മലയാളികളായ നമ്മുടെ ജീവിതത്തിൽനിന്നു് തുറന്ന പെരുമാറ്റവും അതിന്റെ സൂചകമായി കാണാവുന്ന വർത്തമാനംപറച്ചിലും പതുക്കെപ്പതുക്കെ പിൻവാങ്ങിപ്പോവുകയാണോ? കൂടിക്കഴിയാനും പരിഹസിക്കാനും ബഡായി പറയാനും ഉള്ള അവസരങ്ങൾ നമുക്കു് പിന്നെപ്പിന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണോ? പ്രധാനമായും അത്തരം വർത്തമാനങ്ങൾ വഴി നിലനിന്നുപോന്ന കേരളത്തിന്റെ ഫലിതകല കാണെക്കാണെ വറ്റി വരികയാണോ?
എനിക്കു് സംശയമുണ്ടു്.
കൂട്ടുകുടുംബം തകരുകയും ഒറ്റയൊറ്റ കുടുംബങ്ങൾ നിലവിൽ വരികയും ചെയ്തതോടെ ഇവിടത്തെ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും വിശേഷംപറച്ചിലുകൾ, സ്വാഭാവികമായും, വളരെക്കുറഞ്ഞിരിക്കുന്നു. കുഗ്രാമങ്ങളിൽപോലും നിരത്തുകളും ബസ്സുകളും ആയതോടെ വഴി നടത്തം കുറഞ്ഞു. വഴിയിൽ വെച്ചു് ആളെ കണ്ടു് വർത്തമാനം പറയേണ്ട ‘ബുദ്ധിമുട്ടു്’ ഇനിയില്ല. അമ്പലപ്പറമ്പുകളും ആൽത്തറകളും നമ്മുടെ ഉറക്കെയുള്ള വർത്തമാനവും പൊട്ടിച്ചിരിയും കൊണ്ടു് ഇപ്പോൾ മുഖരിതമാവുന്നില്ല. കാലുതൂക്കിയിട്ടിരുന്നു് ഹരം പറഞ്ഞിരുന്ന സായാഹ്നങ്ങൾ ആൽത്തറകൾക്കൊപ്പം അപ്രത്യക്ഷമാവുകയാണു്. പരിഹാസത്തിൽ കുതിർന്ന നാട്ടുവിശേഷങ്ങൾ വിളമ്പുന്ന ചായപ്പീടികകൾക്കു് ആ സ്വഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പുഴക്കടവുകളിൽനിന്നും കുളക്കടവുകളിൽനിന്നും കുളി, വീട്ടിനകത്തെ ഇരുണ്ട മുറിയിലേക്കു് മാറുമ്പോൾ നമ്മുടെ വർത്തമാനവും അതുവഴിയുള്ള തമാശപറച്ചിലും തീർത്തും ഇല്ലാതാവുന്നു. നമ്മുടെ നാട്ടിൽ കോലായകൾ കോലംമാറി വരികയാണു്—തുറന്ന കോലായ എന്ന ആശയം പോയ്മറഞ്ഞുകൊണ്ടിരിക്കുന്നു. അവയുടെ നീളവും വീതിയും വളരെക്കുറഞ്ഞു. പുതിയ വീടുകൾക്കു് കോലായ പേരിനു് മാത്രമാണു്. കോലായ തന്നെ ഇല്ലാത്ത വീടുകളും അങ്ങിങ്ങു കാണാം. ആളുകളെ സ്വീകരിക്കുവാനും അവരെ ഇരുത്തി സൊറ പറയാനും നമുക്കു് സമയവും സൗകര്യവും ഇല്ല എന്നർത്ഥം.
നമ്മൾ ഇപ്പോൾ അധികവും കണ്ടുമുട്ടുന്നതു് ബസ് സ്റ്റോപ്പുകളിലും ബസ്സുകളിലുമാണു്; റയിൽവേസ്റ്റേഷനുകളിലും തീവണ്ടികളിലുമാണു്. അവനവന്റെ ബദ്ധപ്പാടുമായി ഓടുന്ന തിരക്കിൽ നാം കണ്ടുമുട്ടുകയല്ല കൂട്ടിമുട്ടുകയാണു്. നാം വൈകുന്നേരങ്ങളിൽ സിനിമാശാലയിലെ ഇരുട്ടിൽ നിശ്ശബ്ദമായി ഒത്തുചേരുന്നു.
ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെയോ, മതസംഘടനയുടെയോ ചാവേറായി, തൊണ്ട പൊട്ടുന്ന ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ചു്, മുന്നേറുന്നതിനിടയിൽ, നമുക്കു് സല്ലപിക്കാനാവുമോ?
‘വെടിവട്ടം’ എന്ന വാക്കിന്റെ അർത്ഥം അടുത്ത തലമുറയ്ക്കു് പറഞ്ഞു കൊടുത്താലും വേണ്ടമാതിരി മനസ്സിലാക്കാനാവില്ല എന്നേടത്തേയ്ക്കാണു് കാര്യങ്ങൾ പുരോഗമിക്കുന്നതു്.
ഇപ്പോൾ നമ്മുടെ സമൂഹത്തിന്റെ സല്ലാപമാധ്യമങ്ങളിലൊന്നു് ടെലിവിഷനാണു്. കുറച്ചുകാലമായി ഗൃഹാന്തരീക്ഷത്തിലും വായനശാലകളിലും അങ്ങാടികളിലും ആ സ്ഥാനം കയ്യടക്കിപ്പോരുന്നതു് റേഡിയോവും പ്രസിദ്ധീകരണങ്ങളുമാണു്.
ഇതുകൊണ്ടു് എന്താണു് കുഴപ്പം?
സല്ലാപത്തിലൂടെയും വെടിവട്ടത്തിലൂടെയും സൊള്ളുന്നതിലൂടെയുമാണു് നമ്മുടെ നർമ്മബോധം വളർച്ച പ്രാപിച്ചതു്. കേരളത്തിലെ മുന്തിയ തമാശകൾ സൃഷ്ടിച്ചിട്ടുള്ള നമ്പൂതിരിഫലിതമോ, മാപ്പിളഫലിതമോ എടുത്തുനോക്കുക. സാധാരണ മനുഷ്യരുടെ സംസാരത്തിനിടയ്ക്കു് പൊട്ടി വീഴുന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളുമായി അവ പിറവിയെടുക്കുന്നു. വാമൊഴിയായിത്തന്നെ അവ പ്രചരിക്കുന്നു. അവ പുതിയ ഫലിതങ്ങൾക്കു് ജന്മം നൽകുന്നു. അവയും കാതിൽനിന്നു് ചുണ്ടിലേക്കും ചുണ്ടിൽനിന്നു് കാതിലേക്കും പടർന്നെത്തുന്നു.
കൂടിക്കഴിയലും വർത്തമാനം പറച്ചിലും കുറഞ്ഞുവരുന്ന ഒരു സമൂഹത്തിനു് ഇത്തരം പുതിയ തമാശകൾ സൃഷ്ടിക്കാനാവുമോ? പഴയ തമാശകൾ നിലനിർത്താനാവുമോ?
സാഹിത്യകൃതികളിലും സിനിമകളിലും രാഷ്ട്രീയവേദികളിലും നിയമസഭാ റിപ്പോർട്ടുകളിലും ആപ്പീസുകളിലും മറ്റും അപൂർവ്വമായി കണ്ടുകിട്ടുന്ന തമാശകളാണു് കേരളീയന്റെ ഇപ്പോഴത്തെ ഫലിതാസ്വാദനതൃഷ്ണയെ തൃപ്തിപ്പെടുത്തുന്നതു്. നർമ്മബോധവും പ്രത്യുല്പന്നമതിത്വവും ആവശ്യപ്പെടുന്ന ചോദ്യോത്തരങ്ങളിലൂടെ പിറവിയെടുക്കുന്നതും സമൂഹത്തിനു് മൊത്തം അവകാശപ്പെടാവുന്നതുമായ ആ പഴയ ഫലിതകല ചരിത്രത്തിന്റെ ഭാഗമായിത്തീർന്നുകൊണ്ടിരിക്കുകയാണു്.
ജീവിതത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പലതും പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും തിരശ്ശീലയിലും കണ്ടെത്തുവാൻ മനുഷ്യർ ശ്രമിക്കാറുണ്ടു്. നമ്മുടെ സല്ലാപവും ചോദ്യോത്തരങ്ങളും പത്രപ്രസിദ്ധീകരണങ്ങളിലൂടെ നിലനിർത്തുവാൻ നാം ശ്രമിക്കുകയുണ്ടായോ?
