ചരിത്രരേഖകളിലും ഔദ്യോഗികവ്യവഹാരങ്ങളിലും മലബാർ മുസ്ലിംകൾ ‘മാപ്പിളമാർ’ എന്നാണു് പരാമർശിക്കപ്പെടുന്നതു്. അവരുടെ വാമൊഴി ‘മാപ്പിളമലയാളം’ എന്നറിയപ്പെടുന്നു. മലയാളത്തിൽ സ്വന്തമായി ലിപിയുള്ള ഏക ഭാഷാഭേദം ഇതത്രെ. മലയാളത്തിലെ ചില പ്രത്യേക സ്വനങ്ങളെക്കൂടി കുറിക്കാനുതകുംവിധം അറബിലിപിമാലയിൽ ചില ചിഹ്നവ്യവസ്ഥകളേർപ്പെടുത്തി നിർമ്മിച്ച പ്രസ്തുത ലിപി ‘അറബി-മലയാള’ ലിപി എന്നറിയപ്പെടുന്നു. അറബിയിലെയും മലയാളത്തിലെയും സ്വനങ്ങളെ ഒരേസമയം ഉൾക്കൊള്ളാൻ ഈ ലിപിസമ്പ്രദായത്തിനു കഴിയും.
അറബിലിപിയുടെ ഇത്തരം പ്രാദേശികഭേദം മലബാറിൽ മാത്രമുള്ളതല്ല. ആശയവിനിമയത്തിനും മതപ്രചാരണത്തിനും വേണ്ടി അറബികൾക്കു് വിദേശഭാഷകൾ പലപ്പോഴും സ്വന്തം ലിപിയിൽ എഴുതേണ്ടിവന്നിരുന്നു. പേർസ്യൻ ഭാഷ അറബിലിപിയിൽ എഴുതപ്പെട്ടു. ക്രമത്തിൽ പേർഷ്യൻ ലിപി അപ്രത്യക്ഷമാവുകയും തൽസ്ഥാനം ഇന്നുകാണുന്ന ചില്ലറ വ്യത്യാസങ്ങളുള്ള അറബി ലിപി കയ്യടക്കുകയും ചെയ്തു. അറബികൾ സിന്ധിലെത്തിയപ്പോൾ അറബി-സിന്ധിയുണ്ടായി. അറബിത്തമിഴിന്റെ കഥയും ഭിന്നമല്ല.
അറബി-മലയാളത്തിൽ അറബി, പേർസ്യൻ, സംസ്കൃതം, ഉറുദു, തമിഴ്, കന്നട തുടങ്ങിയ ഭാഷകളിൽ നിന്നു് കടം കൊണ്ട പദങ്ങളുണ്ടു്. ഏതു കാലത്താണു് ഈ ലിപിസമ്പ്രദായം ജനിച്ചതെന്നു് തീരുമാനിക്കാൻ നിവൃത്തിയില്ല. നാലഞ്ചുനൂറ്റാണ്ടിന്റെ പഴക്കമെങ്കിലും അതിനുണ്ടാവാം. നൂറുകൊല്ലം മുമ്പുതന്നെ ഈ ലിപിമാലയെപ്പറ്റിയും അതിന്റെ പരിഷ്കരണത്തെപ്പറ്റിയും തർക്കങ്ങളും ചർച്ചകളും ഉണ്ടായതിനു് തെളിവുണ്ടു്. ഈ ചർച്ച പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾതന്നെ അക്കാലത്തിറങ്ങുകയുണ്ടായി.
