‘ഭാർഗ്ഗവീനിലയ’ത്തിലെ നാരായണൻനായർ എന്നൊരാളെ ഒഴിച്ചു നിർത്തിയാൽ നിരവധി പ്രണയകഥകൾ പറഞ്ഞ ബഷീറിന്റെ ലോകത്തു് വില്ലന്മാരില്ലെന്നു കാണാം. നാരായണൻ നായരാകട്ടെ, കണ്ടുകിട്ടാൻ പ്രയാസമുള്ള അളവിൽ ക്രൗര്യം നിറഞ്ഞവനാണു്. പൂച്ചക്കണ്ണുകളിലൂടെ ഈ ദുഷ്ടസാന്നിധ്യം തിരക്കഥയിലെവിടെയും തെളിഞ്ഞുനില്പുണ്ടു്. കഥാന്തരീക്ഷത്തിൽ പ്രേതഭീതിയായി വിങ്ങിനിൽക്കുന്നതു് സുന്ദരിയും നർത്തകിയുമായ ഒരു പാവം പെൺകിടാവിന്റെ മരണാനന്തരചൈതന്യമല്ല, ഈ ദുരാത്മാവിന്റെ അവിശ്വസനീയവും സ്വാർത്ഥഭരിതവുമയ നിഷ്ഠുരതയാണു്. സാഹിത്യകാരൻ, മറ്റാർക്കും പറ്റാത്തവിധം ആ കറുപ്പു് കണ്ടെടുക്കുന്നു.
കഥാന്ത്യത്തിൽ നാരായണൻനായരോടു് സാഹിത്യകാരൻ നേരിട്ടു പറയുന്നുണ്ടു്: “നിങ്ങൾ ആർക്കും ഇതുവരെ ഒരു ഗുണവും ചെയ്തിട്ടില്ല. നിങ്ങളെന്തിനീ ഭയങ്കര കൊലപാതകങ്ങൾ ചെയ്തു? ഒരു പെണ്ണു് നിങ്ങളുടെ ഭാര്യയാകാൻ വിസമ്മതിച്ചു. അതിനവളെ കൊല്ലേണ്ട ആവശ്യമുണ്ടോ?… നിങ്ങളാ ശശികുമാറിനെയും കൊന്നു. എന്തൊരു ഹീനമായ പണിയാണു് നിങ്ങൾ ചെയ്തതു്?”
ഇതുപോലെ മറ്റൊരു വില്ലനെ, മറ്റൊരർത്ഥത്തിൽ, ബഷീർ സൃഷ്ടിച്ചിട്ടുണ്ടു്. ആ കഥാപാത്രം പക്ഷേ, മനുഷ്യനല്ല, നായയാണു്. ആന, പൂച്ച, ആടു് തുടങ്ങിയ തിര്യക്പാത്രങ്ങൾക്കു് ബഷീറിന്റെ ലോകത്തു് ലഭിച്ച നായകത്വത്തിനും സ്നേഹവായ്പിനും ഏറെ പ്രസിദ്ധിയുണ്ടു്. അക്കൂട്ടത്തിലെ ഒരു നായ വില്ലനായി ജീവിക്കുന്നു എന്നതു് ശ്രദ്ധിക്കപ്പെട്ടിട്ടില്ല.
ഈ നായയുടെ പേരു് “ടൈഗർ” എന്നാണു്. അതേ പേരിലുള്ള ചെറുകഥ (ജന്മദിനം എന്ന സമാഹാരം, 1945) അവന്റെ ചരിത്രം രേഖപ്പെടുത്തുന്നുണ്ടു്:
അവൻ തെരുവിലെ ഏതോ തെണ്ടിപ്പട്ടിയുടെ മകനാണു്. ഗട്ടറിലാണു് ജനിച്ചതു്. ഓർമ്മവച്ച കാലം മുതൽ പോലീസ് സ്റ്റേഷനിലാണു്. പോലീസ് ഇൻസ്പെക്ടറോടാണു് കൂടുതൽ മമത. തടവുകാർക്കു് സർക്കാർ അനുവദിച്ച ആഹാരത്തുകയിൽനിന്നു് പോലീസുകാർ വെട്ടിപ്പു നടത്തുന്നതിന്റെയും തല്ലുകൊള്ളുന്നതിന്റെയും എല്ലാം ക്രോധം തടവുകാർ ആ നായയോടു തീർത്തുപോന്നു. ഇൻസ്പെക്ടർ അത്ഭുതപ്പെടും: “ആ സാധുമൃഗത്തെ എന്തുകൊണ്ടു് അവർക്കു സ്നേഹിച്ചുകൂടാ?”
