മലയാളം ഒരു ഭാഷയാണെങ്കിലും അതിനു് എത്രയോ വകഭേദങ്ങളുണ്ടു്. പ്രാദേശികവും സാമുദായികവും ജാതീയവും ആയ വ്യത്യാസങ്ങളാണു് പ്രധാനം. മലബാറിലെ മലയാളവും തിരുവിതാംകൂറിലെ മലയാളവും എത്രയോ വ്യത്യാസപ്പെട്ടാണിരിക്കുന്നതു്! മലബാറിൽ തന്നെ നമ്പൂതിരിയും ഹരിജനും വർത്തമാനം പറയുന്നതിനു് ഏറെ വ്യത്യാസങ്ങളുണ്ടു്. പഠിച്ചവനും പഠിക്കാത്തവനും സംസാരിക്കുന്ന രീതിയും ഭിന്നമായിരിക്കും.
ഇവ കൂടാതെ, ഓരോ പ്രദേശത്തെ പട്ടണങ്ങൾക്കും നാട്ടിൻ പുറങ്ങൾക്കും ഭാഷ ഉപയോഗിക്കുന്നതിൽ സ്വന്തമായ ചില പ്രത്യേകതകളുണ്ടു്.
പട്ടണത്തിൽ ജീവിതം പരിഷ്കൃതവും മിക്കപ്പോഴും കൃത്രിമവും ആയിരിക്കും. അവിടെ സ്ഥിരതാമസക്കാരേക്കാൾ വന്നുപാർക്കുന്നവരാണധികം. പട്ടണത്തിലെ ഇളകുന്ന ജനസംഖ്യയിൽ ഭിന്നപ്രദേശക്കാരും ഭിന്നസമുദായക്കാരും ഭിന്നജാതിക്കാരും ഭിന്നനിലവാരക്കാരും പെടുന്നു. ഈ കലർപ്പു് സ്വാഭാവികമായും ഭാഷയേയും ബാധിക്കും. ഏതു പട്ടണത്തിലെ ഭാഷയും ഒരു കലർപ്പാണു്. ഈ കലർപ്പു് സൂചിപ്പിക്കുവാൻ വളരെ ചെറിയ ഒരുദാഹരണം പറയാം: മലബാറിൽ പൊതുവെ ഉപയോഗിക്കുന്ന ഒരു പദമാണു് ‘ചാറ്.’ ഇതിന്റെ സ്ഥാനത്തു് കോഴിക്കോട് പട്ടണത്തിൽ മാത്രമായി ‘സാൽന’ എന്നൊരു വാക്കു് കാണാം.
നഗരഭാഷക്കു് സ്വന്തമായ സ്വഭാവമല്ല ഉള്ളതു്. പല ഭാഷാഭേദങ്ങളുടെ സാമാന്യസ്വഭാവമാണതു് പ്രകടിപ്പിക്കുന്നതു്.
നാട്ടിൻപുറത്തു് അല്പം പരിഷ്ക്കാരക്കുറവുണ്ടു്. അവിടെ ആളുകൾ സ്ഥിരതാമസക്കാരും പരസ്പരം എല്ലാ നിലയിലും പരിചയമുള്ളവരും ആയിരിക്കും. പെരുമാറ്റത്തിലും ഭാഷയിലുമൊക്കെ ഇതിന്റെയെല്ലാം പ്രത്യേകതകൾ നിഴലിക്കുന്നതായി ശ്രദ്ധിച്ചാൽ മനസ്സിലാകും. ആചാരഭാഷയുടെ പൊട്ടും പൊടിയും സൂക്ഷിക്കുന്നതു് നാട്ടിൻപുറത്തെ ഭാഷയാണു്. നഗരത്തിലെ ഹരിജൻ ‘അടിയൻ’ എന്ന വാക്കു് മറന്നുപോയിരിക്കുന്നു. നാട്ടിൻപുറങ്ങളിൽ പഴയ ചിട്ടകളുടെ ഓർമ്മ തീർത്തും വിട്ടുകഴിഞ്ഞിട്ടില്ലാത്തതുകൊണ്ടു് ആചാരഭാഷയുടെ ഏതെങ്കിലും അവശേഷം എല്ലാ വിഭാഗക്കാരിലും കണ്ടേക്കും. നാട്ടിൻപുറത്തു് എല്ലാ പ്രായക്കാരിലും പെട്ട ഒരു പറ്റം ആളുകൾ എന്നും ഭാഷയുടെ നാടൻചുവ നിലനിർത്തുന്നതു കാണാം.
