images/The_human_soul.jpg
The Human Soul or Towards a better world, a painting by Luis Ricardo Falero (1851–1896).
സി. എച്ച്.
എം. എൻ. കാരശ്ശേരി
images/CHmohammedKoya.jpg
സി. എച്ച്. മുഹമ്മദ് കോയ

ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപരും സുഹൃത്തുമായ കാനേഷ് പൂനൂരു് ആ കാര്യം പറഞ്ഞു കേട്ടപ്പോൾ ഞാൻ അമ്പരന്നുപോയി. അക്കാലത്തു് കോഴിക്കോടു് ഗുരുവായൂരപ്പൻ കോളജിൽ ബി. എ. വിദ്യാർത്ഥിയായ ഞാൻ ചന്ദ്രിക ആഴ്ചപതിപ്പിൽ എഴുതിയ ഒരു കഥയെ പരിഹസിച്ചു് ‘തപാൽപെട്ടി’യിൽ കണ്ട കുറിപ്പു് എഴുതിയതു് ചീഫ് എഡിറ്റർ സി. എച്ച്. മുഹമ്മദ് കോയ യാണു്! കത്തിനു ചുവടെ ചേർത്ത പേരു്: ‘മമ്മദ്കോയ നടക്കാവു്’.

വളരെയേറെ തിരക്കുള്ള മുസ്ലീം ലീഗ് നേതാവും പ്രസംഗകനും ചന്ദ്രികയുടെ ചീഫ് എഡിറ്ററും ഒക്കെയായ സി. എച്ച്. എന്റെ കഥ വായിക്കുകയോ? വായിച്ചാൽത്തന്നെ അതിന്നു് ഒരു പ്രതികരണം എഴുതുകയോ? അപ്പോഴാണു് കാനേഷ് ആ രഹസ്യം വെളിപ്പെടുത്തിയതു്—സി. എച്ച്. പലപ്പോഴും തപാൽപ്പെട്ടിയിലേക്കു് കത്തുകളെഴുതാറുണ്ടു്. പല തമാശപ്പേരുകളിലാണു്.

അങ്ങനെയാണു് ‘ചീഫ് എഡിറ്ററെ’ ചെന്നൊന്നു് കാണണമെന്നു് എനിക്കു് പൂതി തോന്നിയതു്. കാനേഷ് ആ ആഴ്ച തന്നെ എന്നെയും കൂട്ടി കർട്ടനുകളുടെ പച്ചനിറത്തിൽ മുങ്ങിയ ആ മുറിയിൽ ചെന്നു. എന്തോ വായിച്ചുകൊണ്ടിരുന്ന വാക്യം പൂർത്തിയാക്കി പുസ്തകം മടക്കിവെച്ചു് പറഞ്ഞു: ‘ഇരിക്കു്’

ഒറ്റവാക്യത്തിൽ എന്നെ പരിചയപ്പെടുത്തി കാനേഷ് ജോലിയിലേക്കു് തിരിച്ചുപോയി.

സി. എച്ച്. എന്റെ നാടിനെപ്പറ്റിയും കുടുംബത്തെപ്പറ്റിയും പഠിപ്പിനെപ്പറ്റിയും ഒക്കെ വിസ്തരിച്ചു ചോദിച്ചു. എന്റെ മൂത്താപ്പ എൻ. സി. കോയക്കുട്ടി ഹാജിയെ മൂപ്പർക്കു് പരിചയമുണ്ടു്. എനിക്കു് ശകലം അന്തസ്സു് തോന്നി! നല്ലപോലെ പഠിക്കണമെന്നും സ്ഥിരമായി ചന്ദ്രികയിൽ എഴുതണമെന്നും ഉപദേശിച്ചു. കൂട്ടത്തിൽ ഒന്നുകൂടിപ്പറഞ്ഞു: പഠിപ്പു് എഴുത്തിനെയോ, എഴുത്തു് പഠിപ്പിനെയോ ബാധിക്കാതെ നോക്കണം.

ആ മുറിയിൽനിന്നു് പുറത്തു കടക്കുമ്പോഴും എനിക്കു് അമ്പരപ്പു് ബാക്കിയായിരുന്നു—പ്രസംഗവേദികളിൽ ആവേശോജ്വലമായി കത്തിക്കാളുന്ന ഈ മനുഷ്യൻ, എതിരാളികളുടെ മർമ്മം പിളർക്കുന്ന നർമ്മം പ്രയോഗിക്കുന്ന ഈ പോരാളി, അതിപ്രശസ്തനായ രാഷ്ട്രീയനേതാവു്, ഒരു പതിനെട്ടുകാരനോടു് എന്തൊരു പരിഗണനയാണു് കാണിച്ചതു്!

ചന്ദ്രിക ആപ്പീസിലെ അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ചു് ധാരാളം കഥകൾ എ. എം. കുഞ്ഞിബാവയും കാനേഷും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ടു്. അധികവും ആ മനസ്സിന്റെ വലിപ്പം കാണിക്കുന്ന തമാശകളാണു്. അതിലൊരെണ്ണം പറയാം:

അക്കാലത്തു് ഇടയ്ക്കിടെ ചന്ദ്രിക സാമ്പത്തികപ്രതിസന്ധിയിൽ ചെന്നുചാടും. അത്തരമൊരു സന്ദർഭം. ചീഫ് എഡിറ്റർ മെയിൻ ബിൽഡിംഗിന്റെ വാതിൽക്കൽ നിൽക്കുകയാണു്. മാനേജർ വന്നു് ആ മാസം ശമ്പളം കൊടുക്കാൻ പ്രയാസമാണെന്നു് പറഞ്ഞു. സി. എച്ച്. റോഡിന്റെ എതിർവശത്തുള്ള ക്രിസ്ത്യൻ പള്ളിയുടെ ചുവരിലെ മഹദ്വചനം ചൂണ്ടിക്കാണിച്ചു് പറഞ്ഞു:

‘അതാ, ആ എഴുത്തു് കണ്ടോ. അതു് ഓരോ കടലാസ്സിൽ എഴുതി ഓരോരുത്തർക്കും കൊടുത്തേക്കു്.’

മാനേജർ ചുവരിലേക്കു് നോക്കി.