അതിനെ ഉപദ്രവിച്ചവർക്കെല്ലാം നല്ല തല്ലു കിട്ടി. തടവുകാരുടെ ദേഹത്തുനിന്നു് ഇറ്റിറ്റു വീഴുന്ന ചോര ടൈഗർ നക്കിത്തുടച്ചു.
അതെല്ലാം പതിവു രംഗങ്ങളായി അങ്ങനെ തുടർന്നുപോന്നു. ഒരു ദിവസം രാത്രി ടൈഗറിനു് കഠിനമായി ഉപദ്രവമേറ്റു. അതിൽ പങ്കാളിയായ തടവുകാരനെ ഇൻസ്പെക്ടർ ക്രൂരമായി മർദ്ദിച്ചു. കഥ സമാപിക്കുന്നു:
“ഇൻസ്പെക്ടർ ചോദിച്ചു: മറ്റവൻ ഏതെടാ?
പക്ഷേ, അവൻ പറഞ്ഞില്ല. പറയുകയില്ലേ?… അവന്റെ കാലു രണ്ടും കമ്പിയഴികളുടെ ഇടയിലൂടെ വെളിയിൽ ഇട്ടുകെട്ടി, കാൽവെള്ളകളിൽ ചൂരലുകൊണ്ടു് ആഞ്ഞാഞ്ഞു് അടിച്ചിട്ടും അവൻ പറഞ്ഞില്ല. കാൽവെള്ളകൾ പൊട്ടി ചോര ചിതറിയിട്ടും അവൻ പറഞ്ഞില്ല. അവന്റെ ബോധം കെട്ടുപോയിരുന്നു. അതുകൊണ്ടായിരുന്നു ടൈഗർ അവന്റെ കാൽവെള്ളയിലെ മുറിവുകളിൽ പരുപരുത്ത നാവുകൊണ്ടു നക്കിയിട്ടും അവൻ അനങ്ങാതെ കിടന്നതു്.
ടൈഗർ ഭാഗ്യവാനായ ഒരു നായയാണു്.”
തുടക്കത്തിലെ അതേ വാക്യം ആവർത്തിച്ചു് കഥ അവസാനിപ്പിച്ചിരിക്കുന്നു. ബഷീറിന്റെ പതിവു രീതികൾ പരിചയമുള്ള ആരും ആ നായയുടെ ഭാഗത്തുനിന്നു് അദ്ദേഹം ഈ കഥ പറയും എന്നേ പ്രതീക്ഷിക്കൂ. പക്ഷേ, വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും, തടവുകാരിലൊരുത്തന്റെ കാഴ്ചപ്പാടിൽ കഥ പറഞ്ഞിരിക്കുന്നു എന്നാണു് വായനക്കാരന്റെ അനുഭവം. ആ നായയോടു് അനുഭാവം ജനിപ്പിക്കുന്ന യാതൊരു സൂചനയും കഥയിലെങ്ങുമില്ല. “അവന്റെ ഇരിപ്പു കണ്ടാൽ, വീർത്ത കരിമ്പടക്കെട്ടാണെന്നേ തോന്നൂ. കാലുകൾ നാലും വാലും വെളുത്തതാണു്. കണ്ണുകൾ ചുവപ്പുകലർന്ന തവിട്ടുനിറം. പോലീസുകാരന്റേതുപോലെ ടൈഗറിന്റെ കണ്ണുകൾക്കും രൂക്ഷതയുണ്ടു്” എന്ന വിവരണത്തോടെ അവതരിപ്പിക്കപ്പെട്ട ഈ കഥാപാത്രത്തിന്റെ കരിനിറവും നക്കിക്കുടിക്കുന്ന മനുഷ്യരക്തത്തിന്റെ ചോരച്ചൂരും ചേർന്നു് അറപ്പും ഭീതിയും ഇടകലർന്ന ഒരു ഭാവം ബാക്കിയാക്കിക്കൊണ്ടു് ‘ടൈഗർ’ അനുവാചകഹൃദയത്തിൽ നിലനിൽക്കുകയാണു്—ശരിക്കും ഒരു വില്ലൻ തന്നെ!