കുട്ടിക്കാലം തൊട്ടേ ഖുർആൻ ഓതുക എന്നതു് മതചര്യയുടെ ഭാഗമായി മാപ്പിളമാർ പരിഗണിച്ചുവരുന്നു. അതുകൊണ്ടു് അറബിഭാഷ വശമില്ലെങ്കിലും അറബിലിപിയുമായി അവർക്കു് നല്ല പരിചയം കിട്ടിയിരിക്കും. അപ്പോൾ അറബി-മലയാളം മനസ്സിലാക്കാൻ അവർക്കെളുപ്പമുണ്ടു്. അറബിലിപിയെ മാത്രമല്ല അറബി-മലയാളലിപിയെപ്പോലും ‘ഖുറാനെഴുത്തു്’ എന്നാണവർ പറഞ്ഞുപോരുന്നതു് എന്നതു് ഏറെ കൗതുകകരമത്രെ.
ഈ സമുദായത്തിലെ കവികളും എഴുത്തുകാരും പണ്ടു് അവരുടെ രചനകൾ എഴുതാൻ തുടങ്ങിയപ്പോൾ ഈ ലിപി തെരഞ്ഞെടുത്തതു് സ്വാഭാവികമാണു്. അങ്ങനെയാണു് അറബി-മലയാളസാഹിത്യം പിറന്നതു്. ഈ ശാഖയിൽ ആയിരക്കണക്കിനു് ഗ്രന്ഥങ്ങളുണ്ടെന്നു് പറഞ്ഞുവരുന്നു.
അറബി-മലയാളസാഹിത്യത്തെ മുഖ്യമായും രണ്ടായി തിരിക്കാം—ഗദ്യവും പദ്യവും. ഇക്കൂട്ടത്തിൽ പദ്യത്തിനാണു് പ്രാമുഖ്യം. അറബി-മലയാളപദ്യസാഹിത്യം പരക്കെ ‘മാപ്പിളപ്പാട്ടുകൾ’ എന്നറിയപ്പെടുന്നു. വിശുദ്ധന്മാരെ പ്രകീർത്തിക്കുന്ന മാലപ്പാട്ടുകൾ, വിശുദ്ധയുദ്ധങ്ങൾ വിവരിക്കുന്ന പടപ്പാട്ടുകൾ, ധാർമ്മികനിർദ്ദേശങ്ങളടങ്ങിയ ഉറുദികൾ, സ്തുതിപ്രധാനമായ വിരുത്തങ്ങൾ, കഥകളും വിശുദ്ധചരിതങ്ങളുമടങ്ങുന്ന കിസ്സകൾ, പ്രേമത്തെയും വീരത്തെയും അടിസ്ഥാനമാക്കിയുള്ള കെസ്സുകൾ, കത്തുപാട്ടുകൾ, കല്യാണപ്പാട്ടുകൾ തുടങ്ങി പല അവാന്തര വിഭാഗങ്ങളും ഈ പദ്യശാഖയ്ക്കുണ്ടു്.
മാലപ്പാട്ടുകൾക്കു് തുടക്കം കുറിച്ച ‘മുഹ്യുദ്ദീൻമാല’യാണു് അറബി-മലയാളത്തിലെ ആദ്യത്തെ പദ്യകൃതി എന്നു് വിശ്വസിച്ചുപോരുന്നു. ഗ്രന്ഥകാരൻ കോഴിക്കോട്ടുകാരനായ ഖാസി മുഹമ്മദാണെന്നും രചനാകാലം കൊല്ലവർഷം 782 (ഏ. ഡി. 1607) ആണെന്നും പ്രസ്തുതകൃതിയിൽ പ്രസ്താവിച്ചിട്ടുണ്ടു്. ജിലാനിലെ മുഹ്യുദ്ദീൻശൈഖിന്റെ ജീവിതകഥകളും അത്ഭുതകൃത്യങ്ങളും കോർത്തുണ്ടാക്കിയതാണു് മുഹ്യുദ്ദീൻമാല. ബദർമാല, രിഫാഈ മാല, നഫീസത്ത്മാല, മഞ്ഞക്കുളം മാല, മമ്പുറം മാല, മലപ്പുറം മാല തുടങ്ങിയവയാണു് മറ്റു പ്രധാന മാലകൾ.
