ബഷീറിന്റെ ‘ലോകലോകങ്ങളുടെ സ്രഷ്ടാവേ!’ എന്ന വിളി പ്രശസ്തമാണു്. ‘കരുണാമയനായ അല്ലാഹുവിന്റെ അനുഗ്രഹമാണു് ജീവിതം’ എന്ന വാക്യം എത്ര ആവർത്തിച്ചാലും മൂപ്പർക്കു് മടുക്കുകയില്ല. അദ്ദേഹം എപ്പോഴും എല്ലാവർക്കും ദൈവാനുഗ്രഹം ആശംസിച്ചിരുന്നു; എല്ലാ പരേതാത്മാക്കൾക്കും ആത്മശാന്തി നേർന്നിരുന്നു.
‘ഞാൻ മുസ്ലിമാണു്’ എന്നു് ബഷീർ ഇടയ്ക്കിടെ പറയും. പക്ഷേ, പൊതുവെ മനസ്സിലാക്കി വരുന്ന അർത്ഥത്തിൽ അദ്ദേഹം ഒരു മതാനുയായിയല്ല. വല്ലപ്പോഴും ദൈവനാമങ്ങൾ സ്വരം താഴ്ത്തി ഉരുവിടുന്നതൊഴിച്ചാൽ നിസ്ക്കാരം, നോമ്പു്, ഹജ്ജ് തുടങ്ങിയ മുസ്ലീംകളുടെ മതാനുഷ്ഠാനങ്ങളൊന്നും മൂപ്പർക്കുണ്ടായിരുന്നില്ല. എങ്കിലും മക്കളെ ഇസ്ലാംമതപാഠങ്ങളും ചിട്ടകളും പഠിപ്പിച്ചു. മലബാറിലെ മുസ്ലീം സാമൂഹ്യജീവിതത്തിന്റെ താളത്തോടു് ആ കുടുംബജീവിതം നിരന്നുപോവുകയും ചെയ്തു.
മതത്തിന്റെ ചട്ടക്കൂടുകളെയും പൗരോഹിത്യത്തിന്റെ ‘ദൈവദത്ത’മായ അധികാരത്തെയും ആ സ്വാതന്ത്ര്യപ്രേമി വകവെച്ചിരുന്നില്ല. മതവിശ്വാസം തള്ളിക്കളയണമെന്നല്ല, സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടു് മതം കാലത്തിന്നും ദേശത്തിന്നും ഇണങ്ങുന്ന മട്ടിൽ പരിഷ്ക്കരിക്കണമെന്നാണു് പറഞ്ഞുപോന്നതു്.
ജീവിതത്തിലും എഴുത്തിലും ഉയർത്തിപ്പിടിച്ച മൂല്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നു് മതസൗഹാർദ്ദമാണു്. അദ്ദേഹത്തിന്റെ ആദ്യകാലകൃതികളിൽപെടുന്ന ‘ജീവിതനിഴൽപ്പാടുകളി’ലും ‘പ്രേമലേഖന’ത്തിലും മിശ്രവിവാഹത്തിന്നു് പിന്തുണ നൽകുന്ന മട്ടിലാണു് ഇതിവൃത്തഘടന.
ഒരു മതവിശ്വാസത്തെയും ബഷീർ എതിർക്കുകയോ, പുച്ഛിക്കുകയോ ചെയ്തിട്ടില്ല. എല്ലാ മതങ്ങളെയും ആദരിക്കുമ്പോൾ തന്നെ അവയെ സ്നേഹപൂർവ്വം പരിഹസിക്കുന്ന ഒരംശം അദ്ദേഹത്തിലുണ്ടായിരുന്നു. സാമൂഹ്യനീതിക്കു് ഊന്നൽ കൊടുക്കുന്ന എഴുത്തുകാരനാണദ്ദേഹം. മതസമൂഹങ്ങളിലെ ജീർണതകളെ പൊതുവിലും ഇസ്ലാമികസമൂഹങ്ങളിലെ ജീർണതകളെ വിശേഷിച്ചും ആ രചനകൾ ഏറ്റെതിർക്കുന്നുണ്ടു്. ഇസ്ലാം മതം ചിട്ടയായി അനുഷ്ഠിക്കുന്ന വിശ്വാസിയായിരിക്കുമ്പോൾ തന്നെ സാമൂഹ്യപരിഷ്ക്കരണത്തിലും മതേതരത്വത്തിലും വിശ്വസിച്ചിരുന്ന കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവു് മുഹമ്മദ് അബ്ദുറഹിമാൻ ആയിരുന്നു ബഷീറിന്റെ രാഷ്ട്രീയഗുരു.