നായ്ക്കളോടു് ഇഷ്ടമുള്ള മനുഷ്യനായിരുന്നു ബഷീർ. ബേപ്പൂരിലെ ‘വൈലാലിൽ’ വീട്ടിൽ എന്നും വളർത്തുനായയുണ്ടായിരുന്നു—‘ഷാൻ’ എന്നു പേരു്. അതു കാലഗതിയടഞ്ഞപ്പോൾ മറ്റൊന്നിനെ തേടിപ്പിടിച്ചു. അവനു് ‘ഷാൻ രണ്ടാമൻ’ എന്നു പേരിട്ടു! ആ പരമ്പര അങ്ങനെ പോയി കുടുംബനാഥന്റെ മരണകാലത്തു് (1994 ജൂലായ്) ആ വീട്ടിലുണ്ടായിരുന്നതു് ‘ഷാൻ ഒമ്പതാമൻ’ ആണെന്നു് കേട്ടിട്ടുണ്ടു്. “ഞാനും ഭാര്യയും മോളും ഷാൻ എന്ന നായവർഗ്ഗത്തിൽപ്പെട്ട ഞങ്ങളുടെ ഉശിരൻ വ്യാഘ്രവുമായി കോങ്കോയിലെ ഇട്ടൂരി വനാന്തരങ്ങളിൽ അഭയം പ്രാപിക്കുന്നതാകുന്നു” (കണ്ണട—ഒന്നു്, രണ്ടു്, മൂന്നു്) എന്ന മട്ടിൽ ബഷീർസാഹിത്യത്തിൽ ഇതേപ്പറ്റി ചിലേടത്തു് പരാമർശങ്ങൾ കാണാം.
തന്നെ സാകൂതം നോക്കിയിരുന്ന പുരുഷനയനങ്ങളെപ്പറ്റി “അതുകളെ യജമാനസ്നേഹമുള്ള നായയുടെ കണ്ണുകളോടു് ഉപമിക്കാൻ അവൾക്കു തോന്നി” (മരുന്നു്) എന്ന രീതിയിൽ നായ ചിലേടത്തു് സദ്ഗുണങ്ങൾക്കു് പ്രതിനിധീഭവിക്കുന്നതിനും ഇവിടെ ഉദാഹരണങ്ങളുണ്ടു്.
എന്നിട്ടും ‘ടൈഗർ’ എന്ന നായ എന്തുകൊണ്ടു് ഭാർഗ്ഗവീനിലയത്തിലെ നാരായണൻ നായരെ അനുസ്മരിപ്പിക്കുന്ന മട്ടിലുള്ള ഒരു വില്ലനായി? കറുത്ത സില്ക്കു കുപ്പായം അണിഞ്ഞുകൊണ്ടു മാത്രം കടന്നുവരുന്ന ആ പാപാത്മാവും ഈ കറുത്ത നായയും തമ്മിൽ എന്താണു് ബന്ധം?
അഞ്ചു പേജു് മാത്രം വരുന്ന കൊച്ചുകഥയായ ‘ടൈഗർ’ സത്യത്തിൽ ഒരു നായക്കഥയല്ല, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ രേഖയാണു്:
അതൊരു രാഷ്ട്രീയ കഥയാണു്; കോളനിവാഴ്ചാവിരുദ്ധമായി നമ്മുടെ ഭാഷയിൽ എഴുതപ്പെട്ട അപൂർവം കഥകളിൽ ഒന്നു്.
ആ നായ അധികാരത്തിനും പീഡനത്തിനും മുമ്പിൽ വാലാട്ടിനിന്നു് സ്വാർത്ഥം നേടിയ ഇന്ത്യാക്കാരന്റെ ചിത്രമാണു്—കോളനിവാഴ്ചയുടെ ഉപ്പും ചോറും തിന്നു കൊഴുത്ത നായ്ക്കളുടെ മറ്റൊരു ലോകം. സ്വന്തക്കാരന്റെ ചോറും ചോരയും നക്കിത്തിന്നാണു് ആ വിധേയന്മാർ പുലരുന്നതു്.
ഈ ചരിത്രപ്രതിഫലനം കഥാഖ്യാനത്തിൽ സൂക്ഷ്മരൂപത്തിലാണെങ്കിലും കടന്നുവരുന്നുണ്ടു്:
- “പോലീസുകാരന്റേതുപോലെ ടൈഗറിന്റെ കണ്ണുകൾക്കും രൂക്ഷതയുണ്ടു്.”
