മലയാളകഥാസാഹിത്യം ദാർശനികതയുമായി ഗാഢപരിചയം നേടുന്നതു് ബഷീറി ന്റെ വരവോടുകൂടിയാണു്. വ്യക്തിപരവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മാനുഷിക പ്രശ്നങ്ങൾ യഥാതഥവും കാൽപനികവുമായ തലങ്ങളിൽ നിന്നുകൊണ്ടു് ധാരാളമായി മലയാള സാഹിത്യകാരന്മാർ ചിത്രീകരിച്ചുകൊണ്ടിരുന്ന കാലത്താണു് ഈ എഴുത്തുകാരൻ എഴുതിത്തെളിയുന്നതു്. ചൂഷണത്തിന്നും അനീതികൾക്കുമെതിരെ ആ കാലത്തെ പ്രധാനപ്പെട്ട എഴുത്തുകാരായ തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ്, കാരൂർ നീലകണ്ഠപ്പിള്ള (1898–1975), പൊൻകുന്നം വർക്കി, ലളിതാംബിക അന്തർജ്ജനം (1909–1987) തുടങ്ങി പലരും എഴുതിയിരുന്നു. നവോത്ഥാനമുന്നേറ്റങ്ങൾ സജീവമായിരുന്ന സന്ദർഭം. ഇമ്മാതിരി ആശയലോകങ്ങളിലേക്കെല്ലാം കണ്ണുതുറക്കാൻ രാഷ്ട്രീയ പ്രവർത്തനവും പത്രപ്രവർത്തനവും യാത്രകളും സുഹൃദ്ബന്ധങ്ങളും ബഷീറിനെ സഹായിച്ചു. ഇവയുടെയെല്ലാം സ്വാധീനം കൂടിയ അളവിലോ കുറഞ്ഞ അളവിലോ ബഷീർകൃതികളിൽ തെളിയുന്നു.
ഇതിന്റെയെല്ലാം നടുവിൽ നിന്നുകൊണ്ടു് എന്താണു് ജീവിതം, എന്തിനുവേണ്ടിയാണു് ജീവിതം, അതിന്റെ ഉൾസാരം എന്താണു് തുടങ്ങിയ ദാർശനിക പ്രശ്നങ്ങൾ അദ്ദേഹത്തെ മഥിച്ചുകൊണ്ടേയിരുന്നു. ആ പൊരുൾ തേടി, യൗവനകാലം മുഴുവൻ രാഷ്ട്രീയപ്രവർത്തകനായും പത്രപ്രവർത്തകനായും സന്യാസിയായും കാമുകനായും തെണ്ടിയലഞ്ഞവനാണു് ബഷീർ. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ പരിഹരിച്ചുകഴിഞ്ഞാലും ജീവിതം എന്ന പ്രശ്നം പരിഹാരമേതുമില്ലാതെ കിടപ്പാണല്ലോ എന്ന ശോകം ബഷീറിൽ എപ്പോഴും ബാക്കിയാവുന്നു.
എല്ലാം ആത്യന്തികമായി കഷ്ടത്തിലും നഷ്ടത്തിലും നിരർത്ഥകതയിലും ചെന്നു് അവസാനിച്ചുപോകുന്നു. ദുരന്തങ്ങൾ ജീവിതത്തെ നിരന്തരം വേട്ടയാടുന്നു. അവയെപ്പറ്റി പരാതിപറയുന്നതോ, ഓർത്തു് വിലപിക്കുന്നതോ ബഷീറിന്റെ രീതിയല്ല. ദുഃഖങ്ങളും ദുരിതങ്ങളും ജീവിതത്തിന്റെ സഹജസ്വഭാവമായതുകൊണ്ടു് അതിനെ അമ്മട്ടിൽ സ്വീകരിച്ചു് ചിരിക്കാനാണു് മൂപ്പർക്കു് താൽപര്യം.