ഈ നാടൻചുവയുടെ പ്രധാനാംശം ആളുകൾ തമ്മിലുള്ള അടുപ്പമാണു്. ഓരോ നാട്ടിൻപുറത്തിനും സ്വന്തമായി കഥകളും ഐതിഹ്യങ്ങളും ഉണ്ടാകും. ഇവയിലെ കഥാപാത്രങ്ങൾ ചിലപ്പോൾ ആ ഗ്രാമത്തിൽമാത്രം അറിയപ്പെടുന്ന വ്യക്തികളുമായിരിക്കും. അവർ ജീവിച്ചിരിക്കുമ്പോഴും മരിച്ചുകഴിഞ്ഞും കഥാപാത്രങ്ങളാകുന്നു. ചിലപ്പോൾ ഇവരെ ചുറ്റിപ്പറ്റി ചൊല്ലുകളും രൂപം കൊള്ളുന്നു. ഭൂതപ്രേതവിശ്വാസങ്ങളെക്കുറിച്ചും കാളികൂളിബാധയെപ്പറ്റിയും ഓരോ നാട്ടിൻപുറക്കാർക്കും പ്രത്യേകം പ്രത്യേകമായുള്ള ധാരണകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും.
നഗരത്തിൽ ഇത്തരം കഥകൾക്കും കഥാപാത്രങ്ങൾക്കും പ്രസക്തി കുറയും. മറ്റൊരാളുടെ വീറിലോ വീഴ്ചയിലോ വമ്പിലോ അബദ്ധത്തിലോ തനിക്കു് താൽപര്യമില്ലെന്ന മട്ടിൽ നടന്നുപോകുന്ന നഗരവാസികളും തന്റെ നാട്ടിൻപുറത്തുള്ളവരുടെ മുഴുവൻ കാര്യങ്ങളിലും സജീവതാൽപര്യം കാണിക്കുന്ന ഗ്രാമീണരും തമ്മിലുള്ള വ്യത്യാസംകൊണ്ടാണു് ഇതുണ്ടാകുന്നതു്. അങ്ങനെ സ്വാഭാവികമായും നാട്ടിൻപുറക്കാരുടെ ഭാഷ അവർക്കുമാത്രം താൽപര്യമുള്ള ചൊല്ലുകൾ, ഐതിഹ്യങ്ങൾ, നാടൻകഥകൾ എന്നിവ കൂടി ഉൾപ്പെട്ടതായിരിക്കും.
നാട്ടിൻപുറക്കാരന്റെ രസികത്തം എടുത്തുപറയേണ്ട ഒരു സംഗതിയാണു്. ജീവിതത്തിനുനേരെ ഒരു പച്ചച്ചിരി എന്നും അയാളിലുണ്ടു്. മകനു് “തിരുമേനി” എന്നു പേരിട്ട നാട്ടിൻപുറക്കാരനായ ഒരു ഹരിജനെക്കുറിച്ചു് കേട്ടിട്ടുണ്ടു്. സ്കൂളിൽ ചേർക്കുമ്പോൾ ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ടിട്ടുപോലും ‘തമ്പ്രാക്കള് വിളിക്കട്ടെ’ എന്ന വാശിയിൽ മകന്റെ പേരു് മാറ്റാൻ ആ രസികൻ കൂട്ടാക്കിയില്ലത്രേ!
മേലെ മഞ്ഞയും അടിയിൽ കറുപ്പും ചായം തേച്ച ടാക്സിക്കാറിൽ അയ്യപ്പന്മാർ പോകുന്നതുകണ്ടു് ഒരു നാട്ടിൻപുറക്കാരൻ ചോദിച്ചുവത്രേ: “കാറും കറുപ്പുടുത്തിട്ടുണ്ടോ?”
