വൈക്കം മുഹമ്മദ് ബഷീർ യൗവ്വനകാലാനുഭവങ്ങളെപ്പറ്റി പറഞ്ഞുകേട്ട അനേകം കഥകളിൽ ഒന്നാണിതു്:
‘ബാല്യകാലസഖി’യുടെ രചനയുമായി ബന്ധപ്പെട്ട ഈ കഥ അദ്ദേഹം എഴുതിയിട്ടില്ല.
ബഷീർ വീട്ടിൽനിന്നു് പിണങ്ങിപ്പോന്ന കാലം. വയസ്സു് ഇരുപതിനോടടുത്തായിക്കാണും. ഇന്ത്യ മുഴുക്കെ തെണ്ടിയലയുകയാണു്.
അന്നു് കൽക്കത്തയിലായിരുന്നു.
ലോവർ ചിറ്റ്പൂർ റോഡിലെ കൂറ്റൻ ആറുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ ഒരു കൊച്ചുമുറിയിലാണു് താമസം. പകൽ മുഴുവൻ അലച്ചിൽ. രാത്രി കിടക്കാൻ മാത്രമാണു് മുറിയിൽ വരുന്നതു്. ആ മുറിയിൽ വേറെയും അഭയാർത്ഥികളുണ്ടു്. അത്യുഷ്ണം. മുറിയുടെ മച്ചിലും താഴെയും മൂട്ടകളുടെ പട. വിയർപ്പിന്റെ നാറ്റം വൃത്തിയും മെനയുമില്ല.
ബഷീർ അന്നും തന്റെ പായയുമെടുത്തു് ടെറസ്സിലേക്കു് പോയി. ടെറസ്സിനു ചുറ്റും അരയാൾപൊക്കത്തിൽ മതിൽ കെട്ടിയിട്ടുണ്ടു്. ആ വിശാലമായ ടെറസ്സിൽ കിടക്കാൻ മറ്റാരുമില്ല. കെട്ടിടത്തിനുതാഴെ നിലാവിൽ മുങ്ങിയ കൽക്കത്താ നഗരം ഇരമ്പുകയാണു്. മേലെ തിളങ്ങുന്ന നീലാകാശം അപാരതയിലേക്കു് കണ്ണുയച്ചു് അദ്ദേഹം കിടന്നു. ഇളംകാറ്റു് തഴുകിത്തലോടുകയാണു്.
പിന്നെക്കണ്ടതു് ഒരു ഭീകരസത്വത്തെയാണു്. തീപാറുന്ന കണ്ണുകൾ. വളർന്ന ദംഷ്ട്രകൾ കാൽമടമ്പോളം നീണ്ട മുടി. മേലാസകലം മൂടുന്ന കറുത്ത വസ്ത്രം. കടിച്ചു കീറാനായി പാഞ്ഞടുക്കുന്ന ആ ഭീകരരൂപത്തെക്കണ്ടു് ഭയന്നുവിറച്ചുപോയി. ഏറെനേരത്തെ മൽപിടിത്തത്തിനുശേഷം അവന്റെ പിടലിയിൽ പിടികിട്ടി. പിടിച്ച ഉടനെ രണ്ടും കൽപിച്ചു് അവന്റെ കഴുത്തിൽ കടിച്ചു. ആകാശവും ഭൂമിയും ഞെട്ടിവിറയ്ക്കുന്ന ഭീകരമായ അലർച്ച.
ആ അലർച്ചകേട്ടു് കണ്ണുതുറന്നപ്പോൾ താൻ ആ കൂറ്റൻ കെട്ടിടത്തിനു മുകളിൽ ടെറസ്സിലെ അരയടി മാത്രം വീതിയുള്ള അരമതിലിൽ ഇരിക്കുകയാണു്! വിയർത്തു കുളിച്ചിരിക്കുന്നു. താഴോട്ടു നോക്കി; തല ചുറ്റിപ്പോകുന്നത്ര താഴ്ചയിൽ യാതൊരു കഥയുമറിയാതെ നഗരം. ഒരിഞ്ചു പിഴച്ചിരുന്നുവെങ്കിൽ! ഉണരാൻ ഒരു മിനുട്ട് വൈകിപ്പോയിരുന്നുവെങ്കിൽ! ലോകാലോകങ്ങളുടെ സ്രഷ്ടാവേ…
ഭീതിജനകമായ പാതിരാനിലാവു്… ബഷീർ വീണ്ടും വന്നു് പായിൽ കിടന്നു. കിതയ്ക്കുന്നുണ്ടു്. ദാഹവും ക്ഷീണവും. പതുക്കെ മയക്കത്തിലേക്കു വീണു…
നിശാപവനനോടൊപ്പം വന്നെത്തുന്ന മുല്ലപ്പൂപരിമളം കുപ്പിവളകളുടെ കിലുക്കം. വെമ്പലാർന്ന കാലടിവെപ്പുകൾ. പായിൽ, തന്റെ സമീപം ആരോ ഇരിക്കുന്നതുപോലെ. ആ പരിമളം തീക്ഷ്ണമായി വരികയാണോ? പൂനിലാവിലേക്കു് വീണ്ടും പതുക്കെ കണ്ണുതുറന്നപ്പോൾ ഒരു സുന്ദരി!
