അങ്ങനെ, തെഹൽക ഡോട്ട് കോം ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യൻ മാധ്യമങ്ങളുടെ ചരിത്രത്തിൽ കേട്ടുകേൾവി കൂടിയില്ലാത്ത ഒരധ്യായം എഴുതിച്ചേർത്തിരിക്കുന്നു.
ഇന്ത്യയിലെ പ്രതിരോധസംവിധാനം എത്രമാത്രം ദുർബലമാണെന്നും നമ്മുടെ രാജ്യത്തിന്റെ സുരക്ഷ എത്രനേർത്ത നൂൽപാലത്തിലൂടെയാണു് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നതു് എന്നും തെഹൽക എന്നു പേരായ ഇന്റർനെറ്റ് ന്യൂസ്പേപ്പർ തെളിയിച്ചു. അതിനു് ഇത്തിരി സാമർത്ഥ്യവും താരതമ്യേന വളരെ തുച്ഛമായ കാശും ശകലം നർമബോധവും മാത്രമേ ആവശ്യമുള്ളൂ എന്നും ആ മാധ്യമത്തിന്റെ പ്രവർത്തകർ കാട്ടിത്തന്നു. ഇല്ലാത്ത ഒരു കമ്പനിയുടെ പേരിൽ, ഇല്ലാത്ത ആയുധങ്ങളുടെ, ഇല്ലാത്ത ‘കച്ചവടം നടത്താൻ’ കൈക്കൂലി വാങ്ങുന്നതിനു് ഇന്ത്യയിലെ ‘ഉയർന്ന’ രാഷ്ട്രീയനേതാക്കന്മാരും ‘ഉയർന്ന’ സൈനികോദ്യോസ്ഥന്മാരും രണ്ടു കയ്യും നീട്ടി ഓടിയെത്തുന്നതിന്റെ ദൃശ്യങ്ങളാണവർ പുറത്തുവിട്ടതു്. ജോർജ് ഫെർണാണ്ടസ്, ബങ്കാരു ലക്ഷ്മൺ, ജയാ ജറ്റ്ലി തുടങ്ങിയ വൻസ്രാവുകളാണു് വയലിൽ!
ഈ നേരത്തു് എനിക്കോർമ്മ വരുന്നതു് ‘വാട്ടർഗേറ്റ് സംഭവ’മാണു്. റിച്ചാർഡ് നിക്സൺ അമേരിക്കൻ പ്രസിഡന്റായിരിക്കേ, അദ്ദേഹത്തിന്റെ എതിർകക്ഷിക്കാർ വാട്ടർഗേറ്റ് എന്നു് പേരായ ഹോട്ടലിൽ ചേർന്ന യോഗത്തിലെ സംഭാഷണങ്ങൾ ചോർത്തുന്നതിനു് രഹസ്യമായി സംവിധാനം ഏർപ്പെടുത്തിയതായി ‘വാഷിംഗ്ടൺ പോസ്റ്റ്’ ദിനപത്രത്തിലെ രണ്ടു് പത്രപ്രവർത്തകർ കണ്ടെത്തി. അവർ വാർത്ത പ്രസിദ്ധീകരിച്ചതോടെ സംഗതി പുക്കാറായി. അത്രയും വലിയ ഒരന്യായം പ്രസിഡന്റിന്റെ അറിവോടും അനുവാദത്തോടും കൂടിയാണു് നടന്നതു് എന്നും തെളിഞ്ഞു. നിക്സൺ രാജിവെച്ചു. രണ്ടു് പത്രപ്രവർത്തകരുടെ ജാഗ്രത കാരണം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിൽനിന്നു് നിക്സണെ പോലെ ഒരു ശക്തനു് ഇറങ്ങിപ്പോകേണ്ടിവന്നു. നിക്സന്റെ രാഷ്ട്രീയ ജീവിതവും അവിടെത്തീർന്നു.
ശരിക്കു പറഞ്ഞാൽ, വാട്ടർഗേറ്റിനെക്കാളും കൂടിയ സംഭവമാണു് ‘തെഹൽക അപവാദം’. ഒന്നാമതു് ഒരു രാഷ്ട്രീയകക്ഷിയുടെ ആലോചനായോഗത്തിലെ രഹസ്യങ്ങളാണു്, രഹസ്യങ്ങൾ മാത്രമാണു് വാട്ടർഗേറ്റിൽ ചോർന്നതു്. തെഹൽക അപവാദത്തിൽ ഒരു രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ച സൈനികരഹസ്യങ്ങളാണു് ചോർന്നതു്—ഇതൊക്കെ ഇത്രയേയുള്ളൂ എന്നു്. രണ്ടാമതു് വാട്ടർഗേറ്റ് അപവാദം എന്നതു് നടന്ന സംഭവം മാധ്യമപ്രവർത്തകർ കണ്ടെത്തിയതു് മാത്രമാണു്. അവർ ‘സൃഷ്ടിച്ച’തല്ല. തെഹൽക അപവാദം എന്നതു് നടക്കാവുന്നതു് എന്നു് കണ്ടെത്തി മാധ്യമപ്രവർത്തകർ സൃഷ്ടിച്ചതാണു്. ‘ഇടനാഴിയിലെ ഇരുട്ടിൽ ഇല്ലാത്ത കരിമ്പൂച്ചയെ തപ്പുക’ എന്നു് പറഞ്ഞതുപോലെ, ഇല്ലാത്ത കമ്പനിയും ഇല്ലാത്ത ആയുധങ്ങളും ഇല്ലാത്ത കച്ചവടവും എല്ലാം തെഹൽക്കയുടെ ഭാവന മാത്രം. അതിൽ ‘ഉണ്ടായിരുന്നതു്’ കൈക്കൂലി മാത്രമാണു്.
