“മുത്ത്യേമ്മേ,
എന്തുകൊണ്ടാണു് ഈ തല വെൺചാമരം പോലെയായതു്?
കുശുമ്പുപെരുത്ത കൂരിരുൾ പെണ്ണിന്റെ കണ്ണേറുതട്ടി വെളുത്തതാകണം.
ഈ വായിലെ വേലക്കാരെല്ലാം ഒന്നിച്ചു പൊയ്ക്കളയാനെന്തേ?
പറഞ്ഞാൽ കേൾക്കാത്ത അവരെയെല്ലാം ഞാൻ തച്ചുപായിച്ചു.
എന്തിനാണിങ്ങനെ കാവടിപോലെ വളഞ്ഞു നടക്കുന്നതു്?
എന്റെ പൂത്താലി പണ്ടെങ്ങോ കളഞ്ഞുപോയി അതുനോക്കി നടക്കുകയാണു്.
കാണാതെ പോയ പൂത്താലിയെ കാണിക്കാനാണോ കയ്യിലെ വടി?
തെമ്മാടിച്ചെക്കാ, മിണ്ടാതെ പൊയ്ക്കോ. ഇതു് കൊണ്ടു് തലമണ്ടക്കു് കിട്ടിപ്പോകും.”
കാലത്തിന്റെ മുന്നോട്ടുള്ള ഗതി അംഗീകരിക്കാൻ കൂട്ടാക്കാത്ത ഈ മുത്ത്യേമ്മ, പുതിയ തലമുറയുടെ ചോദ്യത്തിനു മുമ്പിൽ ‘ഉത്തരം മുട്ടുമ്പോൾ’ ഈറ പിടിച്ചു് വടിയോങ്ങുന്നു. തനിക്കു് മുകളിൽ വടിയോങ്ങി നില്ക്കുന്ന കാലത്തെ കാണാനുള്ള മൂർച്ച ആ കണ്ണുകൾക്കു് ഇല്ലെന്നു വരുമോ?

ഇതു് സാധാരണരീതിക്കു് വിപരീതം തന്നെ. ചുറ്റുമുള്ള കാര്യങ്ങൾ മങ്ങിമങ്ങി വരുമ്പോഴും ആളുകളുടെ മുമ്പിൽ കാലന്റെ വടി തെളിഞ്ഞുതെളിഞ്ഞു വരികയാണു് പതിവു്. ഈ പതിവിനുനേരെ വടിയോങ്ങി നല്ക്കുന്ന മുത്ത്യേമ്മ, കഥാപാത്രങ്ങളെ സൃഷ്ടിച്ചു തീരെ പരിചയമില്ലാത്ത കുഞ്ഞുണ്ണി എന്ന കവിയുടെ സൃഷ്ടിയാകുന്നു (ഉത്തരം മുട്ടുമ്പോൾ—കളിക്കോപ്പു്).
ഈ മുത്ത്യേമ്മ കവിയുടെ യാദൃച്ഛികസൃഷ്ടികളിലൊന്നാണോ? കാലത്തെപ്പറ്റി ഈ കവി സങ്കല്പിക്കുന്നതും ഇത്തരത്തിലാണെന്നു വരുമോ?
ശൈശവത്തിൽ നിന്നു് നേരെ വാർദ്ധക്യത്തിലേക്കു് കടന്ന ആളാണു് താനെന്നു് ഈ കവി വിശ്വസിക്കുന്നു. യൗവ്വനമില്ലാതിരുന്നതുകൊണ്ടാണു് കല്യാണം കഴിക്കാഞ്ഞതെന്നു് അദ്ദേഹം പറയാറുണ്ടു്. അതൊക്കെ വെറും ബഡായി അല്ലെന്നു് ആ കവിത സൂക്ഷിച്ചുവായിക്കുന്ന ആർക്കും ബോധ്യമാവും.
“ലോകത്തിലെല്ലാവർക്കും
പ്രായമൊപ്പമാണല്ലോ”
എന്ന കണ്ടുപിടുത്തം ഈ സങ്കല്പത്തിന്റെ സൃഷ്ടിയത്രെ.