അവിടെ മുഴുപ്പിച്ചു് എഴുതിവെച്ചിരിക്കുന്നു: ‘പാപത്തിന്റെ ശമ്പളം മരണമത്രെ!’

മുസ്ലിംലീഗുകാരെയും മാപ്പിളമാരെയും ചന്ദ്രികയെയും ഒക്കെ തമാശയാക്കുന്നതു് മൂപ്പർക്കു് ഒരു പ്രത്യേക ഹരമായിരുന്നു. മുസ്ലീംകളുടെ സൽക്കാരക്കമ്പത്തെ കളിയാക്കി ‘ലീഗ് നേതാവായിരിക്കാൻ സഹനശക്തി മാത്രം പോരാ, ദഹനശക്തിയും വേണം’ എന്നു പറയാറുണ്ടായിരുന്നു.

ഇതിനിടെ എനിക്കു് ബി. എ. പരീക്ഷയ്ക്കു ഒന്നാം റാങ്ക് കിട്ടിയതിലും ഞാൻ മലയാളം എം. എ.-യ്ക്കു് കാലിക്കറ്റ് സർവകലാശാലയിൽ ചേർന്നതിലുമൊക്കെ സി. എച്ച്. താൽപര്യം കാണിച്ചതായി കാനേഷ് പറഞ്ഞറിഞ്ഞു. എന്നെ ശ്രദ്ധിക്കുന്ന ‘കാര്യമായ ഒരാളു’ണ്ടെന്ന തോന്നൽ എന്റെ ഉത്തരവാദിത്തം വർദ്ധിപ്പിച്ചു. ഞാൻ വല്ലപ്പോഴുമൊക്കെ ചന്ദ്രികയിൽ ചെന്നു കാണുമായിരുന്നു. ഒരിക്കൽ എന്നോടു പറഞ്ഞു: ‘നിങ്ങളുടെ മൂത്താപ്പ കോയക്കുട്ടി ഹാജി വലിയ ലീഗ്വിരുദ്ധനാണു്. ഞങ്ങളുടെ പാർട്ടിയെ കണ്ടുകൂടാ. സംഭാവനപോലും തരില്ല. പക്ഷേ, എനിക്കു് മൂപ്പരെ ഇഷ്ടമാണു്. കാരണം മൂപ്പരുടെ ലീഗ്വിരോധം ഇഖ്ലാസ് ഉള്ളതാണു്.’

അതിനെപ്പറ്റി ഞാൻ പിന്നെയും പിന്നെയും ആലോചിച്ചു. ഒരാൾ നമ്മുടെ ആശയത്തിനെതിരാവുമ്പോഴും അയാളുടെ നിലപാടു് ആത്മാർത്ഥമാണെങ്കിൽ അതു് മനസ്സിലാക്കുകയും അയാളോടു് അനിഷ്ടം കാണിക്കാതിരിക്കുകയും വേണമെന്ന പാഠത്തിലേക്കു് ഞാൻ യാത്രയാരംഭിച്ചതു് സി. എച്ചിന്റെ ആ പറച്ചിലിനെത്തുടർന്നാണു്.

1975 കാലത്തു് അദ്ദേഹത്തിന്റെ അയൽക്കാരനായി കുറച്ചു മാസം താമസിക്കാനിടയായതു് ഞങ്ങൾ തമ്മിലുള്ള അടുപ്പം വർദ്ധിക്കുവാൻ കാരണമായി. ഞാനന്നു് എന്റെ ബന്ധുവായ ടി. കെ. പരീക്കുട്ടി ഹാജി യുടെ പാർസൽ സർവീസിൽ ജോലിക്കാരനാണു്. താമസം പരീക്കുട്ടി ഹാജിയുടെ നടക്കാവിലുള്ള വീട്ടിൽത്തന്നെ. പരീക്കുട്ടി ഹാജിക്കു് ഇടയ്ക്കിടെ ഓരോ കാര്യമുണ്ടാവും. ഇതിന്നു വേണ്ടി മൂപ്പരുടെ കൂടെയോ, ഒറ്റയ്ക്കോ സി. എച്ചിനെ ചെന്നു കാണേണ്ട ഡ്യൂട്ടി കിട്ടും. ഇതൊക്കെ എനിക്കു് വലിയ ആനന്ദമായിരുന്നു. ഓരോ തവണ കാണുമ്പോഴും വലിയൊരു നേതാവിനെ കണ്ടു എന്ന തോന്നലല്ല, സരസനും വാത്സല്യസമ്പന്നനും ആയ ഏതോ കാരണവരെ കണ്ടു എന്ന തോന്നലാണു് എനിക്കുണ്ടായതു്.

കാലിക്കറ്റ് സർവ്വകലാശാലയിലെ മലയാളവിഭാഗത്തിൽ ഞാൻ ഗവേഷണ വിദ്യാർത്ഥിയായിച്ചേർന്നു എന്നും വിഷയം മാപ്പിളപ്പാട്ടാണെന്നും ചെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന്നു് വളരെ സന്തോഷമായി. മാപ്പിളപ്പാട്ടു കമ്പക്കാരനായ സി. എച്ച്. പല സുഹൃത്തുക്കളോടും എന്റെ ഗവേഷണത്തെപ്പറ്റി സംസാരിച്ചതായി അറിഞ്ഞു. സ്വാഭാവികമായും അതെനിക്കു് വലിയ പ്രോത്സാഹനമായി.

images/DR_NA_KAREEM.jpg
ഡോ. എൻ. എ. കരീം

സി. എച്ചിന്റെ പ്രിയസുഹൃത്തും തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ അദ്ധ്യാപകനും ആയ ഡോ. എൻ. എ. കരീം സ്റ്റുഡന്റ് വെൽഫെയർ ഡീനായി കാലിക്കറ്റ് സർവകലാശാലയിൽ വന്നു ചേർന്നതോടെയാണു് സി. എച്ചുമായി കൂടുതൽ ഇടപഴകാൻ എനിക്കവസരം കിട്ടിയതു്.

