തൊടുപുഴക്കു് സമീപം ഉടുമ്പന്നൂരിനടുത്തു് വെണ്ണിയാൽ മലയിലുണ്ടായ ഉരുൾപൊട്ടലിന്റെ ചിത്രങ്ങൾ എടുത്തുകൊണ്ടിരിക്കെ സംഭവിച്ച രണ്ടാമത്തെ ഉരുൾപൊട്ടലിൽ ഒരു കലാകാരൻ മണ്ണിനടിയിൽ പെട്ടു് വീർപ്പുമുട്ടി മരിച്ചുപോയി എന്ന വാർത്ത കൊണ്ടുവന്ന വ്യസനം അദ്ദേഹത്തെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത എന്റെയുള്ളിൽ അനേകകാലം വിങ്ങി നിൽക്കും.
വിക്ടർ ജോർജ് എന്നു പേരായ ഫോട്ടോഗ്രാഫറെ ഞാൻ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞുകേൾക്കാവുന്ന വിധത്തിൽ ഞങ്ങൾക്കു് പൊതു സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല.
എങ്കിലും ആ പേരു് കഴിഞ്ഞ പത്തുപതിനഞ്ചുവർഷമായി എന്റെയുള്ളിലുണ്ടു്. മലയാളമനോരമ ദിനപത്രത്തിന്റെ താളുകളിലെപ്പോഴും ബോധപൂർവമായും അല്ലാതെയും ഞാൻ അദ്ദേഹത്തിന്റെ ചിത്രങ്ങൾ തിരഞ്ഞിരുന്നു.
മിക്കവാറും ആ ബൈലൈൻ കൂടാതെ തന്നെ—അനേക ലക്ഷം മലയാളികളെപ്പോലെ—ഞാനും ആ ചിത്രങ്ങളുടെ കർത്താവിനെ തിരിച്ചറിഞ്ഞിരുന്നു. തീർച്ചയായും ആ ചിത്രങ്ങൾക്കു് സവിശേഷമായ ഒരു ‘വിക്ടർ ടച്ച്’ ഉണ്ടായിരുന്നു.
പത്രപ്രവർത്തനത്തോടും ഫോട്ടോഗ്രഫിയോടും വിക്ടർ കാണിച്ചു പോന്ന അർപ്പണബോധത്തിൽ പതിറ്റാണ്ടുകൾ താണ്ടിക്കടന്നുപോന്ന ആ ചിത്രപരമ്പരകൾ സാക്ഷിനിൽക്കും. ഇക്കാലത്തു് സ്വന്തം തൊഴിലിനോടു് ഇത്രമാത്രം ആത്മാർത്ഥത കാണിക്കുന്ന ആളുകൾ അത്യപൂർവം.
ദൽഹിയിലെ നാഷണൽ ഗെയിംസിന്റെ നീന്തൽ മത്സരത്തിൽ അനിതാസുദിനെ ഗാലറിയിൽ നിന്നു് പ്രോത്സാഹിപ്പിക്കുന്ന അമ്മയുടെ വിവിധ ഭാവങ്ങൾ ചിത്രീകരിച്ചെടുത്ത ഫോട്ടോകളിലൂടെയാണു് വിക്ടറിനെ ഞാൻ ശരിക്കും അറിഞ്ഞുതുടങ്ങിയതു്. ഏതു് ഫോട്ടോഗ്രാഫറും ആ നീന്തൽ താരത്തെയാണു് ചിത്രീകരിക്കുക. എല്ലാ കാമറക്കണ്ണുകളും അന്നേരത്തു് നീന്തൽ കുളത്തിലായിരിക്കും. ഈ ഫോട്ടോഗ്രാഫർ അന്നേരത്തു് ക്യാമറ ഗാലറിയിലേക്കു് തിരിച്ചു പിടിച്ചു. അവിടെ അദ്ദേഹം ആവേശഭരിതയായ ഒരമ്മയെ കണ്ടു. അവരുടെ ആകാംക്ഷകളും ആമോദവും കണ്ടു. സാഹചര്യവശാൽ ആ അമ്മ തടിച്ചിയായതിനാലും അവർ ഗാലറിയിൽ ‘നിന്ന നിലക്കു് ’ തടി മറന്നു് ‘നീന്തി’യതിനാലും ചിത്രീകരണം നർമ മധുരമായി. സ്നേഹവും നർമവും വഴിയുന്ന ആ രംഗം അത്രയധികം മനുഷ്യപ്പറ്റുള്ള ഒരാൾക്കു മാത്രമേ കാണാനാവൂ; അത്തരമൊരാൾക്കു മാത്രമേ അതു് ആ മട്ടിൽ ഒപ്പിയെടുക്കാനാവൂ. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പുരസ്കാരങ്ങൾ ഈ മാതൃസ്നേഹത്തിന്റെ ചിത്രീകരണത്തെത്തേടിയെത്തിയതു സ്വാഭാവികം. 1985-ലെ ഈ ഫോട്ടോകളാണു് വിക്ടറുടെ ഇന്നത്തെ പ്രശസ്തിക്കു് അടിത്തറയിട്ടതു്.
