ബഷീറിന്റെ രചനകൾ മലയാളസാഹിത്യത്തിൽ വെട്ടിത്തിരിഞ്ഞുനിൽക്കുന്നതു് സവിശേഷമായ ആ ശൈലികൊണ്ടാണു്. ലാളിത്യം അതിന്റെ മുഖമുദ്രയാകുന്നു.
അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം ഫിഫ്ത്ത്ഫോമിൽ (ഇന്നത്തെ ഒമ്പതാം ക്ലാസ്) അവസാനിച്ചു. വർഷങ്ങൾ നീണ്ടുനിന്ന യാത്രയിൽ ഇംഗ്ലീഷും ഹിന്ദുസ്ഥാനിയും അദ്ദേഹം പരിചയിച്ചു.
മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കഥകളും നോവലുകളും യാത്രാവിവരണങ്ങളും കുറെയേറെ വായിച്ചിട്ടുണ്ടു് എന്നതിനപ്പുറം ഔപചാരികമായ പഠിപ്പിൽനിന്നോ, ഗ്രന്ഥങ്ങളിൽനിന്നോ നേടിയ പാണ്ഡിത്യം അദ്ദേഹത്തിനില്ല. അലച്ചിലിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റേയും സ്വന്തം അനുഭവത്തിന്റെയും ജീവിതനിരീക്ഷണത്തിന്റെയും സാകല്യത്തിൽ നിന്നു് ഊറിക്കൂടിയ ജ്ഞാനമേ അദ്ദേഹത്തിനുള്ളു. ആ ഭാഷ വരുന്നതു് അറിവിൽ നിന്നല്ല, അനുഭവത്തിൽ നിന്നാണു്.
ബഷീർ കഥ എഴുതുകയല്ല, ‘പറയുക’യാണു്. കഴിയുന്നത്ര വാമൊഴിയിൽ മാത്രമായി ആഖ്യാനം നിർവഹിക്കുക എന്നതാണു് ശീലം. ശബ്ദങ്ങൾ എന്ന നോവൽ മുഴുക്കെ രണ്ടുപേർ തമ്മിലുള്ള സംഭാഷണമാണു്. വരമൊഴിസമ്പ്രദായങ്ങളെയും പരമ്പരാഗതസാഹിത്യശീലങ്ങളെയും വ്യാകരണത്തെയും പരിഹസിക്കുന്നതു് മൂപ്പരുടെ പതിവാണു്.
എഴുതിയതു് അധികവും നിരക്ഷരരും നിർധനരും ആയ സാധാരണക്കാരുടെ കഥകളാണു്. ജീവിതത്തിന്റെ പുറംപോക്കിൽ കിടക്കുന്ന അത്തരം സാധാരണക്കാർക്കുകൂടി വായിച്ചുകേട്ടാൽ മനസ്സിലാവുന്ന ഗദ്യത്തിലാണു് എഴുതുന്നതു്.
മുസ്ലിം സാമൂഹ്യജീവിതവും ഇസ്ലാമികപുരാവൃത്തങ്ങളും നോവലുകളിലും കഥകളിലും ആവിഷ്കരിക്കുന്ന ആദ്യത്തെ മലയാളസാഹിത്യകാരൻ ബഷീറാണു്. സ്വാഭാവികമായും മലയാളി മുസ്ലിംകളുടെ വാമൊഴി ഈ ഭാഷയുടെ ഊടും പാവുമായിത്തീരുന്നു. ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു!, പാത്തുമ്മയുടെ ആടു് തുടങ്ങിയ നോവലുകളിൽ കാണുംപോലെ ഇസ്ലാമിക പുരാവൃത്തത്തിലെ കഥകളും സങ്കൽപങ്ങളും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലും ഓർമ്മകളിലും ആലോചനകളിലും വന്നുനിറയുന്നു. രാജാക്കന്മാരുടെയും മേൽജാതിക്കാരുടെയും ജന്മിമാരുടെയും പണ്ഡിതന്മാരുടെയും പാരമ്പര്യത്തിനും