ഒരു ചെറുകഥാകൃത്തു് എന്ന നിലയിൽ പൊറ്റെക്കാട്ടിന്റെ സർഗശേഷി അരനൂറ്റാണ്ടിലധികം കാലത്തേക്കു് പടർന്നുകിടക്കുന്നു. ‘രാജനീതി’ എന്ന പേരിലുള്ള ആദ്യത്തെ കഥ അച്ചടിക്കപ്പെട്ടതു് 1928-ൽ ആണു്. മരണം (1982) വന്നെത്തുംവരെ അദ്ദേഹം എഴുത്തു് ഉപേക്ഷിച്ചതുമില്ല. അവസാനത്തെ ഏതാനും വർഷങ്ങളിൽ എഴുത്തിന്റെ അളവു് താരതമ്യേന കുറവായിരുന്നു എന്നു് മാത്രം. 1960 മുതൽ 1980 വരെയുള്ള രണ്ടു ദശകങ്ങൾ മലയാളകഥാസാഹിത്യചരിത്രത്തിൽ പല അടിസ്ഥാനപരമായ മാറ്റങ്ങളും വന്ന കാലമാണു്. കാഫ്ക്ക, ജെയിംസ് ജോയ്സ്, വെർജീനിയ വൂൾഫ്, ഹെമിങ് വേ, ഫോക്ക്നർ തുടങ്ങിയ പ്രസ്ഥാന നായകരായ പാശ്ചാത്യ സാഹിത്യകാരന്മാരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു് ഒന്നിനു പിറകെ ഒന്നായി എഴുത്തുകാരുടെ നവതരംഗങ്ങൾ വന്നെത്തിയ കാലം. പക്ഷേ, പൊറ്റെക്കാട്ട് മാറാൻ കൂട്ടാക്കിയില്ല. പരീക്ഷണത്തോടു് യാതൊരു കമ്പവും അദ്ദേഹത്തിനു് തോന്നുകയുണ്ടായില്ല. തന്റെ സ്വന്തം രചനാസമ്പ്രദായങ്ങളിൽ ശങ്കയേതുമില്ലാതെ അദ്ദേഹം പിടിച്ചു നിന്നു. ഉറൂബ്, ബഷീർ, തകഴി മുതലായ എഴുത്തുകാർ നിരക്കുന്ന മലയാളകഥയിലെ ആദ്യതലമുറയിലാണു് അദ്ദേഹം ഉൾപ്പെട്ടിരുന്നതു്. കഥനരീതികളിൽ ഏതെങ്കിലും തരത്തിലുള്ള പുതിയ സമ്പ്രദായങ്ങളോ രചനാതന്ത്രങ്ങളോ ഉപയോഗിക്കുക എന്ന വശീകരണത്തിനു് അവർ വിധേയരായിരുന്നില്ല. വ്യക്തിനിഷ്ഠവീക്ഷണമുള്ള, ശക്തമായ സാമൂഹ്യപ്രതിബദ്ധതയുള്ള എഴുത്തുകാരായിരുന്നു അവർ. ഇതു് പൊറ്റെക്കാട്ടിനെ സംബന്ധിച്ചും ശരിയാണു്. ഏതെങ്കിലും ഒരു മാനസികഭാവം ആവാഹിക്കുവാനുള്ള മാധ്യമം മാത്രമായി കഥയെ അദ്ദേഹം കണ്ടിരുന്നില്ല. ഒരു ഭാവഗായകൻ ആയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കഥകൾ ഏതെങ്കിലും തെരഞ്ഞെടുത്ത നിമിഷത്തിന്റെ വെറും ഭാവാത്മകവിപുലനം മാത്രമായിരുന്നില്ല. ഡി. എച്ച്. ലോറൻസ്, ജോസഫ് കോൺറാഡ്, കാഫ്ക തുടങ്ങിയ എഴുത്തുകാർ പരിശീലിച്ച അലിഗറിയുടെയോ വെറും സിംബലിസത്തിന്റെയോ അതുമല്ലെങ്കിൽ ബോധധാരാസമ്പ്രദായത്തിന്റെയോ അകത്തളങ്ങളിൽ അദ്ദേഹം അഭയം കണ്ടെത്തിയതുമില്ല. പൊറ്റെക്കാട്ടിനെ സംബന്ധിച്ചു് ഒരു ചെറുകഥ ആദ്യമായി കഥയായിരിക്കണം. ആ മീഡിയത്തിന്റെ മറ്റെല്ലാ ഘടകങ്ങൾക്കും ഇതിനെ തുണയ്ക്കുന്ന പണി മാത്രമേയുള്ളൂ—അതായതു് ഇതിവൃത്തപ്രഭാവത്തെ സാന്ദ്രപ്പെടുത്തുകയും അതിന്റെ അർത്ഥത്തെ വിശദീകരിക്കുകയും ചെയ്യുക.
കിടിലം കൊള്ളിക്കുന്ന ഉദ്വേഗത നിറഞ്ഞ ഇതിവൃത്തങ്ങൾ നെയ്തുണ്ടാക്കുന്നതിൽ ഒരു വിദഗ്ദ്ധനായിരുന്നു പൊറ്റെക്കാട്ട്. കഥ പറച്ചിലിന്റെ കല അദ്ദേഹത്തിനു് നന്നായി അറിയാമായിരുന്നു. മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും ഈ സിദ്ധിയുടെ കാര്യത്തിൽ അദ്ദേഹത്തെ പിന്നിലാക്കുന്നില്ല. ഒരു കാഫ്ക്ക യോ, ജെയിംസ് ജോയ്സോ, ഫോക്ക്നറോ ആവാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എസ്. കെ.-യുടെ കഥനരീതിക്കു് അലക്സാണ്ടർ ഡ്യൂമ യുടെയും മോപ്പസാങ്ങി ന്റെയും സോമർസെറ്റ് മോമി ന്റെയും ഒ. ഹെൻറി യുടെയും സമ്പ്രദായങ്ങളോടായിരുന്നു ആഭിമുഖ്യം. ഉദ്വേഗത ജനിപ്പിക്കുന്ന ഇതിവൃത്തം അതിന്റെ നാടകീയതയ്ക്കു മിഴിവണയ്ക്കുന്ന ഏതാനും ധ്വന്യാത്മക സംഭവങ്ങൾ, പ്രമേയത്തിന്നു് ഇണങ്ങുന്ന പശ്ചാത്തലം, റിയലിസത്തെയും ലിറിസിസത്തെയും ഭംഗിയായി ഇണക്കുന്ന ശൈലി—ഇവയാണു് ഒരു പൊറ്റെക്കാട്ട് കഥയുടെ എടുത്തുപറയേണ്ട പ്രത്യേകതകൾ. അരിസ്റ്റോട്ടിലിയൻ പെറിപ്പെറ്റിയേയോ(ഒരു സാഹചര്യത്തിന്റെ പൊടുന്നനെയുള്ള തിരിവു്), ഒ. ഹെൻറി ട്വിസ്റ്റിനേയോ അനുസ്മരിപ്പിക്കുന്ന മട്ടിലുള്ള ഇതിവൃത്തമാണു് ആ കഥകളുടെ കാതൽ. ഇതിവൃത്തത്തിന്റെ പൊടുന്നനെയുള്ള തിരിവുകൾ വായനക്കാരനിൽ ആഘാതമേൽപിക്കുന്നു. അങ്ങനെ അയാൾ മനുഷ്യബന്ധങ്ങൾക്കു് അടിയിൽ കിടക്കുന്ന ഭീകരമായ ഐറണിക്കും മനുഷ്യചോദനകളുടേയും പ്രവർത്തനങ്ങളുടേയും പിന്നിൽ പ്രവർത്തിക്കുന്ന ദുരൂഹതകൾക്കും പുറത്തു് ആയിരിക്കാൻ നിർബന്ധിതനാവുന്നു.
