കേരളത്തിന്റെ നിറമെന്താണു്? പച്ചയോ ചുവപ്പോ?
നാടുകൾക്കും ജനതകൾക്കുമൊക്കെ ഇങ്ങനെ എതെങ്കിലുമൊരു വർണ്ണത്തിന്റെ മുദ്ര ചാർത്തിക്കൊടുക്കാനാകുമോ എന്നു് സംശയിക്കുന്നവരുണ്ടാകാം. ആകുമെന്നാണു് തോന്നുന്നതു്. അറബികൾക്കു് പച്ചയോടു് വല്ലാത്ത മമതയാണു്. ഇസ്ലാം പച്ചയാണല്ലോ. തീ പാറുന്ന മരുഭൂമിയിലെ അലച്ചിലിൽ അകലെക്കാണുന്ന ഇളംപച്ചപോലും അറബികൾക്കു് കുളിരും ആശ്വാസവുമായിരിക്കണം. നിലാവുള്ള രാത്രികളിൽ ആകാശത്തു് തെളിയുന്ന ചന്ദ്രക്കല അവർക്കു് അങ്ങനെ സ്വന്തം സംസ്ക്കാരത്തിന്റെ ചിഹ്നമായിത്തീർന്നു. എന്നാൽ നൂറ്റാണ്ടുകളായി കാർഷികവൃത്തി തുടരുന്ന ഭാരതീയർക്കു് സൂര്യൻ സമുദ്രത്തിലാഴുന്നതു് ദുഃഖകരമായിരുന്നു. സൂര്യക്ഷേത്രം പണിതു് ആദിത്യനമസ്ക്കാരം ചെയ്താണല്ലോ നാം ഇവിടെ പ്രഭാതങ്ങളെ തുയിലുണർത്തിയിരിക്കുന്നതു്. അതുകൊണ്ടു് പ്രഭാതരശ്മിയുടെയും പശിമയുള്ള മണ്ണിന്റെയും നിറമായ കാവി ഭാരതീയമനസ്സിനു് ഉടയാടയായും തീർന്നു.
അങ്ങനെ നോക്കുമ്പോൾ കേരളത്തിനും ഒരു പ്രത്യേകവർണ്ണത്തോടു് ആഭിമുഖ്യം ഉണ്ടാവുക അസ്വാഭാവികമല്ല. ആ നിറം തൊലിപ്പുറമെ കാണുന്ന പച്ചയേക്കാൾ അകത്തോടുന്ന ചുവപ്പാണു് എന്നു് എനിക്കു് തോന്നുന്നു.

കേരളീയന്റെ മതാചാരങ്ങൾ നോക്കുക: പട്ടുടുത്ത കാളിയാണു് പണ്ടു മുതലേ അവന്റെ ആരാധനമൂർത്തി. കാളിയോടും മറ്റു് രൗദ്രദേവതകളോടും ഏറ്റവുമധികം ബന്ധപ്പെട്ട നിറം ചുവപ്പാണല്ലോ. ആരാധനയോടു് ബന്ധപ്പെട്ട നിരവധി കാര്യങ്ങളിൽ കേരളീയനു് ചുവപ്പുണ്ടു്. ‘ചൊകചൊകെച്ചുകപ്പുടുത്തു് നൃത്തമാടുന്ന അമ്മ’യെപ്പറ്റിയും ‘ചോപ്പുകൾ മീതെ ചാർത്തിയരമണി കെട്ടിയ പൂത’ത്തെപ്പറ്റിയും ഇടശ്ശേരി പാടുന്നു. ചെമ്പട്ടും തെച്ചിപ്പൂവും കേരളീയാരാധനയുടെ മുഖ്യമായൊരു ഭാഗമാണു്. ഉറഞ്ഞുതുള്ളുന്ന കോമരത്തിന്റെ വേഷം ചോപ്പും വാളുമാണു്. കുട്ടികളുടെ ഭാഷയിൽ കോമരം ‘ചോപ്പൻ’ തന്നെ. മലയാളക്കരയിലെ കുരുതി നോക്കൂ. കുരുതി എന്ന വാക്കിനു തന്നെ രക്തം, ചുവന്നതു് എന്നൊക്കെ അർത്ഥമുണ്ടു്. അതു പോരാഞ്ഞു് നാം ‘ചെങ്കുരുതി’ തന്നെ നടത്തിക്കളയുന്നു! ദേവീക്ഷേത്രങ്ങളിൽ രക്തപുഷ്പാഞ്ജലി പ്രധാനമായൊരു ആരാധനയാണു്. ശബരിമലയിലെ മാളികപ്പുറത്തമ്മക്കു് നാം ‘ചുവപ്പു്’ കൊടുക്കുന്നു. ഉത്തര കേരളത്തിലെ ശ്രീകുരുംബ (ചീർമ്പ) ഭഗവതിയുടെ കാവുകളിൽ ‘ചുവപ്പ് ഒപ്പിക്കുക’ എന്നൊരു ചടങ്ങുണ്ടു്. പൂരത്തിനു പൂവിടുമ്പോൾ കാമദേവനെ ചമയ്ക്കാൻ ചുവന്ന മുരിക്കിൻപൂവാണു് മലബാറുകാരൻ തെരഞ്ഞെടുക്കുന്നതു്. കർണ്ണാടകത്തിലെ പുരോഹിതൻ മഞ്ഞയുടുക്കുമ്പോൾ നമ്മുടെ മന്ത്രവാദി ചുവപ്പു് ഉടുക്കുന്നു. മന്ത്രവാദവുമായി ബന്ധപ്പെട്ട കർമ്മങ്ങൾക്കു് മിക്കതിനും ചോരപ്പൂക്കൾ തന്നെ വേണം. ശവത്തിനു് ബന്ധുക്കൾ പട്ടിടണം എന്നുണ്ടു്. പട്ടു് എന്ന വാക്കു് മലയാളി ഉപയോഗിക്കുമ്പോൾ അതിനു് ചുവന്ന വസ്ത്രം എന്നു മാത്രമേ അർത്ഥമുള്ളൂ.
ചോപ്പിനോടുള്ള മമത ഇവിടത്തെ നാടൻ കലാരൂപങ്ങളിലും ആഘോഷങ്ങളിലും നിറന്നു കത്തുന്നു. തെയ്യം, തിറ, മുടിയേറ്റു് തുടങ്ങിയവയിലെ വേഷവിതാനം ചുവപ്പിൽ മുങ്ങിയതാണു്. ശക്ത്യാരാധനയുമായി ബന്ധപ്പെട്ട ചുവന്ന ചെക്കിപ്പൂവു് മേലാസകലം അണിയുന്ന തെയ്യച്ചമയം ഇതിന്നു് ഉദാഹരണം. നാടൻകലകളിലെന്നപോലെ മറ്റു് കലാരൂപങ്ങളിലും ഇവിടെ ചുവപ്പിനു് നല്ല സ്ഥാനമുണ്ടു്. കഥകളി നോക്കൂ: മിക്ക വേഷങ്ങളിലും നല്ലവണ്ണം ചുവപ്പുണ്ടു്. പോരാത്തതിനു് ‘ചുവന്ന താടി’ എന്നൊരു വേഷവും!
തൊട്ട അയൽപ്രദേശമായ തമിഴ്‌നാട്ടിലേയും കർണ്ണാടകത്തിലേയും പല നാടൻകലകളിലും മുന്നിട്ടു നില്ക്കുന്ന നിറം ചോപ്പല്ല. മഞ്ഞൾ തേച്ചു് മുഖം ഭംഗിയാക്കുന്ന തമിഴത്തികളുടെ കരയാട്ടത്തിലും കർണ്ണാടകക്കാരുടെ യക്ഷഗാനത്തിലുമൊക്കെ മഞ്ഞയാണു് മുന്തിനിൽക്കുന്നതു്.
