കുട്ടികൃഷ്ണമാരാരുടെ ഇതിഹാസപാത്രചർച്ചകൾ മലയാളികളുടെ അനേകം സങ്കല്പങ്ങളെ കീഴ്മേൽ മറിക്കുകയുണ്ടായി. ഭാരതകഥാപഠനത്തിനിടയിൽ പാണ്ഡവപക്ഷം ചെയ്ത ചില അധർമ്മങ്ങളെപ്പറ്റി ചില സൂചനകളൊക്കെ മാരാർക്കു് മുമ്പുണ്ടായിരുന്നുവെങ്കിലും കൗരവപക്ഷത്തു് എന്തെങ്കിലും ധർമ്മമുണ്ടാകാമെന്നു് ആർക്കും തോന്നിയിരുന്നില്ല. ദുര്യോധനാദികളുടെ വ്യക്തിത്വമഹത്വം എടുത്തുകാട്ടിയ വിമർശകൻ മാരാരാണു്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ടൊരു പാത്രമാണു് കർണ്ണൻ. ആ കൗരവപക്ഷപാതി പാണ്ഡവരേക്കാൾ പൂജ്യനാണു് എന്നു വരുത്തിയതു് കുട്ടികൃഷ്ണമാരാരാണു്.
എങ്ങനെ, ഏതു പരിതഃസ്ഥിതിയിൽ വന്നു പിറന്നാലും ഏതെല്ലാം വിധത്തിൽ വളർത്തപ്പെട്ടാലും ആരാലെല്ലാം എങ്ങനെയെല്ലാം ഇകഴ്ത്തപ്പെട്ടാലും പൗരുഷം അതിന്റെ കൊടുമുടികൾ കീഴടക്കുകതന്നെ ചെയ്യുമെന്നു് കർണ്ണൻ ഉദാഹരിക്കുന്നു. ഈ വ്യക്തിത്വം മാരാരെ കണക്കറ്റു് ആകർഷിച്ചു; സ്വാധീനിച്ചു. കർണ്ണപക്ഷപാതം കർണ്ണന്റെ വൈകല്യങ്ങളെ മാത്രമല്ല, കൗരവരുടെ വീഴ്ചകളെപ്പോലും ന്യായീകരിക്കുവാൻ ഈ നിരൂപകനെ പ്രേരിപ്പിച്ചു. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായ സംഗതിയാണു് കുട്ടികൃഷ്ണമാരാരു് എന്ന വ്യക്തിയിൽത്തന്നെ ഒരു കർണ്ണൻ പതിഞ്ഞു കിടപ്പുണ്ടു് എന്നതു്.
മാരാരു് കുട്ടിക്കാലത്തെക്കുറിച്ചോർക്കുകയാണു്:
“ജാതികൃതമായ മാനത്തേക്കാളധികം അപമാനം അനുഭവിച്ചുകൊണ്ടാണു് വളർന്നതു്. ഞങ്ങൾ അമ്പലവാസികളെന്നു് പറയപ്പെടാറുണ്ടെങ്കിലും ആ വർഗ്ഗത്തിൽ ഏറ്റവും താണവരാണെന്നാണു് വെപ്പു്.” (പ്രസ്താവന—ഋഷിപ്രസാദം)
കർണ്ണനും നേരിടേണ്ടിവന്ന അപമാനങ്ങളിൽ പ്രധാനം ഇതു് തന്നെയാണു്—സൂതജനെന്ന വെപ്പു്. ഇതിന്റെ പ്രതിപ്രവർത്തനമെന്നോണം ഒരൗദ്ധത്യം കർണ്ണനിൽ എന്നും കണ്ടിരുന്നുതാനും. പണ്ഡിതനെന്നും വിമർശകനെന്നുമുള്ള ഔദ്ധത്യം മാരാർക്കുമുണ്ടായിരുന്നു എന്നതിനു് തെളിവുകൾ എത്രയെങ്കിലുമുണ്ടു്:
ശിരോമണിക്കു് പഠിച്ചിരുന്ന കാലത്തു് തോന്നിയ ഒരഭിപ്രായഭേദത്തെക്കുറിച്ചു് അദ്ദേഹം പില്ക്കാലത്തെഴുതിയിരിക്കുകയാണു്:
“മമ്മടഭട്ടനാണതു് പറഞ്ഞതെന്നതുകൊണ്ടു് എന്റെ വിപ്രതിപത്തി അടക്കിവെക്കണമെന്നല്ല, ഗിരിശിഖരമേറി ഉദ്ഘോഷിക്കണമെന്നാണു് എനിക്കു് തോന്നിയതു്” (എന്റെ അടിവേരുകൾ—കല ജീവിതംതന്നെ).