ഇപ്പറഞ്ഞ എല്ലാ സവിശേഷതകളുമുള്ള ഒരു പൊറ്റെക്കാട്ട് കഥയുടെ കൃത്യമായ മാതൃകയാണു് ‘കാലൊച്ച’. ഒരു യുവ ഡോക്ടറേയും അയാളുടെ ഭാര്യയേയും ചുറ്റിപ്പറ്റിയാണു് കഥ. സാമ്പത്തികമായി പണ്ടു്, തന്നെ വളരെയധികം സഹായിച്ചിരുന്ന വൃദ്ധനായ സ്കൂൾമാസ്റ്റർ കലശലായി രോഗം ബാധിച്ചു് കിടപ്പാണു് എന്നൊരു സന്ദേശം ഡോക്ടർക്കു് കിട്ടുന്നു. അയാൾ തിരക്കിട്ടു് റെയിൽവെ സ്റ്റേഷനിൽ എത്തിയെങ്കിലും വണ്ടി കിട്ടിയില്ല. തന്റെ ഒരു രോഗിയെ പരിശോധിച്ചു് അയാൾ വീട്ടിലേക്കു് മടങ്ങുന്നു. ഭാര്യ ഭംഗിയായി അണിഞ്ഞൊരുങ്ങി വസ്ത്രം ധരിച്ചിരിക്കുന്ന കാഴ്ച കണ്ടു് അയാൾ സംശയാലുവായിത്തീരുന്നു. അവൾക്കു് ഏതോ കാമുകനുണ്ടു് എന്ന ശങ്ക അയാൾ പതുക്കെപ്പതുക്കെ പുറത്തെടുക്കുന്നു. അതോടെ അവർക്കിടയിൽ സംഘർഷം വളരുകയായി. ഇരുവരും രാത്രിമുഴുവൻ പരസ്പരം മിണ്ടാതെ മുഖം വീർപ്പിച്ചിരിക്കുന്നു. തലതാഴ്ത്തിയാണു് അവളുടെ ഇരിപ്പു്. ഓരോ ശബ്ദത്തിനും നേരെ കാതു കൂർപ്പിച്ചു് അയാളും. പുലർച്ചയ്ക്കു് അൽപം മുൻപു് ഒരു കാലൊച്ച അടുത്തടുത്തു വരുന്നു. കുറ്റവാളിയെ കയ്യോടെ പിടികൂടാൻ കഴിഞ്ഞു എന്ന ആവേശത്തിൽ ഡോക്ടർ വാതിൽ തുറക്കുന്നു. പോസ്റ്റുമാൻ ഒരു കമ്പിസന്ദേശം കൊണ്ടുവന്നിരിക്കുന്നു; മദിരാശിയിലെ ബോർഡിങ്ങ് സ്ക്കൂളിൽ പഠിക്കുന്ന അവരുടെ ഏക പുത്രി തലേന്നു വൈകുന്നേരം മുങ്ങിമരിച്ചു.
രാവു മുഴുവൻ നീണ്ടുനിന്ന നിശ്ശബ്ദസംഘർഷത്തിന്റെ പാരമ്യം ഭയാനകമായ ഒരു ഐറണിയിൽ ചെന്നൊടുങ്ങി—ആ ദമ്പതികളെ ഇണക്കിനിർത്തുന്ന കണ്ണിപൊട്ടിപ്പോയിരിക്കുന്നു. മകളുടെ മരണം അവരുടെ സ്നേഹബന്ധത്തിന്റെയും മരണമായി പരിണമിച്ചിരിക്കുന്നു. ഈ ഐറണിക്കു് ആഴം കൂട്ടുന്ന ഏതാനും ധ്വന്യാത്മക സ്പർശങ്ങൾ കഥയിലുണ്ടു്. ഡോക്ടറുടെ ഭാര്യയുടെ കയ്യിൽ നിന്നു് ചായക്കോപ്പ വീണുടയുന്നു. ദാഹം ശമിപ്പിക്കാനാവാതെ തന്നെ ഡോക്ടർ വീട്ടിൽനിന്നു് പുറത്തേക്കു് പോകുന്നു. പിന്നീടു് കുതിരവണ്ടി വഴിതെറ്റി ഒരു ചതുപ്പു സ്ഥലത്തേക്കു് വീഴുകയും അവിടെ നിന്നുകൊണ്ടു് പുകപരത്തി പാഞ്ഞു പോകുന്ന തീവണ്ടി അയാൾക്കു് നോക്കിനിൽക്കേണ്ടിവരികയും ചെയ്യുന്നു. അയാളെ കാത്തിരിക്കുന്ന ദുരന്തത്തിന്റെ ഒരു മുൻനിഴലാണതു്. പില്ക്കാലത്തു് തന്റെ ഭാര്യയായിത്തീർന്ന രാധയുമായി അയാൾ പ്രണയബദ്ധനായതു് ഒരു തീവണ്ടിയിൽ വെച്ചാണു്. സ്ക്കൂൾമാസ്റ്റർക്കു് സുഖമില്ലെന്നു് അടിയന്തിരസന്ദേശം അയച്ച അയാളുടെ മകൾ ഒരിക്കൽ ഡോക്ടറെ പ്രേമിച്ചിരുന്നു. അവളുമായി ബന്ധപ്പെട്ടിരുന്ന പോയകാലത്തെപ്പറ്റി അൽപം കുറ്റബോധത്തോടുകൂടി മാത്രമേ അയാൾക്കു് ഓർക്കുവാൻ പറ്റൂ. മറ്റൊരു സ്ത്രീയുടെ പ്രതിച്ഛായയ്ക്കുചുറ്റും തന്റെ ചിന്തകൾ ചുറ്റിക്കറങ്ങുമ്പോൾ അയാൾക്കു് ഭാര്യയുമായുള്ള ബന്ധത്തിൽ അൽപം അകലം അനുഭവപ്പെടുന്നതു് സ്വാഭാവികം. തടിച്ചു് കൂറ്റൻ സത്വം പോലുള്ള തമിഴൻ കച്ചവടക്കാരനും അയാളുടെ സുന്ദരിയായ ഭാര്യയും തമ്മിലുള്ള വൈരുധ്യം അയാൾ ശ്രദ്ധിക്കുന്നുണ്ടു്. പാതിരാവിൽ കുടിച്ചു് മത്തനായ കുതിരവണ്ടിക്കാരന്റെ ശോകഗാനം അയാൾ കേൾക്കുന്നു. കുതിരവണ്ടിക്കാരന്റെ സുന്ദരിയായ ഭാര്യയ്ക്കു് കുഷ്ഠരോഗം പിടിപെട്ടതിനാലാണു് ആ ഗാനം ഇത്രമേൽ ശോകമായിത്തീർന്നതു്. ഈ സാഹചര്യങ്ങളെല്ലാം ഡോക്ടറുടെ മാനസികാവസ്ഥയെ സ്വാധീനിക്കുകയും അയാളും ഭാര്യയും തമ്മിൽ വലിയ അകലം സൃഷ്ടിക്കുകയും ചെയ്യുന്നു. ഡോക്ടർക്കു് ഭാര്യയുടെ നേരെയുള്ള ശങ്ക ഏതെങ്കിലും മുൻ അനുഭവങ്ങളുടെയോ കൃത്യമായ തെളിവിന്റെയോ അടിസ്ഥാനത്തിലാണോ എന്ന കാര്യം ഗ്രന്ഥകാരൻ വ്യക്തമാക്കുന്നില്ല. അവർക്കിടയിലുള്ള ബന്ധത്തിൽ ദുരൂഹതയുടെ ഒരന്തരീക്ഷമുണ്ടു്. ഏകപുത്രിയുടെ മരണത്തോടെ അവർക്കിടയിലുള്ള വൈകാരികമായ അകൽച്ച പൂർണ്ണമായിത്തീരുന്നു.