കേരളത്തിൽ എല്ലാ നിലയ്ക്കും മുന്നേറി വിജയിച്ചുകൊണ്ടിരിക്കുന്ന പത്രപ്രവർത്തനത്തിന്റെ ഭാഗമായി ഉരുവംകൊണ്ടുവന്ന പുതിയൊരു ആവിഷ്ക്കാരരൂപമാണു് ‘ചോദ്യോത്തരപംക്തി.’ വർത്തമാനം പറച്ചിലിന്റെ അച്ചടിരൂപം. വായനക്കാരനു് ഒരു വരിയെങ്കിലും അവനവനെ ആവിഷ്ക്കരിക്കുവാൻ ആ പംക്തി സൗകര്യം നൽകുന്നു. അതു് പഴയ നർമ്മസല്ലാപങ്ങൾക്കു് തുല്യമാവുന്നില്ല. എങ്കിലും ഇന്നു് നമുക്കു് അതിനു പകരമായി കണ്ടെത്താവുന്ന ഏകസംഗതി ചോദ്യോത്തരപംക്തിയാണു്.
വന്നു് വന്നു് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഇപ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒരിനമായി അതു മാറിയിരിക്കുന്നു. ആരോഗ്യകാര്യങ്ങൾ, മാനസികവ്യഥകൾ, സൗന്ദര്യപ്രശ്നങ്ങൾ, പഠനത്തിന്റെ പ്രയാസങ്ങൾ, ഭാഷാ പ്രയോഗങ്ങളുടെ സാധുത, ജോലിസാദ്ധ്യത, സേവന-വേതന കാര്യങ്ങൾ, പരീക്ഷാപ്രശ്നങ്ങൾ, നിയമകാര്യങ്ങൾ, കാർഷികപ്രശ്നങ്ങൾ തുടങ്ങി കാക്കത്തൊള്ളായിരം സംഗതികളെക്കുറിച്ചു് നമ്മുടെ വായനക്കാർക്കു് തീർത്താൽ തീരാത്ത സംശയങ്ങളുണ്ടു്. അതതു രംഗത്തെ വിദഗ്ദ്ധരോ,അങ്ങനെ വൈദഗ്ദ്ധ്യം ഭാവിക്കുന്നവരോ, ചിലപ്പോൾ കോലം മാറി പത്രാധിപർ തന്നെയോ കൈകാര്യം ചെയ്യുന്ന ഇത്തരം പംക്തികൾ പ്രസിദ്ധീകരണങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടു്. ലക്ഷക്കണക്കിനു പ്രചാരമുള്ള ഏതു വാരിക എടുത്തുനോക്കിയാലും ഇപ്പറഞ്ഞമട്ടിലുള്ള ഒന്നോ രണ്ടോ ചോദ്യോത്തരപംക്തി കാണാം.
വിജ്ഞാനപ്രദമോ പ്രയോജനപ്രദമോ ആയ ഇത്തരം പംക്തികളേക്കാൾ വായനക്കാരെ ആകർഷിക്കുന്നതു് മറ്റൊരുതരം ചോദ്യോത്തരപംക്തികളാണു്. വെടിവട്ടം, നേരംപോക്കു്, സൊള്ള്, സൊറ, ബഡായി തുടങ്ങിയ പേരുകളിൽ അറിയപ്പെടുവാൻ യോഗ്യമായ അവയുടെ മുഖ്യഭാവം പരിഹാസമാണു്. പരസ്പരം പറഞ്ഞുതോൽപിക്കാൻ ഉത്സാഹിക്കുന്ന ഇത്തരം ചോദ്യോത്തരങ്ങൾ ഫലിതബിന്ദുക്കൾ ആയി രൂപം മാറുന്നു. പത്രാധിപന്മാരും എഴുത്തുകാരും സ്വന്തം പേരിലോ, ചില തൂലികാനാമങ്ങളുടെ മറവിലോ കൈകാര്യം ചെയ്തുപോരുന്ന ഇമ്മാതിരി ‘മൽപ്പിടുത്തപംക്തികൾ’ സ്വാഭാവികമായും വായനക്കാരന്റെ ഹരമായിത്തീരുന്നു.
