എത്രയും പ്രിയപ്പെട്ട പത്രറിപ്പോർട്ടർമാരും പത്രാധിപന്മാരും വായിച്ചറിയുവാൻ,
ഞാനും ഭാര്യയും ഒന്നിച്ചു മരിക്കുകയാണു്. ഞങ്ങൾ സന്തോഷത്തോടെ ജീവിച്ചു. ഇപ്പോൾ സന്തോഷത്തോടെ മരിക്കുന്നു.
ഞങ്ങളുടെ ശവത്തിനു കാവൽ നിൽക്കേണ്ട ഭാരം പോലീസുകാർക്കും ശവം ദഹിപ്പിക്കേണ്ട ഭാരം കുടുംബക്കാർക്കും ഉണ്ടാകാതിരിക്കാൻ ഞങ്ങൾ തന്നെ ശവങ്ങൾ പെട്രോളൊഴിച്ചു കത്തിച്ചുകളയുകയാണു്. ഇക്കാലത്തെ പെട്രോളിന്റെ തീ പിടിച്ച വില! എന്തുചെയ്യാം, മരണവും ശവദാഹവും ഒന്നിച്ചു് സംഘടിപ്പിക്കാൻ ഏറ്റവും ലാഭകരമായ വഴി ഇതേയുള്ളൂ. ജീവിതമാണെങ്കിലും മരണമാണെങ്കിലും ലാഭം പ്രധാനമാണല്ലോ.
കല്യാണം കഴിഞ്ഞു വാടകവീട്ടിൽ താമസമാക്കിയ കാലം മുതൽ ഞങ്ങൾ പത്രങ്ങളിൽ രസംപിടിച്ചു വായിച്ചിരുന്നതു കുടുംബ ആത്മഹത്യാവാർത്തകളാണു്. അതിലെ ഫോട്ടോകൾ നോക്കിയും ഭാര്യമാരുടെയും ഭർത്താക്കന്മാരുടെയും മുഖശ്രീയെപ്പറ്റി ചർച്ചചെയ്തും ഞങ്ങൾ മുന്നേറി. ഞങ്ങളിൽ ആർക്കാണു് ആ ബുദ്ധി ആദ്യം ഉദിച്ചതു് എന്നറിഞ്ഞുകൂടാ, ഒന്നിച്ചു് ആത്മഹത്യ ചെയ്തുകളയാം എന്നൊരു തീർപ്പിൽ ഞങ്ങൾ എത്തി.
പത്രക്കാർക്കു് എഴുതാൻ ഒരു മരണകാരണം വേണമല്ലോ, അതെങ്ങനെ കണ്ടുപിടിക്കും എന്ന ചിന്ത ഞങ്ങളെ കുഴക്കി. പിന്നെ എനിക്കുതോന്നി, ജനിക്കാനും ജീവിക്കാനും ഒന്നും കാരണം വേണ്ടല്ലോ. പിന്നെ, മരിക്കാൻ മാത്രം എന്തിനാണു് ഒരു കാരണം? ഞാൻ അതു ഭാര്യയെ പറഞ്ഞു മനസ്സിലാക്കി. ബുദ്ധിമതിയായതിനാൽ അവൾക്കതു് എളുപ്പം തിരിഞ്ഞു.
കുടുംബം ഒന്നിച്ചു് ആത്മഹത്യ ചെയ്തതിന്റെ സചിത്രവാർത്ത സ്ഥിരമായി വായിക്കുന്ന ആർക്കും അത്തരം ഒരു വാർത്ത സൃഷ്ടിക്കുന്നതിന്റെ രസം വേഗം മനസ്സിലാവും. എങ്ങനെയും ഉന്തിത്തള്ളി ജീവിതം മുന്നോട്ടു കൊണ്ടുപോകണം എന്നു വിചാരിക്കുന്നവർക്കു് അതു പിടികിട്ടില്ല. പോട്ടെ.
ഞങ്ങളുടെ കൂട്ട ആത്മഹത്യയുടെ വാർത്ത ഒന്നാം പേജിൽതന്നെ കഴിയുന്നത്ര പ്രാധാന്യം നൽകി കൊടുക്കാൻ അപേക്ഷ. ഞങ്ങൾ കത്തിക്കരിഞ്ഞു കിടക്കുന്നതിന്റെ ഫോട്ടോ എടുക്കരുതേ. അബദ്ധവശാൽ എടുത്താലും അതു വാർത്തയുടെ കൂടെ ചേർക്കരുതേ. നിങ്ങൾക്കറിയാമല്ലോ, അതിനു ഭംഗിയുണ്ടാവില്ല. എന്റെ ഭാര്യയ്ക്കു് അതു് ഒട്ടും ഇഷ്ടമാവില്ല.
