നിരവധി നാടകീയ മുഹൂർത്തങ്ങൾ കൊണ്ടു് സമ്പന്നമാണു് ബഷീറി ന്റെ ജീവിതം. എങ്കിലും അദ്ദേഹം സാമാന്യമായി നാടകം എന്ന സാഹിത്യരൂപത്തെയോ നാടകീയത എന്ന സാഹിത്യസങ്കേതത്തേയോ ഉപയോഗപ്പെടുത്തുവാൻ ഉത്സാഹിച്ചിട്ടില്ല. നാടകവേദിയുമായി ബഷീർ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. രാഷ്ട്രീയപ്രവർത്തകനായിരുന്ന കാലത്തു് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് നേതാക്കന്മാരെ പരിഹസിക്കുന്നതിനുവേണ്ടി എഴുതിയ ‘പട്ടത്തിന്റെ പേക്കിനാവു്’ എന്ന പത്തു പേജുള്ള രചന ഏകാങ്കരൂപത്തിലാണു്. രക്തസാക്ഷികൾ നേതാക്കന്മാരെ ചോദ്യം ചെയ്യുന്ന ആ രചന രാഷ്ട്രീയ ലഘുലേഖയാണു്. എം. പി. പോളി ന്റെ മക്കളെ കഥാപാത്രങ്ങളാക്കി ‘പ്രിൻസിപ്പലിന്റെ മക്കൾ’ എന്നൊരു തമാശനാടകം ബഷീർ എഴുതിയിട്ടുണ്ടു്. മിസ്സിസ് പോളിനു് അംഗത്വമുണ്ടായിരുന്ന ഒരു വനിതാസമാജത്തിൽ പോളിന്റെ മക്കൾ റോസിയും ബേബിയും അതു കളിച്ചു. അച്ചടിച്ചിട്ടില്ല. ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു!’ നാടകമാക്കി കോഴിക്കോട്ട് അവതരിപ്പിച്ചിട്ടുണ്ടു്. ആ നാടകമെഴുതിത്തുടങ്ങിയതു് ബഷീറാണെങ്കിലും പൂർത്തിയാക്കിയതു സംവിധായകൻ കെ. ടി. മുഹമ്മദാ ണു്. ഇതും അച്ചടിച്ചിട്ടില്ല.
‘കഥാബീജം’ എന്നു പേരായി ബഷീർ ഒരു നാടകം എഴുതിയിട്ടുണ്ടു്. എറണാകുളത്ത് സമസ്ത കേരള സാഹിത്യപരിഷത്തിന്റെ 16-ാം വാർഷിക സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനു് വേണ്ടിയാണു് അതെഴുതിയതു്. 1945-ൽ പുസ്തകമായി.
പുരാണകഥാപരാമർശകങ്ങളായ സംഗീതനാടകങ്ങളുടെ കാലഘട്ടം പിന്നിട്ടു് സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങൾ നാടകത്തിൽ ഇടം കണ്ടെത്തിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അതു്. നോർവീജിയൻ നാടകകൃത്തു് ഹെന്റിക്ക് ഇബ്സന്റെ പ്രശ്നനാടകങ്ങൾ മലയാളത്തിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന സന്ദർഭം. ആശയപ്രചാരണത്തിന്റെ മാധ്യമം എന്ന നിലയിലും രസകരമായ കലാരൂപം എന്ന നിലയിലും മലയാളികൾക്കിടയിൽ നാടകം ജനപ്രീതി നേടിക്കൊണ്ടിരുന്ന അവസരം. റിയലിസം ആ കാലത്തെ മലയാളനാടകത്തിന്റെ മുഖമുദ്രയായിരുന്നു.