ഇത്തരം സംഭാഷണശകലങ്ങൾ നാട്ടിൻപുറക്കാരന്റെ ജീവിതത്തിന്റെ ഭാഗമാണു്. അചേതനങ്ങളിൽ സചേതനത്വം ആരോപിച്ചുകൊണ്ടുള്ള രസികൻ പ്രയോഗങ്ങൾ അവരുടെ ഭാഷയുടെ സജീവമായ ഒരംശമാണു്. വീട്ടിനകത്തുനിന്നുമാത്രം ഉദാഹരണങ്ങളെടുത്തു് നോക്കുക; ചിരവയുടെ നാക്കു്, കസേരയുടെ കാലു്, കിണ്ടിയുടെ വാലു്, കലത്തിന്റെ വായ്, ചെമ്പിന്റെ കഴുത്തു്, കുടത്തിന്റെ കൈ. നാട്ടിൻപുറത്തു് തെങ്ങിനു് മണ്ടയുണ്ടു്. അവിടെ കുരുമുളകു് വള്ളി തിരിയിട്ടു് നിൽക്കുന്നു. അവിടെ നല്ല ഇനം വെറ്റിലക്കു് ‘കിളിവാലു’ണ്ടു്.
നാട്ടിൻപുറത്തെ സംഭാഷണത്തിന്റെ സവിശേഷതകളിലൊന്നു് ഉപമാപ്രയോഗങ്ങളാണു്. തന്റെ കുട്ടികളെക്കുറിച്ചു് “അവർ മുരിങ്ങക്കായപോലെയാണെ”ന്നു് നാട്ടിൻപുറത്തുകാരൻ പറയും—മൂക്കുംതോറും ചീത്തയാകുകയാണെന്നു്! പെൺകുട്ടികളുടെ ശാരീരികവളർച്ച “ഇരുന്നെണീക്കുംപോലെ” വേഗത്തിലാണത്രേ.
വെള്ളിയാഴ്ച രാവു് പരിശുദ്ധമാണെന്നു് വിശ്വസിക്കുന്ന മുസ്ലിം ഇഷ്ടപ്പെട്ട ഒരാളെ പുകഴ്ത്തിപ്പറയും: “വെള്ളിയാഴ്ച രാവു് പോലത്തെ ആള്.”
അയാൾതന്നെ ഒരു പെൺകുട്ടിയെ ഇങ്ങനെ പരാമർശിക്കും: “പതിനാലാംരാവു് പോലത്തെ ചിരി!” അല്ലെങ്കിൽ “പൊന്നുപോലത്തെ മനസ്സു്!” അതുമല്ലെങ്കിൽ “പൂവൻപഴം പോലത്തെ തടി!”
നഗരങ്ങളിൽ ഇത്തരം രസികൻ പ്രയോഗങ്ങൾ നാട്ടിൻപുറത്തെപ്പോലെ സുലഭമോ സ്വാഭാവികമോ അല്ല. പുറംലോകവുമായും ആധുനിക വിദ്യാഭ്യാസവുമായും താരതമ്യേന ബന്ധംകുറഞ്ഞ നാട്ടിൻപുറക്കാരൻ ആലോചിക്കാൻ നിൽക്കാതെ പറയും: ജ്ജ്, യ്യി, ഞ്ഞ്, ഇതെല്ലാം ‘നീ’യുടെ രൂപഭേദമാണെന്നു് ആലോചിച്ചു് പിടിച്ചു് ആ വാക്കുതന്നെ പറയാൻ ശ്രദ്ധിക്കും, നമ്മുടെ പട്ടണവാസി.
നാട്ടിൻപുറത്തെ ഭാഷയിൽ നഗരത്തിലേതിനെ അപേക്ഷിച്ചു് ഇംഗ്ലീഷ് കലർപ്പു് കുറവായിരിക്കും. ഒരു ചെറിയ വ്യാക്ഷേപകം കൊണ്ടു് നാട്ടിൻപുറത്തുകാരൻ ഒരു വാക്യാർത്ഥം പ്രകടിപ്പിക്കാറുണ്ടു്. പരിചയക്കാരനെ കാണുമ്പോൾ നാട്ടിൻപുറക്കാരൻ സന്തോഷപൂർവ്വം ‘ഹേയ്’ എന്നു് വിളിക്കുന്നു. ഫോണിന്റെ സംസ്കാരം കൂടിയുള്ള പട്ടണവാസിക്കവിടെ ‘ഹലോ’ എന്നു പറഞ്ഞില്ലെങ്കിൽ “മാനേഴ്സിനു” മോശമാണു്.
