നിങ്ങൾ അതു ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ—ആർ. രാമചന്ദ്രൻമാസ്റ്ററു ടെ മുഖത്തെപ്പോഴും ഒരു കള്ളച്ചിരിയുണ്ടു്. വർത്തമാനം പറയുമ്പോൾ അതൊന്നുകൂടി തെളിയും. അല്ലാത്തപ്പോഴും അതവിടെയുണ്ടു്. അതൊരു സ്ഥായി ഭാവമാണു്. എന്താണു് ഈ ചിരിയുടെ കള്ളി?
ശൂന്യതയാണു്, വ്യർത്ഥതയാണു് ആ കവിതയുടെ കാമ്പു്—ജീവിതം തീർത്തും നിരർത്ഥകമാണെന്ന ബോധ്യം. എങ്കിലും അദ്ദേഹം പ്രകൃതിയുടെ ചാരുത കണ്ടറിയുന്നുണ്ടു്; മനുഷ്യരുടെ സങ്കടങ്ങൾ തൊട്ടറിയുന്നുണ്ടു്; ഇവയെല്ലാം ബിംബമധുരമായും സംഗീതസാന്ദ്രമായും അടയാളപ്പെടുത്തുന്നുണ്ടു്.
ഒന്നും നേടാനും ഒന്നും നഷ്ടപ്പെടാനും ഇല്ലാത്ത ഈ ജീവിതത്തിനുവേണ്ടി എന്തെല്ലാം ദുഃഖങ്ങളും ദുരിതങ്ങളും ജീവജാലങ്ങൾ പേറേണ്ടി വരുന്നു എന്നതാണു് രാമചന്ദ്രന്റെ ആധി. ജീവിച്ചിരിക്കുക എന്നതുതന്നെയും എന്തൊരു സങ്കടമാണു് ! സുഖദുഃഖങ്ങളുടെ ഭാരം ഭേസുവാൻ വിധിക്കപ്പെട്ടിരിക്കുന്നവരുടെ നിത്യമായ ശോകമാണു് രാമചന്ദ്രന്റെ ഒരേയൊരു പ്രമേയം.
ഈ പെടാപാടെല്ലാം പെടുന്നതു് വ്യർത്ഥതയ്ക്കുവേണ്ടിയാണല്ലോ—ഉള്ളതു് ഇല്ലായ്മ മാത്രം. നുര കൈയിൽ പിടിച്ചതുപോലെ ഒരേർപ്പാടു്! ആലോചിച്ചു നോക്കിയാൽ തമാശ തോന്നും:

“ഞാൻ രാവിൽ തനിച്ചിരുന്നു് ഉറക്കെക്കരയുന്നു. ആ കരഞ്ഞതോർത്തു് പകൽ മുഴുവൻ ചിരിക്കുന്നു. പിന്നെ ചിരിച്ചതോർത്തു് ഉറക്കെക്കരയുന്നു. പിന്നെ കരഞ്ഞതോർത്തു് ചിരിക്കുന്നു. പിന്നെ ചിരിച്ചതോർത്തു കരയുന്നു. രാവും പകലും കരച്ചിലും ചിരിയുമാണു്—” ‘ഭ്രാന്തൻ’ എന്ന കവിതയുടെ സാരമാണിതു്. അയ്യപ്പപ്പണിക്കരുടെ ഇണ്ടനമ്മാവന്റെ കാലിലെ ചളിപോലെ ചിരിയും കരച്ചിലും മാറിക്കളിക്കുന്നതിലെ നേരംപോക്കു്!
‘കാലം’ എന്ന കവിതയിലും കാണാം: ‘ഞാൻ ഒന്നും അറിയാതെ ഏറെച്ചിരിച്ചു; ഒന്നും കാണാതെ ഏറെക്കരഞ്ഞു. ഇനി എല്ലാം അറിഞ്ഞൊന്നു് കരയാനും എല്ലാം കണ്ടൊന്നു് ചിരിക്കാനും നേരമില്ല!’
കരച്ചിൽ തന്നെയാണു് ചിരിയായി മാറുന്നതു്; ചിരി തന്നെയാണു് കരച്ചിലായി മാറുന്നതു്. ഇതിലൊന്നും വലിയ കഥയില്ല.
