ആ മനുഷ്യൻ തീർത്തും ആ പട്ടണത്തിന്റേതുതന്നെയായിരുന്നു. വൈകുന്നേരങ്ങളിൽ പാവമണി റോഡിലോ മിഠായിത്തെരുവിലോ അദ്ദേഹം അലഞ്ഞുതിരിയുന്നുണ്ടാവും; അല്ലെങ്കിൽ ബാലിദ്വീപിലെ ഏതെങ്കിലും വിചിത്രാനുഭവം കൊറിച്ചുകൊണ്ടു് ചങ്ങാതിമാരോടൊപ്പം ഏതെങ്കിലും ചായപ്പീടികയിൽ ചായ നുണയുന്നുണ്ടാവും. ഏതാനും ദിവസം തുടർച്ചയായി ആളെ കണ്ടില്ലെങ്കിൽ ചങ്ങാതിമാർ കണക്കുകൂട്ടും: കക്ഷി അകലെ ആഫ്രിക്കയിലോ യൂറോപ്പിലോ ആയിരിക്കാം. ഏതാനും മാസങ്ങൾക്കകം കക്ഷത്തിലെ ബാഗ് നിറയെ ഐതിഹ്യങ്ങളും തമാശകളും സംഭവകഥകളുമായി ആളു് മടങ്ങിയെത്തും.
നന്നായി പിറകോട്ടു് ചീകിയൊതുക്കിയ മുടി. വടിച്ചു മിനുപ്പാക്കിയ മുഖം. തടിച്ചു പുഷ്ടിയേറിയ ശരീരം. ഇരുണ്ട നിറം. ഉയരം കുറവാണു്. അദ്ദേഹത്തിന്റെ രൂപം വെടിപ്പും വൃത്തിയുമുള്ളതാണു്. സുഹൃത്തുക്കളെ കാണുമ്പോൾ വീതി കുറഞ്ഞ നേർത്ത ആ മീശക്കുതാഴെ എളുപ്പം പുഞ്ചിരി തെളിയും. മുഖത്തിനു ഒരു ഫ്രെയിമിട്ടതുപോലെ തോന്നിക്കുന്ന താടിയെല്ലുകൾ പ്രകടമായിക്കാണാം. വളരെ ചുറുചുറുക്കോടെയാണു് നടത്തം. വല്ലപ്പോഴും നിൽക്കുമ്പോൾ ഉടനെ മുന്നോട്ടു് നടക്കാൻ പോകുന്നു എന്നു് തോന്നിപ്പോകും.
ഇദ്ദേഹമാണു് പൊറ്റെക്കാട്ട്—നഗരവാസികൾക്കെല്ലാം ചിരപരിചിതമായ രൂപം. സുഹൃത്തുക്കൾ അദ്ദേഹത്തെ ‘എസ്. കെ.’ എന്നു വിളിച്ചു. മറ്റുള്ളവർ അദ്ദേഹത്തെ ഗ്രന്ഥകാരനായും ‘പുള്ളിമാൻ’ പോലുള്ള ശ്വാസം പിടിച്ചു വായിക്കേണ്ട പ്രണയകഥകൾ എഴുതിയ കാല്പനിക കലാകാരനായും അറിഞ്ഞു. സാധാരണക്കാർക്കു് അദ്ദേഹം സാമൂഹ്യപ്രവർത്തകൻ ആയിരുന്നു—തൊഴിലാളിവർഗരാഷ്ട്രീയത്തോടു് അനുഭാവമുള്ളവനും ലോക്സഭയിൽവരെ അവരെ പ്രതിനിധീകരിച്ചവനുമായ പൊതുപ്രവർത്തകൻ.
പൊറ്റെക്കാട്ട് ആ നഗരത്തിന്റെ സ്വന്തമായിരുന്നു; നഗരം അദ്ദേഹത്തിന്റെയും. ആ ബന്ധം ജീവിതകാലം മുഴുവൻ നിലനിന്നു; അതത്രമേൽ ഗാഢമായിരുന്നു. ഈ നഗരം വളരുന്നതു നോക്കിക്കൊണ്ടാണു് അദ്ദേഹവും വളർന്നതു്.