കേരളീയനു് ചുവപ്പു് സൗന്ദര്യമാണു് എന്നൊരടിസ്ഥാനസങ്കല്പം തന്നെയുണ്ടു്. ‘ഭംഗിയായി’ എന്ന അർത്ഥത്തിൽ നാം ഉപയോഗിച്ചിരുന്ന ‘ചെമ്മേ’ ‘ചെഞ്ചെമ്മേ’ എന്നീ പദങ്ങൾ അതു് സൂചിപ്പിക്കുന്നു. ചുവപ്പു് നിറം നല്കാൻ കഴിവുള്ള അരക്കു് അലങ്കാരവസ്തുവായി മാറുന്നതു് അങ്ങനെയാണു്. ‘ചെമ്മ്’ എന്ന വാക്കിനു് ചെമപ്പുനിറം എന്ന അർത്ഥത്തിനു പുറമെ ഭംഗി, നന്മ, ശ്രേയസ്സ്, അനുഗ്രഹം, ശ്രേഷ്ഠത എന്നെല്ലാം അർത്ഥമുണ്ടു് (ശബ്ദതാരാവലി). ഇപ്പറഞ്ഞ ഗുണങ്ങളെയെല്ലാം ചോപ്പിനോടു് ബന്ധിപ്പിച്ചാണു് മലയാളി മനസ്സിലാക്കുന്നതു്. അലങ്കാരത്തിനുള്ള തെങ്ങു് ചെന്തെങ്ങാണു്, നല്ല തേൻ ചെന്തേനും. അസ്സൽ നിറമുള്ള പൊന്നിനു് ചെമ്പൊന്നു് എന്നാണു് പേരു്. നല്ല ഇനം പഞ്ഞി ചെമ്പഞ്ഞിയും മുന്തിയ തരം മുരിങ്ങ ചെമ്മുരിങ്ങയുമത്രെ.
വീടുണ്ടാക്കാൻ പണ്ടുമുതലേ മലയാളി ഉപയോഗിച്ചുപോന്നിരുന്നതു് ചെങ്കല്ലാണു്. അതിനു മുമ്പു് ചെമ്മണ്ണും. വെളുത്ത മണ്ണു് തേച്ച ചുമരും നിലവുമൊക്കെ വീണ്ടും ചെമ്മണ്ണു് തേച്ചു് ഭംഗിപ്പെടുത്തിയ കേരളീയ ഗൃഹങ്ങൾ നോക്കുക. ഓടുകളുടെ ചുവന്ന മുടിയുമായി നിൽക്കുന്ന ഇന്നത്തെ ഭവനങ്ങളിലും അവയുടെ ഗേറ്റുകളിലുമൊക്കെ ഏറി നില്ക്കുന്നതു് ചെഞ്ചായമാണു്.

അസ്തമയത്തിന്റെ ചുവപ്പുരാശിയേയും അംഗനമാരുടെ കവിൾത്തടത്തിന്റെ അരുണിമയേയും പൂക്കളുടെ ശോണസൗന്ദര്യത്തെയും കേരളത്തിലെ കവികൾ എന്നും വാഴ്ത്തിപ്പോന്നിട്ടുണ്ടു്. ചുവപ്പിന്റെ വൈവിധ്യത്തെയും അവ ഓരോന്നിലും തുടിക്കുന്ന ഭംഗിയേയും പറ്റി മാത്രം ‘ചുവപ്പിന്റെ ലോകം’ എന്ന പേരിൽ ജി. കുമാരപിള്ള കവിത രചിക്കുകയുണ്ടായി. പച്ചയുടെ കാമുകനായ ചങ്ങമ്പുഴപോലും ആ നിറത്തെ വാഴ്ത്താൻ വേണ്ടി എഴുതിയ ‘പച്ച’ എന്ന കവിതയിൽ “മങ്കമാർ തൻ തളിർച്ചുണ്ടിലും നെറ്റിയിൽ കുങ്കുമപ്പൊട്ടിലും ചെന്നണഞ്ഞു് മംഗളസൂചകമായി”ത്തീർന്ന ശോണവർണ്ണത്തെപ്പറ്റി പാടുന്നു. “ചൊഞ്ചൊടി”കളെപ്പറ്റിയും “ചെഞ്ചോരിവാ”യകളെ പ്പറ്റിയും എഴുതപ്പെട്ട നൂറുകണക്കിനു് വരികൾ അവയുടെ പരാമർശം അസാദ്ധ്യമാക്കിത്തീർക്കുന്നു. വെറ്റില മുറുക്കി ചുണ്ടും വായും ചോപ്പിക്കുന്ന കേരളവനിതകൾ അഴകിന്റെ ഈ രഹസ്യം മനസ്സിലാക്കിയിട്ടുണ്ടു്. മൈലാഞ്ചിയിട്ടു് കയ്യും കാലും ചോപ്പിച്ചു് മൊഞ്ചാക്കുന്ന മങ്കമാർക്കും അതു് പിടികിട്ടിയിരിക്കുന്നു!