ക്യാമറ എന്ന യന്ത്രവുമായിട്ടാണു് എപ്പോഴും നടന്നിരുന്നതെങ്കിലും വിക്ടറിന്റെ സമീപനം ഒരിക്കലും യാന്ത്രികമായിരുന്നില്ല. അതുകൊണ്ടാണു് പുതുമ നിറഞ്ഞ കോണുകളിലൂടെ ലോകത്തെ നോക്കിക്കാണുവാനും അതു് സഹജീവികൾക്കു് കാണിച്ചുകൊടുക്കുവാനും അദ്ദേഹം പ്രാപ്തനായതു്. പതിവുകൾ വിക്ടറിൽ എപ്പോഴും തെറ്റിയിരുന്നു; കുസൃതികൾ ആ കാഴ്ചക്കു് ലെൻസൊരുക്കി; നർമത്തിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ സ്പർശം ആ ചിത്രങ്ങൾക്കു് മിനുപ്പേകി.
എനിക്കു് തോന്നുന്നു: മനുഷ്യജീവിയോടുള്ള പരിഗണനയും സ്നേഹവും ആണു് വിക്ടറിനെ വലിയ ഫോട്ടോഗ്രാഫറാക്കിയതു്.
മനുഷ്യന്റെ വലുതും ചെറുതുമായ ദുഃഖങ്ങളിലും സന്തോഷങ്ങളിലും ആണ്ടുമുങ്ങിയ ആ കലാകാരൻ അവയൊക്കെ അടയാളപ്പെടുത്തുന്നതിൽ ജീവിതസാഫല്യം കണ്ടെത്തി: ഫോട്ടോഗ്രാഫിയിലൂടെ വിക്ടർ തന്റെ സ്നേഹം ആവിഷ്കരിക്കുകയായിരുന്നു—ഏതു കലാകാരനും സ്നേഹം ആവിഷ്കരിക്കാനുള്ള പ്രധാന മാധ്യമം സ്വന്തം കല തന്നെയായിരിക്കും.
മനുഷ്യനെ സ്നേഹിച്ചതുകൊണ്ടു് അവന്റെ പശ്ചാത്തലമായ പ്രകൃതിയെയും അദ്ദേഹം സ്നേഹിച്ചു. മഴയെക്കുറിച്ചു് ഒരു ആൽബം ഒരുക്കാനുള്ള പരിശ്രമത്തിനിടയിലാണു് അദ്ദേഹം യാദൃച്ഛികമായി ഉരുൾപൊട്ടലിൽ അമർന്നരഞ്ഞുപോയതു്. മഴയും വാർത്തയും മനുഷ്യന്റെ ദുഃഖവും വിക്ടറെ ആ മരണത്തിന്റെ കുന്നിലേക്കു് വിളിച്ചു.
വേറൊരു വഴിക്കാലോചിച്ചാൽ വിക്ടറെപ്പറ്റി അനുശോചിക്കാനൊന്നുമില്ല. കാരണം ഹ്രസ്വമായ ജീവിതം സാർഥകമാക്കിയപോലെ സ്വന്തം മരണവും അദ്ദേഹം സാർഥകമാക്കി. അല്ലെങ്കിൽ മരണം കൊണ്ടു് അദ്ദേഹം സ്വന്തം ജീവിതം പൂരിപ്പിച്ചു; ഒന്നുകൂടി അർഥപൂർണമാക്കി.