മരണം എപ്പോഴും തന്റെ കൂടെയുണ്ടു് എന്നൊരു വെളിവു് ഉണ്ടായിരുന്ന ബഷീർ ഒരു നോവലിനു് പേരിട്ടിരിക്കുന്നതു് മരണത്തിന്റെ നിഴലിൽ എന്നാണു്. പലവട്ടം അദ്ദേഹം എന്നോടു് പറഞ്ഞിട്ടുണ്ടു്: ‘നാളെ രാവിലെ ഉണർന്നെഴുന്നേൽക്കുകയില്ല എന്ന ഉറപ്പിലാണു് ഞാൻ നിത്യവും ഉറങ്ങാൻ കിടക്കുന്നതു്.’ അദ്ദേഹത്തിന്റെ വ്യക്തിജീവിതമോ രചനകളോ മരണത്തെ പേടിക്കുന്നില്ല, സ്നേഹിക്കുന്നുമില്ല. ജീവിതത്തിന്റെ സ്വാഭാവികമായ പരിണാമം എന്ന നിലയിൽ നിസ്സംഗമായി മരണത്തെ നോക്കിക്കാണുക എന്നതാണു് നിലപാടു്.
ആദ്യകാലരചനകളിലൊന്നായ ‘ജീവിതം’ എന്ന ചെറുകഥയിൽ (‘അനർഘനിമിഷം’) മനുഷ്യജീവി ജീവിതത്തിന്റെ വിവിധകാലഘട്ടങ്ങളിലൂടെ കടന്നുചെന്നു് അതിന്റെ പൊരുൾ അന്വേഷിക്കുന്നതായും ഒന്നും പിടികിട്ടാതെ നട്ടം തിരിയുന്നതായും ചിത്രീകരിച്ചിട്ടുണ്ടു്. ‘അനന്തതയിലേക്കുള്ള യാത്രയാണു് ജീവിതം’ എന്നാണു് ആ ചെറുകഥ അവസാനിക്കുന്നതു്.
ഹ്രസ്വവും നശ്വരവുമാണു് ജീവിതം എന്നു് ബഷീർ എവിടെയും അടയാളപ്പെടുത്തുന്നുണ്ടു്. എങ്കിലും അതിനെ തുച്ഛമായിക്കാണുന്നില്ല. ഏതു് ജീവജാലത്തിന്റെ എമ്മട്ടിലുള്ള ജീവിതവും വിലപിടിച്ചതുതന്നെ. കരുണാമയനായ ദൈവത്തിന്റെ ദാനം ആയിക്കിട്ടിയ ജീവിതം ഒരു ഭാഗ്യമായി കാണണം എന്നു് ആവർത്തിച്ചു പറയും. അധികാരം, സമ്പത്തു്, കാമം, പ്രതികാരം, ശക്തി മുതലായവയോടു മനുഷ്യജീവികൾക്കുള്ള ആർത്തി ജീവിതത്തെ ദുരിതമയമാക്കുന്നു. അഹങ്കാരം, അസൂയ, പൊങ്ങച്ചം തുടങ്ങിയ ജീർണതകൾ വലുതും ചെറുതുമായ കഷ്ടപ്പാടുകൾ കെട്ടിയേൽപ്പിക്കുന്നു.
ജീവിതത്തിനു് സ്വന്തം നിലയിൽ അർത്ഥമില്ല. നന്മ കൊണ്ടു് അതിനു് അർത്ഥം കൊടുക്കണം എന്നാണു് അദ്ദേഹം പറഞ്ഞുവെയ്ക്കുന്നതു്.
നന്മയുടെ വെളിച്ചം എന്നു് ബഷീറിന്റെ സാഹിത്യത്തെ വിശേഷിപ്പിക്കാം. കള്ളന്മാരെയും കൊലപാതകികളെയും ലൈംഗികത്തൊഴിലാളികളെയും നന്മതിന്മകളുടെ സമ്മിശ്രമായി മാത്രം കാണാൻ കഴിയുന്ന എഴുത്തുകാരനാണദ്ദേഹം: തിന്മയുടെ ഏതു് അന്ധകൂപത്തിലും നന്മയുടെ ഒരു പൊരി കിടപ്പുണ്ടാവും.
