അക്കാലത്തു് കേരളം മൂന്നായി മുറിഞ്ഞുകിടക്കുകയാണു്. തെക്കു് തിരുവിതാംകൂർ, വടക്കു് മലബാർ, നടുക്കു് കൊച്ചി. തിരുവിതാംകൂറും കൊച്ചിയും നാട്ടുരാജ്യങ്ങളാണു്—അതായതു് രാജഭരണം. മലബാർ 1792 മുതൽ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാണു്—1800 മുതൽ അവരുടെ മദിരാശി പ്രവിശ്യയിലെ ഒരു ജില്ലയാണു് മലബാർ.
തിരുവിതാംകൂർ രാജ്യത്തെ ‘പ്രജ’യായിട്ടാണു് ബഷീർ ജനിക്കുന്നതു്. ഇന്നത്തെ കോട്ടയം ജില്ലയിൽപെട്ട വൈക്കത്തിന്നു് സമീപം തലയോലപ്പറമ്പിൽ. ബഷീറിന്റെ ജന്മദിനം കൃത്യമായി എവിടെയും രേഖപ്പെടുത്തി വെച്ചിട്ടില്ല. സ്കൂളിൽ നിന്നു് പുറത്താക്കപ്പെട്ടു് പഠനം പാതിവഴിക്കു് നിലച്ചതിനാൽ അത്തരം രേഖകൾ ഒന്നും ലഭ്യമല്ല. അദ്ദേഹം പഠിച്ചിരുന്ന സ്കൂളുകൾ എത്രയോ കൊല്ലം മുമ്പു് നിന്നുപോയി. ജന്മദിനം 1908 ജനുവരി 21 ആണു്. ഈ കണക്കു് എങ്ങിനെ കിട്ടി എന്നാണെങ്കിൽ: അയൽക്കാരനും സഹപാഠിയുമായ മാത്തൻകുഞ്ഞിനെ പെറ്റതിന്റെ ഒരു ദിവസം മുമ്പോ പിമ്പോ ആണു് തന്നെപ്പെറ്റതു് എന്നു് ഉമ്മ പറഞ്ഞുകേട്ടതായി ബഷീർ രേഖപ്പെടുത്തിയിട്ടുണ്ടു്. മാത്തൻകുഞ്ഞിന്റെ ജാതകം കണ്ടുകിട്ടി എന്നും അതിൽ ജനനത്തിയ്യതി 1908 ജനുവരി 20 (1083 മകരം 7 തിങ്കൾ) ആണെന്നും ബഷീർ ‘ഓർമ്മയുടെ അറകളി’ലെ ‘അച്ഛൻ വീഴുമ്പോൾ’ എന്ന അധ്യായത്തിന്റെ അടിക്കുറിപ്പിൽ പറയുന്നു. (സമ്പൂർണ്ണ കൃതികൾ—വാല്യം 2, 1992: പു. 1480) തന്റെ ജന്മദിനം മകരം 8 ആണു് എന്നു് പറഞ്ഞു കൊണ്ടാണു് ബഷീറിന്റെ ‘ജന്മദിനം’ എന്ന ചെറുകഥ ആരംഭിക്കുന്നതു്. അപ്പോൾ മാത്തൻ കുഞ്ഞിനെ പെറ്റതിന്റെ പിറ്റേന്നാണു് ബഷീറിനെ പെറ്റതു് എന്നു് കിട്ടും. അങ്ങനെയാണു് ജന്മദിനം 1908 ജനുവരി 21 (1083 മകരം 8) ചൊവ്വാഴ്ചയാണെന്നു് കണക്കാക്കിയതു്.
പിതാവിന്റെ മരക്കച്ചവടം വഴി ഭേദപ്പെട്ട സാമ്പത്തികസ്ഥിതി ഉള്ളകാലത്താണു് ബഷീറിന്റെയും സഹോദരങ്ങളുടെയും പിറവി. വീട്ടിലെ മൂത്തകുട്ടിയാണു് ബഷീർ. പരിഷ്കാരിയും പുരോഗമനാശയക്കാരനും ആയിരുന്ന പിതാവു് പെൺകുട്ടികളെ എഴുത്തു് പഠിപ്പിക്കുകയും ആൺകുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുകയും ചെയ്തു. എത്രയോ കാലം കേരളീയ മുസ്ലീംകൾ ഇംഗ്ലീഷിനെ ‘ഇബ്ലീസിന്റെ ഭാഷ’ എന്നും ‘നരകത്തിലെ ഭാഷ’ എന്നും വിളിച്ചു് അധിക്ഷേപിച്ചിരുന്നു. അതുകൊണ്ടു് ഇംഗ്ലീഷ് പഠനം നിഷിദ്ധം (ഹറാം) ആയിരുന്നു. ബ്രിട്ടീഷ് വിരോധം കൊണ്ടു് ഉണ്ടായിത്തീർന്ന സാഹചര്യമാണിതു്. അതുപോലെത്തന്നെ പെൺകുട്ടികൾ എഴുത്തു് പഠിക്കുന്നതു് വലിയ ധാർമ്മികഭ്രംശമായും അന്നു് കണക്കാക്കപ്പെട്ടിരുന്നു. ഈ പരിതഃസ്ഥിതി കണക്കിലെടുക്കുമ്പോൾ ആ പിതാവു് ചെയ്തതു് വലിയ കാര്യമാണു് എന്നു് മനസ്സിലാവും.