അക്കാലത്തെക്കുറിച്ചു് മറ്റൊരു അനുസ്മരണമിതാ:
“എന്റെ കൂടെയുള്ളവരിൽ പലരും മുമ്പേ ഗമിച്ചീടിന ഗോവു തന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളുമായിരുന്നു. അവരിൽനിന്നും സ്വന്തം വ്യക്തിത്വം വേർതിരിച്ചുകാണിക്കാനാവാം, ഞാൻ അവർ പ്രശംസിക്കുന്നവയെ അധിക്ഷേപിക്കുവാൻ യുക്തികൾ തേടി കണ്ടുപിടിച്ചതു്. ഉദാഹരണം പലതുണ്ടു്. എന്റെ സഹചാരികൾ ശാകുന്തളത്തെ പ്രശംസിച്ചപ്പോൾ ഞാൻ മുദ്രാരാക്ഷസത്തെ പുകഴ്ത്തി. അവർ ധ്വനിസിദ്ധാന്തത്തെ പുകഴ്ത്തിയപ്പോൾ ഞാൻ മഹിമഭട്ടന്റെ അനുമാനസിദ്ധാന്തം കൈക്കൊണ്ടു” (അന്വേഷണം വാർഷികപ്പതിപ്പു്, 1970).
വലിയവനെ തല്ലുക മാത്രമല്ല ഇവിടത്തെ പ്രത്യേകത, മറ്റുള്ളവർ തലോടുന്ന എന്തിനേയും തല്ലുക എന്നതാണു് മേൽസൂചിപ്പിച്ച പ്രതിപ്രവർത്തനം തന്നെയാണല്ലോ ഇതു്.
ഈ ഔദ്ധത്യം പടർന്നുകേറുന്നതു് നോക്കൂ:
എലിമെണ്ടറി ക്ലാസുകളിലെ വിദ്യാർത്ഥികൾക്കു് വേണ്ടി എഴുതിയ വ്യാകരണപുസ്തകത്തിൽ പൂജകബഹുവചനത്തിനു് ഉദാഹരണം കൊടുത്തിരിക്കുന്നതു് ഇങ്ങനെയാണു്:
“വ്യാസർ, കാളിദാസർ, ഭീഷ്മർ, വാധ്യാർ, സ്വാമിയാർ, മാരാർ” (ഭാഷാപരിചയം).
പ്രസ്തുത പുസ്തകത്തിൽ തന്നെ കർമ്മണിപ്രയോഗങ്ങളെയും കർത്തരിപ്രയോഗങ്ങളെയും വേർതിരിച്ചെടുക്കാനുള്ള അഭ്യാസത്തിൽ കൊടുത്ത ഖണ്ഡിക:
“നമ്മുടെ ഭാഷ അഭിവൃദ്ധിപ്പെടുന്നു. പുതിയൊരു വ്യാകരണപുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. അതിൽ വ്യാകരണകാര്യങ്ങളെല്ലാം പുതിയൊരു രീതിയിലാണു് പ്രതിപാദിക്കപ്പെട്ടിരിക്കുന്നതു്. അതു് പഠിപ്പാൻ വിദ്യാർത്ഥികൾ ശ്രമപ്പെടേണ്ടതില്ല. അവർ വ്യാകരണത്തിന്റെ മുഷിപ്പത്തിൽ നിന്നു് രക്ഷപ്പെട്ടു” (ഭാഷാപരിചയം).
1949-ൽ പ്രസിദ്ധീകരിച്ച പ്രസ്തുത കൃതിയുടെ മൂന്നാംപതിപ്പിൽ നിന്നുപോലും എടുത്തുകളയേണ്ട എന്നുവെച്ച ഈ മനോഭാവം പില്ക്കാലത്തെ പ്രൗഢകൃതികളിൽ കാണുന്ന ഔദ്ധത്യത്തിന്റെ അങ്കുരം തന്നെ.

