ മാത്രമാണു പ്രമാണമെന്നും ഭീഷ്മർ പറയുന്നതു്. അതിനാൽ, ആത്മഹത്യാപരമെന്നറിഞ്ഞിട്ടും, യുധിഷ്ഠിരൻ ‘സ്വേച്ഛയാ’ ശകുനിയുടെ കെണിയിൽ ചെന്നു ചാടി, ദ്രൗപദിയെ പണയമാക്കിയതും, വനവാസപ്രതിജ്ഞ എടുത്തതും; ചൂതുകളിയുടെ വികാരാവേശത്തിൻപുറത്താണെന്ന മാരാരുടെ നിരീക്ഷണത്തിനു സാധൂകരണം തന്നെയത്രേ ഈ ഭീഷ്മവചനങ്ങൾ.

ലീലാവതിക്കു വിപ്രതിപത്തിയുള്ള അടുത്ത ശ്ലോകം, ‘അധർമ്മോ ഹി മൃദൂ രാജാ ക്ഷമാവാനിവ കുഞ്ജരഃ— മുദുവായ രാജാവു് ക്ഷമയുള്ള ആനയെപ്പോലെ അധർമ്മാത്മാവാണു്’ എന്ന ഭീഷ്മവചനമാണു് (ശാന്തിപർവ്വം: 56). (രാജാവിന്റെയും ആനയുടെയും അധർമ്മത്തിന്റെ ഫലമെന്താണെന്നും ബൃഹസ്പതി വചനങ്ങളുദ്ധരിച്ചു് ഭീഷ്മർ തുടർന്നു വിശദീകരിക്കുന്നുണ്ടു്. “നിത്യം ക്ഷമിക്കും നൃപനെ നിന്ദിക്കും നീചരാം ജനം, ആനക്കാരൻ ഗജത്തിന്റെ മട്ടിൽ തലയിലേറുമേ.” തർജ്ജമ: കുഞ്ഞിക്കുട്ടൻതമ്പുരാൻ). ‘ആനയുടെ കീഴടക്കത്തിൽ താൻ ബലത്തിനാളല്ല എന്ന ബോധമാണുള്ളതെന്നും അതിൽ ഒരു ധർമ്മാനുഷ്ഠാനവുമില്ലെന്നു’മുള്ള തന്റെ വാദം സമർത്ഥിക്കാനാണു മാരാര് ഈ ഭീഷ്മവചനമുദ്ധരിക്കുന്നതു്. ഇവിടെ ‘അധർമ്മാത്മാവായ ക്ഷമയുള്ള ആന’യാണു മാരാരുടെ താത്പര്യം. എന്നാൽ ഇവയൊന്നും കാണാതെ, ‘മൃദുവായ രാജാവു് അധർമ്മാത്മാവല്ല’ എന്നു സ്ഥാപിക്കാൻ ലീലാവതി ഒരു ദീർഘോപന്യാസമെഴുതിയിരിക്കുന്നു. എങ്ങും ആന കടന്നുവരുന്നുമില്ല. ആനയല്ല, ദിഗ്ഗജമാണു് എന്നു വാദിക്കുന്ന ലീലാവതി, ആനയെ കണ്ടില്ലെന്നു നടിച്ചതും ശരി തന്നെ.

അകർമ്മണ്യത വെടിഞ്ഞു ബലബോധത്തോടെ പ്രവർത്തിക്കാനുള്ള, ‘ബലവാംസ്തു യഥാ ധർമ്മം…’ എന്ന ഭീഷ്മരുടെ ഉദ്ബോധനത്തോടൊപ്പം; കൃഷ്ണന്റെ ഒരു ഉദ്ബോധനവും, “നേശേ…” ലേഖനത്തിൽ മാരാരുദ്ധരിക്കുന്നുണ്ടു്. “കർമ്മംകൊണ്ടാണു പരലോകത്തിൽ സിദ്ധി എന്നു ചിലരും, കർമ്മം വെടിഞ്ഞു വിദ്യകൊണ്ടാണെന്നു വേറെ ചിലരും പറയുന്നു. വിദ്വാന്നുപോലും ഭക്ഷ്യഭോജ്യങ്ങൾ കഴിക്കാതെ വിശപ്പടങ്ങുകയില്ലെന്നു ബ്രാഹ്മണർക്കറിയാം. ഏതേതു വിദ്യകൾ കർമ്മത്തെ സമർത്ഥിക്കുന്നുവോ, അവയ്ക്കേ ഫലമുള്ളു. അല്ലാത്തവയ്ക്കില്ല. കർമ്മത്തിനു് എവിടെയും ഫലമുണ്ടുതാനും. ദാഹമുള്ളവനു വെള്ളം കുടിച്ചാൽ അതു മാറുമല്ലോ. ഈ വിധിയുണ്ടല്ലോ, അതു കർമ്മംകൊണ്ടുണ്ടാക്കപ്പെട്ടതാണു്. അതുകൊണ്ടു സഞ്ജയ, അതിൽ തന്നെയുണ്ടു കർമ്മം. കർമ്മം ചെയ്യുകയല്ലാതെ മറ്റു വല്ലതുമാണു ശരി എന്നു് ആർ വിചാരിക്കുന്നുവോ, ആ ദുർബ്ബലന്റെ വാക്കുകൾ വെറും പതിരത്രെ”. (തർജ്ജമ: മാരാര്)

“ഇവിടെ കർമ്മം ചെയ്യുകമാത്രമേ രക്ഷയുള്ളു എന്നു സിദ്ധാന്തിക്കുന്ന ഭഗവാൻ അകർമ്മവാദിയെ ‘ദുർബ്ബല’നെന്നു വിശേഷിപ്പിച്ചപ്പോൾ, കർമ്മത്യാഗവാദത്തിന്റെ മൂലകാരണം ദൗർബ്ബല്യമാണെന്നും, അതിനാൽ അതു അധർമ്മവും അവിദ്യയുമാണെന്നും സൂചിപ്പിച്ചു”. എന്നു മാരാര് വിശദീകരിക്കുന്നു. ഭീഷ്മരുടെ ഉപദേശത്തിലെ ലോകധർമ്മവും, പരമധർമ്മവും വേർതിരിച്ചു ദീർഘഭാഷ്യം ചമച്ച വിമർശക (ഭാഗം 6), കൃഷ്ണന്റെ ഈ ഉപദേശത്തെക്കുറിച്ചു മിണ്ടുന്നതേ ഇല്ല. കൃഷ്ണന്റെ ഈ വാക്കുകൾക്കപ്പുറം മറഞ്ഞുനിൽക്കുന്നതു മഹാശൈലമായ ഭഗവദ്ഗീതയാണെന്ന ബോധമുള്ളതുകൊണ്ടാവണം ഈ മറവി.

