ഒരു കഥ പറയാം: തന്റെ ശിഷ്യന്മാരിൽ വളരെ കുസൃതിക്കാരനും സമർത്ഥനുമായ കുഞ്ഞായിനെ ഒന്നു പറ്റിക്കുവാൻ ആ മതാധ്യാപകൻ തീർച്ചയാക്കി. അവൻ ഹാജരില്ലാത്ത ഒരു ദിവസം അദ്ദേഹം മറ്റു കുട്ടികളോടു പറഞ്ഞു:
“നാളെ പഠിക്കാൻ വരുമ്പോൾ നിങ്ങളെല്ലാം ഓരോ കോഴിമുട്ട കൊണ്ടുവരണം. ഇങ്ങനെ കൊണ്ടുവരാൻ പറഞ്ഞ വിവരം മറ്റാരും അറിയണ്ട. രഹസ്യമായി കൊണ്ടുവരണം. ഞാൻ ചോദിക്കുമ്പോഴേ പുറത്തെടുക്കാവൂ”.
പിറ്റേന്നു് മതപഠനം കഴിഞ്ഞ ഉടനെ ഗുരുനാഥൻ പറഞ്ഞു: “എന്നോടു സ്നേഹമുള്ള ശിഷ്യന്മാരെല്ലാം ഇപ്പോൾ ഓരോ കോഴിമുട്ട ഇട്ടുതരണം”.
അദ്ദേഹം കൈ നീട്ടിയപ്പോൾ ഓരോരോ കുട്ടിയായി മുട്ടയെടുത്തുകൊടുത്തു. കഥയൊന്നും അറിയാതിരുന്ന കുഞ്ഞായിൻ മാത്രം മുട്ട കൊടുത്തില്ല. എല്ലാവരുടെ ഊഴവും കഴിഞ്ഞപ്പോൾ കുഞ്ഞായിൻ ശക്തമായി തുടകളിൽ അടിച്ചു് കോഴി കൂവുംപോലെ കൂവി. എന്നിട്ടു പറഞ്ഞു:
“ഇവരൊക്കെ പിടയാ … ഞാനാ പൂവൻ”
മലബാറിൽ ഒരുപാടു കാലമായി പ്രചാരത്തിലുള്ള അനേകം കുഞ്ഞായിൻകഥകളിലൊന്നാണിതു്. ‘മാപ്പിളഫലിതം’ എന്നു പേരിട്ടു വിളിക്കാവുന്ന ഫലിതകഥാപാരമ്പര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രവും ഇദ്ദേഹം തന്നെയാണു്. ഇദ്ദേഹവുമായി ബന്ധപ്പെട്ട കഥകൾ ഏറെക്കാലം വാമൊഴിയായി നിലനിന്നുപോന്നു. ആ കഥകളുടെ വരമൊഴിപാരമ്പര്യം ആരംഭിച്ചിട്ടും കുറച്ചുകാലമായി. അത്തരം കഥകളുടെ സമാഹാരങ്ങളുമായി ‘മങ്ങാട്ടച്ചനും കുഞ്ഞായിൻ മുസ്ല്യാരും’, ‘കുഞ്ഞായിൻ മുസ്ല്യാരും കുറേ തമാശകളും’, ‘കുഞ്ഞായിൻ മുസ്ല്യാരും കൂട്ടുകാരും’, ‘കുഞ്ഞായിന്റെ കുസൃതികൾ’, ‘കുഞ്ഞായിൻ കഥകൾ’, ‘രസികശിരോമണി കുഞ്ഞായിൻ മുസ്ല്യാരും മങ്ങാട്ടച്ചനും’ എന്നീ ആറു പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടു്.
നിർദോഷമായ നർമമാണു് അവയുടെ പ്രത്യേകത. മുകളിൽ കൊടുത്ത കഥയിൽ കാണുംപോലെ പ്രത്യുല്പന്നമതിത്വംകൊണ്ടു് കുഞ്ഞായിൻ മുസ്ല്യാർ എല്ലായ്പ്പോഴും എല്ലാവരെയും തോല്പിക്കുന്നു. ബുദ്ധിശാലിയും തന്ത്രശാലിയും കൗശലക്കാരനും ആയി അദ്ദേഹം കഥകളിൽ പ്രത്യക്ഷപ്പെടുന്നു.
മലബാറിലെ മുസ്ലിംജീവിതത്തിന്റെ പല അംശങ്ങളും കുഞ്ഞായിൻകഥകളിൽ നിറംപകർന്നുകിടപ്പുണ്ടു്. ആ സാമൂഹ്യജീവിതത്തിന്റെ ജീർണതകളിൽ പലതിനെയും കുഞ്ഞായിൻ മുസ്ല്യാർ പരിഹസിച്ചുകൊല്ലുന്നതായും കാണാം. ഒരുദാഹരണം: രണ്ടു കാലിനും മന്തുള്ള ഒരു പെൺകുട്ടിയെ മുസ്ല്യാർ കല്യാണം കഴിക്കാനിടവന്നു. പണക്കാരായ അവളുടെ ബന്ധുക്കൾ അദ്ദേഹത്തെ പറ്റിക്കുകയായിരുന്നു. അതിൽ നിന്നു തലയൂരിപ്പോരാൻ അദ്ദേഹം കണ്ടെത്തിയ വഴിയെന്താണെന്നോ—താൻ ഒസ്സാനാണെന്നു്, ക്ഷുരകജാതിയിൽ പിറന്നവനാണെന്നു്, പെൺവീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുക. അതു ഫലിച്ചു. ന്യായമായ നഷ്ടപരിഹാരം കൊടുത്തു് പെൺവീട്ടുകാർതന്നെ മൊഴിചൊല്ലിച്ചു! ക്ഷുരകന്മാരോടു് കാണിക്കുന്ന ജാതിനിഷ്ഠമായ വിവേചനമാണു് ഈ കഥയിൽ പരിഹസിക്കപ്പെടുന്നതു്. ഇതുപോലെ മതപണ്ഡിതന്മാരും പണക്കാരും ജന്മിമാരും നാടുവാഴികളും ‘തോറ്റുതൊപ്പിയിടുന്ന’ അനേകം ഫലിതകഥകളുണ്ടു്.