അറബിക്കടലിന്റെ തീരത്തു് ചേക്കയിരിക്കുന്ന കോഴിക്കോട് എന്ന പട്ടണം ഒരു കാലത്തു് ചരിത്രം സൃഷ്ടിച്ചതാണു്. ഇതു് സാമൂതിരിമാരുടെ തലസ്ഥാന നഗരിയായിരുന്നു. പോർത്തുഗീസ് നാവികൻ തന്റെ ലക്ഷ്യത്തിന്റെ ആദിമദൃശ്യങ്ങളിലേക്കു് കണ്ണയച്ചപ്പോൾ അദ്ദേഹത്തെ കൈവീശി അഭിവാദ്യം ചെയ്തതു് ഇവിടത്തെ തെങ്ങോലകളായിരുന്നു. അറബികൾ അതിനുംമുമ്പേ ഇവിടെ വന്നെത്തി. പിൽക്കാലത്തു് വിദേശികളായ കച്ചവടക്കാർക്കിടയിൽ മത്സരവും രക്തരൂഷിതമായ ഏറ്റുമുട്ടലുകളും രൂപം കൊണ്ടു. കഥയുടെ ബാക്കി ഭാഗം സുവിദിതമാണു്. കൊളോണിയൻ നാടകത്തിന്റെ അങ്കങ്ങളും ക്ലൈമാക്സും അരങ്ങേറാനുള്ള രംഗഭൂമികളായി പിന്നെപ്പിന്നെ കൽക്കത്തയും ദൽഹിയും മറ്റുസ്ഥലങ്ങളും കടന്നുവന്നുവെങ്കിലും അവയുടെയെല്ലാം പ്രാരംഭം കോഴിക്കോട്ടായിരുന്നു. വിചിത്രമെന്നു പറയട്ടെ, ചരിത്രാവശിഷ്ടങ്ങളിലും സ്മാരകങ്ങളിലും രേഖപ്പെട്ടുകിടക്കുന്ന കോഴിക്കോടിന്റെ ചരിത്രം വളരെക്കുറച്ചേയുള്ളു. ഭൂതകാലചരിത്രത്തിന്റെ മഹിമയെ ഓർമ്മിപ്പിക്കുന്ന വലിയ കൊട്ടാരങ്ങളോ പ്രതിമകളോ ശവകുടീരങ്ങളോ ഒന്നും ഈ നഗരത്തിലില്ല. പക്ഷേ, പഴയ കാലത്തെ ഐതിഹ്യങ്ങൾ അതിന്റെ അന്തരീക്ഷത്തിൽ ഇപ്പോഴും തങ്ങിനിൽപ്പുണ്ടു്. അതിന്റെ ഭൂതത്തെയും വർത്തമാനത്തെയും വേർതിരിക്കുക എളുപ്പമല്ല. ദീർഘകാലബന്ധത്തിലൂടെ ഒരാൾക്കു് ആ ഭൂതകാലം മണത്തറിയാം; മണത്തറിഞ്ഞു് സ്വന്തമാക്കാം. ഈ നഗരത്തിൽ ജീവിക്കുന്നതിലൂടെ നിങ്ങൾ ആ പിന്തുടർച്ചയെ സ്വന്തമാക്കുന്നു.
പൊറ്റെക്കാട്ട് കോഴിക്കോടിന്റെ സന്തതിയായിരുന്നു. കടലുംനോക്കി മണിക്കൂറുകളോളം സായാഹ്നങ്ങൾ കഴിച്ച ആ ബാലനിൽ നഗരം തീവ്രമായ ചരിത്രാഭിനിവേശം ഉണർത്തി. തിരമാലകൾ അവന്റെ ഉള്ളിലേക്കു് പോയകാലത്തെ സ്വദേശസ്മരണകളെ ആനയിച്ചു; അറബികളെപ്പറ്റിയും പോർത്തുഗീസുകാരെപ്പറ്റിയും മലബാർതീരം കാത്തുപോന്നിരുന്ന കുഞ്ഞാലിമാരെപ്പറ്റിയും അവനോടു് സംസാരിച്ചു. റെയിൽവേ ലൈനുകൾ നഗരത്തിൽ ജീവിച്ചിരുന്ന ബ്രിട്ടീഷ് കലക്ടർമാരുടെ ഓർമ്മയായി. ഏതാണ്ടു് എല്ലാ കുടുംബത്തിനും ഐതിഹ്യങ്ങളുടെയും കഥകളുടെയും ഒരു ശേഖരം തന്നെയുണ്ടായിരുന്നു. വാമൊഴിയായി പകർന്നു കിട്ടിയതാണവ. ഇത്തരം കഥകൾ സ്വാംശീകരിച്ചുകൊണ്ടാണു് പൊറ്റെക്കാട്ട് വളർന്നതു്. പക്ഷേ, തന്റെ നഗരവുമായി കച്ചവടബന്ധത്തിലേർപ്പെടുകയും അതിന്റെ വിധിയെ മാറ്റിത്തീർക്കുകയും ചെയ്ത വിദേശികളെപ്പറ്റി കൂടുതൽ അറിയുവാൻ അദ്ദേഹം ആഗ്രഹിച്ചു. സ്വന്തം നിലയ്ക്കു് ഒരു ഗാമ ആവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ താല്പര്യം. എളുപ്പത്തിൽ ഉൾക്കൊള്ളുവാനോ നിയന്ത്രിക്കാനോ കഴിയാത്ത ഒന്നായിരുന്നു ഈ ചരിത്ര കൗതുകം. അതു് അദ്ദേഹത്തെ സ്വന്തം നഗരത്തിൽ നിന്നു് ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റേഷ്യ തുടങ്ങിയ അതിവിദൂരദേശങ്ങളിലേക്കു് പുറപ്പെട്ടുപോകുന്ന കപ്പലുകളിലേക്കു് എടുത്തെറിഞ്ഞു.
