ആ സുന്ദരിക്കു വേണ്ടി ചേല ഇറങ്ങിവന്നു. അവൾ അതിന്റെ ഒരു തലകൊണ്ടു് ഏറാപ്പു് കെട്ടി; മറുതലകൊണ്ടു് നെറുകു് മറച്ചു. അവളുടെ മാറിൽ പച്ചച്ചുണപ്പു് വീണു. ആ പെൺകിടാവു് നെറ്റിയിൽ മാണിക്ക പൊൻകുറിതൊട്ടു; ഇരുകണ്ണിലും സുറുമയെഴുതി; കഴുത്തിൽ കല്ലുമാലയണിഞ്ഞു; മുടിയിൽ പൂണാരം ചൂടി; കൈയിൽ തങ്കവളകളും പത്തു വിരലിലും പൊൻമോതിരങ്ങളും ഇട്ടു. അരയിൽ തങ്കത്തിൽ പണിത അരഞ്ഞാണം കെട്ടി. കാലിൽ കനകചിലമ്പണിഞ്ഞു. ഒരുക്കം പൂർത്തിയായപ്പോൾ അവൾക്കുവേണ്ടി ഒരു കൊട്ട ഇറങ്ങിവന്നു. മാണിക്കക്കല്ലുകൾ നിറഞ്ഞ കൊട്ടയെടുത്തു അവൾ ‘തലമുകളിൽ’ കയറ്റി. അവളുടെ ഒളിവാൽ വാനങ്ങൾ ലങ്കുകയായി… സ്വർഗ്ഗത്തിൽ നിന്നു് അവൾ പുറപ്പെടുകയാണു്.
ആ സുന്ദരി ഭൂമിയിലേക്കു് ഇറങ്ങിവരികയാണു്. അവൾ മക്കാദേശത്തു് വന്നിറങ്ങി. ആ ‘മലങ്കുറത്തിപ്പെണ്ണു്’ നടക്കുമ്പോൾ ചിച്ചിൽ എന്നും ചിൽ ചിൽ എന്നും കാല്പടത്തിന്റെ ഒലി മുഴങ്ങുന്നു. മക്കത്തെ പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞു് വിശ്രമിക്കുകയായിരുന്ന വീരപരാക്രമിയായ ഇമാം അലി ആ ശബ്ദം കേട്ടു് പിന്തിരിഞ്ഞു നോക്കിപ്പോയി. അവൾ ആ വീരനോടു് പ്രവാചകപുത്രി ഫാത്തിമയുടെ സൗന്ദര്യത്തെയും ആരോഗ്യത്തെയും വാഴ്ത്തിപ്പാടി:
“കുറത്തി ഞാനും ഒന്നു
പെറ്റാൽ പത്തുപെറ്റ മേനി
ഫാത്തിമാബി പത്തു
പെറ്റാൽ ഒന്നുപെറ്റെമേനി”
പിന്നെ കുറത്തി അവിടന്നും മുന്തി നടകൊണ്ടു. അവൾ ‘ഓരടി നടക്കുമ്പോൾ ഈരടി പറക്കുകയാണു്. അങ്ങനെ മലങ്കുറത്തി പൂമാൻ നബിയുടെ മകളായ ഫാത്തിമാബിയുടെ അടുത്തു് ചെന്നു് സ്വയം പരിചയപ്പെടുത്തി: ‘കഴിഞ്ഞതും ഇനി കഴിയാനുള്ളതും മരിപ്പും പിറപ്പും പറയുന്നവളാണു് ഞാൻ. കൈനോക്കി ലക്ഷണം പറയുന്ന കുറത്തിയാണു് ഞാൻ’ പൂമലരായ ഫാത്തിമയുടെ കൈനോക്കി ഇമാം അലി അവളെ കെട്ടുമെന്നും അവർക്കു് ഇന്നയിന്ന പേരുകളായ മക്കൾ പിറക്കുമെന്നും കുറത്തി വർണിച്ചുപറഞ്ഞു.
ഈ കുറത്തി ആരെന്നോ? ഇസ്ലാം മതവിശ്വാസമനുസരിച്ചു് മലക്കുകളുടെ നേതാവായി ആദരിക്കപ്പെട്ടുവരുന്ന ജിബ്രീൽ! അല്ലാഹുവിന്റെ പ്രത്യേക ‘കല്പനപ്രകാര’മാണു് ആ മലക്കു് ഇങ്ങനെ ഒരു മലങ്കുറത്തിയായി വേഷം പൂണ്ടതത്രേ!