നിത്യദാരിദ്ര്യത്തിൽ കഴിഞ്ഞുകൂടുന്ന ഒരെഴുത്തുകാരന്റെ കഥയാണിതു്. പേരു്: സദാശിവൻ. ധർമം ചോദിച്ചു വരുന്ന യാചകനോടു് ‘ഒന്നും ഇല്ലല്ലോ അമ്മാവാ’ എന്നു് സദാശിവൻ കൈമലർത്തുന്നതോടെയാണു് നാടകം ആരംഭിക്കുന്നതു്. അയാൾ വാടകമുറിയിൽ താമസിക്കുന്നു. ഹോട്ടലിൽ നിന്നാണു് ഭക്ഷണം. വാടകയും ഹോട്ടലിലെ പറ്റും കൊടുക്കാൻ കാശില്ലാത്തതിനാൽ വളരെ അപമാനങ്ങൾ സഹിച്ചും പട്ടിണി കിടന്നും ജീവിതം ഉന്തിത്തള്ളി മുന്നോട്ടു് കൊണ്ടുപോവുകയാണു്. വാടകമുറിയുടെ ഉടമസ്ഥന്റെ മകൾ മാധവിക്കും ഹോട്ടലിൽ നിന്നു് പകർച്ച കൊണ്ടുവരുന്ന പയ്യൻ പ്രഭാകരനും മാത്രമേ അയാളോടു് അല്പമെങ്കിലും അനുഭാവമുള്ളൂ. വാടകമുറിയുടെ ഉടമസ്ഥനും ഹോട്ടൽകാരനുമൊക്കെ അയാളെ ഒരു ബാധ്യതയായിട്ടാണു് കരുതുന്നതു്.
അയാൾക്കാകെ അറിയുന്ന പണി കഥയെഴുത്താണു്. വായനക്കാർ വളരെ ഇമ്പത്തോടെ അയാൾ എഴുതുന്നതെന്തും വായിക്കും. പക്ഷേ, പത്രാധിപരും പുസ്തകപ്രസിദ്ധീകരണശാലക്കാരും അയാൾക്കു് ഒന്നും കൊടുക്കുകയില്ല. പേരും പ്രശസ്തിയും അംഗീകാരവും വേണ്ടുവോളമുണ്ടു്. പക്ഷേ, തിന്നാനും കുടിക്കാനും ഉടുക്കാനും തേക്കാനും ഒന്നുമില്ല.
സാഹിത്യരചനയ്ക്കു് പ്രതിഫലം ചോദിക്കുന്നതും വാങ്ങുന്നതും ഏതോ മോശപ്പെട്ട കാര്യമാണു് എന്നു് എഴുത്തുകാർ തെറ്റിദ്ധരിച്ചിരുന്ന കാലം. ആ ആന്ധ്യം ഉപയോഗപ്പെടുത്തി പത്രാധിപന്മാരും പുസ്തകപ്രസിദ്ധീകരണശാലക്കാരും അവരെ ചൂഷണം ചെയ്തുപോന്നു. ഇക്കാര്യത്തിൽ എഴുത്തുകാരെയും പ്രസാധനക്കാരെയും വായനക്കാരെയും ബോധവൽക്കരിക്കുന്നതിനു് വേണ്ടിയാണു് ബഷീർ നാടകമെഴുതിയതു്.
മാധവി എന്ന പെൺകുട്ടി, അവളുടെ അച്ഛനായ വീട്ടുടമസ്ഥൻ, പ്രഭാകരൻ എന്ന പയ്യൻ, അവന്റെ മുതലാളിയായ ഹോട്ടൽ ഉടമ, പത്രാധിപർ, പ്രസിദ്ധീകരണശാലക്കാരൻ, പത്രത്തിന്റെ ഏജന്റ്, യാചകൻ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ സാമൂഹ്യജീവിതത്തിന്റെ ഒരു കുറുമുറി ഇവിടെ അവതരിപ്പിക്കുന്നുണ്ടു്. നിഷ്കളങ്കമായ മാധവിയുടെ അച്ഛൻ കുടിയനും വിഷയലമ്പടനുമാണു്. അഗതിയായ ഒരു സ്ത്രീക്കു് ഏതോ അവിഹിതബന്ധത്തിൽ പിറന്ന കുഞ്ഞാണു് പ്രഭാകരൻ. രണ്ടാമത്തെ ഗർഭം ഉണ്ടായപ്പോൾ പട്ടിണി കിടന്നാണു് ആ പാവം സ്ത്രീ മരിച്ചുപോയതു്. അതിനെല്ലാം ഉത്തരവാദി