എട്ടാം വയസ്സിലാണു് ബഷീറിനെ സ്കൂളിൽ ചേർക്കുന്നതു്. തലയോലപ്പറമ്പു് എൽ. പി. സ്കൂളിൽ. പിന്നെ വൈക്കം ഇംഗ്ലീഷ് ഹൈസ്കൂളിൽ ചേർന്നു. അവിടെ ഫിഫ്ത്ത് ഫോമിൽ പഠിക്കുമ്പോഴാണു് വൈക്കം സത്യാഗ്രഹം. ഗാന്ധിജി യുടെ ആശയാദർശങ്ങളിൽ ആകൃഷ്ടനായി ഖദർ ധരിച്ചു നടക്കുന്നതിനും എന്നും സത്യാഗ്രഹപന്തലിൽ ചെന്നിരിക്കുന്നതിനും യാഥാസ്ഥിതികനും രാജഭക്തനുമായ ഹെഡ്മാസ്റ്റർ ആ വിദ്യാർത്ഥിയെ ശാസിക്കുന്നുണ്ടു്; അടിക്കുന്നുണ്ടു്; ഇനിയും ആ പന്തലിൽ പോയാൽ നിന്നെ സ്കൂളിൽ നിന്നു് പുറത്താക്കും എന്നു് താക്കീതു് ചെയ്യുന്നുണ്ടു്: ബഷീർ പിറ്റേന്നും പോയി എന്നു് ‘അമ്മ’ എന്ന കഥയിൽ കാണാം. എന്നിട്ടു് എന്തു് ഉണ്ടായി എന്നതിന്റെ വിവരണം വർഷങ്ങൾ കഴിഞ്ഞെഴുതിയ (1938) ആ കഥയിൽ ഇല്ല.
ബഷീറിന്റെ അനുജൻ അബൂബക്കർ അന്നു് ഇക്കാക്കയെ സ്കൂളിൽ നിന്നു് പുറത്താക്കി എന്നും ഏറെ വൈകാതെ വീടു് ഉപേക്ഷിച്ചുപോയി എന്നും സാക്ഷ്യപ്പെടുത്തുന്നു. പതിനെട്ടാം വയസ്സിൽ ഇക്കാക്ക വീടുവിട്ടുപോയി എന്നു് കുട്ടിക്കാലത്തേ പറഞ്ഞു കേട്ടകാര്യം അബൂബക്കറിനു് നല്ല ഓർമ്മയുണ്ടു്: ബഷീർ വീടു് വിട്ടതു് 1926-ലാണു്.
1925-ൽ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട കാലത്തേ ബഷീറിന്റെ അലച്ചിൽ ആരംഭിച്ചിരിക്കണം. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുന്നതിനു് 1930-ൽ കോഴിക്കോട്ടെത്തുന്നതുവരെയുള്ള അഞ്ചുകൊല്ലക്കാലം ബഷീറിന്റെ ചരിത്രത്തിൽ എവിടെയും കാണാനില്ല. ഈ കാലത്തു് എന്തു ചെയ്തിരിക്കാം?