നല്ലൊരു ശതമാനം പൊറ്റെക്കാട്ട്കഥകളിൽ സ്നേഹം ഒരു മുഖ്യ പ്രതിപാദ്യമായി കാണാം. ആ കഥകൾ കൈകാര്യം ചെയ്യുന്നതു് സ്ത്രീകളുടെ ചതിയോ പുരുഷന്റെ ചഞ്ചലപ്രകൃതിയോ ആണു്. ചില കഥകളിൽ വിധി തന്നെ ഈ ദുരന്തേതിവൃത്തം നെയ്തുണ്ടാക്കുന്നു. ‘പുള്ളിമാൻ’ എന്ന ചെറുകഥയിൽ പുരുഷന്റെ പ്രണയചാപല്യത്തിന്റെ ഇരയാണു് സ്ത്രീ. സ്കൂൾ ടീച്ചറായ പാർവതി എന്ന വിധവയിൽ നിന്നു് അവരുടെ അനിയത്തി സീതമ്മയിലേക്കു് ദേവയ്യന്റെ വിഷയാസക്തി വഴിതിരിഞ്ഞുപോകുന്നു. സ്വന്തം കാമുകനെത്തന്നെ തന്റെ മരണത്തിനു് ഉപകരണമാക്കുന്ന തരത്തിലുള്ള സാഹചര്യം നിരാശാഭരിതയായിത്തീർന്ന ആ വിധവ വിദഗ്ധമായി ഒരുക്കി എടുക്കുന്നു. ഈ പ്രമേയം വളരെ സാധാരണമാണു് എന്നു് തോന്നാം. പക്ഷേ, അതിന്റെ കാൽപനിക അന്തരീക്ഷവും പ്രണയരംഗങ്ങളുടെ ഭാവഗാനസദൃശമായ ആഖ്യാനവും കഥയ്ക്കു് സ്വപ്നതുല്യമായ ഒരു ഭാവം നൽകുന്നു. ഇതിവൃത്തത്തിൽ ഉചിത സാഹചര്യങ്ങളിൽ ഉൾചേർത്ത ധ്വന്യാത്മകസംഭവങ്ങൾ, കഥാപാത്രങ്ങളുടെ വൈകാരികജീവിതത്തിന്റെ പരിണാമങ്ങൾ വിശ്വസനീയമായി വരച്ചുകാണിച്ച രീതി, അനിയത്തിയോടുള്ള സ്നേഹത്തിനും ദേവയ്യനു് വേണ്ടിയുള്ള ദാഹത്തിനും നടുവിൽ പാർവ്വതി അനുഭവിക്കുന്ന സംഘർഷം—ഇതെല്ലാം കഥയ്ക്കു് വല്ലാത്തൊരു ആകർഷണീയത പ്രദാനം ചെയ്യുന്നു. ആ വിധവയുടെ പുതു പ്രണയം വിടരുന്നതും വാടുന്നതും ഒരേ കാൽപനിക സഞ്ചാരത്തിന്റെ പശ്ചാത്തലത്തിലാണു്. ഒരു പനിനീർക്കാട്ടിൽ വെച്ചാണു് പാർവ്വതി നടാടെ ദേവയ്യനെ കണ്ടുമുട്ടുന്നതു്. സ്കൂളിലേക്കു് പോകുന്ന വഴി പൂക്കളുടെയും മരങ്ങളുടെ ശീതളഛായയുടെയും ആകർഷണത്തിൽപെട്ടു് അവൾ ആ കുറ്റിക്കാട്ടിൽ എത്തി. നായാട്ടുകാരനായ ദേവയ്യൻ ഗ്രാമത്തിലെ തന്റെ നായാട്ടുനാളിൽ അവളെ ഒരു പുള്ളിമാനായി തെറ്റിദ്ധരിച്ചു. അതിനു ആക്കം കൂട്ടുന്ന മട്ടിൽ പുള്ളികളുള്ള ഒരു സാരിയാണു് അവൾ ധരിച്ചിരുന്നതു്. അയാൾ വെടിവെച്ചു. വിരൽ തുമ്പിനു മുറിവു പറ്റി. അയാൾ അവളുടെ മുറിവു് പരിചരിച്ചു. അതായിരുന്നു പ്രണയത്തിന്റെ തുടക്കം. ഒരു വെടിയുണ്ടപോലെ ഹിംസാത്മകവും പനിനീർപോലെ വശ്യവും ആയ പ്രണയം. പിന്നീടു് പ്രണയത്തിൽ തകർന്ന അവൾ ഒരു പുള്ളിമാനായി, വേട്ടയാടപ്പെട്ട ഒരു ജന്തുവിനെപ്പോലെ അയാളുടെ കൈകൊണ്ടു് വെടിയേറ്റുമരിക്കുന്നതിൽ മോക്ഷം കണ്ടെത്തുന്നു. എന്തൊരു വിധിവൈപരീത്യം! ആ മനുഷ്യൻ ഒരു വെടിയുണ്ട കൊണ്ടു് അവളെ നേടുകയും മറ്റൊന്നുകൊണ്ടു് അവളെ വധിക്കുകയും ചെയ്തു.
ഒരു സ്ത്രീയുടെ കൊടൂരമായ ചതി എന്ന പ്രമേയം അനാവരണം ചെയ്യുന്ന കഥയാണു് ‘സ്ത്രീ’. ക്ഷയരോഗബാധിതയായി വിവാഹ പ്രതീക്ഷകൾ മങ്ങിയ ഭാർഗവി, കാമുകനായ കോളേജ് പ്രൊഫസർ തന്റെ ഉറ്റതോഴിയും പഴയ സഹപാഠിയുമായ സുനന്ദയോടു് എന്തോ കൗതുകം കാണിക്കുന്നുണ്ടു് എന്നു് മനസ്സിലാക്കി. അസൂയാകലുഷമായിത്തീർന്ന അവളുടെ മനസ്സു് സ്നേഹിതക്കെതിരെ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. പ്രൊഫസറുടെ പ്രണയാഭിമുഖ്യത്തോടു് ആനുകൂല്യം കാണിക്കണം എന്നു് അവൾ സുനന്ദയോടു് അപേക്ഷിച്ചു. കൂട്ടത്തിൽ ഒരു നക്ക്ലസ് വിവാഹസമ്മാനമായി നൽകുകയും ചെയ്തു. പക്ഷേ, വിവാഹത്തിനുശേഷം മാത്രമേ ആ സമ്മാനം പ്രൊഫസറെ കാണിക്കുകയുള്ളു എന്നു് സൂത്രത്തിൽ ഒരു പ്രതിജ്ഞ വാങ്ങുകയും ഉണ്ടായി. അൽപം കഴിഞ്ഞു, തന്റെ നക്ക്ലസ് കളവു പോയതായി ഭാർഗവി പ്രൊഫസറോടു് പറഞ്ഞു. ഇക്കാര്യത്തിൽ സുനന്ദയെ സംശയമുണ്ടെന്നും കൂട്ടത്തിൽ സൂചിപ്പിച്ചു. പ്രൊഫസർ സൂത്രത്തിൽ സുനന്ദയില്ലാത്ത നേരത്തു് അവളുടെ മുറിയിൽ കയറുകയും കാണാതായ നക്ക്ലസ് അവളുടെ പെട്ടിയിൽ കണ്ടു് അമ്പരക്കുകയും ചെയ്യുന്നു. ഭാർഗവി മരിച്ചു. തന്റെ പ്രണയത്തിനു് അനുകൂലമായ എന്തെങ്കിലും ഒരു സൂചന പ്രൊഫസറിൽ നിന്നു് കിട്ടും എന്ന പ്രതീക്ഷയുമായി നീണ്ട ഇരുപതു കൊല്ലക്കാലം സുനന്ദ ക്ഷമാപൂർവ്വം കഴിച്ചുകൂട്ടി. പാഴായിപ്പോയ തന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ മരണശയ്യയിൽവെച്ചു് ആ സ്ത്രീ പ്രൊഫസർക്കു് ആളയയ്ക്കുകയും നക്ക്ലസിന്റെ രഹസ്യം വെളിപ്പെടുത്തുകയും ചെയ്യുന്നു. സുനന്ദയുടെ മരണസമയത്തെ വാക്കുകൾ വായനക്കാർക്കെന്നപോലെ പ്രൊഫസർക്കും ഒരു വെളിപാടായി അനുഭവപ്പെടുന്നു.