- “ഇൻസ്പെക്ടറുടെ കണ്ണുകളും ടൈഗറിന്റെ കണ്ണുകളും ഒരുപോലെയാണെന്നു് തടവുകാർ പറയാറുണ്ടു്.”
- “ഗംഭീരനായ അവൻ ലോക്കപ്പിന്റെ മുമ്പിലൂടെ അങ്ങുമിങ്ങും നടക്കും. അല്ലെങ്കിൽ ഏതെങ്കിലും ഒരു ലോക്കപ്പിന്റെ വാതില്ക്കൽ ചെന്നു കിടക്കും.”
- “ടൈഗർ ഊണു കഴിഞ്ഞു തോട്ടത്തിൽ കയറി ചെടികളുടെ തണലിൽ കിടക്കും. ചെറിയ ഒരുറക്കം കഴിഞ്ഞു് അവൻ വീണ്ടും ലോക്കപ്പുകളുടെ വാതില്ക്കൽ ഹാജരാകും.”
- ഏതെങ്കിലും ഒരു ചാവാളിപ്പട്ടിയെ കണ്ടാൽമതി, ടൈഗർ വാൽ തളർത്തി പിൻകാലുകളുടെ ഇടയിലൂടെ ഉള്ളിലാക്കി, അകത്തേയ്ക്കു് ഓടിപ്പോരും. അത്തരം ഒരു കാഴ്ചകണ്ടു് രാഷ്ട്രീയതടവുകാരിൽ ഒരുവൻ ചിരിച്ചുകൊണ്ടു പറഞ്ഞു: “കണ്ടോ, നമ്മുടെ ഇൻസ്പെക്ടറുടെ വരവു്.” നാട്ടുകാരുടെ അന്നംകൊണ്ടാണു് ഇത്തരം നായ്ക്കൾ കൊഴുക്കുന്നതു് എന്നു് എടുത്തുപറഞ്ഞിട്ടുണ്ടു്: “തടവുകാർ കമ്പിയഴികളിലൂടെ കൈനീട്ടി ഉഗ്രമായ കോപത്തോടെ ടൈഗറിനെ തടവും. ‘ഞങ്ങളുടെ ചോറാണു്’—അവർ പറയും.”
ഇത്തരം വ്യക്തികൾ എത്രമാത്രം ഭീരുക്കളായിരിക്കും എന്നും കഥയിൽ കാണിച്ചിട്ടുണ്ടു്. മറ്റു ഏതു പട്ടി അവിടെ ചെന്നാലും ടൈഗർ ഭയങ്കരമായി കുരയ്ക്കും. ഒരു കടുവയുടെ ശൗര്യമാണവനു് പോലീസ് സ്റ്റേഷന്റെ വെളിയിൽ വല്ലപ്പോഴും പോകുമ്പോൾ ഒരു ചാവാളിപ്പട്ടിയെ കണ്ടാൽ മതി, വാലും ചുരുട്ടി ഓടും! ‘ടൈഗർ’ എന്ന പേരു് (നരി, കടുവ) ആ നായയ്ക്കു് യുക്തമായിത്തീരുന്നതു് മേൽപ്പറഞ്ഞ കുര പാസ്സാക്കുമ്പോൾ മാത്രമാണു്!
കൊല്ലം കസബാ പോലീസ്സ്റ്റേഷൻ ലോക്കപ്പിൽവച്ചാണു് ‘ടൈഗർ’ എഴുതിയതു് എന്നു് കഥാകാരൻ മറ്റൊരു കഥയിൽ രേഖപ്പെടുത്തിയിട്ടുണ്ടു്. (വത്സരാജൻ—ആനപ്പൂട, 1975). സ്വാതന്ത്ര്യസമരത്തിന്റെ വീറു് കഥയിൽ നുരഞ്ഞുയരുന്നതു് സ്വാഭാവികം. എങ്കിലും ആ അംശത്തിന്റെ വൈകാരികതയിൽ ആഖ്യാനം വീണുപോകാതെ കാത്തിരിക്കുന്നു.
എന്തുകൊണ്ടു് ഈ പ്രതിരൂപം ഒരു നായയായി?