അവൾ തന്റെ മുഖത്തേക്കു് കുനിഞ്ഞു് സനേഹാർദ്രമായി മൊഴിയുന്നു:
“ഞാനാണു്—സുഹ്രാ”
സുഹ്ര! തന്റെ ബാല്യകാലസഖി. അയൽക്കാരി. തന്റെ ഗ്രാമത്തിലെ ഈ കൊച്ചുപെണ്ണു് ഈ മഹാനഗരത്തിൽ, ഈ കെട്ടിടത്തിനു് മുകളിൽ എങ്ങനെയെത്തിപ്പെട്ടു?
അവൾ പരിഭവിക്കുന്നു:
“ഞാൻ എവിടെയൊക്കെ തിരക്കീന്നറിയ്വോ? നല്ല ആളാ! ഇപ്പഴാ കണ്ടു കിട്ടിയതു്.”
“എന്തു വിശേഷം?”
സുഹ്ര വേദനയോടെ കാര്യം പറഞ്ഞു:
“ഞാൻ മരിച്ചുപോയി. നമ്മുടെ പള്ളിപ്പറമ്പിന്റെ കിഴക്കേമൂലയിലുള്ള പിലാവില്ലേ, അതിന്റെ ചോട്ടിലാ എന്നെ അടക്കിയതു്.”
ബഷീർ പരിഭ്രമത്തോടെ എഴുന്നേറ്റിരുന്നു. ആരുമില്ല മുല്ലപ്പൂവിന്റെ പരിമളവും വളകിലുക്കവും പൊയ്പ്പോയിരിക്കുന്നു. നിറഞ്ഞ പാതിരയും താനും മാത്രം!
നാട്ടിൽനിന്നു് എത്രയോ ആയിരം നാഴികയകലെയായിരിക്കേ, തന്റെ കളിക്കൂട്ടുകാരി അകാലചരമം പ്രാപിച്ച വിവരം ബഷീർ ആദ്യമായി അറിഞ്ഞതു് അങ്ങനെയാണത്രെ!
പിറ്റേന്നു് ബഷീർ ഒരു നോട്ടുബുക്കുവാങ്ങി. തലേന്നാളത്തെ ഭീകരവും അവിശ്വസനീയവുമായ അനുഭവങ്ങളെല്ലാം കുറിച്ചു. ഇംഗ്ലീഷിലാണു്. അവയുടെ തുടർച്ചയായി ഓർമ്മകളുടെ രൂപത്തിൽ സുഹ്രയുടെയും തന്റെയും കഥ എഴുതിത്തുടങ്ങി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അതത്രയും വലിച്ചുകീറിക്കളഞ്ഞു. പിന്നെ സുഹ്രയുടെയും തന്റെയും കുട്ടിക്കാലം തൊട്ടു വീണ്ടും എഴുതിത്തുടങ്ങി:
Suhra and Majid had been friend from childhood. But their friendship sprang from deeprooted enmity! They were neighbours and there was perfect goodwill between the two families. But… there it was: these two were swron enemies. Suhra was 7 and Majid 9 years old. They made faces at each other, tried to frighten each other. Thus it went on…
ഇതൊക്കെ വിസ്മരിച്ചു് വളരെക്കാലം കഴിഞ്ഞു് ബഷീർ ‘ബാല്യകാലസഖി’ എന്ന പേരിൽ മാതൃഭാഷയിൽ തന്നെ ഈ കഥ എഴുതിയപ്പോഴും തുടക്കം ഏറെയൊന്നും വ്യത്യസ്തമായിരുന്നില്ല:
“ബാല്യകാലം മുതൽക്കുതന്നെ സുഹ്രായും മജീദും സുഹൃത്തുക്കളായിരുന്നുവെങ്കിലും അവരുടെ സ്നേഹബന്ധത്തിൽ ഉണ്ടായ അസാധാരണമായ സംഗതി അവർ പരിചിതരാവുന്നതിനു മുമ്പേ ബദ്ധശത്രുക്കളായിരുന്നു എന്നുള്ളതാണു്. എന്താണു് ശത്രുത്വത്തിനു കാരണം? അവർ അയൽവക്കക്കാരായിരുന്നു; ആ രണ്ടു് കുടുംബങ്ങളും സൗഹാർദ്ദത്തിൽ തന്നെ. എന്നാൽ മജീദും സുഹ്രായും വൈരികളാണു്. സുഹ്രായ്ക്കു് ഏഴും മജീദിനു് ഒമ്പതുമായിരുന്നു വയസ്സു്. അന്യോന്യം കോക്രികാട്ടുകയും പേടിപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു അവരുടെ പതിവു്.”