മലബാറിൽ ഏറെ പ്രചാരമുള്ള പഴയൊരു മാപ്പിളപ്പാട്ടു് തെളിമലയാളത്തിൽ ലളിതമധുരമായി ആഖ്യാനം ചെയ്ത ഒരു കൊച്ചു കഥയുടെ ഏകദേശപരാവർത്തനമാണു് മുകളിൽ ചേർത്തതു്. ഇതിനു് ‘കുറത്തിപ്പാട്ടു്’ എന്നു് പേരു്.
പ്രവാചകന്റെ പിതൃവ്യപുത്രനും ശൂരനുമായ അലി പ്രവാചക പുത്രിയും സുന്ദരിയുമായ ഫാത്തിമയെ ദൈവനിശ്ചയപ്രകാരം വിവാഹം ചെയ്തു എന്ന ആശയത്തിന്റെ ആലങ്കാരികമായ ഒരാവിഷ്കാരം മാത്രമാണിതു്. പക്ഷേ, ആ വർണ്ണനയിൽ എവിടെയും കാലത്തിന്റെയോ ദേശത്തിന്റെയോ അപരിചിതത്വം നിങ്ങൾക്കു് അനുഭവപ്പെടുന്നില്ല. അന്തരീക്ഷം തീർത്തും കേരളീയമാണു്. സ്വർഗത്തിൽ വെച്ചു് ആ കുറത്തി വേഷം അണിയുമ്പോൾ കുറി തൊടുവാൻകൂടി മലക്കു് മറന്നുപോവുന്നില്ല! കൈനോക്കി ഫലം പറയുന്നതിൽ വിശ്വസിക്കുവാൻ പാടുണ്ടോ എന്ന മതചിന്ത പ്രസ്തുതരചനയുടെ ഏഴയലത്തെങ്ങും ചെന്നിട്ടില്ല.
ഈ സന്ദർഭത്തിൽ ഓർക്കാവുന്ന ‘കുപ്പിപ്പാട്ടു്’, ‘പക്ഷിപ്പാട്ടു്’ തുടങ്ങി ഇത്തരം മാപ്പിളപ്പാട്ടുകൾ വേറെയുമുണ്ടു്.
‘കുപ്പിപ്പാട്ടി’ൽ ഒരു സുന്ദരി കുളിക്കുമ്പോൾ പൊയ്കയുടെ തീരത്തുള്ള വലിയൊരു മരത്തിനു് മറഞ്ഞുനിന്നാണു് ‘കള്ളപ്പുരുഷൻ’ അവളുടെ സൗന്ദര്യം ആസ്വദിക്കുന്നതു്—മരുഭൂമിയിലെ ചരൽക്കല്ലും പാറക്കെട്ടുകളും നിറഞ്ഞ കുന്നുകൾക്കു നടുവിൽ വരണ്ടുകിടക്കുന്ന ഒരു താഴ്‌വാരമായ മക്കയിൽ ഈ കഥ നടക്കുന്നു എന്നും പറഞ്ഞിരിക്കുന്നു! ‘പക്ഷിപ്പാട്ടി’ലെ നായകനായ പരാക്രമി നേരത്തേ പറഞ്ഞ പ്രവാചകന്റെ പിതൃവ്യപുത്രനായ അലിയാണു്. ആ കഥാകഥനത്തിലെ ഏതു സന്ദർഭത്തിലും അദ്ദേഹം വടക്കൻപാട്ടുകളിൽ നിന്നു് ഇറങ്ങിവന്ന ഒരു ചേകോനാണെന്നു് തോന്നിപ്പോവും. ഈണത്തിലും പദാവലികളിലുമുള്ള വ്യത്യാസം മാറ്റി നിർത്തിയാൽ ആ ലഘുകാവ്യത്തിലെ കഥനസമ്പ്രദായം വടക്കൻ പാട്ടിനെ തീർത്തും അനുകരിച്ചിരിക്കുകയാണു്.
‘മാപ്പിളരാമായണം’ എന്ന പേരിൽ രാമായണകഥാപരാമർശകങ്ങളായി കുറെ നാടൻ മാപ്പിളപ്പാട്ടുകളുണ്ടു്. രാമന്റെ വീടരായ സീതയെപ്പറ്റിയും ശൂർപ്പണഖാബീബിയെപ്പറ്റിയും അവയിൽ റങ്കുള്ള വർണനകൾ കാണാം. സങ്കല്പങ്ങളിലും പദാവലികളിലും മാപ്പിളപ്പാട്ടിനെ അനുസരിക്കുന്നതും കഥനരീതിയിലും ചില ഈണവിശേഷങ്ങളിലും വടക്കൻപാട്ടിനെ അനുസ്മരിപ്പിക്കുന്നതുമായ അനവധി മാപ്പിളപ്പാട്ടുകൾ ഉണ്ടു്.