നാട്ടിൻപുറത്തെ അനഭ്യസ്തർക്കിടയിൽ ഇംഗ്ലീഷ് നുഴഞ്ഞു കയറുന്നതു് ഒരുതരം തമാശ രൂപത്തിലാണു്. അവർ കള്ളിനെ “വാട്ടീസ്” എന്നു വിളിക്കുന്നു. യന്ത്രങ്ങളുമയി താരതമ്യേന അകന്നു കിടക്കുന്ന നാട്ടിൻപുറക്കാരന്റെ വർത്തമാനം അവയേയും അറിഞ്ഞോ അറിയാതെയോ കളിയാക്കാറുണ്ടു്. കള്ളു് കുടിക്കുന്നതിനെ പെട്രോൾ അടിക്കുന്നതിനോടു് ഉപമിക്കുന്നതു് കേട്ടിട്ടുണ്ടു്. കള്ളുഷാപ്പിനു് പിന്നെ പേരു് ‘പമ്പു്’ എന്നാണു്. കൂടുതൽ കഴിക്കുന്നവൻ മുന്തിയതരം ലോറിയാണു്! അതോടെ അവനു് പേരു് പരക്കുകയായി: ബെൻസ് !
നാട്ടിൻപുറത്തെന്നപോലെ അവിടത്തെ ഭാഷയിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ടു്. കെട്ടിയോൾ, പെണ്ണു്, പെണ്ണുങ്ങൾ തുടങ്ങിയ വാക്കുകൾ ഭാര്യക്കു് വഴി ഒഴിഞ്ഞു കൊടുത്തുകൊണ്ടിരിക്കുകയാണു്. കുടി, പൊര തുടങ്ങിയവയെ വീടു് പൊളിച്ചുമാറ്റിക്കഴിഞ്ഞു. ഏട്ടനെപ്പോലെ ചേട്ടനും ജ്യേഷ്ഠനും നാട്ടിൻപുറക്കാരന്റെ ബഹുമാനം പിടിച്ചുപറ്റിത്തുടങ്ങിയിരിക്കുന്നു.
മലബാറിലെ നാട്ടിൻപുറങ്ങളിലേക്കു് തിരുവിതാംകൂറിനൊപ്പം അവരുടെ ഭാഷയും കുടിയേറിപ്പാർത്തിട്ടുണ്ടു്. പൂള എന്ന മലബാരിയെപ്പോലെ കപ്പ, മരക്കിഴങ്ങു് തുടങ്ങിയ തെക്കൻവാക്കുകൾ വടക്കനായ ഏതു നാട്ടിൻപുറക്കാരനും പരിചിതമാണു്. കള്ളിനു് ‘വെള്ളം’ എന്ന തെക്കൻ പ്രയോഗം മനസ്സിലാകാത്ത വടക്കർ ഇന്നു് ചുരുങ്ങും. തെക്കൻ പ്രയോഗങ്ങളാണു് മുന്തിയ ഭാഷ എന്നൊരന്ധാളിപ്പുപോലും മലബാറിലെ ചെറുപ്പക്കാർക്കുണ്ടായിട്ടുണ്ടോ? സംസാരിക്കുമ്പോൾ ‘നീ’ എന്നതിനുപകരം ‘താൻ’ എന്നു പറയാൻ അവർ സൂക്ഷിക്കുന്നതെന്തിനു്?