ഒരു സ്വകാര്യസംഭാഷണത്തിൽ ബഷീർ എന്നോടു പറഞ്ഞ ഒരു ദുഃഖകഥ ഇവിടെ ചേർത്തുവെച്ചു് വായിക്കേണ്ടതുണ്ടു്: അമ്മാവന്റെ മകളും സുന്ദരിയുമായ ആ പെൺകിടാവിനോടു് ബഷീറിനു് വളരെ ഇഷ്ടം തോന്നിയിരുന്നു. അവരുടെ പരിചയവും ബന്ധവും ഗാഢമായ പ്രണയബന്ധമായി മൂപ്പെത്തും മുമ്പേ അവൾക്കു് ചില ആലോചനകൾ വന്നു. ഈ സമയത്തു് ബഷീറിന്റെ താല്പര്യപ്രകാരം ഉമ്മ ചെന്നു് പെണ്ണു് ചോദിച്ചു. താരതമ്യേന കൂടിയ സാമ്പത്തികസ്ഥിതി ഉണ്ടായിരുന്ന ആ വീട്ടുകാർ അതനുവദിച്ചില്ല. ഒട്ടുംവൈകാതെ ഒരു സമ്പന്നഗൃഹത്തിലെ യുവാവിനു് അവളെ നിക്കാഹ് ചെയ്തു് കൊടുക്കുകയും ചെയ്തു. ബഷീർ ജീവിതത്തിൽ ആദ്യമായി ഒരു ആഘാതം നേരിടുകയായിരുന്നു—വേദനയും അപമാനവും ഉൾച്ചേർന്ന അനുഭവം; നാടുംവീടും ഒരുപോലെ കയ്ച്ചുപോകുന്ന ദുരനുഭവം. വീടു് വിടാനുള്ള പ്രധാന പ്രേരണ ഈ വ്യസനമാവാം.
ഇത്തരം വൈകാരികവിക്ഷോഭങ്ങളിൽ ആണ്ടു് നിരാശയുടെ ഗുഹകളിലേക്കു് പിൻവാങ്ങുന്ന തരമല്ല ബഷീർ. സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള ആ മനസ്സിന്റെ പിടച്ചിൽ നേരത്തേ വെളിപ്പെട്ടതാണു്. പിൽക്കാലത്തു് കോൺഗ്രസ്സ് നേതാവു് എന്ന നിലയിൽ പ്രശസ്തനായിത്തീർന്ന എ. ജെ. ജോൺ (1893–1957), എസ്. എൻ. ഡി. പി. നേതാവു് എന്ന നിലയിൽ പ്രശസ്തനായിത്തീർന്ന കെ. ആർ. നാരായണൻ (1902–1972) (മുൻരാഷ്ട്രപതിയല്ല) എന്നിവർ ബഷീറിന്റെ നാട്ടുകാരും സമകാലികരുമാണു്. നാരായണൻ തൊട്ടവീട്ടുകാരനാണു്. ഇവരുടെ പ്രവർത്തനമേഖലയുടെ കേന്ദ്രമായ വൈക്കത്ത് തന്നെയാണു് ബഷീറും ഉള്ളതു്. സ്കൂളിൽ നിന്നു് പുറത്താക്കപ്പെട്ടവനും പ്രണയനൈരാശ്യം നേരിട്ടവനും പണിയില്ലാത്തവനും രാഷ്ട്രീയപ്രബുദ്ധതയുള്ളവനുമായ ആ യുവാവു് അവരുടെ പ്രവർത്തനങ്ങളോടു് സഹകരിച്ചിരിക്കാം.
മേല്പറഞ്ഞ പ്രണയകഥ തീർത്തും വേഷം മാറിയാണു് ബഷീർസാഹിത്യത്തിൽ പ്രത്യക്ഷപ്പെട്ടതു്. എല്ലാ മനോഗുണങ്ങളും തികഞ്ഞ നിഷ്കളങ്കയായ ആ ആദ്യകാമുകിയാണു് ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു!’ എന്ന നോവലിലെ നായിക കുഞ്ഞുപാത്തുമ്മ. ഈ ‘പ്രണയകഥ’യെപ്പറ്റിയും പേരുമാറിയ കുഞ്ഞുപാത്തുമ്മയെപ്പറ്റിയും പിൽക്കാലത്തു് ഞാനന്വേഷിക്കയുണ്ടായി. അനുജൻ അബൂബക്കർ അതു് സത്യമാണു് എന്നു് ഏറ്റുപറഞ്ഞു.
പഠനകാലത്തു് അയൽപക്കത്തെ അടയ്ക്കാ കച്ചവടക്കാരന്റെ മകളെ ബഷീർ പ്രേമിച്ചു എന്നും നാടുവിട്ടുപോയ സന്ദർഭത്തിൽ അവളെ വേറെ കല്യാണം കഴിച്ചു പോയി എന്നും ആ കഥയാണു് ‘ബാല്യകാലസഖി’ എന്നും പരക്കെ ഒരു ധാരണയുണ്ടു്. അതിലെ നായകൻ മജീദിന്റെ ജീവിതസാഹചര്യത്തിൽ ഏറിയ പങ്കും ബഷീറിന്റേതാണു് എന്നതാണു് ഒരു കാരണം. ബഷീർ ആവർത്തിക്കാറുള്ള വാക്യം: ‘ആ മജീദാണു് ഞാൻ.’ അയൽപക്കത്തു് ഒരു പെൺകുട്ടി ഉണ്ടായിരുന്നു എന്നും അവർ തമ്മിൽ പ്രണയബന്ധം ഉണ്ടായിരുന്നതായി കുടുംബക്കാർക്കു് അറിഞ്ഞുകൂടാ എന്നും അനുജന്മാരായ ഹനീഫയും അബൂബക്കറും പറയുകയുണ്ടായി.
