ഇക്കാലത്തെ പത്രഭാഷയുടെ പ്രധാനപ്പെട്ട ന്യൂനത എന്താണു് എന്നു് എന്നോടു ചോദിച്ചാൽ ഞാൻ പറയും: ഇംഗ്ലീഷിന്റെ വാഴ്ച.
അര നൂറ്റാണ്ടുമുമ്പുവരെ മലയാളത്തിന്റെ ഭാരം സംസ്കൃതത്തിന്റെ മേൽക്കൈ ആയിരുന്നു. അന്നു് ഞങ്ങളെപ്പോലുള്ളവർ എന്നു് എഴുതില്ല, ‘അസ്മാദൃശന്മാർ’ എന്നേ എഴുതൂ. വൈകാതെ എന്നു് എഴുതില്ല, ‘വിനാവിളംബം’ എന്നേ എഴുതൂ. ഇത്തരം പ്രയോഗങ്ങളെല്ലാം പഴഞ്ചൻ എന്നു് വിലയിരുത്തപ്പെടുന്ന ഇന്നു് നമ്മൾ ഒരു കാര്യവുമില്ലാതെ ഇംഗ്ലീഷ് ഉപയോഗിക്കുന്നു. ഇംഗ്ലീഷുകാരുടെ വാഴ്ച രാഷ്ട്രീയത്തിൽ അവസാനിക്കുന്നതോടെ അതു് ഭാഷയിൽ കയറിപ്പറ്റുന്ന വിചിത്രമായ ദൃശ്യം!
പല കാരണങ്ങളാൽ ഏറെ വികാസം പ്രാപിച്ച ഇംഗ്ലീഷിനെ ഇക്കാലത്തു് ഏതെങ്കിലും സമൂഹത്തിനു് പൂർണ്ണമായും ഒഴിച്ചു നിർത്താനാവുമോ, അതിന്റെ ആവശ്യമുണ്ടോ?
ഇല്ല. ഇംഗ്ലീഷിനെ പൂർണ്ണമായും ഒഴിച്ചുനിർത്തണമെന്നോ, നിർത്താമെന്നോ എനിക്കു വാദമില്ല. ഒരാവശ്യവുമില്ലാതെ ആ ഭാഷയെ ആശ്രയിക്കുന്നതു് നിർത്തണം എന്നുമാത്രം. ഇപ്പറയുന്നതു് ഇംഗ്ലീഷ് വിരോധമല്ല, ഭാഷാമൗലികവാദമല്ല. ആവശ്യമുണ്ടെങ്കിൽ ഏതുഭാഷയിലെ ഏതുപദവും ഉപയോഗിക്കാം. ആവശ്യമുണ്ടെങ്കിൽ മാത്രം. ഉദാഹരണം കാട്ടി വിശദീകരിക്കാം:
ക്യാമറ എന്ന വാക്കു് ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. നേരത്തേ നമുക്കു് പരിചയമില്ലാത്ത ഒരു ഉപകരണത്തിന്റെ പേരാണതു്. പക്ഷേ, കുളിമുറിയിൽ ഒളിച്ചുവെച്ച ക്യാമറ എന്നു പറയാൻ ‘ടോയ്ലെറ്റിലെ ക്യാമറ’ എന്നെഴുതേണ്ട കാര്യമെന്താണു്?
ഈ ടോയ്ലറ്റ് എന്ന പദത്തിൽ നമുക്കു് നേരത്തേ നിശ്ചയമില്ലാത്ത വല്ലതും ഉണ്ടോ? ഓവറ, കുളിപ്പുര, കുളിമുറി, കുളിയറ, മൂത്രപ്പുര, കക്കൂസ് തുടങ്ങിയ വാക്കുകളിലൂടെ നാം എത്രയോ കാലമായി ആവിഷ്ക്കരിച്ചുപോന്നതല്ലേ അതു്?
‘ടോയ്ലറ്റ്’ എന്നെഴുതിയാൽ എന്താണു് കുഴപ്പം എന്നല്ലേ? ആ വാക്കു് പരിചയിച്ചിട്ടില്ലാത്തവർ കാര്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടും. കാലക്രമത്തിൽ നേരത്തേ ഉപയോഗിച്ചുപോന്ന പദങ്ങൾ ഇല്ലാതെയാവും ചവിട്ടുവണ്ടി (സൈക്കിൾ), തീവണ്ടി (ട്രെയ്ൻ) തുടങ്ങിയ പദങ്ങൾ പിൻവാങ്ങുന്നപോലെ.
ചോദ്യക്കടലാസു് പുറത്തായി എന്നെഴുതാതെ ‘ക്വസ്റ്റ ്യൻ പേപ്പർ പുറത്തായി’ എന്നെഴുതേണ്ട കാര്യമെന്താണു് ? ചോദ്യക്കടലാസു് വിവാദത്തെ ചോദ്യപേപ്പർ വിവാദം എന്നു വിളിക്കേണ്ട ആവശ്യമെന്താണു്?