മാധവിയുടെ അച്ഛനാണു് എന്നു് നാടകത്തിൽ സൂചനയുണ്ടു്. ആ സ്ത്രീയെയും കുഞ്ഞിനെയും അയാൾ തിരിഞ്ഞുനോക്കിയിട്ടില്ല. ഹോട്ടൽ ഉടമസ്ഥനാകട്ടെ, പ്രഭാകരനു് കൂലി കൊടുക്കുന്നില്ല. അവൻ ഒളിച്ചോടിയപ്പോൾ തന്റെ പരിചയക്കാരായ പോലീസുകാരെ ഉപയോഗിച്ചു് അയാൾ മടക്കിക്കൊണ്ടുവന്നു. മാധവിയുടെ അച്ഛനും ഹോട്ടൽ ഉടമസ്ഥന്റെ ഭാര്യയും ഒന്നിച്ചു കുടിക്കുന്നതിന്റെയും ഒന്നിച്ചുറങ്ങുന്നതിന്റെയും സൂചനകൾ വേറെ. പത്രാധിപർ സാഹിത്യകാരനു് കഥകൾക്കു് പ്രതിഫലം കൊടുക്കുന്നില്ല എന്നു മാത്രമല്ല, അങ്ങനെ പ്രതിഫലം ചോദിക്കുന്നതും കൊടുക്കുന്നതും സാഹിത്യ‘ക്ഷേത്ര’ത്തെ കളങ്കപ്പെടുത്തലാണു് എന്നു് പ്രഖ്യാപിക്കുകയും ചെയ്യുന്നു. പ്രസിദ്ധീകരണശാലക്കാരനു് വേണ്ടതു് കഥകളല്ല, സർക്കാർ പുസ്തകക്കമ്മിറ്റി അംഗീകരിക്കാനിടയുള്ള സോപ്പു നിർമ്മാണം, അങ്കഗണിതം മുതലായ പാഠപുസ്തകങ്ങളാണു്. ആരാധകനായ പത്രഏജന്റും സാഹിത്യകാരനെ മുതലാക്കാൻ വരുന്ന ഒരാളാണു്—അയാൾക്കു് പുസ്തകങ്ങൾ വെറുതെ കിട്ടണം; മംഗളപത്രം സൗജന്യമായി എഴുതിക്കിട്ടണം; അയാളുടെ വായനശാലയുടെ ഉദ്ഘാടനത്തിനു് കുറുക്കുവഴിക്കു് പതിനഞ്ചു് മൈൽ നടന്നു് ചെന്നു് സാഹിത്യകാരൻ പ്രസംഗിക്കണം! യാചകൻ സാഹിത്യകാരന്റെ തൂവാല മോഷ്ടിക്കുന്നു.
സദാശിവനു് സ്വന്തമെന്നു് പറയാൻ രോഗശയ്യയിൽ കിടക്കുന്ന അച്ഛനും പട്ടിണിയോടു് മല്ലിട്ടു് ജീവിക്കുന്ന അമ്മയും മാത്രമേയുള്ളൂ. മരിച്ചുപോയ കാമുകിയുടെ ഓർമ്മയാണു് ഏക ആശ്വാസം. അവളുടെ പ്രണയോപാഹാരമായ പേനകൊണ്ടാണു് താൻ എല്ലാ കഥകളും എഴുതിയതു് എന്നു് അയാൾ ആഹ്ലാദത്തോടെ പറയുന്നുണ്ടു്. പണം കൊടുക്കാത്തതിന്റെ പേരിൽ വീട്ടുടമസ്ഥനും ഹോട്ടലുടമയും ചേർന്നു് അയാളെ കുടിയിറക്കുന്നു. അപ്പോൾ ആ പേന ഹോട്ടലുടമസ്ഥൻ തട്ടിപ്പറിക്കുന്നു.
കഥകളെഴുതി അയാൾ ധാരാളം പണം സമ്പാദിക്കുന്നുണ്ടു് എന്നാണു് എല്ലാവരുടെയും വിചാരം. സ്നേഹിക്കുവാനും മനസ്സിലാക്കുവാനും സഹായിക്കുവാനും ആരും ഇല്ലാത്ത ആ അവസ്ഥയിലും സ്വന്തം ചോരയിൽ തൂലിക മുക്കി കഥയെഴുതുക എന്ന നിഷ്ഠയിൽ നിന്നു് സദാശിവൻ മാറുന്നില്ല. എല്ലാം നഷ്ടപ്പെട്ടു് എങ്ങോട്ടെന്നില്ലാതെ നടന്നു് സാഹിത്യകാരൻ ഇരുളിൽ മറയുന്നിടത്തു് നാടകത്തിനു് തിരശ്ശീല വീഴുന്നു.
