പാകിസ്താനിലെ സാമൂഹ്യജീവിതത്തിന്റെ എല്ലാ തലങ്ങളെയും നിയന്ത്രിക്കുന്നതു് ഇസ്ലാംമതമാണു് എന്നു് പൊതുവേ ഒരു ധാരണയുണ്ടു്. ജനാധിപത്യമൂല്യങ്ങളിലും പൗരാവകാശങ്ങളിലും വിശ്വാസമുള്ളവരെ നടുക്കിക്കൊണ്ടു് മുഖ്താർമായി യുടെ കഥ പുറത്തുവന്നപ്പോൾ പൊളിഞ്ഞുവീണതു് ഈ വിശ്വാസമാണു്. ഗോത്രപാരമ്പര്യം, ജാതിഘടന, ജന്മി–കുടിയാൻ വ്യവസ്ഥ മുതലായവയുടെ മേൽക്കൈ പുലരുന്ന ആ നാട്ടിൽ പൗരാവകാശങ്ങൾ എന്നപോലെ ഇസ്ലാമിക മൂല്യങ്ങളും ചവിട്ടിമെതിക്കപ്പെടുന്നതിന്റെ പ്രധാനപ്പെട്ട ഇര സ്ത്രീയാണു് എന്നു് മീർവാലക്കാരിയായ ആ ദരിദ്രയുവതിയുടെ ദുരന്തകഥ തെളിച്ചെഴുതുകയുണ്ടായി.
മായിയുടെ പന്ത്രണ്ടു വയസ്സുള്ള അനിയൻ ശുക്കൂർ, സൽമ എന്ന യുവതിയോടു് ഗോതമ്പുവയലിന്റെ വക്കത്തുവെച്ചു് ചിരിച്ചു രസിച്ചു വർത്തമാനം പറഞ്ഞു എന്നേടത്താണു് തുടക്കം. കഥകൾ പലവഴിക്കു പടർന്നു. അവൻ അവളെ പ്രേമിച്ചുകളഞ്ഞു! അവളെ ബലാത്സംഗം ചെയ്തു! അവരിരുവരും പരസ്പരതാൽപര്യത്തോടെ ഇണചേർന്നു!
ഈ വിഷയത്തിനു് പല അടരുകളുണ്ടു്:
- ശുക്കൂറും കുടുംബവും ‘ഗുജാർ’ എന്നു പേരായ ‘താണ’ജാതിയിൽപ്പെട്ടവരാണു്. സൽമയും കുടുംബവും ‘മസ്തോയി’ എന്നു പേരായ ‘മേൽ’ജാതിയിൽപ്പെട്ടവരും.
- ഗുജാറുകൾ ദരിദ്രരായ കർഷകത്തൊഴിലാളികളും മസ്തോയികൾ സമ്പന്നരായ ജന്മികളും ആണു്.
- ഈ വിഷയം ഗോത്രസഭ (ജിർഗ) യിലാണു് ചർച്ചയ്ക്കു വന്നതു്. മസ്തോയി പെൺകിടാവിനു് മാനം പോയതിന്റെ പരിഹാരം അതിനുത്തരവാദിയായ ഗുജാറിന്റെ ജാതിയിൽപ്പെട്ട ഒരു പെൺകിടാവിനെ കൂട്ടബലാത്സംഗം ചെയ്യുക എന്നതാണു്. അത്തരം ശിക്ഷാരീതി ഇസ്ലാമികവ്യവസ്ഥയ്ക്കു് (ശരീഅത്തു്) തീർത്തും വിരുദ്ധമാണു് എന്ന ഗ്രാമപുരോഹിതന്റെ (മുല്ലാ) വിലക്കു് ആരും വിലവെച്ചില്ല. നിസ്സഹായരായി ആ വിധി കേട്ടുനിന്നവരുടെ കൂട്ടത്തിൽ അവളുടെ ബാപ്പയും അമ്മാവനും ഉണ്ടായിരുന്നു…
അപമാനവും വ്യസനവും പേറി ആത്മഹത്യയിലേക്കു നടന്നുനീങ്ങുന്നതിനു പകരം കോടതിയിലേക്കും മാദ്ധ്യമങ്ങളിലേക്കും ചെന്നു എന്നേടത്താണു് നിരക്ഷരയായ മുഖ്താർമായിയുടെ കഥ ആരംഭിക്കുന്നതു്. കരയുന്നതിനു പകരം കോപിക്കാനും മാനക്കേടു് ഒളിച്ചുവെക്കുന്നതിനു പകരം തുറന്നുപറയാനും അവൾ ആളായി. ആരൊക്കെ, എപ്പോഴൊക്കെ തന്നോടു് എന്തൊക്കെ ചെയ്തു എന്നു് അവൾ ജഡ്ജിയോടും പത്രക്കാരോടും പറഞ്ഞു. മായി കേസ്സു് ജയിച്ചു. ആ ബലാത്സംഗക്കാർ ശിക്ഷിക്കപ്പെട്ടു. മിക്കവർക്കും ജീവപര്യന്തം തടവുകിട്ടി. ആ കഥ അനേകം മാദ്ധ്യമങ്ങളിലൂടെ ലോകമറിഞ്ഞു. നാനാഭാഗത്തുനിന്നും പല പ്രകാരത്തിലുള്ള സഹായങ്ങളുടെ ഒഴുക്കായി. മായിയുടെ വീടു് അനീതിക്കിരയാവുന്ന സ്ത്രീകളുടെ അഭയകേന്ദ്രമായി. അവൾ സ്ത്രീസുരക്ഷാകേന്ദ്രങ്ങളും വനിതാവിദ്യാലയങ്ങളും ആരംഭിച്ചു. പൊരുതുന്ന സ്ത്രീത്വത്തിന്റെ ആവേശദായകമായ ആ ചരിത്രമാണു് In the name of honour (2006) എന്ന പേരിലുള്ള മായിയുടെ ആത്മകഥ. ഫ്രഞ്ച് പത്രപ്രവർത്തകരുടെ സഹായത്തോടെയാണു് ഇതു തയ്യാറാക്കിയതു്. മാനത്തിന്റെ പേരിൽ എന്ന തലക്കെട്ടിൽ അതു് മലയാളത്തിലെത്തിയിരിക്കുന്നു (പരിഭാഷ: ശകുന്തള സി., ഡി. സി. ബുക്സ്, കോട്ടയം: ആഗസ്ത് 2009).