കോഴിക്കോട് അദ്ദേഹത്തിൽ ചരിത്രാഭിമുഖത്തോടൊപ്പം അദ്ധ്വാനിക്കുന്ന വർഗ്ഗത്തോടുള്ള വാസ്തവമായ താത്പര്യവും കൊളുത്തിവെച്ചു. ആദ്യകാലം തൊട്ടേ ഈ നഗരം മരക്കച്ചവടത്തിന്റെ പ്രമുഖ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. അതിന്റെ തെക്കുഭാഗത്തു കസവിട്ടു് കല്ലായിപ്പുഴ ഒഴുകുന്നു. ഇപ്പോഴും അതിന്റെ തീരത്തു് ഈർച്ചമില്ലുകളുടെ കൂട്ടം കാണാം. ഈ നൂറ്റാണ്ടിന്റെ ആദ്യപാതിയിൽ നഗരത്തിലെ ജനസംഖ്യയിൽ നല്ലൊരുഭാഗം ഈർച്ചമില്ലുകളിലെ തൊഴിലാളികളായിരുന്നു. ജീവിതത്തോടുള്ള അവരുടെ മനോഭാവത്തെ രൂപപ്പെടുത്തിയതു് പ്രധാനമായും രണ്ടു കാര്യങ്ങളാണു്. ഒന്നു് സമ്പന്നരായ മില്ലുടമകളുടെ ഭാഗ്യങ്ങളിൽ നാടകീയമായി വന്നുകൊണ്ടിരുന്ന കയറ്റിറക്കങ്ങൾ. മറ്റേതു്, ഒരേ സമയം മിത്തും യാഥാർത്ഥ്യവുമായിരുന്ന അറബിപ്പൊന്നു്. കള്ളപ്പൊന്നു് വിൽക്കുന്നതിൽ ഇടയാളായി നിന്നാൽ ഒരൊറ്റ രാത്രികൊണ്ടു് പൊടുന്നനെ പണക്കാരനാകാം എന്ന സാമാന്യവിശ്വാസമായിരുന്നു ഇതിലെ മിത്ത്; ചില വ്യക്തികൾ സമ്പൽസമൃദ്ധമായ ജീവിതത്തിലേക്കും സ്ഥാനമാനങ്ങളിലേക്കും പെട്ടെന്നു് പിടിച്ചുകയറിയതിനു പിന്നിൽ മിന്നിയതു് സ്വർണ്ണമായിരുന്നു എന്നതു് യാഥാർത്ഥ്യവും. ബിസിനസ്സുകാരുടെ ജീവിതഭാഗധേയത്തിൽ സംഭവിച്ച ആരോഹണാവരോഹണങ്ങൾ സമൂഹത്തെ, വിശേഷിച്ചു് അദ്ധ്വാനിക്കുന്ന വർഗങ്ങളെ, കാര്യമായി സ്വാധീനിച്ചു. മിതവ്യയ ശീലത്തോടും സാമ്പത്തികാസൂത്രണത്തോടും അവർ ഉദാസീനരായിത്തീർന്നു. കിട്ടുന്നതെന്തും വാരിവലിച്ചു ചെലവാക്കുന്ന അലസതാവിലസിതമായ ജീവിതം അവരുടെ രീതിയായി. ഭാവിക്കുവേണ്ടി അവർ ഒന്നും സമ്പാദിച്ചുവെച്ചില്ലെന്നു പറയാം. ധൈഷണികമായ ഔന്നിത്യം ഇല്ലായിരുന്നെങ്കിലും അവർ എന്തിനേയും ഉദാരമായി ഉൾകൊള്ളുവാൻ പോന്ന മനുഷ്യത്വമുള്ളവരായിരുന്നു. അവർ പരസ്പരം കലഹിച്ചു; പലപ്പോഴും അക്രമം കാണിച്ചു; പിന്നെ ഒരിറക്കു് ചായയിലോ ഒരു മോന്തു് കള്ളിലോ എല്ലാ പിണക്കങ്ങളും ഒഴുക്കിക്കളഞ്ഞു. അവരുടെ ഉല്ലാസപഥങ്ങളും അക്രമം നിറഞ്ഞ വിവാദങ്ങളും നിശാസംഗമങ്ങളും ലഹരിപ്പേക്കൂത്തുകളും പൊറ്റെക്കാട്ടിനെ കമ്പം പിടിപ്പിച്ചു. അദ്ദേഹം അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവർക്കുചുറ്റും ഐതിഹ്യങ്ങൾ നെയ്തുണ്ടാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മികച്ച രണ്ടു നോവലുകളായി പരിണമിച്ചതു് ഈ സാമൂഹ്യനിരീക്ഷണമാണു്—‘ഒരു തെരുവിന്റെ കഥ’യും ‘ഒരു ദേശത്തിന്റെ കഥ’യും.