നാടൻമട്ടിനും ഭാഷയ്ക്കും നിലവാരം കുറവാണെന്നൊരു ധാരണ പട്ടണവാസികൾക്കിടയിലും നാട്ടിൻപുറക്കാരിൽതന്നെയും ഉണ്ടു്. സംസ്കാരം കുറഞ്ഞവരെ എന്ന അർത്ഥത്തിൽ കൺട്രി, ഗ്രാമീണൻ, പട്ടിക്കാടൻ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നതു് ഇതുകൊണ്ടാണല്ലോ. പരിഷ്കാരക്കുറവു് സംസ്കാരലോപമായി തെറ്റിദ്ധരിക്കുന്നതുകൊണ്ടു് വരുന്ന ആപത്താണിതു്. ഗ്രാമ്യപദങ്ങളുപയോഗിക്കുന്നതു് കാവ്യദോഷമാണെന്നു് നമ്മുടെ ലിഖിതഭാഷക്കു് പണ്ടു് വിലക്കുണ്ടായിരുന്നു. ഇന്നതു് കുറഞ്ഞു തുടങ്ങിയിട്ടുണ്ടു്. പശുവിനു് പകരം പയ്യ്—ഉം എഴുതാമെന്നായിട്ടുണ്ടല്ലോ.
പായാരം, മാഞ്ഞാലം തുടങ്ങിയ എത്രയോ ശക്തമായ വാക്കുകൾ ഗ്രാമങ്ങളിലുണ്ടു്! തൊള്ള എന്ന പദത്തിന്റെ ശക്തിപോലും നമ്മുടെ ലിഖിതഭാഷ വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ? നാട്ടിൻപുറത്തെ ഇത്തരം പദങ്ങളുടെ കെൽപു് നാം കണ്ടറിഞ്ഞില്ലെങ്കിൽ ഭാഷയുടെ ചൊടി നഷ്ടപ്പെടുത്തുകയായിരിക്കും ഫലം.
ഭാഷയുടെ ‘നിലവാരപ്പെട്ട’ രൂപം എഴുത്തുഭാഷയാണു്. ഈ ‘നിലവാര’ത്തിനു് ഒറ്റ ന്യായമേയുള്ളൂ: കേരളത്തിന്റെ ഏതു ഭാഗത്തുള്ള ആൾക്കും അക്ഷരജ്ഞാനമുണ്ടെങ്കിൽ ഈ ഭാഷ മനസ്സിലാകും എന്നുമാത്രം. നാം ഉപയോഗിക്കുന്ന ഭാഷ—എഴുതുമ്പോൾ വിശേഷിച്ചും—ഈ എഴുത്തുഭാഷയോടു നിരന്നു പോകുന്നതു് നന്നു്. മറ്റൊരാൾക്കു് മനസ്സിലാകാനാണല്ലോ നാം എഴുതുന്നതു്.
കേൾക്കുന്നവന്റെ ബുദ്ധിമുട്ടു് ഒഴിവാക്കാനാവശ്യമായ ഒരു നിലവാരം പറയുമ്പോഴും വേണ്ടതുതന്നെ. അതിനപ്പുറമുള്ള പരിഷ്കരണങ്ങളൊക്കെ ഏച്ചുകെട്ടായി മുഴച്ചുനിൽക്കും.
ശരിയും തെറ്റും അളന്നുമുറിച്ചു്, ആലോചിച്ചുണ്ടാക്കി പറയേണ്ടതല്ല മാതൃഭാഷ. ശ്വാസോച്ഛ ്വാസം പോലെ അതു് സ്വാഭാവികമായിരിക്കണം. ആ സമയത്തു് ‘കീഴ്’ ജാതിക്കാരൻ ‘മേൽ’ ജാതിക്കാരന്റെ ഉച്ചാരണം കടംവാങ്ങാനും തെക്കൻ പ്രയോഗങ്ങൾ കുത്തിത്തിരുകാനും ‘ഇംഗ്ലീഷീകരി’ക്കാനും അച്ചുവടിവിൽ ‘സാഹിത്യം’ പറയാനും മിനക്കെടേണ്ട യാതൊരാവശ്യവുമില്ല.
അവനവന്റെ നാട്ടിൻപുറത്തെ ഭാഷയ്ക്കു് ആവശ്യമായ നിലവാരവസ്ത്രധാരണമേ വേണ്ടൂ; അതിന്റെ തൊലിതന്നെ നിറം പിടിപ്പിക്കാനോ മാറ്റിപ്പണിയാനോ ഉള്ള ഒരുക്കം ഒട്ടും ആരോഗ്യകരമായിരിക്കില്ല.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.