വനവാസവും, ദ്രൗപദീ പണയവും; ഇവരണ്ടും ഒരുപോലെ, യുധിഷ്ഠിരന്റെ സത്യവാക്കുകളുടെ ഫലമായിരിക്കേ, വനവാസപ്രതിജ്ഞയുടെ സത്യപാലനനിഷ്ഠയിൽ “പ്രജ്ഞാബലം” കാണുന്ന ലീലാവതി, അതേ യുധിഷ്ഠിരൻ ദ്രൗപദിയവമാനന വേളയിൽ പ്രജ്ഞാബലം കാട്ടിയില്ലെന്നും പറയുന്നുണ്ടു്. ഒരു പ്രതിജ്ഞ പാലിക്കപ്പെടണമെന്നും, മറ്റൊരു പ്രതിജ്ഞ ത്യജിക്കണമെന്നുമുള്ള ഈ പരസ്പരവിരുദ്ധനിലപാടിനു ലീലാവതിക്കു വിശദീകരണമൊന്നുമില്ല. എന്നാൽ യുധിഷ്ഠിരന്റെ മനോഭാവം മാരാര് വിശദീകരിക്കുന്നുണ്ടു്. “താൻ സഹേദരന്മാരെക്കൊണ്ടും ബന്ധുക്കളെക്കൊണ്ടും തികച്ചും ബലവാനായിരുന്നിട്ടും, ഭീഷ്മപ്രമുഖരായ കൗരവരെ ജയിക്കാൻ പോരാ എന്ന ഭയത്താലാണു, ഭാര്യാവമാനനത്തിൽ ക്ഷമാധർമ്മം കാണിച്ചതും, കാട്ടിലേയ്ക്കു് ഒഴിച്ചു പോന്നതുമെന്നു് അദ്ദേഹം (യുധിഷ്ഠിരൻ) സുവ്യക്തമാക്കി” (‘കിരാതമൂർത്തി’). രണ്ടു തീരുമാനങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച സ്വഭാവവിശേഷം ഒന്നു തന്നെയാണെന്നാണു മാരാര് ചൂണ്ടിക്കാണിക്കുന്നതു്. മാർക്കണ്ഡേയവചനങ്ങൾ സത്യപരായണനിഷ്ഠ മൂലം വനവാസിയായ യുധിഷ്ഠിരനെ ഉന്നം വെച്ചുള്ളതാണെന്നും, ദ്രൗപദിയവമാനനവേളയിൽ ക്ലൈബ്യം ബാധിച്ച യുധിഷ്ഠിരന്റെ നേർക്കല്ലെന്നുമുള്ള ലീലാവതിയുടെ വാദത്തിനുള്ള മറുപടിയും ഇതു തന്നെ.

യുധിഷ്ഠിരന്റെ ധർമ്മപാലനവ്യഗ്രതയ്ക്കു പിന്നിൽ ദൗർബ്ബല്യബോധം—യുദ്ധത്തിൽ ജയിക്കാൻ വേണ്ടുന്ന ബലത്തെ (ഇതാണല്ലോ ക്ഷത്രിയന്റെ ബലം) കുറിച്ചുള്ള ആത്മവിശ്വാസമില്ലായ്മ—ഉണ്ടായിരുന്നു. ഇതു ഭാഗം 2-ൽ വിശദീകരിച്ചതുമാണു്. ഇതിനു് ഉപോദ്ബലകമായ ഒരു മഹാഭാരതസന്ദർഭം കൂടി:

പാണ്ഡവർ വനവാസത്തിനായി പോന്ന വഴിയ്ക്കു, ധൃതരാഷ്ട്രരുമായി കലഹിച്ചു വിദുരരും പിന്നാലെ എത്തി. വിദുരർ ദൂരെനിന്നു വരുന്നതു കണ്ടു യുധിഷ്ഠിരൻ ഭീമനോടു പറഞ്ഞു. “ഭീമാ, വിദുരരുടെ വരവുണ്ടു്. എന്തു സന്ദേശവുമായാണോ വരുന്നതു? വീണ്ടുമൊരു ചൂതിനു ക്ഷണിക്കാൻ ശകുനി പറഞ്ഞുവിട്ടതായിരിക്കുമോ? ചൂതുകളിയിലൂടെ നമ്മുടെ ആയുധങ്ങൾ തിരികെനേടാനാണോ ഭാവം? വെല്ലുവിളിക്കപ്പെട്ടാൽ എനിക്കു മറുത്തുപറയാനാവില്ല. ഗാണ്ഡീവത്തിന്റെ കൈവശാവകാശം സംശയകരമെങ്കിൽ രാജ്യലാഭവും സംശയത്തിലാവും” (ആരണ്യകപർവ്വം: 6). വീണ്ടുമൊരു ചൂതുകളിയിൽ, മറ്റേതു പണയത്തെപ്പറ്റിയും ചിന്തിക്കാമെന്നിരിക്കെ, യുധിഷ്ഠിരനു് ആയുധങ്ങളെയും രാജ്യലാഭത്തെയും പറ്റി മാത്രം ചിന്ത വന്നതിൽ, യുധിഷ്ഠിരന്റെ ദൗർബ്ബല്യബോധത്തിന്റെ അടിസ്ഥാനം വ്യക്തമാണല്ലോ.

6. ബലേ പ്രതിഷ്ഠിതോ ധർമ്മഃ!

അടുത്തതായി, മാരാരുടെ മാർക്കണ്ഡേയസൂക്തവ്യാഖ്യാനവും, സമാനചിന്തയുള്ള, “ബലവാംസ്തു യഥാ ധർമ്മം ലോകേ പശ്യതി പൂരുഷഃ; സ ധർമ്മോ ധർമ്മവേളായാം ഭവത്യഭിഹിതഃ പരൈഃ— ലോകത്തിൽ, ബലവാനായ പുരുഷൻ ധർമ്മത്തെ ഏതു നിലയിൽ കാണുന്നുവോ, അതുതന്നെയാണു ധർമ്മമെന്നും, ധർമ്മചിന്തയിൽ മറ്റുള്ളവരും പറയുന്നു” എന്ന ഭീഷ്മവചനത്തിന്റെ വ്യാഖ്യാനവും, മഹാഭാരതസന്ദർഭത്തിൽ നിന്നു മാറ്റി ലോകചരിത്രത്തിൽ പ്രതിഷ്ഠിച്ചാൽ തെറ്റായ സന്ദേശമാണു് അവ നല്കുന്നതെന്ന വാദമാണു്. മാരാരുടെ ഭീഷ്മവചനവ്യാഖ്യാനത്തിലെ ‘പരമമായ ഒരു ധർമ്മം’ എന്ന പരാമർശമെടുത്തു ലീലാവതി വാദിക്കുന്നതു, ഭീഷ്മർ പറയുന്നതു പരമധർമ്മത്തെക്കുറിച്ചല്ല, ലോകഗതിയെക്കുറിച്ചാണു് എന്നും, പരമധർമ്മത്തെക്കുറിച്ചാണെങ്കിൽ ഹിറ്റ്ലർ, മുസ്സോളിനി തുടങ്ങിയവരെ സാധൂകരിക്കേണ്ടിവരും എന്നുമാണു്.

⋄ ⋄ ⋄

ഭീഷ്മവചനവ്യാഖ്യാനത്തിൽ മാരാര് എന്താണു പറയുന്നതെന്നു നോക്കാം.