കഴിഞ്ഞ കുറേ കൊല്ലങ്ങൾ കൊണ്ടു് കോഴിക്കോട് ഏറെ മാറിയിട്ടുണ്ടു്. പൊറ്റെക്കാട്ടിന്റെ കുട്ടിക്കാലത്തു് നഗരത്തിലെ പല ‘ദേശങ്ങളും’ സ്വന്തമായി വ്യക്തിത്വമുള്ളവയായിരുന്നു. അവയിൽ നാട്ടുമ്പുറത്തിന്റെ അന്തരീക്ഷം നിലനിന്നിരുന്നു. ഓരോ തട്ടകത്തിലും താമസിച്ചിരുന്ന കുടുംബങ്ങൾക്കു് പരസ്പരം അടുത്തറിയാമായിരുന്നു. നിസ്സാരസംഭവങ്ങൾപോലും അവർക്കിടയിൽ കാട്ടുതീപോലെ പടരുമായിരുന്നു. ഏതാണ്ടു് എല്ലാ ആണിനും പെണ്ണിനും ഒരു ചെല്ലപ്പേരോ, ചീത്തപ്പേരോ കാണും. ഹിന്ദുക്കളും മുസ്ലിംകളും സൗഹാർദ്ദത്തിലും ഒത്തൊരുമയിലും ജീവിച്ചു പോന്നു. സമൂഹത്തിന്റെ ഭദ്രത ചില പൊതുവിശ്വാസങ്ങളിലും ആദർശങ്ങളിലും അധിഷ്ഠിതമായിരുന്നു. കേരളപ്പിറവിയോടെ ബാഹ്യതലങ്ങളിൽ മാത്രമല്ല, ജീവിതത്തിന്റെ എല്ലാരംഗങ്ങളിലും കോഴിക്കോട് വൻ മാറ്റങ്ങൾക്കു് വിധേയമായി. ‘ദേശങ്ങൾ’ക്കു് സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ടു. പല കുടുംബങ്ങളും നഗരം വിടുകയും പുതിയവ നുഴഞ്ഞുകയറുകയും ചെയ്തു. അയൽക്കാർ തമ്മിൽ പണ്ടുണ്ടായിരുന്ന അടുപ്പവും ദേശക്കാർക്കിടയിൽ ഉണ്ടായിരുന്ന ഒരുമയും എവിടെയോ പോയ്മറഞ്ഞു. പൊറ്റെക്കാട്ട് ഈ പരിണാമങ്ങൾ സസൂക്ഷ്മം അനുഭവിച്ചറിഞ്ഞിരുന്നു. ഗൃഹാതുരത്വത്തിന്റെ നെടുവീർപ്പോടുകൂടിയാണു് അദ്ദേഹം ഈ മാറ്റങ്ങളെ നേരിട്ടതു്. പുതിയ ചുറ്റുപാടിൽ താൻ ഒറ്റപ്പെട്ടതുപോലെ ഈ നഷ്ടബോധവും സ്വന്തം ‘ദേശം’ ശകലീകരിക്കപ്പെടുമ്പോൾ അനുഭവപ്പെട്ട നൊമ്പരവും ‘ഒരു ദേശത്തിന്റെ കഥ’യിലെ അന്ത്യഭാഗത്തിനു് ഒരു വിഷാദച്ഛായയും ദുരന്തഗാംഭീര്യവും നൽകുന്നു.
