1984-ലെ കിസ്സയാണു്. സി. ടി. അബ്ദുർറഹീം എന്ന സുഹൃത്തിന്റെ കൂടെ സഊദി അറേബ്യയിലെത്തിയ ഞാൻ രണ്ടാഴ്ച കഴിഞ്ഞു് ഒറ്റയ്ക്കു് ജിദ്ദയിൽനിന്നു് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്കു വിമാനത്തിൽ വരികയാണു്.
താഴെ കടലിൽ വല്ലപ്പോഴും തെളിയുന്ന വെളിച്ചത്തിന്റെ പൊട്ടുംപൊടിയും നോക്കി, പ്രപഞ്ചത്തിന്റെ അത്ഭുതഭാവങ്ങളെപ്പറ്റി ഓരോരോ കിറുക്കുകൾ ആലോചിച്ചുകൊണ്ടു്, ആ നിശായാത്രയിൽ വിമാനത്തിന്റെ ഇടതുവശത്തെ ഒരു വിന്റോസീറ്റിനരികിൽ ഞാൻ ഇരിക്കുകയാണു്.
അപ്പോൾ മുൻഭാഗത്തു് ഒരു ചെറിയ ബഹളം. ഇതാരാണു് വിമാനത്തിൽ കച്ചറയുണ്ടാക്കുന്നതു് എന്ന കൗതുകത്തിൽ ഞാൻ നോക്കുമ്പോൾ എയർഹോസ്റ്റസിനോടു് ആരോ ഉച്ചത്തിൽ സംസാരിക്കുന്നു. ആ മദാമ്മപ്പെണ്ണു് മുഖഭാവം കൊണ്ടും പതിഞ്ഞ ശബ്ദം കൊണ്ടും തന്റെ നിസ്സഹായത പ്രകടിപ്പിക്കുന്നു.
അല്പം കഴിഞ്ഞു് എയർഹോസ്റ്റസ് മദാമ്മ എന്റെ സീറ്റിനടുത്തുകൂടി പോയപ്പോൾ ഞാൻ ചോദിച്ചു:
“എന്താണവിടെ പ്രശ്നം?”
“ആ യാത്രക്കാരനു് സിഗരറ്റുവേണം. അയാളുടെ ബ്രാൻഡ് തന്നെ വേണം എന്നു ശാഠ്യം പിടിക്കുന്നു. അതു് ഞങ്ങളുടെ കയ്യിലല്ല.”
വിമാനത്തിൽ അക്കാലത്തു് സിഗരറ്റ് ഹറാമായിക്കഴിഞ്ഞിരുന്നില്ല.
ഞാൻ വീണ്ടും ചോദിച്ചു:
“ഏതാണു് അയാളുടെ ബ്രാൻഡ്?”
“മാൾബോറോ റെഡ്.”
“അതെന്റെ കയ്യിലുണ്ടു്. ഒരെണ്ണം ഞാൻ കൊടുത്താൽ മതിയോ?”
എയർ ഹോസ്റ്റസിന്റെ വെളുത്തുചുവന്ന മുഖം ഒന്നുകൂടി തിളങ്ങി:
“ഓ മൈ ഗോഡ്. വലിയ ഉപകാരമായി. താങ്ക് യൂ. താങ്ക് യൂ. അതു കൊടുക്കൂ. അയാളൊന്നു് അടങ്ങട്ടെ. താങ്ക് യൂ. താങ്ക് യൂ വെരിമച്ച്.”
ഞാൻ എണീറ്റു് ആ സീറ്റിലേയ്ക്കു ചെന്നു് “ഹലോ” എന്നു പറഞ്ഞു് കൈനീട്ടി. ആൾ ഒരാജാനുബാഹുവാണു്. കറുത്തു് ബലിഷ്ഠമായ ശരീരം. ടൈയും കോട്ടും സൂട്ടുമൊക്കെയായി പരിഷ്കൃതവേഷം. കാര്യം തിരിഞ്ഞില്ലല്ലോ എന്ന ഭാവത്തിൽ അയാൾ എനിക്കു കൈ തന്നു.