ഒരു ലോക്കപ്പിന്റെ സാഹചര്യത്തിൽ വളരെ സ്വാഭാവികമായി കണ്ടെത്താവുന്ന ഒരു കഥാപാത്രമാണു് നായ. ഇത്തരം പ്രതീകചിന്തകളൊന്നും കൂടാതെ ഒരു സാധാരണ കഥയായും ടൈഗർ വായിച്ചു തീർക്കാം. ബഷീറിന്റെ മിക്ക രചനയ്ക്കും ഈ ഒരു പ്രത്യേകത കാണാം—ഭിന്നവായനയ്ക്കു് അവ വഴി തുറക്കുന്നു.
നമ്മുടെ പഴമയിൽ പലേടത്തും കണ്ടുമുട്ടാവുന്ന ഒരു തിര്യക്പാത്രം നായയാണു്—സരമയുടെ സന്താനങ്ങളായ സാരമേയർ (നായ്ക്കൾ) യമന്റെ വാതിൽ കാക്കുന്നു എന്നുണ്ടു്. വിധേയതയുടെ ചിരന്തനപ്രതീകം നായയാണു്. സ്വാർത്ഥത്തിനുവേണ്ടി കാര്യകാരണചിന്തയും നീതിബോധവുമില്ലാതെ വിധേയത്വം കാണിക്കുന്നവരെ നാം ‘നായ’ എന്നു് അധിക്ഷേപിക്കുന്നു…
കഥാകൃത്ത് എഴുതിയിരിക്കുന്നു:
“ഓരോ തടവുകാരന്റെയും ഹൃദയത്തിൽ കഠിനമായ ക്രോധമുണ്ടു്. കണ്ണുകളിലൂടെ അവർ ടൈഗറിന്റെ നേർക്കു് അതു ചൊരിയും.”
ഈ പ്രതീകം ബഷീർ സാഹിത്യരചനയുടെ ഭാഗമായി സൃഷ്ടിച്ചുവച്ചതല്ല. ഓരോ തടവുകാരനും അതു സ്വയം അനുഭവിക്കുകയുണ്ടായി എന്നു സൂചിപ്പിക്കുകയാണു് അദ്ദേഹം. ഇൻസ്പെക്ടറുടെയും ടൈഗറിന്റെയും കണ്ണുകൾ ഒരുപോലെയാണെന്നു് കണ്ടെത്തുന്നതും ആ നായപേടിച്ചോടിവരുമ്പോൾ ‘ഇൻസ്പെക്ടറുടെ വരവു കണ്ടോ’ എന്നു പരിഹസിക്കുന്നതും തടവുകാരാണു്.
ടൈഗറുടെ നില്പു്, നോട്ടം, ചലനം, കാഴ്ചപ്പാടു് തുടങ്ങിയവയുടെ വിവരണത്തിൽ ഒരധികാരിയുടെ ഭാവവും ശരീരഭാഷയും ഗൂഢമായി വരച്ചുചേർക്കുന്ന പണി മാത്രമേ ആഖ്യാനത്തിൽ കഥാകാരൻ നേരിട്ടു് ചെയ്യുന്നുള്ളൂ. ഒരുദാഹരണം: “ടൈഗറിനെ സംബന്ധിച്ചിടത്തോളം മനുഷ്യവർഗത്തിൽ രണ്ടിനമേയുള്ളൂ—പോലീസുകാരനും കുറ്റവാളികളും. ലോക്കപ്പുകളിലെ നാല്പത്തിയഞ്ചുപേരെയും ആ പട്ടി ഒരുപോലെയാണു് നോക്കുന്നതു്. നാലുപേർ തനിച്ചു് ഒരു ലോക്കപ്പിൽ കിടക്കുന്നതു് രാഷ്ട്രീയപ്രവർത്തകന്മാരാണെന്നു ടൈഗർ ഗൗനിക്കാറില്ല.”
അങ്ങനെ കഥയിലെ ഇതരകഥാപാത്രങ്ങളും കഥാകൃത്തും കൂടിച്ചേർന്നാണു് ഈ നായ(ക) കഥാപാത്രത്തെ ഒരു പ്രതീകമായി വളർത്തിയെടുക്കുന്നതു്. അതത്രമേൽ സ്വാഭാവികമായിത്തീരുകയും ചെയ്തു.