പുള്ളിമാൻ, സ്ത്രീ തുടങ്ങിയ കഥകളിൽ കഥാപാത്രങ്ങളെ അവരുടെ ചുറ്റുപാടുകളുമായി കഥാകൃത്തു് വേണ്ടപോലെ ഇണക്കിച്ചേർക്കുന്നുണ്ടു്. ഈ കഥാപാത്രങ്ങൾ സ്വന്തം പശ്ചാത്തലങ്ങളിൽ നിന്നു് സ്വാഭാവികമായി ഉരുവം കൊള്ളുന്നവരാണു്. ഉദാഹരണത്തിനു് സ്ത്രീ എന്ന കഥയിൽ ഭാർഗവിയുടെ കിടപ്പറയുടെ വിശദാംശങ്ങൾ സവിസ്തരമായി പ്രതിപാദിച്ചിട്ടുണ്ടു്. ആ മുറിയിലെ ദീപക്കൂടു്, പൊൻപെന്റുലത്തോടു കൂടിയ ഊഞ്ഞാലിന്റെ ആകൃതിയിലുള്ള സുന്ദരമായ ക്ലോക്ക്, ചുമരിലെ ചിത്രങ്ങൾ, തിളങ്ങുന്ന നിലം എല്ലാം പരാമർശിക്കപ്പെടുന്നുണ്ടു്. ഗ്രന്ഥകാരൻ പറയുന്നു: “പക്ഷേ, ആ മുറി കണ്ടാൽ ഒരു രോഗിണിയുടെ കിടപ്പറയാണെന്നു് ആരും സംശയിക്കില്ല. അങ്ങനെയൊരുക്കുവാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടു്. ഒരൊറ്റ കുപ്പി മരുന്നോ ഉഷ്ണമാപിനി യന്ത്രമോ മറ്റോ ആ മുറിയിലെങ്ങും കാണില്ല”. തനിക്കു് സഹജമായ ഐറണിയോടെ അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “ഒരു രോഗിണിയുടെ കിടപ്പറ എന്നതിനേക്കാളും മരണത്തിനുള്ള മനോഹരമായ അതിഥിമുറി എന്ന പേരാണതർഹിക്കുന്നതു്.”
‘പുള്ളിമാൻ’ എന്ന കഥയിൽ വശ്യസുന്ദരമായ ഭൂവിഭാഗങ്ങളും മഞ്ഞിലൊളിച്ച നീലക്കുന്നുകളും നദികളിലും തടാകങ്ങളിലും വീണുകിടക്കുന്ന നിലാവൊളിയും കമിതാക്കളെ അടുപ്പിക്കുന്നതിൽ ഭാഗികമായ പങ്കു വഹിക്കുന്നുണ്ടു്.
‘വധു’ പെൺവഞ്ചനയുടെയോ പുരുഷ ചാപല്യത്തിന്റെയോ കഥയല്ല. ഇതിവൃത്തം സമാപ്തിയിലെത്തിക്കുന്നതു് അലിവില്ലാത്ത വിധിയാണു്; ജീവിതാനുഭവങ്ങളുടെ വിചിത്രമായ ആവർത്തനത്തിന്നും കഥ അടിവരയിടുന്നു. എങ്കിലും യാതൊന്നും പ്രസക്തമായ വ്യത്യാസം കൂടാതെ അതുപോലെ ആവർത്തിക്കുന്നില്ല; വ്യത്യാസങ്ങൾ മിക്കപ്പോഴും ‘ഐറണി’യാവുകയും ചെയ്യുന്നു. മലയായിൽ ജോലിക്കാരനായ ഗോപി കല്യാണം കഴിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഒരു ഹ്രസ്വകാല അവധിയിൽ കേരളത്തിൽ എത്തുന്നു. ഒരു ഗ്രാമത്തിൽ പെണ്ണുകാണലിനുവേണ്ടി തന്റെ ഒരു സുഹൃത്തിനൊപ്പം അയാൾ പോകുന്നു. സുഹൃത്താണു് കഥയുടെ ആഖ്യാതാവു്. സായാഹ്നത്തിൽ വയൽക്കരയിലൂടെയുള്ള ആ നടത്തം അയാളിൽ പല ഓർമ്മകളും ഉണർത്തിവിടുന്നു. ആ ഗ്രാമപ്രദേശം നേരത്തെ ഏറെ പരിചയമുള്ളതായി അയാൾക്കു് അനുഭവപ്പെട്ടു. ചുരുങ്ങിയ കാലം ആ ഗ്രാമത്തിലെ പള്ളിക്കൂടത്തിൽ ഒരു അധ്യാപകനായി അയാൾ ജോലി നോക്കിയിട്ടുണ്ടു്. അക്കാലത്തു് ഒരു യുവതിയോടുള്ള അഭിനിവേശം അയാൾ സ്വകാര്യമായി താലോലിച്ചിരുന്നു. അവർ മറ്റൊരു സ്കൂളിലെ അധ്യാപികയായിരുന്നു. അവരോടു് ഒരിക്കലെങ്കിലും സംസാരിക്കാൻ അയാൾക്കു് അവസരം ലഭിച്ചിട്ടില്ല. പക്ഷേ, മിക്ക വൈകുന്നേരങ്ങളിലും സ്കൂളിൽ നിന്നു് മടങ്ങുന്ന വഴി എതിർദിശകളിൽ നടക്കുകയായിരുന്ന അവർ പരസ്പരം കണ്ടുമുട്ടിയിരുന്നു. ഒരു രാത്രിയിൽ ആ യുവതിയുടെ വീടു് സന്ദർശിക്കണം എന്നു് അയാൾക്കൊരു പൂതി തോന്നി. അതു് അടക്കി നിർത്താൻ പ്രാപ്തി ഇല്ലാതെ വന്നപ്പോൾ ഇറങ്ങി പുറപ്പെടുകയും ചെയ്തു. അന്നു് ലക്ഷ്യത്തോടടുക്കാറായപ്പോൾ ആ വീട്ടിൽ നിന്നു് പുറത്തേക്കു് വന്ന പ്രകാശപ്പൊലിമയാണു് അയാളെ തടഞ്ഞു നിർത്തിയതു്. അന്നു് രാത്രി ആ സ്ത്രീയുടെ വിവാഹമായിരുന്നു. ആ രാത്രിവരെ അയാൾ ആ വീടു് കാണുകയോ അവളെപ്പറ്റി എന്തെങ്കിലും കേൾക്കുകയോ ചെയ്തിരുന്നില്ല. ഗോപിയുടെ ഓർമ്മകൾ കഥാഖ്യാതാവിനെ അന്ധാളിപ്പിച്ചു. കാരണം കല്യാണം കഴിഞ്ഞ ഉടനെത്തന്നെ വിധവയായിത്തീർന്ന അതേ സ്ത്രീയുടെ വീട്ടിലേക്കാണു് താൻ ഈ ചെറുപ്പക്കാരനേയും കൂട്ടി പോകുന്നതു് എന്നു് അയാൾക്കു് മനസ്സിലായി. ആ വീടു് രണ്ടു പേരുടെയും കണ്ണിൽ പെട്ടപ്പോൾ തന്നെ പ്രവഹിക്കുന്ന പ്രകാശം കാണായി. ചരിത്രം ദുരൂഹമാംവിധം സ്വയം ആവർത്തിക്കുന്നതുപോലെ. പക്ഷേ, ഈ ആവർത്തനം ഐറോണിക്ക് ആയിരുന്നു. കരണം ആ എരിയുന്ന വിളക്കുകൾ കല്യാണത്തെയല്ല, മരണത്തെയാണു് വിളമ്പരം ചെയ്തിരുന്നതു്. അന്നു് ആ യുവവിധവ തൂങ്ങിമരിച്ചു. കല്യാണാലോചനക്കാരൻ വൈകിപ്പോയിരുന്നു. അയാൾ എത്തും മുമ്പെ മൃത്യു അവളെ സ്വന്തം വധുവാക്കിക്കഴിഞ്ഞിരുന്നു.