നന്മയുടെ മഹത്തായ ആവിഷ്കാരം എന്ന നിലയിൽ മലയാളികൾ എന്നും ഓർത്തുവെക്കുന്ന ‘ഒരു മനുഷ്യൻ’ എന്ന ചെറുകഥ (പാവപ്പെട്ടവരുടെ വേശ്യ) ബഷീറിന്റേതാണു്. നാലു് പേജു് മാത്രമുള്ള ചെറിയൊരു കഥയാണതു്: ബഷീർ തെണ്ടിയലയുന്ന കാലം. നാട്ടിൽ നിന്നു് അനേകമനേകം മൈൽ അകലെ മലയടിവാരത്തിലുള്ള ഏതോ ഗ്രാമം. പണത്തിനുവേണ്ടി ആളെ കൊല്ലാൻ വരെ മടിക്കാത്ത ക്രൂരന്മാർ ഏറെയുള്ള പ്രദേശം. ബഷീർ കോട്ടിന്റെ പേഴ്സിൽ കാശുണ്ടല്ലോ എന്ന ബലത്തിൽ ഹോട്ടലിൽ കയറി വയറു് നിറയെ ആഹാരം കഴിച്ചു. പൈസകൊടുക്കാൻ നോക്കുമ്പോൾ പേഴ്സ് കാണുന്നില്ല. ഹോട്ടൽക്കാരൻ ആ കഥ വിശ്വസിച്ചില്ല. അയാൾ കോട്ടും ഷർട്ടും ഷൂസും എല്ലാം ഊരാൻ പറഞ്ഞു. അവസാനം ട്രൗസറും. കണ്ടുനിന്നവർ ചിരിച്ചു. ഹോട്ടൽക്കാരൻ പറഞ്ഞു: ‘എനിക്കു് സംശയമാണു്. അടിയിൽ എന്തെങ്കിലും കാണും.’ അവസാനം അതും അഴിച്ചു് നഗ്നനാവേണ്ട ഘട്ടത്തിൽ ചുവന്ന തലപ്പാവും കറുത്ത കോട്ടും കൊമ്പൻ മീശയും നീലക്കണ്ണുകളുമുള്ള ഒരു ആറടി പൊക്കക്കാരൻ വന്നു് പണം കൊടുത്തു് ആ മാനക്കേടിൽ നിന്നു് രക്ഷിച്ചു. അതു കഴിഞ്ഞു് അയാൾ ബഷീറിനെയും കൂട്ടി ദൂരേക്കു നടന്നു. ആളില്ലാത്ത സ്ഥലത്തെത്തിയപ്പോൾ കോട്ടിന്റെ പല പോക്കറ്റുകളിൽ നിന്നായി അഞ്ചാറു പേഴ്സുകൾ പുറത്തെടുത്തു. എന്നിട്ടു് ചോദിച്ചു: ‘ഇതിൽ ഏതാണു് നിങ്ങളുടേതു്?’ ബഷീർ തന്റേതു് തൊട്ടുകാണിച്ചുകൊടുത്തു. അയാൾ ആ പേഴ്സ് മടക്കിക്കൊടുത്തു. തുറന്നുനോക്കുമ്പോൾ പണം മുഴുവൻ ഭദ്രമായി അതിൽ കിടപ്പുണ്ടു്. അയാൾ പറഞ്ഞു: ‘പോ. ദൈവം നിങ്ങളെ രക്ഷിക്കട്ടെ.’ ബഷീറിന്റെ മറുപടി: ‘ദൈവം നിങ്ങളെയും… എന്നെയും… എല്ലാവരെയും രക്ഷിക്കട്ടെ.’
ഒരു മനുഷ്യന്റെ ദൈന്യം വളരെ ക്രൂരനായ പോക്കറ്റടിക്കാരന്റെ ഉള്ളുലച്ചതു് എങ്ങനെയെന്നും അവിശ്വസനീയമായ രീതിയിൽ അയാളിൽ മനുഷ്യപ്പറ്റു് ഉറന്നുവന്നതു് എങ്ങനെയെന്നും ആഴത്തിൽ ചിത്രീകരിക്കുന്ന ഈ കഥ ബഷീറിന്റെ ജീവിതവീക്ഷണത്തിന്റെ കൊടിയടയാളമാവാൻ യോഗ്യമാണു്.