മാപ്പിളപ്പാട്ടിലെ ‘ഇശൽ’ എന്നറിയപ്പെടുന്ന ഈണഭേദങ്ങൾക്കു് രക്തബന്ധം ദ്രാവിഡതാളങ്ങളോടാണു്. കാലംകൊണ്ടും ദേശംകൊണ്ടും ഏറെ വ്യത്യാസപ്പെട്ടുനിൽക്കുന്ന കഥകൾ പറയുമ്പോഴും അന്തരീക്ഷസൃഷ്ടിയിലും വർണ്ണനകളിലും അലങ്കാരപ്രയോഗങ്ങളിലുമെല്ലാം മാപ്പിളപ്പാട്ടുകൾ സംസ്കൃതത്തിലേയും മണിപ്രവാളകൃതിയിലേയും വർണനകളുടെ സ്വാധീനം വഹിച്ചുനിൽക്കുന്നു—വിഷയം യുദ്ധമോ, സ്ത്രീശരീരമോ, പ്രണയചേഷ്ടയോ, ദൈവഭക്തിയോ എന്തായാലും: യുവകോമളനായ ബദ്റുൽമുനീറിന്റെ മുഖശോഭ വർണിക്കുമ്പോൾ ‘താമരപൂക്കും മുഖത്തെകണ്ടാൽ’ എന്നു് മോയിൻകുട്ടിവൈദ്യർ. ഇച്ച അബ്ദുൽഖാദർ മസ്താൻ ഭക്തിയുടെ ലഹരിയിൽ ഹൈന്ദവദൈവങ്ങളുടെ പേരുചൊല്ലി അല്ലാഹുവിനെ പരാമർശിക്കുന്ന പാട്ടുകൾ പാടിയിട്ടുണ്ടു്.
പാരമ്പര്യത്തിന്റെയും ജീവിത സാഹചര്യങ്ങളുടെയും ശക്തി!
ശകുനം, ജാതകം, ജ്യോതിഷം, കുട്ടിച്ചാത്തൻ സേവ, നൂലുമന്ത്രിക്കൽ, കണക്കു നോട്ടം, അറംപറ്റൽ, കരിങ്കണ്ണു്, കരിനാക്കു്, ഉറുക്കു് ധരിക്കൽ, വെള്ളംമന്ത്രിക്കൽ, ദുർമന്ത്രവാദം തുടങ്ങി ഈ നാട്ടിലെ ഗോത്രസ്മൃതികളോടും ഹൈന്ദവാനുഷ്ഠാനങ്ങളോടും ബന്ധപ്പെട്ട പല സംഗതികളിലും ഈയടുത്ത കാലം വരെ മുസ്ലിംകൾക്കും സവിശേഷമായ ആഭിമുഖ്യമുണ്ടായിരുന്നു. ഇപ്പോഴും കുറഞ്ഞ അളവിലാണെങ്കിലും അതു് നിലനിൽക്കുന്നുണ്ടു്. ഇതൊക്കെ കൊണ്ടുനടക്കുവാൻ അവർക്കു് സ്വന്തം സിദ്ധന്മാരോ തങ്ങന്മാരോ കാണും. ചിലപ്പോൾ അന്യസമുദായക്കാരായ സിദ്ധന്മാരെത്തന്നെ സമീപിക്കുന്നു. സ്വന്തം മതത്തിന്റെ താത്വിക നിലപാടുകൾക്കു് വിരുദ്ധമാണവ എന്ന പരിഷ്കരണവാദപ്രബോധനം വിചാരിച്ചത്ര മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല. മരണം, ഭ്രാന്തു്, മാറാരോഗങ്ങൾ, സാംക്രമികരോഗങ്ങൾ, പ്രകൃതിക്ഷോഭം, വിളനാശം തുടങ്ങിയ ഭീതികളെ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ അവർ ഇപ്പോഴും നാട്ടാചാരങ്ങളിലേക്കു് വഴിതിരിഞ്ഞുപോവുന്നു. അത്യപൂർവ്വമായി മല ചവിട്ടുകയോ, കാടാമ്പുഴയിൽ മുട്ടറുക്കുകയോ, തുലാഭാരം കഴിക്കുകയോ ചെയ്യുന്ന മുസ്ലിംകളെക്കുറിച്ചു് നാം കേൾക്കാനിടയാവുന്നു.