“ചില പരിസ്ഥിതികളിൽ ഇന്നതു ധർമ്മം, ഇന്നതധർമ്മം എന്നു നിർണ്ണയിക്കുക മഹാത്മാക്കളായ വിപ്രന്മാർക്കുപോലും എളുതല്ല. ‘ധർമ്മസ്യ ഗഹനാ ഗതിഃ’ അപ്പോൾ, ഒരാത്യന്തികഘട്ടം വരുമ്പോൾ ധർമ്മാധർമ്മചിന്തയിൽ കാലം കളയാതെ യാഥാർത്ഥ്യം കണ്ടറിഞ്ഞു കാലദേശോചിതമായി കാര്യം നടത്തുവാൻ സന്നദ്ധതയുണ്ടാവുകയാണു മനുഷ്യനായാൽ വേണ്ടതു്. അതിനു ത്രാണിയുള്ളതാർക്കോ, അയാൾ പറയുന്നതു തന്നെയാണു ധർമ്മമെന്നു മറ്റുള്ളവർ തനിയേ സമ്മതിച്ചു കൊള്ളും. ആ ബലമില്ലാത്തവർക്കാകട്ടെ, എല്ലാം കണ്ടു മിണ്ടാതെനിന്നു സഹിക്കുക മാത്രമേ ഗതിയുള്ളൂ. എന്നാൽ, പരമമായ ഒരു ധർമ്മം എവിടെയോ ഇരുന്നു ഗഹനമായി പ്രവർത്തിക്കുന്നുണ്ടു്. അതിന്റെ അന്ത്യവിധി, ഇന്നല്ലെങ്കിൽ നാളെ, നടത്തപ്പെടാതിരിക്കയുമില്ല. ഈ ദ്യൂതസംരംഭത്തിന്റെ ഫലമായി കുരുവംശമാകെ ഏറെത്താമസിയാതെ മുടിയാൻ പോകുന്നു എന്നു തീർച്ച” (‘ഭീഷ്മരുടെ ധർമ്മനിശ്ചയം’).

കാലദേശോചിതമായി ബലബോധത്തോടെ നടപ്പിലാക്കേണ്ടതാണു ധർമ്മമെന്നും, ഒരാത്യന്തികഘട്ടത്തിൽ, ദൗർബ്ബല്യം കാരണം, ഈ ധർമ്മമനുഷ്ഠിക്കാതിരുന്നാൽ അതു നാശത്തിൽ കലാശിക്കും എന്നുമാണു മാരാരുടെ നിരീക്ഷണം. (അകർമ്മണ്യതയുടെ അന്ത്യം/വിധി നാശമാണെന്ന ചിന്ത മഹാഭാരതത്തിൽ പലയിടത്തും കടന്നുവരുന്നുണ്ടു്.) ഈ നിരീക്ഷണത്തെ മാരാര് വിശദീകരിക്കുന്നതു് എപ്രകാരമെന്നു നോക്കാം (‘ഭീഷ്മരുടെ ധർമ്മനിശ്ചയം’).

എന്തായിരുന്നു യുധിഷ്ഠിരൻ ബലബോധത്തോടെ ചെയ്യേണ്ടിയിരുന്ന കാലദേശോചിത ധർമ്മം?

മാരാരുടെ നിരീക്ഷണം: ‘യുധിഷ്ഠിരൻ തന്റെ വാക്കുമാറ്റി, ‘താനവളെ (ദ്രൗപദിയെ) ചൂതുകളിക്കമ്പംമൂലം അർഹത നോക്കാതെ പണയംവെച്ചു പോയതാണെ’ന്നു തെറ്റു തിരുത്തി, ഭീമാദികളോടു കൂടി, വേണമെങ്കിൽ ബലം പ്രയോഗിച്ചും അവളെ വീണ്ടെടുക്കുക.’ അങ്ങനെ ചെയ്താൽ അതാണു ധർമ്മമെന്നു മറ്റുള്ളവർ ഏറ്റു പറഞ്ഞു കൊള്ളും.

അപ്പോൾ, ഈ കാലദേശോചിതധർമ്മാനുഷ്ഠാനം അധർമ്മമാവില്ലേ?

‘ഒടുക്കം യുദ്ധം വന്നപ്പോൾ പലഘട്ടങ്ങളിലും ധർമ്മാധർമ്മചിന്തയ്ക്കു നില്ക്കാതെ കാലോചിതമായി കർമ്മണ്യതയോടെ അധർമ്മമായിപ്പോലും പൊരുതിയതിന്റെ ഫലമായിട്ടാണു പാണ്ഡവർ അതിൽ വിജയം നേടിയതു്. അവർക്കതിനു പ്രേരണ നല്കിക്കൊണ്ടിരുന്ന ഭഗവാൻ കൃഷ്ണൻ, ഒടുവിൽ, അതിനെ സാധൂകരിച്ചുകൊണ്ടു പറഞ്ഞതാണിതു്: ‘പൂർവൈരനുഗതോ മാർഗ്ഗോ ദേവൈരസുരഘാതിഭിഃ, സദ്ഭിശ്ചാനുഗതഃ പന്ഥാഃ സ സർവൈരനുഗമ്യതേ’—അസുരരെ കൊല്ലാനൊരുമ്പെട്ട ദേവന്മാർ പണ്ടു നടന്ന വഴിയാണിതു്. നല്ലവർ ആ വഴിക്കു നടക്കുന്നു. എല്ലാവരും അതേ വഴിക്കു നടക്കുന്നു’.

ഈ കാലദേശോചിതധർമ്മം ബലബോധത്തോടെ യുധിഷ്ഠിരൻ അനുഷ്ഠിച്ചിരുന്നെങ്കിൽ എന്തു മേന്മ?

‘മഹാഭാരതയുദ്ധത്തിലെ ആ സർവ്വനാശത്തിന്റെ വ്യാപ്തി വളരെ ചുരുങ്ങുമായിരുന്നു’. വനവാസകാലത്തു ദ്രൗപദി വീണ്ടും അപമാനം സഹിക്കേണ്ടിവരില്ലാരുന്നു.

ഈ കാലദേശോചിതധർമ്മം, യുധിഷ്ഠിരൻ തന്റെ ‘ബലഹീനമായ സത്യനിഷ്ഠ’ മൂലം അനുഷ്ഠിക്കാതിരുന്നതു കൊണ്ടു് എന്തു സംഭവിച്ചു?

‘ധാർത്തരാഷ്ട്രരുടെ ലോഭപരായണതകൊണ്ടും, പാണ്ഡവരുടെ മോഹപരായണതകൊണ്ടും— അകർമ്മണ്യത കൊണ്ടും, അവ്യവസായിത കൊണ്ടും—സർവ്വസംഹാരിയായ യുദ്ധവൈശസം സംഭവിച്ചു’. (മാരാരുടെ ഭീഷ്മവചനവ്യാഖ്യാനത്തിലെ ‘പരമമായ ഒരു ധർമ്മം’ എന്ന പ്രയോഗത്തെ മാരാര് ഉദ്ദേശിക്കാത്ത രീതിയിൽ ലീലാവതി വളച്ചൊടിച്ചു എന്നീ വിശദീകരണം തെളിയിക്കുമല്ലോ.)