50-ഓളം പടപ്പാട്ടുകളുണ്ടു് അറബി-മലയാളത്തിൽ. അവയിൽ പ്രധാനപ്പെട്ടവയെല്ലാം ബദർ പാട്ടു്, ഉഹദ് പടപ്പാട്ടു്, മക്കം ഫതഹ്, ഫുതുഹുശ്ശാം, ഹുനൈൻ പടപ്പാട്ടു്, ഖന്തക് പടപ്പാട്ടു് തുടങ്ങിയ പേരു് സൂചിപ്പിക്കുംപോലെ ആദ്യകാല മുസ്ലിംകളുടെ യുദ്ധങ്ങളെ വർണ്ണിക്കുന്നവയാണു്. പ്രസിദ്ധകവി മോയിൻകുട്ടിവൈദ്യരു ടെ (1852–1892) പ്രധാന സംഭാവനകൾ ഈ രംഗത്താണുണ്ടായിട്ടുള്ളതു്. അദ്ദേഹത്തിന്റെ ബദർ, ഉഹദ് പടപ്പാട്ടുകളിൽ ചില ഭാഗങ്ങളുടെ വിവർത്തനം ഇന്ത്യൻ ആന്റിക്വാറിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടു്. (വാല്യം XXX, 1910, പുറങ്ങൾ 499–508, 528–537). ഇതുപോലെ പ്രാദേശിക കലാപങ്ങളെ അടിസ്ഥാനമാക്കിയും ധാരാളം പാട്ടുകൾ രചിക്കപ്പെട്ടു. മോയിൻകുട്ടിവൈദ്യരുടെ ‘മലപ്പുറം പടപ്പാട്ടു്’ മലപ്പുറത്തുണ്ടായ ഒരു കലാപം വിവരിക്കുന്നതാണു്. പോർത്തുഗീസ്-ബ്രിട്ടീഷ് ശക്തികൾക്കെതിരായി മാപ്പിളമാർ നടത്തിയ നിരവധി കലാപങ്ങളെക്കുറിച്ചും അനവധി പാട്ടുകളുണ്ടായിട്ടുണ്ടു്. ജന്മിവിരുദ്ധസമരങ്ങളും വർഗീയകലഹങ്ങളും മാപ്പിളപ്പാട്ടുകളിൽ സ്ഥലം പിടിക്കുകയുണ്ടായി. പക്ഷേ, ഇവയിൽ നല്ലൊരു ശതമാനം അന്നത്തെ അധികാരികൾ നശിപ്പിച്ചുകളഞ്ഞു. ബാക്കിയായവ കാലക്രമത്തിൽ നശിച്ചുപോവുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. 1921-ലെ മലബാർലഹളയെക്കുറിച്ചും ഒരുപാടു് പാട്ടുകൾ എഴുതപ്പെടുകയുണ്ടായി. എങ്കിലും അവയിൽ പ്രധാനപ്പെട്ട ഒന്നുപോലും ഇതുവരെ അച്ചടിക്കപ്പെട്ടിട്ടില്ല.