പൊറ്റെക്കാട്ടിന്റെ എല്ലാ കഥകളും ട്രാജഡികളല്ല. അവയിൽ ചിലതു് ലാഘവത്തോടെ എഴുതപ്പെട്ടവയാണു്. ഏതായാലും അവയിലും സാഹചര്യങ്ങളുടെ തിരിമറി എന്ന സവിശേഷത കാണാം. പക്ഷേ, ഇത്തരം തിരിമറികൾ കഥാപാത്രങ്ങൾക്കു് ജീവൻമരണ പ്രശ്നമൊന്നുമായി മാറുന്നില്ല എന്നുമാത്രം. അവരുടെ മേൽ ജീവിതം ഒരു തമാശ പൊട്ടിക്കുന്നു; വായനക്കാരൻ ഉല്ലാസത്തോടെ അതാസ്വദിക്കുന്നു. അത്രയേയുള്ളു. ഇപ്പറഞ്ഞതിന്നു് നല്ല ഉദാഹരണമാണു് ‘കുറ്റക്കാരി’ എന്ന ചെറുകഥ. കടുംപിടുത്തക്കാരിയായ ഒരു ഹെഡ്മിസ്ട്രസ് സ്കൂളിൽ പ്രേമലേഖനങ്ങൾ കൈമാറിയ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും രക്ഷിതാക്കളെ വിളിപ്പിക്കുന്നു. വന്നു നോക്കുമ്പോൾ പെൺകുട്ടിയുടെ പിതാവു് കോളേജിൽ പഠിക്കുന്ന കാലത്തു് ഇതേ ഹെഡ്മിസ്ട്രസ്സിന്റെ കാമുകനായിരുന്നു. ആൺകുട്ടിയുടെ പിതാവാകട്ടെ സ്കൂളിൽ അവരുടെ സഹപാഠിയും. അവർ തമ്മിലും പ്രേമലേഖനങ്ങൾ കൈമാറിയിട്ടുണ്ടു്. ഭൂതകാലകാമുകന്മാർ അവരെ എളുപ്പം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവു് തുറന്നുപറയുകയും ചെയ്തു. രാവിലെ തന്നെ അവർക്കിരുവർക്കും അസൗകര്യം ഉണ്ടാക്കിയതിന്നു് മാപ്പു് ചോദിക്കുക എന്നതല്ലാതെ ആ സ്ത്രീക്കു് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കഥയുടെ ആന്റിക്ലൈമാക്സ് ബേജാറാക്കുന്ന ഈ കൂട്ടിമുട്ടൽ കൊണ്ടും അവസാനിച്ചില്ല. ഗ്രന്ഥകാരൻ കൂട്ടിച്ചേർക്കുന്നു; പിറ്റേന്നു് ഹെഡ്മിസ്ട്രസ് സ്കൂളിലേക്കു് ചെന്നില്ല; പകരം ചെന്നതു് അവരുടെ രാജിക്കത്തായിരുന്നു.
‘ബുദ്ദു പാദുഷ’ എന്ന ദൽഹിപശ്ചാത്തലത്തിലുള്ള കഥ നർമ്മഭാവത്തോടെ എഴുതിയതാണു്. ഗ്രന്ഥകാരനും അദ്ദേഹത്തിന്റെ സുഹൃത്തു് ഹാമിദും ദൽഹിയുടെ ഭൂതകാലത്തെപ്പറ്റി ഉല്ലാസത്തോടെ വർത്തമാനം പറഞ്ഞിരിക്കയായിരുന്നു. പുരാനാ ഖിലയുടെ ഗോപുരത്തിന്റെ മുകളിലിരുന്നാണു് അവർ വർത്തമാനം പറഞ്ഞിരുന്നതു്. ആ നേരത്തു് ചക്രവർത്തിയുടെ നേതൃത്വത്തിൽ വരുന്ന മുഗൾ സൈന്യത്തെപ്പോലുള്ള ഒരു സംഘം വന്നെത്തിയതു് കണ്ടപ്പോൾ അവർ ബേജാറായി. തന്റെ ചരിത്രാഭിമുഖ്യം മൂലം താൻ ഏതെങ്കിലും തരത്തിലുള്ള മതിഭ്രമത്തിന്നു് വിധേയനായിപ്പോയോ എന്നു് ഗ്രന്ഥകാരനു് അത്ഭുതം തോന്നി. അൽപനേരം ശക്തി പ്രകടിപ്പിച്ച ശേഷം സൈന്യം ചുറ്റിത്തിരിഞ്ഞു മുന്നോട്ടുപോയി. അപ്പോൾ സുഹൃത്തു് ആ ദുരൂഹത ഇഴ പിരിച്ചു പറഞ്ഞുകൊടുത്തു. കുതിരപ്പുറത്തു് കടന്നുപോയ ‘ചക്രവർത്തി’ ദൽഹിയിലെ ഒരു സംഘത്തിന്റെ തലവനാണു്. ജനങ്ങൾ അയാളെ ‘ബുദ്ദു പാദുഷ’ എന്നു വിളിക്കുന്നു. അവസാനത്തെ മുഗൾ ചക്രവർത്തിയുടെ അനന്തരാവകാശിയാണു് അയാൾ എന്നൊരു കിറുക്കൻ ആശയം അയാളുടെ തലയിലേക്കു് ആരോ കയറ്റിവിട്ടിട്ടുണ്ടു്. തന്റെ സാമ്രാജ്യം പുനഃസ്ഥാപിതമാവുന്ന ആ സുവർണ്ണകാലവും കാത്തു് കഴിയുകയാണു് ബുദ്ദു!
‘ഹരിശ്ചന്ദ്ര’ എന്ന കഥയിൽ മരണം എന്ന പ്രമേയം നർമസ്പർശത്തോടുകൂടി വളരെ കൗശലപൂർവ്വം കൈകാര്യം ചെയ്തിരിക്കുന്നു. ആഖ്യാതാവു് ഒരു ശവഘോഷയാത്ര കാണുന്നു. തന്റെ ചില പരിചയക്കാരിൽ നിന്നു് പരേതൻ നഗരത്തിലെ ശ്മശാനത്തിന്റെ കാവൽക്കാരനായിരുന്നു എന്നു് മനസ്സിലാക്കുന്നു. ‘ഹരിശ്ചന്ദ്ര’ എന്ന പരിഹാസപ്പേരിലാണു് അയാൾ അറിയപ്പെട്ടിരുന്നതു്. ശ്മശാനത്തിലേക്കു് വന്നെത്തിപ്പെടുന്ന ഓരോ മൃതദേഹത്തെയും സ്വീകരിച്ചിരുന്നതും ദഹിപ്പിക്കാനാവശ്യമായ ഏർപ്പാടുകൾ ചെയ്തതും ഹരിശ്ചന്ദ്രനായിരുന്നു. പക്ഷേ, ഇപ്പോൾ ആരാണു് ഹരിശ്ചന്ദ്രനെ സ്വീകരിക്കുക? കത്തിയെരിയുമ്പോൾ ആ മൃതദേഹത്തിന്നു് ആരു് കാവൽ നിൽക്കും? ഇത്തരം അസ്വസ്ഥകരമായ ചിന്തകൾ ആഖ്യാതാവിനെ ആ ഘോഷയാത്രയിൽ ചേരുവാൻ പ്രേരിപ്പിച്ചു. പക്ഷേ, ഹരിശ്ചന്ദ്രന്റെ ദേഹത്തിനുള്ള നിയോഗം ദഹിപ്പിക്കപ്പെടുക എന്നുള്ളതായിരുന്നില്ല. വഴിക്കുവെച്ചു് ശവം എടുപ്പുകാർ ഒരു ചെറിയ തോട്ടിൽ വീണു. ശവവും അവരോടൊപ്പം വെള്ളത്തിൽ മുങ്ങി. ശക്തിയായ ഒഴുക്കു് അതിനെ പുഴയിലേക്കു് കൊണ്ടുപോയി. പുഴ ഒരു പക്ഷേ, അതിനെ അനന്തമായ കടലിൽ എത്തിക്കുമായിരിക്കാം. അങ്ങനെ നിരവധി ശരീരങ്ങൾ ദഹിപ്പിച്ച ഹരിശ്ചന്ദ്രൻ തന്റെ ശരീരത്തെ ദഹിപ്പിക്കുവാൻ മറ്റുള്ളവരെ അനുവദിക്കാതെ രക്ഷപ്പെട്ടു. അയാൾ സമർത്ഥമായി സമുദ്രത്തിലേക്കു് ഒഴുകിപ്പോയി.