കരീംസാറും സി. എച്ചും നല്ല കമ്പനിയാണു്. രണ്ടുപേരും നല്ല തമാശ പറയും. ഒന്നിച്ചു് ചന്ദ്രികയിൽ ജോലി ചെയ്തിട്ടുണ്ടു്. നിരന്തര സമ്പർക്കമുണ്ടു്. ഇടയ്ക്കിടെ കരീംസാറ് സി. എച്ചിന്റെ കഥകൾ പറഞ്ഞുതരും. പലതും തമാശകളാണു്. കരീംസാറ് പല യാത്രകളിലും എന്നെ ഒപ്പം കൂട്ടിയിരുന്നു. അങ്ങനെ ഇടയ്ക്കു് സി. എച്ചിനെയും ചെന്നു കണ്ടിട്ടുണ്ടു്. ആ കാഴ്ചകൾ ഞങ്ങൾക്കിടയിലെ പ്രായത്തിന്റെ അതിരുകൾ പോലും മായ്ച്ചുകളഞ്ഞു. അദ്ദേഹത്തോടു് ഏതു വിഷയത്തെപ്പറ്റിയും എപ്പോഴും എന്തും പറയാവുന്ന ഒരു ‘ആൾ’ ആയി ഞാൻ മാറി. അതു് അദ്ദേഹത്തിന്റെ വലിപ്പം. ചന്ദ്രിക നടത്തിപ്പിനെപ്പറ്റിയും മുസ്ലീംലീഗിന്റെ നയങ്ങളെപ്പറ്റിയും എനിക്കു് വിമർശനങ്ങൾ പലതുണ്ടായിരുന്നു. അതൊക്കെ തുറന്നു പറയുന്നതിൽ ഒരു കേസുമില്ല. ഒരിക്കൽ ഞാൻ ചോദിച്ചു.

‘മുസ്ലീംലീഗ് എന്തിനു് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബി നെ ഈ മട്ടിൽ എതിർത്തു?’

images/Mohammad_Abdurahman.jpg
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബി

എന്റെ ആവേശം കണ്ടു് സി. എച്ച്. ചിരിച്ചു: ‘കാരശ്ശേരി ഒന്നാമതു് മനസ്സിലാക്കേണ്ടതു്: അന്നു് ലീഗ് നേതൃത്വത്തിൽ സി. എച്ച്. ഇല്ല. അതുകൊണ്ടു് ഇതിനു് ആ നിലയ്ക്കു് മറുപടി പറയേണ്ട ഉത്തരവാദിത്തം എനിക്കില്ല. രണ്ടാമതു് മനസ്സിലാക്കേണ്ടതു്: അന്നു് അബ്ദുറഹ്മാൻ സാഹിബ് പറഞ്ഞ പലതും മുസ്ലീം സമുദായത്തിന്നു് മനസ്സിലാവുമായിരുന്നില്ല. സമുദായത്തിനു് മനസ്സിലാവുംപോലെ പറയാൻ സാഹിബിന്നും അറിഞ്ഞുകൂടായിരുന്നു. സാഹിബ് കാലത്തിന്നു് മുമ്പേ വന്ന നേതാവാണു്.’

പത്തു മുപ്പതു കൊല്ലം മുമ്പു്, വേറൊരിക്കൽ ഞാൻ ചോദിച്ചു:

‘ഇവിടത്തെ ഹരിജനങ്ങളുടെയും മുസ്ലീംകളുടെയും പ്രശ്നങ്ങൾ പലതും സമാനമല്ലേ? രണ്ടു് കൂട്ടരും ചേർന്നു് ഒരു രാഷ്ട്രീയപാർട്ടിയുണ്ടാക്കുകയല്ലേ, വേണ്ടതു്?’

അപ്പോഴും മൂപ്പർ ചിരിച്ചു: ‘ഇപ്പറയുന്ന ചിലതൊക്കെ സത്യമാവാം. അത്തരം ഒരു രാഷ്ട്രീയപാർട്ടിയെപ്പറ്റി ആലോചിക്കുകയും ചെയ്യാം. ഇപ്പോൾ സമയമായിട്ടില്ല. നിങ്ങൾ മുസ്ലീം മൈൻഡിനെപ്പറ്റി ചിന്തിക്കണം. അവർക്കു് തിരിയാത്ത വിപ്ലവം പറഞ്ഞു് അവരെ ഹലാക്കാക്കിയിട്ടെന്തു് കിട്ടാനാണു്? പിന്നെ ഞങ്ങൾ ഈ വഴിയൊക്കെ ആലോചിക്കുന്നതു കൊണ്ടല്ലേ, ചടയനെ എം. എൽ. എ. ആക്കിയതു്?’

1976-ൽ ഞാൻ കോഴിക്കോട് മാതൃഭൂമിയിൽ ചേർന്നു. എന്തോ അത്യാവശ്യത്തിനു തിരുവനന്തപുരത്തു പോകേണ്ടതുണ്ടായിരുന്നു. സി. എച്ച്. മന്ത്രിയാണു്. കരീംസാറ് കേരള സർവകലാശാലയിൽ പ്രോ-വൈസ് ചാൻസലറും. കരീം സാറിനോടൊപ്പം ഞാൻ മന്ത്രിമന്ദിരത്തിൽ ചെന്നു് കണ്ടു് വിവരം പറഞ്ഞപ്പോൾ സി. എച്ചിന്റെ മുഖം ചുവന്നു. പിന്നെ സംസാരം കരീം സാറിനോടാണു്:

‘ഇതെന്താ കരീം ഈ കേൾക്കുന്നതു്? ഇയാൾ മാതൃഭൂമിയിൽ ചേർന്നെന്നോ? പത്രക്കാരനാവാനാണോ കാരശ്ശേരി ഇക്കാലമൊക്കെ പഠിച്ചതു്? ഇയാൾ തുടങ്ങിവെച്ച ഗവേഷണം ആരു് പൂർത്തിയാക്കും? പത്രക്കാരനാവണമെങ്കിൽ ഞാൻ ഇയാളെ ചന്ദ്രികയിൽ നിയമിക്കുമായിരുന്നല്ലോ. ഞാൻ ആ വഴിക്കു് ആലോചിച്ചതേയില്ല. കാരണം പത്രക്കാരനാവാൻ ഒരുമാതിരിക്കാർക്കൊക്കെ പറ്റും. യൂണിവേഴ്സിറ്റിയിൽ ചെന്നു് ഗവേഷണം നടത്തി പിഎച്ച്. ഡി. എടുക്കാൻ എല്ലാവർക്കും പറ്റുമോ? ഇതു് ശരിയല്ല. കാരശ്ശേരി രാജിവെയ്ക്കണം.’

