ഹിമാലയം കാണുക, ആ കൂറ്റന്റെ മുന്നിൽ ചെന്നു് കൈയും കെട്ടി നിന്നു് അവനെയൊന്നു നോക്കിക്കാണുക— കുഞ്ഞുണ്ണി യുടെ ജീവിതാഭിലാഷമായിരുന്നു അതു്! ജീവിതസായാഹ്നത്തിൽ അദ്ദേഹം അതു് സാധിക്കുകയും ചെയ്തു.
എണ്ണായിരം മീറ്റർ ഉയരമുളള പർവ്വതശൃംഗം മുന്നിൽ കൈയും കെട്ടി നോക്കിനിൽക്കുന്ന കുഞ്ഞുമനുഷ്യന്റെ ഉയരം ഒന്നര മീറ്റർ! പർവ്വതം ഗംഭീരമായിത്തന്നെ ഈ കുഞ്ഞുകവിയെ നോക്കുന്നു. കവി തന്റെ കുഞ്ഞിക്കണ്ണു് ചിമ്മാതെ ആ വലിപ്പത്തിലേക്കു് നോക്കി നിൽക്കുകയാണു്. ഹിമാലയവും കുഞ്ഞുണ്ണിയും! ആർക്കും നുണഞ്ഞു രസിക്കാൻ പറ്റിയ ദൃശ്യം!
കുഞ്ഞുണ്ണിയുടെ മികച്ച കവിതകളിലെന്നപോലെ ഈ ദൃശ്യത്തിലും ഇത്തിരി ദർശനവും ഇത്തിരി നേരംപോക്കും ഒത്തുചേരുന്നു.
വളരെ വലിയ പ്രപഞ്ചവും വളരെച്ചെറിയ താനും—ഇതാണു് കുഞ്ഞുണ്ണിയുടെ എല്ലാ അത്ഭുതത്തിന്റെയും അടിയിൽ കിടക്കുന്ന യാഥാർത്ഥ്യം.

സ്വന്തം രൂപത്തിലും, പേരിൽപോലും, പതിഞ്ഞുകിടക്കുന്ന ഈ ‘ചെറുപ്പം’ കുഞ്ഞുണ്ണിക്കവിയുടെ പ്രമേയമാകുന്നു. വാർദ്ധക്യം വന്നുഭവിച്ചിട്ടും ചെറുതാകാത്ത ചെറുപ്പവുമായി നടക്കുന്ന ഈ കവിയെ ഹിമാലയത്തിന്റെ മാത്രമല്ല, എന്തിന്റേയും വലിപ്പം എപ്പോഴും ആകർഷിക്കുന്നു. ആകാശം, സമുദ്രം, പർവ്വതം, ആന തുടങ്ങി വലിപ്പമുള്ള രൂപങ്ങൾ അദ്ദേഹത്തിന്റെ കുഞ്ഞിക്കവിതയിൽ എവിടെയും സ്ഥലം പിടിക്കുന്നു. പൂച്ച, എലി, ഉറുമ്പു്, ഈച്ച, കൊതുകു്, കുന്നിക്കുരു തുടങ്ങിയ ചെറിയ രൂപങ്ങളെ ഈ കവി, ഒരു കൊച്ചുകുട്ടി ബലൂൺ എന്നപോലെ, കൗതുകപൂർവ്വം ഊതിവീർപ്പിക്കുന്നു. ഈ കൊച്ചുപ്രപഞ്ചത്തിൽ ആന കൊതുകിന്റെ പിന്നിൽ നടക്കുന്നു; ഈച്ച മേലേ പോകുന്നു, ആന താഴേ പോകുന്നു. വലുതിനെ ചെറുതാക്കുവാനും ചെറുതിനെ വലുതാക്കുവാനും കവി താൽപര്യം കാണിക്കുന്നു:
കുഞ്ഞിയുറുമ്പുണ്ടൊരാനത്തലയോള
മാനത്തലയപ്പോളെത്രത്തോളം
ആനത്തലയൊരു കുന്നോളം
എന്നാകിലാനയോ
ആനയിബ്ഭൂമിയോളം
ആനയിബ്ഭൂമിയോളം പോരുമെന്നാകിൽ
ഭൂമിയോ
ഭൂമിയക്കുഞ്ഞിയുറുമ്പിന്റെ കണ്ണിനോളം
ഉറുമ്പുപാടും പാട്ടിലുണ്ടൊരു
കുറുമ്പനാന പറക്കുന്നു
വലിയൊരു പൂച്ചയാണു നരി
ചെറിയൊരു നരിയാണു പൂച്ച
ഇതുപോലുള്ള അനേകം വരികളിൽ ഈ വലിപ്പച്ചെറുപ്പത്തിന്റെ കീഴ്മേൽമറിയൽ കാണാം. ‘വലുതും ചെറുതും’ എന്ന കവിതയിൽ ഈ വ്യത്യാസത്തിന്റെ വ്യത്യാസം കവി എടുത്തു കാട്ടുന്നുണ്ടു്:
എത്തറ ചെറിയൊരുറുമ്പു്—അവ
നെത്തറ വലിയ കുറുമ്പു്
എത്തറ പെരിയവനേയും—അവ
നിത്തിരി വേദനയാക്കും
എത്തറ വലിയൊരു കൊമ്പൻ—അവ
നിത്തിരിയില്ലൊരു വമ്പു്
എത്തറ ചെറിയവനേയും—അവ
നേറ്റിക്കൊണ്ടു നടക്കും.