ശങ്കരൻകുട്ടി പൊറ്റെക്കാട്ട് 1913 മാർച്ച് 13-ാം തിയതി ജനിച്ചു. പിതാവു് കുഞ്ഞിരാമൻ അറിയപ്പെടുന്ന ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. ഹിന്ദു സ്കൂളിലും സാമൂതിരി ഹൈസ്ക്കൂളിലുമായിരുന്നു ശങ്കരൻകുട്ടിയുടെ പ്രാഥമികവിദ്യാഭ്യാസം. സാമൂതിരികോളേജിൽ നിന്നു് അദ്ദേഹം 1934-ൽ മദിരാശി സർവ്വകലാശാലയുടെ ഇന്റർമീഡിയറ്റു കോഴ്സ് പൂർത്തിയാക്കി. അതു കഴിഞ്ഞു് ഏതാണ്ടു് മൂന്നു കൊല്ലത്തോളം പറ്റിയ ഒരു പണി കിട്ടാതെ ചുറ്റിത്തിരിഞ്ഞു. അക്കാലത്തു് അദ്ദേഹം ഭാരതീയവും വൈദേശികവുമായ പല മികച്ച കൃതികളും വായിക്കാനിടയായി. അദ്ദേഹത്തിന്റെ സാഹിത്യയത്നങ്ങൾക്കു് അടിത്തറയായിത്തീർന്നതു് ഈ വായനയാണു്. പിന്നെ രണ്ടുകൊല്ലക്കാലം (1937–39) അദ്ദേഹം കോഴിക്കോട്ടെ ഗുജറാത്തി വിദ്യാലയത്തിൽ അദ്ധ്യാപകനായിരുന്നു. 1939-ലെ ത്രിപുര കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കണം എന്ന അത്യാവേശം ആ ജോലി ഉപേക്ഷിക്കാൻ കാരണമായി. സമ്മേളനാന്തരം പൊറ്റെക്കാട്ട് ബോംബെയിൽ എത്തിപ്പെട്ടു. അവിടെ പലതരം ജോലികളും പയറ്റിനോക്കി. ഏറെച്ചെല്ലും മുമ്പെ, എല്ലാതരം വെള്ളക്കോളർ ജോലികളടക്കമുള്ള വൈരസ്യം അദ്ദേഹത്തിൽ വളർന്നു വന്നു. ഗുമസ്തനായോ ആപ്പീസറായോ ഉദ്യോഗം ഭരിക്കാതെ, ഒരെഴുത്തുകാരനായി മാത്രം ജീവിക്കും എന്ന ഉറച്ച തീരുമാനവുമായാണു് അദ്ദേഹം 1945-ൽ കേരളത്തിൽ തിരിച്ചെത്തിയതു്. അപ്പോഴേക്കും ഏതാനും ചെറുകഥകളുടെയും പ്രസിദ്ധീകൃതമായ ‘നാടൻപ്രേമം’ എന്ന നോവലിന്റെയും പേരിൽ പൊറ്റെക്കാട്ടിനു് സാഹിത്യത്തിൽ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടായിക്കഴിഞ്ഞിരുന്നു. 1940-കളിൽ മലയാളത്തിലെ കഥാരംഗത്തെ എണ്ണപ്പെട്ട ഒരെഴുത്തുകാരനായി പ്രതിഷ്ഠ നേടാൻ അദ്ദേഹത്തിനു് സാധിച്ചു. എഴുതുവാനുള്ള തന്റെ ജന്മവാസനയെ യാത്ര ചെയ്യുവാനുള്ള ആവേശവുമായി എസ്. കെ. സമന്വയിപ്പിച്ചു. 1945-ൽ അദ്ദേഹം കാശ്മീർ സന്ദർശിച്ചു. തുടർന്നു് ആഫ്രിക്കയും യൂറോപ്പും കാണാൻ പുറപ്പെട്ടു. ആ യാത്ര പതിനെട്ടുമാസം നീണ്ടുനിന്നു. ‘കാപ്പിരികളുടെ നാട്ടിൽ’, ‘ഇന്നത്തെ യൂറോപ്പ്’ എന്നീ പുസ്തകങ്ങളുടെ പ്രസാധനത്തോടെ എസ്. കെ. മലയാളത്തിലെ യാത്രാവിവരണരചയിതാക്കളുടെ മുൻനിരക്കാരനായിത്തീർന്നു.
1952 ആ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അക്കൊല്ലം അദ്ദേഹം വിവാഹിതനായി; പത്നി ജയവല്ലിയോടൊപ്പം കോഴിക്കോട് പുതിയറയിൽ താമസമാരംഭിക്കുകയും ചെയ്തു. അക്കൊല്ലം തന്നെ അദ്ദേഹം പത്നീസമേതം സിലോൺ, മലേഷ്യ, ഇന്തിനേഷ്യ എന്നീ നാടുകളിൽ യാത്ര ചെയ്തു. അഞ്ചുകൊല്ലം കഴിഞ്ഞു് യൂറോപ്പിന്റെ മറ്റു ചില ഭാഗങ്ങളിൽ സഞ്ചരിക്കാനും അവസരമുണ്ടായി—ഫിൻലാണ്ട്, ചെക്കോസ്ലോവാക്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ. നാട്ടിൽ തിരിച്ചെത്തിയ എസ്. കെ. തലശ്ശേരി ലോക്സഭാമണ്ഡലത്തിൽ തെരഞ്ഞെടുപ്പിനു് നിന്നെങ്കിലും തോറ്റുപോയി. പ്രതീക്ഷ വിടാത്ത അദ്ദേഹം 1962-ൽ വീണ്ടും അതേ മണ്ഡലത്തിൽ മത്സരിച്ചു് ജയിച്ചു.
