കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നും ഞാൻ കോഴിക്കോട്ടേയ്ക്കു് വരികയായിരുന്നു. ബസ്സിൽ പതിവു് ആൾക്കൂട്ടം. നിന്നുതിരിയാനിടമില്ല. ഏതോ അദ്ഭുതം കാണിക്കുന്ന സർക്കസുകാരനെപ്പോലെ കണ്ടക്ടർ അതിനിടയിലൂടെ, ചാലിയൻ ഓടം പായിക്കും പോലെ, അങ്ങോട്ടും ഇങ്ങോട്ടും ഊളിയിടുന്നുണ്ടു്… മെയ്വഴക്കത്തിന്റെ ചിപ്പം!
ഡ്രൈവർ ബസ് കത്തിച്ചു വിടുകയാണു്. മലപ്പുറം ജില്ലയിൽ പ്രത്യേകമായി കാണുന്ന മരണസ്പീഡ്. കടുപ്പത്തിലുള്ള പോക്കും അതിനേക്കാൾ കടുപ്പമുള്ള നിർത്തലും. ജീവിതയാത്രക്കാർ കൂട്ടിമുട്ടുകയും വേർപിരിയുകയും ചെയ്യുന്നു… യാത്രക്കാരുടെ ആയുസ്സിന്റെ നീട്ടം കൊണ്ടാവണം അപകടങ്ങളൊന്നും കൂടാതെ ബസ് കോഴിക്കോടു സ്റ്റാൻഡിലെത്തി. വലിയ തിരക്കുള്ളവർ ഇറങ്ങിപ്പോയിട്ടു് ഇറങ്ങാം എന്നുവച്ചു ഞാൻ ഒന്നൊതുങ്ങി നിന്നു.
അപ്പോൾ അതാ എന്റെ മുന്നിൽ ഒരു കടലാസുപൊതി കിടക്കുന്നു. ബസ്സിലെ തിരക്കിലോ ഇറങ്ങുന്ന ബദ്ധപ്പാടിലോ ആരുടെയോ സഞ്ചിയിൽനിന്നോ മടിക്കുത്തിൽനിന്നോ വീണതാവണം. പിന്നാലെ വരുന്നവർ ചവിട്ടേണ്ട എന്നു കരുതി ഞാനതു കുനിഞ്ഞെടുത്തു.
മുഷിഞ്ഞ പൊതി തുറന്നുനോക്കുമ്പോൾ നോട്ടുകളാണു്. പത്തിന്റെയും അഞ്ചിന്റെയും ഒക്കെ നോട്ടുകളുണ്ടു്. അടുക്കും ചിട്ടയുമില്ലാതെ ചുരുട്ടിവച്ചിരിക്കുന്നു. അത്രയധികമില്ല. എങ്കിലും കാശല്ലേ? എന്റെ അടുത്തുള്ളവർക്കും താല്പര്യമായി.
ഞാൻ പെട്ടെന്നു കക്ഷത്തിൽ ഒരു തുണിക്കെട്ടുമായി തൊട്ടുമുൻപേ പോയ വൃദ്ധയെ വിളിച്ചു “ഹേയ്”
ബസ്സിനു പുറത്തു് അവർ തിരിഞ്ഞുനിന്നു.
“ഈ പൈസയുടെ പൊതി നിങ്ങളുടേതാണോ?”
“അല്ല മോനേ.”
അപ്പോൾ ബസ്സിന്റെ പടിയിൽനിന്നു് ഒരു മധ്യവയസ്ക്കൻ എന്റെ അടുത്തേക്കു വന്നു പറഞ്ഞു.
“ആ പൊതി എന്റതാ.”
“ശരി” എന്നു പറഞ്ഞു ഞാൻ അതു് അയാൾക്കു കൊടുത്തു.
പെട്ടെന്നുതന്നെ എന്റെ ഉള്ളിൽ ഒരു മിന്നൽ. അതു് ഇയാളുടേതാണോ? മുഖഭാവവും നോട്ടവും കണ്ടാൽ എന്തോ കുഴപ്പമുള്ളതുപോലെ തോന്നും മറ്റു യാത്രക്കാർക്കും അങ്ങനെ തോന്നിയോ?
ബസ്സിൽനിന്നു് ഇറങ്ങിയതും ഞാൻ അയാളുടെ കൈയിലെ പൊതി കടന്നുപിടിച്ചു.
“ഈ പൊതി നിങ്ങളുടേതാണു് എന്നല്ലേ പറഞ്ഞതു്?”