ഈ വലിപ്പച്ചെറുപ്പങ്ങളെ മാറ്റിവെച്ചു കളിക്കുവാൻ കുഞ്ഞുണ്ണി ഇഷ്ടപ്പെടുന്നു:
രാവിലെയെഴുന്നേറ്റു നോക്കിയപ്പോൾ
ഭൂമിയുണ്ടു് ഒരു ചെറുനാരങ്ങയോളമായിരിക്കുന്നു
ഉറുമ്പിൻതലയാനയ്ക്കു
മാനത്തലയുറുമ്പിനും
മാറ്റിവെച്ചു കൊടുത്തീടിൽ
മലയാളം മനോഹരം
തന്റെ ചെറുപ്പത്തെ സംബന്ധിച്ച ഈ ധാരണ കവിയിൽ അപകർഷതാബോധമായി മാറുന്നില്ല. പകരം വലിപ്പവും ചെറുപ്പവും ഒന്നിച്ചുവെച്ചു് അദ്ദേഹം രസിക്കുന്നു. “ആറടി ഉയരമുള്ള ഭർത്താവു്, മൂന്നടി ഉയരമുള്ള ഭാര്യ—ഇരുവരും നിറഞ്ഞ റോഡിൽക്കൂടി കൈകോർത്തുല്ലസിച്ചുലാത്തുന്ന” കഥ (അന്യോന്യം രക്ഷിച്ചു—കുറ്റിപ്പെൻസിൽ) പറഞ്ഞതു് ഈ കവിയാണല്ലോ. “ആനയും ഉറുമ്പും അന്യോന്യം കൈകോർത്തുപിടിച്ചു തമാശയും പറഞ്ഞു നടന്നുപോകുന്ന” കഥ (പേടിക്കാനില്ല—കുറ്റിപ്പെൻസിൽ) പറഞ്ഞതും ഇദ്ദേഹം തന്നെ. വലിയവനായ ഈശ്വരൻ ചെറിയ കുട്ടികളോടൊപ്പം ഗോട്ടി കളിക്കാനാഗ്രഹിച്ചിട്ടു് അതു നടക്കാതെ പോയതിന്റെ കഥ (ഈശ്വരന്റെ മോഹം—കുറ്റിപ്പെൻസിൽ) യും കുഞ്ഞുണ്ണി എഴുതിയിട്ടുണ്ടു്. അദ്ദേഹത്തിന്റെ സൃഷ്ടിയായ കുന്നിക്കുരു കുന്നിൻമുകളിൽ കയറിനിന്നു് കുന്നിനോടു പറയുകയാണു്:
“ഞാൻ നിന്നെക്കാൾ പൊക്കമുള്ളവാനാണു്.”
വലിപ്പവും ചെറുപ്പവും പോലുള്ള വൈരുദ്ധ്യങ്ങൾ എളുപ്പം കുഞ്ഞുണ്ണിയുടെ കണ്ണിൽപെടും. കുഞ്ഞുണ്ണിയുടെ ജീവിതവും കവിതയും സൂക്ഷിച്ചുനോക്കിയാൽ വൈരുദ്ധ്യങ്ങളുടെ ഒരു പരമ്പര തന്നെ കണ്ടെത്താനാവും:
വൈദ്യകുടുംബത്തിൽ പിറന്നു്, വൈദ്യനാകാൻ പഠിച്ചു്, വൈദ്യനാകാതെപോയതിൽ ദുഃഖിക്കുന്ന കവിയാണു് കുഞ്ഞുണ്ണി.