പാകിസ്താനു് മുൻപരിചയമില്ലാത്ത തരമുള്ള സ്ത്രീസമരത്തിന്റെ പ്രതീകമാണു് താൻ എന്നു് ഗ്രന്ഥകാരി വേണ്ടമാതിരി തിരിച്ചറിയുന്നുണ്ടു്:
- ‘ഞാനെന്റെ പ്രദേശത്തു് അതിക്രമത്തിനിരയാവുന്ന എല്ലാ സ്ത്രീകൾക്കുംവേണ്ടി നിലകൊള്ളുന്നു’ (പു. 46, 47).
- ‘ആയിരക്കണക്കിനു് പാകിസ്താൻ സ്ത്രീകളെ സംബന്ധിക്കുന്ന ഒരു കഥയുടെ പ്രത്യക്ഷമുഖമായി ഞാൻ മാറിയിരിക്കുന്നു (പു. 48).
‘കുടുംബമല്ലാതെ എനിക്കാശ്രയിക്കാൻ ഒരേയൊരു ബലമേയുള്ളൂ—എന്റെ കടുത്ത അപമാനം’ (പു. 35).
അവിടത്തെ ഗോത്രാധിപത്യം സ്ത്രീത്വത്തെ കൈകാര്യം ചെയ്യുന്ന രീതിയുടെ വിശകലനമാണിതു്: ‘അവർക്കു് ആയുധങ്ങൾ ഉപയോഗിക്കേണ്ട ആവശ്യം തന്നെ വരുന്നില്ല. മാനഭംഗം അവളെ കൊല്ലുന്നു. ബലാത്സംഗമാണു് ഒടുക്കത്തെ ആയുധം: അതു മറ്റേ ഗോത്രത്തെ എന്നത്തേക്കുമായി നാണം കെടുത്തുന്നു’ (പു. 22).
ജന്മി–കുടിയാൻ വ്യവസ്ഥ മണ്ണിനെയും പെണ്ണിനെയും കൈകാര്യം ചെയ്യുന്നതിൽ സമാനതകൾ പലതുണ്ടു്: ‘അതാണു് ജന്മിത്തത്തിന്റെ അധികാരം. അതു് മണ്ണിൽ തുടങ്ങുന്നു, മാനഭംഗത്തിൽ അവസാനിക്കുന്നു’ (പു. 42)
കേരളത്തിലെ സ്ത്രീവിമോചനപ്രസ്ഥാനങ്ങളുടെ സവിശേഷമായ ശ്രദ്ധ ഈ പുസ്തകം അർഹിക്കുന്നുണ്ടു്. പലവിധമായ പൗരാവകാശനിഷേധങ്ങൾക്കു് ഇവിടത്തെ മുസ്ലീം സ്ത്രീകൾ വിധേയരാവുന്നുണ്ടെങ്കിലും ഇവിടെ ഇപ്പോഴും കാര്യമായ ചെറുത്തുനില്പു് ആരംഭിച്ചുകഴിഞ്ഞിട്ടില്ല. ഇത്തരം ഒരാത്മകഥയും മലയാളത്തിൽ എഴുതപ്പെട്ടില്ല.
ആ കഥ പിന്നെയും തുടർന്നു. പുസ്തകത്താളുകളിലല്ല. നിത്യജീവിതത്തിൽ.