“ഇന്നു്, നാളെ, മറ്റന്നാൾ
ഇന്നു്, ഇന്നലെ, മിനിഞ്ഞാന്നു്
ഇനിയങ്ങോട്ടു് രണ്ടിനും ഒരുപോലെത്തന്നെ-
നാലാന്നാൾ, അഞ്ചാന്നാൾ,
ആറാന്നാൾ എന്നിങ്ങനെ
വിദൂരഭാവിയും വിദൂരഭൂതവും ഒന്നു തന്നെ.”
എന്ന വരികളിലും ആവിഷ്ക്കരിക്കപ്പെട്ടതു് ഈ വീക്ഷണമാണു്.
“എ. ഡി.-ക്കുള്ളിലാണു് ബി. സി.-യുടെ കിടപ്പു്” എന്ന കുസൃതി കാലം ഊറിക്കൂടിയ ഒരു ബിന്ദു തന്നെ.
ജഗദ്സ്രഷ്ടാവിനോടു് കവി പ്രാർത്ഥിക്കുന്നു:
“എനിക്കൊരു കുപ്പായം
തുന്നിത്തരികെൻ തുന്നക്കാരാ
എന്നെത്തിന്നരുതക്കുപ്പായം
ഞാനും തിന്നരുതക്കുപ്പായം
മുന്നരുതക്കുപ്പായത്തിനു്
ഞാനിട്ടാൽ
പിന്നെയൊരിക്കലുമൂരേണ്ടോ-
രിടയുണ്ടായീടരുതക്കുപ്പായം”
“മുന്നും പിന്നുമില്ലാത്ത” ഈ കുപ്പായം കവിക്കു് കാലംതന്നെ.
ഈ കവിക്കു് യൗവ്വനമില്ലെന്നു് പറഞ്ഞല്ലോ. യൗവ്വനം ചലനപൂർണ്ണമാണു്. ശൈശവത്തിൽ ചില പൊട്ടിത്തെറിപ്പുകൾക്കപ്പുറം ചലനമില്ല. വാർദ്ധക്യം തീർത്തും നിശ്ചലം തന്നെ. കാലത്തെ സംബന്ധിച്ച ഈ നിശ്ചലതയാണു് കുഞ്ഞുണ്ണിയുടെ പ്രപഞ്ചത്തിൽ ഏറ്റവും പ്രസക്തമായ യാഥാർത്ഥ്യം. അദ്ദേഹത്തിനു് കാലം മുന്നും പിന്നുമില്ലാത്ത നിശ്ചലമായൊരു ബിന്ദുവാണു്.
ഈ നിശ്ചലബിന്ദുവിനെ കവി ‘ഞാൻ’ എന്നു വിളിക്കുന്നു. “എന്നെപ്പറ്റി”യാണല്ലോ അദ്ദേഹത്തിന്റെ മിക്ക കവിതകളും.
കാലത്തിന്റെ നിശ്ചലവും അനശ്വരവുമായ ബിന്ദുവാണു് താൻ എന്നു വിചാരിക്കുന്നതുകൊണ്ടാണു് “എന്നെപ്പെറ്റതു ഞാൻ തന്നെ” എന്നദ്ദേഹം പ്രഖ്യാപിക്കുന്നതു്. സ്ഥലവും കാലവും താനാണു് എന്നു് കവി സങ്കല്പിക്കുന്നു.
“എന്നെ ഞാനെങ്ങും പറഞ്ഞയയ്ക്കേണ്ടതി-
ല്ലെന്നിലുണ്ടെന്തുമെല്ലാരുമെല്ലാടവും.”