ആ പഴയ ഇംഗ്ലീഷ് ‘മൂലം’ ബഷീർ നശിപ്പിച്ചിരുന്നില്ല. ഡോ. എം. എം. ബഷീറിന്റെ ഗ്രന്ഥശേഖരത്തിൽ ഈയിടെ അതുകാണാനിടയായപ്പോൾ കുറിച്ചെടുത്തതാണു് ആദ്യം കൊടുത്ത ഇംഗ്ലീഷ് ഖണ്ഡിക.
മലയാളസാഹിത്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിനു് മേൽവിലാസമുണ്ടാക്കിക്കൊടുത്ത ‘ബാല്യകാലസഖി’ (1944) ആദ്ദേഹം ആദ്യം എഴുതിയതു് ഇംഗ്ലീഷിലാണു്! വേണ്ടമാതിരി ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത ഈ വസ്തുത, ബാല്യകാലസഖിയടക്കമുള്ള ബഷീർ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷാസമാഹാരം (Me grandad ’ad an elephant—Three stories of Muslim life in South India by Vaikom Muhammed Basheer Translated from the Malayalam by R. E. Asher and Achamma Coliparambil Chandrasekharan, Edinburgh University Press, 1980) വായിക്കുന്ന നേരത്തു് ഓർത്തെടുത്തു് നുണയാൻ രസമുള്ള വാർത്തയാണു്.
ഇന്ത്യയിലെങ്ങും തെണ്ടിയലഞ്ഞ കാലത്തു് ബഷീർ കുറച്ചു കാലം പൂനയിൽ ഇംഗ്ലീഷ് ട്യൂട്ടറായിരുന്നു! ഫിഫ്ത്ത് ഫോം വരെ മാത്രം പഠിച്ച ആ ‘ട്യൂട്ടർ’ രാത്രി മുഴുക്കെ കുത്തിയിരുന്നു പഠിച്ചു് പകൽ മുഴുവൻ ‘ക്ലീനാ’യി ക്ലാസ്സെടുത്തു. ആഹാരം കഴിക്കണമല്ലോ! ഉസ്താദ് കണക്കുകൂടി പഠിപ്പിക്കണം. എന്നൊരാവശ്യം ശിഷ്യന്മാരിൽ നിന്നുയർന്ന അന്നു രാത്രി ‘ട്യൂട്ടർ’ ബോംബെയിലേക്കു ഒളിച്ചുപോയി. ഒന്നും ഒന്നും കൂട്ടിയാൽ ‘ഉമ്മിണി ബല്യ ഒന്നു്’ എന്നുത്തരം കിട്ടുന്ന ബഷീർ കുട്ടികളെ കണക്കു് പഠിപ്പിച്ചിരുന്നുവെങ്കിൽ!