കർണ്ണന്റെ അരങ്ങേറ്റത്തിലേക്കു് വരാം: രംഗത്തെ മുഴുവൻനോക്കി ദ്രോണകൃപന്മാരെ ഏറെ വഴങ്ങാതെ വന്ദിച്ചാണു് കർണ്ണൻ കടന്നു വരുന്നതു് എന്നു് ഇതിഹാസകവി പറയുന്നു: ‘സാഹിത്യഭൂഷണ’വുമായി അരങ്ങേറുന്ന മാരാരിലും ഇതേ ഭാവം തന്നെ കാണുന്നു. ആനന്ദവർദ്ധനാചാര്യരെപ്പോലും വന്ദിക്കാനല്ലാതെ, ഏറെ വഴങ്ങാൻ ആ പൗരുഷം കൂട്ടാക്കുന്നില്ല. സാഹിത്യവേദിയിലെ സവ്യസാചിയായിരുന്ന ഏ. ആർ. രാജരാജവർമ്മ യോടു ‘താങ്കൾ താങ്കളെച്ചൊല്ലി അദ്ഭുതപ്പെടേണ്ട’ എന്ന വാക്കു് കൊണ്ടല്ലെങ്കിലും ആ കൃതി പറയുന്നുണ്ടു്. ആചാര്യന്മാരായി താൻ തന്നെ അംഗീകരിച്ചവരുടെ പോലും ‘തെറ്റുകൾ’ (എന്നു് ഉറപ്പിച്ചാണു് പ്രയോഗം. ഇതു് അവതാരികാകാരനായ ഉള്ളൂരിനു പോലും നീരസമുണ്ടാക്കിയിട്ടുണ്ടു്) സാഹിത്യഭൂഷണത്തിൽ അക്കമിട്ടു നിരത്തിയിട്ടുണ്ടു് എന്നോർക്കുക.

പ്രസ്തുത കൃതി ഉപജീവ്യനായിക്കണ്ട രാജാനകമഹിമഭട്ടൻ, സാഹിത്യത്തിന്റെ ആത്മസത്തയെ സാക്ഷാത്ക്കരിക്കാൻ പോന്നതെന്നൂറ്റംകൊണ്ട ധ്വനിസിദ്ധാന്തത്തിന്റെ പരമാചാര്യനെ വെല്ലുവിളിച്ച ധിക്കാരിയായിരുന്നു. ഇതേക്കുറിച്ചു് പ്രൊഫ. സുകുമാർ അഴീക്കോട് എഴുതി:

“മലയാളത്തിൽ സാഹിത്യഭൂഷണം വല്ലാതെ അപ്രീതിപാത്രമാവാനുള്ള ഒന്നാമത്തെ കാരണം, മഹിമഭട്ടനെ തൽക്കർത്താവു് അനുസരിച്ചുവെന്നതോ, ധ്വന്യാലോകകാരനെ എതിർത്തുവെന്നതോ അല്ല, ഏ. ആർ. തിരുമേനിയെ നേരിട്ടെതിർത്തു എന്നതായിരുന്നു. ‘അത്രയ്ക്കായോ’ എന്നായിരുന്നു പൊതുവിലുണ്ടായ പ്രതികരണം.” (മാരാരെ മനസ്സിലാക്കുക—കല ജീവിതം തന്നെ.)
കർണ്ണൻ അർജ്ജുനനെ വെല്ലുവിളിച്ചപ്പോഴുണ്ടായ പ്രതികണവും ഈ പ്രതികരണവും തമ്മിൽ അത്ര വലിയ അകലമുണ്ടോ?

മാരാരുടെ മുമ്പിലെ അർജ്ജുനവിഗ്രഹം ഏതായിരുന്നു എന്നു് ഇനിയേറെ വ്യാഖ്യാനിക്കേണ്ടതില്ല. ‘അർജ്ജുനനു് കിടയാകണം’ എന്നേ അദ്ദേഹത്തിനും ഉണ്ടായിരുന്നുവെന്നുള്ളതുകൊണ്ടാണോ ഏ. ആർ. തമ്പുരാന്റെ മിക്ക പുസ്തകങ്ങൾക്കും തുല്യമായി താനും പുസ്തകങ്ങളെഴുതിയതു്? അതുകൊണ്ടാണോ? “കാലമേറെക്കഴിഞ്ഞു് മറ്റൊരു രാജരാജനാകാൻ കച്ചകെട്ടിയിറങ്ങിയ സംസ്കൃതമാത്രവിഭവനായ ശ്രീ. കുട്ടികൃഷ്ണമാരാർ” എന്നെഴുതാൻ മുണ്ടശ്ശേരി ക്കു് (രാജരാജന്റെ മാറ്റൊലി) അവസരം ലഭിച്ചതു്?