താൻ സന്ദർശിച്ച രാജ്യങ്ങളിലെ പൂക്കളേയും ചെടികളേയും കൃത്യമായി പൊറ്റെക്കാട്ട് നിരീക്ഷിച്ചിട്ടുണ്ടു്. മരങ്ങളും പൂക്കളും അദ്ദേഹത്തിന്റെ ഭാവനയെ എപ്പോഴും പിൻതുടർന്നുചെല്ലുന്നു. അവയുടെ നിറവും രൂപവും പരിമളവും എത്രയോ കാലത്തേക്കു് അദ്ദേഹത്തിന്റെ സിരകളിൽ ബാക്കിയാവുന്നു. അവയ്ക്കു ചുറ്റും നിരവധി കാൽപനികകഥകൾ അദ്ദേഹം നെയ്തൊരുക്കിയിട്ടുണ്ടു്. അവ ഒരുമിച്ചുവെക്കുമ്പോൾ ചെറുകഥാരംഗത്തെ ഒരു പുതിയ സാഹിത്യശാഖ ഉടലെടുക്കുന്നു എന്നുപോലും പറയാം. അക്കൂട്ടത്തിൽ ‘നിശാഗന്ധി’, ‘ഏഴിലംപാല’, ‘കാട്ടു ചെമ്പകം’ എന്നിവ സവിശേഷപരാമർശം അർഹിക്കുന്നു. ‘ഏഴിലംപാല’യിൽ ആഖ്യാതാവു് തന്റെ വൃദ്ധനായ അമ്മാവനുമായി ഇടയുന്നു. റോഡുപണിയുടെ പൂർത്തീകരണത്തിനുവേണ്ടി ഒരു ഏഴിലംപാല മുറിക്കുന്നതു് അവസാന നിമിഷത്തിൽ കാരണമേതും പറയാതെ അമ്മാവൻ തടഞ്ഞതാണു് പ്രശ്നം. മരുമകന്നു് ആ തൊള്ളയിടലുകളെല്ലാം വിചിത്രമായിത്തോന്നി. കാരണം ജനങ്ങൾക്കു് വലിയ ഉപകാരമാവും എന്നു പറഞ്ഞുകൊണ്ടു് റോഡു നിർമ്മാണത്തെ വൃദ്ധൻ തന്നെ നേരത്തേ സ്വാഗതം ചെയ്തതാണു്. കഥയുടെ കാതൽ കിടക്കുന്നതു് അവസാനത്തിൽ ഉയർന്നു വരുന്ന അമ്മാവന്റെ പുതിയ പ്രതിച്ഛായയിലാണു്. തുടക്കത്തിൽ മരുമകൻ എടുത്തുകാണിച്ച രൂപത്തിനു് നേരെവിപരീതമാണു് ഈ പ്രതിച്ഛായ—മരുമകനു് ഒരു കുറിപ്പു് എഴുതിവെച്ചു് വൃദ്ധൻ ആത്മഹത്യ ചെയ്യുന്നു. അതൊരു ദുരന്തപ്രണയകഥയുടെ അനാവരണമായിരുന്നു: യൗവനകാലത്തു് അമ്മാവൻ ‘താഴ്‌ന്ന’ ജാതിയിൽപ്പെട്ട ഒരു പെണ്ണിനെ സ്നേഹിച്ചിരുന്നു. അവൾ ആ സ്നേഹം തിരിച്ചു നൽകി. എങ്കിലും അദ്ദേഹത്തിന്റെ സൽപേരും കുടുംബത്തിന്റെ അന്തസ്സും കാത്തുരക്ഷിക്കുന്നതിനുവേണ്ടി അവൾ ഏഴിലംപാലയിൽ തൂങ്ങിമരിച്ചു. അവളുടെ ത്യാഗമനഃസ്ഥിതി അദ്ദേഹത്തെ അഗാധമായി സ്പർശിച്ചതിനാൽ അവിവാഹിതനായി, അവളുടെ സ്നേഹം ഓർത്തുകൊണ്ടും വീട്ടിലെ തന്റെ മുറിയിൽ നിന്നു് നിത്യവും ആ ഏഴിലംപാല വീക്ഷിച്ചുകൊണ്ടും തുടർന്നു ജീവിക്കാൻ അയാൾ തീരുമാനിച്ചു. ഗ്രാമവാസികൾ കരുതിയതുപോലെ ആ മനുഷ്യൻ പ്രണയമെന്തെന്നറിയാത്ത വെറും യാഥാസ്ഥിതികൻ ആയിരുന്നില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ യാത്രകളുടെ അനുഭവങ്ങൾ തന്റെ സർഗരചനകളിൽ കൊണ്ടുവരുവാൻ പൊറ്റെക്കാട്ട് ശ്രമിച്ചിട്ടുണ്ടു്. സ്വന്തം കഥകളുടെ പ്രമേയപരിധി കേരളീയജീവിതത്തിൽ മാത്രമായി ഒതുക്കുന്ന മലയാളത്തിലെ ആ തലമുറയിലെ മിക്ക എഴുത്തുകാരിൽ നിന്നും ഇതു് പൊറ്റെക്കാട്ടിനെ വേറിട്ടുനിർത്തുന്നു. ‘ഹിമവാഹിനി’ എന്ന സമാഹാരത്തിലെ എല്ലാ കഥകളുടെയും പശ്ചാത്തലം കാശ്മീർ ആണു്. ചില കഥകളിൽ ബാലിദ്വീപ്, സിങ്കപ്പൂരിലെ തെരുവുകൾ മുതലായവ പശ്ചാത്തലമായി വരുന്നു. ഈ ഭൂമിശാസ്ത്രപരമായ വൈപുല്യം ആ കഥാലോകത്തിന്നു് വ്യാപകമായ അളവിൽ ഒരു അന്യലോകവൈചിത്ര്യം പകരുന്നുണ്ടു്.
