മലബാറിന്റെ ‘ദേശീയവികാരം’ ഭാഷയിൽ ആവിഷ്കാരം കൊള്ളുന്നതെപ്പോഴാണു് എന്ന ചരിത്രം തിരഞ്ഞുചെല്ലുമ്പോൾ നാം ശൈഖ് സൈനുദ്ദീൻ മഖ്ദൂമി (1526–1580) ൽ എത്തിച്ചേരുന്നു. മേല്പത്തൂർ നാരായണഭട്ടതിരി, തുഞ്ചത്തു് എഴുത്തച്ഛൻ, പൂന്താനം നമ്പൂതിരി എന്നിവരുടെ സമകാലീനനായി പൊന്നാനിയിൽ പതിനാറാം നൂറ്റാണ്ടിൽ ജീവിച്ച ആ പണ്ഡിതൻ അറബിഭാഷയിൽ എഴുതിയ കേരളചരിത്രഗ്രന്ഥമാണു് തുഹ്ഫത്തുൽ മുജാഹിദീൻ (വിശുദ്ധപോരാളികൾക്കുള്ള പാരിതോഷികം). പോർത്തുഗീസുകാരുടെ വാഴ്ചയ്ക്കെതിരേ മലബാറിലെ ഹിന്ദുക്കളും മുസ്ലീങ്ങളും ഒത്തൊരുമിച്ചു് പോരാടേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിക്കൊണ്ടാണു് മുഖ്ദൂം സമകാലികചരിത്രം രേഖപ്പെടുത്തുന്നതു്.
ഇദ്ദേഹത്തിന്റെ കാലക്കാരനായി കോഴിക്കോട്ടു ജീവിച്ച ഖാസി മുഹമ്മദ് (മരണം: 1616) രചിച്ച ഫത്ഹുൽ മുബീൻ (പ്രത്യക്ഷവിജയം) ഇതേ വികാരമുള്ള മറ്റൊരു അറബികൃതിയാണു്. കണ്ടുകിട്ടിയതിലേക്കുവെച്ചു് ഏറ്റവും പഴയ മാപ്പിളപ്പാട്ടു കൃതിയായ മുഹ്യിദ്ദീൻമാല (1607) രചിച്ചതും ഈ ഗ്രന്ഥകാരൻ തന്നെ. മലബാറിലെ സാമൂതിരിപ്പാടിന്റെ ഭരണത്തിൽ എത്ര വലിയ സമുദായ സൗഹാർദ്ദമാണു് പുലരുന്നതു് എന്നും ഈ അമുസ്ലിം രാജാവിന്റെ കീഴിൽ എത്ര അന്തസ്സോടെയാണു് മുസ്ലീങ്ങൾ ജീവിക്കുന്നതു് എന്നും അറബ് നാടുകളിലെ ആളുകൾക്കു് മനസ്സിലാക്കിക്കൊടുക്കുവാൻവേണ്ടി രചിച്ച ഈ ചരിത്രകാവ്യം സമർപ്പിച്ചിരിക്കുന്നതു് സാമൂതിരിപ്പാടിനാണു്. പോർച്ചുഗീസുകാർ കോഴിക്കോട്ടെ ചാലിയത്തു് സ്ഥാപിച്ച കോട്ട മുസ്ലീം–നായർ പടയാളികൾ ഒത്തൊരുമിച്ചു് തകർത്ത സംഭവത്തെ (1571) വാഴ്ത്തുന്ന ഈ പുസ്തകം വിദേശാധിപത്യത്തിന്നെതിരേ സ്വദേശികൾ മതഭേദമില്ലാതെ ഒത്തൊരുമിക്കണം എന്നു് ആഹ്വാനം ചെയ്യുന്നു.