ആ പ്രപഞ്ചത്തിൽ വെറുക്കപ്പെടേണ്ടതായി ആരുമില്ല.
എല്ലാവർക്കും എപ്പോഴും നന്മമാത്രം വരണം എന്നു ആഗ്രഹിക്കുന്ന ഈ സാഹിത്യകാരൻ തന്റെ എല്ലാ രചനകൾക്കടിയിലും ‘മംഗളം, ശുഭം’ എന്നീ രണ്ടു പദങ്ങൾ എപ്പോഴും എഴുതി വെയ്ക്കും.
ഈ നന്മയുടെ രൂപാന്തരമായിട്ടാണു് ബഷീറിന്റെ രചനകളിൽ സ്നേഹം ആവിഷ്ക്കാരം കൊള്ളുന്നതു്. പാപപങ്കിലമായ ജീവിതം കൊണ്ടു് നന്മയുടെ ചെറിയൊരു പൊരി ഉൽപ്പാദിപ്പിച്ചു് നശ്വരമായ ജന്മത്തിന്റെ മഹിമ അടയാളപ്പെടുത്തിയ പോക്കറ്റടിക്കാരനെപ്പോലെ ബഷീറിന്റെ മിക്ക കഥാപാത്രങ്ങളും മനുഷ്യജീവിതത്തിന്റെ തുച്ഛതയെ സ്നേഹംകൊണ്ടു് പ്രതിരോധിക്കുന്നതായിക്കാണാം.
നന്മയുടെയും സ്നേഹത്തിന്റെയും മറ്റൊരു പ്രത്യക്ഷം ആയിട്ടാണു് ഈ ലോകത്തു് സൗന്ദര്യം പുലരുന്നതു്. മതിലുകൾ എന്ന നോവലിൽ പ്രണയം വരുന്നതോടെ തടവറപോലും ‘സുന്ദരം’ ആയിത്തീരുന്നു. നന്മയും സ്നേഹവും ഉള്ളവർക്കെല്ലാം സൗന്ദര്യമുണ്ടു് എന്നാണു് ബഷീറിന്റെ കണക്കു്.
അന്യരുടെ ദുഃഖങ്ങളിലും ദുരിതങ്ങളിലും പങ്കാളികളാവുന്നതിലൂടെ മറ്റുള്ളവർക്കു് വേണ്ടി ജീവിക്കുന്നതിന്റെ മഹിമയാണു് ബഷീർകൃതികൾ ചിത്രീകരിക്കുന്നതു്. മറ്റുള്ളവർക്കു് വേണ്ടി ദുഃഖം ഏറ്റുവാങ്ങുന്നതിലെ ‘സുഖം’ ആണു് അവർക്കു് ജീവിതാനന്ദം. കഥാബീജം എന്ന നാടകത്തിൽ നായകൻ സദാശിവൻ ബഷീറിന്റെ പ്രിയസുഹൃത്തും പ്രശസ്ത കവിയുമായ ജി. ശങ്കരക്കുറുപ്പി ന്റെ ‘നക്ഷത്രഗീതം’ എന്ന കവിത മുഴുവൻ ആലപിക്കുന്നതായി കാണിച്ചിട്ടുണ്ടു്. ആ കവിത ഇങ്ങനെ തുടങ്ങുന്നു:
എരിയും സ്നേഹാർദ്രമാമെന്റെ ജീവിതത്തിന്റെ
തിരിയിൽ ജ്വലിക്കട്ടെ ദിവ്യമാം ദുഃഖജ്വാല
ഇങ്ങനെ അവസാനിക്കുന്നു:
ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ
ഭൂവിനാ വെളിച്ചത്താൽ
വെണ്മ ഞാനുളവാക്കി.
