ഓർത്തുനോക്കിയാൽ തമാശ തോന്നും—ഐക്യജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസും (മാണി ഗ്രൂപ്പ്) ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസും (ജോസഫ് ഗ്രൂപ്പ്) തമ്മിൽ ഒളിഞ്ഞും തെളിഞ്ഞും ലയനചർച്ച നടക്കുകയാണു്. ജോസഫ് ഗ്രൂപ്പിനെ ഇടതുപക്ഷത്തു് നിലനിർത്താനും മറുപക്ഷത്തേക്കു് കൊണ്ടുവരാനും തകൃതിയായി പരിശ്രമങ്ങൾ രണ്ടുഭാഗത്തും നടക്കുന്നു.
ഈ ജോസഫിനെതിരായി ഐക്യജനാധിപത്യമുന്നണി ഗംഭീരമായ ഒരു സമരം നടത്തിയതിന്റെ ചൂടാറിയിട്ടില്ല. അതിന്റെ പ്രമേയമായിരുന്ന പ്ലസ് ടു പ്രശ്നം ഇപ്പോഴും ഒന്നും ആയിട്ടില്ല. ഇന്നലെ എന്തൊക്കെയാണു് പറഞ്ഞുകേട്ടിരുന്നതു്—കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണു് പ്ലസ് ടു കാര്യത്തിൽ നടന്നതു് ! കോടികളാണു് കോഴയായി വാങ്ങിക്കൂട്ടിയതു്!! ബൊഫോഴ്സ് അഴിമതിയേക്കാളും വലിയ അഴിമതിയാണു് നടന്നതു്!! മറ്റും മറ്റും.
ആ സമരം വഴിക്കിട്ടു് ഓടുകയാണു് ഐക്യജനാധിപത്യ മുന്നണി ചെയ്തതു്. അതിന്റെ കാരണമോ? ആ മുന്നണിക്കു് നേതൃത്വം കൊടുക്കുന്ന കോൺഗ്രസിനകത്തു് അപ്പോഴേക്കു് ഉൾപ്പോരു് മൂർച്ഛിച്ചു. നാടു് ആരു്, എങ്ങനെ കുളം തോണ്ടിയാലും തരക്കേടില്ല; പാർട്ടിക്കകത്തു് അവനവന്റെയും സ്വന്തക്കാരുടെയും സ്ഥാനങ്ങൾ ഉറപ്പാക്കണം എന്നതായി ബേജാറു്. വേണുഗോപാലനു് പാർട്ടിയിൽ സ്ഥാനം വേണോ എന്ന പ്രശ്നം എല്ലാറ്റിലും പ്രധാനമായി! തൃശൂരിലും എറണാകുളത്തും തിരുവനന്തപുരത്തും ഗ്രൂപ്പ് യോഗങ്ങളും റാലികളും സംഘടിപ്പിക്കപ്പെട്ടു. പ്ലസ് ടു സമരം അനാഥമായി വഴിയിൽ കിടന്നു. ഇന്നിപ്പോൾ അതു് ഓർക്കുന്നതുകൂടി കോൺഗ്രസിനും അവരുടെ മുന്നണിക്കാർക്കും കയ്പായിത്തീർന്നു. ജോസഫിനെ കൂട്ടുകിട്ടുക എന്നതാണു്, അതു മാത്രമാണു് ഇപ്പോഴത്തെ ഒരേയൊരു നേട്ടം. അതു കൊണ്ടുതന്നെ ജോസഫ് ഉണ്ടാക്കിയ ‘സ്വകാര്യ മേഖലക്കു് എൻജിനീയറിംഗ് കോളജ് അനുവദിക്കും’ എന്ന പ്രശ്നത്തെപ്പറ്റി ഐക്യജനാധിപത്യമുന്നണി ഒരു പുക്കാറും ഉണ്ടാക്കിയിട്ടില്ല. ജോസഫ് ഇടതുമുന്നണിയിൽ തന്നെ ഉറച്ചുനിന്നു് തെരഞ്ഞെടുപ്പിനെ നേരിടുന്ന കാലംവരെ അവർ ഇക്കാര്യത്തിൽ ഒന്നും മിണ്ടാനും പോകുന്നില്ല.
ഇടതുമുന്നണിയുടെ നിലയും ഇതുതന്നെ: പ്ലസ് ടു പ്രശ്നത്തിൽ എന്തു നടന്നു എന്നു് അവർക്കു് വ്യക്തമായി അറിയാം. വല്ലവരുമല്ല, സംസ്ഥാന മുഖ്യമന്ത്രി നായനാരാണു് പ്ലസ്ടു കാര്യത്തിൽ അഴിമതി നടന്നുവെന്നു് പ്രസ്താവിച്ചതു്. (സ്വാഭാവികമായും, അദ്ദേഹം പിന്നെ അതു് പിൻവലിച്ചു. നമ്മുടെ നാട്ടിലെ പതിവു് അദ്ദേഹം തെറ്റിച്ചില്ല എന്നല്ലാതെ അഴിമതി നടന്നിട്ടില്ല എന്നു് ആ പിൻവലിക്കൽ വകയിൽ ആരും തെറ്റിദ്ധരിച്ചിട്ടില്ല.) അഴിമതി നടന്നെങ്കിൽ എന്തുകൊണ്ടു് നടപടി എടുക്കുന്നില്ല എന്നു് പോലീസ് വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോടു് സ്വന്തം പാർട്ടിക്കാരോ, സ്വന്തം മുന്നണിക്കാരോ ചോദിച്ചിട്ടില്ല. അങ്ങനെയൊരു ചോദ്യം കേരളത്തിൽ ഇല്ലാതായിട്ടു് എത്രയോ കാലമായി.