സ്വദേശം–വിദേശം എന്ന സങ്കല്പങ്ങളിലെ വ്യത്യാസം ഈ രണ്ടു് കൃതികളിലും സ്പഷ്ടമാണു്. വിശ്വാസപരമായ വ്യത്യാസങ്ങൾക്കപ്പുറം ദേശത്തിനുവേണ്ടി ഒരുമിച്ചു പോരാടുവാനും ആവശ്യമെങ്കിൽ അതിനുവേണ്ടി മരിക്കുവാനും തയ്യാറാകണം എന്ന ആശയം ഈ പുസ്തകങ്ങളിലുണ്ടു്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി കേരളം അടക്കമുള്ള നാനാപ്രദേശങ്ങളിൽ വിപുലപ്രചാരം നേടിയ ‘ദേശീയത’ എന്ന ആശയമാണിതു് എന്നു് പറയാനാവില്ല. കാരണം, അക്കാലത്തു് ‘ദേശ’ത്തെ സംബന്ധിച്ചുള്ള രാഷ്ട്രീയസങ്കല്പങ്ങൾ ഇവിടെ രൂപംകൊണ്ടു കഴിഞ്ഞിട്ടില്ല. എങ്കിലും ആ ദേശീയതയുടെ വിത്തു് മലബാറിലെ ചെറുത്തുനില്പുകളിലും ഈ പുസ്തകങ്ങളിലും കാണാൻ കഴിയും.
സ്വദേശാഭിമാനം എന്ന വികാരം ഉണർന്നെഴുന്നേൽക്കുവാൻ ഏതെങ്കിലും വിധത്തിലുള്ള വൈദേശികബന്ധത്തിന്റെ സാഹചര്യം ആവശ്യമാണു്. കേരളത്തിൽ ആ സാഹചര്യം ഉടലെടുക്കുന്നതു് മലബാറിലാണു്. അത്തരം വൈദേശികസാന്നിധ്യം കൊണ്ടു് കൂടുതൽ വിഷമം അനുഭവിച്ചതു് മലബാറിലെ മുസ്ലീംസമൂഹമാണു്. കുരുമുളകു്, ഏലം, കറുകപ്പട്ട മുതലായ സുഗന്ധദ്രവ്യങ്ങളുടെ കച്ചവടത്തിൽനിന്നു് നാട്ടുകാരായ മുസ്ലീങ്ങളെയും കടൽവഴി വന്നെത്തുന്ന അറബികളെയും ഒഴിവാക്കണമെന്നും അതിന്റെ കുത്തക തങ്ങൾക്കു് കിട്ടണമെന്നും 1498-ൽ കോഴിക്കോട്ട് വന്നെത്തിയ പോർത്തുഗീസുകാർ സാമൂതിരിപ്പാടിനോടു് ശഠിച്ചതു് ഉദാഹരണം. ആ വഴിക്കുണ്ടായിത്തീരുന്ന അക്രമങ്ങളുടെ തുടർക്കഥ വേറെ. ഇക്കൂട്ടത്തിൽ ഭരണാധികാരംകൂടി കൈക്കലാക്കാൻ ആ വിദേശികൾ പരിശ്രമിച്ചു. കുഞ്ഞാലിമരയ്ക്കാന്മാരുടെ നേതൃത്വത്തിലുള്ള നാവികപ്പട അതിനെ ചെറുക്കുകയുണ്ടായി (1500–1600). ഈ വികാരം ചരിത്രപുസ്തകങ്ങളിൽ ഇടംകണ്ടെത്തുന്നതു് സ്വാഭാവികം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലബാറിൽ ഉരുത്തിരിഞ്ഞുവന്ന ‘ദേശീയബോധ’ത്തിനു് പലവിധമായ അർത്ഥമാനങ്ങളുണ്ടായിരുന്നു. വിദേശഭരണത്തെ കടപുഴക്കി എറിയണം എന്ന വികാരത്തെ പ്രചോദിപ്പിക്കുന്നതു് ജന്മി–കുടിയാൻ വ്യവസ്ഥയ്ക്കു് ബ്രിട്ടീഷുകാർ കൊടുത്ത ക്രൂരമുഖമാണു്.