‘നമ്പൂതിരിഫലിതം’ ആയി മറ്റു പ്രദേശങ്ങളിൽ പ്രചരിക്കുന്ന ചില നേരമ്പോക്കുകൾ കുഞ്ഞായിൻകഥകളായിട്ടാണു് മലബാറിലെ മുസ്ലിംകൾക്കിടയിൽ പ്രചരിക്കുന്നതു്. വഴിയിൽവെച്ചുകണ്ട സുഹൃത്തുക്കളോടു് നമ്പൂതിരി ചിരിച്ചതായി ഒരു കഥയുണ്ടല്ലോ. അദ്ദേഹം കടന്നുപോയപ്പോൾ അവർക്കു സംശയമായി, ആരോടാണു് ചിരിച്ചതു് എന്നു്. അതൊരു തർക്കമായി. ഒടുക്കം അവർ മടങ്ങിച്ചെന്നു് നമ്പൂതിരിയോടുതന്നെ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “കൂട്ടത്തിലെ വിഡ്ഢിയോടാണു് ചിരിച്ചതു്!” ഇതേ മട്ടിൽ ഒരു കുഞ്ഞായിൻ കഥയുണ്ടു്. “കൂട്ടത്തിലെ ഹമുക്കിനോടാണു് ചിരിച്ചതു്” എന്നൊരു രൂപഭേദം ഉത്തരത്തിനുണ്ടെന്നേയുള്ളു. അതു സ്വാഭാവികം. രണ്ടു പാരമ്പര്യത്തിലും ഒരേ മട്ടിൽ ഈ ഫലിതം ഉരുവംകൊള്ളാം; ഏതെങ്കിലും ഒന്നിൽനിന്നു് മറ്റൊന്നിലേക്കു പകർന്നതും ആവാം. എല്ലാ നാട്ടിലും പതിവുള്ളതാണു് ഇത്തരം വേഷപ്പകർച്ചകൾ. നാടോടിക്കഥകളുടെയും നാടൻഫലിതത്തിന്റെയും സഹജസ്വഭാവം മാത്രമാണതു്.
ഈ കഥാപാരമ്പര്യത്തിൽ പറയുന്ന പ്രധാനപ്പെട്ട കാര്യം കുഞ്ഞായിൻ മുസ്ല്യാർ കോഴിക്കോട്ടെ സാമൂതിരി രാജാവിന്റെ കൊട്ടാരവിദൂഷകനായിരുന്നു എന്നതാണു്. (മഹത്തായ മാപ്പിളസാഹിത്യപാരമ്പര്യം, 1978, പു. 162). സാമൂതിരിപ്പാടിന്റെ സദസ്സിലെ നർമസചിവൻ എന്നു് അദ്ദേഹത്തെ പലരും വിവരിക്കുന്നുണ്ടു്. കോട്ടയം കോവിലകത്തു് കുഞ്ഞായിൻ മുസ്ല്യാർക്കുണ്ടായിരുന്ന സ്വാധീനവും ആദരവും എടുത്തുപറയുന്ന കഥകളും കാണാം. അദ്ദേഹം അവിടെ ‘സഹകാര്യക്കാർ’ ആയിരുന്നുപോൽ. കോഴിക്കോട്ടെ മങ്ങാട്ടച്ചനെ തോല്പിച്ച കഥകളാണേറെയും. കോട്ടയം കോവിലകത്തെ പ്രധാന കാര്യക്കാരൻ നെട്ടൂർ രൈരുഗുരുക്കളുമായി ബന്ധപ്പെട്ടും കുറേ തമാശകളുണ്ടു്. ഈ തമ്പുരാക്കന്മാരിൽ നിന്നൊക്കെ സ്തുതിയും സമ്മാനവും നേടി. രാജകൊട്ടാരങ്ങളിൽ ഇത്രയധികം സ്വാതന്ത്ര്യം അനുഭവിച്ചു് പത്തിരുനൂറുകൊല്ലം മുമ്പു് ഒരു മുസ്ലിം മതപണ്ഡിതൻ ജീവിച്ചുപോന്നിരുന്നു എന്നു വിശ്വസിക്കുക പ്രയാസം. തീണ്ടലും തൊടീലും സാമുദായികമായ അകൽച്ചയും വളരെ പ്രബലമായിരുന്ന ആ കാലത്തു് വിശേഷിച്ചും കുഞ്ഞായിൻ മുസ്ല്യാർ ഐതിഹ്യപാത്രമാവാം എന്നു തോന്നിപ്പോവും.