കരീംസാറും ഞാനും സ്തംഭിച്ചു പോയി. കരീംസാറിന്റെ കൂടി ഉപദേശം അനുസരിച്ചാണു് ഞാൻ മാതൃഭൂമിയിൽ ചേർന്നതു്. കരീംസാറ് പറഞ്ഞു:

‘സി. എച്ച്. പറഞ്ഞതു എനിക്കു് മനസ്സിലായി. പക്ഷേ,’

‘കരീം, ഒരു ജോലി ഇത്ര വലിയ പ്രശ്നമാണോ? നമ്മളൊക്കെ ഇവിടെയില്ലേ? എനിക്കു് കാരശ്ശേരിയെപ്പറ്റി വളരെ പ്രതീക്ഷയുണ്ടായിരുന്നു. എന്നിട്ടിപ്പോൾ—’

കരീംസാറ് വിഷമിച്ചു. ഗവേഷണം പാർട് ടൈം ആയി തുടരാമെന്നും രണ്ടു മൂന്നു കൊല്ലം മാതൃഭൂമിയിൽ പണിയെടുക്കുന്നതു് നല്ലൊരനുഭവം ആകുമെന്നും വൈകാതെ കോളജിൽ ലക്ചറർ ആയിക്കിട്ടിയേക്കുമെന്നുമൊക്കെ സി. എച്ചിനെ പറഞ്ഞു മനസ്സിലാക്കാൻ അദ്ദേഹം പാടുപെട്ടു. അന്നു് ഞങ്ങൾ ഇറങ്ങുമ്പോൾ സി. എച്ച്. പറഞ്ഞു:

‘പിഎച്ച്. ഡി. എടുക്കണം. എന്നിട്ടു് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ലക്ചറർ ആകണം.’

തമാശ കേൾക്കണോ: മാതൃഭൂമിയിൽ അന്നു് പണി കിട്ടാൻ പ്രയാസമാണു്. എനിക്കു് പണി കിട്ടിയതിനെപ്പറ്റി സുഹൃത്തുക്കൾക്കിടയിൽ പരന്ന പരദൂഷണം—സി. എച്ചിന്റെ ശുപാർശകൊണ്ടു കിട്ടിയതാ!

മാതൃഭൂമിക്കാലത്തു് എനിക്കുണ്ടായ മറ്റൊരനുഭവം. തിരുവനന്തപുരത്തു ആദ്യത്തെ ലോകമലയാളസമ്മേളനം നടക്കുന്നു. കേരള സർവ്വകലാശാലയുടെ മേൽനോട്ടം. സി. എച്ചിനു് കൂടി പങ്കാളിത്തമുള്ള മന്ത്രിസഭ കാര്യമായൊരു തുക അനുവദിച്ചിട്ടുണ്ടു്. ഒരു സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ ചെന്ന ഞാൻ സമ്മേളനത്തിന്റെ നടത്തിപ്പിനെ നിശിതമായി വിമർശിച്ചു് ഒരു റിപ്പോർട്ടയച്ചു. മാതൃഭൂമി ഒന്നാം പേജിൽ വളരെ പ്രാധാന്യം നൽകി എന്റെ പേരു് ചേർത്തു് അത് കൊടുത്തു. ഞാൻ ശരിക്കും ബേജാറായി—സി. എച്ചിനും കരീംസാറിനുമൊക്കെ എന്തു തോന്നും?

ഞാൻ കരീംസാറിനെ ഫോണിൽ വിളിച്ചു. അദ്ദേഹം പറഞ്ഞു. ‘ഒന്നും വിഷമിക്കേണ്ട. ആ വിമർശനമൊന്നും സി. എച്ച്. വ്യക്തിപരമായി എടുക്കില്ല. നമ്മൾ ഓരോരുത്തരും നമ്മുടെ ഓരോ പണിയെടുക്കുന്നു. അത്രയേയുള്ളൂ.’

അന്നു വൈകുന്നേരം കരീംസാറും ഞാനും സി. എച്ചിനെ പോയിക്കണ്ടു. ഞങ്ങൾ ഒപ്പം ചായ കുടിച്ചു. തമാശ പറഞ്ഞു. ആ റിപ്പോർട്ടു കണ്ടതായേ മൂപ്പർ ഭാവിച്ചില്ല!

മന്ത്രിമന്ദിരത്തിൽ വെച്ചു് വേറൊരു സന്ദർഭത്തിൽ നിത്യസഹചരനായ ബാബുവിനെ ചൂണ്ടിക്കാട്ടി എന്നോടു പറഞ്ഞു:

‘കാരശ്ശേരീ, നമ്മുടെ ഈ ബാബുവില്ലേ, ഇവനു് തിരുവനന്തപുരത്ത് എന്നെക്കാൾ സ്വാധീനമുണ്ടു്. ഇവനെ എല്ലാവർക്കും അറിയാം. ഇവനു് ആരോടും എന്തും പറയാം. അതുകൊണ്ടു് ഇവിടെ എന്തു് കാര്യം നടക്കാനുണ്ടെങ്കിലും ഇനി ബാബുവിനോടു് പറഞ്ഞാൽ മതി.’

ഇതൊക്കെ മൂപ്പർ ആവർത്തിച്ചു പറയും, കേട്ടോ, ‘കോയക്കാ’ എപ്പോഴും കളി പറയുന്ന ആളാണെന്നറിയുന്ന മെലിഞ്ഞു നീണ്ട ബാബുവിന്റെ വെളുവെളെയുള്ള ചിരി താടിമീശകൾക്കിടയിലൂടെ അന്നേരത്തു പ്രകാശിക്കും.

മാതൃഭൂമി വിട്ടു് ഞാൻ മീഞ്ചന്ത ആർട്സ് കോളജിൽ അദ്ധ്യാപകനായ കാലം. ഗവേഷണം പുനരാരംഭിച്ചു. ആയിടെ ഒരു വൈകുന്നേരം ഞാൻ സി. എച്ചിന്റെ നടക്കാവിലെ വീടിന്റെ കോലായിൽ എന്തോ തമാശയും പറഞ്ഞു് ഇരിക്കുകയാണു്.