ആ സാഹചര്യം എം. ഗംഗാധരൻ മലബാർ കലാപം 1921–22 എന്ന പുസ്തകത്തിൽ (പരിഭാഷ: എ. പി. കുഞ്ഞാമു—ഡി. സി. ബുക്സ്, കോട്ടയം: 2009) വിശദീകരിക്കുന്നുണ്ടു്:
മലബാറിൽ ഭൂനികുതി ഉണ്ടായിരുന്നില്ല. കച്ചവടക്കാരിൽനിന്നു് ഈടാക്കുന്ന ചുങ്കമായിരുന്നു സാമൂതിരിപ്പാടിന്റെ പ്രധാനപ്പെട്ട വരുമാനമാർഗ്ഗം. മൈസൂർ രാജാക്കന്മാർ (1766–1792) ജന്മിക്കു ലഭിച്ചിരുന്ന പാട്ടത്തിന്റെ ഒരു ഭാഗം നികുതിയായിപ്പിരിച്ചു. ബ്രിട്ടീഷുകാർ (1792–1947) ഇതു തുടരുകയും പലപ്പോഴും സർക്കാരിന്റെ വീതം മാറ്റി നിശ്ചയിക്കുകയും ചെയ്തു.
ജന്മിത്തം എന്നതു് ഭൂമിയുടെ മേലുള്ള ഉടമസ്ഥതയല്ല; വിളവിന്റെ ഒരു പങ്കിനു് ഉള്ള അവകാശമാണു്. ബ്രിട്ടീഷുകാർ മനസ്സിലാക്കിയതു് ജന്മിയുടെ പൂർണമായ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കുടിയാൻ കൃഷി ഇറക്കുന്നു എന്നാണു്. അതിന്റെ പ്രതിഫലമായ പാട്ടം കൊടുക്കാത്ത കുടിയാനെ ബലമായി കുടിയൊഴിപ്പിക്കാൻ ജന്മിക്കു് അധികാരമുണ്ടു് എന്നു് അവർ തീർച്ചയാക്കി. ഇങ്ങനെ കുടിയൊഴിപ്പിക്കുന്ന ജന്മിക്കു് സഹായവുമായി അവരുടെ പോലീസ് ചെന്നു.
ഇതു് മലബാറിനു് നേരത്തേ പരിചയമില്ലാത്ത പ്രതിസന്ധിയായിരുന്നു. മഴ കുറവായതുകൊണ്ടോ, വെള്ളപ്പൊക്കംകൊണ്ടോ, മറ്റേതെങ്കിലും കെടുതികൾകൊണ്ടോ പാട്ടം കൊടുക്കാൻ പറ്റാതെ വന്നാൽ അടുത്ത വിളവെടുപ്പിനു് ഇരട്ടിപ്പാട്ടം ഈടാക്കുക എന്നതായിരുന്നു ഇവിടത്തെ രീതി. പാട്ടം കൊടുക്കാത്തതിന്റെ ശിക്ഷയായി കുടിയൊഴിപ്പിച്ചിരുന്നില്ല.
***
ബ്രിട്ടീഷുകാരുടെ കാലത്തു് അന്യായമായ കുടിയൊഴിപ്പിക്കലിനു വിധേയരായ മാപ്പിളക്കുടിയാന്മാർ ചെറുത്തുനില്പു് ആരംഭിച്ചു. ജന്മിമാരെയോ കാര്യസ്ഥന്മാരെയോ അവരുടെ സഹായികളെയോ കൊല്ലുന്ന തലത്തിലേക്കു് ചില ഘട്ടങ്ങളിൽ ഈ എതിർപ്പു് പടർന്നു. 1836–1919 കാലത്തിനിടയ്ക്കു് ഇത്തരം ലഹളകൾ പലതുണ്ടായി. മലബാറിന്റെ ചരിത്രത്തിൽ ‘മാപ്പിള ലഹളകൾ’ എന്നു് അറിയപ്പെടുന്നതു് ഈ കുടിയാൻകലാപങ്ങളാണു്. ഈ ചെറുത്തുനില്പിനു് പ്രചോദനം നൽകി എന്നതിന്റെ പേരിൽ ബ്രിട്ടീഷുകാർ മമ്പുറം സയ്യിദ് ഫസൽ പൂക്കോയത്തങ്ങളെ നാടുകടത്തി (1852). മാപ്പിളമാർ പക വീട്ടിയതു് മലബാർ കലക്ടർ കൊണോലിയെ കൊന്നിട്ടാണു് (1855).
19–20 നൂറ്റാണ്ടുകളിൽ മലബാറിൽ നടന്ന ഈ സംഭവങ്ങളുടെ സ്വഭാവം സങ്കീർണ്ണമാണു്:
- ചെറുത്തുനില്പു് വിദേശഭരണകൂടത്തെ വെല്ലുവിളിക്കുന്നു—ആ വഴിക്കു് അതിനൊരു രാഷ്ട്രീയവശമുണ്ടു്.