കുഞ്ഞായിൻ മുസ്ല്യാരെപ്പറ്റി പറഞ്ഞുകേട്ടതും പുസ്തകങ്ങളിൽ രേഖപ്പെട്ടുകിടക്കുന്നതുമായ ചരിത്രം ഇങ്ങനെ സംഗ്രഹിക്കാം: അദ്ദേഹം തലശ്ശേരിക്കാരനാണു്. അവിടെ സൈദാർപള്ളിക്കു സമീപം ‘മക്കറ’ എന്ന കുടുംബത്തിലാണു് ജനനം. പിതാവു് മുസ്ലിയാരോ, മുക്രിയോ (പള്ളിയിൽ പ്രാർത്ഥനയ്ക്കു് നേതൃത്വം കൊടുക്കുന്ന വ്യക്തിയോ, അവിടത്തെ പരിചാരകനോ) ആയിരുന്നു. പൊന്നാനിയിലാണു് മതവിദ്യാഭ്യാസം നേടിയതു്. അവിടെ പ്രസിദ്ധമായ മഖ്ദും കുടുംബത്തിൽ പെട്ട ഏതോ ഒരു പണ്ഡിതന്റെ ശിഷ്യനായിരുന്നു. വളരെയധികം പഠിച്ചു് അറിയപ്പെടുന്ന പണ്ഡിതനായിട്ടാണു് മടങ്ങിയതു്. വിവാഹിതനും പിതാവും ആയിരുന്നു. വലിയ തമാശക്കാരനായിരുന്ന മുസ്ല്യാർ പല ബുദ്ധിമാന്മാരെയും കുരങ്ങുകളിപ്പിച്ചിട്ടുണ്ടു്. സമർത്ഥനും പ്രത്യുല്പന്നമതിയും ആയിരുന്നു. മാപ്പിളപ്പാട്ടുകളിൽ പ്രശസ്തമായ രണ്ടെണ്ണം രചിച്ചതു് ഇദ്ദേഹമാണു്—കപ്പപ്പാട്ടും നൂൽമാലയും: രണ്ടും ഭക്തിപ്രധാനങ്ങളാണു്. കുഞ്ഞായിൻ മുസ്ല്യാർ തലശ്ശേരിയിൽ അന്ത്യവിശ്രമംകൊള്ളുന്നു.
ഏതു കാലത്താണു് ഈ മനുഷ്യൻ ജീവിച്ചിരുന്നതു്? ജനനത്തിയ്യതിയോ ചരമത്തിയ്യതിയോ അറിഞ്ഞുകൂടാ. മാപ്പിളപ്പാട്ടെഴുത്തുകാരിൽ പലരും ചെയ്യാറുള്ളതുപോലെ കപ്പപ്പാട്ടിൽ രചനാകാലം കൊടുത്തിട്ടില്ല. പക്ഷേ, ‘നൂൽമാല’യിൽ കൊടുത്തുകാണുന്നുണ്ടു്—‘ഒരായിരത്തി ഒരുനൂറ്റു് അമ്പത്തിരണ്ടാവദി’ൽ എന്നു്: അതായതു് ഹിജ്റ 1151-ൽ ‘മുഹ്യിദ്ദീൻമാല’ രചിച്ചു് സുമാർ 130 കൊല്ലം കഴിഞ്ഞാണു് കുഞ്ഞായിൻ മുസ്ല്യാർ നൂൽമാല രചിച്ചതു് എന്നു് ‘മഹത്തായ മാപ്പിളസാഹിത്യപാരമ്പര്യം’ എന്ന സാഹിത്യചരിത്രകൃതിയിൽ പറയുന്നുണ്ടു് (1978, പു. 162). ‘മുഹ്യിദ്ദീൻമാല’യുടെ രചന നടന്നതു് എ. ഡി. 1067-ലാണു്. അപ്പോൾ 1737-നടുത്തു് എവിടെയോ ആകണം നൂൽമാലയുടെ രചനകാലം. കഥാപുരുഷൻ 18-ാം നൂറ്റാണ്ടുകാരനാണു് എന്നു സിദ്ധിക്കുന്നു അദ്ദേഹത്തിന്റെ പാട്ടുകൃതികളിലെ ഭാഷയുടെ പഴക്കവും ഈ ഊഹത്തിനു ബലം നല്ക്കുന്നുണ്ടു്.
കുഞ്ഞായിൻ ചരിത്രപുരുഷനായിരുന്നു എന്നതിലേക്കു് തെളിവു് ഇപ്പറഞ്ഞതൊക്കെ മതി. പക്ഷേ, ഫലിതകഥകളിൽ കാണുന്ന അദ്ദേഹത്തിന്റെ പെരുമാറ്റം ചരിത്രവുമായി നിരന്നുപോകുന്നതല്ല. മലബാറിന്റെയോ കോഴിക്കോടിന്റെയോ സാമൂതിരി രാജവംശത്തിന്റെയോ ചരിത്രമെഴുതിയ ഒരാളും ‘കുഞ്ഞായിൻ മുസ്ല്യാർ’ എന്നൊരാളെ പരാമർശിക്കുന്നില്ല. സാമൂതിരിപ്പാടിന്റെ ഭരണവുമായും കുടുംബവുമായും ബന്ധപ്പെട്ട ‘ഗ്രന്ഥവരി’കളിലെങ്ങും ഇങ്ങനെയൊരു പേരു് കണ്ടിട്ടില്ല എന്നു വിഗ്ദദ്ധന്മാർ പറയുന്നു. ഡോ. എം. ജി. എസ്. നാരായണൻ, ഡോ. എം. ഗംഗാധരൻ, ഡോ. എം. ആർ. രാഘവവാരിയർ, ഡോ. എൻ. എം. നമ്പൂതിരി, പ്രൊഫ. പി. പി. സുധാകരൻ തുടങ്ങി മലബാർ ചരിത്രത്തിന്റെ പലമേഖലകളിൽ ഗവേഷണം നടത്തിയ പണ്ഡിതന്മാരോടു് ഞാൻ ഇതേപ്പറ്റി ചോദിച്ചു. അവരെല്ലാം ഒരേപോലെ കൈമലർത്തി.