“നിങ്ങൾക്കു് മാൾബോറോ റെഡ് വേണം അല്ലേ?”
“അതേ.”
“ഞാൻ ഒരെണ്ണം തന്നാലോ?”
അയാളുടെ മുഖം വിടർന്നു:
“വളരെ നന്ദി.”
ഞാൻ പാന്റ്സിന്റെ പോക്കറ്റിൽനിന്നു് പായ്ക്കറ്റെടുത്തു് ഒരെണ്ണം കൊടുത്തു. പായ്ക്കറ്റിലേയ്ക്കു് അയാൾ ആർത്തിയോടെ നോക്കി.
“ഈ പായ്ക്കറ്റ് മുഴുവൻ വേണമെങ്കിൽ എടുത്തോളൂ.”
“അപ്പോൾ നിങ്ങൾക്കോ?”
“എന്റെ കയ്യിൽ റോത്ത്മാൻസ് ഒരു പായ്ക്കറ്റുണ്ടു്. എനിക്കതുമതി.”
മൂപ്പർക്കു വളരെ സന്തോഷമായി. എന്റെ കൈ പിടിച്ചു പറഞ്ഞു: ‘താങ്ക്സ് എ ലോട്ട്. ഇതാ ഇവിടെയിരിക്കൂ… നമുക്കു വർത്തമാനം പറയാം. വിശദമായി പരിചയപ്പെടാം.”
‘താങ്ക് യൂ’ എന്നു പറഞ്ഞു് ഞാൻ ഇരുന്നു.
മൂപ്പർ തുടങ്ങി:
“എന്റെ പേരു് അബ്ദുൽ ഹക്കീം. പാക്കിസ്ഥാൻകാരനാണു്. ലാഹോറിൽ താമസിക്കുന്നു. ബിസിനസ്സുകാരനാണു്. ബിസിനസ്സ് ആവശ്യത്തിനു് ജിദ്ദയിൽവന്നു; ഇപ്പോൾ ഖത്തറിലേയ്ക്കു പോവുകയാണു്.”
ഞാൻ പേരു പറഞ്ഞു. ഇന്ത്യാക്കാരനാണെന്നു പറഞ്ഞപ്പോൾ അബ്ദുൽ ഹക്കീം ആവേശപൂർവ്വം വീണ്ടും എനിക്കു കൈ തന്നു. കേളേജദ്ധ്യാപകനാണെന്നും നാടുകാണാൻ പുറപ്പെട്ടതാണെന്നും ഞാൻ വിശദീകരിച്ചു.
പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ജനങ്ങൾക്കിടയിൽ വാസ്തവത്തിൽ ഒരു വിരോധവുമില്ലെന്നും എല്ലാം രാഷ്ട്രീയക്കാർ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം വ്യസനത്തോടെ പറഞ്ഞു. ഞാൻ സ്വാഭാവികമായും അതിനോടു യോജിച്ചു.
അതിനിടയിൽ ഞാൻ പറഞ്ഞു:
“ഞാൻ കഴിഞ്ഞാഴ്ച മക്കയിൽ ഉംറക്കു പോയിരുന്നു. അവിടെ നിങ്ങളുടെ പ്രസിഡണ്ട് സിയാഉൽ ഹഖിനേയും കൂടെ ജോർദാനിലെ ഹുസയിൻ രാജാവിനെയും ദൂരെനിന്നു് കണ്ടു.”
അബ്ദുൽ ഹക്കീം സന്തോഷം പ്രകടിപ്പിച്ചു: “അതേയോ?”