ഇതുപോലെ, വിദുരരുടെ വകയായി ഒരു കാലദേശോചിതധർമ്മോപദേശം കൂടി ആ പ്രക്ഷുബ്ധവേളയിൽ കുരുസഭയിൽ നല്കപ്പെടുന്നുണ്ടു്. ഒരു കുലം മുഴുവൻ നശിക്കാതിരിക്കാനായി ഒരുവനെ ത്യജിക്കുന്നതു് ഉചിതമാണെന്നു വിദുരർ ധൃതരാഷ്ട്രരെ ഉപദേശിക്കുന്നു. കുലനന്മയ്ക്കായി ദുര്യോധനനെ പരിത്യജിക്കാനുള്ള ആ വിദുരോപദേശം ധൃതരാഷ്ട്രർ കൈക്കൊള്ളാതിരുന്നതും സർവ്വസംഹാരിയായ ആ യുദ്ധവൈശസത്തിനു കാരണമായി പറയാം. വിദുരോപദേശം സ്വീകരിക്കാതിരുന്ന ധൃതരാഷ്ട്രരും, ഭീഷ്മോപദേശം സ്വീകരിക്കാതിരുന്ന യുധിഷ്ഠിരനും വിധിവിധേയതയുടെ വക്താക്കളായിരുന്നതു യാദൃച്ഛികമല്ല.

ആ രാജസഭയിൽ വെച്ചു ഭീഷ്മർ പറഞ്ഞതു രാജധർമ്മം കൂടിയാവണമല്ലോ. കാലദേശോചിതമായി ധർമ്മം നിശ്ചയിക്കാൻ ബലമുള്ളവനാകണം രാജാവു്, എന്ന അർത്ഥത്തിൽ. ഒരു സന്ദിഗ്ദ്ധഘട്ടത്തിൽ നല്കപ്പെട്ട ഈ ചെറുപദേശത്തെ—’ഗഹനമായ ധർമ്മഗതിയെ നിർണ്ണയിക്കുന്നതു ബലമാണു്’—ഭീഷ്മർ പിന്നീടു യുധിഷ്ഠിരനു വിശദമാക്കിക്കൊടുക്കുന്നുണ്ടു്.

“… മണ്ണിൽ വീണ വൃകപാദം പോലെ ധർമ്മാധർമ്മഫലങ്ങൾ ആരും കണ്ടിട്ടില്ല. ഒരുവൻ ബലം ആർജ്ജിക്കണം, ബലവാനെല്ലാം വശപ്പെടും… ബലവാനിൽ അയോഗ്യതകൾ ഉണ്ടെന്നുവന്നാലും ഭയം കാരണം ആരും മറുത്തു പറയുകയില്ല. സത്യം, അധികാരം; ഇവ രണ്ടും ചേർന്നാൽ വലുതായ ഭയത്തിൽ നിന്നു (മനുഷ്യർക്കു) സംരക്ഷണം നൽകാം. താരതമ്യം ചെയ്താൽ, ധർമ്മത്തിനു മേലേയാണു ബലമെന്നു കാണാം. ബലത്തിൽ നിന്നാണു ധർമ്മമുത്ഭവിക്കുന്നതു്. ഭൂമിയിൽ ജംഗമമെന്നപോലെ ബലത്തിലാണു ധർമ്മം നിലകൊള്ളുന്നതു് (ബലേ പ്രതിഷ്ഠിതോ ധർമ്മോ ധരണ്യാമിവ ജംഗമഃ). പുക കാറ്റിൽ എന്നതുപോലെയും, വള്ളി മരത്തിൽ എന്നതു പോലെയും ധർമ്മം ബലത്തിന്റെ ആശ്രയത്തിലാണു്. ബലവാന്റെ നിയന്ത്രണത്തിലാണു ധർമ്മം, ഭോഗികൾക്കു സുഖപ്പടിയെന്നപോലെ. ബലവാന്മാർക്കു അസാധ്യമായതൊന്നുമില്ല. അവർക്കു് എല്ലാം നിർദോഷങ്ങളാണു്. ബലഹീനൻ ദുരാചാരനായിട്ടു തരം താഴ്ത്തപ്പെടുന്നു. ചെന്നായയെ എന്നപോലെ ആളുകൾ അവനെ വെറുക്കുന്നു. അവൻ അപമാനത്തിന്റെയും സങ്കടത്തിന്റെയും ജീവിതം നയിക്കുന്നു…” (ശാന്തിപർവ്വം: 132)

ഇത്ര വ്യക്തമായും ശക്തമായും ധർമ്മത്തെയും ബലത്തെയും ഇഴതിരിച്ചു മഹാഭാരതത്തിൽ ആരും വിവരിച്ചിട്ടില്ല. എല്ലാറ്റിനും മീതേ ബലമാണെന്നും, ധർമ്മം തന്നെ ബലത്തിൽനിന്നാണുത്ഭവിക്കുന്നതെന്നും ഭീഷ്മർ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. എല്ലാത്തരം ധർമ്മബലസങ്കലനവ്യവകലനങ്ങളും ഇവിടെ വിചിന്തനം ചെയ്യപ്പെട്ടിരിക്കുന്നു. ധാർമ്മികനായ ബലവാനും, അധർമ്മികനായ ബലവാനും, ബലഹീനനും; ഒക്കെ ചിന്താവിഷയങ്ങളായിരിക്കുന്നു. ഇതിൽ, ലീലാവതി പറയുന്ന ഹിറ്റ്ലറും, മുസ്സോളിനിയും, ഓഷ്വിറ്റ്സും, വിയറ്റ്നാം, അഫ്ഗാൻ യുദ്ധവുമൊക്കെ അടങ്ങിയിരിക്കുന്നു. എന്നാൽ, ബലം ഭയം വളർത്താൻ കാരണമായേക്കാമെന്നു പറയുന്നതിനോടൊപ്പം തന്നെ, മനുഷ്യന്റെ ഭയം ഇല്ലായ്മ ചെയ്യാനുള്ള മാർഗ്ഗവും—സത്യത്തോടൊപ്പം ബലം ചേരുന്നതു—ഭീഷ്മർ നിർദ്ദേശിക്കുന്നുണ്ടു്. ഇപ്രകാരമുള്ള സത്യബലസംയോഗത്തിന്റെ ഏറ്റവും മികച്ച ആധുനികകാലോദാഹരണം നമ്മുടെ മുമ്പിലുള്ളതു—ഗാന്ധിജി—ബലവത്താബോധം ഹിംസയിൽ മാത്രമേ അഭിരമിക്കൂ എന്ന മിഥ്യാധാരണയിൽപ്പെട്ടതുകൊണ്ടാവണം, ലീലാവതിക്കു കാണാനായിട്ടില്ല. ചരിത്രം കണ്ട ഏറ്റവും ബലവാനായ വ്യക്തികളിലൊരാൾ! മാരാരുടെ ഭാരതപര്യടനത്തിൽ ആവർത്തിച്ചു കടന്നു വരുന്ന എക ഇതിഹാസബാഹ്യവ്യക്തിത്വം! സത്യബലങ്ങളുടെ സംഘാതമാണു ഗാന്ധിജി എന്ന വ്യക്തിയും, ഗാന്ധിജി ആവിഷ്കരിച്ച സത്യാഗ്രഹമെന്ന സമരമുറയും. “സത്യാഗ്രഹം ഏറ്റവും ബലമുള്ളവർക്കുമാത്രം, നിർഭയന്മാർക്കുമാത്രം നടത്താവുന്നതാണെന്നും, ദൗർബ്ബല്യബോധത്തോടെ നടത്തുന്ന സത്യാഗ്രഹം പാപമാകു”മെന്നും ഗാന്ധിജി പറഞ്ഞതു മാരാര് ഉദ്ധരിച്ചിട്ടുണ്ടു്. സത്യാഗ്രഹം, നിസ്സഹരണപ്രസ്ഥാനം തുടങ്ങിയ അഹിംസാത്മക സമരമുറകൾ ഉപയോഗിച്ചാണല്ലോ ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരേ ഇന്ത്യ ‘പട’പൊരുതിയതു്.