വീടു് വിട്ട ബഷീർ 1930-ൽ മടങ്ങിയെത്തി. അക്കൊല്ലം തന്നെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നതിനു് കോഴിക്കോട്ടേക്കു് പോയി. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തു് അറസ്റ്റ് വരിച്ചു. കോഴിക്കോട് സബ് ജയിലിൽ തടവുകാരനായി. പിന്നീടു് കണ്ണൂർ സെൻട്രൽ ജയിലിലേക്കു് മാറ്റി. ഗാന്ധി–ഇർവിൻ സന്ധി അനുസരിച്ചു കാലാവധി തീരും മുമ്പു് വിട്ടയച്ചു (1931). അക്കൊല്ലം തലയോലപ്പറമ്പിൽ മടങ്ങിയെത്തി. ഉടനെത്തന്നെ കൊച്ചിയിലേക്കു പോയി. ആ കാലമാവുമ്പോഴേക്കു് ഗാന്ധിജിയുടെ മാർഗത്തിൽ വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ഭഗത്സിംഗി ന്റെ ആരാധകനായ ഭീകരപ്രവർത്തകനായിട്ടാണു് 1931–32 കാലത്തു് കൊച്ചിയിൽ ബഷീറിനെ കാണുന്നതു്. സ്വതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി പോരാടുന്നവരെ രക്ഷിക്കുകയും അതിനെ എതിർക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ഭീകര പ്രവർത്തനത്തിന്റെ പേരിലുള്ള അറസ്റ്റ് ഒഴിവാക്കാൻ 1932-ൽ നാടുവിട്ടു. ഈ കാലത്തു് ചെയ്യാത്ത ജോലികൾ ഒന്നും തന്നെയില്ല: ഹോട്ടൽപണിക്കാരൻ, പ്രൂഫ്റീഡർ, മരുന്നരവുകാരൻ, ലൂംഫിറ്റർ, മാന്ത്രികന്റെ അസിസ്റ്റന്റ്, കൈനോട്ടക്കാരൻ, സെയിൽസ് ഏജന്റ്, ട്യൂഷൻമാസ്റ്റർ, മറ്റും മറ്റും. ഒരിടക്കു് കപ്പലിലെ ഖലാസിയായിരുന്നു.
ജീവിതത്തിന്റെ പൊരുൾതേടി അലയുന്ന സുദീർഘ പ്രയാണമായി ആ യാത്ര രൂപാന്തരപ്പെട്ടു. അക്കാലത്തു് ഹിന്ദുയോഗികളുടെ കൂടെ അവരിൽ ഒരുത്തനായും മുസ്ലിം സൂഫികളുടെ കൂട്ടത്തിൽ അവരിൽ ഒരുത്തനായും കാശിയിലും ഹിമാലയസാനുക്കളിലും അജ്മീറിലും മറ്റും കഴിഞ്ഞുകൂടിയ കഥ അദ്ദേഹം പലപ്പോഴും അനുസ്മരിച്ചിട്ടുണ്ടു്. 1936-ൽ മടങ്ങിയെത്തി. പിന്നീടു് 1942 വരെ എറണാകുളത്താണു്. ഇക്കാലത്താണു് പ്രധാനപ്പെട്ട രാഷ്ട്രീയലേഖനങ്ങളുടെ രചന. അന്നത്തെ പ്രധാനപ്പെട്ട ജോലി എഴുത്തും പത്രപ്രവർത്തനവുമാണു്.
രാഷ്ട്രീയലേഖനങ്ങളുടെ പേരിൽ കോട്ടയത്തു് വെച്ചു് അറസ്റ്റ് ചെയ്യപ്പെട്ടു. കോട്ടയം ലോക്കപ്പിൽ നിന്നു് കൊല്ലം കസബാ ലോക്കപ്പിലേക്കു് മാറ്റി. 1942–43 കാലത്തു് തിരുവനന്തപുരം സെൻട്രൽ ജയിലിൽ.