അറബി-മലയാളസാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കവി മോയിൻകുട്ടിവൈദ്യരാണു്. 20-ാം വയസ്സിൽ എഴുതിയ അദ്ദേഹത്തിന്റെ ആദ്യകൃതി ‘ബദറുൽ മുനീർ-ഹുസ്നുൽജമാൽ’ (1872) പ്രേമം എന്ന വിഷയം ഈ സാഹിത്യശാഖയിലേക്കു കടത്തിവിട്ടു. ബദർപടപ്പാട്ടു്, ഉഹദ് പടപ്പാട്ടു്, മലപ്പുറം പാട്ടു് തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികൾ അറബി-മലയാളത്തിലെ ഛന്ദശ്ശാസ്ത്രത്തിനു് ഭദ്രമായൊരടിത്തറ പണിതുകൊടുത്തു. കൂടുതൽ ജനപ്രീതിനേടിയ അദ്ദേഹത്തിന്റെ കൃതി ‘ഹുസ്നുൽജമാലാ’ണു്. ചില ഭാഗങ്ങളുടെ വിവർത്തനത്തോടുകൂടി എഫ്. ഫോസറ്റ് ഇതേക്കുറിച്ചൊരു ലേഖനം (A popular Moplah Song) ഇന്ത്യൻ ആന്റിക്വാറി, (വാല്യം— XXVIII, 1899, പുറങ്ങൾ 64–71)യിൽ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. നൂൽമാലയും കപ്പപ്പാട്ടും രചിച്ച കുഞ്ഞായിൻ മുസ്ലിയാർ, തത്വചിന്താപ്രധാനമായ പാട്ടുകളുടെ കർത്താവു് അബ്ദുൽ ഖാദിർമസ്താൻ, ബദ്റുൽകുബ്റാ എഴുതിയ ചാക്കീരി മൊയ്തീൻ കുട്ടി, സഫലമാല രചിച്ച മൊയ്തു മുസ്ലിയാർ, ജനകീയ ഗാനങ്ങളുടെ കർത്താവായ പുലിക്കോട്ടിൽ ഹൈദർ തുടങ്ങിയവരാണു് ഈ രംഗത്തെ ചില പ്രസിദ്ധ കവികൾ. ചില വനിതകളും മാപ്പിളപ്പാട്ടുകൾ എഴുതിയിട്ടുണ്ടെന്നതു് കൗതുകകരമാണു്; പി. കെ. ഹലീമ, വി. ആയിശക്കുട്ടി, കുണ്ടിൽ കുഞ്ഞാമിന തുടങ്ങിയവരുടെ പാട്ടുകൾക്കു നല്ല പ്രചാരം കിട്ടിയിട്ടുണ്ടു്.
മാപ്പിളമാരുടെ നിത്യജീവിതത്തിലെ സന്ദർഭങ്ങളുമായി ഈ പാട്ടുകൾക്കു് അടുത്ത ബന്ധമുണ്ടു്. പ്രകൃതിനാശങ്ങളും നടപ്പുദീനങ്ങളും ദൂരീകരിക്കുന്നതിനു് ‘നടപ്പുമൗലൂദ്’ കഴിക്കുക എന്നൊരേർപ്പാടു് ഇവർക്കിടയിലുണ്ടായിരുന്നു. പള്ളിയിൽ നിന്നു് വിളക്കുംപിടിച്ചു് ഒരു സംഘമായി ഇറങ്ങി അറബിയിലുള്ള സ്തുതിഗീതങ്ങൾ പാടിക്കൊണ്ടു് രാത്രിസമയത്തു് ഗ്രാമത്തിനു ചുറ്റും നടക്കുകയാണു് ‘നടപ്പു മൗലൂദ്’. പ്രവാചകന്റെ ജന്മമാസത്തിൽ പള്ളിയിലും വീടുകൾക്കകത്തും ‘മൗലൂദ്’ ഉണ്ടാകും. അപ്പോഴും ഗദ്യത്തിലും പദ്യത്തിലും പ്രവാചകനെ സ്തുതിച്ചു ചൊല്ലുന്നു. കഴിഞ്ഞുപോയ സിദ്ധന്മാരെ പ്രീണിപ്പിക്കുന്നതിനും നാശനഷ്ടങ്ങളിൽനിന്നു് രക്ഷകിട്ടുന്നതിനും ഉള്ള മാപ്പിളമാരുടെ മറ്റൊരേർപ്പാടാണു് ‘റാത്തീബ്’. ഇതിൽ ചിലപ്പോൾ നാവിന്മേൽ സൂചി കയറ്റുക, വയറു കുത്തിക്കീറുക തുടങ്ങിയ ഇനങ്ങളും കാണാറുണ്ടു്. ഇതാണു് ‘കുത്തുറാത്തീബ്’. റാത്തീബിന്റെ ചടങ്ങുകളിലൊന്നു് സ്തുതിഗീതങ്ങളാണു്.
