മാപ്പിളച്ചൊല്ലു് എന്ന പുതിയ പദപ്രയോഗംകൊണ്ടു് കേരളത്തിലെ മുസ്ലിം സാമൂഹ്യജീവിതത്തിൽ നിന്നു് ഉരുവംകൊണ്ട പഴമൊഴിയും ശൈലിയും ആണു് ഉദ്ദേശിക്കുന്നതു്. ആ വാങ്മയങ്ങളുടെ സവിശേഷതകൾ അന്വേഷിക്കുവാനാണു് ഈ ലേഖനം ഉത്സാഹിക്കുന്നതു്.
മതവിശ്വാസത്തിന്റെ പ്രത്യേകത മാത്രം മുൻനിർത്തി ഭാഷാപ്രയോഗങ്ങളെ വകതിരിച്ചു പഠിക്കേണ്ടതുണ്ടോ?
ആർക്കും എളുപ്പം മനസ്സിലാവുന്നപോലെ പഴമൊഴിയും ശൈലിയും ഒരു ലോകവീക്ഷണത്തിന്റെ ആവിഷ്കാരമാണു്. മതവിശ്വാസം എന്നതു് ഈ സാഹചര്യത്തിൽ അത്തരം വാങ്മയങ്ങൾക്കു് രൂപം കൊടുക്കുന്ന പ്രത്യേക കൂട്ടായ്മയാണുതാനും. ഏതു് സമൂഹത്തിന്റെയും ലോകവീക്ഷണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ മതവിശ്വാസത്തിനും ആചാരങ്ങൾക്കും കാര്യമായ പങ്കുണ്ടാവും. ഉദാഹരണത്തിനു് ‘ഗണപതിക്കു് വെച്ചതു കാക്ക കൊണ്ടുപോയി’ എന്ന ചൊല്ലു് ഒരു പ്രത്യേക വിഭാഗത്തോടു് സംവദിക്കുന്ന അളവിൽ മറ്റു വിഭാഗങ്ങളോടു സംവദിക്കുകയില്ല. ‘നാലുവേട്ട നമ്പൂതിരിക്കു് നടുമുറ്റം ആധാരം’ എന്ന ചൊല്ലു് നമ്പൂതിരിമാർക്കിടയിൽ പണ്ടുണ്ടായിരുന്ന കല്യാണാചാരങ്ങളെപ്പറ്റി അറിയാത്തവർക്കു് പിടികിട്ടുകയില്ല. ‘ബദറിൽ ഇബ്ലീസ് ഇറങ്ങിയ പോലെ’ എന്ന ചൊല്ലു് മുസ്ലിംകൾക്കിടയിൽ മാത്രമുള്ളതാണു്. അതു് മറ്റുള്ളവർക്കു് തിരിഞ്ഞുകിട്ടാൻ പ്രയാസം.
സംസ്കാരത്തോടും ചരിത്രബോധത്തോടും ബന്ധപ്പെട്ടാണു് പഴമൊഴിയും ശൈലിയും രൂപംകൊള്ളുന്നതും നിലനില്ക്കുന്നതും. അതുകൊണ്ടുതന്നെ അവ അന്യഭാഷാപദങ്ങളെ ആവാഹിക്കുന്നു. ഹൈന്ദവപാരമ്പര്യവുമായി ബന്ധപ്പെട്ട പഴമൊഴികളിലും ശൈലികളിലും സംസ്കൃതഭാഷയും പുരാണകഥകളും സ്വാധീനം ചെലുത്തുന്നു. ഈ സ്ഥാനം ക്രൈസ്തവപാരമ്പര്യത്തിൽ പാശ്ചാത്യഭാഷകൾക്കും ബൈബിളിനും ആയിരിക്കും. മുസ്ലിംചൊല്ലുകളിൽ സ്വാഭാവികമായും അറബിഭാഷയും സംസ്കാരവും കാര്യമായ സ്വാധീനം ചെലുത്താം. ചില ഉദാഹരണങ്ങൾ നോക്കൂ: “അയാൾ ഒരു നാരദനാണു്”, “യഥാ രാജാ തഥാ പ്രജാ” തുടങ്ങിയ ചൊല്ലുകൾ ഹൈന്ദവ പാരമ്പര്യത്തോടും “അയാളുടെ പണി മേലധികാരിക്കു് ഓശാന പാടുകയാണു്”, “അയാൾക്കു് ജീവിതം കുരിശാണു് ” തുടങ്ങിയ ചൊല്ലുകൾ ക്രൈസ്തവതയോടും “നിന്റെ ഖുറൈശിത്തരം എന്നോടു് വേണ്ട” (തറവാട്ടു് മഹിമയുടെ ഊറ്റം), “നിയ്യത്ത് പോലെ മയ്യത്ത്” (മനസ്സുപോലെ എല്ലാം) തുടങ്ങിയ ചൊല്ലുകൾ ഇസ്ലാമികതയോടും ബന്ധപ്പെടുത്തി മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ.