മറ്റു പ്രദേശങ്ങളിലെ ആളുകളെ അപേക്ഷിച്ചു് ഉടുമുണ്ടു് വെള്ളയാക്കാൻ മലയാളികൾ ശ്രദ്ധിക്കുമെങ്കിലും അവരുടെ വസ്ത്രധാരണത്തിൽ എറിയ പങ്കും ചോപ്പു് കയ്യടക്കിയിരിക്കുന്നു. കുട്ടികളുടെ പട്ടുകോണകവും ഉടുപ്പുകളും സ്ത്രീകളുടെ സാരികളും പുരുഷന്മാരുടെ കുപ്പായങ്ങളും നോക്കുക. ഇവിടെ ആണും പെണ്ണും നെറ്റിയിൽ ചുവപ്പണിയുന്നു. ചെമ്പരത്തികൾ ധാരാളമായി വിരിഞ്ഞു നില്ക്കുന്ന നമ്മുടെ വീട്ടുമുറ്റങ്ങൾ ഈ താല്പര്യം ഉദാഹരിക്കുന്നുണ്ടു്. “ചെന്താമര വിരിഞ്ഞു് ചന്തമിയലുന്ന” ഇവിടത്തെ കുളങ്ങളും കാവ്യാന്തരീക്ഷവും അതുതന്നെ ചെയ്യുന്നു.
മണിപ്രവാളത്തിനു് മുത്തും പവിഴവും (വെള്ളയും ചുവപ്പും) ചേർന്ന വർണ്ണവൈജാത്യത്തിന്റെ ഭംഗിയാണു് ഉള്ളതു് എന്നു് തമിഴൻ കരുതുന്നു. മലയാളിയാകട്ടെ, രണ്ടുതരം ചുവപ്പിന്റെ വർണ്ണൈക്യഭംഗി തരുന്ന മാണിക്യവും പവിഴവുമാണു് അതു് എന്നു് വിചാരിക്കുന്നു. വൃത്തമാകുന്ന “ചെന്നൂലി”നു് മേൽ പദം കോർക്കുന്നതിനെപ്പറ്റിയാണു് ലീലാതിലകകാരൻ പറയുന്നതു്.
കേരളത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന താളങ്ങളിൽ പ്രമുഖമായ ഒന്നിന്റെ പേരു് ‘ചെമ്പട’ എന്നായതു് യാദൃച്ഛികാമവാമെങ്കിലും കൗതുകകരമാണു്. ചെമ്പഴുക്ക കൊണ്ടു് അതിഥിയെ സ്വീകരിക്കുന്ന കേരളീയാചാരം ഈ നിറത്തിനു് ഈ നാട്ടിൽ കിട്ടിയിരുന്ന മാന്യതയുടെ നിദർശനമാണെന്നു് തീർച്ച.
ചുവപ്പിനോടുള്ള ഈ ആഭിമുഖ്യം പോയ കാലത്തിന്റെ സ്മൃതി മാത്രമാണെന്നു കരുതരുതു്. ഉത്സവങ്ങളിലെ കൊടിയേറ്റങ്ങളിൽ കണ്ട ചോപ്പു് തന്നെയാണു് പില്കാലത്തെ അധികാരത്തിന്റെ കൊടിയേറ്റങ്ങളിലും കണ്ടതു്. ഇന്ത്യയിൽ ആദ്യമായി ചുവന്നതു് കേരളത്തിന്റെ കൊടിയാണല്ലോ. അല്ലെങ്കിലും, കേരളീയർക്കു് അധികാരത്തിന്റെ ചിഹ്നം പണ്ടേ ചെങ്കോലായിരുന്നു. ചുവപ്പു് രാജവർണ്ണവുമായിരുന്നു. കേരളത്തിന്റെ പച്ചച്ചപ്രകൃതിയിൽ പാറിക്കളിക്കുന്ന ചൊങ്കൊടി വേഗം കണ്ണിൽ പെടും. അതിനു് ഈ പശ്ചാത്തലത്തിൽ കൂടുതൽ ഭംഗിയുണ്ടു്. ഇത് തന്നെയായിരിക്കാം, ഇവിടത്തെ മിക്ക രാഷ്ട്രീയ പാർട്ടികളുടെയും കൊടിയിൽ ചുവപ്പു് അനിവാര്യമാക്കിയതു്.