കഥ പുരോഗമിക്കുന്നതിനനുസരിച്ചു് കോളനി വാഴ്ചയുടെ ദാസന്റെ ചിത്രം എന്നതിൽ നിന്നു് കോളനി വാഴ്ചയുടെ രൂപംതന്നെയായി ആ ‘ടൈഗർ’ വളരുന്നു എന്നു തോന്നിപ്പോകും. ആ ലോക്കപ്പിൽ എല്ലാം നടക്കുന്നതു് ഈ ഒരു ജന്തുവിനു് വേണ്ടിയാണു്. “അതെ! ഇതാണു് ജീവിതം—ഇതിനെ മാറ്റുവാൻ ആർക്കും സാധ്യമല്ല” എന്ന ഭാവത്തിൽ ആ ജീവി തടവുകാരെ നോക്കുന്നതിനെപ്പറ്റി നേരത്തേ പറയുന്നുണ്ടു്. ഇന്ത്യ തന്നെയും ഒരു തടവുമുറിയായി രൂപാന്തരപ്പെട്ട കാലത്തിന്റെ ചിത്രമാണു് ഇവിടെ തെളിയുന്നതു്. “ക്ഷാമം പിടിപെട്ടു് ജനങ്ങൾ പട്ടിണിയാൽ എല്ലും തോലുമായിത്തീർന്നെങ്കിലും ടൈഗറിനു് ചടവൊന്നും ഉണ്ടായിരുന്നില്ല” എന്നു് നായയുടെ ഭാഗ്യം കഥാരംഭത്തിൽ വിശദീകരിക്കപ്പെടുന്നുണ്ടു്. തടവുകാരെല്ലാം ചേർന്നു് പറയുകയുണ്ടായി: “ഗവൺമെന്റ് ടൈഗറാണു്.”
വിദേശികളുടെ ഭരണത്തെപ്പറ്റിയോ, സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെപ്പറ്റിയോ ഒന്നും കഥയിൽ പരാമർശമില്ല. സാമൂഹ്യയാഥാർത്ഥ്യങ്ങൾ സ്വാഭാവികമായി അവതരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ…
ആർക്കും പ്രതീക്ഷിക്കനാവാത്തതരത്തിൽ ഭീകരതയും ദുരിതവും മാത്രം കടന്നുവരാവുന്ന ഈ കഥയിലും ഇൻസ്പെക്റ്റർ തടവുകാരോടു കളി പറയുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടു്.
തടവുകാരെ ആദർശവല്ക്കരിക്കാനുള്ള യാതൊരു ശ്രമവും ബഷീറിന്റെ ഭാഗത്തില്ല. അവരെപ്പറ്റി ഒരു നിരീക്ഷണം. “ആഹാരത്തെപ്പറ്റിയുള്ള കഠിനമായ ഒരാർത്തി മാത്രമേ അവർക്കു ചിന്തയായി ഉള്ളൂ. രാത്രി ഉറങ്ങാൻ കിടക്കുന്നതു് കാലത്തെ കഞ്ഞി കുടിക്കുവാനാണു്. കഞ്ഞികുടി കഴിഞ്ഞാൽ ഉച്ചയ്ക്കുള്ള ഊണിനെപ്പറ്റിയാണു് വിചാരം”—യാഥാർത്ഥ്യത്തെ അപ്പടി ആവിഷ്കരിക്കുവാൻ ഈ എഴുത്തുകാരനു് ഒരു ബേജാറുമില്ല.
കഥാന്ത്യത്തിൽ പ്രതിഷേധക്കാരനായ കൂട്ടുകാരന്റെ പേരു് പറയാതെ, മർദ്ദനമേറ്റുവാങ്ങി ബോധം കെട്ടുപോകുന്ന “ആദർശകഥാപാത്രം” രാഷ്ട്രീയത്തടവുകാരനല്ല, മറിച്ചു് മോഷണക്കേസിലെ പ്രതിയാണു് എന്നതും ശ്രദ്ധിക്കണം—ബലിയുടെ രൂപമായി മാറുന്നതു് ഒരു കള്ളനാണു്.
നായയുടെ ഭാഗ്യത്തെപ്പറ്റിയാണു് അവസാനത്തെ പരാമർശമെങ്കിലും ചോര ചോരുന്ന കാൽപ്പടവുമായി, നിശബ്ദപ്രതിഷേധവുമായി, മർദ്ദനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടു്, ബോധമറ്റു കിടക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണു് ഈ കഥ നീട്ടിപ്പിടിക്കുന്നതു്. ചെറുത്തുനില്പിന്റെ കഥനമായി അങ്ങനെ ‘ടൈഗർ’ രൂപാന്തരപ്പെടുന്നു.