എസ്. കെ.-യുടെ ദാമ്പത്യജീവിതം ആഹ്ലാദപൂർണ്ണമായിരുന്നു. ജയവല്ലിയിൽ അദ്ദേഹത്തിനു് നാലു് മക്കളുണ്ടു്—രണ്ടാണും രണ്ടു പെണ്ണും. പ്രിയ പത്നിയുടെ ആകസ്മിക നിര്യാണം (1980) അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചു. ആ ദുരന്തത്തിനുശേഷം ഒരിക്കലും അദ്ദേഹം പഴയ ഉല്ലാസവാനായ എസ്. കെ. ആയിരുന്നില്ല—ആരോഗ്യം ക്ഷയിച്ചു; ഒരു നോവലടക്കം ഏതാനും പുസ്തകങ്ങൾ എഴുതുവാൻ ആലോചിച്ചിരുന്നെങ്കിലും ഒന്നിലും മനസ്സു നിന്നില്ല. 1982 ജൂലായിൽ പക്ഷാഘാതത്തെത്തുടർന്നു് ആസ്പത്രിയിലായി. 1982 ആഗസ്റ്റ് 6-നു് എസ്. കെ. പൊറ്റെക്കാട്ട് നിര്യാതനായി.
തന്റെ കഥാലോകത്തെ ചില മനുഷ്യരെപ്പോലെത്തന്നെ വളരെ കൗതുകം ജനിപ്പിക്കുന്ന ഒരു കഥാപാത്രമാണു് പൊറ്റെക്കാട്ട്. അദ്ദേഹത്തിന്റെ ആദർശങ്ങൾ, പ്രവൃത്തികൾ, ശീലങ്ങൾ—പൊതുവെ അദ്ദേഹത്തിന്റെ ജീവിതരീതിതന്നെ രസകരമായ ഒട്ടനേകം കൗതുകങ്ങൾ നിറഞ്ഞതാണു്. ജീവിതകാലം മുഴുവൻ അദ്ദേഹം പ്രവാസിയായിരുന്നു. ഒരു തീരത്തു നിന്നു് മറ്റൊരു തീരത്തേക്കു് അലഞ്ഞെത്തുക എന്നും അദ്ദേഹത്തിനു് ഹരമായിരുന്നു. എന്നിട്ടും ഭാര്യയോടും മക്കളോടുമൊപ്പം കുടുംബ ജീവിതത്തിന്റെ സ്വാസ്ഥ്യവും സൗഖ്യവും ആസ്വദിച്ചു് ജീവിച്ചുപോന്നു. വലിയ ചിട്ടക്കാരനായിരുന്നു പൊറ്റെക്കാട്ട്. രാവിലെ ഷേവ് ചെയ്യാതെയോ കുളിക്കാതെയോ പുറത്തിറങ്ങേണ്ടിവന്നാൽ ദിവസം മുഴുവൻ അദ്ദേഹം അസ്വസ്ഥനായിരിക്കും. ഷേവ് ചെയ്തു് കഴിഞ്ഞ ഉടനെ ബ്ലേഡ് ഉപയോഗിക്കാൻ തുടങ്ങിയ തീയതി അതിന്റെ കവറിൽ കുറിച്ചു വെയ്ക്കാൻ വിട്ടുപോകാറില്ല. തന്റെ കഥകളേയും നോവലുകളെയും പറ്റി വരുന്ന നിരൂപണലേഖനങ്ങളെല്ലാം മുറിച്ചെടുത്തു് ചിട്ടയായി ഫയൽ ചെയ്തു സൂക്ഷിക്കും—മിക്കതിന്റെയും മാർജിനിൽ കുറിപ്പുകളും എഴുതിയിട്ടുണ്ടാവും. അത്യാകർഷകമായ തന്റെ കൈപ്പടയിൽ വളരെ വെടിപ്പായി പകർത്തി മാത്രമേ അദ്ദേഹം ഏതു് പത്രാധിപർക്കും രചനകൾ അയച്ചിരുന്നുള്ളൂ. പല നിറത്തിലുള്ള മഷി നിറച്ച പലതരം പേനകളുപയോഗിച്ചാണു് എഴുതിയിരുന്നതു്. തലക്കെട്ടുകൾക്കു് വിവിധ വർണ്ണങ്ങളിലുള്ള അലങ്കാരങ്ങളും പൂപ്പണികളുമൊക്കെക്കാണും. എല്ലാ കാര്യത്തിലും ഇത്രമാത്രം ചിട്ടയും കണക്കുമുള്ള ഈ മനുഷ്യൻ ചിലപ്പോൾ ചില ആവേഗങ്ങൾക്കടിമപ്പെട്ടു് പെരുമാറുന്നതു് കാണുമ്പോൾ അമ്പരപ്പു തോന്നും. ഒരിക്കൽ അദ്ദേഹം കോഴിക്കോട്ടേക്കുള്ള ബസ്സും കാത്തു് തൃശ്ശൂരിൽ നിൽക്കുകയായിരുന്നു. അപ്പോൾ ‘കൃഷ്ണൻകോട്ട’ എന്ന സ്ഥലത്തേക്കു പോകുന്ന ബസ്സു കണ്ടു. ആ സ്ഥലപ്പേരിനോടു് വളരെ കമ്പം തോന്നിയ പൊറ്റെക്കാട്ട് ‘കൃഷ്ണൻകോട്ട’ എങ്ങനെയിരിക്കും എന്നറിയാനുള്ള കൗതുകം നിയന്ത്രിക്കാനാവാതെ ആ ബസ്സിൽ പാഞ്ഞു കയറി!