മഹാഭാരതത്തിലെ ഏറ്റവും മികച്ച ബലവത്താബോധപ്രകാശനം നടത്തുന്നതു കൗരവസഭയിൽ പാണ്ഡവദൂതനായെത്തിയ കൃഷ്ണനാണു്. ഈ ഭഗവദു് ദൗത്യത്തെ, ഇന്ത്യയുടെ സ്വാത്രന്ത്യലാഭവേളയിൽ, ഹിന്ദുമുസ്ലീംലഹള മൂർച്ഛിച്ചിരുന്ന നവഖലിയിൽ ഗാന്ധിജി ഏകനായി സഞ്ചരിച്ചതിനോടാണു മാരാര് സാദ്യശ്യപ്പെടുത്തിയിരിക്കുന്നതു്. മാരാര് പറയുന്നു. “ഈ ഇതിഹാസപുരുഷന്മാർ തമ്മിലുള്ള വ്യത്യാസം ഇത്രമാത്രമാണു്—ഹിംസാശക്തിയും അഹിംസാശക്തിയും. അതത്രേ ആ ദ്വാപരയുഗമഹാത്മാവിൽ നിന്നു് ഈ കലിയുഗമഹാത്മാവിൽ കാണുന്ന പുരോഗതി”. അതിനാൽ ബലമെന്നതു കായബലമാണു്, ആയുധബലമാണു്; ബലവാന്റെ സമരായുധം ഹിംസയാണു് എന്നുള്ള ധാരണകളൊക്കെയും പൊളിച്ചെഴുതി, ബലങ്ങളിൽ വെച്ചു് ഏറ്റവും ശ്രേഷ്ഠമായ ബലം പ്രജ്ഞാബലം അഥവാ ആത്മബലമാണെന്നും (“Strength does not come from physical capacity. It comes from an indomitable will”—Gandhi), അതിനു മുമ്പിൽ അടിയറവു പറയാത്തവരാരുമില്ലെന്നും ഭാരതാംബയുടെ ആ ശ്രേഷ്ഠപുത്രൻ കാലദേശോചിതമായി തെളിയിച്ചു. നവയുഗത്തിന്റെ ഈ കാലദേശോചിതരാഷ്ട്രീയധർമ്മം—സത്യത്തിന്റെയും, അഹിംസയുടെയും, സഹവർത്തിത്വത്തിന്റെയും, ബലവത്താബോധത്തിന്റെയും ധർമ്മം—ഗാന്ധിജി തന്റെ ജീവിതത്തിലൂടെ ലോകത്തിനു പകർന്നു നൽകി. ഗാന്ധിജി പ്രഘോഷിച്ച ബലവത്താബോധത്തിന്റെ ഈ ധർമ്മം യുദ്ധകാലത്തു മാത്രമല്ല, അനുദിന ജീവിതത്തിൽ കൂടി പ്രാവർത്തികമാക്കാനുള്ളതാണു്.

⋄ ⋄ ⋄

“നേശേ ബലസ്യേതി ചരേദധർമ്മം” എന്ന ഭാരതപര്യടനലേഖനത്തോടു ചേർത്തു വായിക്കേണ്ട കുറഞ്ഞതു രണ്ടു ലേഖനങ്ങൾ കൂടിയുണ്ടു മാരാരുടേതായി. ഭാരതപര്യടനം പ്രസിദ്ധീകരിച്ചു വർഷങ്ങൾക്കു ശേഷം, മാരാര് തന്റെ ബലവത്താബോധസിദ്ധാന്തത്തെ വേദാന്തപശ്ചാത്തലത്തിൽ വിപുലീകരിച്ച ‘അഭയം വൈ ബ്രഹ്മ’ എന്ന പ്രൗഢഗംഭീര ലേഖനമാണൊന്നാമത്തേതു്.[14] മറ്റൊന്നു, വിവേകാനന്ദസ്വാമികളുടെ ‘ബല’ വീക്ഷണങ്ങൾ ക്രോഡീകരിച്ചെഴുതിയ ‘ബലം-വിവേകാനന്ദോപനിഷത്തു്’ എന്ന ലേഖനമാണു്.[15] ഭാരതപര്യടനധർമ്മവീക്ഷണത്തെ ശക്തിയുക്തമായി വിപുലീകരിച്ചിരിക്കുന്ന മാരാരുടെ ഈ ലേഖനങ്ങളെ ഭാരതപര്യടനവിമർശകർ സൗകര്യപൂർവ്വം വിസ്മരിക്കുന്നതായാണു കാണാറു്.

ഉപനിഷത്തുകൾ ‘ബ്രഹ്മ’ത്തെ വിശേഷിപ്പിക്കുന്ന വിവിധശബ്ദങ്ങളിൽ ഒന്നായ ‘അഭയം’—നിർഭയത— എന്ന ശബ്ദത്തിന്റെ വ്യാപ്തി വിവിധ ഉപനിഷത്തുകളിലൂടെ അന്വേഷിക്കുകയാണു് ‘അഭയം വൈ ബ്രഹ്മ’ എന്ന പഠനത്തിൽ മാരാര്. ‘അഭയം വൈ ബ്രഹ്മ’-അഭയമാണു് ബ്രഹ്മം (ബൃഹദാരണ്യകം), ‘നായമാത്മാ ബലഹീനേന ലഭ്യഃ’—ബലഹീനനു നേടാവുന്നതല്ല ഈ ആത്മാവു് (മുണ്ഡകം), ‘ബലം വാവ വിജ്ഞാനാദു് ഭൂയഃ’—ബലമാണു വിജ്ഞാനത്തെക്കാളും കവിഞ്ഞതു് (ഛാന്ദോഗ്യം) തുടങ്ങിയ നിരവധി ഉപനിഷദ്സൂക്തങ്ങളിലൂടെ ബലത്തിന്റെ പ്രാധാന്യം വേദാന്തത്തിൽ കണ്ടറിയുന്നു മാരാര്. തൈത്തിരീയോപനിഷത്തിലെ ഭൃഗുവല്ലിയിൽ, ബ്രഹ്മസാധന ചെയ്യുന്ന ഭൃഗു, അന്നത്തിനും, അന്നനിർവ്വാഹ്യമായ ശരീരത്തിനും, പ്രാണനും, മനസ്സിനും, ആനന്ദത്തിനും മീതെയായി ബ്രഹ്മത്തെ ‘അഭയ’ത്തിൽ പ്രതിഷ്ഠിക്കുന്നതു വിവരിച്ചു മാരാര് പറയുന്നു, “അഖിലഭയമൂലവും അഖിലഭയാനകവുമായ മൃത്യുവിനെപ്പോലും, പേടിപ്പിച്ചോടിച്ചുകൊണ്ടിരിക്കുന്ന, പ്രാണന്നും പ്രാണനായ, ബ്രഹ്മത്തെ; അമൃതത്തെ ഈ മർത്ത്യലോകത്തിനു പരിചയപ്പെട്ടുത്തിക്കൊടുക്കേണ്ടതു് ‘അഭയ’മെന്ന പേരിലല്ലാതെ മറ്റെന്തു പേരിലാണു്?” അതുപോലെ, ഭഗവദ്ഗീതയിൽ ദൈവീസമ്പത്തുകളിൽ ഒന്നാമതായി വിവരിക്കുന്ന ‘അഭയ’ത്തെയും മാരാര് പരിചയപ്പെടുത്തുന്നു. തുടർന്നു, വേദാന്തത്തിലെ അഭയദർശനത്തെ മഹാഭാരതകഥയുമായി ഘടിപ്പിക്കുന്നുമുണ്ടു മാരാര്.