ചരിത്രകൃതികളും ചരിത്രപണ്ഡിതന്മാരും ‘മറ്റെന്തെങ്കിലും താല്പര്യം’ മുൻനിർത്തി അങ്ങനെ മൗനം പാലിച്ചതായിക്കൂടേ എന്നു് ഒരു കുസൃതി ഇവിടെ ചോദിക്കാം. മറുപടി ഒന്നാമതു്, ഇരുന്നൂറു് കൊല്ലം എന്നു പറയുന്നതു് അത്രയധികം പഴയ കാലമൊന്നുമല്ല. അറിയപ്പെടുന്ന ചരിത്രമുള്ള കാലമാണതു്. രണ്ടാമതു് ആ ‘താത്പര്യം’ മുൻനിർത്തി കുഞ്ഞാലി മരയ്ക്കാരുടെ നേരെയോ കോഴിക്കോടു് ‘കോയ’യുടെ നേരെയോ ആരും മൗനം ദീക്ഷിച്ചിട്ടില്ല. പിന്നെ കുഞ്ഞായിൻ മുസ്ല്യാരെപ്പറ്റി മാത്രമായി എന്തിനു് അങ്ങനെയൊരു മൗനം പാലിക്കണം?
കണ്ടേടത്തോളം തെളിവുവെച്ചു പറയാവുന്നതു് രാജവംശങ്ങളുമായി ബന്ധപ്പെട്ടോ കൊട്ടാരങ്ങളിൽ ഇമ്മട്ടിൽ വിലസിയോ ഒരു കുഞ്ഞായിൻ മുസ്ല്യാർ ജീവിച്ചിരുന്നില്ല എന്നാണു്.
പിന്നെ, ഈ ഫലിതകഥകൾ സമാഹരിച്ച ഗ്രന്ഥകർത്താക്കളോ മാപ്പിളപ്പാട്ടുകൃതികളെപ്പറ്റി എഴുതിയ മറ്റു ലേഖന്മാരോ കുഞ്ഞായിൻ മുസ്ല്യാരും സാമൂതിരിപ്പാടും തമ്മിലുള്ള ബന്ധത്തിനു തെളിവൊന്നും കാണിച്ചിട്ടില്ല. അവർക്കു് അതിന്റെ ആവശ്യവുമില്ല. കേട്ടകഥകൾ പകർത്തിവെക്കുക മാത്രമാണവർ ചെയ്തതു് കഥയിൽ ചോദ്യമില്ലല്ലോ.
ജീവിച്ചിരുന്ന ഒരു വ്യക്തിയെപ്പറ്റി ചരിത്രസത്യമല്ലാത്ത വസ്തുതകൾ പ്രചാരത്തിലായി എന്നു വരുമോ? അതു സ്വഭാവികമാകുമോ?
അങ്ങനെ വരാം കഥകൾക്കു് വിശേഷിച്ചു് ഫലിതകഥകൾക്കു്, ആ മട്ടിലൊരു ഘടനയുണ്ടു് നമ്പൂതിരിഫലിതങ്ങളായി പ്രചരിക്കുന്നവയെല്ലാം നമ്പൂതിരിമാർ പറഞ്ഞതാകണമെന്നില്ല. ഭിന്നദേശങ്ങളിൽ ഭിന്നകാലത്തു് ജീവിച്ചിരുന്ന വ്യക്തികളും കൂട്ടായ്മകളും അതിലേക്കു സ്വന്തം വരികൊടുത്തുപോന്നിരിക്കും. ഫലിതവും നമ്പൂതിരിയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള പ്രതീതി കാരണം ഏതെങ്കിലും നമ്പൂതിരിയുടെയോ ആ സമൂഹത്തിന്റെയോ പേരിൽ അവ ആരോപിച്ചിരിക്കും. ഇക്കാലത്തെ ഒരുദാഹരണം നോക്കാം പ്രസംഗത്തിലും വർത്തമാനത്തിലും ഏറെ തമാശകൾ പറഞ്ഞ ആളാണു് പരേതനായ സീതിഹാജി എന്ന രാഷ്ട്രീയനേതാവു്. പക്ഷേ, അതിനെക്കാളെത്രയോ തമാശക്കഥകൾ അദ്ദേഹം പറഞ്ഞതായി പ്രചരിച്ചിട്ടുണ്ടു്—നല്ലതും ചീത്തയുമായ കഥകൾ. പരമ്പരവിഡ്ഢിത്തങ്ങൾക്കും അവയിൽ ക്ഷാമമില്ല. ഓരോരുത്തരും വായിൽത്തോന്നുന്ന വിഡ്ഢിത്തവും തമാശയും ഒക്കെപ്പറഞ്ഞു, എല്ലാം ആ രാഷ്ട്രീയനേതാവിന്റെ പേരിൽ ആരോപിക്കുകയും ചെയ്തു. ഇതെല്ലാം അദ്ദേഹം ജീവിച്ചിരുന്ന കാലത്തുതന്നെയാണു് എന്നോർക്കണം. ഈ പ്രക്രിയയ്ക്കു ഒരുതരം ന്യായീകരണമുണ്ടു്—എന്തുകൊണ്ടു് മറ്റാരുടെ പേരിലും അത്തരം കഥകൾ പറഞ്ഞില്ല? എന്തുകൊണ്ടു് അവ ഇത്രമാത്രം പ്രചാരം നേടി? ഉത്തരം ലളിതമാണു്: അമ്മട്ടിലുള്ള വർത്തമാനം അദ്ദേഹത്തിനു സഹജമായിരുന്നു എന്ന പ്രതീതിയാണു് അത്തരം കഥകൾ പറയാൻ ഇടയാക്കിയതു്. അതുകൊണ്ടുതന്നെയാണു് അവ ഈ അളവിൽ പ്രചരിച്ചതും. മറ്റാരെക്കുറിച്ചുപറഞ്ഞാലും അതിനു് ഈ പ്രതീതിയുടെ പശ്ചാത്തലബലം ഉണ്ടാവുമായിരുന്നില്ല.