അതുകൊണ്ടു്? അതുകൊണ്ടു് മലയാളത്തിലെ ശൈലികളിലെ ഭിന്നസംസ്കാരങ്ങളുടെയും ഭിന്നഭാഷകളുടെയും പ്രത്യക്ഷമോ പരോക്ഷമോ ആയ സ്വാധീനങ്ങൾ വകതിരിച്ചു് മനസ്സിലാക്കുവാൻ ചൊല്ലുകൾ അപഗ്രഥിക്കുന്നതു് ഉപകാരപ്പെടും. മലയാളഭാഷയും കേരളീയജീവിതവും അടുത്തറിയുവാൻ അമ്മാതിരി വിശകലനങ്ങൾ സഹായിക്കും എന്നർത്ഥം. ആ നിലയ്ക്കു് മാപ്പിളച്ചൊല്ലുകളുടെ സവിശേഷതകൾ അന്വേഷിക്കുന്നതു് കേരളീയതാപഠനത്തിന്റെ ഭാഗമായിത്തീരുന്നു.
മാപ്പിളച്ചൊല്ലുകളെ സംബന്ധിച്ച ഏറ്റവും ശ്രദ്ധേയമായ കാര്യം അവയ്ക്കു് അറേബ്യൻ ജീവിതത്തോടു് ഉള്ളതിനേക്കാൾ ബന്ധം കേരളീയ ജീവിതത്തോടുണ്ടു് എന്നതാണു്. ഉദാഹരണത്തിനു് “ഓരോ ഫാൽക്കൺ പക്ഷിയും സ്വന്തം ഇരയിൽ കണ്ണുറപ്പിച്ചാണു് മരിക്കുന്നതു്” എന്നൊരു അറേബ്യൻ ചൊല്ലുണ്ടു്. ആ നാട്ടിലെ വേട്ടപ്പക്ഷിയാണു് ഫാൽക്കൺ. തീർച്ചയായും ഈ ചൊല്ലു് മാപ്പിളമാർക്കിടയിൽ കാണില്ല. അവർ ഇതേ ആശയം പ്രകാശിപ്പിക്കുവാൻ “കുറുക്കൻ ചത്താലും കണ്ണു് കോഴിക്കൂട്ടിൽ” എന്ന മലയാളമൊഴിതന്നെ ഉപയോഗിക്കുന്നു. കാരണം സാമൂഹികതയുടെ അടിപ്പടവായ പ്രാദേശികജീവിതാനുഭവങ്ങളിൽ നിന്നാണു് ചൊല്ലുകൾ ഉദാഹരണവും അലങ്കാരപ്രയോഗങ്ങളും സംഭരിക്കുന്നതു്. അറബികൾക്കിടയിൽ വളരെ പ്രചാരമുള്ള ഒരു ചൊല്ലാണു് “വേനലിന്റെ പരവതാനി വളരെ വിശാലമാകുന്നു” എന്നതു്. വേനലിന്റെ ദുരനുഭവങ്ങളും പരവതാനിയുടെ ഉപയോഗവും കുറഞ്ഞ കേരളത്തിൽ ഇതും പ്രചരിക്കാൻ പ്രയാസം. ഇതുപോലെ “കൊമ്പുകളന്വേഷിക്കുന്ന ഒട്ടകത്തിനു് ഉള്ള കാതും ചേതമാകുന്നു” എന്നു് അറബികൾ പറയാറുണ്ടു്. ആ ആശയം മലയാളികൾക്കും പ്രകാശിപ്പിക്കേണ്ടിവരും. പക്ഷേ, അതിനു് ഇക്കാണുന്ന ഉദാഹരണം പറ്റില്ല. പകരം “കടിച്ചതും ഇല്ല, പിടിച്ചതും ഇല്ല” എന്നാണു് നമ്മുടെ പ്രയോഗം.