രോഗിയായി കിടപ്പിലാവുന്നതുവരേയും പുലർച്ചയ്ക്കുള്ള നടത്തം തെറ്റിക്കാറില്ലായിരുന്നു. ആൾത്തിരക്കുള്ള തെരുവീഥികളേക്കാൾ നാട്ടുവഴികളും ഇടവഴികളുമായിരുന്നു പഥ്യം. എന്നും രാവിലെ ഏതെങ്കിലും ഒരു സുഹൃത്തിന്റെ വീടു് ലക്ഷ്യമായി സങ്കൽപ്പിച്ചു് നടത്തം തുടങ്ങുകയാണു് പതിവു്. ഇതു് അത്തരക്കാരുമായി ബന്ധം നിലനിർത്താനുള്ള വഴികൂടിയാണു്. നല്ലൊരു പങ്കു് എസ്. കെ. കഥകളുടെയും പ്രമേയങ്ങൾ ഇത്തരം പ്രഭാതസവാരികൾക്കിടയിൽ ഉരുത്തിരിഞ്ഞുവന്നവയാണു്. വെടിപ്പും വൃത്തിയും അദ്ദേഹത്തിനു് വലിയ കാര്യമായിരുന്നു. അതു് സംബന്ധിച്ചു് താനുണ്ടാക്കിയ എല്ലാ ചിട്ടകളും അദ്ദേഹം കർശനമായി പാലിച്ചു പോരുകയും ചെയ്തു. മെത്തവിരി, ഒരു ജോഡി ചെരിപ്പു്, ചീർപ്പു്, ടാൽക്കംപൗഡർ തുടങ്ങിയവയെല്ലാം തന്റെ നിത്യസഹചാരിയായ കറുത്ത ബാഗിലിട്ടു് എവിടെപ്പോകുമ്പോഴും കൂടെക്കൊണ്ടുപോകൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഹോട്ടൽമുറികളിൽ സ്വന്തം മെത്തവിരി മാത്രമേ ഉപയോഗിക്കൂ എന്നു് നിർബന്ധമായിരുന്നു. ഈ വൃത്തിബോധമൊക്കെയുള്ളപ്പോഴും ഇതിലൊന്നും താല്പര്യമില്ലാത്ത ചങ്ങാതിമാരുടെ കൂടെ ഭൂമിയുടെ ഏതു ഭാഗത്തേക്കു് കടന്നുചെല്ലാനും അദ്ദേഹത്തിനു അറപ്പുണ്ടായിരുന്നില്ല.
പൊറ്റെക്കാട്ട് ഒരിക്കലും സമ്പന്നനായിരുന്നിട്ടില്ല. എന്നിട്ടും തന്റെ നേരെ വെച്ചുനീട്ടിയ ആകർഷകമായ പല സ്ഥാനമാനങ്ങളും അദ്ദേഹം വേണ്ടെന്നുവെച്ചിട്ടുണ്ടു്. എസ്. കെ. ഒരു സർവ്വതന്ത്രസ്വതന്ത്രനായ മുഴുസമയസാഹിത്യകാരനായിരുന്നു. ചുരുങ്ങിയ വരുമാനംകൊണ്ടു് കുടുംബത്തെ സംരക്ഷിക്കുവാനും തന്റെ അടങ്ങാത്ത യാത്രാമോഹം ശമിപ്പിക്കുവാനും അദ്ദേഹത്തിനു സാധിച്ചു.