ഒരു ദശകത്തോളം നീണ്ട ഈ ‘ഭാരതപര്യടന’ത്തിനിടയിൽ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ഒട്ടനവധി ഗ്രാമങ്ങളിലും അദ്ദേഹം ചെന്നെത്തി. മിക്ക ഭാഷകളും അദ്ദേഹം ഉപ്പുനോക്കിയിട്ടുണ്ടു്. അന്നൊക്കെ അദ്ദേഹത്തിന്റെ കയ്യിരിപ്പു് ഇംഗ്ലീഷായിരുന്നു. ആ യാത്രയിലുടനീളം അദ്ദേഹം ഇംഗ്ലീഷിൽ കുറിപ്പുകളെഴുതിയിരുന്നു—യാത്രാവിവരണമൊന്നും എഴുതിയില്ലെങ്കിലും ‘അനർഘനിമിഷ’(1945)ത്തിൽ സമാഹരിച്ച ഗദ്യകവിതകളടക്കമുള്ള ബഷീറിന്റെ ആദ്യകാലരചനകളുടെയെല്ലാം പൂർവ്വരൂപം ഇംഗ്ലീഷിലായിരുന്നു—ഇംഗ്ലീഷ് അത്ര മെച്ചമായിരുന്നതുകൊണ്ടല്ല; മറുനാടുകളിൽ അലയുമ്പോൾ മാതൃഭാഷയുമായി വേണ്ടത്ര ബന്ധമില്ലാതിരുന്നതുകൊണ്ടുമാത്രം.
പിന്നെ, ഏറെക്കാലം കഴിഞ്ഞു് ഇന്ത്യയിലെ ഒട്ടനവധി നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വായനക്കാരെത്തേടി ഭിന്നഭാഷാ പരിഭാഷകളായി ബഷീർകൃതികൾ ചെന്നെത്തി. ശബ്ദങ്ങൾ, മതിലുകൾ, പ്രേമലേഖനം, മാന്ത്രികപ്പൂച്ച എന്നീ നോവലുകളുടെയും കുറെയേറെ ചെറുകഥകളുടെയും ഇംഗ്ലീഷ് പരിഭാഷകൾ (Voices/The walls—Sangam Books, 1976, The Love-letter and other stories—Sangam Books, 1978; Magic Cat—Kerala Sahithya Akademi, 1978) പുസ്തക രൂപത്തിൽ ഇന്ത്യൻ പ്രസാധകർ പുറത്തിറക്കിയിട്ടുണ്ടു്. പുസ്തകമായി വരാത്തവ വേറെയും.
1980-ൽ ബ്രിട്ടനിലെ എഡിൻബറോ യൂനിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ‘Me grandad ’ad an elephant’ എന്ന പുസ്തകം ‘ബാല്യകാലസഖി’ (1944) ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്’(1951) ‘പാത്തുമ്മയുടെ ആടു്’ (1959), എന്നീ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷാസമാഹാരമാണു്. ‘ദക്ഷിണേന്ത്യയിലെ മുസ്ലിംജീവിതം ചിത്രീകരിക്കുന്ന മൂന്നുകഥകൾ’ എന്നാണു് ഉപശീർഷകം. ബഷീർസാഹിത്യത്തിനും കേരളീയ മുസ്ലീം ജീവിതചിത്രീകരണത്തിനും പ്രതിനിധീഭവിക്കുവാൻ സർവ്വഥാ യോഗ്യമാണു് ഈ മൂന്നു കൃതികളും. ബഷീർസാഹിത്യത്തിന്റെ തനിമയുടെ ഭാഗമായ നാടൻമൊഴി’ പ്രാദേശിക ബന്ധം തുടങ്ങിയവകൊണ്ടു് മൊഴിമാറ്റത്തിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നവയും ഇവതന്നെ. ഈ പ്രത്യേകതകളുടെ നിറപ്പകിട്ടും സൗരഭ്യവും നിറഞ്ഞുനിൽക്കുന്ന ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു’ പരിഭാഷയ്ക്കു ഒരു വെല്ലുവിളിതന്നെ ആയിരിക്കും. ഈ സമാഹാരത്തിൽ അതിനു നൽകിയ പ്രാധാന്യം ഇത്തരം സവിശേഷതകളിലേക്കു വിരൽ ചൂണ്ടുന്നു.