- കുടിയാന്മാർ ജന്മിമാർക്കെതിരെ പ്രതിരോധം നടത്തുന്നു. ആ വഴിക്കു് അതിനൊരു സാമ്പത്തികവശമുണ്ടു്.
- ഒരു സമുദായത്തിലെ ആളുകൾ മറ്റൊരു സമുദായത്തിലെ ആളുകളെ ആക്രമിക്കുന്നു—ജന്മിത്തത്തിന്റെ ക്രൂരതകൾക്കു് ഭിന്നമതക്കാരും ഭിന്നജാതിക്കാരും വിധേയരായിരുന്നുവെങ്കിലും മാപ്പിളമാർ മാത്രമേ എതിർത്തുനിൽക്കുന്നുള്ളൂ. പ്രതികാരത്തിനു് വിധേയരാകുന്നതു് ജന്മിമാരോ കാര്യസ്ഥന്മാരോ ആയ ഹിന്ദുക്കളാണുതാനും—ആ വഴിക്കു് അതിനൊരു സാമുദായികവശമുണ്ടു്.
***
ഇതിന്റെ നടുവിലേക്കാണു് ഖിലാഫത്തു് പ്രസ്ഥാനവും നിസ്സഹരണപ്രസ്ഥാനവും വന്നെത്തുന്നതു്.
ഒന്നാം ലോകയുദ്ധം (1914–1918) വരെ മുസ്ലീം ലോകത്തിന്റെ ‘ഖലീഫ’യായി അംഗീകരിക്കപ്പെട്ടിരുന്ന തുർക്കി സുൽത്താന്റെ ആ പദവി പുനഃസ്ഥാപിക്കണം എന്നും അദ്ദേഹത്തിന്റെ വരുതിയിലായിരുന്ന മക്ക, മദീന എന്നീ പുണ്യകേന്ദ്രങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടു് ലോകമുസ്ലീങ്ങൾ ബ്രിട്ടീഷുകാർക്കെതിരേ ആരംഭിച്ച സമരമാണു് ഖിലാഫത്തു് പ്രസ്ഥാനം (1919). മുഹമ്മദലി, ഷൗക്കത്തലി, അബുൽക്കലാം ആസാദ് തുടങ്ങിയ ഇന്ത്യൻ ദേശീയനേതാക്കൾ അതിനെ അനുകൂലിച്ചു. ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഖിലാഫത്തിനു് പിന്തുണ നൽകി.
ശ്രദ്ധേയമായ കാര്യം: മുസ്ലിംലീഗ് നേതാവു് മുഹമ്മദാലി ജിന്ന ഖിലാഫത്തു് പ്രസ്ഥാനത്തിനു് എതിരായിരുന്നു. അക്കാലത്തു് ആധുനിക ജനാധിപത്യരാഷ്ട്രസങ്കല്പങ്ങളെ വിലമതിച്ചിരുന്ന അദ്ദേഹത്തിനു് പൗരോഹിത്യത്തോടുണ്ടായിരുന്ന കയ്പു് ആവാം, കാരണം. കോൺഗ്രസ് ഖിലാഫത്തിനു് പിന്തുണ കൊടുത്താൽ ജനങ്ങൾക്കിടയിൽ മതവിഭാഗീയത ഉരുത്തിരിയുമെന്നു് ജിന്ന വാദിച്ചു.
ആദ്യകാലത്തു് കോൺഗ്രസ് നേതാവായിരുന്ന ജിന്ന 1913-ൽ ലീഗിൽ ചേർന്നുവെങ്കിലും നിസ്സഹകരണപ്രസ്ഥാനവുമായി വിയോജിക്കുന്ന കാലം (1920) വരെ പല കാര്യങ്ങളിലും കോൺഗ്രസ്സുമൊത്തു പ്രവർത്തിച്ചിരുന്നു എന്നോർക്കുക.