കുഞ്ഞായിൻ കഥകളിലേക്കു വരാം: ആ പണ്ഡിതൻ അത്തരം കഥകൾ നെയ്തുണ്ടാക്കാൻ സമൂഹത്തിനു സൗകര്യം നല്കുന്ന മട്ടിൽ ജീവിച്ച ഒരാളായിരുന്നിരിക്കാം. കുഞ്ഞായിൻ മുസ്ല്യാർ ജീവിതകാലത്തു കാണിച്ച ചില പൊടിക്കൈകളുടെ ഓർമകാരണം ആ സമ്പ്രദായത്തിൽ പിന്നെക്കേട്ട എല്ലാ നേരമ്പോക്കുകളും സമൂഹം അദ്ദേഹത്തിന്റെതായി മനസ്സിലാക്കിയിരിക്കും. കാതിൽനിന്നു ചുണ്ടിലേക്കും ചുണ്ടിൽനിന്നു കാതിലേക്കും പകർന്നുപകർന്നുപോയതോടെ അവ കുഞ്ഞായിൻ മുസ്ല്യാരുടേതായി ഉറച്ചിരിക്കണം. സാമൂതിരിയും കോലത്തിരിയും തമ്മിലുള്ള ഉരംനോക്കലിനിടയിൽ ‘കോലത്തിരി കത്തുമോ?’ എന്നു ചോദിച്ചതിനു്, ‘സാമൂരി കുത്തുമോ?’ എന്നു മറുചോദ്യം ചോദിച്ചതായി ഒരു കഥയുണ്ടു് കോലത്തിരി അടുത്താഴ്ച സമ്മാനപ്പെട്ടി എന്ന ഭാവത്തിൽ കാറ്റുതട്ടിയാൽ കത്തിക്കാളുന്ന വെടിമരുന്നു കൊടുത്തയച്ചു. സാമൂതിരിപ്പാടു് അതു വെള്ളത്തിൽ മുക്കിയശേഷമാണു തുറന്നതു്. ഏറെ വൈകാതെ സാമൂതിരിപ്പാടു് മറ്റൊരു സമ്മാനപ്പെട്ടി കോലത്തിരിക്കു് കൊടുത്തയയ്ക്കുകയുണ്ടായി. തന്റെ പെട്ടി കൈകാര്യം ചെയ്ത രീതിയെപ്പറ്റി കേട്ടറിഞ്ഞ കോലത്തിരി ഈ പെട്ടിയും വെള്ളത്തിൽ മുക്കി. അതിനകത്തുനിന്നു പുറത്തുവന്ന കടന്നലുകൾ അദ്ദേഹത്തെ ശരീരമാസകലം പൊതിഞ്ഞു കുത്തി! സാമൂരി കുത്തും എന്നും കോലത്തിരി കത്തുകയില്ല എന്നും അങ്ങനെ പഠിഞ്ഞു. സാമൂതിരിയുടെ പുകഴ്ച പാടുന്ന ഈ കഥ കുഞ്ഞായിൻ മുസ്ല്യാരുടെ ബുദ്ധിസാമർത്ഥ്യത്തിന്റെ ഉദാഹരണമായി ഈ ഫലിതപാരമ്പര്യത്തിൽ കിടപ്പുണ്ടു്—ഇവിടെ സംഗതി തലതിരിഞ്ഞു കിടക്കുന്നു. സാമൂതിരി ആദ്യം കോട്ടയം തമ്പുരാനു് വെടിമരുന്നുപെട്ടി കൊടുത്തയയ്ക്കുകയാണു്. അവിടത്തെ പ്രധാന കാര്യക്കാരനായ നെട്ടൂർ രൈരുഗുരുക്കളുടെ സുഹൃത്തായിരുന്ന കുഞ്ഞായിൻ മുസ്ല്യാരാണു് അതു വെള്ളത്തിൽ മുക്കുവാൻ ഉപദേശിക്കുന്നതു്. തിരിച്ചു കടന്നൽക്കൂടു് അടങ്ങുന്ന സമ്മാനപ്പെട്ടി തയ്യാറാക്കുന്നതും മുസ്ല്യാർ തന്നെ. ആ സംഭവത്തിൽ തോറ്റതോടെയാണു് സാമൂതിരി കുഞ്ഞായിൻ എന്ന ബുദ്ധിമാനെപ്പറ്റി കേൾക്കാൻ ഇടവന്നതു്. അങ്ങനെ തന്റെ സദസ്സിലേക്കു ക്ഷണിച്ചുവരുത്തിയത്രെ!