നമ്മുടെ ഭാഷയിൽ നായക്കഥകൾ പലതുണ്ടു്—നായയോടുള്ള മനുഷ്യന്റെ നന്ദികേടു് തകഴി ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയിൽ ചിത്രീകരിക്കുകയുണ്ടായി. കാലക്രമത്തിൽ അവഗണിതനാകുന്ന ധീരനും നിർഭാഗ്യവാനുമായ ഒരു പോരാളിയാണു് ടി. പത്മനാഭന്റെ ‘ശേഖൂട്ടി’ അങ്ങേയറ്റം സഹതാപം അർഹിക്കുന്നവിധം മനുഷ്യൻ ‘റോസി’ എന്ന പട്ടിക്കുഞ്ഞിനെ കൈകാര്യം ചെയ്ത കഥ എം. ടി. വാസുദേവൻ നായരും പറഞ്ഞിട്ടുണ്ടു്. പി. കെ. ബാലകൃഷ്ണന്റെ ‘പ്ലൂട്ടോ’യും സ്നേഹാർഹൻ തന്നെ. ഈ കഥകൾക്കെല്ലാം അടിപ്പടവായി കിടക്കുന്നതു് സഹജീവിസ്നേഹമാണു്.
പുതിയ കാലത്തെ ചില നായക്കഥകളിൽ ഈ കഥാപാത്രം വില്ലനായി കോലം മാറുന്നുണ്ടു്. എം. പി. നാരായണപിള്ള യുടെ ‘പരിണാമ’ത്തിൽ ആ ഒരംശമുണ്ടു്. ജോൺ അബ്രഹാമിന്റെ ‘പ്ലാസ്റ്റിക് കണ്ണുകളുള്ള പട്ടി’യിൽ ടോമി എന്ന നായ അസഹ്യമായ ഒരു സാന്നിധ്യമാണു്. ഭാര്യയുടെ വളർത്തുപട്ടിക്കു മുന്നിൽ ഭർത്താവു് ജോണി അസ്വസ്ഥനാകുന്നു. എപ്പോഴും തന്നെത്തന്നെ സൂക്ഷിച്ചുനോക്കുന്ന ആ തിളങ്ങുന്ന കണ്ണുകൾ! നിലനില്പിന്റെ അർത്ഥശൂന്യത സ്വത്വനഷ്ടത്തിന്റെ പ്രഹേളികാസ്വഭാവമാർന്ന വിധിയായിത്തീരുന്നു. നിസ്സഹായതയുടെ പാരമ്യത്തിൽ ടോമിയെ വെടിവെച്ചു വീഴ്ത്തി ജോണി ബോധം വെടിയുന്നു. സമ്പത്തിനും മാന്യതയ്കുമിടയിൽ “വിനീതനായി” നില്ക്കേണ്ടിവന്ന കലാകാരനായ ജോണിന്റെ ഒരംശം ഇവിടത്തെ ജോണിയിൽ ഉണ്ടു്. അതിന്റെ ക്ഷോഭം കഥയ്ക്കു പിരിമുറുക്കം നല്കുന്നു.
അധികാരത്തിനും മർദ്ദനത്തിനുമിടയിൽ സ്വാതന്ത്ര്യപോരാളിയായി നിന്നുകൊണ്ടാണു് ബഷീർ ടൈഗറെ കാണുന്നതു്. ഇവിടത്തെ ബോധക്ഷയം മർദ്ദനത്തിന്റെ ഫലമാകുന്നു.
റ്റി. പത്മനാഭന്റെ ‘ശേഖൂട്ടി’യിൽ നായയുടെ ഉള്ളിലേയ്ക്കു് മനുഷ്യനെ കടത്തിവിടുകയാണു്; ബഷീറിന്റെ ‘ടൈഗറി’ലാകട്ടെ മനുഷ്യന്റെ ഉള്ളിലേയ്ക്കു നായയെ കടത്തിവിട്ടിരിക്കുന്നു.
ടൈഗറിന്റെ വ്യക്തിത്വം നമ്മുടെ ചരിത്രത്തിലെ ‘നായ്മ’യുടെ നാല്ക്കാലിരൂപമാകുന്നു.
ദീപിക വാർഷികപതിപ്പു്: 1996.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.