എങ്കിലും ഓരോ സമൂഹത്തിലും സ്വന്തം സംസ്കാരത്തോടും സാംസ്കാരികചരിത്രത്തോടും ഉള്ള ഗാഢബന്ധത്തിൽ നിന്നു് ചൊല്ലുകൾ ഉരുവം കൊള്ളാതെ നിവൃത്തിയില്ല. ലേഖനാരംഭത്തിൽ കൊടുത്ത “ബദറിൽ ഇബ്ലീസ് ഇറങ്ങിയപോലെ” എന്ന ചൊല്ലു് ഇത്തരമൊന്നാണു്. ഇസ്ലാമികവിശ്വാസത്തിലെ ശൈത്താനാണു് ഇബ്ലീസ്. മുഹമ്മദ് നബി യും സഹചരന്മാരും ശത്രുക്കളോടു് ആദ്യമായി ഏറ്റുമുട്ടിയ യുദ്ധഭൂമിയാണു് ബദർ. ബദർയുദ്ധത്തിൽ നബിയുടെ ശത്രുക്കളെ സഹായിക്കാൻ വേണ്ടി നബിപക്ഷത്തുള്ള പോരാളികളെ ആശയക്കുഴപ്പത്തിലാക്കുന്ന പണി ഇബ്ലീസ് എടുത്തു എന്നാണു് വിശ്വാസം. ഗൂഢമായ വേലകളിലൂടെ ആശയക്കുഴപ്പം ഉണ്ടാക്കുന്നവനെ കുറിക്കുവാനാണു് മേല്പറഞ്ഞ ചൊല്ലു് ഉപയോഗിക്കുന്നതു്. ഇസ്ലാമികചരിത്രത്തോടു രക്തബന്ധമുള്ള മറ്റൊരു ചൊല്ലു് കേൾക്കൂ: “ബദർ മുഴുവൻ പാടിക്കേട്ടിട്ടും അബൂജാഹിൽ ദീനിൽ കൂടിയോ എന്നു് ചോദിച്ചപോലെ”. അബൂജാഹിൽ മുഹമ്മദ് നബിയുടെ മുഖ്യശത്രുവാണു്; ബദറിൽ കൊല്ലപ്പെട്ടു; അദ്ദേഹം കൊല്ലപ്പെട്ടതോടെ ബദർ നബിക്കു് കീഴടങ്ങി എന്നു് ചരിത്രം. ഈ കഥ വിവരിക്കുന്ന പാട്ടു് മുഴുവൻ പാടിക്കേട്ടിട്ടും അബൂജാഹിൽ നബിയുടെ മതത്തിൽ കൂടിയോ എന്ന ചോദ്യം അജ്ഞത കാണിക്കുന്നു. “രാമായണം മുഴുവൻ പാടിക്കേട്ടിട്ടും രാമൻ സീതയ്ക്കെപ്പടി?” എന്ന ചൊല്ലിനു് സമാന്തരമായി നിലനില്ക്കുന്നതാണിതു്.
സാംസ്കാരിക സവിശേഷതകൊണ്ടു് വന്നുചേരുന്ന ഇത്തരം സമാന്തരശൈലികൾ പലതുണ്ടു്. “കൊല്ലക്കടയിൽ തൂശി വില്ക്കുക” എന്നതിനു് ബദലായി “ബസറയിലേക്കു് കാരക്ക കയറ്റുക” എന്നാണു് മാപ്പിളമാർ പറയുന്നതു്. ഇന്നത്തെ ഇറാക്കിലെ തുറമുഖമായ ബസറയിൽനിന്നാണു് കേരളതീരത്തേക്കു് കാരക്ക (ഈത്തപ്പഴം) വരുന്നതു് എന്നറിഞ്ഞിരുന്നാലേ ഇതിന്റെ സാരസ്യം വ്യക്തമാവൂ.
വേറെ ഉദാഹരണങ്ങൾ:
- മുലപ്പാലിൽ കിട്ടിയതു് ഖബറിലേ മാറൂ—ചൊട്ടയിലെ ശീലം ചുടലവരെ (ശീലത്തിന്റെ ബലം)
- അലിഫ് ബാ അറിയാത്തവൻ—ഹരിശ്രീ അറിയാത്തവൻ (അജ്ഞൻ).
