കോഴിക്കോട്ടെ ‘അന്വേഷി’യുടെ പ്രസിദ്ധീകരണമായ ‘സംഘടിത’യുടെ സപ്തംബർ (2011) ലക്കം വലിയ കൗതുകത്തോടെയാണു് ഞാൻ വായിച്ചു തീർത്തതു്. ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന പ്രത്യേക ലക്കമാണതു്. ഏതെങ്കിലും മാസിക ഇത്തരമൊരാവശ്യത്തിനു് ഒരു ലക്കം മാറ്റിവെച്ച ചരിത്രമുണ്ടോ? എന്റെ ഓർമ്മയിലില്ല.
എല്ലാ ജാതിസമൂഹങ്ങളിലും മതസമൂഹങ്ങളിലും ഏറിയതോ കുറഞ്ഞതോ ആയ അളവിൽ ലിംഗവിവേചനമുണ്ടു്. പക്ഷേ, മുസ്ലിംസ്ത്രീക്കു തന്റെ നേരെ വരുന്ന അനീതികളെ ചോദ്യം ചെയ്യാൻ നിവൃത്തിയില്ല. അതിനു് മതനിയമങ്ങളുടെ പിൻബലമുണ്ടു്. ഒരുദാഹരണം: മുസ്ലിം പിതാവിന്റെ സ്വത്തിൽനിന്നു് അനന്തരാവകാശമായി മകനു് 100 ഉറുപ്പിക കിട്ടുമ്പോൾ മകൾക്കു് 50 ഉറുപ്പിക മാത്രമേ കിട്ടൂ. ഇതിനെതിരെ കേസിനു് പോവാൻ പറ്റില്ല. മുസ്ലിംങ്ങളുടെ മതനിയമമായ ‘ശരീഅത്ത്’ അനുസരിച്ചു് അവൾക്കു് ആ പാതിക്കേ അവകാശമുള്ളൂ. ആ നിയമം മാറ്റാതെ അനന്തരാവകാശത്തിൽ തുല്യത കിട്ടുകയില്ല.
മുസ്ലിം സ്ത്രീകളുടെ മോചനത്തിനു വേണ്ടി പല മേഖലകളിൽ പ്രവർത്തിച്ചവരും കേരളത്തിലെ സ്ത്രീകളുടെ പ്രത്യേകമായ ശ്രദ്ധ അർഹിക്കുന്നവരുമായ ചില പ്രധാന വ്യക്തികളെ വിശദമായി പരിചയപ്പെടുത്തുന്നു എന്നതാണു് ഈ ലക്കത്തിന്റെ പ്രധാനപ്പെട്ട സംഭാവന. ഉർദു എഴുത്തുകാരി ഉസ്മത് ച്യുഗ്തായിയെപ്പറ്റി ജി. ഉഷാകുമാരി എഴുതിയ പഠനവും തമിഴ്‌നാട്ടിലെ സാമൂഹ്യപ്രവർത്തക ഷരീഫാഖാനത്തെപ്പറ്റി ഷംഷാദ് ഹുസൈൻ എഴുതിയ ലേഖനവും തമിഴ്‌നാട്ടിലെ എഴുത്തുകാരി സൽമ യുമായി മൈന ഉമൈബാൻ നടത്തിയ അഭിമുഖവും നന്നു്.
അഡ്വ. ടി. ജി. അജിത, വി. പി. സുഹറ എന്നിവർ മുസ്ലിം വ്യക്തിനിയമങ്ങളിൽ ഉള്ളടങ്ങിക്കിടക്കുന്ന സ്ത്രീവിരുദ്ധത പുറത്തുകൊണ്ടുവരുന്നുണ്ടു്. കെ. അജിത, ഖദീജാ മുംതാസ് എന്നിവരുടെ ലേഖനങ്ങളിൽ ഇന്നത്തെ മുസ്ലിം സാമൂഹ്യജീവിതത്തിലെ യാഥാർത്ഥ്യങ്ങൾ എങ്ങനെ സ്ത്രീവ്യക്തിത്വത്തിനു് വിനയാകുന്നു എന്നു് കാണിച്ചിരിക്കുന്നു. മലേഷ്യയിലെ മുസ്ലിംവനിതകളുടെ ജീവിതത്തെ സംബന്ധിച്ചും (ലിജി ഷംനാദ്)കർണാടകത്തിലെ മുസ്ലിം സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന ‘ആപ’യെ സംബന്ധിച്ചും (തൻസീം) എഴുതപ്പെട്ട വിവരണങ്ങൾ തികച്ചും അപരിചിതമായ ജീവിതസാഹചര്യങ്ങളിൽ ചെറുത്തുനിൽപ്പുകൾ ഏതു് വിധം ആവിഷ്കാരം കൊള്ളുന്നു എന്നു് വിശദീകരിക്കുന്നുണ്ടു്. സഹീറാ തങ്ങളുടെ കുറിപ്പു് സ്ത്രീപീഡനങ്ങൾക്കെതിരിൽ ഒരു ചൂണ്ടുവിരലാണു്.