ഒരു തമാശയായി ഓർക്കുക: വാണിജ്യരംഗത്തെന്ന പോലെ സാഹിത്യരംഗത്തും പിന്നീടു് ചലച്ചിത്രരംഗത്തും ഈ കൊച്ചു കേരളത്തെ പ്രസിദ്ധമാക്കിത്തീർത്തതു് ‘ചെമ്മീനാ’ണു്!
ചുവപ്പിനോടുള്ള ഈ രക്തബന്ധത്തിനു് കേരളീയന്റെ സ്വഭാവത്തിൽ തന്നെ വേരുകളുണ്ടായിരിക്കണം. അസുരവാദ്യങ്ങൾകൊണ്ടു് മുഖരമാവുന്ന ഉത്സവപ്പറമ്പുകളിലും പോർച്ചുവടുകൾ താണ്ഡവനൃത്തമാടുന്ന കഥകളിപ്പന്തലുകളിലും കളരിപ്പയറ്റിന്റെ പഴമ പാടുന്ന വടക്കൻപാട്ടുകളിലും കത്തിനില്ക്കുന്ന അവന്റെ രൂക്ഷപ്രകൃതി തന്നെയായിരിക്കാം, ഈ രൗദ്രവർണ്ണത്തിന്റെ രാജസസൗന്ദര്യത്തിൽ അവനെ വീണ്ടും വീണ്ടും മുഗ്ദ്ധനാക്കുന്നതു്. ചുവന്ന പട്ടുകോണകമുടുത്തു് പിച്ചവെക്കുന്നതോടൊപ്പം വീരാളിപ്പട്ടിന്റെയും വീരാളിപ്പാട്ടിന്റെയും ചോരക്കിനാക്കൾ കണ്ടു് വളരുന്ന കേരളീയമനസ്സിനു് ഹിംസാവാസനയുടെ ഒരുതരം വിരേചനവും ഈ കുരുതിക്കാഴ്ചയിൽ സംഭവിക്കുന്നുണ്ടാകാം. ചോര കാണാനുള്ള പൂതി അവനു് ചോപ്പു് കണ്ടു് തീരുന്നു.
എല്ലാറ്റിനും പുറമെ, ചുറ്റിലും സുലഭമായി കാണുന്ന പച്ചയിൽ നിന്നും ചോപ്പിലേക്കു് പോവാൻ കേരളീയമനസ്സു് കൗതുകം കാട്ടിയിരിക്കണം. ഈ പച്ചയുടെ മറുഭാഗമാണു് ചോപ്പു്. ‘പച്ച’ എന്ന പദത്തിലെ ‘പ’-‘ച്ച’ എന്നീ വർണ്ണങ്ങൾ തിരിച്ചിട്ടതു തന്നെയാണു് “ചോ-പ്പു്”. പച്ച വെറ്റില മുറുക്കി ചുണ്ടു് ചോപ്പിക്കുകയും പച്ച മൈലാഞ്ചി അരച്ചിട്ടു് കാലടി ചോപ്പിച്ചു് മൊഞ്ചാക്കുകയും ചെയ്യുന്ന മലയാളിമങ്കകൾ ഈ തിരിച്ചിടൽ ഓരോ ദിവസവും ഉദാഹരിച്ചു് കാട്ടുന്നുണ്ടു്.
മാതൃഭൂമി വാരാന്തപ്പതിപ്പു്, 2 മാർച്ച് 1980.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.