ഈ കഥയില്ലായ്മയുടെ ബാക്കിപത്രം ഒരിളംചിരിയാണു്. ‘കവിയുമാനന്ദത്താൽ പാറിക്കളിക്കുമെൻ കവിത’ എന്നു് തന്റെ കവിതയെ അദ്ദേഹം വിശേഷിപ്പിക്കുന്നതു് (പൊൻകിളി) ഈ അർത്ഥത്തിലാവണം. “നറുമലർപോലെ മന്ദഹസിക്കാൻ ചെറുതും ഹൃത്തിനു കഴിവീലയെങ്കിൽ… അരുതേ പരിഭവം—നിങ്ങൾക്കീ വാടിയരുളുകില്ലല്ലോ സ്വാഗതം തെല്ലും” എന്നു് സ്വന്തം പൂങ്കാവനത്തിന്റെ കവാടത്തിൽ എഴുതിവെച്ചതിന്നു് (പുഷ്പവാടി) രാമചന്ദ്രകവിയെ കുറ്റം പറയാൻ വയ്യ.
നേരിയൊരു തമാശയിലാണു് അദ്ദേഹം പ്രകൃതിപ്രതിഭാസങ്ങൾ പോലും നോക്കിക്കാണുന്നതു്. ഈ വിശ്വരംഗത്തിൽ നുര ചിന്നിപ്പായുന്ന വെള്ളക്കുതിരമേൽക്കേറി പകൽ ഇരുളിനെപ്പിടിക്കുന്ന ദൃശ്യം (വിരഹവേദന) അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ടു്.
ജീവിതത്തെ നിഴൽ എന്നു പ്രതീകവത്കരിക്കാനുള്ള മോഹം ഈ കവി ആവർത്തിച്ചുറപ്പിക്കുന്നു. ഇടയ്ക്കു് നർമ്മം കലർത്തി ‘പാഴ്‌നിഴൽ’ എന്നും വിളിച്ചുകളയും:
പാടീ ഞാനൊരു പൂങ്കുയിൽപോലെ
പാഴ്‌നിഴലല്ലിസ്സുന്ദരലോകം!
(കൃതജ്ഞത)
ജീവിതത്തിൽ ഉള്ളടങ്ങിക്കിടക്കുന്ന വൈരുദ്ധ്യം എപ്പോഴും കണ്ടു കിട്ടുന്നതുകൊണ്ടാവാം, ആത്യന്തികമായ ശോകം ആവിഷ്കരിക്കുവാൻ ഈ കവിത കണ്ടെത്തുന്ന ഉപായങ്ങളിൽ പ്രധാനം നർമ്മമാണു്:
പൊട്ടിവിരിഞ്ഞ നിലാവിൽ ഈ മന്നൊരു മാൻപേടയായി മാറിയ രാത്രിയിൽ, വാർമഴവില്ലിന്റെ നിറങ്ങൾ വിളയുന്ന തോപ്പിൽ പെറ്റുവളർന്ന പറവയെപ്പോലുള്ള ഒരോമൽക്കിനാവു് പാറിയടുത്തണഞ്ഞു് എന്നോടു് ചോദിച്ചു: ‘എന്നെ മറന്നുവോ?’ ഞാൻ പറഞ്ഞു: ‘അന്നു നീ നല്കിയ പൂക്കളുടെ ഓർമ്മയിലാണു് ഞാനിന്നും ജീവിക്കുന്നതു്.’ വിളറിപ്പോയ കിനാവു് പറഞ്ഞു: ‘അയ്യോ, നിനക്കു് ഞാൻ തന്നതു് നിഴലുകളായിരുന്നു.’ പുഞ്ചിരിച്ചുകൊണ്ടു് ഞാൻ പറഞ്ഞു: ‘നീയാണു് വഞ്ചിത. ഞാനും ഒരു നിഴൽ മാത്രമാണു്.’ ‘മിഥ്യയുടെ പരാജയം’ എന്ന കവിത ഇത്രയേയുള്ളു.