ഈ വകുപ്പിൽപെട്ട ചോദ്യോത്തരപംക്തി നമ്മുടെ ഭാഷയിൽ ഒരു സംഭവമാക്കിത്തീർത്തതു് കൗമുദി വാരികാപത്രാധിപർ കെ. ബാലകൃഷ്ണനാ ണു്. ആ വാരികയിലെ പത്രാധിപരുടെ ‘കൗമുദിക്കുറിപ്പുകളേ’ക്കാൾ പ്രശസ്തമായിരുന്നു ‘പത്രാധിപരോടു സംസാരിക്കുക’ എന്ന ചോദ്യോത്തരപംക്തി. രാഷ്ട്രീയം, സാഹിത്യം, സിനിമ, സാമൂഹ്യപ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ചെന്നപൊലെ വ്യക്തിപരമായ വിശേഷങ്ങളെക്കുറിച്ചും കൗമുദി പത്രാധിപർ നിരന്തരം സംസാരിച്ചു. ‘ഞാൻ’ നിറഞ്ഞുനിന്ന പംക്തി. ‘സൂര്യനു താഴെയുള്ള എന്തിനെക്കുറിച്ചും’ അദ്ദേഹത്തോടു ചോദിക്കാമായിരുന്നു. ‘പോടാ പുല്ലേ’ എന്ന ഭാവത്തിൽ, അഹന്തയും പരിഹാസവും കത്തിനിൽക്കുന്ന ഭാഷയിൽ, എടുത്തടിച്ചതുപോലെ ബാലകൃഷ്ണൻ മറുപടി പറഞ്ഞുപോന്നു. കൗമുദിയിൽ നിന്നു് ഒരു ചോദ്യത്തിനു് സമ്മാനം കിട്ടുക എന്നതു് കാൽനൂറ്റാണ്ടു് മുമ്പു് ഒരു വലിയ കാര്യമായിരുന്നു എന്നുപറഞ്ഞാൽ ആ പംക്തിക്കു് അക്കാലത്തുണ്ടായിരുന്ന പ്രാധാന്യം ഏതാണ്ടു് ഊഹിക്കാം.

പ്രശസ്തരും അപ്രശസ്തരുമായ പലരും ഇത്തരം പംക്തികൾ കൈകാര്യം ചെയ്തിട്ടുണ്ടു്. വൈക്കം മുഹമ്മദ് ബഷീർ ജയകേരളത്തിൽ ‘നേരും നുണയും’ എന്ന പേരിൽ കൈകാര്യം ചെയ്തുപോന്ന ചോദ്യോത്തരപംക്തി പരിഹാസമാധുരികൊണ്ടു് വായനക്കാർക്കു് പ്രിയങ്കരമായിരുന്നു. ശത്രു എന്ന തൂലികാനാമത്തിന്റെ മറവിലിരുന്നുകൊണ്ടു് ‘ചന്ദ്രിക ആഴ്ചപ്പതിപ്പി’ൽ കാനേഷ് പൂനുരു് നടത്തിപ്പോന്ന ചോദ്യോത്തരപംക്തി (അങ്കത്തട്ടു്) ശ്രദ്ധേയമായിത്തീർന്നതും നർമ്മബോധം കൊണ്ടുതന്നെ. ബഷീറിന്റെയും കാനേഷിന്റെയും പംക്തികളിൽനിന്നു് തെരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ പിൽക്കാലത്തു് പുസ്തകങ്ങളായി പുറത്തിറങ്ങിയിട്ടുണ്ടു്.
ഈ വകുപ്പിൽപെട്ട ഒരു പംക്തിയായിരുന്നു വി. പി. മുഹമ്മദിന്റെ ‘അരിയെത്ര, പയറഞ്ഞാഴി.’ കോഴിക്കോട്ടുനിന്നു് പുറപ്പെട്ടിരുന്ന ലീഗ് ടൈംസിലും പിന്നീടു് ചന്ദ്രികയിലും തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന ഈ ചോദ്യോത്തരവേദി പേരു് സൂചിപ്പിക്കുംപോലെ ഒരു ഫലിതസദ്യയായിരുന്നു. തൊള്ളയിൽ തോന്നിയതെന്തും ചോദിക്കാമായിരുന്ന പംക്തി. ആ പംക്തിയിൽനിന്നു് തെരഞ്ഞെടുത്ത ഏതാനും ചോദ്യോത്തരങ്ങളുടെ സമാഹാരമാണു് ഈ പുസ്തകം.
