എ. അയ്യപ്പന്റെ കവിതകളിൽ വിമോചനത്തിന്റെ തീയെരിയുന്നു. അദ്ദേഹം കാമിനിയെ ക്ഷണിക്കുകയുണ്ടായി: “കാണൂ, എന്റെ കാട്ടു തീ കത്തും മുഖം.”
അഗ്നിയുടെ വകഭേദങ്ങളായി സൂര്യനും ഗ്രീഷ്മകാലവും മഞ്ഞനിറവും നിറന്നുകത്തുന്ന ഒരു ലോകമാണതു്. അവിടെ മൗനം ചീഞ്ഞുനാറുന്ന ശവവും വാക്കു് നഗ്നനായി എരിയുന്ന നരനുമാകുന്നു.
തീ കൊടുക്കേണ്ട ശവങ്ങൾ നിറഞ്ഞ ഭൂമിയിലൂടെയാണു് ഈ കവി നടക്കുന്നതു്. ശവം ദഹിപ്പിക്കാതെ പുഴയിലെറിയുന്നതുകൊണ്ടാണു് “ഗംഗാജലത്തിനു് ശവത്തിന്റെ രുചി.”
അഗ്നി രക്ഷോപായമാകുന്നു; സൗന്ദര്യമാകുന്നു.

എന്തും ഈ കവിക്കു് തീനാളമാണു്: ഓറഞ്ചിന്റെ അല്ലിയിൽ ഉമിത്തീയുടെ ചിരി, പ്രേമത്തിന്റെ ജഠരാഗ്നി, കത്തുന്ന തീയിൽ നട്ടുച്ച, ആരുടെയോ രേതസ്സിലൂടെ വന്നുപിറക്കേണ്ട ഗ്രീഷ്മം, സൂര്യനെപ്പോലെ ജ്വലിച്ചുനില്ക്കുന്ന വേദന, അഗ്നിയുടെ മുഖംകൊണ്ടുള്ള ചുംബനം, നാട്ടിയ തീപ്പന്തം കെടുത്തുന്ന വിവസ്ത്രകൾ, തീനാളമായിത്തീർന്ന മനസ്സു്…
എന്തിനു്, കണ്ണുനീരുപോലും തീയിൽനിന്നാണു്: “നിന്റെ കണ്ണുകളിലെ നീരാവി ഇന്നു് മഴയായി പെയ്തു.”
അയ്യപ്പന്റെ കവിതകളുടെ പ്രധാനരോഗം പനിയാണു്. ചുട്ടുപൊള്ളുന്ന ആ അനുഭവം, ചിതയിലെരിയുന്നതിന്റെ രൂപഭേദമാവാം. ചുടലത്തെങ്ങിൽ നിന്നാണു് അദ്ദേഹം ഒരു കൈക്കുമ്പിൾ ജലം സംഭരിക്കുന്നതു്.
എവിടെയും തീയാണു്:
“ആജ്ഞയും സാന്ത്വനവും പകർന്ന
ഗ്രന്ഥപ്പുരയ്ക്കു തീപിടിക്കുന്നു.
ചാരമായ മഹാഭാരതം
പാതിയെരിഞ്ഞ ബൈബിൾ
കത്തിക്കൊണ്ടിരിക്കുന്ന ഖുറാൻ
പുകയും തീയും പുസ്തകങ്ങളും
പൊള്ളുന്ന മനുഷ്യനും.”
കത്തിത്തീർന്നാൽ എല്ലാം കരിയായി മാറുന്നു. കറുപ്പും അയ്യപ്പന്റെ ഇഷ്ടവർണ്ണങ്ങളിലൊന്നാണു്. ഇനി കണ്ണുനീർ ചുരത്തുകയില്ലെന്നും താൻ കരിങ്കൊടി നാട്ടുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടു്. ഇവിടെ കാലത്തിനു് ശ്യാമവർണ്ണം കൈവന്നിരിക്കുന്നു. രാജ്യഭാരം കറുത്തിരുണ്ടിരിക്കുന്നു. ആ നാട്ടിൽ ഒരാൾക്കുമാത്രമേ കരിങ്കൊടി ചിഹ്നമായി ഉണ്ടായിരുന്നുള്ളൂ. അയ്യാൾക്കു് കിട്ടിയ ഒരേയൊരു വോട്ടു് നമ്മുടെ അയ്യപ്പന്റേതായിരുന്നു.
ഒരോരുത്തനും സ്വന്തം പാഥേയത്തിലെ കരിക്കട്ടയാണെന്നു് ഈ കവി വിചാരിക്കുന്നു. വെറുതെയല്ല, അദ്ദേഹത്തിനു് എപ്പോഴും ചോറിൽ നിന്നു് കരിക്കട്ട കിട്ടുന്നതു്. കവിത കുമ്മായ വെളുപ്പായതുകൊണ്ടു് കവി കരിക്കട്ട തേടുന്നവനാണെന്നു് തനിക്കു് സിദ്ധാന്തമുണ്ടല്ലോ; അയ്യപ്പൻ കരിയിലകളുടെ പാട്ടിൽ കാതോർത്തുനിൽക്കുകയാണല്ലോ.
ശുദ്ധീകരണത്തിന്റെ രൂപമായ ഈ തീയിന്റെ ഗർഭാശയം കവി കണ്ടെത്തിയിട്ടുണ്ടു്: “കരിക്കട്ടയ്ക്കുള്ളിലെ അവസാനത്തെ കനൽപ്പുള്ളിയിൽനിന്നു് തീയുണരും.” ആ തരം തീയെരിയുന്ന വിറകാണു് കവിത. “അടുപ്പെരിയാനുള്ള വിറകല്ല എന്റെ കവിതയെന്നു് എഴുത്തറിവില്ലാത്ത എന്റെ അമ്മയ്ക്കറിയാം” എന്നു് കവി അഭിമാനിക്കുന്നു.
രാമച്ചത്തിന്റെ തണുപ്പിൽ നാടുവാഴിയുറങ്ങുമ്പോൾ ഗ്രാമത്തിലെ വേനൽ തീയായി മാറും; കറുകകൾക്കു് തീപ്പിടിക്കും.
അയ്യപ്പൻ എഴുതുന്നു:
“രാമച്ചത്തിന്റെ തണുപ്പു് കനലായു്,
ചന്ദനക്കട്ടിൽ സ്വന്തം ചിതയായു്
കറുകകളിലൂടെ
നാടുവാഴിയുടെ സ്വപ്നത്തിലൂടെ
തീ ജീവിതമാകുന്നു
എല്ലാം വിറകായെരിയുന്നു.”
കവിതയുടെ വാലിനു് തീകൊളുത്തിയ ഒരനുഭവം അയ്യപ്പന്റെ കവിതയിലെവിടെയുമുണ്ടു്. ഇവിടത്തെ നഗ്നനായ ഭ്രാന്തൻ പരുത്തിച്ചെടികൾക്കു് തീ കൊളുത്തിക്കൊണ്ടേയിരിക്കുന്നു.
അതുകൊണ്ടു് കവി നമ്മെ ക്ഷണിക്കുന്നു:
“എന്റെ കൃഷ്ണമണിയിലുള്ള ശവമെരിയും ചിതയെ, അസ്ഥിമാടത്തറയിലുള്ളോരന്തിത്തിരിയെ ഒരു വട്ടം കണ്ടുപോകൂ…” അയ്യപ്പൻ കുടിക്കുന്നതു് തീയുള്ള കണ്ണുനീരിന്റെ മദ്യമാണു്.
സാക്ഷി, 1992 ഏപ്രിൽ.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.