ബ്രിട്ടീഷ് ഭരണകൂടവുമായി എല്ലാ നിലയ്ക്കും നിസ്സഹകരിക്കുക എന്ന ഗാന്ധിയൻ സമരമാണു് നിസ്സഹകരണ പ്രസ്ഥാനം (1920). ഇതു് തീർത്തും അഹിംസാനിഷ്ഠമാണു്. മർദ്ദനം സഹിക്കുകയും അറസ്റ്റിനു വഴങ്ങുകയും ചെയ്യുക എന്നതാണു് രീതി.
കുടിയാൻപ്രശ്നങ്ങളും ഖിലാഫത്തും ഉണ്ടാക്കിയ അസ്വാസ്ഥ്യത്തെ നിസ്സഹകരണപ്രസ്ഥാനവുമായി കണ്ണിചേർത്തതു് കോൺഗ്രസിന്റെ മഞ്ചേരി സമ്മേളനമാണു് (1920). മലബാറിൽ നിസ്സഹകരണപ്രസ്ഥാനത്തെ ചൂടാറാതെ നിലനിർത്തിയതു് ഖിലാഫത്തിനെക്കുറിച്ചുള്ള മാപ്പിളമാരുടെ ആധികളായിരുന്നു. മാപ്പിളക്കുടിയാന്മാരെ ഉണർത്തുന്നതിൽ ഖിലാഫത്തു് പ്രസ്ഥാനം എത്ര വലിയ പങ്കുവഹിച്ചു എന്നു് കുടിയാൻ പ്രസ്ഥാനത്തിനുണ്ടായ വളർച്ച കാണിക്കുന്നുണ്ടു്.
മലബാറിൽ വക്കീലന്മാരായ ചില കോൺഗ്രസ് നേതാക്കന്മാർ 1921 ജനുവരിയിൽ കോടതിയിൽ പോകുന്നതു് നിർത്തി. അങ്ങനെയാണു് മലബാറിൽ നിസ്സഹകരണപ്രസ്ഥാനം തുടങ്ങിയതു്.
1921 മാർച്ചിൽ ഇരുപതിനായിരത്തിലധികം ആളുകൾ പങ്കെടുത്ത ഖിലാഫത്തു് സമ്മേളനം പൊന്നാനി താലൂക്കിലെ കൽപകഞ്ചേരിയിൽ നടന്നു എന്നറിഞ്ഞാൽ എത്രയെളുപ്പം ആ രാഷ്ട്രീയകാലാവസ്ഥ കത്തിപ്പടർന്നു എന്നു മനസ്സിലാവും. കോൺഗ്രസ്സിന്റെ ആദ്യത്തെ അഖിലകേരള സമ്മേളനം ചേർന്നതു് 1921 ഏപ്രിൽ 22, 26 തിയ്യതികളിൽ വള്ളുവനാടു് താലൂക്കിലെ ഒറ്റപ്പാലത്താണു്.
കുടിയാൻപ്രസ്ഥാനം, ഖിലാഫത്തു് പ്രസ്ഥാനം, നിസ്സഹകരണ പ്രസ്ഥാനം ഇവ മൂന്നും കൂടിച്ചേർന്ന ആ ചരിത്രസന്ധിയിലേക്കാണു് മുഹമ്മദ് അബ്ദുറഹിമാൻ അലിഗഢിലെ പഠിത്തം ഉപേക്ഷിച്ചു് വന്നെത്തുന്നതു്. കോൺഗ്രസ്സുകാരനും അഹിംസാവാദിയും ആയ ആ ചെറുപ്പക്കാരൻ ഖിലാഫത്തു് കമ്മിറ്റിയുടെ സെക്രട്ടറിയായി. അദ്ദേഹത്തിനോ, കെ. പി. കേശവമേനോൻ, കെ. കേളപ്പൻ, ഇ. മൊയ്തുമൗലവി, കെ. മാധവൻ നായർ മുതലായ മറ്റു കോൺഗ്രസ്സ് നേതാക്കൾക്കോ തടയാനാവാത്ത മട്ടിൽ 1921 ആഗസ്റ്റ് 20-നു് ‘മലബാർ കലാപം’ പൊട്ടിപ്പുറപ്പെട്ടു. തിരൂരങ്ങാടിയിൽ ബ്രിട്ടീഷ് പോലീസുമായി ഏറ്റുമുട്ടിയാണു് തുടക്കം. പിറ്റേന്നു് ലഹളക്കാർ നിലമ്പൂർ കോവിലകം ആക്രമിച്ചു് കുടിയാന്മാരുടെ മേൽ ജന്മിക്കു അധികാരം നൽകുന്ന അനേകം രേഖകൾ നശിപ്പിച്ചു. വിദേശ സർക്കാരിനെതിരായി ആരംഭിക്കുകയും ജന്മിമാർക്കെതിരായി പടരുകയും ചെയ്ത കലാപം ചിലേടങ്ങളിൽ വർഗ്ഗീയമായിത്തീർന്നു്, നിർബ്ബന്ധമതപരിവർത്തനത്തിലേക്കും മറ്റും വഴിതെറ്റിപ്പോയി.