ചില കഥകൾ കഥാപാത്ര പഠനങ്ങളാണു്. അവയിൽ ഇതിവൃത്തം കഥാപാത്രത്തെ അനാവരണം ചെയ്യാനുള്ള ഒരു ഉപായം എന്ന നിലയിൽ മാത്രമേ പ്രധാനമായിത്തീരുന്നുള്ളു. തന്റെ ദേശാഭിമാന പ്രചോദിത പ്രവർത്തനങ്ങൾ മൂലം കച്ചവടവും ആരോഗ്യവും സുഹൃത്തുക്കളും നഷ്ടപ്പെട്ട കുഞ്ഞലവി എന്നു പേരായ ദരിദ്രമുസ്ലിമിനെക്കുറിച്ചുള്ള ‘ഒഴിഞ്ഞകട്ടിൽ’ എന്ന കഥ ഇപ്പറഞ്ഞതിനു് ഉദാഹരണമാണു്. ‘മലയാളത്തിന്റെ ചോര’ എന്ന കഥയിൽ മറ്റൊരു രക്തസാക്ഷിയായ മൊയ്തീൻ എന്ന കച്ചവടക്കാരൻ വൈകാരികസ്പർശത്തോടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. കോലാലംപൂരിലെ ഒരു തെരുവുമുറിയിൽ തന്റെ വണ്ടിക്കു സമീപം നിന്നുകൊണ്ടു് ‘നാരീഗോറിങ്ങ്’, അതായതു് ഫ്രൈഡ്റൈസ് വിറ്റുകൊണ്ടിരിക്കെ ഏതാനും വാര അകലെനിന്നു് വേദനയിൽ പുളയുന്ന ഒരാളുടെ നിലവിളി ഈ യുവാവു് കേൾക്കുന്നു. അവിടെ ഒരു പോലീസുകാരന്റെയും ഏതാനും ഗുണ്ടകളുടെയും പീഡനത്തിനു ഇരയാവുന്നതു് ഒരു മലയാളിയാണു് എന്നു് അയാൾ തിരിച്ചറിയുന്നു. ആ ക്രൂരദൃശ്യം കണ്ടു നിൽക്കാനാവാതെ അയാൾ ഒരു വടിയുമായി അവരെ ആക്രമിക്കുകയും മർദ്ദിതനെ സ്വതന്ത്രനാക്കുകയും ചെയ്യുന്നു. മലയാളസ്നേഹത്താൽ പ്രചോദിതനായി മൊയ്തീൻ ചെയ്ത വീരകൃത്യം അവിടെ അയാളുടെ ജീവികാസമ്പാദനത്തിനു് വിനയായി. അതു് കോലാലംപൂരിൽ കച്ചവടം നടത്തിയിരുന്ന സന്തുഷ്ട ദിനങ്ങൾക്കു് അന്ത്യം കുറിച്ചു. താൻ വീണ്ടെടുത്ത മനുഷ്യനോടൊപ്പം അയാൾ ഇനി ഒരിക്കലും നഗരത്തിലേക്കു് തിരിച്ചുവരാത്തമട്ടിൽ കാട്ടിലേക്കു് രക്ഷപ്പെട്ടു. ‘ശിക്കാരി’ എന്ന കഥ വളരെ കൗതുകം ജനിപ്പിക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു—മിസ്റ്റർ ബുഷ്. ഗണിതശാസ്ത്രത്തിന്റെ പ്രൊഫസറായ അദ്ദേഹം ആഫ്രിക്കൻ കാടുകളിലെ സാഹസയാത്രകളുടെ കഥകൾ വായിച്ചു് ഹരം കയറി നായാട്ടുകമ്പക്കാരനായിത്തീരുന്നു. അധ്യാപനവൃത്തി ഉപേക്ഷിച്ചു് അദ്ദേഹം ആഫ്രിക്കയിലേക്കു് പുറപ്പെട്ടു. അവിടെ ഒരു നായാട്ടുകാരനെ കൂലിക്കു വിളിച്ചു. ഒരു ദിവസം അവരിരുവരും കാട്ടിൽവെച്ചു് ഭീമാകാരനായ ഒരു ആനയെ കണ്ടുമുട്ടി. അതിന്റെ കൊമ്പുകൾ പ്രൊഫസറുടെ കൂട്ടുകാരൻ ഇതിനുമുമ്പു് ഒരിക്കലും കണ്ടിട്ടില്ലാത്തവിധം വലുതായിരുന്നു. അയാൾ ബുഷിനോടു് വെടിവെക്കാൻ പറഞ്ഞു. അദ്ദേഹമാകട്ടെ, ആ വൻരൂപത്തിന്റെ അവയവപ്പൊരുത്തത്തിൽ വ്യാമുഗ്ദ്ധനായി നിന്നുപോയി. അഴകു് വഴിയുന്ന താളാത്മകമായ ചെവിയാട്ടലും വയറും കാലുകളും ഒക്കെ നോക്കി അദ്ദേഹം അങ്ങനെ നിന്നു—പ്രകൃതിയുടെ പൂർണ്ണത തികഞ്ഞ ഒരു സൃഷ്ടി. അദ്ദേഹം വെടിവെയ്ക്കാൻ വിസമ്മതിച്ചു; ആ മൃഗത്തെ ഉപദ്രവിക്കുന്നതിൽ നിന്നു് തന്റെ കൂട്ടുകാരനെ തടയുകയും ചെയ്തു. ആന നടന്നുമറഞ്ഞു. ബുഷ് എന്നേക്കുമായി നായാട്ടു് ഉപേക്ഷിച്ചു. അദ്ദേഹം ഒട്ടകപ്പക്ഷിയുടെ തൂവൽ ശേഖരിച്ചു വിറ്റു് ജീവിക്കാമെന്നു് തീരുമാനിക്കുകയും ചെയ്തു. ‘കാട്ടുചമ്പകം’ എന്ന കഥയിലേതുപോലെ, മുഖ്യകഥാപാത്രത്തെ ചുറ്റിപ്പറ്റി ഇത്തരത്തിലുള്ള ഒരു ഗൂഢാത്മക പരിവേഷം വളരെ അപൂർവ്വമായി മാത്രമേ പൊറ്റെക്കാട്ടിന്റെ കഥകളിൽ കണ്ടെത്താനാവൂ. നിരവധി വർഷങ്ങളായി ഒരു കാട്ടുചമ്പകത്തിനു ചുവട്ടിൽ തന്റെ കമിതാവിനെ കാത്തിരിക്കുന്ന വൃദ്ധയും ഭ്രാന്തിയുമായ ഭദ്രിയുടെ കഥയാണു് ‘കാട്ടുചമ്പകം’: കലാസിദ്ധികളുള്ള ഒരാശാരിയെ രാജകുമാരിയായിരുന്ന അവൾ പ്രേമിച്ചു. യൗവനകാലത്തു് അവർ ഒന്നിച്ചു് ഒളിച്ചോടാൻ നിശ്ചയിച്ചിരുന്നതാണു്. മുൻനിശ്ചയമനുസരിച്ചു് അവൾ ആ മരച്ചുവട്ടിൽ കാമുകനേയും കാത്തു നിന്നു. അങ്ങോട്ടുള്ള വഴിമധ്യേ രാജാവിന്റെ ആൾക്കാർ അയാളെ കൊന്നുകളഞ്ഞു. ഭദ്രി തന്റെ പുരുഷനെ കാത്തുനിൽക്കാൻ തുടങ്ങിയതിനു ശേഷം അനേക വർഷങ്ങൾ കഴിഞ്ഞു പോയി. അവൾക്കു് മരണമില്ലെന്നു് തോന്നിപ്പോകും. കാമുകീകാമുകന്മാർ അവളെ ഒരു ദേവിയായി ആരാധിക്കുന്നു. പൊറ്റെക്കാട്ടിന്റെ ചില കഥാപാത്രങ്ങളിൽ വൈകാരികമായ ആദർശവൽക്കരണത്തിന്റെ ഒരംശമുണ്ടു്. ഇന്ത്യയുടെ സാംസ്കാരിക നവോത്ഥാനത്തിന്റെ ചൈതന്യം ഉൾക്കൊണ്ടു് വളർന്ന എഴുത്തുകാരുടെ തലമുറയിൽപെട്ട ആളാണദ്ദേഹം. ഭദ്രി യഥാർത്ഥമായ കാൽപനിക പ്രണയത്തിന്റെ മൂർത്തീഭാവമാണു്; ബുഷ് അഹിംസയുടെ രൂപാന്തരമാണു്. മലയാളത്തിനുവേണ്ടിയുള്ള പ്രതിരോധത്തിന്റെ ആവേശം കയറിയ മൊയ്തീനും രാജ്യസ്നേഹിയായ കുഞ്ഞലവിയും എഴുത്തുകാരന്റെ തലമുറ ഉയർത്തിപ്പിടിച്ച ആദർശങ്ങളിൽ നിന്നു് ഉയിരെടുക്കുന്നവരാണു്.