അപ്പോൾ മഞ്ഞയിൽ ചുവന്ന പുള്ളികളുള്ള സ്ലാക്ക് ഷർട്ടും ഇളം മഞ്ഞ പാന്റ്സും ധരിച്ച വെളുത്തുതുടുത്ത ഒരു ചെറുപ്പക്കാരൻ പാന്റ്സിന്റെ കീശയിൽ കൈതിരുകി ഗേറ്റ് കടന്നുവന്നു. ഞാൻ കൗതുകം പൂണ്ടു: സി. എച്ചിന്റെ മോൻ എത്ര മുതിർന്നുപോയി!

‘നിങ്ങക്കു് മുനീറിനെ അറിയാമല്ലോ, ഇല്ലേ?’

‘പിന്നെ! കുട്ടിയാവുമ്പോഴേ കാണുന്നതല്ലേ?’ അതു കേട്ടതും മുനീറിന്റെ മുഖം ലജ്ജ കൊണ്ടു ചുവന്നു. സി. എച്ച്. മകനോടു് ചോദിച്ചു:

‘നിനക്കു് കാരശ്ശേരി മാഷെ അറിയാം, ഇല്ലേ?’

മുനീർ ഒന്നുകൂടി ലജ്ജിച്ചു്, എന്റെ മുഖത്തു നോക്കി ഒന്നു് ചിരിച്ചു്, ഉപ്പയുടെ ചോദ്യത്തിനു് തലയാട്ടൽകൊണ്ടു് മറുപടി പറഞ്ഞു് പതുക്കെ അകത്തേക്കു് പോയി.

ഞാൻ പറഞ്ഞു:

‘മുനീറിന്നു് മെഡിസിനു് കിട്ടി എന്നു കേട്ടു. നന്നായി’

സി. എച്ചിന്റെ മുഖം ഗൗരവം പൂണ്ടു:

‘ഞാൻ നിങ്ങളോടു് പറയാനിരിക്കുകയായിരുന്നു. അവനു് വലിയ പൂതി. എന്താ പറയുക? നിങ്ങൾ അവനെ ഒന്നുപദേശിക്കണം.’

എനിക്കങ്ങോട്ടു മനസ്സിലായില്ല. ഞാൻ ചോദിച്ചു:

‘എന്താ കുഴപ്പം?’

‘കുഴപ്പമൊന്നുമില്ല. മെഡിസിൻ ആണോ അവൻ പഠിക്കേണ്ടതു്? അതിലൊക്കെ എന്താ ഇത്ര പഠിക്കാനുള്ളതു് ? ജോലി കിട്ടും. പൈസയുണ്ടാക്കാം. ഞാനവനോടു പറഞ്ഞതാണു്, ചരിത്രം പഠിക്കാൻ. അവൻ ചരിത്രത്തിൽ എം. എ.-യും പിഎച്ച്. ഡി.-യും എടുത്തു കാണാനാണു് എനിക്കു് ആഗ്രഹം. നിങ്ങൾ അതൊന്നു് അവനെ പറഞ്ഞു മനസ്സിലാക്കണം.’

‘മുനീറിന്നു് മെഡിസിനു് പഠിക്കാനാണു് താൽപര്യമെങ്കിൽ അതു് പഠിക്കട്ടെ. അതു കഴിഞ്ഞു് ചരിത്രം വായിച്ചാൽ പോരെ?’

‘എന്തു താൽപര്യം? ഇതൊക്കെ മാഷ്മ്മാരോ ക്ലാസ് മേറ്റുകളോ പറയുന്നതാവും. അല്ലാതെന്താ? എന്തൊരു മെനക്കെട്ട പണിയാണു്, ഡോക്ടറുടേതു്! ചരിത്രം പഠിച്ചു് സംസ്കാരത്തെപ്പറ്റി ഗവേഷണം നടത്താൻ നിങ്ങൾ അവനോടു് പറയണം.’

ഞാൻ ചിരിച്ചൊഴിഞ്ഞു. ഞാൻ എന്താണു് പറയുക? ഞാനോർത്തതു് വേറൊരു തമാശയാണു്. മുനീറിന്നു് ബാംഗ്ലൂരിൽ മെഡിസിനു് സീറ്റു കിട്ടിയതിനെപ്പറ്റി എന്തെല്ലാം പൂരാതികളാവും നാട്ടിൽ പരന്നിരിക്കുക?

നടക്കാവിലെ ‘ക്രസന്റ് ഹൗസിലെ’ മറ്റൊരനുഭവം ഇപ്പോൾ ഓർമ്മ വരുന്നു:

ഗേറ്റിൽ പതിവില്ലാതെ ഒരു പോലീസുകാരൻ. അയാൾ ഗൗരവത്തിൽ എന്നോടു് ചോദിച്ചു:

‘എന്താ വന്നതു്?’

‘സി. എച്ചിനെ കാണാൻ’

‘മിനിസ്റ്റർക്കു് നല്ല സുഖമില്ല’

‘അതുകൊണ്ടാ കാണാൻ വന്നതു്’

‘കാണാൻ പറ്റില്ല’

‘അതെന്താ?’

‘മിനിസ്റ്റർക്കു് വിശ്രമം വേണം. ആളെ കടത്തിവിടാതിരിക്കാനാ എന്നെ ഇവിടെ നിർത്തിയിരിക്കുന്നതു്.’

സാധു മനുഷ്യൻ. അയാൾ സ്വന്തം ഡ്യൂട്ടി ചെയ്യുന്നു. ‘ശരി’ എന്നു് പറഞ്ഞു് ഞാൻ തിരിച്ചുനടന്നു. നാലടി നടന്നപ്പോഴേയ്ക്കു് ‘ഹേയ് കാരശ്ശേരീ’ എന്നു വിളിച്ചു ബാബു ഓടി വന്നു. ‘എന്താ ങ്ങള് കോയാക്കനെ കാണാതെ പോവ്വാ?’

‘ആളെ വിടുന്നില്ലെന്നു് പറഞ്ഞു.’

‘അതൊന്നും ങ്ങളു് നോക്കണ്ട. ബരീ. കോയാക്ക മോളിലുണ്ടു്. ചെല്ലീ.’