ആ ലക്കത്തിൽ വിഷയവുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെ വലിയൊരു ഭാഗം അവഗണിക്കപ്പെട്ടു എന്നതു് എനിക്കു് കഷ്ടമായിത്തോന്നി: മുസ്ലിംസ്ത്രീകളുടെ ദുരവസ്ഥയ്ക്കെതിരെ പ്രബന്ധം, പ്രസംഗം, പ്രവർത്തനം മുതലായവ വഴി കേരളീയസമൂഹത്തെ ബോധവത്ക്കരിച്ച വ്യക്തികളും പ്രസ്ഥാനങ്ങളും സംഘടനകളും സ്ഥാപനങ്ങളുമെല്ലാം മൗനത്തിന്റെ ഇരുട്ടിൽ പെട്ടുപോയതെങ്ങനെ എന്നു് എനിക്കു് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അവയിൽ പലതിന്റെയും നേതൃത്വം പുരുഷന്മാർക്കായിരുന്നു എന്നതാണു് കാരണമെങ്കിൽ സംഗതി തമാശ തന്നെ! കേരളത്തിലെ സ്ത്രീവിമോചനപ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽനിന്നു് വി. ടി. ഭട്ടതിരിപ്പാടി ന്റെ ‘അടുക്കളയിൽനിന്നു് അരങ്ങത്തേയ്ക്കു്’ എന്ന നാടകം (1929), അതെഴുതി അവതരിപ്പിച്ചതു് പുരുഷനാണു് എന്നതിന്റെ പേരിൽ മാറ്റിനിർത്തപ്പെടാമോ? മുസ്ലിംസ്ത്രീശാക്തീകരണത്തിനു വേണ്ടി അരനൂറ്റാണ്ടുമുമ്പു് പരിശ്രമിച്ച മുത്തുബീവി, എം. ഹലീമാബീവി എന്നിവർ ഈ പതിപ്പിൽ ഉചിതമായ രീതിയിൽ കൊണ്ടാടപ്പെട്ടിട്ടുണ്ടു് എന്നുകൂടി കാണുമ്പോഴാണു് ആ രംഗത്തു പ്രവർത്തിച്ച പുരുഷന്മാരെ അവഗണിച്ചുകളഞ്ഞു എന്നു് തോന്നുന്നതു്.
ഞാൻ ആ ചരിത്രം വളരെ ചുരുക്കിപ്പറയാം:
കേരളീയ മുസ്ലീങ്ങൾക്കിടയിലെ ആദ്യകാലപരിഷ്കർത്താക്കളായ സിയ്യദ് സനാഉല്ലാ മക്തിത്തങ്ങൾ (മരണം 1912), ചാലിലകത്തു് കുഞ്ഞഹമ്മദ് ഹാജി (മരണം 1919), ശൈഖ് ഹമദാനി തങ്ങൾ (മരണം 1922), വക്കം മൗലവി (മരണം 1932), മുതലായവരെല്ലാം സ്ത്രീവിദ്യാഭ്യാസത്തിനും സ്ത്രീകളുടെ സാമൂഹ്യജീവിതത്തിനും വേണ്ടി എഴുതുകയും പ്രവർത്തിക്കുകയും ചെയ്തവരാണു്. മുസ്ലിം ഐക്യസംഘ (1922–1934)ത്തിന്റെ പ്രവർത്തനപരിപാടികളിലൊന്നു് സ്ത്രീവിദ്യാഭ്യാസമായിരുന്നു. മുസ്ലിംലീഗ് നേതാക്കളായിരുന്ന കെ. എം. സീതിസാഹിബും സി. എച്ച്. മുഹമ്മദ് കോയ യും പെൺകുട്ടികൾക്കു് വിദ്യ എത്തിക്കുന്നതിനുവേണ്ടി ഏറെ പണിയെടുത്തിട്ടുണ്ടു്. നമ്മൾ ഓർക്കാൻ വിട്ടുപോവും: മലബാർ കലാപത്തിൽ ഏറ്റവുമധികം കഷ്ടം