ഏ. ആർ. ചെയ്ത മിക്കതും അതിനേക്കാൾ നന്നായി ചെയ്യും എന്ന തീർപ്പു് നടപ്പാക്കാനാണു് മാരാരു് തന്റെ ജീവിതം ചെലവിട്ടതു്. അതിൽ അദ്ദേഹം ബഹുദൂരം വിജയിക്കുകയും ചെയ്തു.
ഒറ്റ തിരിഞ്ഞ വ്യക്തിത്വം കർണ്ണന്റെയും മാരാരുടെയും പ്രത്യേകതയായിരുന്നു. പുകഴ്ത്തലുകളേക്കാൾ ഇകഴ്ത്തലുകളാണു് അവർക്കു് ഏറെ കിട്ടിയതു്. ആക്ഷേപിക്കപ്പെടുന്നതിനോടു് ഒരുതരം ആസക്തി തന്നെ ഇരുവരിലും വേരുപിടിച്ചതുപോലെ തോന്നിപ്പോകും. വിമർശനങ്ങൾക്കു നേരെ ‘ഇതിനൊക്കെ ഞാൻ അർഹനോ?’ എന്നൊരു മേനി തന്നെയുണ്ടായിരുന്നല്ലോ മാരാർക്കു്. തനിക്കെതിരെയുള്ള ഒരു രൂക്ഷവിമർശനം ഉദ്ധരിച്ചിട്ടു് അദ്ദേഹം പറയുകയാണു്:
“ഈ ബഹുമതി കൈക്കൊള്ളുവാൻ എനിക്കുള്ള അർഹത എത്ര അത്യല്പമാണെങ്കിലും ആ ഉള്ളതിനെ ഈ പുതിയ പുസ്തകം ഒന്നു കൂടി സമർത്ഥിക്കുമെന്നു് ഞാനാശിക്കുന്നു.” (മുഖവുര—പതിനഞ്ചുപന്യാസം.)
മറ്റൊരു ഖണ്ഡിക:
“ഞാൻ ആത്മകഥയെഴുതുവാൻ തുടങ്ങിയിട്ടില്ല. എഴുതണമെന്നു് തീർച്ചപ്പെടുത്തിയിട്ടുമില്ല. സംഗതിവശാൽ, ആത്മകഥാസ്പർശിയായ രണ്ടുമൂന്നു് ലേഖനം എഴുതുകയുണ്ടായിട്ടുണ്ടു്. അവയും, എന്റെ സാഹിത്യസംബന്ധിയായ മറ്റേതു ലേഖനവുമെന്നപോലെ, ചിലരെ നന്നെ മുഷിപ്പിച്ചതായിട്ടാണു് കണ്ടിട്ടുള്ളതു്. അതോർക്കുമ്പോൾ എന്താ ഒരാത്മകഥ തന്നെ അങ്ങെഴുതിയാൽ എന്നിടക്കു് തോന്നാറുണ്ടു്.” (ആത്മകഥയിൽ നിന്നൊരദ്ധ്യായം—പതിനഞ്ചുപന്യാസം).
വിമർശകനു് ലഭിക്കാവുന്ന പൂമാലകളിലൊന്നു് സ്വന്തം വീക്ഷണങ്ങൾക്കു നേരെയുള്ള കടന്നാക്രമണമാണു് എന്നറിയാത്ത ആളല്ല കുട്ടികൃഷ്ണമാരാരു്. അതുകൊണ്ടുതന്നെയാകണം, ഒരു സുയോധനനെ കാത്തിരിക്കാതെ അദ്ദേഹം സ്വയം തന്നെ കസേര വലിച്ചിട്ടു് ഇരുന്നതും.

ഗുരുഭക്തി ജീവിതത്തിന്റെ ഭൗതികപരാജയത്തിനു് വഴിവെക്കുന്നതായി കർണ്ണനിലെന്നപോലെ മാരാരിലും കാണുന്നു. ജീവിതത്തിന്റെ ആദ്യപകുതിയുടെ ശോഭനഭാഗം മുഴുവൻ വള്ളത്തോളി നും നാലപ്പാടി നും അടിപ്പെടുത്തിയാണു് മാരാരു് കഴിഞ്ഞതു്. അതുകൊണ്ടു് വന്നു ചേർന്ന ഭൗതികമായ കഷ്ടനഷ്ടങ്ങളും അവമാനങ്ങളും വേദനകളും പലയിടത്തായി മാരാരു് സൂചിപ്പിച്ചിട്ടുണ്ടു്. അപൂർവ്വം ചിലപ്പോൾ തുറന്നുപറഞ്ഞിട്ടുമുണ്ടു്. സാഹിത്യവീക്ഷണത്തെക്കൂടി അതെത്രമാത്രം ഗ്രസിച്ചുകളഞ്ഞു എന്നു് അദ്ദേഹം തന്നെ സങ്കടപ്പെടുന്നു.—‘സാഹിത്യഭൂഷണ’കർത്താവായ ആ സാഹിത്യമർമ്മജ്ഞൻ പ്രസ്തുതകൃതി രചിച്ചു് 42 കൊല്ലം കഴിഞ്ഞു് 1970-ൽ പറയുകയാണു്.