മരണവുമായി ബന്ധപ്പെട്ട മുസ്ലിംകളുടെ വിശ്വാസാചാരങ്ങളിൽ മിക്കതും കേരളീയമാണു്. മൃതദേഹത്തിന്റെ മുഖം കാണുന്ന പതിവുപോലും അറേബ്യയിൽ ചുരുക്കമാണത്രെ. മരണത്തിന്റെ 3, 7, 15, 40 ദിവസങ്ങളിലും ചരമവാർഷികദിനത്തിലും കാണുന്ന മാപ്പിളമാരുടെ ചടങ്ങുകളെല്ലാം ഇവിടത്തെ സമ്പ്രദായങ്ങളിൽ നിന്നു് പകർത്തിയതുതന്നെ. മലബാറിലെ ബദർദിനാചരണത്തിൽ (റംസാൻ 17) കാണുന്ന അന്നപാനീയദാനം പ്രാദേശികമായ ശ്രാദ്ധമൂട്ടിന്റെ രൂപാന്തരമാണു്.
സിദ്ധന്മാരുടെയും തങ്ങന്മാരുടെയും ശവകുടീരങ്ങളിൽ (ഖബർ) നടന്നുവരുന്ന ആചാരാനുഷ്ഠാനങ്ങൾ തീർത്തും പ്രാദേശികമാണു്. ഉത്തരേന്ത്യൻ ചടങ്ങുകളും കേരളീയസമ്പ്രദായങ്ങളും അവയിൽ ഇടകലരുന്നു. ജാറങ്ങൾ എന്നറിയപ്പെടുന്ന ഈ ശവകുടീരങ്ങളിൽ നടന്നുവരുന്ന നേർച്ചകളും മറ്റുചടങ്ങുകളും ഹൈന്ദവദേവാലയങ്ങളിലെ പൂരങ്ങളുടെയും ഉത്സവങ്ങളുടെയും നേർപകർപ്പുകളാണു്.
നൂറ്റാണ്ടുകൾ കടന്നുപോയിട്ടും ഗോത്രസ്മൃതികൾ മങ്ങിപ്പോവുന്നില്ല…
മതപരിവർത്തനത്തിനുശേഷം ജാത്യാചാരങ്ങൾ താരതമ്യേന കുറച്ചു മാത്രം നിലനിർത്തിയ സമൂഹമാണു് ഇവിടത്തെ മുസ്ലിംകൾ. കുറഞ്ഞ തോതിലാണെങ്കിലും അവ പുലരുന്നു. പുതിയ ഇസ്ലാം എന്ന അർത്ഥത്തിലുള്ള ‘പൂസ്ലാൻ’ എന്ന വാക്കു് ‘കീഴ്’ ജാതിക്കാരനോടുള്ള പുച്ഛം വെളിപ്പെടുത്തുന്നു. പൊതുവെ മുക്കുവജാതിക്കാരെയാണു് പൂസ്ലാൻ എന്നു് വിളിക്കുന്നതു്. കുലത്തൊഴിലിൽ തന്നെ തുടരുന്ന ആശാരി, മൂശാരി, തട്ടാൻ, ഒസ്സാൻ (ക്ഷുരകൻ) തുടങ്ങിയ വിഭാഗങ്ങളിലെ മുസ്ലിംകൾക്കു് ‘താഴ്ച’യുണ്ടായിരുന്നു. ഒസ്സാന്റെ കഥയാണു് ദയനീയം. അയാളുടെ കുടുംബവുമായി മറ്റു മുസ്ലിംകൾക്കു് കല്യാണബന്ധം ഉണ്ടായിരുന്നില്ല. അയാളുടെ വീട്ടിൽ നിന്നു് മറ്റുള്ളവർ ആഹാരം കഴിച്ചിരുന്നില്ല. കാൽ നൂറ്റാണ്ടു് മുമ്പു് അയാൾക്കു് കുട ചൂടുവാനോ ചെരിപ്പു ധരിക്കുവാനോ അനുവാദമുണ്ടായിരുന്നില്ല.
‘തങ്ങൾ’ ഏറ്റവും മുന്തിയതാണു് എന്നാണു് വിശ്വാസം. ആ കുടുംബത്തിൽ പിറക്കുന്നതുകൊണ്ടു മാത്രം ഒരാൾ പണ്ഡിതനും ചികിത്സകനും ബുദ്ധിമാനും ആയി പരിഗണിക്കപ്പെട്ടിരുന്നു. ഏതു മാറാ രോഗവും അവർ മന്ത്രിച്ച വെള്ളം കുടിച്ചാൽ ശമിക്കും എന്നു് വിശ്വാസമുണ്ടായിരുന്നു. കളവു മുതൽ എവിടെയെന്നു് ജ്ഞാനദൃഷ്ടികൊണ്ടു് അവർക്കു കാണുവാൻ കഴിയുമത്രേ. പ്രവാചകന്റെ സന്തതിപരമ്പരയിൽപ്പെട്ടവരാണിവർ എന്നാണു് പറയാറു്. ഈ കണക്കിൽ പ്രവാചകനെ ‘നബിതങ്ങൾ’ എന്നും പരാമർശിക്കാറുണ്ടു്. അറബിയിൽ ‘ങ്ങ’ എന്നൊരക്ഷരം തന്നെയില്ല! തീർത്തും ദ്രാവിഡശബ്ദമാണു് തങ്ങൾ.