***
ഉറ്റു നോക്കിയാൽ കാണാം, കലാപത്തിന്റെ ഉള്ളടക്കം സങ്കീർണ്ണമാണു്: ഒരു കാഴ്ചപ്പാടിൽ, അതു ‘ദേശീയ’മാണു്; മറ്റൊന്നിൽ അതു് ‘കാർഷിക’മാണു്; വേറൊന്നിൽ അതു ‘വർഗ്ഗീയ’മാണു്. ആ നോട്ടപ്പാടുകളെയെല്ലാം ശരിവെയ്ക്കുന്ന മട്ടിൽ അതിന്റെ സ്വഭാവം മറിയുന്നുണ്ടു്.
ഇന്നു് ഓരോ കക്ഷിയും ആ ചരിത്രസംഭവം ഉപയോഗപ്പെടുത്തുന്നതാണു് നാം കാണുന്നതു്. കോൺഗ്രസ്സുകാർ അതിന്റെ ബ്രിട്ടീഷ് വിരുദ്ധതയും കമ്മ്യൂണിസ്റ്റുകാർ ജന്മിവിരുദ്ധതയും ബി. ജെ. പി.-ക്കാർ ഹിന്ദുവിരുദ്ധതയും ഉയർത്തിപ്പിടിക്കുന്നു. മുസ്ലിംലീഗുകാർ ബ്രിട്ടീഷ്വിരുദ്ധതയ്ക്കും ജന്മിവിരുദ്ധതയ്ക്കും തുല്യപ്രാധാന്യം നല്കുന്നു.
ഇസ്ലാമികരാഷ്ട്രസ്ഥാപനത്തിനുവേണ്ടി നടന്ന ‘വിശുദ്ധ യുദ്ധം’ (ജിഹാദ്) ആയി അതിനെ വ്യാഖ്യാനിക്കുവാൻ ജമാഅത്തെ ഇസ്ലാമിക് പഴുതുകിട്ടാനും സാദ്ധ്യതയുണ്ടു്. കാരണം, തങ്ങൾ തുർക്കി സുൽത്താന്റെ ഖിലാഫത്തു് പദവി പുനഃസ്ഥാപിച്ചുകിട്ടാനും മുസ്ലിം പുണ്യകേന്ദ്രങ്ങൾക്കു് സംരക്ഷണം നൽകാനുംവേണ്ടി ബ്രിട്ടനോടു് സമരം ചെയ്യുകയാണു് എന്നു വിശ്വസിക്കുന്നതിനുപകരം, ബ്രിട്ടന്റെ ഭരണം അവസാനിപ്പിച്ചു് മലബാറിൽ ‘ഖിലാഫത്തു് ഭരണം’ സ്ഥാപിക്കാൻ പോരാടുകയാണു് എന്നു വിശ്വസിച്ച കുറെപ്പേർ ആ കൂട്ടത്തിലുണ്ടായിരുന്നു. അതുകൊണ്ടാണു് ഏതാനും ചില പ്രദേശങ്ങളിൽ നിർബന്ധ മതപരിവർത്തനം നടന്നതു്—ബ്രിട്ടീഷ് വിരോധത്തിനോ, ജന്മിവിരോധത്തിനോ വിശ്വാസം മാറേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെയാണു് കലാപനായകൻ വാരിയംകുന്നത്തു് കുഞ്ഞഹമ്മദ് ഹാജി ക്കു് ഒരു ഘട്ടത്തിൽ ‘സമരം ഹിന്ദുക്കൾക്കെതിരിലല്ല, വെള്ളക്കാർക്കെതിരിലാണു്’ എന്ന ചില അനുയായികളോടും മറ്റുള്ളവരോടും വിശദീകരിക്കേണ്ടിവന്നതു്.