ഞാൻ കയറിച്ചെല്ലുമ്പോൾ മുകളിലെ കിടപ്പുമുറിയിൽ മൂപ്പരു് വിശ്രമിക്കുകയാണു്. എന്നോടു് ഇരിക്കാൻ പറഞ്ഞു. പെട്ടെന്നു് ഇറങ്ങണം എന്നു കരുതിയതിനാൽ ചെന്നപാടെ ആയിടെ പുറത്തിറങ്ങിയ എന്റെ ‘തിരുമൊഴികൾ’ എന്ന പുസ്തകത്തിന്റെ കോപ്പി കൊടുത്തു. പത്തമ്പതു പേജു് മാത്രമുള്ള ചെറിയ പുസ്തകമാണു്. ഒന്നും മിണ്ടാതെ അദ്ദേഹം ശ്രദ്ധാപൂർവ്വം പേജ് മറിച്ചു. അപ്പോൾ തന്നെ വായനയും തുടങ്ങി. ഓരോ പേജായി മറിച്ചു് അര മണിക്കൂർ കൊണ്ടു് വായിച്ചുതീർത്തു! ഞാൻ അതിശയിച്ചു പോയി.

പുസ്തകം മടക്കിവെച്ചു് പറഞ്ഞു:

‘നന്നായിട്ടുണ്ടു്. ഇതു് മുഴുവൻ നബിവചനങ്ങളല്ലേ? മലയാളത്തിന്റെ കൂടെ അറബിമൂലം കൂടി കൊടുക്കാമായിരുന്നില്ലേ?’ ഞാൻ പറഞ്ഞു:

‘അമുസ്ലീംകൾക്കു് പുസ്തകം വായിക്കാൻ അസൗകര്യം തോന്നും എന്നു് വെച്ചു് അതു ഒഴിവാക്കിയതാണു്. എല്ലാ മതവിശ്വാസികളും നബിവചനസമാഹാരം വായിക്കണം എന്നു കരുതിയാണു് ഇത് തയ്യാറാക്കിയതു്.’

‘ശരിയാ, ശരിയാ’ എന്നു പറഞ്ഞു് സ്വന്തം പുസ്തകശേഖരത്തിലുള്ള ചില പുസ്തകങ്ങൾ സമ്മാനമായിത്തന്നു.

ഏതു സ്ഥാനത്തിരിക്കുമ്പോഴും എവിടെയും എപ്പോഴും ഞങ്ങൾക്കൊക്കെ അദ്ദേഹത്തിന്റെ അടുത്തേയ്ക്കു് പ്രവേശനമുണ്ടായിരുന്നു. ഞങ്ങൾക്കെന്നു് പറഞ്ഞാൽ, സാഹിത്യവുമായി ബന്ധമുള്ളവർക്കു്. കരീം സാറ് എപ്പോഴും പറയും—‘നല്ല രാഷ്ട്രീയനേതാവാണെന്നോ, നല്ല മന്ത്രിയാണെന്നോ, നല്ല പ്രസംഗകനാണെന്നോ പറഞ്ഞു കേൾക്കാൻ സി. എച്ചിനു് മോഹമില്ല; മോഹം നല്ല സാഹിത്യകാരനാണെന്നു് പറഞ്ഞു കേൾക്കാനാണു്.’

സംഗതി വളരെ ശരിയാണെന്നാണു് എന്റെയും അനുഭവം. സാഹിത്യത്തെപ്പറ്റിയും സാഹിത്യകാരന്മാരെപ്പറ്റിയും സംസാരിക്കുവാനാണു് മൂപ്പർക്കു് ഇമ്പം. ബഷീറിനോടും ഉറൂബിനോടും വലിയ ഭ്രമം. ബഷീറിന്നു് സി. എച്ചിനെ വലിയ വാത്സല്യമായിരുന്നു. ഒരിക്കൽ അതേപ്പറ്റി ചോദിച്ചപ്പോൾ ബഷീർ പറഞ്ഞു:

‘വല്ല വിവരവുമുണ്ടോ സാറേ? സി. എച്ച്. ഇവിടത്തെ സാദാ രാഷ്ട്രീയക്കാരെപ്പോലെ ഒരുത്തനല്ല. പുസ്തകം വായിക്കും. വായിച്ചതു് മനസ്സിലാക്കാനുള്ള സാമാനം ആ തലയ്ക്കകത്തുണ്ടു്.’

‘വല്ല തെളിവും പറയാമോ?’

‘ചുമ്മാ പോ സാറേ… ഇതിനെന്തിനാ തെളിവു്? നിങ്ങൾക്കു് സി. എച്ചിനെ അറിഞ്ഞുകൂടേ? ഇനി, തെളിവു വേണമെങ്കിൽ ഇന്നാ പിടിച്ചോ—മാപ്പിളമാരുടെ ഏതോ ഒരു യോഗത്തിൽ ഒരു കാക്കാ എന്നെ കുറെ ചീത്ത പറഞ്ഞു. ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു’ എന്ന പേരിൽ ഞാൻ ഒരു പുസ്തകമെഴുതിയിട്ടുണ്ടു്. നിങ്ങൾ വായിച്ചോ എന്നറിഞ്ഞുകൂടാ. അതു് വായിക്കണമെന്നു് സർക്കാർ നിയമമൊന്നും ഇല്ല, കെട്ടോ. കഷ്ടകാലത്തിനു് ആ കാക്കാ അതുവായിച്ചിട്ടുണ്ടു്. എന്നിട്ടു് മനസ്സിലാക്കിയതെന്താണെന്നോ—അതിൽ മെതിയടിയെപ്പറ്റി പരിഹസിച്ചുപറഞ്ഞിട്ടുണ്ടു്. മെതിയടി എന്നു പറയുന്ന ശറഫാക്കപ്പെട്ട സാമാനം മുസ്ലിംകൾ നിസ്കരിക്കുവാൻ വേണ്ടി വുളു എടുത്താൽ ഇടുന്നതാണു്. അതുവഴി ബഷീർ നിസ്കാരത്തെ പരിഹസിച്ചിരിക്കുന്നു. മുസ്ലീം വിരുദ്ധമാണു് ആ പുസ്തകം. ബഷീർ മുസ്ലീംവിരുദ്ധ സാഹിത്യകാരനാണു്! ഈ കാക്കാ പ്രസംഗിച്ചു തീർന്ന ഉടനെ സി. എച്ച്. പ്രസംഗിച്ചു. എന്താ പറഞ്ഞതെന്നോ—‘മെതിയടിയും നിസ്ക്കാരവും മാത്രമല്ല ആ പുസ്തകത്തിൽ തിരയേണ്ടതു്. അതിൽ മുസ്ലീം സാമൂഹ്യ ജീവിതമുണ്ടു്. അതിന്റെ ഭംഗികളുണ്ടു്. സ്വാഭാവികമായും സാമൂഹ്യവിമർശനമുണ്ടു്. ആ വിമർശനം മുസ്ലീംകൾ സദ്ബുദ്ധിയോടെ സ്വീകരിക്കണം. ബഷീർ ആർക്കും എതിരല്ല’. തിരിഞ്ഞോ സാറേ? നേരത്തെ വഅള് പറഞ്ഞ കാക്കാ ഏതു വഴിക്കു് പോയെന്നു് കണ്ടില്ല. സാഹിത്യം തിരിയാത്ത കാക്കാമാരിൽ നിന്നു് എന്നെ രക്ഷിച്ചവരിലൊരുത്തൻ സി. എച്ചാണു്. ആ കാക്കമാർ ഹാലിളകി വന്നിരുന്നെങ്കിൽ എന്റെ സ്ഥിതിയെന്താ, കാക്കാ?’