- പള്ളിയിൽ ഈച്ച പോയതുപോലെ—ആനവായിൽ അമ്പഴങ്ങ (നിസ്സാരം)
- കുന്നു് കുലുങ്ങിയാലും കുഞ്ഞാച്ചി കുലുങ്ങൂല്ല—പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല (സ്ഥിരചിത്തത)
- അലീസ വെരകിയതുപോലെ—അവിയൽ പരുവം (അവ്യസ്ഥ)
മാപ്പിളച്ചൊല്ലുകളുടെ മറ്റൊരു പ്രത്യേകത അവയിൽ ധാരാളമായിക്കാണുന്ന അറബിപദസ്വാധീനമാണു്. മാപ്പിളമാരുടെ വാമൊഴിയിൽ നടപ്പുള്ള മിക്ക അറബിവാക്കുകളും സ്വാഭാവികമായി ഇവിടെയും കടന്നുവരുന്നു.
ഉദാഹരണം:
- കണ്ണകന്നാൽ ഖൽബകന്നു (ഖൽബ്—ഹൃദയം)
- തർക്കത്തിനു് ബർക്കത്തില്ല (ബർക്കത്ത് = ദൈവാനുഗ്രഹം)
- ബഖീലിന്റെ കാശ് വൈദ്യന് (ബഖീൽ = ലുബ്ധൻ)
- പൈച്ചാൽ പന്നിയിറച്ചിയും ഹലാൽ (ഹലാൽ = അനുവദനീയം)
- ഫക്കീർ സുൽത്താനായാലും തെണ്ടലു് മാറ്റൂല (ഫക്കീർ = പിച്ചക്കാരൻ)
- തവക്കൽത്തു അലള്ളാ—അല്ലാഹുവിനെ ഭരമേല്പിച്ചു.
- ഖലക്കസ്സമാവാത്തി—എല്ലാം കുഴഞ്ഞുമറിഞ്ഞു.
മുസ്ലിംകളുടെ വേദഗ്രന്ഥമായ ഖുർആന്റെ നേരിട്ടുള്ള സ്വാധീനം പ്രകടിപ്പിക്കുന്ന ചില മാപ്പിളച്ചൊല്ലുകളുണ്ടു്.
മാതൃക:
- അസ്ഹാബുൽകഹ്ഫിന്റെ ഉറക്കം—ഖുർആനിലെ ‘ഗുഹ’ എന്നു പേരായ പതിനെട്ടാം അധ്യായത്തിൽ ഒരുകൂട്ടം യുവാക്കൾ മുന്നൂറിലധികം കൊല്ലം ഉറങ്ങിയ കഥ പറയുന്നുണ്ടു്. അവരെ ഗുഹാവാസികൾ (അസ്ഹാബുൽ കഹ്ഫ്) എന്നു വിളിക്കുന്നു. കുംഭകർണന്റെ ഉറക്കം, റിപ്വാൻ വിങ്കിളിന്റെ ഉറക്കം എന്നെല്ലാമുള്ള ശൈലികൾക്കു് സമാന്തരമായി മാപ്പിളമാർ പറയാറുള്ളതു്. ‘അസ്ഹാബുൽകഹ്ഫിന്റെ ഉറക്കം’ എന്നാണു്.
- ഖാറൂന്റെ പൊന്നു്—ഖുർആൻ ഇരുപത്തെട്ടാം അധ്യായത്തിൽ അഹങ്കാരിയായ ഖാറൂൻ എന്ന ധനാഢ്യന്റെ പതനത്തിന്റെ ചരിത്രം വിവരിക്കുന്നു. ഇന്നു് മാപ്പിളമാർ ‘നിഷ്ഫലം’ എന്ന ആശയം പ്രകടിപ്പിക്കുവാൻ ‘ഖാറുന്റെ പൊന്നു്’ എന്നു പറയുന്നു.
മതവിശ്വാസവും പൗരോഹിത്യവും വിമർശിക്കപ്പെടുന്ന ചൊല്ലുകൾ ഇക്കൂട്ടത്തിൽ കാണുകയില്ലെന്നു് തോന്നാം. സംഗതി അങ്ങനെയല്ല. മാപ്പിളമാരുടെ ഫലിതവാസനയും വിമർശനബോധവും ചൊല്ലുകളിൽ ആ ഇനത്തിനും ഇടം നല്കിയിട്ടുണ്ടു്.
ചില ഉദാഹരണങ്ങൾ നോക്കാം:
- പള്ളിയിലെ കാര്യം അള്ളാക്കറിയാം.
- പടച്ചോനെ പേടിച്ചില്ലെങ്കിലും പടപ്പുകളെ പേടിക്കണം.
- ഓതാൻപോയി, ഉള്ള പുത്തിയും പോയി.