“ഹ… ഹതെ… ങ്ആ.”
“ശരി. ഇതിലെന്താണു്?”
“പൈസയാണു്.”
ഞാൻ പൈസകാര്യം വിളിച്ചു് പറഞ്ഞതിൽ കാണിച്ച പോഴത്തം! അപ്പോഴേക്കും മറ്റു യാത്രക്കാർ ഇറങ്ങി ചുറ്റും കൂടി. തിരക്കിട്ടു പോകാനാരംഭിച്ച ചിലർ മടങ്ങിവന്നു.
ഞാൻ ചോദ്യം തുടർന്നു: “എത്ര ഉറുപ്പികയുണ്ടു്?”
അയാളുടെ മുഖം മങ്ങി.
“അതു്… അതു്… കൃത്യം അറീല. ആർക്കാ ഇപ്പോ പൊതീലുള്ള പൈസ ഓർമ്മണ്ടാവ്വ… ”
“കൃത്യം വേണ്ട. ഒരേകദേശം പറഞ്ഞാൽ മതി.”
“അതു്… അതു്… ഇന്ക്ക് ഓർമ്മല്ല.”
പെട്ടെന്നു് എനിക്കു മറ്റൊരു യുക്തി തോന്നി. “നിങ്ങൾ ബസ്സിനു ടിക്കറ്റെടുത്തതിന്റെ ബാക്കി കാണുമല്ലോ. നിങ്ങൾ എത്രയ്ക്കാണു ടിക്കറ്റ് വാങ്ങിയതു്?”
“ഏഴേ അയ്മ്പതിനു്. ”
“ശരി, നിങ്ങൾ എവിടെ നിന്നാണു് ബസ്സിൽ കയറിയതു്?”
“യൂനിവേഴ്സിറ്റീന്നു്.” ഞാൻ ചിരിച്ചു.
“ഹ ഹാ… ഞാൻ എന്നും യൂനിവേഴ്സിറ്റിയിൽ പോയി വരുന്നവനാ. അവിടെനിന്നു കോഴിക്കോട്ടേക്കു് ചാർജ് അഞ്ചുറുപ്പികയാ.”
ചുറ്റുമുള്ള ആൾക്കൂട്ടത്തിനു പതുക്കെ കാര്യം ബോധ്യപ്പെട്ടുവന്നു. അവർ ആരവം തോന്നി. “നേരു് പറയെടാ.”
മധ്യവയസ്കൻ തിരുത്തി.
“അല്ല. ഞാൻ കുറച്ചു് അപ്പുറത്തുനിന്നാ കയറിയതു്.”
ഞാൻ ഇടപെട്ടു.
“അതു പോട്ടെ. ഇതിലെത്ര ഉറുപ്പികയുണ്ടെന്നു പറയൂ. അതുപറഞ്ഞാൽ നിങ്ങൾക്കു പോവാം.”
അയാൾ രണ്ടും കൽപിച്ചു പറഞ്ഞു.
“അഞ്ഞൂറിലധികമുണ്ടു്.” അപ്പോഴേക്കും ആൾക്കൂട്ടം വർധിച്ചു.
“കള്ളൻ, കള്ളൻ, പോക്കറ്റടി, പിടിയെടാ, അടിയെടാ” തുടങ്ങിയ വിളികൾ വർധിച്ചുവരുന്നു.
ഇയാൾ പാവമാവാം. പൈസ ഇയാളുടേതുതന്നെയാവാം. എന്റെ ക്രോസ് വിസ്താരവും ആളുകളുടെ ബഹളവും കൊണ്ടു പാവം ബേജാറായിപ്പോയതാവാം എന്നൊക്കെ പുനർവായന വന്ന ഞാൻ പൊതി വാങ്ങി നോട്ട് എണ്ണാൻ തുടങ്ങി. അതാ ജനക്കൂട്ടം തള്ളിക്കയറുന്നു. അതാ അടി വരുന്നു…
മധ്യവയസ്ക്കൻ ഇതിനിടയിൽ എന്റെ ചെവിയിൽ അടക്കം പറഞ്ഞു “നിങ്ങളു് ഇന്നെ തല്ലു് കൊള്ളിക്കല്ലി. പൊതി എന്റതല്ല. ഞാൻ പോയ്ക്കോട്ടെ.”
ഞാൻ മറ്റാരും കേൾക്കാതെ അയാളുടെ ചെവിയിൽ അടക്കം പറഞ്ഞു “ഓടിക്കോ.” അയാൾ ഓടി. ആരവം കനത്തു.