ഇതൊന്നിച്ചുള്ള ഞങ്ങളുടെ കുടുംബഫോട്ടോകളിൽ നിന്നു തെരഞ്ഞെടുത്തവ മാത്രം കൊടുത്താൽ മതി. ഫോട്ടോകളിൽ കളറും ബ്ലാക്ക് ആൻഡ് വൈറ്റും ഉണ്ടു്.
കളർഫോട്ടോ തന്നെ കൊടുക്കുന്നതാണു ഞങ്ങൾക്കു് ഇഷ്ടം. അതല്ലേ, അതിന്റെ ഒരന്തസ്സു്! പിന്നെ, അതിനു ഞാൻ പണം തരേണ്ടതുമില്ലല്ലോ. കുടുംബക്കാർക്കും നാട്ടുകാർക്കുമൊക്കെ അതു കണ്ടാൽ സന്തോഷമാവും. ചിലർക്കു് അസൂയയും. നല്ല രസം!
മരണവാർത്തയെപ്പറ്റിയും അതിന്റെ കൂടെ ചേർക്കേണ്ട ഫോട്ടോയെപ്പറ്റിയും ഞങ്ങൾ വിശദമായി ചർച്ചചെയ്തതാണു്. കലഹിക്കുകയും ഉണ്ടായി. അതു നിങ്ങളും അറിയേണ്ടതാണു്.
ഞാൻ പറഞ്ഞു പത്രത്തിൽ ലക്ഷക്കണക്കിനു് ആളു കാണുന്നതല്ലേ? അന്തസ്സായി നമുക്കു ഫോട്ടോ എടുത്തുവയ്ക്കണം. ഒരെണ്ണം കളർ, ഒരെണ്ണം ബ്ലാക്ക് ആൻഡ് വൈറ്റ്. പിന്നെ അതിന്റെ ധാരാളം കോപ്പികൾ. അപ്പോൾ ഭാര്യ ഒരേയൊരു പിടി—കളർഫോട്ടോ മാത്രംമതി, എന്നാൽ പിന്നെ അതല്ലേ അച്ചടിച്ചുവരൂ.
ഞാൻ സമ്മതിച്ചില്ല. കളർ മാത്രമായാൽ അതു കൊടുക്കാൻ സൗകര്യമില്ലാഞ്ഞിട്ടു് ഒരു ഫോട്ടോയും വരാത്തതിനെക്കാൾ ഭേദമല്ലേ ബ്ലാക്ക് ആൻഡ് വൈറ്റ് എങ്കിലും വരുന്നതു്? നമ്മൾ കൂട്ട ആത്മഹത്യ ചെയ്തിട്ടു പത്രത്തിൽ ഫോട്ടോ വന്നില്ലെങ്കിൽ മോശമല്ലേ?
അവസാനമായി ടൗണിലെ വലിയ ഹോട്ടലിൽ പോയി ബിരിയാണി കഴിക്കുക, ഒന്നിച്ചു സിനിമ കാണുക, ബീച്ചിൽ ചെന്നിരുന്നു് ഐസ്ക്രീം കഴിക്കുക തുടങ്ങിയ ആസന്നമരണച്ചടങ്ങുകൾ എല്ലാം നടത്താൻ ഞങ്ങൾ നിശ്ചയിച്ചിരുന്നു. അക്കൂട്ടത്തിൽ അവൾക്കൊരു മുന്തിയ സാരികൂടി വാങ്ങിക്കൊടുക്കാമെന്നു തലയിൽതൊട്ടു സത്യം ചെയ്തതിനു ശേഷമാണു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ എടുക്കാം എന്നു് അവൾ സമ്മതിച്ചതു്.
അപ്പോൾ അവൾ ഒരു ഉപാധിക്കൂടിവച്ചു: മരണസമയത്തു് അവൾ ആ സാരിയുടുക്കും. എനിക്കു നല്ല ദേഷ്യം വന്നു. നശിപ്പിക്കുന്നതിനു് ഒരു കണക്കുവേണ്ടേ? നമ്മൾ മരിച്ചു കഴിഞ്ഞാൽ പിന്നെ, ഈ സാരി നിങ്ങളുടെ പെങ്ങൾ കൊണ്ടുപോകില്ലേ എന്നു് അവൾ ചോദിച്ചപ്പോഴാണു് എനിക്കു വെളിവുവന്നതു്. ഞാനുടനെ സമ്മതിച്ചു. പെണ്ണുങ്ങൾക്കു ബുദ്ധിയില്ല എന്നു പറയുന്നതു ശരിയല്ല, കേട്ടോ.
ആ വകയിൽ എനിക്കു ചെറിയൊരു നഷ്ടംപറ്റി. മരണവാർത്തയോടൊപ്പം വരുന്ന ഫോട്ടോയിൽ ആ സാരി കാണണമെന്നു് അവൾ വാശിപിടിച്ചതിനാൽ അതുടുത്തു ഫോട്ടോ എടുക്കുന്നതിനുവേണ്ടി ഒരു വട്ടം കൂടി ടൗണിൽ പോകേണ്ടിവന്നു. സാരമില്ല. ഒരാളുടെ അവസാനത്തെ ആഗ്രഹമല്ലേ?