സിദ്ധന്മാരുടെയും രക്തസാക്ഷികളുടെയും ചരമവാർഷികങ്ങളാണു് സാധാരണയായി നേർച്ചകൾ. നേർച്ചകളിലും മരണവുമായി ബന്ധപ്പെട്ട മറ്റു ചില ആചാരങ്ങളിലും ഗീതാലാപനമുണ്ടു്. പ്രസവം, ഗൃഹപ്രവേശം, കല്യാണം, ചേലാകർമ്മം, വിത, നാട്ടി, കൊയ്ത്തു് തുടങ്ങിയവയോടനുബന്ധിച്ചും മൗലൂദോസ്തുതികളോ കാണും. ദഫ്മുട്ടു്, അറവാനക്കളി, കോൽക്കളി തുടങ്ങിയ മാപ്പിളക്കലകളോടൊപ്പവും പാട്ടുകളുമുണ്ടു്. ഈ സന്ദർഭങ്ങളിലെല്ലാം ഒരു കാലത്തു് അറബി പദ്യങ്ങളായിരിക്കണം ഉപയോഗിച്ചിരിക്കുക. ചിലപ്പോൾ അറബി-മലയാളവും ഉപയോഗിക്കുക എന്നതു് താരതമ്യേന പുതിയതാകണം. അറബി-മലയാളത്തിലെ മാലകൾ ജനിച്ചതും ഈ വഴിക്കാകാം. അറബി ഗീതങ്ങളോടൊപ്പം അറബി-മലയാളത്തിലുള്ള മാലപ്പാട്ടുകളും അച്ചടിച്ച സമാഹാരകൃതികൾ ഇന്നും കണ്ടുവരുന്നു എന്നതു് ശ്രദ്ധിക്കണം.
മാപ്പിളപ്പാട്ടുകളുടെ സംഗീതഗുണം ഇതര നാടൻപാട്ടുകൾക്കും കണ്ടേക്കാമെങ്കിലും അവയ്ക്കുള്ള ചടുലമായ താളം മലയാളത്തിലെ മറ്റൊരു ഗാനശാഖയ്ക്കും കാണുകയില്ല. സംഗീതഗുണമുണ്ടെങ്കിൽ ഏതു പദവും എവിടെ നിന്നും സ്വീകരിക്കാൻ ഈ കവികൾ സംശയിച്ചിരുന്നില്ല. വാക്കുകളുടെ സംഗീതഗുണം ഇക്കൂട്ടർ ഏറെ ഉപയോഗിച്ചിട്ടുണ്ടു്. മാപ്പിളപ്പാട്ടുകളിലെ എല്ലാ വൃത്തഭേദങ്ങളും താളക്രമത്തിൽ അധിഷ്ഠിതമാണു്. ഈ താളവ്യത്യാസം ‘ഇശൽ’ എന്നറിയപ്പെടുന്നു.

മലയാളത്തിലെ കാൽപനികഭാവനയുടെ ഒരു കൊടുമുടി മാപ്പിളപ്പാട്ടുകളാണു്. പ്രേമവും വീരവും വിഷയമാക്കുക വഴി മനുഷ്യന്റെ ശാശ്വതയുവത്വം തന്നെയാണു് ഈ കവികൾ വിഷയമാക്കിയതു്. ഒപ്പം ഭക്തിയുടെ ഒളിയും മിന്നി നിൽക്കുന്നുണ്ടു്. കേരളത്തിലെ പല ഗാനശാഖകളുടെയും കൂമ്പടഞ്ഞു കഴിഞ്ഞു. വടക്കൻപാട്ടുകളും മറ്റും പുതിയ മുളകളില്ലാതെ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞല്ലോ. മറിച്ചു് ഇന്നും മാപ്പിളപ്പാട്ടുകളുണ്ടാകുന്നുണ്ടു്; ഈ ഗാനശാഖയുടെ സജീവധാര തുടർന്നുപോരുന്നുണ്ടു്. ഇക്കാലത്തു് കല്യാണത്തിനു പാടാൻവേണ്ടി രചിക്കപ്പെടുന്ന ഒപ്പനപ്പാട്ടുകളും ഗൾഫ് ജീവിതത്തെപ്പറ്റി രചിക്കപ്പെടുന്ന പാട്ടുകളും ഉദാഹരണം.