“ഞാൻ വള്ളത്തോളിലൂടെയും ഉള്ളൂരിലൂടെയും പതുക്കെപ്പതുക്കെ പിടിച്ചുകേറി കുമാരനാശാനിൽ എത്തിച്ചേർന്നവനാണു്. മലയാളത്തിൽ ഋഷികവി എന്നു പറയാവുന്ന ഒരാളുണ്ടെങ്കിൽ അതു് ആശാനാണെന്നു് പതുക്കെപ്പതുക്കെ ബോധ്യപ്പെട്ടു വരുന്നു” (അന്വേഷണം വാർഷികപ്പതിപ്പ്, 1970).

സ്വന്തമായൊരു പക്ഷപാതമുണ്ടാവുക എന്നതിൽ, കടുംപിടുത്തത്തിന്റെ കാര്യത്തിൽ, കർണ്ണനും മാരാരും ആരുടെയും പിന്നിലല്ല. മാരാർക്കു് പക്ഷപാതം മാത്രമല്ല, എല്ലാവരും “പക്ഷപാതികളാണു്” എന്നും ഉണ്ടായിരുന്നല്ലോ. സ്വന്തം ജീവിതത്തിനും മേലെ സദ്യശസ്സിനെയാണു് ഈ രണ്ടു് പോരാളികളും കണ്ടതു്. “തോല്പിക്കണം” എന്ന ക്ഷാത്രവീര്യം ഇരുവരിലും നിന്നു കത്തുന്നു.
തന്റെ വിമർശകജീവിതത്തിനു് ജന്മസിദ്ധമായിക്കിട്ടിയ യുക്തിയുടെ കവചവും സൗന്ദര്യദർശനത്തിന്റെ കുണ്ഡലവും അവസാനകാലത്തു് ആദ്ധ്യാത്മികതക്കു് ദാനം ചെയ്തു് വിമർശനക്ഷേത്രത്തിൽ നിരസ്ത്രനാകുന്ന മാരാരുടെ രൂപം ഈ ചിത്രത്തെ പൂർണ്ണമാക്കുന്നു.
തന്റെ അകത്തും പുറത്തുമുള്ള എല്ലാ പ്രത്യേകതകളും കർണ്ണനിൽ കണ്ടെത്തിയതുകൊണ്ടാണു് ആ കഥാപാത്രം ഒരു ലഹരിയായി മാരാരെ ആവേശിക്കുന്നതു്. കർണ്ണനിലൂടെയാണു് മാരാരു് ഭാരതം കണ്ടതു്. കർണ്ണന്റെ കണ്ണിലൂടെയാണു് മാരാരു് കുരുക്ഷേത്രയുദ്ധം കണ്ടതു്. കർണ്ണനെ സംബന്ധിച്ച ഏതു ലേഖനവും മാരാർക്കു് ആത്മകഥയിൽ നിന്നൊരദ്ധ്യായം തന്നെ.
മഹാഭാരതം എന്ന ഇതിഹാസത്തിലെ മുഖ്യകഥാപാത്രം കർണ്ണനാണെന്നു് മാരാരു് കണ്ടെത്തുന്നതിന്റെ (മഹാഭാരതത്തിലേക്കു്—ചർച്ചായോഗം) അടിയിൽ അവർ തമ്മിലുള്ള ഈ ആഭ്യന്തരബന്ധം കിടപ്പുണ്ടു്. മാരാരുടെ മനുഷ്യസങ്കല്പത്തിന്റെ മുഖ്യാംശമായ അഭയത്തിന്റെയും ബലത്തിന്റെയും പൗരുഷത്തിന്റെയും പ്രതിപുരുഷനും കർണ്ണനല്ലാതെ മറ്റാരുമല്ല.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.