കുഞ്ഞായിൻ മുസ്ല്യാരെപ്പറ്റി നടപ്പുള്ള തമാശകളെല്ലാംതന്നെ അദ്ദേഹം പറഞ്ഞതോ കാണിച്ചതോ ആയിക്കൊള്ളണമെന്നില്ല എന്നാണു് ഞാൻ പറഞ്ഞുവരുന്നതു്. മലബാറിൽ പ്രചാരത്തിലിരുന്ന നാടൻഫലിതങ്ങളും കഥകളുംകൂടി അദ്ദേഹത്തെപ്പറ്റിയുള്ള കഥാസഞ്ചയത്തിൽ കലർന്നുപോയതായിരിക്കണം. ഈ വഴിക്കാവണം, അദ്ദേഹം സാമൂതിരിയുടെ സദസ്യനായിരുന്നു എന്നൊരു സങ്കല്പം രൂപംകൊണ്ടതു്. കഥകളിൽ മന്ത്രിമാരും രാജാവും രാജപത്നിയും മന്ത്രിപത്നിയും ഒക്കെ തോല്ക്കുന്നുണ്ടു്. അപ്പോൾ പിന്നെ അതു മലബാറിലെ പ്രബലനായ രാജാവായിരുന്ന സാമൂതിരിപ്പാടുതന്നെ എന്നു സങ്കല്പിക്കുകയാണു് ഒരു കൂട്ടായ്മയ്ക്കു സ്വാഭാവികം.
ചുരുക്കത്തിൽ കുഞ്ഞായിൻ മുസ്ല്യാരെപ്പറ്റി കാലാകാലമായി പകർന്നു പോരുന്ന ചിരിക്കഥകളിൽ മിത്തും യാഥാർത്ഥ്യവും ഇടകലരുന്നുണ്ടു്: അദ്ദേഹം സാമൂതിരിപ്പാടിന്റെ കൊട്ടാരവിദൂഷകനായിരുന്നു, മങ്ങാട്ടച്ചന്റെ പ്രിയസുഹൃത്തും പ്രതിയോഗിയും ആയിരുന്നു തുടങ്ങിയ ഭാഗങ്ങളെല്ലാം സാമൂഹ്യബോധത്തിന്റെ സൃഷ്ടിയാവാം. തലശ്ശേരിയിൽ ജനിക്കുകയും പഠിച്ചു പണ്ഡിതനായി സമൂഹത്തെ സേവിക്കുകയും മാപ്പിളപ്പാട്ടുകൃതികൾ രചിക്കുകയും തലശ്ശേരിയിൽതന്നെ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന കുഞ്ഞായിൻ മുസ്ല്യാർ. തീർച്ചയായും ഒരു ചരിത്രയാർഥ്യമാണു്.
ഈ ‘സാമൂതിരിബന്ധ’ത്തിന്റെ മിത്ത് രൂപംകൊള്ളുന്നതിനു പിറകിൽ പ്രവർത്തിച്ചതു് ആ രാജവംശത്തോടു മലബാറിലെ മുസ്ലിംകൾക്കുണ്ടായിരുന്ന ആദരവും സ്നേഹവും തന്നെയാവാം. ആ സഹവർത്തിത്വത്തിൽ മുസ്ലിയാർ അനുഭവിച്ചതായി നാം കാണുന്ന സ്വാതന്ത്ര്യവും അദ്ദേഹം നേടുന്ന ആദരവും അദ്ദേഹത്തോടു രാജാവടക്കമുള്ളവർ കാണിക്കുന്ന സ്നേഹവും എല്ലാം ആ ഗാഢബന്ധത്തിന്റെ സൂചനകളാകുന്നു. മലബാറിലെ സാമുദായികൈക്യത്തിന്റെ ഒരു മുദ്ര കുഞ്ഞായിൻകഥകളിൽ വായിച്ചെടുക്കാം എന്നർത്ഥം.
മലബാറിൽ പല കാലത്തായി പറഞ്ഞുവന്ന കഥകളുടെ ‘മാപ്പിളപ്പതിപ്പു്’ മാത്രമല്ല ഈ ഹാസ്യപാരമ്പര്യം. തീർച്ചയായും അവയിൽ മലബാറിലെ മുസ്ലിം സാമൂഹ്യതയ്ക്കു മാത്രം രൂപംകൊടുക്കാൻ കഴിയുന്ന അനവധി ‘ബഡായി’കളുണ്ടു് മതപാഠശാലകളുമായും മുസ്ലിം കുടുംബജീവിതവുമായും ബന്ധപ്പെട്ട കഥകൾ ഉദാഹരണം. മുകളിൽ വിശദീകരിച്ച ‘ഒസ്സാൻകഥ’ തന്നെ മാതൃക.