കുട്ടികളെ സ്നേഹിക്കുകയും അവരുടെ കവിയായിത്തീരുകയും ചെയ്യുന്ന കുഞ്ഞുണ്ണിക്കു് സ്വന്തം ജീവിതത്തിൽ കുട്ടികൾ വേണമെന്നു തോന്നിയില്ല.
സ്വന്തം ശരീരം ദുർബ്ബലമാണെങ്കിലും കരുത്തിനെ പൂജിക്കുന്ന കവിയാണദ്ദേഹം. ഹനുമാനാണു് ഇഷ്ടമൂർത്തി.
ജീവിതത്തിൽ “രക്ഷാകർത്തൃത്വത്തെ ക്ഷണിച്ചു വരുത്തുന്ന നിസ്സഹായത”യുള്ള ആളാണെങ്കിലും കവിതയിൽ അദ്ദേഹം അഹങ്കാരത്തോളമെത്തുന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
നിലാവിനെ ഇഷ്ടപ്പെടുന്ന ഈ കവിക്കു് അതേയളവിൽ ഇരുട്ടും ഇഷ്ടമാണു്. മുറിയിലിരിക്കെ കറണ്ടു് പോയാൽ അദ്ദേഹം മെഴുകുതിരി കത്തിക്കാറില്ലത്രെ.
തീരെ സംഗീതാഭിമുഖ്യമില്ലാത്ത കുഞ്ഞുണ്ണി നാടൻപാട്ടുകളും സ്വന്തം കവിതകളും പാടി നടക്കുന്നു: ‘പാട്ടൊന്നും പാടാത്ത പാണനാരെ’പ്പറ്റി കവിതയെഴുതുന്നു.
ഉറുമ്പും ആനയും, പൂച്ചയും എലിയും, കുന്നും കുന്നിക്കുരുവും അദ്ദേഹത്തിന്റെ കവിതയിൽ തുല്യപ്രാധാന്യത്തോടെ കടന്നുവരുന്നു.
കുട്ടിക്കാലത്തേ കുഞ്ഞുണ്ണി വയസ്സനാണു്; വയസ്സുകാലത്തും അദ്ദേഹം കുട്ടിയാണു്.
തീരെ വർണ്ണപ്പകിട്ടില്ലാത്തതാണു് കുഞ്ഞുണ്ണിയുടെ ലോകം: ലളിതമായ വെള്ളവസ്ത്രം, ആർഭാടങ്ങളൊന്നുമില്ലാത്ത ജീവിതം. അദ്ദേഹത്തിന്റെ കാവ്യലോകത്തിനും വർണ്ണഭംഗിയില്ല—എല്ലാം വെളുപ്പിലും കറുപ്പിലും ചിത്രീകരിച്ച ലളിതരംഗങ്ങൾ മാത്രം. പക്ഷേ, ഈ കവി ചിത്രം വരയ്ക്കുമ്പോൾ വർണ്ണങ്ങൾ സുലഭമായി ഉപയോഗിക്കുന്നു.
സർവ്വോപരി, ലോകത്തിന്റെ വലിപ്പവും തന്റെ കോലത്തിന്റെ ചെറുപ്പവും.
ഇത്തരം നിരവധി വൈരുദ്ധ്യങ്ങളിൽനിന്നു് ഉറന്നുവരുന്നതാണു് കുഞ്ഞുണ്ണിയുടെ ജീവിതവീക്ഷണം. അതുകൊണ്ടാവാം, ഈ കവിതകളുടെ മുദ്ര തന്നെ വിരുദ്ധോക്തിയായതു്:
എന്നെപ്പെറ്റതു ഞാൻ തന്നെ
ഞാനുണർന്നപ്പോളെന്നെക്കണ്ടില്ല
ഭാഗ്യം ഭാഗ്യം…
കഷ്ടം!
ഞാനമ്മയുടെ വയറ്റിൽനിന്നു്
പിറന്നുവീണതു്
എന്റെ വയറ്റിലേക്കാണല്ലോ
ഇക്കൂട്ടത്തിൽ കുഞ്ഞുണ്ണിയുടെ ഏതാണ്ടു് എല്ലാ വരികളും ചേർക്കാവുന്ന മട്ടിൽ അത്ര സാധാരണമാണു് ഈ സവിശേഷത. തനിക്കും തന്റെ കവിതയ്ക്കും അലങ്കാരം അലങ്കോലമാണെന്നു കുഞ്ഞുണ്ണി പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം വിരോധാഭാസം സുലഭമായി പ്രയോഗിച്ചിട്ടുണ്ടു്. ഉദാഹരണം ആവശ്യമില്ലാത്തത്ര സുവ്യക്തമാണു് ഈ സത്യം.