സംസാരം സ്വാഭാവികമായും രാഷ്ട്രീയത്തിലേയ്ക്കു തിരിഞ്ഞു. അപ്പോഴാണു് എനിക്കു മനസ്സിലായതു്—വേഷം കൊണ്ടു് ‘യൂറോപ്യൻ’ ആയ ഈ മനുഷ്യൻ സിയാഉൽ ഹഖിന്റെ ആരാധകനാണു്. ഇസ്ലാമികരാഷ്ട്രീയത്തിന്റെ വക്താവും.
ആ ചർച്ച മുന്നോട്ടു കൊണ്ടുപോകുന്നതിൽ എനിക്കു വലിയ താല്പര്യം തോന്നിയില്ല. അതിനിടയിൽ മൂപ്പർ അപ്രതീക്ഷിതമായ ഒരു കാര്യം പറഞ്ഞു:
“നിങ്ങളുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വളരെ സുന്ദരിയാണു്, കേട്ടോ. അവരുടെ മൂക്കിന്റെ ഭംഗി അപാരം. നിങ്ങളുടെ ഹിന്ദി നടി നർഗ്ഗീസിനേ ക്കാൾ സുന്ദരിയാണവർ. എന്താ, നിങ്ങൾ അവരുടെ ആരാധകനല്ലേ?”
“അല്ല.”
“കാരണം?”
“എനിക്കു നേതാക്കളുടെ ദേഹഭംഗിയിൽ താല്പര്യമില്ല. ഇന്ദിരാഗാന്ധി സുന്ദരി തന്നെ. ഞാൻ അവരെ കണ്ടിട്ടുണ്ടു്. അടിയന്തിരാവസ്ഥക്കാലത്തു്—ഞാനന്നു് പത്രക്കാരനായിരുന്നു. പക്ഷേ, അവർക്കു മനുഷ്യരുടെ പൗരാവകാശങ്ങളിൽ വിശ്വാസമില്ല. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രിയാണവർ. അധികാരക്കൊതി അവർക്കു ജന്മസിദ്ധമാണു്. രാഷ്ട്രത്തിന്റെ ക്ഷേമത്തേക്കാൾ അവർക്കു് പ്രധാനം സ്വന്തം കസേരയാണു്.”
ഒരു വിദേശരാജ്യത്തു് വെച്ചു് മറ്റൊരു ദേശത്തെ പൗരനോടു് സ്വന്തം നാട്ടിലെ നേതാവിനെ കുറ്റം പറയുന്നതിലെ അനൗചിത്യത്തെപ്പറ്റി ഞാൻ ഒരു മിനുട്ട് ആലോചിച്ചു. പിന്നെ, സമാധാനിച്ചു—ഈ ദേശാതിർത്തികളൊക്കെ എത്ര തുച്ഛം! സത്യം അതിനേക്കാൾ പ്രധാനമല്ലേ?
അബ്ദുൽഹക്കീം വിടാൻ ഭാവമില്ല. അടിയന്തിരാവസ്ഥയെക്കുറിച്ചു് അങ്ങനെ കുറ്റം പറയാൻ ഒന്നുമില്ലെന്നു് മൂപ്പർ. അച്ചടക്കം ഭരണത്തിനാവശ്യമാണു്. അന്നത്തെ ഇന്ത്യൻ സാഹചര്യം കക്ഷി വിശദീകരിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി—ഈ പാക്കിസ്ഥാനി കച്ചവടക്കാരന്നു് ഇന്ത്യൻ രാഷ്ട്രീയത്തെപ്പറ്റി കാര്യമായി ഒന്നും അറിഞ്ഞുകൂടാ. തന്നെ കമ്പം പിടിപ്പിച്ച ഒരു സുന്ദരി അങ്ങനെ അക്രമങ്ങളൊന്നും കാണിക്കുകയില്ലെന്ന ഉറച്ചവിശ്വാസക്കാരനാണയാൾ.