കൈതച്ചക്കയ്ക്കു് വിലകയറുമ്പോൾ ‘പൈനാപ്പിളിനു് വില കയറി’ എന്നു് വാർത്ത കൊടുക്കുന്നതിന്റെ യുക്തിയെന്താണു്? മാവോവാദി എന്നു പറഞ്ഞാൽ മതിയാകുന്നിടത്തു് മാവോയിസ്റ്റ് എന്നു പറയുവാൻ നമ്മെ പ്രേരിപ്പിക്കുന്നതെന്താണു്?
ഇമ്മാതിരി പദപ്രയോഗങ്ങൾകൊണ്ടു് കാര്യം മനസ്സിലാവാതെ പോകുന്നതിന്നു് ഈയിടെ കണ്ട ഉദാഹരണം: ചോദ്യക്കടലാസു് വിവാദത്തിലെ പ്രതി എന്നു സംശയിക്കുന്ന അദ്ധ്യാപകൻ ഒളിവിൽപ്പോയി. പിറ്റേന്നു് വന്ന വാർത്ത:
‘പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു’. സംഗതി ‘തിരച്ചിൽ പരസ്യം’ പുറത്തിറക്കിയതാണു്. തിരച്ചിൽ എന്നതിനു പകരം ലുക്ക് ഔട്ട് എന്നു് എഴുതിയതുകൊണ്ടു് എത്രയോ പേർ തലക്കെട്ടിനു താഴോട്ടു വായിച്ചിരിക്കില്ല. നമുക്കു തിരിയാത്ത എന്തോ കുന്ത്രാണ്ടമാണു് എന്നു തോന്നിയാൽ പിന്നെ, മനുഷ്യർ തുടർന്നു് വായിക്കുമോ? ഒരു പത്രവും ലുക്ക് ഔട്ട് നോട്ടീസ് ഇഷ്യു ചെയ്തു എന്നെഴുതിക്കണ്ടില്ല. ഭാഗ്യം!
ഇനി, സ്വന്തം നിലയ്ക്കു് ഉദാഹരണങ്ങൾ ആലോചിച്ചു നോക്കൂ:
വനപാലകൻ പോരേ, ഫോറസ്റ്റ് ഗാർഡ് വേണോ? ഇരുനിലപോരേ, ഡബ്ൾ ഡക്കർ വേണോ? പരിശീലനകേന്ദ്രം പോരേ, കോച്ചിങ് ക്യാമ്പ് വേണോ? ഏകോപനാധികാരി പോരേ, നോഡൽ ഓഫീസർ വേണോ?
ഈയടുത്ത കാലത്തു് ഒരു പത്രത്തിൽ വന്ന തലക്കെട്ടുകളിതാ:
- യു. എസ്. വാക്കു് മാറ്റുന്നു. (അമേരിക്ക എന്നായാൽ എളുപ്പം തിരിയും)
- റേഷൻ ഡീലേഴ്സ് ധർണ്ണ നടത്തി. (പീടികക്കാർ/ കടക്കാർ എന്നുമതി)
- ഡ്രസ്സിങ് റൂമുകൾ നിരീക്ഷണവിധേയമാക്കണം. (വസ്ത്രം മാറുന്ന മുറികൾ)
- സെക്രട്ടറിമാർ അലോട്ട്മെന്റ് കൈപ്പറ്റണം. (ഓഹരി)
- ടൈലേഴ്സ് അസോസിയേഷനു് പുതിയ ഭാരവാഹികൾ. (തുന്നൽക്കാരുടെ സംഘടനയ്ക്കു്)
സത്യം, ഇനി വരുന്ന വാക്യവും അതേ ദിനപത്രത്തിൽനിന്നു് പകർത്തിയതാണു്: ‘സീനിയർ അദ്ധ്യാപകരെ മാത്രം ഉൾപ്പെടുത്തി ഇവാലുവേഷൻ സ്കീം ഫൈനലൈസേഷൻ നടത്തിയിരുന്ന സ്ഥാനത്തു് ജൂനിയർ അദ്ധ്യാപകരെ കുത്തിനിറച്ചതിനു് അധികൃതരുടെ ഭാഗത്തുനിന്നു് വിശദീകരണമില്ല.’
വല്ലതും മനസ്സിലാകണമെങ്കിൽ രണ്ടുമൂന്നു വട്ടം വായിക്കണം, ഒന്നാലോചിക്കണം. ആർക്കും അറിയാവുന്നപോലെ, മാദ്ധ്യമങ്ങളിലെ ഭാഷ ഒറ്റവായനയിൽ പിടികിട്ടുന്ന മട്ടിൽ ലളിതമാകണം.
ആ ലാളിത്യത്തെ ഇന്നു് പ്രധാനമായും കടന്നാക്രമിക്കുന്നതു് ഇംഗ്ലീഷാണു്. അതിനു പ്രേരകമാവുന്ന ആംഗലഭക്തി പുറപ്പെട്ടുവരുന്നതു് നമ്മുടെ മാനസികമായ അടിമത്തത്തിൽനിന്നാണു് എന്നു് എത്ര പേർ ഓർക്കുന്നു!
(പത്രപ്പുസ്തകം മാദ്ധ്യമം ജർണലിസ്റ്റ് യൂണിയൻ പ്രസിദ്ധീകരണം: മെയ് 2011)
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.