ഉച്ചതിരിഞ്ഞ നേരം. ഞാൻ മുറിയിലിരുന്നു് വിദ്യാർത്ഥികളുടെ പ്രബന്ധങ്ങൾ തിരുത്തിക്കൊണ്ടിരിക്കുകയാണു്. രണ്ടു ചെറുപ്പക്കാർ പുഞ്ചിരിയോടെ കടന്നുവന്നു.
“ഇരിക്കൂ. മനസ്സിലായില്ലല്ലോ.”
“സാറിനെ ഒന്നു കണ്ടു പരിചയപ്പെടണം എന്നു കുറേക്കാലമായി വിചാരിക്കുന്നു. ഞങ്ങളുടെ വായനാനുഭവങ്ങളിൽ സാറ് വലിയൊരു പാഠമാണു്.”
ആ നേരത്തെ കുളിർതെന്നലിനു് ഒരു പുനപ്പാരായണത്തിന്റെ സുഖം. നല്ല ചെറുപ്പക്കാർ. വായനാശീലമുണ്ടു്. വിനയമുണ്ടു്. പ്രബന്ധം നോക്കുന്നതൊക്കെ പിന്നെ. ഇവരെയൊന്നു് ഇമ്പ്രസ് ചെയ്തില്ലെങ്കിൽ എങ്ങനെയാ?
ഞാൻ അവരെ നിർബന്ധിച്ചു് ഇരുത്തി. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇരുവരും നഗരത്തിലെ പ്രശസ്തമായ കോളേജിൽ പഠിക്കുകയാണു്. അവർ ഊണുകഴിച്ചു വരികയാണു് എന്നു ഞാൻ ഉറപ്പുവരുത്തി—വെറുതേ കിട്ടുന്ന ആതിഥേയമര്യാദയുടെ സൽപ്പേരു നഷ്ടപ്പെടുത്തുന്നതു ബുദ്ധിയല്ലല്ലോ.
പോസ്റ്റ് മോഡേണിസം, ഉപഭോഗസംസ്കാരം, കൊക്കക്കോളനീകരണം, ആഗോളവൽക്കരണം, ഇരട്ട ക്ലൈമാക്സ് തുടങ്ങിയ പ്രശ്നപരിസരങ്ങളെപ്പറ്റി അവർ വാചാലരായി.
“സാറിനെപ്പോലുള്ളവരുമായി ഇത്തരം സംഗതികളെപ്പറ്റി ഇന്ററാക്ട് ചെയ്യാൻ ഞങ്ങൾക്കു മാത്രമല്ല കോളേജിലെ മുഴുവൻ കുട്ടികൾക്കും ഒരവസരം കിട്ടേണ്ടതാണു്. സാറ് കോളേജിൽ വരണം.”
“സന്തോഷം. എപ്പോഴെങ്കിലും വരാം.”
“അയ്യോ സാർ. വൈകിയാൽ പറ്റില്ല. പിന്നെ, സാറിനെപ്പോലുള്ളവർ വരുമ്പോൾ ഒരു മീറ്റിങ്ങൊക്കെ സംഘടിപ്പിച്ചെടുക്കേണ്ടേ?”
വിനയം പ്രകടിപ്പിക്കേണ്ട നേരം ഇതാ വന്നെത്തിയിരിക്കുന്നു. “അതൊന്നുംം വേണ്ട. നമുക്കു വല്ല മരത്തണലിലും ഇരുന്നു് ഇന്ററാക്ട് ചെയ്യാം. അതൊക്കെ ഇൻഫോർമൽ ആവുന്നതല്ലേ ഭംഗി?”
അവർ സമ്മതിച്ചില്ല. അടുത്ത തിങ്കളാഴ്ച രാവിലെ കൃത്യസമയത്തു് ചെല്ലണം. ആ കൂട്ടായ്മയുടെ സ്വത്വരൂപീകരണവുമായി ബന്ധപ്പെട്ട ഒരുഛേദം സാറ് കാണണം. അന്നു കോളേജ് യൂണിയൻ ഉദ്ഘാടനമുണ്ടു്.
ഒരു കൗതുകം കൊണ്ടു ഞാൻ ചോദിച്ചു. “ആരാണു് ഉദ്ഘാടകൻ?”
“സാറ് തന്നെ.”
ഞാൻ, ചെറുതായിട്ടാണെങ്കിലും, ഒന്നു ഞെട്ടി. അപ്പോൾ അതാണു് വികാരപരമായ ഉള്ളടക്കം. യൂണിയൻ ഉദ്ഘാടനത്തിനു് ഒരുത്തനെ ക്ഷണിക്കുന്നതിന്റെ പോസ്റ്റ് മേഡേൺ ജ്ഞാനപരിസരമാണിതു്. അതു ഞാൻ നേരത്തേ വായിച്ചെടുക്കാഞ്ഞതു് അവരുടെ കുറ്റമാണോ?
ഞാൻ ഒഴിഞ്ഞു. ക്ലാസുള്ള ദിവസമാണു്. ലീവെടുത്തു പ്രസംഗിക്കാൻ വരാൻ പറ്റില്ല. ലീവില്ല.
കാറുമായി വരാം. എവിടെയും കേന്ദ്രീകരിക്കേണ്ടതില്ല. ലീവിൽ ഒട്ടും കേന്ദ്രീകരിക്കേണ്ട. ഒരു മണിക്കൂർ നേരത്തെ കാര്യമേയുള്ളു തുടങ്ങിയ പല്ലവികളുടെ വരവായി. ഞാൻ വീഴാതെ ഒരുമാതിരി പിടിച്ചുനിന്നു.