“തന്നെത്തന്നെ വേളികഴിച്ചു്” സുഖമായി കഴിഞ്ഞുകൂടുന്ന ഈ ‘ഇത്തിരിക്കുഞ്ഞൻ’ പറയുന്നതു നോക്കൂ:
“ആരാണപ്പോകുന്നതു്, പൊക്കോട്ടെ വിളിക്കേണ്ട
ഞാനറിഞ്ഞീടു—മവനിന്നില്ക്കുമിഞ്ഞാൻ തന്നെ”
ഈ ‘അഹംഭാവം’ ലൗകികചിത്തത്തിന്റെ അഹങ്കാരവുമായി ബന്ധമുള്ളതല്ല. തന്നിൽ നിന്നു് അന്യമായി യാതൊന്നുമില്ലെന്നും ‘അവനും ഞാനുമടങ്ങുന്ന ബ്രഹ്മമാണു് ഞാൻ’ എന്നും അറിയുന്ന ദർശനത്തിന്റെ ഭാവമാണതു്.
ഈ കവി പ്രപഞ്ചത്തിൽ തന്നെയന്വേഷിച്ചു് അലയുന്നവനല്ല; തന്നിൽത്തന്നെ പ്രപഞ്ചത്തെക്കണ്ടു് അദ്ഭുതപ്പെടുന്നവനാണു്. “മരത്തിലെ വനം” എന്നു് സ്വന്തം മനസ്സിനെ അദ്ദേഹം വിശേഷിപ്പിക്കുന്നതും അതുകൊണ്ടുതന്നെ.
പ്രപഞ്ചത്തെ ആദ്ധ്യാത്മികതലത്തിൽ നിന്നാണു് അദ്ദേഹം നോക്കിക്കാണുന്നതു്. ഒന്നിനോടും ഒട്ടിനില്ക്കാൻ കൂട്ടാക്കാത്ത ആ മനസ്സ് എല്ലാ അർത്ഥത്തിലും ഒറ്റയ്ക്കാണു്.
കേരളത്തിൽ ഒരു കവിക്കു് കണ്ണുനിറച്ചുകാണാൻ എന്തൊക്കെയില്ല. പ്രകൃതിഭംഗി, കലാരൂപങ്ങൾ, സാംസ്കാരികപൈതൃകം, സമകാലിക ജീവിതത്തിന്റെ പ്രശ്നസങ്കീർണ്ണതകൾ, സ്ത്രൈണസൗന്ദര്യം—ഇവയൊന്നും ഈ കവി കണ്ടിട്ടില്ല. കാരണം സ്പഷ്ടമാണു്: കവി നോക്കുമ്പോലെ, രണ്ടു കണ്ണും തുറന്നുനോക്കുന്ന പ്രകൃതമല്ല അദ്ദേഹത്തിന്റേതു്. അദ്ദേഹത്തിന്റെ മുഖത്തു് ഒരു കണ്ണേയുള്ളു. ആ കണ്ണു് ദാർശനികന്റേതാണു്:
“ആകാശത്തി-
ന്നായിരം കണ്ണു് പുറത്തു്
ആഴിക്കായിരം കണ്ണുണ്ടകത്തു്
ഊഴിക്കായിരമായിരം കണ്ണു-
ണ്ടകത്തും പുറത്തും
ആകാശത്തിലു-
മാഴിയിലൂഴിയിലെല്ലാമുള്ളവ-
നെങ്കിലും ഞാനൊറ്റക്കണ്ണൻ.”
തന്റെ ഒരു കവിതസമഹാരത്തിന്റെ പുറന്താളിൽ അദ്ദേഹം വരച്ചുചേർത്ത ഒറ്റക്കണ്ണുള്ള കൊച്ചുമനുഷ്യന്റെ ചിത്രം ആത്മചിത്രം തന്നെയായിരിക്കണം.
ജീവിതത്തിൽ കൂട്ടു് ആവശ്യമില്ലെന്നു നിശ്ചയിച്ച ഈ കവിയുടെ ഏകമുഖത്തിനു തന്റെ ഏകാന്തതകൂടി കാരണമാണെന്നു വരുമോ? ‘പെണ്ണര’ കണ്ടിട്ടില്ലാത്തതിനാലാണോ താനൊരു ‘കാക്കവി’യായതു് എന്ന അദ്ദേഹത്തിന്റെ ചോദ്യം ഈ അതിരോളം മുഴങ്ങുന്നില്ലേ?