വിരുദ്ധോക്തിയുടെ കല ആവിഷ്ക്കരിക്കുന്ന കടംകഥയിലും പഴഞ്ചൊല്ലിലും നാടൻപാട്ടിലും ഈ കവി ഏതു പ്രായത്തിലും രമിക്കുന്നു. പദപരവും അർത്ഥപരവുമായ വിരുദ്ധോക്തിയിൽ നിന്നു് ജനിക്കുന്ന അസംബന്ധതയിൽ അദ്ദേഹത്തിനു് എന്നും കൗതുകമുണ്ടു്. ഈ കവിതകളിലെ അസംബന്ധതയുടെ വേരു് നമ്മുടെ നാടൻ വാങ്മയത്തിൽത്തന്നെ:
തുമ്പേലരിമ്പേലൊരീരമ്പൻതുമ്പ
തുമ്പകൊണ്ടമ്പതു് തോണി ചമച്ചു
തോണീടെ കൊമ്പത്തൊരാലു മുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു
തുടങ്ങിയ നാടൻപാട്ടുകൾ കുഞ്ഞുണ്ണിയുടെ അസംബന്ധതയുടെ തറവാട്ടിലേക്കുള്ള നടപ്പാതകളാണല്ലോ. ഇത്തരം അസംബന്ധത കുട്ടികൾക്കെന്നപോലെ, കവിക്കു് സ്വാഭാവികസത്യമായിത്തോന്നുന്നു. കുഞ്ഞുണ്ണി എഴുതി:
കുട്ടന്റെ കുപ്പായക്കീശയിൽ രണ്ടാന-
ക്കുട്ടികളുണ്ടു കിടന്നിടുന്നു
കൊമ്പുകളില്ലല്ലോ തുമ്പിക്കൈയില്ലല്ലോ
പിമ്പുറത്തില്ലല്ലോ നീണ്ട വാലും
ആകാശംമുട്ടുന്ന പൊക്കമുണ്ടെങ്കിലു-
മാകൃതിയില്ല വികൃതിയുണ്ടേ
കാട്ടിൽനിന്നല്ലത്രേ കിട്ടിയിവയെ, ര-
ണ്ടോട്ടക്കലങ്ങളിൽനിന്നാണത്രെ
കുട്ടനുരച്ചതാണിക്കാര്യമത്രയും
കുട്ടിയാണല്ലോ കളവാവില്ല
ഈ കവിതയുടെ പേരു് തന്നെ ‘കളവാവില്ല’ എന്നാണു്. (പതിനഞ്ചും പതിനഞ്ചും). ഈ വിരുദ്ധോക്തികളും അവ സൃഷ്ടിക്കുന്ന അസംബന്ധതകളുമെല്ലാം കവിയെ സംബന്ധിച്ചു് സത്യകഥനങ്ങളാണെന്നർത്ഥം.
വിരുദ്ധോക്തിയുടെയും അസംബന്ധതയുടെയും കൂടെ ചേർത്തുവെച്ചു ആലോചിക്കേണ്ടതാണു് ചിരിയുടെ കാര്യം: അവ മൂന്നും തമ്മിൽ പല നിലയ്കും ബന്ധമുണ്ടു്.
വൈരുദ്ധ്യങ്ങൾ യുക്തിരഹിതമായി കൂടിക്കുഴയുമ്പോഴാണു് അസംബന്ധതയുണ്ടാകുന്നതു്. അതു് ആ നിലയ്ക്കു തന്നെ നമ്മെ ചിരിപ്പിച്ചേക്കാം.
പ്രതിഭയോ, ബുദ്ധിയോ, യുക്തിയോ, ഫലിതബോധമോ വൈരുദ്ധ്യങ്ങളെ ഒന്നിപ്പിക്കുമ്പോഴും നാം ചിരിച്ചു പോകുന്നു. ഈ ചിരി, മറ്റൊരു വഴിക്കു്, ആ സാഹചര്യത്തിലെ അസംബന്ധത കണ്ടുകിട്ടിയതിന്റെ ഫലമാണു്. ജീവിതത്തിലും സാഹിത്യത്തിലും സാധാരണയായി കണ്ടുവരുന്ന ചിരിയും ഇതാണു്.
