ഭാഷകൊണ്ടും പ്രമേയം കൊണ്ടും വായനക്കാരുമായി വളരെയേറെ അടുപ്പം നേടുന്ന എഴുത്തുകാരനാണു് ബഷീർ. സാധാരണ നിലയിൽ എഴുത്തുകാർ രചനാപ്രമേയമായി സ്വീകരിക്കുവാൻ മടിക്കുന്ന സർവ്വസാധാരണവും തുച്ഛവും ആയ സംഗതികൾ അദ്ദേഹത്തിന്റെ സാഹിത്യലോകത്തു് ധാരാളമായി കണ്ടുകിട്ടും. പുല്ലിനും പുഴുവിനും തന്നോളം തന്നെ പ്രാധാന്യം കല്പിക്കുന്ന മനോഭാവം ഉള്ളതുകൊണ്ടായിരിക്കാം, എന്തും സാഹിത്യവിഷയമാക്കുന്ന രീതി അദ്ദേഹത്തിൽ പുലർന്നുകാണുന്നതു്.
1947–48 കാലത്തു് മദിരാശിയിൽനിന്നു് പുറപ്പെട്ടിരുന്ന ജയകേരളം മാസികയിലും എറണാകുളത്തു് നിന്നു് പുറപ്പെട്ടിരുന്ന ‘നർമ്മദ’യിലും ‘നേരും നുണയും’ എന്ന തലക്കെട്ടിൽ അദ്ദേഹം കൈകാര്യം ചെയ്തു പോന്നിരുന്ന ചോദ്യോത്തര പംക്തി സഹൃദയശ്രദ്ധ നേടിയതു് സ്വാഭാവികം. 1969-ൽ ഈ ചോദ്യോത്തരങ്ങൾ സമാഹൃതരൂപത്തിൽ പുറത്തിറങ്ങുകയുണ്ടായി. അമ്മട്ടിലുള്ള മലയാളത്തിലെ ആദ്യത്തെ സമാഹാരം അതായിരിക്കാം.
ഈ ചോദ്യോത്തരപംക്തി ബഹുവിശേഷമാണു്—മനഃശാസ്ത്രജ്ഞനോടോ, ഡോക്ടറോടോ, ഭാഷാപണ്ഡിതനോടോ, സൗന്ദര്യസംരക്ഷണ വിദഗ്ദ്ധനോടോ, പാചക വിദഗ്ദ്ധയോടോ, പത്രാധിപരോടോ ഒക്കെയാണു് വായനക്കാർ ചോദ്യം ചോദിക്കാറുള്ളതു്. ബഷീർ മേല്പറഞ്ഞ ഒരു ഗണത്തിലും വരുന്ന ആളല്ല. ചുമ്മാ ഒരു രസത്തിനു് ആളുകൾ ചോദിക്കുന്നു. അദ്ദേഹം തൊള്ളയിൽ തോന്നിയ മറുപടി പറയുന്നു. ചിരിയാണു് ലക്ഷ്യം.
രാഷ്ട്രീയം, സാമൂഹ്യപ്രശ്നങ്ങൾ, സാമ്പത്തികപ്രശ്നങ്ങൾ, സാഹിത്യസംഭവങ്ങൾ മുതലായവയെല്ലാം ഇവിടെ വിഷയമാവുന്നുണ്ടു്. പക്ഷേ, എല്ലാം കാരിക്കേച്ചർ രൂപത്തിലാണു്. ചില ഉദാഹരണങ്ങൾ:
- ‘ചോദ്യം: കമ്യൂണിസ്റ്റുകാരെ ഓന്തിനോടു് ഉപമിക്കുന്നതിൽ, തെറ്റുണ്ടോ?’ ‘ഉത്തരം: വരട്ടെ, ഞാനീ നാട്ടിലെ എല്ലാ ഓന്തുകളേയും ഒന്നു വിളിച്ചുകൂട്ടി അവരുടെ അഭിപ്രായങ്ങളൊന്നാരാഞ്ഞോട്ടെ, അവർക്കു് പ്രതിഷേധമില്ലെങ്കിൽ വിവരമറിയിക്കാം.’