- മുസ്ല്യാരുടെ കുന്തം ചാച്ചും ചെരിച്ചും വെക്കാം.
- ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ടു ബാപ്പ പള്ളിയിൽ പോയിട്ടില്ല.
മാപ്പിളജീവിതത്തിന്റെ മൂല്യബോധവും സാംസ്കാരിക പാഠങ്ങളും രേഖപ്പെടുത്തുന്ന പഴമൊഴികൾ ആ സാമൂഹികതയുടെ പ്രത്യേകതകളിലേക്കുള്ള നടപ്പാതകളാണു്:
- വാക്കു മാറിയാൽ വാപ്പ മാറി.
- ഹംക്കുവാക്കു് ചെവിക്കു പുറത്തു്.
- ബൈച്ചോനറിയില്ല, പൈച്ചോന്റെ പൈപ്പ്.
- വായ് കീറിയവർക്കു് രിസ്ക്കുണ്ടു് (രിസ്ക്കു് = ഭക്ഷണം)
- അരിശമുള്ളേടത്തേ പിരിശമൂള്ളു. (പിരിശം = പ്രിയം)
- ഒരുമയ്ക്കു് ഒമ്പതു് ബർക്കത്ത്. (ബർക്കത്ത് = ദൈവാനുഗ്രഹം)
- ബർക്കത്ത് കെട്ടവൻ തൊട്ടതെല്ലാം ഹലാക്ക്. (ബർക്കത്ത് കെട്ടവൻ = ദൈവാനുഗ്രഹമില്ലാത്തവൻ, ഹലാക്ക് = നാശം)
- പള്ളിയിലിരുന്നാൽ പള്ളേലു് പോകൂലാ.
- വീട്ടിൽ വിളക്കു കത്തിച്ചിട്ടുമതി പള്ളിയിൽ വിളക്കു കത്തിക്കാൻ
- ബീവി കുത്തിയാലും വെള്ളാട്ടി കുത്തിയാലും അരി വെളുക്കണം. (ബീവി = ഉന്നതകുലജാത, വെള്ളാട്ടി = അടിമസ്ത്രീ).
ഒരുമയ്ക്കു് ഒമ്പത് ബർക്കത്ത്—കൂട്ടായ്മയിൽ അഗാധമായ താല്പര്യമുള്ള ജനവിഭാഗമാണു് മുസ്ലിംകൾ. ‘ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം’ എന്ന മട്ടിൽ ഈ ആശയം മലയാളത്തിൽ വേറെ രീതിയിൽ പ്രകാശിതമായിട്ടുണ്ടു്. പക്ഷേ, ഇവിടെ ബർക്കത്ത് (ദൈവാനുഗ്രഹം) എന്നൊരു മാനം കൂടുതലായുണ്ടു്. മുസ്ലിംകളുടെ മതവിശ്വാസത്തിന്റെ മറ്റൊരു സൂചകമായി ഈ മാനം കാണണം. ‘ബർക്കത്തു കെട്ടവൻ തൊട്ടതെല്ലാം ഹലാക്ക്’, ‘വായ് കീറിയവർക്കു് രിസ്ക്കുണ്ടു്’ എന്നീ ചൊല്ലുകളിലും ദൈവവിശ്വാസത്തിന്റെ സാന്നിദ്ധ്യം കാണുന്നു.
പള്ളിയിലിരുന്നാൽ പള്ളേൽ പോകൂലാ, ബീവി കുത്തിയാലും വെള്ളാട്ടി കുത്തിയാലും അരി വെളുക്കണം തുടങ്ങിയ ചൊല്ലുകളിൽ മുസ്ലിം മനസ്സിന്റെ പ്രായോഗികജ്ഞാനം വിജയിച്ചരുളുന്നു. പാരത്രിക ജീവിതത്തോടൊപ്പം ഐഹികജീവിതത്തെയും പരിഗണിക്കുന്ന അവരുടെ മതപാരമ്പര്യം പ്രായോഗികതയ്ക്കു് എന്നും ഊന്നൽ നല്കിയിട്ടുണ്ടു്.