‘പ്രതിരോധത്തിന്റെ പ്രത്യയശാസ്ത്രം’ എന്നു് സാധാരണക്കാർക്കു് എളുപ്പം പിടികിട്ടാത്ത ഭാഷയിൽ സ്വന്തം ‘നിലപാടു് ’ പ്രഖ്യാപിക്കുന്ന സായുധസമരക്കാരായ എൻ. ഡി. എഫുകാർക്കു് അപ്പറഞ്ഞതിന്റെ പൂർവ്വരൂപമായി ചൂണ്ടിക്കാണിക്കാൻ പാകത്തിൽ ആ കലാപത്തിൽ ചിലതുണ്ടു്, വേണ്ടിവന്നാൽ വാളെടുക്കാമെന്നും ‘ആത്മരക്ഷ’യ്ക്കു വേണ്ടി കൊല്ലുന്നതു് തെറ്റല്ലന്നും ആലോചനാശീലം കുറഞ്ഞ യുവാക്കളെ പഠിപ്പിക്കുവാൻ അവരുപയോഗിക്കുന്ന ഒരു മാതൃക, ‘മലബാർ കലാപം’ ആണു്. ‘പ്രതിരോധവും പ്രത്യാക്രമണവും ഹിംസയല്ല’ എന്നാണു് അവരുടെ സിദ്ധാന്തം.
വല്ലവരുമല്ല, ഗാന്ധിജിയാണു് 1924-ൽ എഴുതിയതു്; ‘മലബാർ കലാപത്തെ സംബന്ധിച്ച സത്യം നമ്മളൊരിക്കലും കണ്ടെത്തുകയില്ല.’
***
ഞാൻ വിചാരിക്കുന്നു: മർദ്ദനത്തിലൂടെ അധികാരികൾ പ്രകോപനമുണ്ടാക്കി എന്നതു് സത്യമാണെങ്കിലും മലബാർ കലാപം അരുതാത്തതായിരുന്നു. അതുമൂലം ബ്രിട്ടീഷുകാരെക്കാളും ഹിന്ദുക്കളെക്കാളും ദുരിതമനുഭവിച്ചതു് മുസ്ലീങ്ങളാണു്—വാളെടുത്തതിന്റെ വില അവർ കൊടുക്കേണ്ടിവന്നു.
ഖിലാഫത്തിന്റെ പേരിൽ ആയുധമെടുക്കുന്നതു് ന്യായീകരിക്കാനാവാത്ത അക്രമമാണെന്നു് കലാപകാരികളോടു് വൻ ക്ഷോഭത്തോടെ പ്രസംഗിച്ചതു് മറ്റാരുമല്ല, ഖിലാഫത്തു് കമ്മിറ്റിയുടെ കേരളത്തിലെ സെക്രട്ടറി മുഹമ്മദ് അബ്ദുറഹിമാനാണു്! കലാപത്തിൽനിന്നു് പിന്തിരിയണമെന്നു് മാപ്പിളമാരെ ആവർത്തിച്ചു് ഉപദേശിച്ച മതപണ്ഡിതന്മാരാണു് ഇ. മൊയ്തു മൗലവി യും കെ. എം. മൗലവി യും കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരും. ആത്മഹത്യാപരമായ കലാപംകൊണ്ടുള്ള ഗുണം ബ്രിട്ടീഷുകാർക്കു മാത്രമാണു് എന്നു് വിവേകമുള്ള കൂട്ടത്തിലായിരുന്നു അവരെല്ലാം.
കലാപംകൊണ്ടു് ബ്രിട്ടീഷുകാർക്കുണ്ടായ പ്രയോജനങ്ങൾ:
- നിസ്സഹകരണപ്രസ്ഥാനക്കാരും ഖിലാഫത്തുപ്രസ്ഥാനക്കാരും വഴിപിരിഞ്ഞു. ഇതു് സ്വാതന്ത്ര്യസമരത്തെ ദുർബലമാക്കി.