ചിരി മിക്കപ്പോഴും വിരുദ്ധോക്തിയുടെ ഫലമാണു് എന്നു ചുരുക്കം. ഏതു വഴിക്കു നടക്കുമ്പോഴും വിരുദ്ധോക്തിയുടെ കല ആവിഷ്ക്കരിക്കുന്ന കുഞ്ഞുണ്ണിക്കവിത സ്വാഭാവികമായും ഒരു ചിരിക്കുടുക്കയായിത്തീരുന്നു. നേരത്തേ വിശദീകരിച്ചതുപോലെ, വൈരുദ്ധ്യങ്ങളിൽ നിന്നു് ഉറന്നുവരുന്ന ഒരു ജീവിതവീക്ഷണത്തിനു് സാദ്ധ്യമാകേണ്ട ആദ്യത്തെ കാര്യവും ചിരി തന്നെ.
വിരുദ്ധോക്തികളിലെന്നപോലെ വിരുദ്ധദ്വന്ദ്വങ്ങളെ സമന്വയിപ്പിക്കുന്നതിലും അദ്ദേഹം കാണിക്കുന്ന തന്നിഷ്ടം ചിലപ്പോൾ നമ്മുടെ കണ്ണഞ്ചിപ്പിച്ചുകളയും. വെളുപ്പും കറുപ്പും, ഒളിയും ഇരുളും വിരുദ്ധമാണെന്നുപോലും ചിലപ്പോൾ കവി അംഗീകരിച്ചുതരില്ല:
ഇരുളിന്നൊളിക്കുവാൻ
വെളിച്ചമൊന്നാന്തരം
വിശ്വാസം വെളിച്ചമാ
ണിരുട്ടുമതുതന്നെ
മാത്രമോ:
ഇരുട്ടുരുട്ടിയെടുത്തു് വെട്ടത്തിട്ടു്
വെട്ടമുരുട്ടിയെടുത്തിരുട്ടത്തിട്ടു്
ഇരുട്ടും വെട്ടവും കൂട്ടിയുരുട്ടിയെടുത്തട്ടത്തിട്ടു്
അദ്ദേഹം തട്ടിക്കളിക്കുന്നു. വാക്കുകൊണ്ടും പ്രതീകംകൊണ്ടും വിരുദ്ധദ്വന്ദ്വങ്ങളെക്കൊണ്ടും അദ്ദേഹം കളിക്കുന്നു. ഗുളികയുരുട്ടി ശീലിച്ച ആ വിരലുകൾ വാക്കുരുട്ടുമ്പോൾ ഒറ്റമൂലികൾ ഉരുവം കൊള്ളുന്നു.
‘എനിക്കു് പൊക്കം കുറവാണു്’ എന്ന ബോധം കവിയെ ഭരിക്കുന്നു. ലോകം മറിച്ചിട്ടു കോലമാക്കാമെന്നും കോലം മറിച്ചിട്ടു ലോകമാക്കാമെന്നും പൊക്കമില്ലായ്മയാണു് തന്റെ പൊക്കമെന്നും കവി അറിയുന്നു. അതുകൊണ്ടു് പൊക്കക്കാരുടെ പൊയ്ക്കാലിനെ പരിഹസിക്കുവാൻ അദ്ദേഹം ശക്തനായിത്തീരുന്നു. തന്നെക്കാൾ വലിയ മനുഷ്യരുടെ പൊങ്ങച്ചങ്ങൾ ചൂണ്ടിക്കാട്ടി കവി അവരെ ‘കൊച്ചാ’ക്കുന്നു. വാക്കുപയോഗിക്കുന്നതിൽ പിശുക്കനായിട്ടും വലിയ, ചെറിയ എന്നീ പദങ്ങൾ അദ്ദേഹം സ്വയമറിയാതെ ആവർത്തിച്ചു പോകുന്നു.
വലിയ കവിതകളെഴുതാൻ വിസമ്മതിച്ച ഈ കവിയുടെ ഉള്ളിൽ തന്നെപ്പോലെ തന്റെ കവിതയുടെയും “ആകാരം ഹ്രസ്വ”മാവണം എന്നുണ്ടായിരിക്കാം. “വലിയ ലോകം നന്നാക്കാൻ ചെറിയ സൂത്രം ചൊല്ലി” നടക്കുന്ന അദ്ദേഹത്തിന്റെ വരികൾ സൂത്രപ്രായമായതു സ്വാഭാവികം മാത്രം.
ഈ ചെറിയ മനുഷ്യന്റെ ‘വലിയ’ ലോകം പൊയ്മുഖങ്ങൾക്കും പൊയ്ക്കാലുകൾക്കും ഇടയിൽ തളിരായും പൊരുളായും വർത്തിക്കുന്നു.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.