‘ഉമ്മിണി ബല്യ ഒന്നു്’ എന്ന മജീദിന്റെ ഉത്തരത്തിനു് ഒരു വിദ്യാർത്ഥിയുടെ വിഡ്ഢിത്തത്തിനപ്പുറം അർത്ഥമുണ്ടു് എന്നു് ഞാൻ വിചാരിക്കുന്നു. രണ്ടു ചെറുപുഴകൾ ഒന്നായിച്ചേർന്നു് അല്പം വലിയ പുഴയായി ഒഴുകുന്ന ദൃശ്യം ഓർത്തു കൊണ്ടാണു് മജീദ് ഈ ഉത്തരം പറയുന്നതു്. പ്രകൃതിയിലെ ഈ ശക്തി ഗണിതശാസ്ത്രത്തിലെ യുക്തിയേക്കാൾ പ്രധാനമാണു്. ഞാനും നീയും ചേർന്നു് വലിയ ഞാനാകുന്ന മേഖലയാണിതു്. “ഞാൻമാർ” എന്ന വ്യാകരണപ്പിഴ ബഷീറിൽ എപ്പോഴും ശരിയായിത്തീരുന്നു. നീയും ഞാനും അവനും ചേർന്നു് ഒറ്റയൊന്നായി പ്രവഹിക്കുന്ന ബഷീറിയൻസമഗ്രബോധത്തിന്റെ, സമന്വയവികാരത്തിന്റെ അദ്വൈതദർശനം തന്നെയാണു് ‘ഈ ഉമ്മിണി ബല്യ ഒന്നു്.’
സുഖസൗകര്യങ്ങൾ അന്യർക്കുവേണ്ടിയും അസൗകര്യങ്ങൾ അവനവനുവേണ്ടിയും തെരഞ്ഞെടുക്കുന്ന സ്നേഹത്തിന്റെ ഈ ആത്മീയതയാണു് ബഷീറിന്റെ ദർശനം. അനന്തവും അതിസുന്ദരവും അത്യന്തവിസ്മയകരവുമായ ഈ പ്രപഞ്ചത്തിലെ ഏകാന്തവും നിരർത്ഥകവുമായ മനുഷ്യജീവിതത്തിന്റെ ശോകാർദ്രമായ അസംബന്ധതയ്ക്കു് സ്നേഹം ആശ്വാസമാവുമെന്നു് ഒരിളം ചിരിയോടെ ബഷീർ പറഞ്ഞുകൊണ്ടേയിരിക്കുന്നു.
വലുതോ ചെറുതോ ആയ അനുഭവത്തിന്റെ അഗാധതലങ്ങളിലൂടെ ജീവിതത്തിന്റെ സമസ്യകൾ അന്വേഷിച്ചുചെല്ലുന്ന ഈ കഥപറച്ചിലുകാരൻ വ്യക്തി ജീവിതം കൊണ്ടും സാഹിത്യജീവിതം കൊണ്ടും മലയാളത്തിൽ ഒരപൂർവ്വതയായി നിലനിൽക്കുന്നു. ദേശത്തിന്റെയും മതത്തിന്റെയും ജാതിയുടെയും പണത്തിന്റെയും പാണ്ഡിത്യത്തിന്റെയും ലിംഗഭേദത്തിന്റെയും അധികാരത്തിന്റെയും ദുശ്ശാഠ്യങ്ങളെ നർമ്മത്തിന്റെ സുഗന്ധവാഹിനികളിൽ അലിയിപ്പിച്ചു കളയുന്ന ആ മനുഷ്യൻ, ‘ബഷീർ’ എന്ന പദം അർത്ഥമാക്കുന്നതുപോലെ, ഒരു ‘സുവിശേഷകൻ’ ആണു്—പുതിയൊരു ലോകബോധത്തിന്റെ സുവിശേഷകൻ.
പ്രകൃതിയും ജീവജാലങ്ങളും മനുഷ്യരും ഒരുപോലെ പങ്കുപറ്റുന്ന സ്നേഹത്തിന്റെ ആത്മീയതയാണു് ആ സൂഫിയുടെ തിരുശേഷിപ്പു്.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.