സി. എച്ച്. ഞങ്ങളോടു് രാഷ്ട്രീയം സംസാരിച്ചില്ല. വ്യക്തിപരമായ വിശേഷങ്ങളും കലാസാഹിത്യപ്രശ്നങ്ങളുമാണു് സംസാരിച്ചതു്. എന്താവശ്യത്തിനും മൂപ്പർ എത്തി; ഞങ്ങൾക്കു് എന്തു സഹായം ചെയ്തു തന്നാലും ഞങ്ങൾ മൂപ്പർക്കു മുമ്പിൽ കുറഞ്ഞുപോയി എന്നു് ഞങ്ങൾക്കു തോന്നിയില്ല. കാരണം അദ്ദേഹം വലുപ്പം ഭാവിച്ചില്ല—സൗഹാർദ്ദവും നർമ്മവും കൊണ്ടു് പ്രസാദമധുരമായ ആ സാന്നിധ്യം അപകർഷതാബോധത്തിലേക്കു് താണുപോവാതെ ഞങ്ങളെക്കാത്തു.

പള്ളിക്കര വി. പി. മുഹമ്മദ് മുസ്ലീം ലീഗിനെയും സി. എച്ചിനെയും നിശിതമായി വിമർശിച്ചു് സോഷ്യലിസ്റ്റുപാർട്ടിയുടെ സ്റ്റേജുകളിൽ പ്രസംഗിച്ചു നടക്കുന്ന കാലത്താണു് സി. എച്ച്. അദ്ദേഹത്തെ കേരള സാഹിത്യ അക്കാദമിയിലേക്കു് നോമിനേറ്റ് ചെയ്തതു്. ലീഗുകാർ അതിന്നെതിരെ ഹാലിളകിയപ്പോൾ ആ നേതാവു് പറഞ്ഞു: ‘അക്കാദമിയിലേക്കു് നോമിനേറ്റു ചെയ്യുന്നതു് ആ പണിക്കു് പറ്റുന്നവരെയാണു്. വി. പി.-യെ അതിന്നു പറ്റും. അതിന്നു് പാർട്ടി നോക്കാൻ പറ്റില്ല’. പ്രശ്നം അവിടെത്തീർന്നു.

ഈ രീതി അന്നും ഇന്നും സാധാരണമല്ല.

സി. എച്ച്. ആഭ്യന്തര മന്ത്രിയായപ്പോൾ പറഞ്ഞ ഒരു വാക്യം ഞങ്ങൾ എന്നും ഓർത്തു വെയ്ക്കും: ‘ലീഗുകാരന്റെ കസാല പോലീസ് സ്റ്റേഷനിലല്ല, ലീഗ് ഓഫീസിലാണു്.’

പ്രത്യുല്പന്നമതിത്വം സി. എച്ചിന്റെ എടുത്തുപറയേണ്ട ഗുണങ്ങളിലൊന്നാണു്. നിയമസഭയിലും പ്രസംഗവേദിയിലും പത്രസമ്മേളനത്തിലും സാധാരണവർത്തമാനത്തിലുമെല്ലാം ഉരുളയ്ക്കുപ്പേരി കൊടുക്കുന്നതിൽ അദ്ദേഹം മിടുക്കനായിരുന്നു.

മൂപ്പരു് വിദ്യാഭ്യാസമന്ത്രിയായിരിക്കെ, ഒരു പ്രതിപക്ഷമെമ്പർ സഭയിൽ പാഠപുസ്തകങ്ങളെപ്പറ്റി പരാതി പറഞ്ഞു. പുസ്തകങ്ങൾക്കു് ഗൗരവം കൂടിപ്പോയി എന്നാണാക്ഷേപം. മെമ്പർ ചോദിച്ചു:

“കടിച്ചാൽ പൊട്ടാത്ത ഈ പുസ്തകങ്ങൾ കുട്ടികൾക്കു് കൊടുക്കുന്നതു് ക്രൂരതയല്ലേ?”

ഉടനെ ചെന്നൂ, സി. എച്ചിന്റെ മറുപടി:

“അതു് കടിക്കാനുള്ളതല്ല, പഠിക്കാനുള്ളതാണു്.”

രാഷ്ട്രീയത്തിലെ എതിരാളികളെപ്പറ്റി എന്നപോലെ സ്വന്തം പാർട്ടിക്കാരെപ്പറ്റിയും—എന്തിനു്, അടുത്ത ചങ്ങാതിമാരെപ്പറ്റിപ്പോലും—തമാശക്കഥകളുണ്ടാക്കി പ്രചരിപ്പിക്കുന്നതു് സി. എച്ചിന്റെ ശീലമായിരുന്നു. അദ്ദേഹത്തിന്റെ സ്നേഹപ്രകടനം ഇത്തരം തമാശകളിലൂടെയാണു് വെളിപ്പെട്ടു പോന്നതു്.

തന്റെ പ്രിയസുഹൃത്തു് സീതിഹാജിയെപ്പറ്റിയുള്ള തമാശക്കഥകളുടെ തുടക്കം സി. എച്ചിൽ നിന്നാണു്.