തങ്ങന്മാരുടെ കുടുംബത്തിലെ സ്ത്രീ ‘ബീബി’ എന്നു് അറിയപ്പെടുന്നു. പണ്ടു് തങ്ങന്മാർ മറ്റു കുടുംബങ്ങളിൽ നിന്നു് കല്യാണം കഴിച്ചിരുന്നുവെങ്കിലും അവരുടെ സ്ത്രീകളെ തങ്ങന്മാരല്ലാത്തവർക്കു് കല്യാണം കഴിച്ചുകൊടുത്തിരുന്നില്ല.
ഈ മട്ടിലുള്ള നാട്ടുനടപ്പുകൾ മുസ്ലിംകൾക്കിടയിൽ എത്രമാത്രം പ്രബലമായിരുന്നു എന്നതിന്റെ മുന്തിയ തെളിവാണു് അവർക്കിടയിൽ നിലനിന്നുപോന്ന മരുമക്കത്തായം. പിതൃദായക്രമം അനുസരിക്കുന്ന ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന മറ്റു സമൂഹങ്ങൾക്കു് കേട്ടുകേൾവി കൂടിയില്ലാത്ത ഒരേർപ്പാടാണു് ഇതു്. മുസ്ലിംകൾക്കിടയിലെ ഈ ഹൈന്ദവസ്വാധീനം നൂറ്റാണ്ടുകൾക്കുമുമ്പേ നിരീക്ഷിക്കപ്പെട്ടിട്ടുണ്ടു്. കേരളത്തിന്റെ ആദ്യകാലചരിത്രകാരന്മാരിൽപ്പെടുന്ന ശൈഖ് സൈനുദ്ദീൻ പ്രശസ്ത ചരിത്രകൃതിയായ ‘തുഹ്ഫത്തുൽ മുജാഹിദീനി’ൽ ഹിന്ദുക്കളിൽനിന്നു് പകർന്നുകിട്ടിയ ഈ പാരമ്പര്യം മതപരമായ സംഗതികളിൽ വിശ്വാസവും ആദരവും ഉണ്ടായിട്ടും വടക്കേ മലയാളത്തിലെ മുസ്ലിംകൾക്കു് ഉപേക്ഷിക്കുവാൻ സാധിച്ചിട്ടില്ല എന്നു എടുത്തുപറഞ്ഞിട്ടുണ്ടു്. (കെ. മൂസ്സാൻകുട്ടി മൗലവിയുടെ പരിഭാഷ—1971, പുറം 19)
വിവാഹശേഷം ഭാര്യാഗൃഹത്തിലെ അംഗമായിത്തീരുക, മുറപ്പെണ്ണിനെ കല്യാണം കഴിക്കുക തുടങ്ങിയ ആചാരങ്ങൾ മുസ്ലിം കൂട്ടുകുടുംബങ്ങളിലേക്കും കടന്നുചെല്ലുകയുണ്ടായി.
ആധുനികവിദ്യാഭ്യാസത്തിന്റെയും പരിഷ്കാരങ്ങളുടെയും കടന്നുകയറ്റം ഇത്തരം സമ്പ്രദായങ്ങൾക്കു് കനത്ത ഭീഷണിയായി. എങ്കിലും അവ, വേഷംമാറിയും ഒളിഞ്ഞും പാത്തും അവിടവിടെ നിലനില്ക്കുന്നുണ്ടു്.
കഴിഞ്ഞ ഒന്നുരണ്ടു ദശകംവരെ മുസ്ലിംകളെ വകതിരിച്ചുനിർത്തിയിരുന്ന ഒരു കാര്യം വേഷമാണു്. എന്നാൽ അറേബ്യയിലെയും കേരളത്തിലെയും വേഷവിധാനങ്ങളുടെ സമന്വയമാണു് പണ്ടും നാം ആ സമൂഹത്തിൽ കാണുന്നതു്. ഉദാഹരണം പറയാം: നമ്മുടെ നാട്ടിൽ മുസ്ലിം സ്ത്രീകൾ മുഖം മറയ്ക്കുന്ന പതിവില്ല. ഉമ്മമാരുടെ ‘തട്ടം’ എന്ന ശിരോവസ്ത്രം ഇപ്പറഞ്ഞ രണ്ടിന്റെയും നടുവിൽ നില്ക്കുന്നു. ഇതുപോലെ ആണുങ്ങൾ സ്ഥിരമായി തൊപ്പിയോ തലപ്പാവോ ധരിക്കുക എന്നതാണു് അറേബ്യൻ രീതി. ഇവിടത്തെ മുസ്ലിം പുരുഷന്മാർ നാടൻമട്ടിൽ ഒരു രണ്ടാംമുണ്ടു് തോളത്തിട്ടു; പ്രാർത്ഥനാസമയത്തും മറ്റും അതുതന്നെ തലയിൽക്കെട്ടാക്കി.