സറ്റയർ ഈ എഴുത്തുകാരന്റെ കളമല്ല. പരോക്ഷമായ ആവിഷ്കാരരീതികളും ആവൃതമായ പ്രതിപാദനസമ്പ്രദായങ്ങളുമാണല്ലോ അതാവശ്യപ്പെടുന്നതു്. പൊതുവെ പൊറ്റെക്കാട്ടു് നേർക്കുനേരെ, കാര്യം തുറന്നു പറയുന്ന ആളാണു്. മാത്രവുമല്ല ഇദ്ദേഹത്തെപ്പോലെ ശക്തമായ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരെഴുത്തുകാരനു് സറ്റയർ ഉചിതമായ കഥനരീതിയുമല്ല. എങ്കിലും ‘സ്മാരകം’, ‘നാടൻകല’ തുടങ്ങി ഒരുപിടി കഥകളിൽ പൊറ്റെക്കാട്ട് ഈ രീതി ഉപയോഗിച്ചതായി കാണാം. മുരടിച്ച സമൂഹം ഒരു കവിയെ ചൂഷണം ചെയ്യുന്നതിന്റെ തേഞ്ഞ ഇതിവൃത്തം സ്മാരകത്തിൽ കാണാം. കടക്കാരുടെ ശല്യം സഹിക്കവയ്യാതെ, നിസ്വനായ കവി നഗരം വിട്ടു പോകുന്നു, താൻ മരിച്ചുപോയി എന്നു മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നതിൽ അയാൾ വിജയിച്ചു. ഒരുകാലത്തു് അദ്ദേഹത്തെ ചൂഷണം ചെയ്തിരുന്ന ജനങ്ങൾ അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം ഉയർത്തുന്നതിനുവേണ്ടി ധനശേഖരണം നടത്തി. അതിന്റെ തറക്കല്ലിടൽ ചടങ്ങിൽ ഗൂഢമായി പ്രത്യക്ഷപ്പെട്ട കവി തന്റെ യാഥാർത്ഥ്യം വെളിപ്പെടുത്തി എല്ലാവരേയും അമ്പരപ്പിക്കുകയും ധനശേഖരണം നടത്തിയവരുടെ കാപട്യം വെളിപ്പെടുത്തുകയും ചെയ്യുന്നു. സെമിനാറുകളിലും കോൺഫറൻസുകളിലും അധ്യക്ഷക്കുത്തക വഹിക്കുന്ന സാംസ്കാരികകഴുകന്മാരുടെ സുദീർഘമായ ഉപരിപ്ലവ പ്രസംഗങ്ങളുടെ ഹാസ്യാനുകരണമാണു് ‘നാടൻകല’ എന്ന കഥ.
പല പൊറ്റെക്കാട്ട് കഥകളുടേയും പ്രാരംഭത്തിൽ നിയമേന കാണുന്നതു് നീണ്ട വിവരണങ്ങളാണു്. ഇതിവൃത്തത്തിനു് ഉചിതമായ പശ്ചാത്തലമൊരുക്കുന്നതിനു പുറമെ ഗ്രന്ഥകാരന്റെ ഭാവാത്മകസംവേദനശക്തിക്കുള്ള തെളിവുകൾ കൂടിയാണവ:
“സായാഹ്നം. ശാന്തമായ കടൽ. വാരുണക്കൊട്ടാരത്തിന്റെ മുറ്റത്തു വിരിച്ച വീരാളിപ്പട്ടു പോലെ വിലസുന്ന ആകാശം. വർണ്ണമേഘങ്ങൾക്കിടയിൽ മകരസൂര്യൻ ഒരു ശരറാന്തലുപോലെ തൂങ്ങി നില്ക്കുന്നു.” (സ്മരണകൾ)
സാമാന്യ നിരീക്ഷണമോ സാന്ദർഭികപരാമർശങ്ങളോ കൊണ്ടു് ഉപന്യാസം പോലെ തുടങ്ങുന്ന ചില കഥകളും ഇക്കൂട്ടത്തിലുണ്ടു്:
“എനിക്കു് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പരിമളം ‘നിശാഗന്ധി’യുടേതാണു്. ‘രാത്രിയിലെ റാണി’ (Night Queen) എന്നു് ഇംഗ്ലീഷിൽ പറയപ്പെടുന്ന ഈ ചെടിയുടെ ചെറിയ വിരിമലരുകളിൽ നിന്നു് വഴിയുന്ന പരിമളധോരണിയെപ്പോലെ എന്നെ ആകർഷിക്കുന്നതായി മറ്റൊന്നുമില്ല. വേലിക്കരികിലെ പടർപ്പുകളിൽ നിന്നും ഉദ്യാനങ്ങളുടെ കോണുകളിൽ നിന്നും മതിലുകളുടെ മറവിൽ നിന്നും പുറപ്പെട്ടുവരുന്ന ആ പുതുമണം അന്ധകാരത്തിൽക്കൂടി ഇഴഞ്ഞുവന്നു് എന്റെ അന്തരംഗത്തെ ഒരാനന്ദോന്മാദത്തിൽ ആറാടിക്കാറുണ്ടു്. നിശാറാണി പുഷ്പങ്ങളിലെ വേശ്യയാണു്. പകൽ മുഴുവൻ കിടന്നുറങ്ങി, അന്തി കഴിഞ്ഞാൽ അന്ധകാരത്തിൽ കൂടി പതുങ്ങിച്ചെന്നു് അറിയാതെ ആളുകളെ അവൾ ആലിംഗനം ചെയ്തു വശീകരിച്ചുകളയും… എന്റെ സ്വന്തം തോട്ടത്തിൽ, ഒരു നിശാഗന്ധി വെച്ചു പിടിപ്പിക്കുവാൻ ഞാൻ ഒരിക്കലും അനുവദിക്കുകയില്ല. അതിനു് ഒരു പ്രത്യേക കാരണമുണ്ടു്. അതിന്റെ പിന്നിൽ ഒരു പഴയ കഥയുണ്ടു്.” (നിശാഗന്ധി)
‘ബുദ്ദു പാദുഷ’ ഒരുപന്യാസം പോലെ തുടങ്ങിയിരിക്കുന്നു: “പലപ്പോഴും വായിച്ചു കേട്ടു മാത്രം പരിചയപ്പെട്ട ചില സ്ഥലങ്ങളിൽ പെട്ടെന്നു ചെന്നു ചേരാനിടവരുമ്പോൾ, അവിചാരിതമായി ഒരു പഴയ ബന്ധുഗൃഹത്തിൽ വീണ്ടും പ്രവേശിക്കുമ്പോഴുണ്ടാകുന്ന ഒരു പ്രതീതിയാണു് നമുക്കുണ്ടാവുക. അവിടെ പണ്ടു നടന്ന സംഭവങ്ങൾക്കെല്ലാം നാം ദൃക്സാക്ഷികളായിരുന്നില്ലേ എന്നൊരു തോന്നലുണ്ടാവുന്നു. അവിടുത്തെ ഓരോ പൊളിഞ്ഞ സ്തൂപവും ചെരിഞ്ഞ ഭിത്തിയും മുറിയും മൂലയുമെല്ലാം പണ്ടെവിടെയോ കണ്ടു പരിചയിച്ചതല്ലേ എന്നു ബലമായൊരു സംശയം തോന്നുന്നു”.
പൊറ്റെക്കാട്ട് ഏറ്റവും അധികം സ്വാസ്ഥ്യം അനുഭവിച്ചിരുന്ന മാധ്യമം ചെറുകഥയാണു്. ഒരു അഭിമുഖ സംഭാഷണത്തിൽ നോവലിനെ ഒരു വീടിനോടും ചെറുകഥയെ അതിനകത്തെ ഒരു മുറിയോടും അദ്ദേഹം ഉപമിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ചെറുകഥകൾ ഈ നിർവചനത്തെ ദൃഷ്ടാന്തീകരിക്കുന്നുണ്ടു്. അവ ജനാലകളുള്ള മുറികളാണു് എന്നു് കൂടി നമുക്കു് കൂട്ടിച്ചേർക്കാൻ തോന്നിയേക്കും.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.