ഇതാണു് കുഞ്ഞുണ്ണിയുടെ ലോകം: അതിൽ കാലം നിശ്ചലമാണു്. സ്ഥലവും കാലവും മനുഷ്യനും ഒന്നുതന്നെയാണു്. അവിടെ കാര്യങ്ങൾക്കും കാരണങ്ങൾക്കും തമ്മിൽ ‘സംബന്ധ’മില്ല. ആ ലോകത്തു് ‘സംബന്ധത്തെ’പ്പറ്റി ആലോചിക്കാനേ വയ്യ. എല്ലാം അസംബന്ധം തന്നെ:
“പപ്പടം വട്ടത്തിലാവുക കൊണ്ടാവാം
പയ്യിന്റെ പാലു വെളുത്തതായി
പയ്യിന്റെ പാലു വെളുത്തതുകൊണ്ടാവാം
പാക്കലം മണ്ണുകൊണ്ടുണ്ടാക്കുന്നു
പാക്കലം മണ്ണുകൊണ്ടാവുകകൊണ്ടാവാം
പാപ്പുവിൻ പീപ്പിക്കു് പെപ്പരപ്പേ”
ഈ അസംബന്ധലോകത്തു് നിന്നു് ബാഹ്യപ്രപഞ്ചത്തിലേക്കു നോക്കുന്ന കവിക്കു് എല്ലാം നോൺസെൻസായി തോന്നുകയാണു്: ബാഹ്യപ്രപഞ്ചത്തിൽ കാലം ദ്രുതഗതിയിൽ മുന്നേറുന്നു; സംഭവങ്ങൾക്കു് കാര്യകാരണബന്ധമുണ്ടു്; രണ്ടു് കണ്ണും നിരവധി മുഖങ്ങളുമുളള മനുഷ്യരുണ്ടു്… ഇതിന്റെയൊന്നും അർത്ഥം തിരിയാത്ത ഒരസംബന്ധലോകത്തിന്റെ വൃത്തത്തിലാണു് ഈ കവി.
കുട്ടികൾക്ക് കാലബോധമില്ല; ഋഷികൾക്കു് കാലഭീതിയില്ലാത്തതുകൊണ്ടു് അതേപ്പറ്റി ചിന്തയില്ല. ഈ രണ്ടറ്റങ്ങളേയും സ്വന്തം വ്യക്തിത്വത്തിൽ സമന്വയിപ്പിച്ച കവിയുടെ വരികളിൽ കുസൃതിയും ദർശനവും ഒത്തുചേരുന്നു. അദ്ദേഹത്തിന്റെ കാവ്യഭാഷ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നതു്. കടംകഥകളോടും പഴമൊഴികളോടുമാണു്: അവയ്ക്കും കാലമില്ല. “കാലം കുറുക്കിയെടുപ്പതല്ലോ കല” എന്നു് നീർവചിച്ചതും ഈ കവിയാണല്ലോ. കുഞ്ഞുണ്ണിമാസ്റ്റർ ജീവിതത്തിലൊരിക്കൽ പോലും വാച്ച് കെട്ടിയിട്ടില്ല എന്ന യാഥാർത്ഥ്യം ഈ നിരീക്ഷണത്തിനു കൗതുകപൂർവ്വം അടിവരയിടുന്നുണ്ടു്.
കൈശോരപ്രകൃതിയിലൂടെയും ഋഷിത്വത്തിലൂടെയും കാലത്തെ സംബന്ധിച്ച ഈ നിശ്ചലത്വത്തിലൂടെയും കുഞ്ഞുണ്ണിക്കവിത വെളിപ്പെടുത്തുന്ന മാർക്കണ്ഡേയഭാവം വിരൽചൂണ്ടുന്നതു് അതിന്റെ ചിരംജീവിത്വത്തിലേക്കു് തന്നെയാണു് എന്നു് ഞാൻ വിചാരിക്കുന്നു.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.