“പിന്നെ അടിയന്തിരാവസ്ഥയെപ്പറ്റി നിങ്ങൾ പറയുന്നതരം കാര്യങ്ങളൊക്കെ രാഷ്ട്രീയവിരോധം മൂലം പത്രങ്ങൾ എഴുതിയുണ്ടാക്കിയതാണു്.”
ഞാൻ വശം കെട്ടു—ഇവിടെയിതാ, ഇന്ദിരാഭക്തനായ ഒരു പാക്കിസ്ഥാനി. ഒപ്പം ഇന്ദിരാവിരുദ്ധനായ ഒരു ഇന്ത്യാക്കാരനും!
അബ്ദുൽഹക്കീം ഇടയ്ക്കിടെ തന്റെ പ്രിയപ്പെട്ട മാൾബോറോ റെഡ് പുകച്ചു കൊണ്ടിരുന്നു. ആ വഴിവന്ന എയർഹോസ്റ്റസ്പെൺകിടാവു് ഞങ്ങളുടെ സീറ്റിനടുത്തുവന്നു് ആ സൗഹാർദ്ദവും സിഗരറ്റ് വലിയും ആസ്വദിച്ചു് ചിരിച്ചു: എന്നിട്ടു് ചോദിച്ചു: “സിഗരറ്റിന്റെ പ്രശ്നം തീർന്നല്ലോ. ഒരു കൂട്ടുകാരനേയും കിട്ടി. രണ്ടുപേരും പാക്കിസ്ഥാനികളാണല്ലേ?”
ഞാൻ പറഞ്ഞു:
“അയ്യോ, അല്ല. രണ്ടുപേരും ഇന്ത്യാക്കാരാണു്. ഈ സുഹൃത്തു് കുറച്ചുകൊല്ലം മുമ്പു് ഭാഗംവാങ്ങി പിരിഞ്ഞു പോയെന്നു മാത്രം.”
അവർ വിടർന്ന ചിരിയോടെ പറഞ്ഞു: “മൾബറോ റെഡ് ഒരവിഭക്ത ഇന്ത്യ കണ്ടെത്തി, അല്ലേ?”
“വാസ്തവം” ഞാൻ തുടർന്നു ചോദിച്ചു: “നിങ്ങൾ ഏതു നാട്ടുകാരിയാണു്.”
“ഞാൻ ഇംഗ്ലീഷുകാരിയാണു്.”
ഞാൻ ഒച്ചവെച്ചു: “ങ്ആ! നിങ്ങളാണു് ഞങ്ങളെ ഭാഗം പിരിച്ചതു്. വാ, ഇവിടെ വന്നിരിക്കു്. രണ്ടു വർത്തമാനം പറയാനുണ്ടു്.”
ആകാശസുന്ദരി ബേജാറു് അഭിനയിച്ചു: “മൈ ഗോഡ്! രാഷ്ട്രീയം പറയാനൊന്നുമില്ല. എനിക്കു് പിടിപ്പതു് ജോലിയുണ്ടു്. താങ്ക് യൂ.”
ഞാൻ പാക്കിസ്ഥാനി സുഹൃത്തിലേയ്ക്കു് തിരിഞ്ഞു:
“ഇന്ദിരാഗാന്ധിയെപ്പറ്റി ഇത്ര മതിപ്പുള്ള നിങ്ങൾ സാക്ഷാൽ ഗാന്ധിയെപ്പറ്റി എന്തു പറയുന്നു?”
“ഏതു സാക്ഷാൽ ഗാന്ധി?”
“ഓ—ദാറ്റ് റാസ്ക്കൽ.”
ഞാൻ സ്തംഭിച്ചുപോയി.
“സുഹൃത്തേ, എങ്ങനെ നിങ്ങൾക്കു് ആ മഹാനായ മനുഷ്യനെപ്പറ്റി ഇത്രയും കെട്ട വാക്കു് ഉപയോഗിക്കാൻ കഴിഞ്ഞു?”