മാപ്പിളമാർക്കിടയിൽ ഈ തരത്തിൽ ഒരു കഥാപാത്രം രൂപം കൊണ്ടതിനും ഏറെക്കാലമായി, സജീവമായി ആ പാത്രം നിലനിന്നുപോന്നതിനും പിന്നിൽ സാംസ്കാരികമായ മറ്റൊരു ധാരകൂടി ഉണ്ടെന്നു ഞാൻ വിചാരിക്കുന്നു: അറബിനാടുകളിലും മറ്റും മുസ്ലിം സമൂഹങ്ങളിലും നൂറ്റാണ്ടുകളായി ജീവിക്കുന്ന ഒരു ഐതിഹ്യകഥാപാത്രമാണു് മുല്ലാ നാസറുദ്ദിൻ. മാപ്പിള ജീവിതത്തിൽ മുല്ലാ നാസറുദ്ദിനെ നേരിട്ടു നാം കാണുന്നില്ല!
അഞ്ഞൂറോളം കഥകളിൽ പ്രത്യക്ഷപ്പെടുന്ന നാസറുദ്ദീൻ ചരിത്രപുരുഷനാണോ സങ്കല്പകഥാപാത്രമാണോ എന്നതു് ഇനിയും തീർച്ചയായിട്ടില്ല. നാസറുദ്ദീന്റെ “നാട്ടുകാരായ” തുർക്കികൾ പറയാറുള്ള രണ്ടു കൂട്ടം നാസറുദ്ദീൻകഥകളിൽ രണ്ടു കാലഘട്ടങ്ങൾ പരാമർശിക്കപ്പെടുന്നുണ്ടു്. ക്രി. വ. 1284-ൽ നിര്യാതനായ സൽജഗ് സുൽത്താൻ അലാവുദ്ദീൻ രണ്ടാമന്റെ കാലത്തു് ഹോജാ നാസറുദ്ദീൻ എന്നു ഒന്നാമത്തെ കൂട്ടം കഥകളിൽ കാണുന്നു. രണ്ടാമത്തേതിലാകട്ടെ ക്രി. വ. 1405-ൽ നിര്യാതനായ തിമൂറിന്റെ സമകാലികനായി നാസറുദ്ദിൻ വിവരിക്കപ്പെടുന്നുണ്ടു്.
‘സാരോപദേശി എന്ന അർത്ഥത്തിലുള്ള ‘ഹോജ’ എന്ന പേരിലാണു് നാസറുദ്ദിൻ അത്തരം കഥകളിൽ പ്രത്യക്ഷപ്പെടുന്നതു്. ‘മുല്ല’ എന്ന അറബിപദം പണ്ഡിതൻ, വിധികർത്താവു് എന്നീ അർത്ഥത്തിലാണു് തുർക്കികൾ ഉപയോഗിക്കാറുള്ളതു്. പല കഥകളിലും നാസറുദ്ദീൻ പണ്ഡിതന്റെയും ന്യായാധിപന്റെയും വേഷം അണിയുന്നതുകൊണ്ടാകാം ആ പേരു വന്നതു്. നാസറുദ്ദീൻ ഇംഗ്ലീഷിൽ പൊതുവെ ‘മുല്ല’ എന്നറിയപ്പെടുന്നു.
മുല്ല ഇന്നൊരു സാർവലൗകിക കഥാപാത്രമാണു്: കൂഫയിലെ ഐതിഹ്യകഥാപാത്രമായ ജൂഹ എന്ന തമാശക്കാരനുമായി ബന്ധപ്പെടുത്തി പറഞ്ഞുവരുന്ന കഥകൾ നാസറുദ്ദീൻ കഥകൾതന്നെ. അറബിനാടുകളിൽ ജുഹ, ഹോജ എന്നീ പേരുകളിൽ മുല്ല അറിയപ്പെടുന്നു നാസറുദ്ദീൻ കഥ പറച്ചിലുകാരനായിരുന്നു എന്നും അദ്ദേഹം പറഞ്ഞ തമാശക്കഥകളിൽ പില്ക്കാലത്തു് കഥാകാരൻതന്നെ കഥാപാത്രമായിപ്പോവുകയാണു് ഉണ്ടായതെന്നും അറബികൾ പറയാറുണ്ടു്. തുർക്കിയിലെ ‘ആഖ്സഹീർ’ എന്ന പട്ടണത്തിൽ നാസറുദ്ദിന്റെ ശവകുടീരമുണ്ടെന്നു് അറബികൾ വിശ്വസിക്കുന്നു. മധ്യേഷ്യൻ നാടോടിക്കഥകളിലെ തമാശക്കാരനായ മുശ്ഫിഖിയും അഫന്തിയും നാസറുദ്ദീൻതന്നെ. ചൈനയിലെ അവാന്തിയും മറ്റാരുമല്ല അമേരിക്കയിലും റഷ്യയിലും ബ്രിട്ടനിലും ഇറാനിലും എല്ലാം നാസറുദ്ദീൻ എത്തിപ്പെട്ടിട്ടുണ്ടു്. അവിടങ്ങളിലൊക്കെ നാടോടിക്കഥകളായി മാത്രമല്ല, പുസ്തകരൂപത്തിലുള്ള സമാഹാരങ്ങളായും ഈ കഥകൾ പ്രചരിക്കുന്നു. റഷ്യയിലും ചൈനയിലും നാസറുദ്ദീൻകഥകൾ ചലച്ചിത്രമാവുകയുണ്ടായി—വർഗബോധമുളള ഒരു തൊഴിലാളിയായിട്ടാണു് ആ നാടുകളിൽ മുല്ല അവതരിപ്പിക്കപ്പെട്ടതു്. പണ്ടു കാലത്തെന്നപോലെ ഇന്നും മുല്ല ജീവിക്കുന്നുവെന്നർത്ഥം.