‘ബലം-വിവേകാനന്ദോപനിഷത്തു്’ എന്ന ലേഖനത്തിൽ, “നോക്കിയാൽ നിങ്ങൾക്കു കാണാം, ഞാൻ ഉപനിഷത്തല്ലാതെ മറ്റൊന്നും ഒരിക്കലും ഉദ്ധരിച്ചിട്ടില്ലെന്നു്. ഉപനിഷത്തിൽ നിന്നു തന്നെയും ബലം എന്നൊരാശയം മാത്രം. വേദങ്ങളുടെയും വേദാന്തത്തിന്റെയുമെല്ലാം സാരം ആ ഒറ്റ വാക്കിൽ അടങ്ങിയിരിക്കുന്നു” എന്നു് ഉദ്ഘോഷിച്ച വിവേകാനന്ദസ്വാമികളുടെ ബലവീക്ഷണത്തിന്റെ അന്തസ്സത്ത കണ്ടറിയുകയാണു മാരാര്.

⋄ ⋄ ⋄

ശ്രീമതി ലീലാവതിയുടെ ലേഖനം, ‘മാരാരുടെ വ്യാഖ്യാനത്തിന്റെ വക്രതയെപ്പറ്റി’ ചിന്തിക്കുന്നതാണെന്നു് ആമുഖമായി പറഞ്ഞു; ‘ഋഷിവചസ്സുകളെ വിവക്ഷിതത്തിന്നെതിരായി വ്യാഖ്യാനിച്ച’ മാരാര്, തന്റെ ഗൃഹത്തിനു “ഋഷിപ്രസാദം” എന്ന പേരിട്ടതിനെ അമാന്യമായി പരിഹസിച്ചാണു് അവസാനിപ്പിക്കുന്നതു്. മാരാര് ‘വക്രമായി’ വ്യാഖ്യാനിച്ച ഋഷിസൂക്തത്തിന്റെ നഷ്ടശോഭ വീണ്ടെടുക്കാനായി ലീലാവതി ഒരു പുതുവ്യാഖ്യാനം ചമയ്ക്കുകയും ചെയ്തു. ഈ പുതുവ്യാഖ്യാനം ആധാരമാക്കിയ പതിവ്രത-വ്യാധ ആഖ്യാനങ്ങളുള്ള ‘മാർക്കണ്ഡേയസമസ്യാപർവ്വത്തിലേയ്ക്കു കടന്നാൽ തന്റെ വാദങ്ങൾക്കു നിൽക്കക്കള്ളിയില്ലാതാവും എന്നദ്ദേഹം അറിയാതിരിക്കാൻ വഴിയില്ല’ എന്നു മാരാരെ പരിഹസിക്കുന്ന ലീലാവതി, ഇതേ മാർക്കണ്ഡേയസമസ്യാപർവ്വത്തിൽ കടന്നു രണ്ടു വിധത്തിൽ സ്വയം അപഹാസ്യയായതു നാം കണ്ടു. ഒന്നാമതായി, മാതൃപിതൃശുശ്രൂഷാധർമ്മത്തിന്റെ മഹത്ത്വം പ്രഘോഷിക്കാനായി മുനി പറഞ്ഞ വ്യാധകഥയിൽ— വക്താവു് മാതാപിതാക്കളെ ശുശ്രൂഷിക്കൽ വഴി മഹത്ത്വം സിദ്ധിച്ചവനും, ശ്രോതാവു് മാതാപിതാക്കളുടെ ശുശ്രൂഷയിൽ വീഴ്ചവരുത്തി ധർമ്മഭ്രംശം സംഭവിച്ചവനുമുള്ള കഥ—ശൂദ്രന്റെ ധർമ്മജ്ഞത മാത്രമാണു ലീലാവതിക്കു കാണാൻ കഴിഞ്ഞതു്. മാതാപിതാക്കളുടെ ശുശ്രൂഷാധർമ്മത്തെപ്പറ്റി ഒരക്ഷരവും ലീലാവതി ഉരിയാടിയിട്ടില്ല. ഋഷിസൂക്തങ്ങളുടെ അസാധാരണവ്യാഖ്യാനത്തിലൂടെ മാത്രമേ ഇത്തരമൊരു നിഗമനത്തിലെത്താനാവൂ. രണ്ടാമതായി, തന്റെ വിചാരങ്ങളെ ഋഷിയിൽ ആരോപിക്കാനുള്ള ശ്രമം ലീലാവതി നടത്തുന്നുണ്ടു്. ‘സ്ത്രീകളെ സംബന്ധിച്ചിടത്തോളം, യജ്ഞക്രിയ, ശ്രാദ്ധങ്ങൾ, ഉപവാസങ്ങൾ ഇവയ്ക്കൊന്നും ഒരു ഫലപ്രാപ്തിയുമില്ല. ഭർത്താക്കന്മാരെ സേവിക്കുന്നതിലൂടെ മാത്രമേ അവർക്കു സ്വർഗ്ഗപ്രാപ്തി കൈവരൂ’, എന്നു പറഞ്ഞു ഭർത്തൃശുശ്രൂഷാധർമ്മത്തിനു സർവ്വശ്രേഷ്ഠത നൽകിയ ഋഷിസൂക്തങ്ങൾ കാണാതെ, തന്റെ സാമാന്യധാരണ വെച്ചു, സ്ത്രീയുടെ അതിഥിസേവാധർമ്മത്തിനു പതിവ്രതാധർമ്മത്തിനെക്കാൾ പ്രാധാന്യമുണ്ടെന്നു ലീലാവതി വാദിക്കുന്നു. അപ്പോൾ, ഋഷിസൂക്തങ്ങളെ ഋഷിവിവക്ഷയ്ക്കെതിരായും, അവലക്ഷണമായും വ്യാഖ്യാനിച്ചതു ലീലാവതിയാണെന്നു കാണാം.