ഇടത്തോട്ടു് മുണ്ടുടുക്കുക, തല വടിക്കുക, മീശ കത്രിക്കുക, താടി വളർത്തുക തുടങ്ങിയ പ്രത്യേകതകൾ അവർ അടുത്ത കാലംവരെ പാലിച്ചുപോന്നിരുന്നതു് മാത്രമാണു് ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതു്.
സ്ത്രീകളുടെ വസ്ത്രധാരണത്തിലും ആഭരണത്തിലും ഈ സമൂഹം പല സവിശേഷതകളും പുലർത്തിയിരുന്നു. ‘കാതുകുത്തി’നു് ലഭിച്ച പ്രാധാന്യം ഏറെക്കാലം ‘കാതുകുത്തുല്യാണം’ കൊണ്ടാടുന്നതുവരെയും ചെന്നെത്തി. ഇസ്ലാമിനു മുമ്പു് അറേബ്യയിൽ നടപ്പുണ്ടായിരുന്ന മട്ടിൽ കാതുകുത്തു് ആചരിച്ചുവരുന്നതിനെതിരെ ഇവിടത്തെ പരിഷ്കരണവാദികൾ ബോധവല്ക്കരണം നടത്തിയിരുന്നു. അതു് അനുവദനീയമാണോ എന്നൊരു ചർച്ച തന്നെ ശൈഖ് സൈനുദ്ദീന്റെ പ്രശസ്ത കർമ്മശാസ്ത്രഗ്രന്ഥമായ ‘ഫത്ഹുൽമുഈൻ’ എന്ന ഗ്രന്ഥത്തിൽ കാണാം. ഏതായാലും കാതുകുത്തു് ഇങ്ങിനി മടങ്ങിവരാത്തവണ്ണം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണു്.
മുസ്ലിം സ്ത്രീകൾക്കിടയിൽ വിദ്യാഭ്യാസം പരന്നുതുടങ്ങിയതോടെ അവർക്കിടയിലേക്കു് പരിഷ്കാരങ്ങളും കടന്നുചെല്ലാനാരംഭിച്ചിട്ടുണ്ടു്. സാരി ‘ഹറാം’ ആയിരുന്ന കാലം പോയി. അമ്മാതിരി എതിർപ്പുകൾ ഇന്നു് പേരിനു മാത്രമേയുള്ളു.
ഒരാളുടെ മതവിശ്വാസം, ഭാഷ, പ്രാദേശിക സംസ്കാരം തുടങ്ങിയവ തിരിച്ചറിയാനുള്ള പ്രാഥമികോപാധി പേരാണു്. മലയാളിമുസ്ലിംകൾ ബഹുഭൂരിഭാഗവും അറബി-പേർസ്യൻ പേരുകളാണു് ആണിനും പെണ്ണിനും ഇടുന്നതു്. ഏഴാംദിവസം കുഞ്ഞിന്റെ തലമുടി കളയുന്ന കൂട്ടത്തിൽ പേരു് വിളിക്കുക എന്ന സവിശേഷമായ ചട്ടമാണു് അവർ പിന്തുടരുന്നതു്. എങ്കിലും അവർ പേരുപയോഗിക്കുന്ന സമ്പ്രദായം തീർത്തും നാടനാണു്. പേരിന്റെ കൂടെ പിതാവിന്റെ പേരു് കൂടി സ്ഥിരമായി ചേർക്കുന്ന അറബി മട്ടു് ഇവിടെയില്ല. ആളെ തിരിച്ചറിയാൻ തറവാടിന്റെയോ, പാർക്കുന്ന പറമ്പിന്റെയോ പേരു് ഉപയോഗിക്കുന്നു. പിതൃനാമത്തിന്റെ ആദ്യാക്ഷരം ഇനീഷ്യലായി പേരിന്റെ മുമ്പിൽ ചേർക്കുന്ന തെക്കൻ കേരളത്തിലെ പതിവു് ആ ഭാഗത്തെ മുസ്ലിംകൾക്കു് ഉണ്ടു്. കുഞ്ഞു് പിറന്നാൽപിന്നെ, ‘ഇന്ന കുട്ടിയുടെ പിതാവു്’ എന്നോ ‘ഇന്ന കുട്ടിയുടെ മാതാവു്’ എന്നോ ഉള്ള പേരു് വിളിക്കുന്ന അറേബ്യൻ രീതി ഇവിടെ തീർത്തും അപരിചിതമാണു്.