അനുഭവിച്ചതു് മുസ്ലിം സ്ത്രീകളാണു്. സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുറഹിമാൻ മലബാറിൽ കലാപത്തിന്റെ കാലത്തും (1921–22) കൊടിയ വെള്ളപ്പൊക്കത്തിന്റെ കാലത്തും (1924) സ്ത്രീകൾ അനുഭവിച്ച ദുരിതങ്ങൾക്കെതിരായി നിരന്തരം പ്രവർത്തിക്കുകയുണ്ടായി. ആ സത്പ്രവൃത്തിയെ ഇടശ്ശേരി ‘മുഹമ്മദ് അബ്ദുറഹിമാൻ’ എന്ന മാപ്പിളപ്പാട്ടിൽ വാഴ്ത്തുന്നു:
മാനഭംഗപ്പെട്ട പെങ്ങന്മാർക്കുവേണ്ടിത്താങ്കൾ
മാറുകാട്ടി, വീറുകൂട്ടി ക്രൂരമായ് പോരാടി
മലയാളസിനിമയിലേക്കു് 1950-കളിൽ കടന്നുവരുന്ന ‘മുസ്ലിംസ്ത്രീ പ്രതിനിധാനങ്ങൾ’ക്കു് ഈ പതിപ്പിൽ നല്ല പരിഗണന കിട്ടി (ഹസീന നിസാറിന്റെ ലേഖനം). നല്ലതു്. അതിനും പത്തുകൊല്ലം മുമ്പു് മലയാളസാഹിത്യത്തിൽ അതു സംഭവിച്ചതിനെപ്പറ്റി ഒരു പരാമർശവും കണ്ടില്ല—നീലക്കുയിൽ (1954) എന്ന സിനിമയിലാണു് മലയാളത്തിൽ ആദ്യമായി മുസ്ലീം സ്ത്രീ മുഖം കാണിക്കുന്നതു്. അതിനും പത്തുകൊല്ലം മുമ്പു് സുഹ്റ നായികയാവുന്ന ബാല്യകാലസഖി (1944) പുറത്തിറങ്ങുന്നുണ്ടു്.
മുസ്ലിംസ്ത്രീകളുടെ ദുരിതങ്ങൾ നോവലുകളിലൂടെയും കഥളിലൂടെയും തുറന്നു കാണിച്ച വൈക്കം മുഹമ്മദ് ബഷീർ, ഉറൂബ്, എസ്. കെ. പൊറ്റക്കാട്, എൻ. പി. മുഹമ്മദ്, എം. ടി. വാസുദേവൻ നായർ, വി. പി. മുഹമ്മദ്, പുനത്തിൽ കുഞ്ഞബ്ദുല്ല, യു. എ. ഖാദർ, അക്ബർ കക്കട്ടിൽ തുടങ്ങി എത്രയോ എഴുത്തുകാർക്കു് നാമമാത്രമായ പരാമർശം പോലും ഇവിടെ ലഭിച്ചിട്ടില്ല. ഇ. കെ. അയമുവിന്റെ ‘ജ്ജ് നല്ലൊരു് മനിസനാകാൻ നോക്കു്’ (1952), കെ. ടി. മുഹമ്മദി ന്റെ ‘ഇതു് ഭൂമിയാണു് ’(1953) തുടങ്ങിയ നാടകങ്ങൾ മുസ്ലീംസ്ത്രീപ്രശ്നങ്ങൾ ചർച്ചാപ്രമേയമാക്കുന്നതിൽ വഹിച്ച പങ്കിനെ ആരു്, എങ്ങനെ അവഗണിക്കും? എന്താവശ്യത്തിനു്? തമാശയായി കെ. ടി.-യെ ‘വി.ടി.’ എന്നു് വിശേഷിപ്പിക്കാറുണ്ടു്. മുസ്ലീങ്ങൾക്കിടയിൽ സ്ത്രീപ്രശ്നം സജീവമാക്കി നിർത്തുന്നതിനു് ബഷീറിന്റെ നോവലുകളെക്കാൾ ഉപകാരപ്പെട്ടതു് ‘ഇതു് ഭൂമിയാണു്’ എന്ന നാടകമാണു്. ‘കൈലുകൾ പിടിക്ക്ണ കൈകളുണ്ടുയര്ണ്’ എന്നു് കെ. ടി. അന്നേ പാടുകയുണ്ടായി!