കൃത്യമായി പറഞ്ഞാൽ 175 ചോദ്യവും അവയ്ക്കുള്ള ഉത്തരവുമാണു് ഇവിടെ സമാഹരിച്ചിരിക്കുന്നതു്. പല നാട്ടിൽ പല മട്ടിൽ ജീവിക്കുന്ന പലപ്രായക്കാരും പല തരക്കാരുമായ ആണും പെണ്ണും ചോദ്യം ചോദിക്കുന്നു. നിവൃത്തിയുള്ളേടത്തോളം വി. പി. തട്ടുത്തരം പറയുന്നു. വിജ്ഞാനവും പ്രയോജനവുമല്ല, സല്ലാപസ്വഭാവവും നർമ്മബോധവുമാണു് അവയെ പ്രസക്തമാക്കിത്തീർക്കുന്നതു്.
ഒരു ചോദ്യം: “നിങ്ങൾ കുടിക്കാറുണ്ടോ?”
ഉത്തരം: “ദാഹിക്കുമ്പോഴൊക്കെ.”
മറ്റൊരു ചോദ്യം: നിങ്ങളെപ്പറ്റി അല്പം താഴ്ത്തി സംസാരിച്ചപ്പോൾ ഒരുവൻ ചോദിച്ചു: “അദ്ദേഹത്തിനു് എന്താണു് ഒരു കുറവു്?” “ഒരു വാലിന്റെ കുറവുണ്ടു്”—ഞാൻ പറഞ്ഞു. “നിങ്ങളുടെ സ്വന്തം അഭിപ്രായം?”
ഉത്തരം: “നിങ്ങളോടു കടംവാങ്ങി ആ കുറവു് നികത്താം.”
വേറൊരു ചോദ്യം: “അപകടത്തിൽ മരിച്ച ആളെമാത്രം എന്തിനാണു് പോസ്റ്റ്മോർട്ടം ചെയ്യുന്നതു്?”
ഉത്തരം: “എന്റെ റബ്ബേ, അപകടത്തിൽ മരിക്കാത്തവരെയും പോസ്റ്റുമോർട്ടം ചെയ്യണമെന്നോ?”
മലബാറിന്റെ സാംസ്കാരികനേട്ടങ്ങളിൽ എണ്ണം പറഞ്ഞ ഒന്നായി നിലകൊള്ളുന്ന മാപ്പിളഫലിതത്തിന്റെ പല ഗുണവശങ്ങളും നാം ഇവിടെ കാണുന്നു: മിടുക്കു്, പ്രത്യുൽപന്നമതിത്വം, ആലോചന—അങ്ങനെ പലതും.
അവയ്ക്കൊരു നാടൻ ചുവയുണ്ടു്. മാപ്പിളഫലിതത്തിന്റെ അടിപ്പടവായി വർത്തിക്കുന്ന പ്രായോഗികത അവയെ ബലപ്പെടുത്തിയിട്ടുണ്ടു്. ഈ പ്രായോഗികബോധത്തെ സുവ്യക്തമാക്കിത്തരുന്ന വേറെ ചില ഉദാഹരണങ്ങൾ നോക്കുക.
“ചോദ്യം: ഞാനൊരു പെണ്ണിനെ സ്നേഹിക്കുന്നു. അവളുടെ ഹൃദയത്തിന്റെ സ്ഥാനത്തു് കല്ലാണെന്നു തോന്നുന്നു. ഞാനെന്തു ചെയ്യണം?
മറുപടി: കല്ലാശാരിയാവണം.”
“ചോദ്യം: ഞാൻ വളരെ ആത്മാർത്ഥമായി ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു. നേരിൽ കണ്ടു് നല്ലവണ്ണം സംസാരിക്കാൻ കഴിയുന്നില്ല എന്തു ചെയ്യണം?
മറുപടി: ഫോൺചെയ്യണം.”
“ചോദ്യം: നിങ്ങൾ മുഖ്യമന്ത്രിയായാൽ ആദ്യം എന്തായിരിക്കും ചെയ്യുക?
മറുപടി: സത്യപ്രതിജ്ഞ.”