കോയിൽപ്പറമ്പിൽ അച്ചാമ്മയുടെ സഹായത്തോടെ ഇംഗ്ലീഷുകാരനായ ഡോ. ആർ. ഇ. ആഷറാ ണു് വിദഗ്ദ്ധമായി പരിഭാഷ നിർവ്വഹിച്ചിരിക്കുന്നതു്. ബഷീർസാഹിത്യത്തെ വിശദമായി പരിചയപ്പെടുത്തുകയും മലയാളസാഹിത്യത്തെപ്പറ്റി പഠിക്കാനുതകുന്ന ഇംഗ്ലീഷ് കൃതികളുടെ വിവരണം നൽകുകയും ചെയ്യുന്ന പ്രൗഢമായൊരു ആമുഖം ആഷർ എഴുതിച്ചേർത്തിട്ടുണ്ടു്. ബഷീറിന്റെ കുട്ടികളായ ഷാഹിന, അനീസ്, ആഷറിന്റെ കുട്ടികളായ ഡേവിഡ്, മൈക്കിൾ എന്നിവർക്കാണു് ഗ്രന്ഥസമർപ്പണം. ഗ്രന്ഥാവസാനത്തിലെ പദസൂചിയിൽ കേരളീയജീവിതവുമായി ബന്ധമില്ലാത്തവർക്കു പിടികിട്ടാത്ത പദങ്ങൾക്കു സൂക്ഷ്മവും വിശദവുമായ അർത്ഥം കൊടുത്തിട്ടുണ്ടു് ക്രൗൺ എട്ടിലൊന്നു് വലിപ്പത്തിൽ 204 പേജ് വരും. എഴുപത്തഞ്ചുറുപ്പികയാണു് വില. അതിമനോഹരമായ പുസ്തകം. ഏതു മലയാളിക്കും ആഹ്ലാദവും അഭിമാനവും തോന്നുന്നമട്ടിൽ, മുദ്രണവിദ്യയിൽ കമ്പമില്ലാത്തവർക്കും കൂടി കൗതുകം തോന്നുന്നവിധം, വെടിപ്പുള്ള അച്ചടി.
ഈ സമാഹാരത്തിലെ ആദ്യഭാഗം ‘ബാല്യകാലസഖി’യാണു് രണ്ടു്‘മൂല’ത്തിൽനിന്നും ആദ്യഖണ്ഡിക കണ്ടുകഴിഞ്ഞ സ്ഥിതിക്കു് ഈ പരിഭാഷയിലെ ആദ്യഖണ്ഡിക കൂടി കാണുന്നതു് കൗതുകമാവും:
“Although Suhra and Majid have been friends from their childhood, there is something unusual about this affectionate relationship, in that before they became acquainted they were bitter enemies. What was the reason for this enmity? They were neighbours; the two families were on good terms. But Suhra and Majid were implacable foes. Suhra was seven and Majid nine. They were in the habit of making faces and trying to frighten each other.”
ന്യൂയോർക്കിൽവെച്ചു് സോൾബെല്ലോയെ കണ്ടപ്പോൾ ഇന്ത്യൻ സാഹിത്യത്തെക്കുറിച്ചു് സംസാരിക്കവെ ബഷീറിന്റെ ‘പാത്തുമ്മയുടെ ആടി’നെപ്പറ്റി പറയാനിടയായെന്നും ആ ലഘുനോവലിന്റെ ഇതിവൃത്തത്തിൽ ബെല്ലോ അത്ഭുതത്തോളമെത്തുന്ന കൗതുകം കാണിച്ചുവെന്നും കന്നഡ സാഹിത്യകാരനായ ഡോ. യു. ആർ. അനന്തമൂർത്തി ഒരഭിമുഖസംഭാഷണത്തിൽ വെളിപ്പെടുത്തുകയുണ്ടായി. ഏതു വിദേശിയിലും താൽപര്യമുണർത്തുവാനുള്ള ശേഷി ബഷീറിന്റെ കഥനകൗശലത്തിനുണ്ടെന്നാണല്ലോ ഇതു് സൂചിപ്പിക്കുന്നതു്. ദക്ഷിണേന്ത്യൻ ജീവിതത്തിൽ ഒരു ഭാഗത്തിന്റെ കുറുമുറി ഈ സമാഹാരം അവരുടെ മേശപ്പുറത്തു വെയ്ക്കുകയും ചെയ്യും.
ബഷീർകൃതികളുമായി നേരിട്ടു പരിചയമുളള മലയാളവായനക്കാരും ഈ പുസ്തകം രസംപിടിച്ചു വായിക്കും എന്നാണു് എന്റെ അനുഭവം. അതു പണ്ടു പറയാറുള്ളപോലെ ‘പരിഭാഷയാണെന്നു തോന്നുകയേയില്ല’ എന്നതുകൊണ്ടല്ല; ആഖ്യാനശൈലിയിലും ജീവിതചിത്രീകരണത്തിലും അത്രമാത്രം പ്രാദേശികച്ചുവയുള്ള ഈ ‘കേരളീയ’ സാഹിത്യം എങ്ങനെ ഭാഷാന്തരപ്പെടുത്തി എന്ന കൗതുകംകൊണ്ടാണു്. തർജ്ജമ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള മലയാളകഥകൾ ബഷീറിന്റേതായിരിക്കും. പ്രാദേശികച്ചുവയ്ക്കു പുറമെ അദ്ദേഹം സ്വന്തമായി സൃഷ്ടിക്കുന്ന പദങ്ങളുടെ പ്രശ്നം കൂടി ഇവിടെ ആലോചനയ്ക്കെടുക്കണം.