അതുകൊണ്ടു ഞങ്ങൾ വീണ്ടും വീണ്ടും അപേക്ഷിക്കുകയാണു്. കഴിയുന്നതും കളർ ഫോട്ടോ തന്നെ കൊടുക്കണം.
ഞങ്ങൾക്കു മറ്റൊരു അപേക്ഷ കൂടിയുണ്ടു്. നിങ്ങൾക്കു് എന്തു തിരക്കുണ്ടെങ്കിലും ഈ മരണവാർത്തയുള്ള പത്രം നമുക്കേവർക്കും വളരെ പ്രിയപ്പെട്ട മമ്മൂട്ടിക്കും മോഹൻലാലിനും അയച്ചുകൊടുക്കണം. ആത്മഹത്യയെപ്പറ്റി ചർച്ചചെയ്തപ്പോഴൊക്കെ അവർ രണ്ടുപേരും ഈ വാർത്ത വായിക്കുന്നതും ഞങ്ങളുടെ ഫോട്ടോ കാണുന്നതും സങ്കൽപിച്ചു ഞങ്ങൾ രസിച്ചിരുന്നു.
അവസാനത്തെ ചടങ്ങുകളിലൊന്നായ സിനിമയെപ്പറ്റി ഞങ്ങൾക്കിടയിൽ വലിയൊരു തർക്കം നടന്നു. അവസാനമായി കാണുന്നതു മോഹൻലാലിന്റെ സിനിമ വേണമെന്നു ഞാൻ. മമ്മൂട്ടിയുടേതു വേണമെന്നു ഭാര്യ. ഒടുക്കം രണ്ടുപേർക്കും തുല്യപ്രാധാന്യമുള്ള ‘ഹരികൃഷ്ണൻസ്’ കാണാം എന്നു വച്ചു. മുൻപു പലവട്ടം കണ്ടതു കാര്യമാക്കാനില്ല എന്നുംവച്ചു. ആ സിനിമ ഞങ്ങൾക്കുവേണ്ടി ഉണ്ടാക്കിയതാണെന്നു തോന്നിപ്പോയി.
പിന്നെയാണു് ഓർത്തതു് അതിനു രണ്ട് അവസാനമുണ്ടു്. ഒന്നിൽ മമ്മൂട്ടി ജയിക്കുന്നു. മറ്റേതിൽ മോഹൻലാലും. ഇതിലേതു കാണും? പ്രശ്നമായി. കരച്ചിലായി. നിരാഹാരമായി, മിണ്ടാട്ടം മാറി. ഞങ്ങൾക്കിടയിലെ സ്നേഹം എവിടെയോ പൊയ്മറഞ്ഞു. ആ സിനിമയിലെപ്പോലെ നറുക്കിട്ടു തീരുമാനിക്കാം എന്നു ഞാൻ പറഞ്ഞുനോക്കി. അവൾ സമ്മതിച്ചില്ല. ആ വകയിൽ ആത്മഹത്യ നീണ്ടുപോയതിന്റെ മുഷിപ്പിൽ എന്റെ ഭാര്യ ‘എന്നാപ്പിന്നെ നമുക്കു് ആത്മഹത്യതന്നെ വേണ്ട’ എന്നുവരെയും പറഞ്ഞുകളഞ്ഞു! എന്റെ ചങ്കുപൊടിഞ്ഞുപോയി.
ഞാൻ പ്രേമിച്ചുകല്യാണം കഴിച്ച പെൺകുട്ടിയുടെ ഇത്രയും പ്രധാനപ്പെട്ട അന്ത്യാഭിലാഷം സാധിച്ചുകൊടുക്കാതിരിക്കുകയോ? ഞാൻ അത്രയ്ക്കു ക്രൂരനല്ല. മമ്മൂട്ടി ജയിക്കുന്ന ഹരികൃഷ്ണൻസ് തന്നെ ദൂരെ ഒരു നാട്ടിൽ ചെന്നു കണ്ടു. ആ ദീർഘയാത്രയിലാണു് എന്റെ ത്യാഗബുദ്ധിയും സാഹസികമനോഭാവവും ഭാര്യയ്ക്കു വ്യക്തമായി മനസ്സിലായതു്.
മോഹൻലാലിനോടുള്ള ആരാധനയ്ക്കു തരിമ്പും കോട്ടമില്ലാതെയാണു ഞാൻ മരണം പൂകുന്നതു്. ഇനി പത്രത്തിൽ കാണാം.
ലാൽ സലാം!
സ്വന്തം കേരളീയൻ.
മലയാള മനോരമ: 21 ഫെബ്രുവരി 2000.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.