മുസ്ലീം ലീഗിന്റെ സാമുദായികരാഷ്ട്രീയത്തോടോ ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തോടോ അദ്ദേഹത്തിന്നു് ഒരാഭിമുഖ്യവും തോന്നിയിട്ടില്ല. സ്വാഭാവികം: ബഷീർ മതേതര ജനാധിപത്യത്തിൽ വിശ്വാസമുള്ള ഗാന്ധിയനായിരുന്നു.
ബഷീർ ഭക്തനായിരുന്നില്ല. ഐഹികമോ പാരത്രികമോ ആയ ഒരു നേട്ടത്തിന്നും വേണ്ടിയല്ലാത്തതും സൂഫിമനോഭാവത്തിന്നു് ചേർന്നതുമായ ആസ്തികബോധവുമായാണു് അദ്ദേഹം ജീവിച്ചുമരിച്ചുപോയതു്.
എവിടെയും എപ്പോഴും താൻ ദൈവസന്നിധിയിലാണു് എന്നൊരു ബോധം അദ്ദേഹത്തെ ചൂഴ്‌ന്നു നിന്നിരുന്നതുപോലെതോന്നും. ജീവിതം വളരെ ഹ്രസ്വമാണു് എന്ന ബോധ്യം നിരന്തരം എടുത്തുപറയുമായിരുന്നു. ലൗകികമായ സുഖസൗകര്യങ്ങളിലോ സ്ഥാനമാനങ്ങളിലോ യാതൊരു കമ്പവും തോന്നാതിരുന്ന ബഷീർ ജീവിതത്തിന്റെ തുച്ഛതകളെ പരിഹാസത്തോടെ നോക്കിയിരിക്കുകയായിരുന്നു. മനുഷ്യജീവിതത്തിൽ നാൾക്കു നാൾ കുറഞ്ഞുവരുന്ന സ്നേഹത്തെപ്പറ്റിയായിരുന്നു എപ്പോഴും വിചാരം. പരലോകത്തെപ്പറ്റി യാതൊരു ആധിയുമില്ലെന്നും സ്വർഗത്തെപ്പറ്റി മോഹമോ, നരകത്തെപ്പറ്റി ഭീതിയോ ഇല്ലെന്നും പറയാറുണ്ടായിരുന്നു.
‘സന്ധ്യാപ്രണാമം’ എന്ന ഗദ്യകവിതയിൽ (‘അനർഘനിമിഷം’) നീതിമാനായി വിളികൊള്ളുന്ന ദൈവത്തെ ലോകത്തു് നടമാടുന്ന അസമത്വങ്ങളുടെയും അനീതികളുടെയും പേരിൽ ഉഗ്രമായി വിമർശിക്കുന്നുണ്ടു്. എന്നിട്ടും അതു് ഇപ്രകാരം അവസാനിക്കുന്നു:
‘എനിക്കു വയ്യ. ഞാൻ തളർന്നു കുഴഞ്ഞു വീഴുകയാണു്. എന്റെ ദൈവമേ! ഞാൻ നിന്റെ ബലഹീനനായ അടിമയാണു്.’
‘എന്നെ രക്ഷിക്കൂ.’
‘നേർവഴി കാണിക്കൂ! നല്ല ജീവിതത്തിലേയ്ക്കുള്ള വഴി. സർവ്വേശാ.’