ഇങ്ങനെ ചെയ്തതു് ധാർമികമായോ എന്നു് ചോദിക്കാം. മാധ്യമപ്രവർത്തകർ ഉദ്യോഗസ്ഥരെയും നേതാക്കളെയും ഭരണാധികാരികളെയും പറ്റി വിശകലനങ്ങൾ പ്രസിദ്ധീകരിക്കുന്നതുപോലെ തന്നെയാണിതും. ഇവരൊക്കെ കൈക്കൂലി വാങ്ങും എന്നു് പറയുന്നതിനു് പകരം കൈക്കൂലി കൊടുത്തു് അവർ അതു് വാങ്ങും എന്നു് തെളിയിച്ചു—അത്രയേയുള്ളൂ. കൈക്കൂലി വാങ്ങാത്ത ആൾ കൈക്കൂലി വാങ്ങും എന്നു പറയുന്നതാണു് അധാർമ്മികത. കൈക്കൂലി വാങ്ങുന്ന ആൾ അതു് വാങ്ങും എന്നു് കാണിച്ചുതരുന്നതിൽ തെറ്റായി ഒന്നുമില്ല. പിന്നെ, ഇവിടെ കൈക്കൂലി വാങ്ങിയതു് ഒരു രാജ്യത്തിന്റെ സുരക്ഷയെപ്പോലും കാറ്റിൽ പറത്തിയിട്ടാണു് എന്നോർക്കണം. അത്തരക്കാരുടെ കയ്യിലാണു് രാജ്യം എന്ന ഞെട്ടിക്കുന്ന അറിവാണു് അതിലൂടെ പുറത്തുവന്നതു്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒരു മുഖംമൂടിയാണു് തെഹൽക്ക ഡോട്ട് കോം വലിച്ചുകീറിയതു്. രണ്ടാമത്തെ മുഖംമൂടി വൈകാതെ അഴിഞ്ഞു വീഴും—ഈ പ്രതികളൊക്കെ കാര്യമായ ഒരു പരിക്കും കൂടാതെ ഉദ്യോഗത്തിലും നേതൃസ്ഥാനത്തും അധികാരത്തിലും തുടരുകതന്നെ ചെയ്യും. വാട്ടർഗേറ്റോടെ നിക്സൺ രാഷ്ട്രീയമായി അവസാനിച്ചെങ്കിൽ തെഹൽകയോടെ ജോർജ് ഫെർണാണ്ടസോ, ജയാ ജറ്റ്ലിയോ, ബങ്കാരു ലക്ഷ്മണോ രാഷ്ട്രീയമായി അവസാനിക്കുന്നില്ല. രാഷ്ട്രീയവും പ്രാദേശികതയും മതവും ജാതിയും ഭാഷയും പറഞ്ഞു് അവർ രക്ഷപ്പെടും. അവരെ രക്ഷപ്പെടുത്താൻ ആളുണ്ടാകും. ഈ ‘അപവാദ’ത്തിനു് പിറകിൽ വിദേശശക്തികളുടെയും നാട്ടിലെ മറ്റു് പാർട്ടികളുടെയും കുത്തക മുതലാളിമാരുടെയും ‘കൈ’ ഉണ്ടെന്നു് ഇപ്പോഴേ പറഞ്ഞുതുടങ്ങിയിരിക്കുന്നു. അങ്ങനെയൊരു ഗൂഢാലോചന നടന്നുവോ, നടന്നെങ്കിൽ ആരൊക്കെ അതിൽ പങ്കാളികളായി എന്നതു് ഇവിടെത്തെ ആലോചനാവിഷയമേ അല്ല. ആരൊക്കെ കൈക്കൂലി വാങ്ങി എന്നതാണു് വിഷയം. ആരു് കൊടുത്തു എന്നതല്ല, ആരു് വാങ്ങി എന്നതു മാത്രം. കാരണം ഇരിക്കുന്ന ഉന്നതസ്ഥാനങ്ങളുടെ ഗൗരവം അറിയാത്തവരും ആ ഇരിപ്പിടം ഉപയോഗിച്ചു് അഴിമതി നടത്തുന്നവരും ആണു് ഈ നേതാക്കളും ഉദ്യോഗസ്ഥരും എന്നതാണു് പ്രധാനം. അതു് തിരിച്ചറിയുന്നതിൽ ഇന്ത്യൻ സമൂഹം പരാജയപ്പെടും എന്നു് ആർക്കും മുന്നും പിന്നും നോക്കാതെ പ്രവചിക്കാം. തെളിവു്: മറ്റേതു് ജനാധിപത്യ രാജ്യത്താണെങ്കിലും തെഹൽക അപവാദം പുറത്തുവന്ന ഉടനെ കേന്ദ്ര ഗവൺമെന്റ് രാജിവെക്കുമായിരുന്നു. വാട്ടർഗേറ്റ് അമേരിക്കൻ ജനാധിപത്യത്തിന്റെ പ്രതികരണശേഷിയുടെ ആധികാരിത പുറത്തുകൊണ്ടുവന്നു. തെഹൽക ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതികരണരാഹിത്യത്തിന്റെ മരവിപ്പു് പുറത്തുകൊണ്ടുവന്നിരിക്കുന്നു.
മലയാളം ന്യൂസ്: 24 മാർച്ച് 2001.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.