- ഹിന്ദുക്കളും മുസ്ലീങ്ങളും സമുദായങ്ങൾ എന്ന നിലയിൽത്തന്നെ അകന്നു. ഇതും സ്വാതന്ത്ര്യസമരത്തെ ദുർബലമാക്കി.
- സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന കോൺഗ്രസ്സിനു് മുസ്ലീങ്ങളെയും മുസ്ലീങ്ങൾക്കു് കോൺഗ്രസ്സിനെയും വിശ്വാസമില്ലാതായി. അബ്ദുറഹിമാൻ, മൊയ്തുമൗലവി തുടങ്ങിയവരും അവരുടെ അനുയായികളുമായി കുറച്ചുപേരുമേ ഇതിനു് അപവാദമായി ഉണ്ടായിരുന്നുള്ളൂ.
- ജന്മിമാർക്കെതിരെ ചെറുത്തുനില്പു നടത്തുന്ന മലബാറിലെ മുസ്ലീങ്ങളെ ‘കുറ്റവാളിസമൂഹം’ ആയി ചിത്രീകരിക്കാനും പലവിധമായ ശിക്ഷകൾക്കു വിധേയരാക്കാനും ബ്രിട്ടീഷുകാർക്കു് തഞ്ചം കിട്ടി—എത്രയോ പേരെ വെടിവെച്ചുകൊന്നു; എത്രയോ പേരെ തൂക്കിക്കൊന്നു; എത്രയോ പേരെ തടവിലിട്ടു; എത്രയോ പേരെ നാടുകടത്തി; എത്രയോ പേരെ അംഗവിഹീനരാക്കി…
***
ഖിലാഫത്തിനു് പിന്തുണ കൊടുത്താൽ ജനങ്ങൾക്കിടയിൽ മതവിഭാഗീയത വളരുമെന്നു് ജിന്ന ഗാന്ധിക്കു് കൊടുത്ത താക്കീതു് മലബാറിൽ പുലർന്നു. മുസ്ലീങ്ങളെ ദേശീയപ്രസ്ഥാനത്തിലേക്കു് കൊണ്ടുവരുന്നതിനു വേണ്ടിയാണു് കോൺഗ്രസ് ഖിലാഫത്തു് പ്രസ്ഥാനവുമായി സഹകരിച്ചതു്. ഫലം നേർവിപരീതമായിത്തീർന്നു: കലാപത്തെ തള്ളിപ്പറഞ്ഞ കോൺഗ്രസ്, ഒരുവിഭാഗം ഖിലാഫത്തുകാർ നിസ്സഹകരണപ്രസ്ഥാനത്തെയും അഹിംസാമാർഗ്ഗത്തെയും പിന്നിൽനിന്നു് കുത്തി എന്നാണു് വിലയിരുത്തിയതു്. തങ്ങളെ ഒറ്റപ്പെടുത്തിയതിലൂടെ കോൺഗ്രസ് വൻചതിയാണു് ചെയ്തതു് എന്നു് ഒരു വിഭാഗം മുസ്ലീങ്ങളും വിലയിരുത്തി. ഇതു് മുസ്ലീങ്ങൾക്കിടയിൽ സാമുദായികവാദം ശക്തിപ്പെടാനും മുസ്ലീം ലീഗ് ഇല്ലാതിരുന്ന മലബാറിൽ പിന്നീടു് ലീഗ് രൂപപ്പെടാനും (1937) ഇടയാക്കി.
ആറുമാസം നീണ്ടുനിന്ന കലാപത്തിന്റെ മുറിവുകൾ അത്ഭുതകരമായ വേഗത്തിൽ ഉണങ്ങിയതായി കാണുന്നു. ഉപ്പുസത്യാഗ്രഹത്തിന്റെ കാലത്തും (1930) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ കാലത്തുമെല്ലാം (1942) ജാതിമതഭേദമില്ലാതെ, ദേശീയബോധത്തോടെ, സ്വാതന്ത്ര്യത്തിനുവേണ്ടി ഒന്നിച്ചു പൊരുതുന്ന മലബാറുകാരെ നാം ചരിത്രത്തിൽ കണ്ടുമുട്ടുന്നുണ്ടു്.
***
(ദേശാഭിമാനി വാരിക: 15 ജനുവരി 2012.)
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.