ഒരിക്കൽ രണ്ടുപേരുംകൂടി ഹജ്ജിനുപോയി. ഹജ്ജ് കഴിഞ്ഞെത്തിയ സി. എച്ച്. പറഞ്ഞ കഥയാണിതു്:

“ഹജ്ജിന്റെ ഭാഗമായി ചെകുത്താനെ കല്ലെറിയുന്ന ചടങ്ങുണ്ടല്ലോ. ഞങ്ങൾ രണ്ടുപേരും സൗകര്യമായി കല്ലെറിഞ്ഞു. അപ്പോൾ ചെകുത്താൻ ചോദിച്ചു—സീതിഹാജീ, നമ്മളു് തമ്മത്തമ്മിലു് ഇതു് വേണോ?”

ഇതുപോലെ സീതിഹാജിയുമൊത്തുള്ള ഓരോ യാത്രയെപ്പറ്റിയും അനേകം കഥകൾ. നാട്ടുകാർ അതൊക്കെ ഏറ്റുപിടിച്ചു. സീതിഹാജിയും അതിൽ രസിച്ചു. പിന്നെ, നാട്ടുകാർ സ്വന്തം വകയിൽ ധാരാളം കഥകൾ മെനഞ്ഞുണ്ടാക്കി ആ ഖജാന സമ്പന്നമാക്കി!

ഇത്രയും ആത്മവിശ്വാസം അപൂർവ്വം പേരിലേ ഞാൻ കണ്ടിട്ടുള്ളൂ. അനുയായികളിൽ നിന്നു് ഇത്രയും ‘മുഹബ്ബത്തു്’ കിട്ടിയ ഒരു നേതാവിനെയും എനിക്കു് അടുത്തു പരിചയമില്ല. ഞാൻ പലപ്പോഴും ആലോചിച്ചിരുന്നു പോയിട്ടുണ്ടു്—പ്രാദേശിക രാഷ്ട്രീയത്തിന്റെയും സാമുദായികരാഷ്ട്രീയത്തിന്റെയും അതിരുകൾക്കപ്പുറം ചെല്ലെണ്ടിയിരുന്ന ഒരാളല്ലേ, സി. എച്ചു്?

images/P_Seethi_Haji.png
സീതിഹാജി

സി. എച്ചിനെ ഞാൻ അവസാനമായിക്കാണുന്നതു് ബാംഗ്ലൂരിലെ ജിൻഡാൽ പ്രകൃതി ചികിത്സാലയത്തിൽ വെച്ചാണു്. നവാസ് പൂനൂരും ഞാനും അദ്ദേഹത്തിന്റെ രോഗം കാണാൻ ചെന്നതായിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ മുറിയിൽ സീതിഹാജി യുണ്ടു്. സി. എച്ചിനെ കറുത്ത മണ്ണു് പുരട്ടി നിലത്തു ചളിയിൽ കിടത്തിയിരിക്കുന്നു. ഞങ്ങൾ ചെന്നപാടെ മൂപ്പർ ചോദിച്ചു:

‘നിങ്ങൾ എന്നെക്കാണാൻ ഇത്രദൂരം വന്നോ?’

ആ കിടപ്പു് കണ്ടപ്പോൾ ഞങ്ങൾക്കെന്തോ വല്ലാതെ തോന്നി. ഞങ്ങളുടെ വിഷമം തീർക്കാനെന്നോണം സി. എച്ച്. പറഞ്ഞു:

‘കാരശ്ശേരീ, ഗംഗാനദി കുടിച്ചുവറ്റിച്ച ഒരു മഹർഷിയുടെ കഥയില്ലേ, പുരാണത്തിൽ?’

‘ഉണ്ട്, ജഹ്നു മഹർഷി’

‘അതുപോലൊരു മഹർഷിയാവാൻ പോവുകയാണു് ഞാൻ. കാവേരി ഞാൻ കുടിച്ചുവറ്റിക്കും.’

‘ങ്ഏ?’

‘എനിക്കു കുടിക്കാൻ കാവേരിയിലെ പച്ചവെള്ളം മാത്രമേ തരുന്നുള്ളൂ.’

ഞങ്ങൾ ചിരിച്ചുപോയി. പ്രകൃതിചികിത്സയെപ്പറ്റി അന്നു പറഞ്ഞ പല തമാശകളിലൊന്നു്:

‘ഇവിടെ ഒരു പണിക്കാരനുണ്ടു്. അവൻ ഇടയ്ക്കിടെ വന്നു് ശരീരത്തിന്റെ ഓരോ ഭാഗത്തു് ചൂടാക്കിയ മണ്ണും തണുപ്പിച്ച മണ്ണും എല്ലാം പൊത്തിവെച്ചു പോവും. ഇടയ്ക്കു് ഞാൻ അവനോടു് ചോദിക്കും: ഇതൊക്കെ ഡോക്ടർ പറഞ്ഞതു തന്നെയോ, അതോ നിന്റെ വക വല്ലതും കൂട്ടുന്നുണ്ടോ?’

കോഴിക്കോട് ടൗൺഹാളിൽക്കിടത്തിയ ആ മൃതദേഹം ഒന്നു കാണാനുള്ള എന്റെ പരിശ്രമം വിജയിച്ചില്ല. ജനത്തിരക്കിലും ലാത്തിച്ചാർജ്ജിലും നിലകിട്ടാതെ ഖിന്നനായി വീട്ടിലേയ്ക്കു മടങ്ങുമ്പോൾ വ്യസനത്തോടെ ഞാൻ ഓർത്തുപോയി—സി. എച്ചിനെ കാണാൻ പോയിട്ടു് അതുപറ്റാതെ ഞാൻ മടങ്ങുന്നതു് നടാടെയാണല്ലോ!

ചന്ദ്രിക ദിനപത്രം: 26 സപ്തംബർ 2004.

എം. എൻ. കാരശ്ശേരി
images/MN_Karasseri.jpg

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.

പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.

Colophon

Title: C. H. (ml: സി. എച്ച്.).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, C. H., എം. എൻ. കാരശ്ശേരി, സി. എച്ച്., Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 25, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Human Soul or Towards a better world, a painting by Luis Ricardo Falero (1851–1896). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.