പത്തു നോവലുകൾ, ഇരുപത്തിനാലു് കഥാസമാഹാരങ്ങൾ, പതിനെട്ടു് യാത്രാവിവരണങ്ങൾ (ഈയിടെ അവ സമാഹരിച്ചു് മൂന്നു വാല്യങ്ങളായി പുറത്തിറങ്ങിയിട്ടുണ്ടു്), നാലു നാടകങ്ങൾ, ഒരു ലേഖനസമാഹാരം, വ്യക്തിപരമായ സ്മരണക്കുറിപ്പുകൾ അടങ്ങുന്ന രണ്ടു് പുസ്തകങ്ങൾ എന്നിവയടക്കം ഏതാണ്ടു് അറുപതോളം പുസ്തകങ്ങൾ പൊറ്റെക്കാട്ട് പുറത്തിറക്കിയിട്ടുണ്ടു്. പല പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. ‘യവനികക്കു പിന്നിൽ’ എന്ന കഥാസമാഹാരത്തിനും ‘വിഷ കന്യക’ എന്ന നോവലിനും ലഭിച്ച മദ്രാസ് ഗവൺമെണ്ട് അവാർഡുകൾ, ‘ഒരു തെരുവിന്റെ കഥ’ക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡ് (1962), ‘ഒരു ദേശത്തിന്റെ കഥ’ക്കു ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1972), അതേ പുസ്തകത്തിനു ലഭിച്ച ജ്ഞാനപീഠം അവാർഡ് (1981) എന്നിവ അക്കൂട്ടത്തിൽ പ്രമുഖമാണു്. കാലിക്കറ്റ് സർവ്വകലാശാല 1981-ൽ അദ്ദേഹത്തെ ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കുകയുണ്ടായി.
പല സാംസ്കാരികസംഘടനകളുടെയും ഭാരവാഹിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ടു്. കുറച്ചുകാലം മലബാർ കേന്ദ്രകലാസമിതിയുടേയും സാഹിത്യപ്രവർത്തകസഹകരണസംഘത്തിന്റേയും പ്രസിഡണ്ടായിരുന്നു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടായും കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ടു്.
പ്രധാനപ്പട്ട എല്ലാ ഇന്ത്യൻ ഭാഷകളിലും അദ്ദേഹത്തിന്റെ എണ്ണപ്പെട്ട രചനകൾക്കു് പരിഭാഷകളുണ്ടു്; പുറമെ ഇംഗ്ലീഷ്, റഷ്യൻ, ജർമ്മൻ, ഇറ്റാലിയൻ, ചെക്ക് ഭാഷകളിലും. ‘ലോകത്തിലെ മികച്ച കഥകൾ’ എന്ന പേരിൽ 1971-ൽ മിലാനിൽ നിന്നു പുറത്തിറങ്ങിയ ഒരു ഇറ്റാലിയൻ സമാഹാരത്തിൽ അദ്ദേഹത്തിന്റെ ‘ഭ്രാന്തൻനായ’ എന്ന കഥ ഉൾപ്പെടുത്തുകയുണ്ടായി. എസ്. കെ.-യുടെ പതിനൊന്നു കഥകളുടെ പരിഭാഷ അടങ്ങിയ ഒരു റഷ്യൻ സമാഹാരം അമ്പരപ്പിക്കുന്ന വേഗതയിൽ വിറ്റുതീർന്നു—രണ്ടു് ആഴ്ചക്കകം ഒരു ലക്ഷം കോപ്പി!
കോഴിക്കോട് തന്റെ സ്വന്തം എഴുത്തുകാരനെ അഗാധമായ ആദരവോടും വാത്സല്യത്തോടും കൂടി ഓർമ്മിക്കുന്നു. പൊറ്റെക്കാട്ടിന്റെ പേരിൽ നഗരത്തിൽ ഒരു തെരുവും ഒരു പാർക്കും ഉണ്ടു്. ‘പൊറ്റെക്കാട്ട് സ്മാരക സമിതി’ വർഷം തോറും അദ്ദേഹത്തിന്റെ കൃതികളുടെ ഭിന്നവശങ്ങളെപ്പറ്റി ചർച്ചകൾ സംഘടിപ്പിച്ചു വരുന്നു. തലയെടുപ്പുള്ള ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം മികച്ച സ്മാരകം സ്വന്തം കൃതികൾ തന്നെയാണു്. അർഹമായ ഗൗരവത്തോടുകൂടി ആ കൃതികളെ വ്യാഖ്യാനിക്കുന്നതിനപ്പുറമുള്ള ഒരാദരവും ഭാവിതലമുറയ്ക്കു് ഒരെഴുത്തുകാരന്നു് നൽകാനില്ല. തുടർന്നുവരുന്ന പുറങ്ങൾ എസ്. കെ. പൊറ്റെക്കാട്ടിന്റെ കൃതികളുടെ പഠനത്തിനുള്ള പ്രവേശകം ആകുന്നു.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.