“മഹാനായ മനുഷ്യൻ! മുസ്ലിംകളുടെ ശത്രുവിനെപ്പറ്റിയാണു് നിങ്ങൾ ഈ പറയുന്നതു്. ഞാൻ ഇത്രയും നിന്ദ്യനായ ഒരാളെപ്പറ്റി വേറെ കേട്ടിട്ടില്ല.”
“എന്താ, എന്താ കാര്യം?”
ആ കണ്ണുകളിൽ ഭീതിജനകമായ തിളക്കം:
“ഞങ്ങളുടെ ജിന്നാ സാഹിബ് ആ വൃത്തികെട്ടവനെ കുറുക്കൻ എന്നാണു് വിളിച്ചതു്. അറിയാമോ?”
ഞാൻ വല്ലാതായി:
“അതു് ഞാനും കേട്ടിട്ടുണ്ടു്. സന്യാസിയായി ജീവിച്ച ഒരാളെ നിങ്ങൾ ഇത്ര വെറുക്കുവാൻ കാര്യം?”
“സന്യാസി. കപടനാണയാൾ. ഹിന്ദുവർഗ്ഗീയവാദി. ഇസ്ലാമിന്റെ ശത്രു…” പിന്നെയും തെറിവാക്കുകൾ!
“എനിക്കൊന്നും തിരിയുന്നില്ല.”
അബ്ദുൽഹക്കീം മുഖം വീർപ്പിച്ചു:
“എന്താ തിരിയാനുള്ളതു്? അയാൾ ഹിന്ദുവാണു്. ഹിന്ദുക്കളുടെ ആളാണു്. നിങ്ങൾ എന്തിനാണു് അയാൾക്കുവേണ്ടി വാദിക്കുന്നതു്?”
“പിന്നെ ഒരു ഹിന്ദു വർഗ്ഗീയവാദി ആ അഹിംസാവ്രതക്കാരനെ വെടി വെച്ചു കൊന്നതെന്തിനാണു്?”
“ഓ… അതവരുടെ ജാതിവഴക്കാവണം. കൊന്ന പഹയൻ ബ്രാഹ്മണനല്ലേ? ഇയാൾ അബ്രാഹ്മണനും.”
“ഗാന്ധി വെടികൊണ്ടു മരിച്ചതു് മുസ്ലിംകൾക്കു വേണ്ടിയാണു്. പാക്കിസ്ഥാനു് കൊടുക്കാമെന്നു് ഇന്ത്യാ ഗവൺമെന്റ് പറഞ്ഞ പണം കൊടുക്കണമെന്നും പാക്കിസ്ഥാനിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികൾ മുസ്ലിം പള്ളികളിൽ നിന്നു് മാറിക്കൊടുക്കണമെന്നും അദ്ദേഹം ശഠിച്ചതാണു് ഹിന്ദു വർഗ്ഗീയവാദികളെ പ്രകോപിപ്പിച്ചതു്. അദ്ദേഹം മുസ്ലിംകളുടെ ആളാണെന്നായിരുന്നു പ്രചാരണം.”
“നിങ്ങൾക്കെന്താ വട്ടുണ്ടോ? ആ… (തെറിവാക്കുകൾ) ക്കു വേണ്ടിയാണു് നിങ്ങൾ…” (വീണ്ടും തെറി)
ഞാൻ രണ്ടു കൈകൊണ്ടും കാതു് പൊത്തി:
“പ്ലീസ്. നിർത്തൂ. എനിക്കിത്രയും തെറി താങ്ങാൻ വയ്യ. അതും ഗാന്ധിജിയെപ്പറ്റി. ഗാന്ധിജിയെ വിമർശിക്കുവാൻ നിങ്ങൾക്കവകാശമുണ്ടു്. പക്ഷേ, ഇങ്ങനെ തെറി പറയാൻ—ഐ ആം സോറി. എനിക്കിതു് തുടർന്നു കേൾക്കാൻ വയ്യ. പ്ലീസ്, നിർത്തൂ.”