- ‘ചോദ്യം: താങ്കൾ ഒരു മുരടിച്ച കമ്യൂണിസ്റ്റ് മൂരാച്ചിയാണെന്നു് കേൾക്കുന്നു, ശരിയാണോ?’ ‘ഉത്തരം: മൂരാച്ചിയാണു്, കമ്യൂണിസ്റ്റല്ല.’
ഈ കൂട്ടത്തിൽ ആത്മകഥാപരാമർശകങ്ങളായ ധാരാളം വിവരണങ്ങൾ വരുന്നുണ്ടു്. ബഷീർ അപ്പപ്പോൾ ഉണ്ടാക്കിപ്പറയുന്ന കഥകൾ വേറെയും. ഉത്തരം പറഞ്ഞുതുടങ്ങുമ്പോൾ ഇതു സംബന്ധമായി ഒരു കഥ പറയാം എന്നു പറഞ്ഞു് അദ്ദേഹം ഏതെങ്കിലുമൊരു സങ്കല്പരംഗം സൃഷ്ടിക്കും. ബഷീർ പറയുന്ന ആ സംഭവത്തിലല്ല, പറയുന്ന രീതിയിലാണു് നർമ്മം കുടികൊള്ളുന്നതു്.
തമാശ പറയുന്നതിനിടയിൽ ബഷീർ ഗൗരവമായി രാഷ്ട്രീയ പ്രശ്നങ്ങളെപ്പറ്റിയും സാമൂഹ്യപ്രശ്നങ്ങളെപ്പറ്റിയും സംസാരിക്കുന്ന സന്ദർഭങ്ങളുമുണ്ടു്. ഇതിനിടയിൽ അദ്ദേഹം തത്വചിന്തയിലേക്കു് തെന്നുന്ന രംഗവും അത്യപൂർവമായി കാണാം.
ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗം കത്തുകളാണു്. വിവിധ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാരായ സുഹൃത്തുക്കൾക്കു് എഴുതിയവയാണു് അധികവും. 1955 മുതൽക്കുള്ള കത്തുകൾ—കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണൻ, കുങ്കുമം പത്രാധിപർ വൈക്കം ചന്ദ്രശേഖരൻനായർ, ജനയുഗം പത്രാധിപർ കാമ്പിശ്ശേരി കരുണാകരൻ, തൂലിക പത്രാധിപർ വക്കം അബ്ദുൽഖാദർ, സാഹിത്യപ്രവർത്തകസഹകരണസംഘം പ്രസിഡണ്ട് എസ്. ഗുപ്തൻ നായർ, മലയാളനാടു് വാരിക പത്രാധിപർ എസ്. കെ. നായർ തുടങ്ങിയവർക്കു് എഴുതിയവ. ഇവയുടെ പൊതുസ്വഭാവം പരിഹാസമാണു്.