ഇവിടത്തെ മുസ്ലിം പേരുകളിൽ ശ്രദ്ധേയമായ അളവിൽ മലയാളീകരണം നടന്നിട്ടുണ്ടു്. തനി മലയാളപദങ്ങൾ പേരായി സ്വീകരിക്കപ്പെട്ടിട്ടുണ്ടു്. ഉദാഹരണം: മരയ്ക്കാരു്. (കടൽത്തൊഴിലാളി, കപ്പൽത്തൊഴിലാളി, മുക്കുവൻ, തോണിപ്പണിക്കാരൻ) അറബി പദങ്ങൾക്കു് മലയാളിക്കു് എളുപ്പം വഴങ്ങുന്ന മട്ടിൽ ‘അറബിച്ചിതൈവു്’ വരുത്തുന്നതു് പതിവാണു്—മുഹ്യുദ്ദീൻ മൊയ്തീൻ ആകുന്നതു് ഉദാഹരണം. അറബി പേരുകളുടെ മുന്നിലോ പിന്നിലോ മലയാളപദങ്ങൾ ചേർന്നു് വരാറുണ്ടു്. ഉദാഹരണം: ഉണ്ണി മുഹമ്മദ്, അഹമ്മദ് കുട്ടി. സ്ത്രീനാമങ്ങളുടെ പിന്നിൽ സവർണസമ്പ്രദായത്തെ അനുകരിച്ചു് ഉമ്മ എന്നോ ബീബി എന്നോ ചേർത്തു് ഉപയോഗിക്കാറുണ്ടു്—ഖദീജ ഉമ്മ, സൈനബാബീബി തുടങ്ങിയവ ഉദാഹരണം. പുരുഷനാമങ്ങളുടെ പിന്നിൽ ജാതിപ്പേരു് പോലെ ആദരസംജ്ഞയായി കാക്ക എന്നോ, സാഹിബ് മുതലായ പ്രയോഗങ്ങൾ പതിവുണ്ടു്—ബീരാൻകാക്ക, കരീം സാഹിബ് മുതലായ പ്രയോഗങ്ങൾ ഓർത്തു നോക്കുക. വിളിപ്പേരുകൾ മിക്കപ്പോഴും മലയാളമായിരിക്കും. സുലൈമാനെ കുഞ്ഞു് എന്നും സലാമിനെ കുഞ്ഞുമോൻ എന്നും മാത്രം വിളിക്കുന്നതു് ഓർക്കാം.
ബന്ധസൂചകങ്ങളായ ചാർച്ചപ്പേരുകളുടെ വിഷയത്തിൽ ഇതു് ഒന്നു കൂടി പ്രകടമാണു്. പ്രധാനപ്പെട്ട നാലഞ്ചെണ്ണം മാറ്റി നിർത്തിയാൽ ഈ സംഗതിയിൽ മുസ്ലിംകളും മറ്റുള്ളവരുമായി ഒരു വ്യത്യാസവുമില്ല—ഉമ്മ, ബാപ്പ, ഇക്കാക്ക, ഇത്താത്ത: പിന്നെ വരുന്ന അളിയൻ, അമ്മാവൻ, അമ്മായി മുതലായവയൊക്കെ മലയാളപദങ്ങളാണു്. പ്രാദേശികമൊഴികൾ സൃഷ്ടിക്കുന്ന ചില്ലറ വ്യത്യാസങ്ങളേ അവയിൽ കാണൂ. തെക്കൻ കേരളത്തിൽ മുസ്ലിംകൾക്കിടയിൽ അണ്ണനും ചേട്ടനും അനിയത്തിയും ഒക്കെയുണ്ടു്.
