പത്തിരുപതുകൊല്ലം മുമ്പാണു്. കൃത്യമായി പറഞ്ഞാൽ 1984. ഒരു സുഹൃത്തിന്റെ കൂടെ ഖത്തറിൽ ചെന്നിരിക്കുകയാണു് ഞാൻ. അയാൾക്കു് അത്യാവശ്യമായി എവിടെയോ പോകാനുണ്ടു് എന്നു പറഞ്ഞപ്പോൾ ഒറ്റയ്ക്കു ദോഹാ നഗരം ചുറ്റാനിറങ്ങി. എത്തിപ്പെട്ടതു് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ടുമെന്റിന്റെ കേന്ദ്രകാര്യാലയത്തിലാണു്.
മുദീറി(പ്രധാനി)ന്റെ മുറിയിലേക്കു നേരെ കയറിച്ചെന്നു. കസേരയിൽ സുന്ദരനായ ഒരറബി യുവാവു്. വെളുത്തു മിനുത്ത പാരമ്പര്യവേഷം. തിളങ്ങുന്ന കണ്ണുകൾ, ചെറിയ താടി. മുറിയിൽ മറ്റാരുമില്ല. ഞാൻ സ്വയം പരിചയപ്പെടുത്തി. അദ്ദേഹം പാരമ്പര്യ സ്വാഗതവചനമായ ‘അഹ്ലൻ, അഹ്ലൻ’ എന്നു പറഞ്ഞു് എണീറ്റുനിന്നു് കൈ തന്നു. ‘ഇന്ത്യക്കാരനാണല്ലേ?’ എന്നു സന്തോഷത്തോടെ എടുത്തുചോദിച്ചു. അറബിയുടെ പിറകിലെ ചുമരിൽ ഗാന്ധിജി യുടെ ചിത്രം! വെള്ളക്കടലാസിൽ കറുത്ത മഷികൊണ്ടു് വരച്ചതാണു്. കാരുണ്യം നിറഞ്ഞ കണ്ണുകൾ. ചുണ്ടിൽ ഇളം ചിരി. അതിശയത്തോടും ആഹ്ലാദത്തോടുംകൂടി ഞാൻ ചോദിച്ചു:
“അതു ഗാന്ധിജിയുടെ ചിത്രമല്ലേ?”
“അതെ. ഒരിന്ത്യക്കാരനു് അതിൽ സംശയമുണ്ടോ?”
“നിങ്ങൾ അറബികൾ ആളുകളുടെ ചിത്രം ചുമരിൽ വെക്കാറുണ്ടോ?”
“ഇവിടെ പലേടത്തും പോയിക്കാണുമല്ലോ. ഞങ്ങളുടെ ഭരണാധികാരിയുടെ ഫോട്ടോ എല്ലായിടത്തും കണ്ടില്ലേ?”
ഞാൻ ഒന്നിളിഞ്ഞു. “അതു്… പക്ഷേ… ഭരണാധികാരിയല്ലേ?”
“എന്താ, ഭരണാധികാരി മനുഷ്യനല്ലേ?” അദ്ദേഹം ചിരിച്ചു.
“എന്നാലും ഇന്ത്യക്കാരനായ ഗാന്ധിജിയുടെ ചിത്രം… അതും ഒരു സർക്കാറാപ്പീസിൽ?”
“ഓ… അമുസ്ലീമിന്റെ ചിത്രം, അല്ലേ? സഹോദരാ, നിങ്ങൾക്കൊക്കെ അറബികളെപ്പറ്റി ഇങ്ങനത്തെ പല തെറ്റിദ്ധാരണകളുണ്ടു്. നിങ്ങളുടെ കണ്ണിലെ അതിശയം കണ്ടപ്പോഴേ എനിക്കതു് വ്യക്തമായി. ഞങ്ങൾ അറബികൾ ഗാന്ധിജിയെ അറിയുമോ, അറിഞ്ഞാൽത്തന്നെ ആദരിക്കുമോ, ആദരിച്ചാൽത്തന്നെ ചിത്രം വെക്കുമോ എന്നൊക്കെയാണിതിനർത്ഥം. ഈ അതിശയം ഇവിടെ വരുന്ന ഒരറബിയും കാണിച്ചിട്ടില്ല. നിങ്ങൾ ഇന്ത്യക്കാരും പാക്കിസ്താനികളുമൊക്കെയേ കാണിച്ചിട്ടുള്ളൂ.”
ഞാൻ വല്ലാതായി. വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു. “എന്താ പേരു്?”
“യൂസുഫ്. ഞാൻ അങ്ങേയറ്റം ആദരിക്കുന്ന വ്യക്തികളിലൊരാളാണു് ഗാന്ധി. അല്ലാഹു ഇത്രയധികം ക്ഷമ എത്ര പേർക്കു് നൽകിയിട്ടുണ്ടു്? ഈ ചിത്രം എന്നെയും ഇവിടെ വരുന്നവരെയും ക്ഷമയെപ്പറ്റി ഓർമിപ്പിച്ചു കൊണ്ടേയിരിക്കും.”
“ആരാണാ ചിത്രം വരച്ചതു്?”
“ഞാൻ തന്നെ. ഞാൻ ചിത്രകാരനാണു്. ആ വകയിലാണു് ജോലിയിൽ കയറിയതു്.”
എനിക്കുവേണ്ടി കാപ്പിയുണ്ടാക്കുമ്പോഴും എന്നെ യാത്രയാക്കാൻ വേണ്ടി പ്രവേശനകവാടത്തോളം വന്നപ്പോഴുമെല്ലാം ഗാന്ധിയുടെ നാടായ ഇന്ത്യ കാണാനുള്ള ആഗ്രഹത്തെപ്പറ്റിയാണു് ആ ഖത്തരിയുവാവു് പറഞ്ഞുകൊണ്ടിരുന്നതു്.
മാതൃഭൂമി: 22 ജൂലായ് 2005.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.