വായ്പാട്ടായി മാത്രം പ്രചരിച്ചുപോന്ന പാട്ടുകളും ഈ ശാഖയിലുണ്ടായിരുന്നു. മാപ്പിളപ്പാട്ടു് സമാഹരിച്ചവർപോലും അവയെ അവഗണിക്കുകയാണു് ചെയ്തതു്. ഈ രംഗത്തു് ഗവേഷണം നടത്തുന്ന ചിലരുടെ അധ്വാനഫലമായി അവയിൽ ചിലതെല്ലാം വെളിപ്പെടാൻ തുടങ്ങിയിട്ടുണ്ടു്.
മതത്തിലെ വിവാദവിഷയങ്ങളിൽ അംഗീകൃതപണ്ഡിതന്മാർ നൽകിയിരുന്ന ‘ഫത്വ’കൾ എന്ന പേരിലുള്ള വിധികളാണു് അറബി-മലയാളത്തിലെ ആദ്യത്തെ ഗദ്യം. അവ കയ്യെഴുത്തു രൂപത്തിലാണു് പ്രചരിച്ചുപോന്നതു്. എങ്കിലും അറബി-മലയാളത്തിലെ ആദ്യത്തെ ഗദ്യകൃതിയായി കണക്കാക്കിപ്പോരുന്നതു്. ‘വെള്ളാട്ടിമസ്അല’യാണു്. ഒരു സാധാരണ മുസ്ലിം സ്ത്രീയുടെ സംശയങ്ങൾക്കു് അറിവുള്ള ഒരു വെള്ളാട്ടി (അടിമ സ്ത്രീ) മറുപടി പറയുന്ന രൂപത്തിലാണു് ഇതിന്റെ രചന. ഇതു വളരെക്കാലം കഴിഞ്ഞാണു് അച്ചടിക്കപ്പെട്ടതു്. അച്ചടിക്കപ്പെട്ട ആദ്യത്തെ അറബി-മലയാള ഗദ്യകൃതി ‘തിബ്ബുന്നബിയ്യ്’ ആണു്. പ്രവാചകൻ നൽകിയ വൈദ്യവിധികൾ അടങ്ങിയ പ്രസ്തുതകൃതി അതേ പേരിലുള്ള അറബിമൂലത്തിൽനിന്നു തർജ്ജമ ചെയ്തതാണു്. കോഴിക്കോട്ടുകാരനായ അഹമ്മദുകോയ മുസ്ലിയാർ തർജ്ജമ ചെയ്ത ‘തിബ്ബുന്നബിയ്യ’ 1840-ൽ ബോംബെയിൽ അച്ചടിക്കപ്പെട്ടു. അക്കാലത്തു് അറബി-മലയാള അച്ചുകൂടങ്ങളുണ്ടായിരുന്നില്ല; ഓരോ പുറത്തിന്റെയും ബ്ലോക്കെടുത്തു് അച്ചടിക്കുകയായിരുന്നു.