കറന്റു പോയതു പോലെ ആ മനുഷ്യന്റെ വർത്തമാനം നിന്നു. പിന്നെ മൂപ്പർ എന്റെ മുഖത്തേയ്ക്കു നോക്കിയില്ല. ഞാൻ എന്നൊരാൾ തൊട്ടടുത്തു് ഇരിക്കുന്നതായേ ഭാവിച്ചില്ല. വീണ്ടും സിഗരറ്റു കൊളുത്തിയതും ഇല്ല.
ഞാൻ ശരിക്കും കഷ്ടപ്പെട്ടു. ശ്വാസംമുട്ടി അവിടെ ഇരിക്കാതെ എണീറ്റു് സ്വന്തം സീറ്റിലേയ്ക്കു പോവാൻ തോന്നിയെങ്കിലും ഞാൻ ഇരുന്നേടത്തു് ഇരുന്നുപോയി.
വൈകാതെ വിമാനം ദോഹയിൽ ഇറങ്ങുകയാണു് എന്ന വിളിയാളം കേട്ടു. സീറ്റ് ബെൽറ്റ് മുറുക്കി ഇരുവരും ഇരുന്നു. ഞങ്ങൾക്കിടയിൽ ‘രാജ്യങ്ങൾ’ വൻമതിലു് തീർത്തു കഴിഞ്ഞു.
വിമാനം നിലത്തിറങ്ങിയ ഉടനെ ധൃതിയിൽ സൂട്ടുകേസുമെടുത്തു്, എന്നോടു് എന്തെങ്കിലും മിണ്ടുകയോ എന്നെ ഒന്നു് തിരിഞ്ഞുനോക്കുക പോലുമോ ചെയ്യാതെ അബ്ദുൽഹക്കീം ഇറങ്ങിപ്പോയി.
വിഷണ്ണനായി ഞാൻ ആ പോക്കും നോക്കിയിരുന്നു.
ഇക്കഴിഞ്ഞ ഇരുപതു് കൊല്ലത്തിനിടയിൽ പലതവണ ഞാൻ ആലോചിച്ചു നോക്കിയിട്ടുണ്ടു്—ഞാൻ ആ ചെയ്തതു് ശരിയോ തെറ്റോ?
ഗാന്ധിജിയെപ്പറ്റിയോ പാക്കിസ്ഥാനെപ്പറ്റിയോ എന്തെങ്കിലും പറയുകയോ ഓർക്കുകയോ ചെയ്യുമ്പോൾ ഇടയ്ക്കിടെ ആ ചോദ്യം ഉയർന്നു വരും; ഞാൻ അന്നു് ചെയ്തതു് ശരിയായോ?
ഗാന്ധിജിയെ ചീത്തപറഞ്ഞ ആ പഹയനെ രണ്ടു് പൊട്ടിക്കേണ്ടതായിരുന്നുവോ; നാലു് ചീത്തയെങ്കിലും പറയേണ്ടതായിരുന്നുവോ; ചുരുങ്ങിയ പക്ഷം അയാളുടെ രാഷ്ട്രപിതാവായ ജിന്നയെ ഒരു തെറിയെങ്കിലും പറയേണ്ടതായിരുന്നുവോ? ഗാന്ധിജിയോടു് ബഹുമാനമുള്ള പാക്കിസ്ഥാൻകാരെ ഞാൻ കണ്ടിട്ടുണ്ടു്. ഗാന്ധിവിരുദ്ധനായ ഈ വിദ്വാൻ എന്തിന്നു് എന്റെ മുമ്പിൽ വന്നുപെട്ടു? അയാളെ വെറുതെ വിട്ടതു് ശരിയായില്ല. അങ്ങനെ ആലോചിച്ച സന്ദർഭങ്ങളുണ്ടു്. അപ്പോൾ എനിക്കു് വെളിവു് വരും: അതൊക്കെ അഹിംസയ്ക്കെതിരാണു്; അസഹിഷ്ണുതയാണു്; ഗാന്ധിവിരുദ്ധമാണു്. ഞാൻ ഗാന്ധിജിയെ വാസ്തവത്തിൽ ബഹുമാനിക്കുന്നുണ്ടെങ്കിൽ അതൊന്നും ചെയ്യാതിരുന്നതു് നന്നായി.