ഇന്നത്തെ പ്രശസ്ത ഗായകൻ യേശുദാസ് എന്ന യുവാവു് പാടിക്കൊണ്ടിരിക്കെയാണു് അദ്ദേഹത്തിന്റെ പിതാവു് പ്രശസ്ത ഗായകൻ അഗസ്റ്റിൻ ജോസഫ് രോഗശയ്യയിൽ കിടന്നു് മരിച്ചുപോയതു് എന്നു കേട്ടിട്ടുണ്ടു്. പ്രശസ്ത പണ്ഡിതനും ഗവേഷകനുമായ ഡോ. കെ. എൻ. എഴുത്തച്ഛൻ കാലിക്കറ്റ് സർവകലാശാലയിലെ ലൈബ്രറിഹാളിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണു് മരിച്ചതു്. ഇതാ, അതുപോലെ നമ്മുടെ പ്രശസ്തനായ ഫോട്ടോഗ്രാഫർ വിക്ടർ ജോർജ് ഫോട്ടോ എടുത്തുകൊണ്ടിരിക്കെ മരിച്ചു വീണിരിക്കുന്നു. ഈ അകാലമരണത്തിന്റെ വാർത്ത എത്ര മേൽ വ്യസനകരമാണെങ്കിലും എനിക്കു് ചോദിക്കുവാൻ തോന്നുന്നു: വിക്ടറിനു് ഇതിനേക്കാൾ നല്ല മരണം എവിടെ, എങ്ങനെ കിട്ടാനാണു്?
ഏതു് വൃത്തിക്കുവേണ്ടി വിക്ടർ ജീവിച്ചുവോ, അതേ വൃത്തിക്കുവേണ്ടി അദ്ദേഹം മരിച്ചു.
ജീവിതത്തെയും മരണത്തെയും കലയെയും തൊഴിലിനെയും ഇങ്ങനെ ബന്ധിപ്പിക്കാൻ അസാമാന്യമായ ഭാഗ്യം വേണം. കേരളത്തിലെ പത്രപ്രവർത്തനത്തിന്റെ ചരിത്രത്തിൽ അപൂർവമായ ഭാവഭംഗിയോടെ ഈ ന്യൂസ് ഫോട്ടോഗ്രാഫറുടെ ജീവിതവും മരണവും തെളിഞ്ഞു നിൽക്കും.
ഒരു കുടുംബത്തിലെ മൂന്നംഗങ്ങളുടെ മരണത്തിനിടയാക്കിയ ആ ഉരുൾപൊട്ടൽ അങ്ങനെ മറ്റനവധി ഉരുൾ പൊട്ടൽ കഥകളിൽ നിന്നു് വ്യത്യസ്തമായി ചിരസ്മരണീയമാകുവാൻ പോവുകയാണു്. ഇതിന്റെ ചിത്രീകരണത്തിനു് ഒരു പത്രപ്രവർത്തകൻ സ്വന്തം ജീവിതം ബലി കൊടുക്കേണ്ടി വന്നു.
പൂർണതക്കുവേണ്ടി ക്ലേശങ്ങൾ ഭേസിയ ആ ജീവിതവും ആ വഴിക്കു തന്നെ അവിചാരിതമായി വന്നെത്തിയ ആ വീരമരണവും നമ്മുടെ നാട്ടിലെ കലാകാരന്മാരെയെന്നപോലെ പത്രപ്രവർത്തകന്മാരെയും—ആത്മാർത്ഥതയോടെ സ്വന്തം തൊഴിലെടുക്കണമെന്നാഗ്രഹിക്കുന്ന എല്ലാ മനുഷ്യരെയും വലിയൊരുപാഠം പഠിപ്പിക്കുന്നുണ്ടു്: കല ജീവിതം തന്നെ.
ജീവിതം അർത്ഥപൂർണ്ണമാവുന്നതു് ജീവിതത്തെക്കാൾ വലിയ മൂല്യം ഒരു ജീവിതത്തിലുണ്ടാവുമ്പോഴാണു്. അത്തരമൊന്നു് കണ്ടെത്തുകയും അതു് സാക്ഷാൽക്കരിക്കാൻ ഉത്സാഹിക്കുകയും ചെയ്യുന്നതിൽ ഈ ഫോട്ടോഗ്രാഫർ വിജയിയായി—വിക്ടർ എന്ന പദത്തിനു് വിജയി എന്നർഥം.
മലയാളം ന്യൂസ്: 20 ജൂലായ് 2001.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.