മുസ്ലിംസ്ത്രീകളുടെ കഷ്ടതകൾ അവസാനിക്കണമെങ്കിൽ അവരുടെ മതനിയമങ്ങൾ (ശരീഅത്ത്) പരിഷ്ക്കരിക്കണമെന്നു് ആദ്യമായി തുറന്നു പറഞ്ഞതു് എൻ. പി. മുഹമ്മദ് ആണു്. തുടക്കംതൊട്ടേ കഥകളിലും നോവലുകളിലും അവരുടെ സങ്കടങ്ങൾ ചിത്രീകരിച്ചുപോന്ന എൻ. പി. 1965-ൽ എറണാകുളത്തു് ചേർന്ന ഇസ്ലാമിക് സെമിനാറിൽ ആണു് ഇതു സംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചതു്. 5 കൊല്ലം കഴിഞ്ഞു് കോഴിക്കോടു് കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച ഇസ്ലാം ആന്റ് മോഡേൺ ഏജ് സൊസൈറ്റി (1970–71) യുടെ പ്രധാന ലക്ഷ്യം ലിംഗവിവേചനത്തിൽ അധിഷ്ഠിതമായ ശരീഅത്ത്നിയമങ്ങൾ പരിഷ്ക്കരിക്കുവാൻ വേണ്ടി പ്രവർത്തിക്കുക എന്നതായിരുന്നു. എൻ. പി.-യായിരുന്നു സൊസൈറ്റിയുടെ ജീവാത്മാവും പരമാത്മാവും—കൂട്ടത്തിൽ ചേകനൂർ മൗലവി, പി. എൻ. എം. കോയട്ടി, മൂസാ എ. ബേക്കർ, കെ. എം. ബഹാവുദ്ദീൻ, ഇ. എ. കോയ, മങ്കട അബ്ദുൽഅസീസ് മൗലവി, എം. എ. പക്കർ കോയ, ഡോ. ഇ. വി. ഉസ്മാൻകോയ, സലാം കാരശ്ശേരി തുടങ്ങിയ സുഹൃത്തുക്കളും.
മോഡേൺ ഏജ് സൊസൈറ്റിയുടെ മുഖപത്രമായിത്തീർന്ന ‘നിരീക്ഷണം’ മാസികയിലാണു് മുസ്ലിം മതനിയമങ്ങളിലെ ലിംഗവിവേചനങ്ങൾ മലയാളത്തിൽ ആദ്യമായി വിശകലനം ചെയ്യപ്പെട്ടതു്. ആയിടെ എം. ഇ. എസ്. ജർണലിൽ ടി. അബ്ദുൽഅസീസ് ശരീഅത്ത് നിയമങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കണമെന്നു് ആവശ്യപ്പെട്ടുകൊണ്ടു് എഴുതിയ മുഖപ്രസംഗം വലിയ പുക്കാറായി.
മുസ്ലിംലീഗിന്റെയും മുസ്ലീങ്ങൾക്കിടയിലെ വിവിധ സംഘടനകളുടെയും രൂക്ഷമായ എതിർപ്പിൽ ശരീഅത്ത് പരിഷ്കരണചർച്ചകളും സൊസൈറ്റിയും അല്പായുസ്സായിത്തീർന്നു.
ഒന്നര പതിറ്റാണ്ടു് കഴിഞ്ഞാണു് പിന്നെ ആ പ്രശ്നം പൊന്തിവന്നത്: ഡി. വൈ. എഫ്. ഐ.-യുടെ അഖിലേന്ത്യാസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു് പ്രൊഫ. ഇർഫാൻ ഹബീബ് 1984 ഫെബ്രുവരിയിൽ കോഴിക്കോട്ട് നടത്തിയ പ്രസംഗത്തിൽ ശരീഅത്തിലെ ലിംഗവിവേചനത്തെ വിമർശിച്ചിരുന്നു; ഈ വിമർശനത്തെ ഇ. എം. എസ്. നമ്പൂതിരിപ്പാട് ന്യായീകരിച്ചതു് വലിയ ബഹളമായി. ‘അമുസ്ലിം ആയ ഒരാൾ ശരീഅത്തിനെ വിമർശിക്കുന്നു’ എന്ന മട്ടിൽ അതു് വൈകാരികമാക്കാൻ മതമൗലികവാദികൾ മുന്നോട്ടുവന്നു.