‘അനൽഹഖ് ’ (ഞാനാണു് സനാതനസത്യം) എന്നും ‘അഹം ബ്രഹ്മാസ്മി’ (ഞാനാണു് ബ്രഹ്മം) എന്നും ഉരുവിട്ടുകൊണ്ടു് സൂഫിയായും സന്യാസിയായും യൗവ്വനം പിന്നിട്ടു് ബഷീറിന്റെ വ്യക്തിത്വത്തെ ചൂഴ്‌ന്നു നിൽക്കുന്നതു് വാക്കുകൊണ്ടു് വിവരിക്കുവാൻ പ്രയാസമായ മതമുക്തമായ ആത്മീയതയാണു്.
‘അനൽഹഖ് ’ എന്നു് പ്രഖ്യാപിച്ചതിന്റെ പേരിൽ കുരിശു് മരണം ഏറ്റുവാങ്ങേണ്ടി വന്ന പ്രശസ്ത സൂഫി ഹുസൈനുബ്നു മൻസൂർ ഹല്ലാജിന്റെ ജീവിതകഥയെ കൊണ്ടാടിക്കൊണ്ടു് 1942-ൽ എഴുതിയ ‘അനൽഹഖ്’ എന്ന ചെറുകഥയ്ക്കു് 1982-ൽ എഴുതിയ അടിക്കുറിപ്പിൽ ദൈവത്തിന്റെ സൃഷ്ടികളിൽ ഒന്നായ മനുഷ്യൻ ‘അനൽഹഖ്’ എന്നു പറയുന്നതു് തെറ്റാണെന്നു് ബഷീർ വിശദീകരിക്കുന്നുണ്ടു്. ആ നിഷേധം കഥയുടെ ‘ആധികാരികത’ വർദ്ധിപ്പിക്കുന്നതായിട്ടാണു് വായനക്കാരുടെ അനുഭവം. തമാശ തന്നെ: ആ ചെറിയകുറിപ്പു് ‘അനൽഹഖ്’ എന്ന വചനത്തോടെയാണു് അവസാനിക്കുന്നതു്!
വിശ്വാസാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മറികടന്നു ചെല്ലുന്ന സ്നേഹത്തിന്റെ മതമായിരുന്നു ബഷീറിന്റെ വിശ്വാസപ്രമാണം. മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ ഭൗതികപ്രശ്നങ്ങൾ അവനവന്റെ ആത്മീയപ്രശ്നങ്ങളായിത്തീരുന്ന ഉദാത്തമായൊരു മണ്ഡലമാണതു്.
‘മലയാളത്തിന്റെ ബഷീർ’ എന്ന ഗ്രന്ഥത്തിന്നു് (1988) ആമുഖമായി അവസാനകാലത്തെഴുതിയ ഈ വാക്കുകളിൽ ബഷീറിന്റെ മതമുക്തമായ ആത്മീയത തുടിച്ചുനിൽപ്പുണ്ടു്:
‘ദാഹിച്ചു വലഞ്ഞുവരുന്ന ഒരു മൃഗത്തിന്നു വെള്ളം കൊടുക്കുന്നതു് ഒരു പ്രാർത്ഥന. ഒരു ചെടിയോ വൃക്ഷമോ നട്ടു് വെള്ളമൊഴിച്ചു് വളർത്തുന്നതും പ്രാർത്ഥന. ഒരു പുഷ്പത്തിന്റെ സൗന്ദര്യവും സൗരഭ്യവും ആസ്വദിക്കുന്നതും പ്രാർത്ഥന. വിശന്നുപൊരിഞ്ഞുവരുന്ന മനുഷ്യനു് ആഹാരം കൊടുക്കുന്നതും പ്രാർത്ഥന. ദുഃഖിതരെ ആശ്വസിപ്പിക്കുന്നതും പ്രാർത്ഥന. ജീവികളെ സന്തോഷിപ്പിക്കുന്നതും പ്രാർത്ഥന. രാവിന്റെയും പകലിന്റെയും ഭീതികളിൽ നിന്നു് ഞങ്ങളെ രക്ഷിക്കേണമേ എന്നപേക്ഷിക്കുന്നതും പ്രാർത്ഥന. അനന്തമായ പ്രാർത്ഥനയാകുന്നു ജീവിതം.’
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.