ബഷീറിന്റെ മറ്റെല്ലാ രചനകളും പോലെ ആത്മകഥാംശം മുറ്റി നിൽക്കുന്ന ഒന്നാണു് ‘കഥാബീജ’വും. പട്ടിണി കിടന്നും അഗതിയായി അലഞ്ഞും കലാപൂർത്തിക്കുവേണ്ടി ജീവിതം ഹോമിക്കുന്ന സദാശിവൻ ബഷീറിന്റെ നിഴൽ തന്നെയാണു്. ‘മരണത്തിന്റെ നിഴലിൽ’ എന്ന ലഘുനോവലിൽ ‘ഞാൻ’ ആയിത്തന്നെ ഈ കഥാപാത്രം കടന്നുവരുന്നുണ്ടു്. അവിടത്തെ പാൽക്കാരി കുഞ്ഞമ്മയുടെ രൂപാന്തരം തന്നെയാണു് മാധവി.
സമൂഹം കലാകാരനോടു് കാണിക്കുന്ന നിന്ദയ്ക്കും നന്ദികേടിനുമെതിരെ ബഷീർ നടത്തുന്ന പൊട്ടിത്തെറിയാണു് ‘കഥാബീജം’. വിറ്റു് കാശാക്കാൻ എളുപ്പമുള്ള പുസ്തകങ്ങൾ എഴുതുവാൻ പ്രേരിപ്പിക്കുന്ന പ്രസിദ്ധീകരണശാലക്കാരനെ ഇടിക്കാൻ കൈചുരുട്ടി സാഹിത്യകാരൻ ചെല്ലുന്ന ഒരു രംഗമുണ്ടു് ഈ നാടകത്തിൽ. യാചകനോടു് അവസാനമായി സാഹിത്യകാരൻ പറയുന്ന കാര്യം ഇതാണു്:
“പൊയ്ക്കൊളൂ, പോയി എല്ലാ യാചകന്മാരേയും എല്ലാ പതിതരേയും വിളിച്ചുണർത്തി ലോകത്തിനോടു് പോരിനൊരുങ്ങൂ! അമ്മാവൻ മുമ്പേ പോവൂ!”
ഒരു രംഗം മാത്രമുള്ള നാടകമാണിതു്—നീണ്ട ഏകാങ്കം എന്നു പറയാം. രംഗത്തു് അവതരിപ്പിക്കാൻ എത്രനേരം വേണോ, അത്രയും നേരത്തെ സംഭവങ്ങൾ മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ. അതിനിടയിൽത്തന്നെ സാമൂഹ്യജീവിതത്തിന്റെ പലതരം കൊള്ളരുതായ്മകളും ക്രൂരതകളും കപടനാട്യങ്ങളും ക്രിയയിലൂടെയോ സംഭാഷണത്തിലൂടെയോ അവതരിപ്പിക്കുന്നുമുണ്ടു്.
ബഷീറിനു് സഹജമായ നർമബോധം ഈ ദുഃഖകഥയിലും ഇടംകണ്ടെത്തുന്നു. ഉദാഹരണം: സ്വയം ജർണലിസ്റ്റ് എന്നു് വിളിക്കുന്ന പത്രഏജന്റ് ‘ദേവയാനി’ കണ്ടാൽ കൊള്ളാവുന്ന സ്ത്രീയാണോ എന്ന ചോദ്യത്തിനു് മറുപടി കൊടുക്കുന്നു: ‘അതു ചോദിക്കാനുണ്ടോ സാർ, എന്റെ ലൗവിന്റെ ജ്യേഷ്ഠത്തിയല്ലേ?’
നാടകരൂപം എന്ന നിലയിൽ പരീക്ഷണമോ പുതുമയോ അവകാശപ്പെടാനില്ലാത്തതെങ്കിലും ‘കഥാബീജം’, ബഷീറിന്റെ ചിരന്തനപ്രമേയമായ ദാരിദ്ര്യത്തെ കണ്ണീരും ഇളംചിരിയും ചാലിച്ചു് രേഖപ്പെടുത്തുന്നുണ്ടു്.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.