മതപ്രചാരണമായിരുന്നു ആദ്യകാല അറബി-മലയാള ഗദ്യകൃതികളുടെ ഏകലക്ഷ്യം. അതിനാൽ സ്വാഭാവികമായും അവ ഭൂരിഭാഗവും തർജ്ജമകളായി. അച്ചടിക്കുന്നതിനു മുമ്പെ ഈ കൃതികളിൽ പലതും കയ്യെഴുത്തു രൂപത്തിൽ പ്രചരിച്ചിരുന്നു. അക്കൂട്ടത്തിൽ മായിൻകുട്ടി ഇളയാവി ന്റെ ‘ഖുർആൻ തർജ്ജമ’ എടുത്തുപറയണം. അദ്ദേഹം ഇതിന്റെ 100 കയ്യെഴുത്തു പ്രതികൾ പകർത്തിച്ചു് പണ്ഡിതന്മാർക്കു് എത്തിച്ചുകൊടുത്തു. ഇതിനുശേഷം പല പ്രധാനകൃതികളുടെയും തർജ്ജമകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രവാചകചരിത്രം, പ്രവാചകവചനങ്ങൾ, മതത്തിന്റെ വിധിവിലക്കുകൾ മുതലായവ അതിൽപെടുന്നു. ഈ ഗദ്യസാഹിത്യത്തിൽ തർജ്ജമകൾക്കുണ്ടായിരുന്ന പ്രാമാണ്യത്തിനു് മുന്തിയ തെളിവാണു് ‘തർജ്ജമ’ എന്ന വാക്കു് ‘ഗദ്യം’ എന്നതിനുപകരമായി അറബി-മലയാളത്തിൽ ഉപയോഗിച്ചുപോരുന്നതു്.
അറബി-മലയാള ഗദ്യസാഹിത്യവും സമ്പന്നമായൊരു ശാഖയാണു്. മതഗ്രന്ഥങ്ങൾക്കു പുറമെ വൈദ്യം, ജന്തുശാസ്ത്രം, കെട്ടിടനിർമ്മാണം, കൈരേഖാശാസ്ത്രം, ശരീരശാസ്ത്രം, ജ്യോതിശ്ശാസ്ത്രം തുടങ്ങിയവയെക്കുറിച്ചെല്ലാം ഇതിൽ ഗ്രന്ഥങ്ങളുണ്ടു്. വൈദ്യത്തിന്റെ നിരവധി ശാഖകളെക്കുറിച്ചുതന്നെ അനേകം ഗ്രന്ഥങ്ങൾ കാണാം.
കഥയ്ക്കും അറബി-മലയാളത്തിൽ അപ്രധാനമല്ലാത്തൊരു സ്ഥാനം കിട്ടിയിട്ടുണ്ടു്. ഇവിടെയും തർജ്ജമകളാണു് തുടക്കം. പേർസ്യൻ കഥയായ ‘ചാർദർവേഷ്’ (നാലു ഫക്കീറന്മാർ) ആണു് ആദ്യമായി തർജ്ജമ ചെയ്യപ്പെട്ടതു്. തലശ്ശേരി സ്വദേശി മുഹ്യുദ്ദീനുബ്നുമാഹിൻ തർജ്ജമചെയ്ത പ്രസ്തുത കൃതി 1883-ലാണു് പ്രസിദ്ധീകരിച്ചതു്. 1898-ൽ പത്തു വാല്യങ്ങളായി അറബിക്കഥകൾ തർജ്ജമ ചെയ്യപ്പെട്ടു. ഇതേത്തുടർന്നു് നിരവധി നോവലുകളും നീണ്ട കഥകളും ചെറുകഥകളും ഉണ്ടായി.
അക്കാലത്തുപോലും ഈ ശാഖയിൽ സ്വന്തമായി നിഘണ്ടുക്കൾ രചിക്കപ്പെട്ടിരുന്നു. 1897-ൽ അച്ചടിക്കപ്പെട്ട ‘ഖവാസ്സുൽ മുസ്ലിമീൻ’ ലക്കണ നഹവു നികൻടു അക്കൂട്ടത്തിൽ ഏറ്റവും പഴയതാണു്. മറ്റു പര്യായനിഘണ്ടുക്കളുമുണ്ടു്.
ക്രിസ്തുമത പ്രചാരകർ ബൈബിളും യേശുക്രിസ്തുവിന്റെ ചരിത്രവും അറബി-മലയാളത്തിലും പ്രസിദ്ധീകരിച്ചു എന്നതു് ഒരു കാലത്തു് ഈ സാഹിത്യശാഖയ്ക്കുണ്ടായിരുന്ന വിപുലമായ സ്വാധീനം വെളിപ്പെടുത്തുന്നുണ്ടു്.