1945–46 കാലത്തു് തൃശൂരിലുണ്ടു്. ‘മംഗളോദയ’വുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇക്കാലത്താണു്. ഇതിനിടയിലാണു് ‘ദേവി’യുമായുള്ള പ്രണയബന്ധം. ഇതിന്റെ ‘ചരിത്ര’മാണു് ‘അനുരാഗത്തിന്റെ ദിനങ്ങൾ’. 1947–48 കാലത്തു് മദിരാശിയിലാണു്—‘ജയകേരള’ത്തിൽ ചോദ്യോത്തരപംക്തി കൈകാര്യം ചെയ്യുന്നു.
1948-ൽ എറണാകുളത്തു് മടങ്ങിയെത്തിയ ബഷീർ പുസ്തകങ്ങൾ കൊണ്ടുനടന്നു് വില്ക്കുന്ന പണിയെടുത്തു. പിന്നെ എറണാകുളത്തു് സർക്കിൾ ബുക്ഹൗസ് തുടങ്ങി. 1950–51 കാലത്തു് അതേ നഗരത്തിൽ ‘ബഷീർസ് ബുക്ക്സ്റ്റാൾ’ നടത്തുകയായിരുന്നു. 1952-ൽ പിന്നേയും മദിരാശിക്കു് പോയി. അക്കൊല്ലംതന്നെ തിരിച്ചെത്തിയ ബഷീർ 1958-ൽ ‘ബഷീർസ് ബുക്ക്സ്റ്റാൾ’ എൻ. ബി. എസ്സിനു് കൈമാറുന്നതു് വരെ എറണാകുളത്തുണ്ടു്. ഇതിനിടയിലാണു് ഭ്രാന്തു് വന്നു് വല്ലപ്പുഴ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാകുന്നതു്.
1958-ൽ കോഴിക്കോട്ടുകാരി ഫാത്തിമാബിയെ കല്യാണം കഴിച്ചു. തലയോലപ്പറമ്പിൽ മടങ്ങിയെത്തി. അവിടെ സ്വന്തമായി ഒരു വീടു് പണിതു് പൊറുതി ആരംഭിച്ച ബഷീർ കുറച്ചു കഴിഞ്ഞു് കോഴിക്കോട്ടേക്കു് മാറി. വീണ്ടും ഭ്രാന്തു് വന്നു. അമിതമദ്യപാനം കൊണ്ടാണു് രോഗം വന്നതു് എന്ന തീർപ്പിൽ മദ്യപാനം നിർത്തി.
കോഴിക്കോട് നഗരത്തിനു് സമീപം ബേപ്പൂരിൽ താമസമാക്കിയതോടെ ചരരാശിയിൽനിന്നു് സ്ഥിരരാശിയിലേക്കു് വഴിതിരിഞ്ഞ ബഷീർ പൊതുപ്രവർത്തനത്തിന്റെ അസ്വസ്ഥതകളിൽ നിന്നു് കുടുംബജീവിതത്തിന്റെ സ്വാസ്ഥ്യങ്ങളിലേക്കു്, അർത്ഥാന്വേഷണത്തിന്റെ തീച്ചൂളകളിൽ നിന്നു് വിശ്രമത്തിന്റെ ചാരുകസാലയിലേക്കു്, തെരുവിന്റെ വേവിൽനിന്നു് മാങ്കോസ്റ്റിന്റെ കുളുർപ്പിലേക്കു് മടങ്ങുകയായിരുന്നു.
മൂന്നുപതിറ്റാണ്ടുകാലം പിന്നെ അദ്ദേഹം ജീവിക്കുന്നതു് ഭൂതകാലത്തിലാണു്, ഓർമ്മകളിലാണു്.
ഇക്കാലത്താണു് ത്യാഗം നിറഞ്ഞ രാഷ്ട്രീയപ്രവർത്തനത്തിന്റെയും മൗലികത മുറ്റിയ സാഹിത്യരചനയുടെയും പേരിൽ ബഹുമതികൾ തേടിയെത്തുന്നതു്; രചനകളിൽ പ്രധാനപ്പെട്ട പലതും ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷ് അടക്കമുള്ള വിദേശഭാഷകളിലേയ്ക്കും പരിഭാഷാരൂപത്തിൽ കടന്നു ചെല്ലുന്നതും.
സമരങ്ങളാൽ പ്രദീപ്തവും സർഗ്ഗശേഷിയാൽ ധന്യവും ആയ ആ ജീവിതപ്രയാണം 1994-ൽ കോഴിക്കോട്ടു് അവസാനിച്ചു.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.