അതോടെ മുസ്ലീംസ്ത്രീയുടെ പ്രശ്നം പൗരാവകാശവിഷയം എന്ന നിലയിൽ മുഖ്യധാരയുടെ പ്രമേയമായിത്തീർന്നു.
തിരുവനന്തപുരത്തെ ബീമാപ്പള്ളി മഹല്ല് കമ്മറ്റി തന്റെമേൽ നടപടി ദൂഷ്യം ആരോപിച്ചു് അടിശിക്ഷ (ഹദ്ദടി) നടപ്പാക്കാൻ മുതിർന്നപ്പോൾ സുലൈഖാബീവി എന്നുപേരായ വീട്ടമ്മ കോടതിയെ സമീപിച്ചു (1985). കോടതിയും നിയമസഭയും പത്രങ്ങളുമെല്ലാം അവരുടെ രക്ഷയ്ക്കെത്തി. സുലൈഖാബീവി കേസ് ജയിച്ചു. മഹല്ല് കമ്മിറ്റിക്കു പിൻവാങ്ങേണ്ടിവന്നു. എന്റെ നോട്ടത്തിൽ കേരളത്തിലെ പൗരോഹിത്യത്തിനെതിരായി മുസ്ലിം സ്ത്രീ നടത്തിയ ആദ്യത്തെ ചെറുത്തുനില്പാണത്.
ഇ. എം. എസ്. ഉണ്ടാക്കിയ വേവും ചൂടും അന്തരീക്ഷത്തിൽ നിലനിൽക്കുമ്പോഴാണു് ഈ ‘സുലൈഖാബീവിസംഭവം’ ഉണ്ടാകുന്നതു്. തൊട്ടു പിന്നാലെ ‘ഷാബാനുവിവാദം’ വന്നെത്തി.
മറ്റു് സമുദായത്തിലെ ഭർത്താക്കന്മാരെപ്പോലെ വിവാഹമുക്തയായ ഭാര്യയ്ക്കു് മരണം വരെയോ, പുനർവിവാഹം വരെയോ, ചെലവിനു് കൊടുക്കാൻ മുസ്ലീം ഭർത്താവും ബാധ്യസ്ഥനാണു് എന്നു് ഷാബാനു കേസിൽ സുപ്രീംകോടതി വിധിച്ചതാണു് വിവാദത്തിന്റെ തുടക്കം (1985). പൗരന്മാർക്കിടയിൽ ഇത്തരം അസമത്വങ്ങൾ ഇല്ലാതെയാക്കാൻ ഏകസിവിൽകോഡ് നടപ്പാക്കുന്നതിനെപ്പറ്റി കേന്ദ്രഗവൺമെന്റ് ആലോചിക്കണമെന്നു് വിധിയിൽ നിർദ്ദേശിച്ചതു് മതമൗലികവാദികൾക്കു് വലിയ പ്രകോപനമായി. വിധിക്കെതിരെ മുസ്ലിംലീഗും മുസ്ലീങ്ങൾക്കിടയിലെ എല്ലാ സാമുദായികസംഘടനകളും രംഗത്തുവന്നു. ഇ. എം. എസിന്റെ നേതൃത്വത്തിൽ സി. പി. എം. വിധിയെ അനുകൂലിച്ചു. പി. പി. ഉമ്മർകോയ, ആര്യാടൻ മുഹമ്മദ്, വി. ഷൗക്കത്തലി, എൻ. പി. മൊയ്തീൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളും വിധിയെ അനുകൂലിച്ചു.