ഇവ പൂർണമായ അർത്ഥത്തിൽ സ്വകാര്യക്കത്തുകളല്ല. അച്ചടിക്കാൻ ഇടയുണ്ടു് എന്ന ധാരണയോടെയോ അച്ചടിക്കാൻ വിരോധമില്ല എന്ന വിചാരത്തോടെയോ എഴുതിയവയാണെല്ലാം. രഹസ്യവും പരസ്യവും എന്നു് കാര്യങ്ങൾ വകതിരിക്കാതെ ആരോടും എപ്പോഴും എന്തും തുറന്നുപറയുന്ന പ്രകൃതക്കാരനായതു കൊണ്ടു് ബഷീറിന്റെ സ്വകാര്യക്കത്തുകളും ഇവയും തമ്മിൽ വ്യത്യാസമൊന്നുമില്ല. സുകുമാർ അഴീക്കോടു് തുടങ്ങിയ സുഹൃത്തുക്കൾക്കു് ബഷീർ അയച്ച സ്വകാര്യക്കത്തുകൾ ശേഖരിച്ചു് ബഷീറിന്റെ മരണശേഷം കൊല്ലത്തെ ഇംപ്രിന്റ് ബുക്സ് ചെറിയൊരു സമാഹാരം ഇറക്കുകയുണ്ടായി—‘വൈക്കം മുഹമ്മദ് ബഷീറിന്റെ കത്തുകൾ’ (1995). ‘ധർമ്മരാജ്യ’ത്തിന്റെ പുതിയ പതിപ്പിലും ( 2008) കുറേ കത്തുകളുണ്ടു്. വിഷയത്തിന്റെ കാര്യം: ഏതു വീട്ടുകാര്യവും ബഷീറിനു് നാട്ടുകാര്യമാണു്; ഏതു നാട്ടുകാര്യവും ബഷീറിനു് വീട്ടുകാര്യമാണു്.
ആ ഭാഷയുടെ പ്രസാദവും നർമവും മറ്റു സാഹിത്യരചനകളിൽ എന്നപോലെ കത്തുകളിലെവിടെയും ഒളിമിന്നി നില്ക്കുന്നുണ്ടു്. ബഹുമാനപ്പെട്ട എൻ. ബി. ഇട്ടു് എഴുതിയിരിക്കുന്നു: ബഹുമാനപ്പെട്ട എന്ന വാക്കു് ചുമ്മാ ഉപയോഗിച്ചിരിക്കയാണു്. മറ്റൊരു കത്തിൽ നിന്നു്: വേറേ വിഷേശങ്ങളൊന്നുമില്ല. സുഖം. നമുക്കും പട്ടമഹിഷിക്കും മോൾക്കും—ഷാനും സുഖം. ഷാൻ എന്നു പറയുന്നതു് ഒരു നായക്കുട്ടിയാണു്. ഇവൻ ശുദ്ധപറയനാണു്. എന്നാൽ ഇവന്റെ പിതാമഹപരമ്പരയിൽ എവിടെയോ ഒരുഗ്രൻ അൾസേഷ്യൻ ഉണ്ടെന്നു് പറയുന്നു. ഈ വിശ്വാസത്തിലാണു് ഇവനെ തീറ്റിപ്പോറ്റുന്നതു്. ഇവന്റെ പ്രധാന ഡ്യൂട്ടി കള്ളന്മാരെയും പത്രക്കാരെയും കടിക്കുക എന്നുള്ളതാകുന്നു. ഇവൻ കടിക്കുന്നില്ലെങ്കിൽ കള്ളന്മാരെയും പത്രക്കാരെയും നമ്മൾ കടിക്കും. ഇവനേയും കടിക്കും. (സമ്പൂർണ്ണകൃതികൾ, വാല്യം 2, 1992: പു. 1342) വേറൊരു കത്തിൽ: പറഞ്ഞുകൊടുത്തെഴുതിക്കാൻ ഭാര്യ ഒന്നേയുള്ളൂ. ഒരഞ്ചാറെണ്ണത്തിനെക്കൂടി കെട്ടിയാൽ കൊള്ളാമെന്നുണ്ടു്. പിന്നെ ഇതിന്റെയൊക്കെ നാക്കും ഒച്ചയും ഓർക്കുമ്പോൾ ഈയുള്ള ഏക തന്നെ ധാരാളം. (ടി. പുസ്തകം, പു. 1345)
ബഷീറിന്റെ കൂടെയിരുന്നു് വർത്തമാനം പറയുന്നതിന്റെ രസം പകർന്നു തരുന്നവയാണു് ഈ ചോദ്യോത്തരങ്ങളും കത്തുകളും.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.