മുല്ലാ നാസറുദ്ദീന്റെ ‘മലയാളപ്പതിപ്പു്’ ആയിരിക്കുമോ, കുഞ്ഞായിൻ മുസ്ല്യാർ? അങ്ങനെ വിചാരിക്കാൻ ധാരാളം യുക്തിയുണ്ടു്: ഏതാണ്ടു് ഒരേ അർത്ഥത്തിലുള്ള മുല്ല, മുസ്ല്യാർ എന്നീ പേരുകളിൽതന്നെ ആ ബന്ധം ആരംഭിക്കുന്നു. രണ്ടു പാരമ്പര്യങ്ങളിലും പറഞ്ഞുവരുന്ന കഥകൾ അധികവും ഒന്നുതന്നെയാണു് വസ്ത്രം അഴിച്ചു പാത്രത്തിൽ സൂക്ഷിച്ചു് മഴയിൽ നനയാതെ രക്ഷപ്പെടുന്നതിലും അഹങ്കാരികളായ പണ്ഡിതന്മാരെ നാടൻ യുക്തികൊണ്ടു് തറപറ്റിക്കുന്നതിലും മുട്ടയിട്ടു് തോല്പിക്കുവാൻ വരുന്ന കൂട്ടുകാരെ പൂവനായിനിന്നു് കൂവി ഇളിഭ്യരാകുന്നതിലും കൃഷിയിൽ പങ്കു് ചേരാൻ വരുന്നവനെ സൂത്രംകൊണ്ടു തോല്പിക്കുന്നതിലും എല്ലാം മുല്ലയും മുസ്ല്യാരും ഒരേ തരത്തിൽ പ്രത്യക്ഷപ്പെടുന്നു. ഇരുവരും രാജാക്കന്മാരുടെ ആശ്രിതരാണു്, വിഡ്ഢിവേഷം കെട്ടി മറ്റുള്ളവരെ കുരങ്ങുകളിപ്പിക്കുന്നതിൽ മിടുക്കരുമാണു് ഇരുവരും സ്വന്തം ഭാര്യമാരോടു മാത്രമേ തോല്ക്കുന്നുള്ളു.
ഏറ്റവും പ്രധാനപ്പെട്ട വസ്തുത: കുഞ്ഞായിൻ കഥകളിൽ പ്രമുഖമായവയെല്ലാം നാസറുദ്ദീൻകഥകളായി അന്യനാടുകളിൽ പ്രചാരത്തിലുണ്ടു്. കുഞ്ഞായിൻ മുസ്ല്യാർ എന്ന ‘ഐതിഹ്യകഥാപാത്രം’ കൂടുതൽ കടപ്പെട്ടിരിക്കുന്നതു് മുല്ലയോടുതന്നെ.
മുസ്ല്യാർ സാമൂതിരിപ്പാടിന്റെ സദസ്യനായിരുന്ന എന്ന ധാരണ വെറുമൊരു മിത്ത് മാത്രമാണു് എന്നു വന്നാലെന്തു് ? ഒന്നുമില്ല ആ കഥകളുടെ ആസ്വാദനത്തെയോ പ്രസക്തിയെയോ പ്രചാരത്തെയോ അതു ബാധിക്കുകയില്ല; ബാധിക്കേണ്ട കാര്യമില്ല. അതു ചരിത്രമാണു് എന്ന വിചാരം ഒഴിവാക്കാം എന്നുമാത്രം ഇനി, കുഞ്ഞായിൻ കഥാപാരമ്പര്യം നാസറുദ്ദീന്റെ ‘മലയാളപ്പതിപ്പു്’ ആണു് എന്നു വന്നാലോ? അപ്പോഴും വ്യത്യാസമൊന്നുമില്ല. ആ ചിരിയുടെ തെളിച്ചം അതുകൊണ്ടു കൂടുകയോ കുറയുകയോ ഇല്ല. ലോകവ്യാപകമായ കഥാശൃംഖലയുടെ ഭാഗമാണതു് എന്നു മനസ്സിലാക്കാം എന്നു മാത്രം.
കേരളത്തിലെ മുസ്ലിംജീവിതത്തിന്റെ പ്രസാദാത്മകതയും നർമബോധവും കുഞ്ഞായിൻ മുസ്ല്യാർ ഉദാഹരിക്കുന്നു. ജാതിയുടെയും മതത്തിന്റെയും അധികാരത്തിന്റെയും സീമകളെ അതിലംഘിച്ചു് അദ്ദേഹത്തിന്റെ സ്നേഹവും സാമർത്ഥ്യവും ചിരിയും കടന്നുചെല്ലുന്ന സ്വന്തം സമുദായത്തിലെ വൈകൃതങ്ങളെ പരിഹാസത്തിലൂടെ ചികിത്സിക്കുവാൻ അദ്ദേഹം പ്രാപ്തനായിത്തീരുന്നു; മതപണ്ഡിതന്മാരെയും പണക്കാരെയും കളിയാക്കാനുള്ള സമുദായത്തിന്റെ ഇച്ഛ കുഞ്ഞായിനിലൂടെ ആവിഷ്കാരം നേടുന്നു.
കുഞ്ഞായിൻ മുസ്ല്യാർ ചിരിച്ചു് തോല്പിക്കുന്നു.
മാതൃഭൂമി റംസാൻ സപ്ലിമെന്റ്: 2 മാർച്ച് 1995.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.