‘അവനിവാഴ്‌വു് കിനാവു് കഷ്ടം!’ (വീണപൂവു്: ആശാൻ) എന്ന വെളിവു തന്നെയാണിതു്. ജീവിതം ഒരു നിഴലാണു്. അതിനകത്തെ കിനാവു് നിഴലുകൊണ്ടു് വഞ്ചിക്കുന്നു—ജീവിതം മറ്റൊരു നിഴലാണെന്നറിയാതെ. ഏതാണു് കിനാവു്, ഏതാണു് നിഴൽ? കിനാവു് നിഴലിനെയും നിഴൽ കിനാവിനെയും തിരിച്ചറിയാത്തതാണു് രസം. ‘ചിന്താവിഷ്ട’രായിത്തീരുന്ന ആർക്കും
നിഴലിൻ വഴി പോയുഴലാ
ഭോഗമിരുന്നു ഞാനിനി
(സീത: ആശാൻ) എന്ന തീർപ്പിലേയ്ക്കു് ഉണരേണ്ടി വരും. പക്ഷേ, ആ ഉണർച്ച വന്നെത്തുമ്പോഴേയ്ക്കു കാലം തീരും! ഈ ശോകകഥയുടെ ഏടുകൾ മറച്ചിട്ടും മറിച്ചിട്ടും തീരുന്നില്ല.
ഏറ്റവും വലിയ ദുഃഖമൂർത്തി ഈശ്വരനാണല്ലോ എന്നു് രാമചന്ദ്രൻ സങ്കടപ്പെടുന്നുണ്ടു്. മറ്റുളളവരാൽ ‘ആനന്ദസ്വരൂപൻ’ എന്നു വാഴ്ത്തപ്പെടുന്ന സാക്ഷാൽ ജഗദീശ്വരന്റെ സ്ഥിതിയാണിതു് ! ഈശ്വരന്റെ ദുഃഖത്തിനു് ‘ദിവ്യദുഃഖം’ എന്നു് ബഹുമാനപ്പേരു് ചാർത്തിയിരിക്കുന്നു. ഈശ്വരന്റെ അശാമ്യമായ രോദനമാണു് കാലം! അവന്റെ കരാളമായ ദുഃഖമാണു് വാനം! ആത്മവിസ്മൃതി തേടി ഈശ്വരൻ നടത്തുന്ന സർഗലീലയിൽ ആ അഴൽ നിഴലിക്കുന്നതു് സ്വാഭാവികം. എല്ലാ ശോകത്തിന്റെയും ഉത്തരവാദി ഈശ്വരനാണു് ! (ദിവ്യദുഃഖത്തിന്റെ നിഴലിൽ)
ഇങ്ങനെ ഈശ്വരനെ പഴിചാരുമ്പോഴും അങ്ങനെ‘യൊരാൾ’ ഉണ്ടോ എന്നു് തനിക്കറിഞ്ഞുകൂടെന്ന രാമചന്ദ്രൻ മാസ്റ്ററുടെ അജ്ഞേയതാവാദം ഈ പരിഹാസത്തെ അപനിർമ്മിക്കുന്നുണ്ടു്! മറ്റൊരു തമാശ!
ഈ കവിതയുടെ സത്ത ബൗദ്ധമാണു്. മലയാളകവിതയിൽ ഇതിനു മുമ്പു് ആശാനിൽ മാത്രമേ നാം ബൗദ്ധസാന്നിധ്യം കണ്ടിട്ടുള്ളൂ. ബുദ്ധനെ ജാതിവിമർശനത്തിന്റെ സാമൂഹ്യമാനങ്ങളിലൂടെ ആശാൻ ആവാഹിച്ചപ്പോൾ ശൂന്യതാബോധത്തിന്റെ വൈയക്തികാനുഭൂതിയിലൂടെ രാമചന്ദ്രൻ ആവിഷ്കരിച്ചു. ജീവിതത്തിന്റെ സ്വഭാവമായി ശോകത്തെ സ്വീകരിക്കുകയും അതിന്റെ ഉള്ളടക്കമായി ശൂന്യതയെ തിരിച്ചറിയുകയും ചെയ്യുന്ന വിവേകമാണിതു്. ആ വിവേകത്തിന്റെ പ്രകാശമാണു് ചിരി.