രണ്ടു മതപണ്ഡിതന്മാർ മാത്രമേ കേരളത്തിൽ ആ വിധിയെ പിന്താങ്ങിയുള്ളു—സി. എൻ. അഹ്മദ് മൗലവി യും ചേകനൂർ മൗലവി യും. ഈ വിധിയെ അനുകൂലിച്ചുകൊണ്ടു് എഴുതപ്പെട്ടതാണു് ചേകനൂരിന്റെ ആദ്യത്തെ പുസ്തകം (ഇസ്ലാമിക ശരീഅത്തും ഇന്ത്യൻ ശരീഅത്തും സുപ്രീംകോർട്ട് വിധിയും, 1985)
മാധ്യമങ്ങളും തെരുവുകളും തീവണ്ടികളും ബസ്സുകളും കല്യാണപ്പന്തലുകളും കുളിക്കടവുകളുമെല്ലാം അന്നു് മുസ്ലിംസ്ത്രീപ്രശ്നം കൊണ്ടു് മുഖരിതമായി. കേരളചരിത്രത്തിൽ ‘ശരീഅത്ത്വിവാദകാലം’ (1984–1986) എന്നറിയപ്പെടുന്നതു് ഇതാണു്.
മുസ്ലിംസ്ത്രീക്കനുകൂലമായി അന്നു് എഴുതുകയും പറയുകയും ചെയ്ത എഴുത്തുകാർ പലരുണ്ടു്—എൻ. പി. മുഹമ്മദ്, ഹമീദ് ചേന്ദമംഗല്ലൂർ, കെ. ഇ. എൻ. കുഞ്ഞഹമ്മദ്, എം. എൻ. കാരശ്ശേരി മുതൽപേർ. ഇവരുടെ എഴുത്തുകളിൽ പലതും പുസ്തകാകൃതിയിൽ കിട്ടാനുണ്ടു്.
ഷാബാനുവിധിയെ മറികടക്കുവാനും മുസ്ലിം പൗരോഹിത്യത്തെ പ്രീണിപ്പിക്കാവാനും വേണ്ടി രാജീവ്ഗാന്ധി സർക്കാർ മുസ്ലിം വനിതാബില്ല് പാസ്സാക്കി (1986). അതിൽ പ്രതിഷേധിച്ചു് കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ രാജിവെച്ചു.
ആ വിവാദം കേരളത്തിൽ എത്രമാത്രം പ്രകമ്പനം സൃഷ്ടിച്ചു എന്നതു് മനസ്സിലാക്കാൻ ഒറ്റക്കാര്യം ഓർത്താൽമതി—ഇ. എം. എസ്. ശരീഅത്ത്വിവാദം ഉണ്ടാക്കിയതിൽ പ്രതിഷേധിച്ചു് അദ്ദേഹത്തിന്റെ കൂടെ നിന്നിരുന്ന അഖിലേന്ത്യാലീഗ് തിരിച്ചു യൂനിയൻ ലീഗിലേക്കു പോയി. 11 കൊല്ലം നീണ്ടുനിന്ന ലീഗ് പിളർപ്പു് (1974–1985) അവസാനിച്ചതു് അങ്ങനെയാണു്. ഈ വിവാദത്തിനുശേഷമാണു് കേരളീയ മുസ്ലീങ്ങൾക്കിടയിൽ വനിതാസംഘടനകളും വനിതാസമ്മേളനങ്ങളും വനിതാപ്രസിദ്ധീകരണങ്ങളും വ്യാപകമായതു്.
1990-കളോടെ രാമജന്മഭൂമിസ്ഥാനം സജീവമായി. അദ്വാനി യുടെ രഥയാത്ര, ബാബരിപള്ളിയുടെ തകർച്ച മുതലായവ മുസ്ലീങ്ങൾക്കിടയിൽ മതമൗലികവാദം ശക്തമാവാനും ഭീകരവാദം മുളപൊട്ടാനും ഇടയാക്കി. ഈ ജീർണ്ണതകൾ മുസ്ലീങ്ങൾക്കു് എത്രത്തോളം ആപത്താണു് എന്നു് വ്യക്തമായി കാണിച്ചുതരുന്ന സംഭവമാണു് ചേകനൂർ വധം (1993). ലിംഗസമത്വത്തിനുവേണ്ടി വാദിച്ചിരുന്ന പരിഷ്ക്കരണവാദിയായിരുന്നു ചേകനൂർ എന്നു് ഈ സന്ദർഭത്തിൽ ഓർക്കുക. രണ്ടു പതിറ്റാണ്ടായി പർദ്ദയ്ക്കു് കിട്ടിവരുന്ന പ്രചാരം ആ ജീർണതയ്ക്കു് മറ്റൊരു ഉദാഹരണമാണു്.