1860-കളുടെ ഒടുവിൽ തലശ്ശേരിയിലാണു് ആദ്യത്തെ അറബി-മലയാള അച്ചുക്കൂടം സ്ഥാപിക്കപ്പെട്ടതു്. തീക്കൂക്കിൽ കുഞ്ഞഹമ്മദാണു് സ്ഥാപകൻ. പിന്നീടു് പൊന്നാനി, തിരൂരങ്ങാടി, വളപട്ടണം തുടങ്ങിയ സ്ഥലങ്ങളിലും അറബി-മലയാള അച്ചുക്കൂടങ്ങളുണ്ടായി. അവയിൽ ചിലതു് ഇപ്പോഴുമുണ്ടു്. അച്ചുക്കൂടങ്ങൾ സ്ഥാപിക്കപ്പെട്ടതിന്റെ ഫലമായി ദിനപത്രങ്ങളും പ്രസിദ്ധീകരണങ്ങളും ജനിച്ചു. ഒരു നൂറ്റാണ്ടു് മുമ്പു് പ്രസിദ്ധീകരണമാരംഭിച്ച ‘ഹിദായത്തുൽ ഇഖ്വാനാ’ണു് അറിയപ്പെടുന്ന ആദ്യത്തെ അറബി-മലയാള ദിനപത്രം അബ്ദുല്ലക്കോയതങ്ങൾ ആയിരുന്നു പ്രസാധകൻ. കുറച്ചുകൊല്ലത്തിനുശേഷം സി. സെയ്താലിക്കുട്ടി മാസ്റ്റർ പ്രസിദ്ധീകരണം തുടങ്ങിയ ‘റഫീഖുൽ ഇസ്ലാം’ ആണു് ആദ്യത്തെ അറബി-മലയാളവാരിക. ഇ. മൊയ്തുമൗലവി യുടെ പത്രാധിപത്യത്തിൽ ഇറങ്ങിയ ‘അൽ-ഇസ്ലാഹ്’ ദ്വൈവാരികയ്ക്കും വക്കം മുഹമ്മദ് അബ്ദുൽഖാദർമൗലവി പത്രാധിപരായിരുന്ന ‘അൽ-ഇസ്ലാം’ മാസികയ്ക്കും തുടക്കമിട്ടു. സ്ത്രീകൾക്കു് മാത്രമായി അന്നൊരു അറബി-മലയാള പ്രസിദ്ധീകരണമുണ്ടായിരുന്നു എന്നതു് ശ്രദ്ധേയമാണു്: കെ. സി. കോമുക്കുട്ടി മൗലവി പത്രാധിപരായിരുന്ന പ്രസ്തുത പ്രസിദ്ധീകരണത്തിന്റെ പേരു് ‘നിസാഹുൽ ഇസ്ലാം’ (ഇസ്ലാമിലെ സ്ത്രീകൾ) എന്നാണു്.

കഴിഞ്ഞ രണ്ടു് മൂന്നു് ദശകങ്ങളായി മലയാളികൾക്കു് അറബി-മലയാള സാഹിത്യം പരിചയപ്പെടുത്തുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. പല പ്രമുഖ കൃതികളും മലയാളത്തിലേക്കു് ലിപിമാറ്റം ചെയ്തുകഴിഞ്ഞു. ടി. ഉബൈദ്, ഒ. ആബു, പുന്നയൂർക്കുളം വി. ബാപ്പു, കെ. കെ. മുഹമ്മദ് അബ്ദുൽകരീം, സി. എൻ. അഹ്മദ് മൗലവി തുടങ്ങിയവർ ഈ സാഹിത്യവിഭാഗം പരിചയപ്പെടുത്തുന്നതിൽ മികച്ച സേവനം അനുഷ്ഠിച്ചിട്ടുണ്ടു്.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.