സാഹചര്യത്തിനും ലോകബോധത്തിനും ചേർന്ന സംസ്കൃതസ്വാധീനമേറിയ ഭാഷയാണു് അതുവരെ മലയാളകഥാസാഹിത്യത്തിൽ പുലർന്നുപോന്നതു്. ബഷീറിന്റെ ആദ്യകാല കൃതികളിലൊന്നായ ബാല്യകാലസഖി യുടെ ആദ്യത്തെ കുറെ അധ്യായങ്ങൾ പ്രസ്സുകാർ ഭാഷ തിരുത്തി സംസ്കൃതീകരിച്ചു് ‘ശുദ്ധം’ ആക്കി അച്ചടിച്ച കഥ അദ്ദേഹം ‘എം. പി. പോൾ’ എന്ന ജീവചരിത്രകൃതിയിൽ വിസ്തരിക്കുന്നുണ്ടു്: അതു കണ്ടെത്തിയ ബഷീർ കത്തി കാണിച്ചു് അവരെ ഭീഷണിപ്പെടുത്തി, അച്ചടിച്ചതു് കത്തിച്ചുകളഞ്ഞു് എല്ലാം താൻ നേരത്തേ എഴുതിയപോലെ അച്ചടിക്കാൻ കൽപന കൊടുത്തു! (അഞ്ചാം അധ്യായം). സ്വന്തം ഭാഷക്കുവേണ്ടി അദ്ദേഹത്തിനു് കത്തിയെടുക്കേണ്ടി വന്നിട്ടുണ്ടു് എന്നർത്ഥം. വ്യാകരണനിഷ്ഠക്കാരനായ അനുജൻ അബ്ദുൽഖാദറിനോടു് തന്റെ ഭാഷക്കുവേണ്ടി ബഷീർ കലഹിക്കുന്ന രംഗം പാത്തുമ്മയുടെ ആടി ൽ കാണാം. അവിടെ ബഷീർ പറയുന്നുണ്ടു്: ‘ഇതെല്ലാം ഞാൻ വർത്തമാനം പറയുന്ന മാതിരിത്തന്നെയാണു് എഴുതിവെച്ചിരിക്കുന്നതു്.’ (അഞ്ചാം അധ്യായം)
സ്വന്തം രക്തത്തിൽ തൂലിക മുക്കി ബഷീർ എഴുതിയപ്പോൾ തീർത്തും വ്യത്യസ്തമായ ഒരു ഭാഷ പിറന്നു. കേരളീയസമൂഹത്തിന്റെ പുറംപോക്കുകളിൽ നിന്നാണു് ആ ശൈലി അന്നം കണ്ടെത്തിയതു്. ജനാധിപത്യത്തിനുവേണ്ടി യൗവനകാലം മുഴുവൻ പോരാടിയ ഈ എഴുത്തുകാരൻ ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിൽ ഇടംകിട്ടിയിട്ടില്ലാത്തവർക്കുവേണ്ടി തന്റെ ഭാഷ കൊണ്ടു് അത്തരം ഒരു ഇടം സൃഷ്ടിച്ചു. നിരക്ഷരരായ ഒരു മുസ്ലിം സ്ത്രീയുടെ വായിൽ നിന്നു് പുറപ്പെടുന്ന ഒരു വാക്യം തന്റെ പ്രധാനപ്പെട്ട നോവലിന്റെ തലക്കെട്ടാക്കാൻ അരനൂറ്റാണ്ടുമുമ്പേ അദ്ദേഹം ധൈര്യപ്പെട്ടു: ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു! അന്നു് ആ തലക്കെട്ടു് കണ്ടും അതിലെ സംഭാഷണങ്ങൾ വായിച്ചും സാധാരണ വായനക്കാർ ആദ്യം അമ്പരന്നുപോയിട്ടുണ്ടു്. ആ കൃതിയിലെ അറബി പദങ്ങളും ഇസ്ലാമികപുരാവൃത്തവുമായി ബന്ധപ്പെട്ട സങ്കല്പങ്ങളും ജാതിമതഭേദമില്ലാതെ വായനക്കാർക്കു് മനസ്സിലായതു് ആഖ്യാനത്തിന്റെ മിടുക്കുകൊണ്ടു മാത്രമാണു്. കേരളീയമുസ്ലിംകളെ മലയാളസാഹിത്യത്തിന്റെ വായനക്കാരാക്കിത്തീർത്തതിൽ ഈ ശൈലി വലിയ പങ്കുവഹിച്ചിട്ടുണ്ടു്.