‘സംഘടിത’യുടെ ഇതേ ലക്കത്തിൽ ബി. എസ്. ഷെറിൻ മതചിഹ്നം എന്ന നിലയിൽ പർദ്ദയെ ന്യായീകരിച്ചുകൊണ്ടെഴുതിയ ലേഖനം ചുരുങ്ങിയ സമയം കൊണ്ടു് ആ ജീർണത എത്ര പടർന്നുകേറി എന്നു കാണിക്കുന്നുണ്ടു്.
ആ ലേഖിക ആലോചിക്കേണ്ട ചില കാര്യങ്ങൾ:
- കേരളത്തിൽ ഇസ്ലാം വന്നെത്തിയിട്ടു് ചുരുങ്ങിയതു് ആയിരം കൊല്ലമായി. അക്കാലത്തൊന്നും ഇല്ലാത്ത മുഖം മൂടുന്ന പർദ്ദ ഇപ്പോൾ വരുന്നതെങ്ങനെയാണു്?
- തട്ടം, മക്കന മുതലായവയെല്ലാം മതചിഹ്നങ്ങളാണു്. അതിനെയൊന്നും ഞങ്ങളാരും എതിർത്തിട്ടില്ല. മുഖം മൂടാത്ത പർദ്ദയെ ഇപ്പോഴും ആരും എതിർക്കുന്നില്ല.
- മുഖം മൂടുന്ന പർദ്ദ അനിസ്ലാമികമാണു്, സ്ത്രീവിരുദ്ധമാണു്; അതു കൊണ്ടുതന്നെ ജനാധിപത്യവിരുദ്ധവും.
- പർദ്ദയുടെ കറുപ്പുനിറം സ്ത്രീവിരുദ്ധതയുടെ സൂചകം ആകുന്നു. അന്തരീക്ഷത്തിലെ ചൂടു് മുഴുവൻ ദേഹത്തേക്കു് ആവാഹിക്കുന്ന നിറം തന്നെ അതിനു് വേണമെന്നു് വെച്ചതെന്തിനാണു്? കറുപ്പു നിറം നല്ലതാണു് എന്നു് ഇസ്ലാം മതത്തിൽ എവിടെപ്പറഞ്ഞിട്ടുണ്ടു്? അതൊരു മുന്തിയ നിറമാണെങ്കിൽ ആണുങ്ങളെന്താ, അതണിയാത്തതു്? ഇസ്ലാം മതം നല്ലതു് എന്നു വിശേഷിപ്പിക്കുന്നതു് മുഹമ്മദ് നബിയുടെ വസ്ത്രത്തിന്റെ നിറമായ വെള്ളയെയാണു്. ആ വെള്ളയെല്ലാം ആണുങ്ങൾക്കുമാത്രമായി സംവരണം ചെയ്തതു് ആരാണു്? പെണ്ണുങ്ങൾ കറുപ്പണിയണം എന്നു് നിശ്ചയിച്ചതു് ആരാണു്?
മുഖം മൂടുന്ന പർദ്ദ മതത്തിന്റെ ചിഹ്നമല്ല, മതരാഷ്ട്രവാദത്തിന്റെ ചിഹ്നമാണു്. അതിനു് കേരളത്തിൽ രണ്ടു് പതിറ്റാണ്ടിന്റെ പഴക്കമേയുള്ളൂ.
മതരാഷ്ട്രവാദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇര മുസ്ലിം സ്ത്രീയാണു് എന്നു് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം (1996–2001) തെളിയിക്കുകയുണ്ടായി!
കേരളത്തിലെ മുസ്ലീങ്ങൾക്കിടയിലെ സ്ത്രീശാക്തീകരണത്തിനു്—അതെത്ര ലഘുവാണെങ്കിലും—ഒരു നൂറ്റാണ്ടിന്റെ ചരിത്രമുണ്ടു്. അതേപ്പറ്റി ഇന്നലെ തുടങ്ങിയതാണു് എന്ന മട്ടിൽ ചരിത്രത്തെ അവഗണിച്ചു് ചർച്ച നടത്തുന്നതു് ദിശാബോധം നഷ്ടപ്പെടുത്തുകതന്നെ ചെയും.
സംഘടിത: നവംബർ 2011.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.