“കള്ളൻ അതാ ഓടി… പിടിയെടാ… അടിയെടാ… പോക്കറ്റടി… പോലീസ്…”
ഇതിനിടയിൽ ഞാൻ നോട്ടെണ്ണി നൂറ്റെഴുപത്തൊമ്പതു ഉറുപ്പികയുണ്ടു്. ആളുകൾ ആവേശത്തോടെ തള്ളിക്കയറുന്നു. ഞാൻ അമ്പരന്നു ചുറ്റും നോക്കി.
ഇപ്പോൾ ഞാനാണു കള്ളൻ!
ഇതാ, തൊണ്ടിമുതലുമായി പിടിക്കപ്പെട്ടിരിക്കുന്നു!
ഈശ്വരാ…
“അടിയെടാ” എന്ന ആക്രോശം വീണുതീരുംമുമ്പെ ഞാൻ രണ്ടു കയ്യും ഉയർത്തിപ്പറഞ്ഞു: “അയാൾ രക്ഷപ്പെട്ടുകളഞ്ഞു. പൊതി അയാളുടേതല്ല. ആരുടേതാണു്?”
ഭാഗ്യത്തിനു ജനം അടങ്ങി. അവകാശവാദവുമായി ആരും മുന്നോട്ടു വന്നില്ല.
“ഓ, ഇയാളല്ല പുള്ളി അല്ലേ?” എന്നു പറഞ്ഞു. ചിലർ പിൻവാങ്ങി. ഇത്ര ബഹളമുണ്ടായിട്ടും പോലീസ് ആ വഴിക്കു വന്നില്ല. അയാൾ രക്ഷപ്പെടാൻ കാരണം എന്റെ പോഴത്തമാണെന്നു ചിലർ വിധിച്ചു.
ഞാൻ പൊതി ബസ്കണ്ടക്ടറെ ഏൽപ്പിച്ചിട്ടു പറഞ്ഞു. “പോലീസിൽ ഏൽപ്പിച്ചോളൂ.”
ചൂടും ചൂരും തിക്കും തിരക്കുമുള്ള ആൾക്കൂട്ടത്തിൽനിന്നു വല്ലപാടും തടി സലാമത്താക്കി തിരിഞ്ഞുനോക്കാതെ ഞാൻ നടന്നു.
നടത്തത്തിൽ ഞാൻ ഓർത്തുനോക്കി: എന്താണു ഞാൻ ചെയ്ത തെറ്റു്. ആ പൊതി കുനിഞ്ഞെടുത്തതോ, അതോ അതു പൈസയാണു് എന്നു വിളിച്ചു പറഞ്ഞതോ?
ആ മധ്യവയസ്കനു കള്ളം കാണിക്കാൻ അവസരമുണ്ടാക്കിക്കൊടുത്തതോ, അതോ അയാളുടെ കള്ളം കയ്യോടെ പിടിച്ചതോ? ഇനി, ജനത്തിനു നാലു പൂശു പൂശാൻ ഹരംതോന്നുന്ന രീതിയിൽ ആ വിചാരണ നടത്തിയതോ, അതോ ആ സൂത്രക്കാരനെ നാട്ടുകാരുടെ കയ്യിൽനിന്നു രക്ഷിച്ചതോ?
പച്ചക്കറിച്ചന്തയിലേക്കു കയറുമ്പോൾ എന്റെ ഇടനെഞ്ചിൽ വീണ്ടും മിന്നെറിഞ്ഞു: ആ കണ്ടക്ടർ പൊതി പോലീസിൽ ഏൽപ്പിക്കുമെന്നാരറിഞ്ഞു? ഇനി, എൽപ്പിച്ചാൽതന്നെ പോലീസുകാരൻ അതു് അമുക്കുകയില്ലെന്നു് എന്താണുറപ്പു് ?കണ്ടക്ടറോ, പോലീസുകാരനോ ആരെങ്കിലുമൊരാൾ കള്ളനായിത്തീരുകയാണു് ഫലം എന്നുണ്ടോ?
ഞാൻ ആശ്വാസത്തൊടെ നെടുവീർപ്പിട്ടു. പൊതിരെ തല്ലിയശേഷം ആ പൊതിയുമായി ജനം എന്നെ പോലീസിൽ ഹാജരാക്കിയില്ലല്ലോ. മഹാഭാഗ്യം!
മലയാള മനോരമ: 3 ഫെബ്രുവരി 1998.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.