ബാഗ്ദാദിലെ സൂഫി കവികളുടെ പാരമ്പര്യത്തിന്റെ ഒരു ധാരയും രാമചന്ദ്രനിൽ പുലരുന്നുണ്ടു്. ഐഹിക ജീവിതത്തിന്റെ തുച്ഛതകളിലേയ്ക്കു് ചൂണ്ടിച്ചൂണ്ടി അവരും എത്തിച്ചേരുന്നതു് ചിരിയിൽത്തന്നെ. ‘ചിരിയില്ലാതെ സൂഫിയില്ല’ എന്നതു് അവർക്കിടയിൽ എന്നേ ഒരു ചൊല്ലായിത്തീർന്നിരിക്കുന്നു!
ജീവിതത്തിന്റെ അസംബന്ധതയെ സംബന്ധിച്ച കാഴ്ച തന്റെ ഉള്ളിൽ ചിരിയായിട്ടാണു് കുടിപാർക്കുന്നതു് എന്നു് കവി സ്വയം തിരിച്ചറിയുന്നുണ്ടു്:
ചിരിച്ചു കിടക്കയാ-
ണാതിരനിലാവുതൻ പൂമണിക്കുലയൊ-
ന്നെൻ കരളിൻ മണിമച്ചിൽ
ദേവകന്യക തൻ കിനാവിന്റെ
നഗ്നസൗന്ദര്യം പോലെ.
(മാർഗദർശകൻ)
കരച്ചിലിനെപ്പറ്റി ഒരു സെമിനാർ നടത്തുന്നതിന്റെ തമാശ ഈ കവി മാത്രമേ ആലോചിച്ചു കാണൂ (രോദനം). ഇക്കാലത്തെ ചങ്ങാത്തത്തിന്റെ പൊള്ളത്തരത്തെ രാമചന്ദ്രൻ പരിഹസിച്ചതു് (സൗഹൃദം) ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടു്. ഹാസം ഇവിടെയെല്ലാം പ്രത്യക്ഷമാണെങ്കിൽ ‘ജീവിതമാകുമനാഥശ്ശവം’ എന്ന പ്രയോഗത്തിലേതുപോലെ (എന്തിനു്?) അതു പലേടത്തും പരോക്ഷമാണു്.
സ്വന്തം രചനകളിലെ ഈ ചിരി കവി തിരിച്ചറിഞ്ഞതിന്റെ രേഖയാണു് ‘രാഗമാലിക’ എന്ന കൊച്ചുകവിത:
ഭൂവിൻ
വാചാലമാം ഹരിതവിസ്തൃതിയും
വാനിൻ
നിർമ്മൂകമാമനന്തനീലിമയും
ചേർത്തിണക്കി ഞാൻ തീർത്ത
രാഗമാലിക
ഇരവിൽ
എന്നാത്മാവാലപിയ്ക്കവേ
കേട്ടേനതിൽ
മൃതിയെത്തോളത്തേറ്റി-
പ്പായും കാലത്തിൻ
മുഴങ്ങും പൊട്ടിച്ചിരി
ആശാപാശങ്ങളില്ലാത്തതാണു് ആർ. രാമചന്ദ്രന്റെ സൂഫിമനസ്സു്. ആശകളില്ലാത്തതിനാൽ അതു നിരാശ അറിയുന്നില്ല. ആ കവിത നമ്മെ നിരാശയിലേക്കോ ശോകത്തിലേക്കോ ഒഴുക്കിവിടുന്നില്ല. പകരം നമ്മെ നിരാസക്തിയിലേയ്ക്കു് ഉയർത്തിക്കൊണ്ടുപോവുന്നു—സുഖദുഃഖങ്ങൾക്കപ്പുറത്തേക്കു്. ശോകനിഷ്ഠമായ ജീവിതത്തെ വെറുക്കുകയല്ല, അതിനെ അതായി മനസ്സിലാക്കുക എന്നതാണു് ഈ നിരാസക്തിയുടെ പൊരുൾ. അപ്പോൾ സുഖദുഃഖങ്ങളുടെ വ്യർത്ഥതയിൽനിന്നു് ഊറിക്കൂടുന്ന ഈ ഇളംചിരി ഒരു പാഥേയമാകുന്നു.
ആർ. രാമചന്ദ്രൻമാസ്റ്റർ ‘അജന്ത’യിൽ കണ്ണാടി നോക്കുന്നു:
എൻ മിഴിയിൽ തെളിയുന്നി-
തനുതാപാർദ്രം
തഥാഗതമന്ദസ്മിതം.
വള്ളത്തോൾ പത്രിക: മെയ് 2005.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.