ഇത്ര ഗുണമില്ലാത്ത ചില ചോദ്യോത്തരങ്ങളും ഈ സമാഹാരത്തിലുണ്ടു്. ചിലപ്പോൾ ചോദ്യം ഗുണം കുറഞ്ഞുപോയി, ചിലപ്പോൾ ഉത്തരം ഗുണം കുറഞ്ഞുപോയി. എങ്കിലും പൊതുവെ ഈ സമാഹാരത്തിലൂടെ കടന്നുപോവുമ്പോൾ വി. പി. മുഹമ്മദിന്റെ നോവലുകളിലും കഥകളിലും മറ്റും കാണുന്ന പ്രസാദം എന്ന ഗുണം ആരും അനുഭവിച്ചറിയുകതന്നെ ചെയ്യും.
കുട്ടികൾക്കുവേണ്ടി പല പുസ്തകങ്ങളും രചിച്ച മുഹമ്മദ് കുസൃതിയിൽ മറ്റുള്ളവരെ ജയിക്കുന്ന മിടുക്കന്മാരെയാണു് അവയിൽ നായകന്മാരാക്കിയിരിക്കുന്നതു്. അത്തരത്തിലുള്ള നാടൻ കഥാപാത്രങ്ങളിൽ ഏറെ പ്രശസ്തനായ കുഞ്ഞായൻ മുസ്ല്യാരു ടെ കുസൃതികൾ ഭംഗിയായി പുനരാഖ്യാനം ചെയ്തതു് വി. പി.-യാണല്ലോ. കുസൃതി നിറഞ്ഞ ഈ പുസ്തകത്തെ വി. പി.-യുടെ കുസൃതികൾ എന്നു വിളിക്കാം.
കുസൃതിക്കപ്പുറത്തുള്ള ചിലതും ഇവിടെ കണ്ടെത്താനാവും: തമാശയിൽ പൊതിഞ്ഞ ഒരു മറുപടി കൊടുക്കാമായിരുന്ന സ്ഥാനത്തു് മുഹമ്മദ് താൻ കണ്ടുമുട്ടിയ ഒരു പെൺകിടാവിന്റെ മാംസവില്പനക്കിടയിലെ കദനകഥ ഉള്ളിൽ തട്ടുംപടി വരച്ചിടുന്നു. ഈ മട്ടിൽ വേറെയും ജീവിത നിരീക്ഷണങ്ങളുണ്ടു്; പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഗ്രന്ഥകാരൻ രാഷ്ട്രീയത്തെപ്പറ്റി അഭിപ്രായം പറയുന്ന ഭാഗങ്ങളുണ്ടു്; മതവിശ്വാസിയായ വി. പി. മതത്തിന്റെ പേരിലുള്ള മൂഢധാരണകളെ പുച്ഛിക്കുന്ന രംഗങ്ങളുണ്ടു്. വ്യക്തിപരമായ പക്ഷപാതങ്ങൾ തുറന്നുകാണിക്കുന്ന മറുപടികളുണ്ടു്—വി. പി. മുഹമ്മദിന്റെ ആത്മകഥയുടെ ചെറിയൊരംശം ഇതിലെവിടെയോ ഉൾച്ചേർന്നു കിടപ്പുണ്ടു്.
ഏതു തമാശയിലും ഒരു ചോദ്യവും ഒരു ഉത്തരവും കാണും. നമ്മുടെ നാടൻ ജീവിതത്തിൽനിന്നു് കണ്ടെടുക്കാവുന്ന കുസൃതി നിറഞ്ഞ ചോദ്യോത്തരങ്ങളിൽ ചിലതു് പഴമൊഴിയായി വേരുപിടിച്ചതിന്റെ ഉദാഹരണമാണു് ‘അരിയെത്ര? പയറഞ്ഞാഴി’ എന്ന പ്രയോഗം. ആ പ്രയോഗത്തിന്റെ തലയിൽക്കെട്ടുമായി നില്ക്കുന്ന ഈ സല്ലാപസാഹിത്യം മലയാളിജീവിതത്തിന്റെ തനിമയിൽനിന്നു് നഷ്ടപ്രായമായിക്കൊണ്ടിരിക്കുന്ന നർമ്മസല്ലാപത്തെപ്പറ്റിയും പരിഹാസത്തെപ്പറ്റിയും നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുമെന്നു് ഞാൻ പ്രതീക്ഷിക്കുന്നു.[1]
[1] വി. പി. മുഹമ്മദിന്റെ ‘അരിയെത്ര പയറഞ്ഞാഴി’ എന്ന പുസ്തകത്തിന്റെ അവതാരിക: പി. കെ. ബ്രദേഴ്സ്, കോഴിക്കോട്: മാർച്ച് 1990.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.