മുഖ്താർമായിയുടെ അംഗരക്ഷകനായിരുന്ന പോലീസുകാരൻ അവളെ പ്രേമിച്ചു. ഭാര്യയും കുട്ടികളുമുള്ള ആ മനുഷ്യന്റെ പ്രണയാഭ്യർത്ഥന വെറുമൊരു ചാപല്യമായി മാത്രമേ കഥാനായിക കണക്കാക്കിയുള്ളൂ. അയാളുടെ വിവാഹാഭ്യർത്ഥന ആത്മഹത്യാഭീഷണിയായി കോലം മാറിയിട്ടും അവർ കുലുങ്ങിയില്ല. പിന്നെ വന്നതു് ആ പോലീസുകാരന്റെ ഭാര്യയാണു്. ആ കല്യാണം നടന്നില്ലെങ്കിൽ അവളെയും കുട്ടികളെയും അയാൾ ഉപേക്ഷിക്കും! അപകടം അതുകൊണ്ടും തീരില്ല. അതോടെ അവളുടെ രണ്ടു് ആങ്ങളമാർ കെട്ടിയ പോലീസുകാരന്റെ സഹോദരിമാർ ഉപേക്ഷിക്കപ്പെടും. (ഭാര്യയുടെ സഹോദരൻ ഭർത്താവിന്റെ പെങ്ങളെ കെട്ടുന്ന ‘മാറ്റക്കല്യാണ’ത്തിന്റെ സമ്പ്രദായമുണ്ടു് പാക്കിസ്താനിൽ). മായി ആ കല്യാണം കഴിച്ചില്ലെങ്കിൽ മൂന്നു കുടുംബം തകർന്നുപോകും എന്നതായി സ്ഥിതി. അവർ പോലീസുകാരന്റെ രണ്ടാം ഭാര്യയാവാൻ തീരുമാനിച്ചു.
വിവാഹവാർത്ത പാകിസ്താനിൽ വൻവിവാദത്തിനു് വിഷയമായി. മുഖ്താർ പാകിസ്ഥാനിലെ സ്ത്രീവിമോചന പ്രസ്ഥാനങ്ങളെ വഞ്ചിച്ചുവെന്നു് ആക്ഷേപമുയർന്നു. ഒരാളുടെ രണ്ടാം ഭാര്യയാവാൻ തീരുമാനിച്ചതിലൂടെ ബഹുഭാര്യത്വത്തെ അംഗീകരിക്കുകയും ആ ജീർണ്ണതയ്ക്കെതിരായ സമരത്തെ പിന്നിൽനിന്നു് കുത്തുകയും ചെയ്തു എന്നായിരുന്നു പ്രധാനപ്പെട്ട വിമർശനം. വ്യക്തിപരമായ ത്യാഗത്തിലൂടെ മൂന്നു കുടുംബങ്ങളെ പൊതുവിലും ആ ഭാര്യമാരെ വിശേഷിച്ചും രക്ഷിക്കുകയാണു് മായി ചെയ്തതു് എന്നു് ഇതിനു് മറുപടി പറഞ്ഞവരുണ്ടു്. എങ്ങനെ, ആരെ, എപ്പോൾ കല്യാണം കഴിക്കണം എന്നതു് മായിയുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നമായതിനാൽ അതു് സ്ത്രീകളുടെ സാക്ഷരതയ്ക്കും സുരക്ഷയ്ക്കുംവേണ്ടി അവർ നടത്തുന്ന സേവനപ്രവർത്തനങ്ങളെ ഒരു നിലയ്ക്കും ബാധിക്കുകയില്ലെന്നു് ഒരു മൂന്നാം പക്ഷവും ഉണ്ടു്.
വാദപ്രതിവാദങ്ങൾ എങ്ങനെയൊക്കെ പോയാലും, ഈ കല്യാണം പാകിസ്താനിലെ സ്ത്രീമുന്നേറ്റങ്ങൾക്കു് തിരിച്ചടിയാവും എന്നതിനെപ്പറ്റി സംശയമില്ല. കാലം എഴുതിച്ചേർത്ത ഈ അനുബന്ധം പുസ്തകത്തിന്റെ പ്രസക്തി കുറയ്ക്കുകയല്ല, കൂട്ടുകയാണു്. സ്ത്രീത്വത്തിന്റെ പരിമിതികളിലേയ്ക്കാണല്ലോ ആ കല്യാണം ചൂണ്ടുന്നതു്.
കഷ്ടം! മായിയുടെ ദുരന്തം ആ ബലാത്സംഗത്തിലോ ആ കല്യാണത്തിലോ ഒടുങ്ങിയില്ല. പാകിസ്താനിലെ സുപ്രീംകോടതി 2011 ആദ്യം അവരുടെ കേസ്സിലെ പ്രതികളെയെല്ലാം വെറുതേ വിട്ടു! ജനസമക്ഷം നടന്ന ആ കുറ്റകൃത്യത്തിലെ പങ്കാളികളെ കോടതി വിട്ടയച്ചപ്പോൾ ലോകം ഞെട്ടി. എന്താണു് കാരണം? രാഷ്ട്രീയ സ്വാധീനമാണോ? പണമാണോ? പാകിസ്താനിലെ പുരുഷാധിപത്യത്തിനെതിരേ മുഖ്താർ ഉയർത്തുന്ന വെല്ലുവിളിയോടു ആ സമൂഹത്തിനു തോന്നിയ എതിർപ്പാണോ?
ആവോ, ആർക്കറിയാം!
(സെപ്തംബർ 2011)
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.