കഥനം വേറെ, കഥാപാത്രം വേറെ, കഥാകാരൻ വേറെ എന്നൊരനുഭവം ഈ ലോകത്തില്ല. പല കഥകളിലും ‘ഞാൻ’ ആണു് കഥാപാത്രം. തന്നെത്തന്നെ കഥയാക്കിത്തീർക്കുന്ന ആ ഭാഷ അനുഭവത്തിന്റെ ചൂടും ചൂരും കൊണ്ടു് സുതാര്യമായി; എഴുത്തുകാരൻ എളുപ്പം എല്ലാതരത്തിൽ പെട്ട വായനക്കാർക്കും പ്രിയങ്കരനായിത്തീർന്നു.
കൊച്ചുകൊച്ചു വാക്യങ്ങളും ഖണ്ഡികകളുമായി വളരെ കുറുക്കിയാണു് അദ്ദേഹം എഴുതുന്നതു്. എന്തും എപ്പോഴും വെട്ടിത്തുറന്നുപറയും. ശ്ലീലാശ്ലീലങ്ങളെയോ സഭ്യാസഭ്യങ്ങളെയോ വകവെക്കുകയില്ല. യഥാതഥ (റിയലിസ്റ്റിക്) മാണു് രീതി. അതി വൈകാരികതയോ, അലങ്കാരഭ്രമമോ കാണില്ല. കഥാകഥനം അത്രമേൽ സ്വാഭാവികമായതുകൊണ്ടു് വായനക്കാർക്കു് മിക്കപ്പോഴും മാധ്യമത്തിന്റെ സാന്നിധ്യം അനുഭവപ്പെടുകയില്ല.
ഈ ഭാഷയുടെ പ്രധാനപ്പെട്ട ഗുണം നർമ്മമാധുരിയാണു്. ഏതു് ജീവിത സാഹചര്യത്തിൽനിന്നും നർമ്മം കണ്ടെടുക്കാൻ അദ്ദേഹത്തിനു പ്രയാസമില്ല. ശബ്ദങ്ങൾ എന്ന നോവലിന്റെ അവസാനഭാഗത്തു് നായകനായ പട്ടാളക്കാരൻ ദുരിതങ്ങളിൽ സഹികിട്ടാതെ ആത്മഹത്യചെയ്യാൻ റെയിൽപാളത്തിൽ തല വെച്ചു കിടക്കുന്നു. എന്തു സംഭവിച്ചുവെന്നോ? അയാളെ ഞെട്ടിച്ചുകൊണ്ടു് തൊട്ടപ്പുറത്തെ പാളത്തിലൂടെ തീവണ്ടി ചീറിക്കുതിച്ചു പാഞ്ഞുപോയി! മരിക്കാൻ പോലും സാഹചര്യമില്ലാത്ത ജീവിതം…
ഏതു് ജീവിതസന്ദർഭവും ബഷീറിന്റെ ആ സവിശേഷമായ രീതിയിൽ പറഞ്ഞാൽ തമാശയായിത്തീരും. എന്തിന്റെയും മറുപുറം കണ്ടെത്തുന്ന ആ സമ്പ്രദായം എപ്പോഴും വൈരുദ്ധ്യത്തിലൂടെ നർമ്മം കണ്ടെടുക്കും.