എന്നാൽ ഇച്ചെയ്തതോ?
കാലംകൊണ്ടു് എനിക്കു് സ്വന്തം തെറ്റു് വെളിവായി:
ഗാന്ധിജിയെ വിമർശിക്കുവാനും തെറി പറയുവാനും ഏതൊരാൾക്കും സ്വാതന്ത്ര്യമുണ്ടു്. നിങ്ങൾ അതിന്നെതിരാണെങ്കിൽ സമാധാനമായി മറുപടി പറയാം. അല്ലെങ്കിൽ ഒരിളം ചിരിയോടെ മിണ്ടാതിരിക്കാം. അയാളോടു് വർത്തമാനം നിർത്താൻ പറയുന്നതു് ആ വായ പൊത്തിപ്പിടിക്കൽ തന്നെയാണു്; ജനാധിപത്യവിരുദ്ധമാണു്; ഹിംസയാണു്; ഗാന്ധിവിരുദ്ധമാണു്.
ഗാന്ധിജിയുടെ നാട്ടുകാരന്റെ ജനാധിപത്യബോധം എത്ര ദുർബലമാണെന്നും അപ്രിയമായതു കേട്ടാൽ അയാൾ എത്രവേഗം പ്രകോപിതനാകുമെന്നും ഞാൻ ജിന്നയുടെ നാട്ടുകാരനു മുന്നിൽ വെളിപ്പെടുത്തിക്കളഞ്ഞു. ഗാന്ധിജി ആരാണെന്നു് മനസ്സിലാക്കാത്ത വെറും ഒരു ആരാധകൻ മാത്രമായി ഞാൻ തരം കെട്ടു. ഞാൻ എന്റെ രാജ്യത്തെ ചെറുതാക്കിക്കളഞ്ഞു.
നിങ്ങൾക്കു് കേൾക്കാനിഷ്ടമുള്ളതു് പറയാനുള്ള ഒരാളുടെ അവകാശത്തെയല്ല, നിങ്ങൾക്കു് കേൾക്കാനിഷ്ടമില്ലാത്തതു പറയാനുള്ള ഒരാളുടെ അവകാശത്തെയാണു് സ്വാതന്ത്ര്യം എന്നു പറയുന്നതു്. യോജിക്കുവാനുള്ള അവകാശമല്ല, വിയോജിക്കുവാനുള്ള അവകാശമാണു് സ്വാതന്ത്ര്യം.
മനുഷ്യജീവിയുടെ സ്വാതന്ത്ര്യത്തിന്നുവേണ്ടി ആയുഷ്ക്കാലം മുഴുവൻ പൊരുതിയ ഗാന്ധിജിയുടെ ജീവിതം മുന്നോട്ടുവെച്ച ലളിതമെങ്കിലും സുപ്രധാനമായ ഈ തത്വം മനസ്സിലാക്കിക്കിട്ടുവാൻ, കഷ്ടം! എനിക്കൊരു ഗാന്ധിവിരുദ്ധന്റെ മുന്നിലെത്തിപ്പെടേണ്ടിവന്നു.
മനുഷ്യൻ പഠിക്കുന്നതു് നല്ല വാക്കുകൊണ്ടു മാത്രമല്ല, എതിരഭിപ്രായക്കാരനായ അവിവേകിയുടെ വായിൽനിന്നു് വരുന്ന തെറികൊണ്ടു കൂടിയാകുന്നു.
ഗൾഫ്ലൈഫ് മാസിക: മെയ് 2004.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.