ഇപ്പോൾ ജോസഫിനെ സ്വന്തം പക്ഷത്തു് കിട്ടണം എന്നു് കോൺഗ്രസ് മുന്നണി എന്തു് താൽപര്യം കൊണ്ടു് വിചാരിക്കുന്നുവോ, അതേ താൽപര്യം കൊണ്ടാണു് അന്നും ഇന്നും ജോസഫിനെ കമ്യൂണിസ്റ്റ് മുന്നണി കൂടെ നിലനിർത്തിപ്പോരുന്നതു്. ‘സ്വകാര്യ മേഖലയിൽ എൻജിനീയറിംഗ് കോളജ് അനുവദിക്കുക’ എന്നതു് ഇടതുമുന്നണിയുടെ നയത്തിനു് എതിരാണെന്നു് ആ മുന്നണിക്കാർ വ്യക്തമാക്കിയിരുന്നുവെങ്കിലും മാണി യുമായി ജോസഫ് ലയനചർച്ച ആരംഭിച്ചതോടെ അവരുടെ നിലപാടിനു് ഇളക്കം തട്ടിയിട്ടുണ്ടു്. പ്രശ്നം ലഘുവാണു്: എല്ലാവർക്കും വേണ്ടതു് ഭരണം മാത്രം. അതിനുവേണ്ടി എന്തിനു നേരെ കണ്ണുചിമ്മുവാനും ഏതു പാർട്ടിയും ഏതു നേതാവും തയാറാണു്.
പാർട്ടികൾ ഭരണപക്ഷവും ജനം പ്രതിപക്ഷവും എന്നതാണു് ഇപ്പോഴത്തെ കേരളത്തിലെ അവസ്ഥ. മുന്നണിക്കു് പേരിലല്ലാതെ, ഗുണത്തിൽ വ്യത്യാസമൊന്നും ഇല്ലെന്നായിരിക്കുന്നു. അക്കിത്തം പാടിയതുപോലെ—“ഓരോ മാതിരി ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം.”
ഇതിനിടയിൽ പ്ലസ് ടു പരീക്ഷണം കൊണ്ടു് ഇവിടത്തെ വിദ്യാഭ്യാസമേഖലയ്ക്കുണ്ടായ കെടുതികളെപ്പറ്റി ആരോർക്കുന്നു? വിദ്യാർഥികൾക്കു് അതുകൊണ്ടു് വന്നുകൂടിയ കഷ്ടനഷ്ടങ്ങളെപ്പറ്റി ആർക്കാണു് ബേജാറ്? പണ്ടു് പ്രീഡിഗ്രി ബോർഡിനെ എതിർക്കാൻ വേണ്ടി സർവ്വശക്തിയും ഉപയോഗിച്ചു് സമരം ചെയ്ത ഇടതുപക്ഷ മുന്നണിയാണു് പേരിലല്ലാതെ സ്വഭാവത്തിൽ യാതൊരു വ്യത്യാസവുമില്ലാത്ത ഇന്നത്തെ പ്ലസ് ടു ബോർഡ് ഉണ്ടാക്കിയതെന്നു് ഇന്നു് പറഞ്ഞുകൊടുത്താൽ കൂടി ആളുകൾക്കു് ഓർമ വരില്ല. “ബഹുജനങ്ങൾക്കു് ഓർമ കമ്മിയാണു് ” (പബ്ലിക് മെമ്മറി ഈസ് ഷോർട്ട്)എന്നു് ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ടു്. സംഗതി സത്യവുമാണു്. ബഹുജനത്തിന്റെ ആ പരിമിതിയിലാണു് നമ്മുടെ രാഷ്ട്രീയക്കാർ കാലുറപ്പിച്ചു നിൽക്കുന്നതു്: ഓർമ്മിക്കലും ഓർമ്മിപ്പിക്കലും തന്നെ ഈ ചരിത്രസന്ധിയിൽ ഒരു രാഷ്ട്രീയ പ്രവർത്തനമാകുന്നു. ആ ഓർമയിൽ നിന്നേ പുതിയൊരു രാഷ്ട്രീയ സംസ്കാരം ഉരുത്തിരിഞ്ഞു് വരികയുള്ളു. അല്ലെങ്കിൽ ഇടത്തെ കാലിലെ ചളി വലത്തെ കാലുകൊണ്ടും, വലത്തെ കാലിലെ ചളി ഇടത്തെ കാലുകൊണ്ടും മാറി മാറി തുടയ്ക്കുന്ന ഒരു കൂട്ടം വോട്ടർമാരായി കേരളം തരംകെടും. ആ ദുരവസ്ഥയെപ്പറ്റിയാണു് അയ്യപ്പപ്പണിക്കരു ടെ ‘ഇണ്ടനമ്മാവൻ’ എന്ന കവിത. കവിത ഇങ്ങനെയാണു്:
ഇണ്ടനമ്മാവൻ ഇടം കാലിലെ ചളി
വലംകാൽകൊണ്ടു് തുടച്ചതും—പിന്നെ
വലംകാലിലെ ചളി
ഇടംകാൽകൊണ്ടു് തുടച്ചതും—പിന്നെ
ഇടംകാലിലെ ചളി
വലംകാൽകൊണ്ടു് തുടച്ചതും—പിന്നെ
വലംകാലിലെ ചളി
ഇടം കാൽ കൊണ്ടു് തുടച്ചതും
—പിന്നെ…
ഈ കൊച്ചു കവിത അവസാനിക്കുന്നേയില്ല.
മലയാളം ന്യൂസ്: 16 ഫിബ്രവരി 2001.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.