അക്കാലംവരെ ആളുകൾ എഴുതുവാൻ അറച്ചുനിന്ന ബുദ്ദൂസ്, ബഡ്ക്കൂസ് തുടങ്ങിയ നാടൻ വാക്കുകൾ എവിടെയും വളരെ സ്വാഭാവികമായി അദ്ദേഹം പ്രയോഗിക്കും. ആനവാരി രാമൻനായർ, പൊൻകുരിശു തോമാ, ഒറ്റക്കണ്ണൻ പോക്കര്, തൊരപ്പൻ അവറാൻ തുടങ്ങിയ പരിഹാസപ്പേരുകൾ കഥാപാത്രങ്ങൾക്കു് കൊടുക്കുന്നതിൽ അദ്ദേഹത്തിന്നു് സവിശേഷമായ കഴിവുണ്ടു്. ഹാസ്യത്തിനുവേണ്ടിയോ പ്രത്യേകമായ ഭാവങ്ങൾ ആവിഷ്ക്കരിക്കുന്നതിനുവേണ്ടിയോ നിരർത്ഥകം എന്നു് തോന്നാനിടയുള്ള പുതിയ പദങ്ങൾ ഉൽപാദിപ്പിക്കുന്ന ബഷീറിനു് സാറാമ്മയുടെ വാനിറ്റി ബാഗിനെ ഡങ്കുഡുതഞ്ചി (പ്രേമലേഖനം) എന്നോ, ചെറിയ പരിക്കണ്ണിയുടെ വലിയ ചന്തിയെ ബബ്ളിമൂസ് ചന്തി (ഭാർഗവീനിലയം) എന്നോ, വ്യാകരണവിധികളെ ലൊഡുക്കൂസ് ആഖ്യാതം (പാത്തുമ്മയുടെ ആടു്) എന്നോ, ഗവണ്മെന്റിനെ കൊള്ളരുതാത്തതു് എന്ന അർഥത്തിൽ പളുങ്കൂസൻ (വിശ്വവിഖ്യാതമായ മൂക്കു്) എന്നോ വിളിക്കുവാൻ കൂസലില്ല.
നിത്യജീവിതത്തിന്റെ യഥാതഥാചിത്രീകരണത്തിനു് എന്നതുപോലെ ദാർശനികമാനങ്ങളുടെ ആഴം ആവിഷ്ക്കരിക്കേണ്ടി വരുമ്പോൾ അതിനും പ്രാപ്തമായിത്തീരുന്ന ആ ഭാഷ ആ സാഹചര്യത്തിൽ കാൽപനിക (റൊമാന്റിക്) ഭാവം കൂടി കൈവരിക്കുന്നു. അങ്ങനെ അത്യന്തം ലളിതമായ പദങ്ങളിലൂടെ ശോകത്തിന്റെയും അർത്ഥാന്വേഷണത്തിന്റെയും ഗാംഭീര്യം അനുഭൂതമായിത്തീരുന്നു.
ഇത്തരം ചില സാഹചര്യങ്ങളിൽ ആ ശൈലി പതിവു് തെറ്റിച്ചു് അലങ്കാരസമൃദ്ധമായിത്തീരും.
ഈ ഭാഗം നോക്കൂ:
‘കടന്നു പോകുന്ന ഹേ, അജ്ഞാത സുഹൃത്തേ!’
‘പാടുവാൻ കഴിയുമെങ്കിൽ,’
‘ഒരു കുളിർഗാനനിശ്വാസത്താൽ,’
‘എന്റെ ഹൃദയവ്യഥയെ അൽപമൊന്നു ലഘൂകരിച്ചാലും!’
‘ശാന്തമോഹനമായ ജീവിതത്തിന്റെ ഒരു മധുരഗാനാലാപാൽ’
‘എന്നെ ഒന്നുറക്കീട്ടു് പോകൂ!’ (അജ്ഞാതമായ ഭാവിയിലേക്കു്—‘അനർഘനിമിഷം’).
ഒരു കാലത്തു് കേരളത്തിലെ പല യുവാക്കളും ബഷീറിന്റെ ഇത്തരം വരികൾ കാണാപ്പാഠം പഠിച്ചു് കവിതയെന്നപോലെ ഉരുവിട്ടുനടന്നിരുന്നു.
ആ ഭാഷ എത്ര ഹ്രസ്വമായും ശക്തമായും വികാരങ്ങൾ ആവിഷ്കരിക്കുന്നു എന്നു് ഒന്നുരണ്ടു് ഉദാഹരണത്തിലൂടെ കാണിക്കാം:
ബാല്യകാലസഖി യിലെ നായകൻ മജീദ് അപകടത്തിൽ പരിക്കുപറ്റി ആശുപത്രിയിൽ കിടക്കുകയാണു്. ബോധം വീണ്ടുകിട്ടിയപ്പോൾ തന്റെ ഒരു കാലിന്റെ പകുതി നഷ്ടപ്പെട്ടു എന്നു് മനസ്സിലായി. ആ രംഗമിതാ:
‘വീണ്ടും മജീദ് തപ്പിനോക്കി. ശൂന്യത! കീഴ്പോട്ടു് ഒന്നുമില്ല. ദുസ്സഹമായ വേദന! സുഹ്റയുടെ പ്രഥമചുംബനം ലഭിച്ച വലതുകാൽ! അതെവിടെപ്പോയി?’ (പതിനൊന്നാമധ്യായം)
തന്റെ വലതുകാലിന്റെ പ്രാധാന്യം സുഹ്റയുടെ ആദ്യത്തെ ചുംബനം ഏറ്റു വാങ്ങിയ അവയവം എന്നതാണു്! ആ സ്നേഹബന്ധത്തിന്റെ ആഴം ഇത്ര ചുരുങ്ങിയ വാക്കുകളിൽ ഇതിലധികം ഭംഗിയായി എങ്ങനെയാണു് ആവിഷ്കരിക്കുക?
ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു! എന്ന നോവലിൽ നായിക കുഞ്ഞുപാത്തുമ്മ സുഖമില്ലാതെ കിടക്കുന്ന വെളിച്ചമില്ലാത്ത മുറിയുടെ ജനാല തുറക്കുവാൻ നായകൻ നിസാർ അഹമ്മദിന്റെ ബാപ്പ ആവശ്യപ്പെട്ടു.
തുടർന്നു് വരുന്ന ഭാഗം:
‘അദ്ദേഹം ജനൽ തുറന്നു. കാറ്റും വെളിച്ചവും അകത്തു കടക്കുകയാണു്. വെളിച്ചത്തിന്നു് എന്തൊരു വെളിച്ചം!’ (പത്താമധ്യായം)
വെളിച്ചം അകത്തുകടന്നു എന്നല്ല, കടക്കുകയാണു് എന്നാണു്. അതൊരു നിരന്തരപ്രവാഹമാണു് എന്നു് സൂചന. ആ മുറിയിലേക്കു് മാത്രമല്ല, യാഥാസ്ഥിതികത കട്ടകുത്തിയ ആ കുടുംബത്തിലേയ്ക്കും ആധുനികതയുടെ വെളിച്ചം കടന്നുവരികയാണു് എന്നും സൂചന! ‘വെളിച്ചത്തിനു് എന്തൊരു വെളിച്ചം’ എന്നെഴുതിയപ്പോൾ പ്രത്യക്ഷത്തിൽ നിരർത്ഥകം എന്നു തോന്നുന്ന ഒരു പ്രയോഗത്തിലൂടെ ജീവിതം പുതുമയിലേയ്ക്കു് കുതികൊള്ളുന്നതിന്റെ മഹിമ സൂചിതമായി.
ആ ഭാഷ വായനക്കാർക്കിടയിൽ നേടിയ അംഗീകാരത്തിന്റെ സൂചനകളിലൊന്നു് ബഷീർകൃതികളിലെ പല സംഭാഷണങ്ങളും കഥാപാത്രങ്ങളുടെ പേരുകളും മലയാളികൾക്കിടയിൽ ശൈലി (ഇഡിയം) ആയിത്തീർന്നു എന്നതാണു്.
മലയാളകഥയിൽ പുതിയൊരു ഭാഷ സൃഷ്ടിക്കുവാൻ കഴിഞ്ഞു എന്നതാണു് വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവും വലിയ നേട്ടം. മലയാളത്തിലെ സാഹിത്യഭാഷയെ ജനാധിപത്യവൽക്കരിച്ചതിൽ അദ്ദേഹത്തിനുള്ള പങ്കു് വലുതാണു്. വാമൊഴിയുടെയും സംക്ഷിപ്തതയുടെയും നർമ്മത്തിന്റെയും ദർശനത്തിന്റെയും വിവിധമാനങ്ങൾ, പുറമേയ്ക്കു് ലളിതമെങ്കിലും അഗാധമായ, ആ ശൈലിയിൽ ആവിഷ്കാരം നേടി. കേരളീയരുടെ ലക്ഷണമൊത്ത ആദ്യത്തെ നോവലായ ഇന്ദുലേഖ (1889) യിൽ നിന്നും തീർത്തും വ്യതസ്തമായ ഒരു കഥനഭാഷ വരുന്നതു് ബഷീറിന്റെ ബാല്യകാലസഖി (1944)യിലാണു്. പിന്നീടു് കഥനഭാഷ മാറുവാൻ മലയാളകഥക്കു് ഖസാക്കിന്റെ ഇതിഹാസ (1969) ത്തോളം കാത്തിരിക്കേണ്ടിവന്നു.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.