“നേശേ ബലസ്യേതി ചരേദധർമ്മം” വ്യാഖ്യാനത്തിലൂടെ, മാരാര് അവതരിപ്പിക്കുന്ന ധർമ്മവീക്ഷണം ഒരു മഹാഭാരതാദർശം മാത്രമല്ലെന്നു നാം കണ്ടു കഴിഞ്ഞു. അതുതന്നെയാണു് ഉപനിഷത്തുകൾ ഉച്ചൈസ്ഥരം ഉദ്ഘോഷിക്കുന്നതു്. “അഭയം വൈ ബ്രഹ്മ; അഭയം ഹി വൈ ബ്രഹ്മ”. അതുതന്നെയാണു ഗീതാകാരനും ഉദ്ഘോഷിച്ചതു്. “അഭയം സത്വസംശുദ്ധിർജ്ഞാനയോഗവ്യവസ്ഥിതിഃ” വിവേകാനന്ദസ്വാമികളുടെ മുഖ്യ ഉദ്ബോധനവും ഇതുതന്നെയാണു്. എന്നാലിവയെല്ലാം സൗകര്യപൂർവം കണ്ടില്ലെന്നു നടിക്കുന്ന ലേഖികയ്ക്കു മാരാര് ഋഷിവചസ്സുകളെ വിവക്ഷിതത്തിന്നെതിരായി വ്യാഖ്യാനിച്ചു എന്നു എങ്ങനെ പറയാൻ കഴിയും? ഇപ്രകാരം, തമസ്കരണങ്ങളുടെ ഘോഷയാത്രയാണു ലീലാവതിയുടെ ലേഖനം. ഗജ-ഭൂതങ്ങളെ, ദിഗ്ഗജ-പഞ്ചഭൂതങ്ങളാക്കി മാറ്റാനായി മാരാരുടെ അനുഗതതർജ്ജമയെ തമസ്കരിച്ചതിൽനിന്നു തുടങ്ങി, “നേശേ…” ശ്ലോകപാദവ്യാഖ്യാനത്തിൽ മാരാരുപയോഗിക്കുന്ന പ്രധാനപ്പെട്ട കൃഷ്ണസൂക്തങ്ങളെയും കണ്ടില്ലെന്നു നടിക്കുന്നതിലെത്തി നില്ക്കുന്നു. യുധിഷ്ഠിരനിൽ ദൗർബ്ബല്യബോധമില്ലെന്നു വാദിക്കാനായി ഒരു ഭാരതപര്യടന ലേഖനം തന്നെ (‘കിരാതമൂർത്തി’) കണ്ടില്ലെന്നു വെച്ചു. ഹിറ്റ്ലറെയും, മുസ്സോളിനിയേയും കൊണ്ടുവന്നു മാരാരുടെ വ്യാഖ്യാനത്തിനെതിരേ അണിനിരത്തുന്ന ലേഖിക, ഭാരതപര്യടനത്തിൽ ആവർത്തിച്ചു പരാമർശിക്കപ്പെട്ട മഹാത്മാഗാന്ധിയെ വിസ്മരിച്ചും പോയി. അതുപോലെതന്നെ, ബലവത്താബോധവീക്ഷണത്തെ വേദാന്തപശ്ചാത്തലത്തിൽ വിപുലീകരിച്ച മാരാരുടെ മറ്റു ലേഖനങ്ങളും സൗകര്യപൂർവം മറന്നുകളഞ്ഞിരിക്കുന്നു. അതിനാൽ, വസ്തുതകൾ മറച്ചുവെയ്ക്കുന്ന വക്രത തന്റെ നിരൂപണത്തിൽ ഉപയോഗിക്കുന്നതു മാരാരല്ല മറിച്ചു, ലീലാവതിയാണു്.

⋄ ⋄ ⋄

കുഞ്ഞിക്കുട്ടൻതമ്പുരാന്റെയും, കെ. എം. ഗാംഗുലിയുടെയും മഹാഭാരതവിവർത്തനങ്ങളിൽ (മൂലഗ്രന്ഥം നീലകണ്ഠവ്യാഖ്യാനമുള്ള പാഠമാവണം), ദ്യൂത(ഉപ)പർവ്വം ആരംഭിക്കുന്നതു രാജസൂയാനന്തരം വേദവ്യാസനും യുധിഷ്ഠിരനുമായുള്ള കൂടിക്കാഴ്ച്ച വിവരിച്ചാണു്. അവിടെ, വ്യാസൻ യുധിഷ്ഠിരനോടു് ഇപ്രകാരം പറയുന്നു.

‘അങ്ങൊരാൾമൂലമായിട്ടു കാലത്താൽ ഭരതർഷഭ!

സർവ്വക്ഷത്രിയരാജാക്കൾ മുടിഞ്ഞീടും കുരൂദ്വഹ!’

(തർജ്ജമ: കുഞ്ഞിക്കുട്ടൻതമ്പുരാൻ)

യുധിഷ്ഠിരൻ കാരണമായി ക്ഷത്രിയവംശമാകെ നശിക്കുമെന്ന സാക്ഷാൽ വ്യാസന്റെതായ ഈ പ്രവചനമുള്ള ഒന്നാം അദ്ധ്യായം മുഴുവൻ തന്നെ BORI-critical edition പ്രക്ഷിപ്തമെന്നു തള്ളിയിരിക്കുന്നു. (മലയാളം, തെലുങ്കു്, ഗ്രന്ഥലിപികളിലുള്ള മഹാഭാരതപാഠങ്ങൾ ഉൾപ്പെട്ട ‘southern recension’ വിഭാഗത്തിൽ ഈ അദ്ധ്യായം കാണുന്നില്ലതാനും).[16],[17] മഹാഭാരതകഥാഗതിയിൽ കേന്ദ്രസ്ഥാനീയമായ ദ്യൂതസന്ദർഭത്തിലെ യുധിഷ്ഠിരന്റെ അസ്വാഭാവികപ്രവർത്തനങ്ങൾക്കു, വിധിനിശ്ചിതമെന്ന ആനുകൂല്യം നൽകാനായിരിക്കണം ഇത്തരമൊരാഖ്യാനം ആരോ കൂട്ടിച്ചേർത്തതു്. ദ്യൂതസംരംഭത്തിനുമുമ്പുള്ള ദിഗ്ജയം നേടി, രാജസൂയം കഴിച്ച സമ്രാട്ടിൽ നിന്നു, ശേഷമുള്ള മാൻതോലുടുത്ത വനവാസിയിലേയ്ക്കുള്ള അവിശ്വസനീയപതനം കാണുമ്പോൾ ആരാണു് അന്തംവിട്ടുപോകാത്തതു? എത്രയധികം കഷ്ടപ്പാടുകൾക്കു ശേഷം, സഹോദരരുടെ ബാഹുബലത്താലും പത്നിവഴിയുള്ള ബന്ധുബലത്താലും നേടിയെടുത്ത ഐശ്വര്യം മുഴുവൻ നൊടിയിടകൊണ്ടു യുധിഷ്ഠിരൻ ഇല്ലാതാക്കി. കൂടാതെ, ആ കുടുംബത്തിന്റെ സന്തോഷവും എന്നേക്കുമായി കെടുത്തിക്കളഞ്ഞു. ഇത്തരമൊരു ദയനീയാവസ്ഥയിൽ എത്തിപ്പെട്ടതിന്റെ കാരണമന്വേഷിച്ചാൽ, യുധിഷ്ഠിരന്റെ ചൂതുകളിക്കമ്പം മൂലമെന്ന മാരാരുടെ വാദമാണു യുക്ത്യാനുസാരി എന്നു കാണാം. ഇതിനു് ഉപോദ്ബലകമായ നിരവധി സന്ദർഭങ്ങൾ നാം കണ്ടുകഴിഞ്ഞു. (താനനുഭവിക്കുന്ന ഐശ്വര്യവും പദവിയുമൊക്കെ മറ്റുള്ളവർ നേടിത്തന്നതാണു്; അതിനാൽ, കായബലത്തിലൂടെ നേടാനാവാത്തതു താൻ ചൂതുകളിയിലൂടെ നേടിക്കളയാം എന്ന യുധിഷ്ഠിരന്റെ മോഹമാവാം ഈ ‘കമ്പ’ത്തിന്റെ ഹേതു. അജ്ഞാതവാസകാലത്തു, ചൂതുകളിയിലൂടെ താൻ സമ്പാദിച്ച ധനം, സഹോദരന്മാർക്കു വീതിച്ചു നല്കുമ്പോൾ യുധിഷ്ഠിരൻ എത്രമാത്രം കൃതാർത്ഥത അനുഭവിച്ചു കാണില്ല!). ചൂതുകളിയുടെ വരുംവരായ്കകളെപറ്റി അറിവും, തീരുമാനങ്ങളെടുക്കാൻ സ്വാതന്ത്ര്യവും ഉണ്ടായിരുന്നിട്ടും, ‘കൂടുതൽ ചിന്തിക്കാതെ’, എല്ലാം വിധിയെന്നു നിശ്ചയിച്ചു, നാശത്തിലേയ്ക്കു് ഇറങ്ങിത്തിരിക്കുന്ന യുധിഷ്ഠിരന്റെ മനോഭാവം വ്യക്തമാണല്ലോ. (കമ്പങ്ങളുടെ പിന്നിൽ മറഞ്ഞുനില്ക്കുന്ന) പൗരുഷസ്പർശമേല്ക്കാത്ത, യുധിഷ്ഠിരന്റെ ഈ വിധിവിധേയതയെ കൂടിയാണു, ദൗർബ്ബല്യബോധത്തിലധിഷ്ഠിതമായ യുധിഷ്ഠിരന്റെ സത്യപാലനവ്യഗ്രതയ്ക്കൊപ്പം ‘നേശേ ബലസ്യേതി ചരേദധർമ്മ’ത്തിലൂടെ മാർക്കണ്ഡേയമുനി സൂചിപ്പിക്കുന്നതെന്നു വരുന്നു.