ഈ മലയാളബന്ധം കാതലായ ഒരു സംഗതിയാകുന്നു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ മുസ്ലിംകൾ ഉർദുവിനെ സ്വന്തം ഭാഷയായി തിരിച്ചറിഞ്ഞപ്പോൾ, ഇവിടെ മുസ്ലിംകൾ ആ സ്ഥാനം നല്കിയതു് മലയാളത്തിനാണു്. അവരുടെ ആദ്യകാല ലിഖിതസമ്പ്രദായം പരിഷ്കരിച്ച അറബി ലിപിയിൽ മാതൃഭാഷ എഴുതുക എന്നതായിരുന്നുവെങ്കിലും അതിന്റെ അടിസ്ഥാനം മലയാളവ്യാകരണം തന്നെയായിരുന്നു. ഈ സമ്പ്രദായത്തിനു് അറബി-മലയാളം എന്നാണു് പറയുക. പ്രസ്തുത ലിപിയിൽ ലിഖിതസാഹിത്യം പ്രത്യക്ഷപ്പെട്ടപ്പോൾ ഇവിടത്തെ ചരിത്രത്തിനും പാരമ്പര്യത്തിനും പ്രകൃതിക്കും ശ്രദ്ധേയമായ സ്ഥാനം ലഭിക്കുകയുണ്ടായി. അറേബ്യയിൽ നടന്ന ആദ്യകാല ‘വിശുദ്ധ’ യുദ്ധങ്ങളെക്കുറിച്ചു് പാടുന്ന കൂട്ടത്തിൽ മോയിൻകുട്ടി വൈദ്യർ ‘മലപ്പുറം പടപ്പാട്ടും’ എഴുതി. മാപ്പിളപ്പാട്ടിൽ ‘ലീലാവതി’ എന്ന ഗണിതശാസ്ത്ര ഗ്രന്ഥത്തിനു് പരിഭാഷയുണ്ടു്. പുലിക്കോട്ടിൽ ഹൈദറിന്റെ പാട്ടുകളിൽ നാടും നാട്ടുകാരും ആണു് മുഖ്യ കഥാപാത്രങ്ങൾ.
ആലോചിച്ചുചെല്ലുംതോറും കേരളീയ മുസ്ലിം ജീവിതത്തിന്റെ ഭിന്ന തലങ്ങളിൽ പ്രാദേശികത പതിച്ചിട്ട മുദ്രകൾ തെളിഞ്ഞുതെളിഞ്ഞുവരും: പള്ളികളുടെ ശില്പഘടന, വിവാഹാഘോഷവുമായി ബന്ധപ്പെട്ട അനേകം ചടങ്ങുകൾ, സ്ത്രീധനം, കോൽക്കളി, മറ്റും മറ്റും… റാത്തീബ്, കുത്തുറാത്തീബ് തുടങ്ങിയ അനുഷ്ഠാനങ്ങളിൽ ഹാലിളകി ഉറഞ്ഞുതുള്ളുന്നതു് മിക്കപ്പോഴും നാടൻ വിശ്വാസങ്ങൾ തന്നെ.
മതം ഒരു വ്യവസ്ഥയാണു്. സാമൂഹ്യജീവിതം മറ്റൊരു വ്യവസ്ഥയും. ഓരോന്നും സ്വന്തമായ ചിഹ്നവ്യവസ്ഥകൾ കൊണ്ടുനടക്കുന്നു. ഇസ്ലാം എന്ന വ്യവസ്ഥ കേരളീയജീവിതം എന്ന വ്യവസ്ഥയുമായി ഇടകലരുമ്പോൾ ആ ചിഹ്നങ്ങൾ പരസ്പരം അഭിമുഖീകരിക്കുകയാണു്. ആയിരക്കണക്കിനു് കൊല്ലമായി തുടർന്നുപോരുന്ന ആ അഭിമുഖീകരണത്തിന്റെ ഒരു വശം മാത്രമാണു് നാം ഈ ചിത്രങ്ങളിലൂടെ കാണുന്നതു്. ഒരു പ്രാദേശിക ചിഹ്നവ്യവസ്ഥ കടന്നുവരുമ്പോൾ സംഭവിക്കുന്ന നിറപ്പകർച്ചകളുടെ ചിത്രം.
മരണം നടന്ന മുറിയിൽ ഏഴു ദിവസം രാത്രി മുഴുവൻ വിളക്കു് കത്തിച്ചുവെയ്ക്കുന്ന ആചാരം മുസ്ലിംകൾക്കിടയിലും ഉണ്ടു്. സിദ്ധന്മാരും തങ്ങന്മാരും ഖബറടങ്ങിക്കിടക്കുന്ന പല ജാറങ്ങളുടെയും മുമ്പിൽ കെടാവിളക്കുകൾ എരിയുന്നു: പ്രാദേശിക സ്വാധീനത്തിന്റെ പ്രതീകം പോലെ, മതഭേദങ്ങളുടെ മതിൽക്കെട്ടുകൾക്കകത്തും കാലത്തിന്റെ കാറ്റിൽ അണഞ്ഞുപോകാതെ, പശ്ചാത്തലത്തിലേക്കു് വാങ്ങി നില്ക്കുന്ന പാരമ്പര്യത്തിന്റെ എണ്ണ നുകർന്നുകൊണ്ടു് ആ വിളക്കുകൾ എരിഞ്ഞു കൊണ്ടേയിരുന്നു.
മാതൃഭൂമി റംസാൻ സപ്ലിമെന്റ്, 15 ഏപ്രിൽ 1991.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.