ചെറുപ്പക്കാർ പ്രശ്നം അപകേന്ദ്രീകരിച്ചു. “സാറ് ഇങ്ങനെ ഇന്ററാക്ട് ചെയ്താൽ ഞങ്ങൾ ചുറ്റിപ്പോവും. സാറിന്റെ വായനാനുഭവം ഓർത്തു ഞങ്ങൾ ഈ പണി ഏറ്റെടുത്തെന്നേയുള്ളൂ. സാറിനെ ഇത്തവണ ഉദ്ഘാടകനായി ക്ഷണിക്കണം എന്നു നിശ്ചയിച്ചതു ഞങ്ങളല്ല, കോളേജ് കൗൺസിൽ ആണു്. ഇവിടെയിരുന്നു ഞങ്ങൾക്കു് ആ തീരുമാനം അപകേന്ദ്രീകരിക്കാൻ പറ്റുമോ? ഇതാ സാർ, പ്രിൻസിപ്പലിന്റെ കത്തു്.”
വെളുത്തു മിനുത്ത കടലാസ്. ഡി. ടി. പി. കമ്പോസിങ്. പൂജ്യനായ സാറിനു് എന്നു മാത്രമായുള്ളൂ. ആ സംബോധന എനിക്കു രസിച്ചു. ആദരണീയരെ പേരു് വിളിക്കരുതു് എന്ന മര്യാദയൊക്കെ ഇന്നു് എത്ര കുറച്ചു പേർക്കേ അറിയാവൂ! എന്റെ വ്യക്തിത്വം, പാണ്ഡിത്യം, പ്രസംഗവൈഭവം മുതലായവയെ കത്തിൽ പുകഴ്ത്തിയതും സുഖിച്ചു. നേരു പറയാമല്ലോ പ്രിൻസിപ്പലിനോടു വല്ലാത്തൊരു സ്നേഹം തോന്നിപ്പോയി. ഒരു നിമിഷം പരിപാടിക്കു ചെന്നാലോ എന്നാലോചിച്ചു. എങ്കിലും—
“കാര്യമൊക്കെ ശരി. ലീവില്ല.”
“സാറിനെ കിട്ടിയില്ലെങ്കിൽ ഇത്തവണ ഉദ്ഘാടനംതന്നെ വേണ്ടെന്നു ഞങ്ങളുടെ മീറ്റിങ്ങിൽ ചിലർ പറഞ്ഞു. സാറ് ഇതു പ്രശ്നവൽക്കരിക്കരുതു്. കുട്ടികൾ സാറിന്റെ പ്രസംഗം കേൾക്കാൻ അത്ര താൽപര്യമായിട്ടിരിക്കുകയാണു്.”
വീഴാവുന്ന നേരം. എങ്കിലും ഞാൻ പിടിച്ചുതന്നെ നിന്നു. നിർബന്ധം മുറുകി.
“ശരി. പരിപാടി ശനിയാഴ്ചക്കു മാറ്റിക്കോളൂ. ഞാൻ വരാം.”
“അയ്യോ സാർ, ശനിയാഴ്ച കോളേജിൽ ഒരു കുഞ്ഞും വരില്ല. അന്നു് ആരു പ്രസംഗിച്ചാലും, എന്തു പരിപാടി നടത്തിയാലും… പിന്നെ, തിങ്കളാഴ്ചയ്ക്കു് എല്ലാം ഏർപ്പാടു ചെയ്തുപോയി.”
“വെരി സോറി. ലീവില്ലാഞ്ഞിട്ടാണു്.”
യാതൊരു ഭാവഭേദവും ഇല്ലാതെ രണ്ടുപേരും എഴുന്നേറ്റു. “ശരി സാർ”
“ശരി.”
അവർ പോകുന്നില്ല.
“എന്താ?”
“സാർ കത്തു്… ”
“എന്താ കത്തിനു മറുപടി എഴുതിത്തരണോ?”
അവരൊന്നും മിണ്ടിയില്ല. ഞാൻ ചുരുങ്ങിയ വാക്കുകളിൽ ആ മധുരോദാരമായ കത്തു് അർഹിക്കുന്ന മട്ടിലുള്ള മര്യാദനിറഞ്ഞ ഒരു മറുപടി എഴുതിക്കൊടുത്തു.
എന്നിട്ടും അവർ പോകുന്നില്ല. “സാർ, ആ കത്തു മടക്കിത്തരണം.”
“എനിക്കെഴുതിയ കത്തു് നിങ്ങൾക്കെന്തിനാ?”
“അതല്ല സാർ. പ്രിൻസിപ്പൽ ആ കത്തിന്റെ കുറേ ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുക്കാൻ പറഞ്ഞിരുന്നു. പൈസ കളയേണ്ടെന്നു കരുതി ഞങ്ങൾ എടുത്തില്ല. സാറിനു് ഇനി, ആ കത്തെന്തിനാ?”
എനിക്കതങ്ങോട്ടു തലയിൽ കയറിയില്ല. ഞാൻ അവരെ വീണ്ടും ചോദ്യഭാവത്തിൽ നോക്കി.
“സാർ ഇനി വേറെ ചിലരെ ട്രൈ ചെയ്യാനുണ്ടു്. അതിനും കൂടിയുള്ള കത്താണതു്.”
അപ്പോഴാണു കത്തിൽ സംബോധന വരുന്നേടത്തു് ആരുടെയും പേരെഴുതിയിട്ടില്ലല്ലോ എന്നു് ഈ ‘പൂജ്യനായ’ സാറിനു വെളിവു വീണതു്!
അതെ, അതു് ഒരാളിലും കേന്ദ്രീകരിക്കുന്നില്ല!
മലയാളമനോരമ: 3 ഡിസംബർ 1998.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.