അവസാനമായി, വളരെ പ്രധാനപ്പെട്ട ഒരു സംഗതി: പ്രാദേശികജീവിതവുമായി ബന്ധപ്പെട്ട അറേബ്യൻ ചൊല്ലുകൾ പരിഭാഷാരൂപത്തിലോ അനുകരണരൂപത്തിലോ മാപ്പിളച്ചൊല്ലുകൾക്കിടയിൽ കാണുന്നില്ലെന്നു് പറഞ്ഞു. സാംസ്കാരികസവിശേഷതകളിൽ നിന്നു് ഊറിവരുന്ന ചൊല്ലുകൾ ആ മട്ടിൽ പരിഭാഷയോ അനുകരണമോ ആണോ? ഇവിടെ കാണുന്ന അമ്മാതിരി ശൈലികൾ അറബിനാടുകളിൽ ഉണ്ടോ?
കൃത്യമായി പറയാൻ പ്രയാസം. എന്റെ പരിമിതമായ അന്വേഷണത്തിൽ ഒന്നും കണ്ടുകിട്ടുകയുണ്ടായില്ല. Arabic and Islamic Proverbs (Paul Lunde and Justin Wintle: Rupa and Co. Delhi: 1989) എന്ന ഗ്രന്ഥം മുഴുവൻ പരതിയിട്ടും അത്തരം ചൊല്ലുകൾ കണ്ടെത്താനായില്ല. ഉദാഹരണത്തിനു് ‘ബദറിൽ ഇബ്ലീസ് ഇറങ്ങിയപോലെ’ എന്നൊരു ചൊല്ലു് ‘ബദർ’ എന്ന സ്ഥലം ഉൾപ്പെടുന്ന അറേബ്യയിലെ മൊഴികളിൽ കണ്ടില്ല. ഇതിനു് കാരണമെന്താവാം? ബദർയുദ്ധചരിതം കേരളീയ മുസ്ലിംകൾക്കിടയിൽ വാമൊഴിയിലെ സജീവസാന്നിദ്ധ്യമായിത്തീർന്നതുപോലെ അറേബ്യയിൽ ആയിത്തീർന്നില്ല എന്നതായിരിക്കുമോ? ആവാം. ‘ഖലക്കസ്സമാവാത്തി’ (എല്ലാം കുഴഞ്ഞുമറിഞ്ഞു) എന്ന പ്രയോഗം അവിടെ കാണാത്തതു് സ്വാഭാവികം. അറബികൾക്കു് ആ വാക്കുകളുടെ കൃത്യമായ അർഥം അറിയാമല്ലോ. ശൈലികളുടെ പ്രാദേശിക സാമൂഹ്യബന്ധത്തിനു് ഈ വസ്തുതയും അടിവരയിടുന്നു.
മതവിശ്വാസവും സാംസ്കാരികപാരമ്പര്യവും പ്രാദേശികജീവിതാവസ്ഥയും ശൈലികൾക്കു് രൂപം നല്കുന്നതെങ്ങനെ എന്ന അന്വേഷണത്തെ മേൽ വിശദീകരിച്ച ഉദാഹരണങ്ങൾ സഹായിക്കും എന്നാണു് എന്റെ പ്രതീക്ഷ.
മാപ്പിളപ്പാട്ടു്, മാപ്പിളഫലിതം, മാപ്പിളക്കലകൾ തുടങ്ങിയ കലാവിഷ്കാരങ്ങൾപോലെ മാപ്പിളച്ചൊല്ലുകളും ഇവിടത്തെ മുസ്ലിംകൾ കേരളീയജിവിതത്തോടു് പുലർത്തിവരുന്ന ബന്ധത്തിന്റെ ചില പ്രത്യേകതകളിലേക്കു് വിരൽചൂണ്ടുന്നു.[1]
മാതൃഭൂമി റംസാൻ സപ്ലിമെന്റ്: 22 ജനുവരി 1997.
[1] ഗവേഷകനായ എൻ. കെ. എ. ലത്തീഫ് (കൊച്ചി) മാപ്പിളമാരുടെ പഴമൊഴികളും ശൈലികളും ശേഖരിച്ചുവരുന്നുണ്ടു്. അദ്ദേഹത്തിന്റെ ‘കച്ചവടശൈലി’, ‘മാപ്പിളശൈലി’ എന്നീ പുസ്തകങ്ങളിൽ അത്തരം കുറേ ശൈലികൾ ചേർത്തിരിക്കുന്നു. ഈ ലേഖനത്തിൽ കൊടുത്ത ഉദാഹരണങ്ങളിൽ മിക്കതും ലത്തീഫിന്റെ ‘മാപ്പിളശൈലി’ (എൻ. ബി. എസ്. കോട്ടയം, 1994) എന്ന പുസ്തകത്തിൽനിന്നെടുത്തതാണു്.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.