* ഈ ലേഖനത്തിലെ (കടപ്പാടു് വയ്ക്കാത്ത) മഹാഭാരതതർജ്ജമകൾക്കു്, സംസ്കൃതമൂലവും,[18] കെ. എം. ഗാംഗുലിയുടെ ഇംഗ്ലീഷ് തർജ്ജമയുമാണു്[19] അവലംബം. സംസ്കൃതമൂലത്തെ[20] അടിസ്ഥാനമാക്കിയാണു് അദ്ധ്യായവിവരണം നല്കിയിരിക്കുന്നതു്.

കുറിപ്പുകൾ

[1] ‘ഭാരതപര്യടനം’, കുട്ടികൃഷ്ണമാരാര് (1950).

[2] ‘നേഽശേ ബലസ്യേതി ചരേദധർമ്മം’, എം. ലീലാവതി, ഭാഷാപോഷിണി, 5 (2002).

[3] ‘സത്യ-ധർമദർശനം ഇതിഹാസങ്ങളിൽ’, എം. ലീലാവതി (2014).

[4] ‘Mahabharata-Critical Edition’, The Bhandarkar Oriental Research Institute (BORI), Pune, www.sanskrit documents.org/mirrors/mahabharata/mahabharata-bori.html (1919–1966).

[5] ‘ശ്രീമഹാഭാരതം’, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ (1906); സാഹിത്യ പ്രവർത്തക സഹകരണ സംഘം edition (1965).

[6] ‘The Mahabharata’, Kisari Mohan Ganguli, www.sacred-texts.com/hin/maha/ (1883-1896).

[7] ‘The Mahabharata’, J. A. B. van Buitenen, University of Chicago Press, (1973-1978).

[8] ‘The Mahabharata’, Bibek Debroy, Penguin India (2010).

[9] ‘ധർമ്മാജിജ്ഞാസ’, വി. വി. ഗോവിന്ദൻനായർ (2015).

[10] ‘സത്യ-ധർമദർശനം ഇതിഹാസങ്ങളിൽ’, എം. ലീലാവതി (2014).

[11] ‘ധ്വനിപ്രകാരം’, എം. ലീലാവതി, മാതൃഭൂമി ആഴ്ചപ്പതിപ്പു്, 99:16 (2021).

[12] ‘ഗീതാപ്രവചനം’, ആചാര്യ വിനോബാഭാവെ (1951).

[13] ‘Srimad Bhagavad Gita Bhasya’, translation A. G. Krishana Warrier (2008).

[14] ‘അഭയം വൈ ബ്രഹ്മ’, കുട്ടികൃഷ്ണമാരാര് (1957).

[15] ‘ബലം— വിവേകാനന്ദോപനിഷത്തു്’, കുട്ടികൃഷ്ണമാരാര് (1963).

[16] ‘Prologomena to the critical edition of the Adiparvan’, Vishnu S. Sukthankar, BORI (1933).

[17] ‘Introduction to the Sabhaparvan’, Franklin Edgerton, BORI (1944).

[18] ‘Mahabharata-Critical Edition’, The Bhandarkar Oriental Research Institute (BORI), Pune, www.sanskrit documents.org/mirrors/mahabharata/mahabharata-bori.html (1919–1966).

[19] ‘The Mahabharata’, Kisari Mohan Ganguli, www.sacred-texts.com/hin/maha/ (1883-1896).

[20] ‘Mahabharata-Critical Edition’, The Bhandarkar Oriental Research Institute (BORI), Pune, www.sanskrit documents.org/mirrors/mahabharata/mahabharata-bori.html (1919–1966).

ജോസ് വി. മാത്യൂ
images/jose.jpg

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശി. ഐ. ഐ. റ്റി. കാൺപൂരിൽ നിന്നു് ഭൗതികശാസ്ത്രത്തിൽ ഡോക്റേറ്റു് നേടി. ഇപ്പോൾ മുംബൈ, ഭാഭാ ആറ്റമിക്ക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞനാണു്.

Colophon

Title: Bale Prathishtatho Dharma (ml: ‘ബലേ പ്രതിഷ്ഠിതോ ധർമ്മഃ’: കുട്ടികൃഷ്ണമാരാരുടെ ‘ഭാരതപര്യടന’ധർമ്മവിചിന്തനം).

Author(s): Jose V Mathew.

First publication details: Sayahna Foundation; Trivandrum, Kerala; 2022-03-26.

Deafult language: ml, Malayalam.

Keywords: Article, Jose V Mathew, Bale Prathishtatho Dharma, ജോസ് വി. മാത്യു, ബലേ പ്രതിഷ്ഠിതോ ധർമ്മഃ, കുട്ടികൃഷ്ണമാരാര്, ഭാരതപര്യടനം, മഹാഭാരതം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 16, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Exploitation upon Women, painting by Kailash Chandra Meher . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.