വർഷങ്ങൾക്കുമുമ്പ് ആഷർ എഴുതിയ ‘On Translating Bashir’(Prathibhanam, 1970) എന്ന വിദഗ്ദ്ധലേഖനം ഈ പ്രശ്നം ചർച്ച ചെയ്തിട്ടുണ്ടു്. ബഷീറിന്റെ പദപ്രയോഗസാമർത്ഥ്യത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്കും നമ്മുടെ നാടൻമൊഴിയുടെ സവിശേഷതകളിലേക്കും പല ഉൾക്കാഴ്ചകളും തരുന്ന ആ ലേഖനത്തിൽ കൊടുത്തതും ഇവിടെ പ്രസക്തവുമായ ചില ഉദാഹരണങ്ങൾ നോക്കാം:
‘ബാല്യകാലസഖി’ എന്ന ഗ്രന്ഥനാമം. സഖി എന്നതിനു തുല്യമായി ഇംഗ്ലീഷിൽ ഒരു പദമില്ല: Girl friend എന്നതിന്റെ പ്രതീതി മറ്റൊന്നാണു്. Childhood friend എന്നതിലാണെങ്കിൽ ഈ friend പെൺകുട്ടിയാണെന്ന ധ്വനിയില്ല. എങ്കിലും childhood friend എന്നു തർജ്ജമ ചെയ്യുകയേ നിവൃത്തിയുള്ളു. ‘ന്റുപ്പാപ്പാക്കൊരാനേണ്ടാർന്നു’ എന്നതു് My grand father had an elephant എന്നു തർജ്ജമ ചെയ്യാം. പക്ഷേ, അതിൽ അക്ഷരജ്ഞാനമേശാത്ത നാടൻ മൊഴിയുടെ മാധുര്യമില്ല, തുല്യമായ വല്ല ഇംഗ്ലീഷ് നാടൻ പ്രയോഗവുമായാൽ കാര്യം പിടികിട്ടി എന്നും വരില്ല. ആഷർ അതു് Me grandad ’ad an elephant എന്നു മൊഴിമാറ്റം നടത്തി.
ഇംഗ്ലിഷുകാർക്കു പരിചയമില്ലാത്ത കുപ്പായം, മുണ്ടു്, തട്ടം, ദോത്തി തുടങ്ങിയ വസ്ത്രങ്ങൾ കഞ്ഞി, പൂട്ടു്, പത്തിരി തുടങ്ങിയ ആഹാരസാധനങ്ങൾ താലി, അലിക്കത്തു് തുടങ്ങിയ ആഭരണങ്ങൾ; ഇക്കാക്ക, ഉപ്പുപ്പാ തുടങ്ങിയ ബന്ധസൂചകങ്ങൾ; നിരവധി പ്രാദേശികാചാരങ്ങൾ—എല്ലാം പരിഭാഷകനും പ്രശ്നം തന്നെ ‘കുപ്പായ’ത്തെ ബ്ളൗസ് എന്നു പരിഭാഷപ്പെടുത്താം. പക്ഷേ, ബഷീറിന്റെ ‘ബ്ളൗസെന്ന കുപ്പായ’ത്തെ എന്തു ചെയ്യും? ഒടുക്കം ആഷർ kuppayam എന്നുതന്നെ എഴുതി.
ഇതുപോലെ “ആന ചത്തു—മരിച്ചുപോയി” എന്ന പ്രയോഗം ഇസ്ലാമിന്റെ ആനയായതുകൊണ്ടു് ചത്തു എന്നു പറഞ്ഞുകൂടാ. മരിച്ചു പോയി എന്നു പറയാണം! എങ്ങനെ ഈ ആശയം ഇംഗ്ലീഷിൽ കൊണ്ടുവരും? ആഷർ Dead—passed away എന്നു് തർജ്ജമചെയ്തു.
ബഷീർ തർജ്ജമയിലെ കീറാമുട്ടികളിലൊന്നു് കഥാപാത്രങ്ങളുടെ പേരുകളാണു് എന്നെനിക്കു് തോന്നുന്നു കഥാമർമ്മമായും നർമ്മബീജമായും തീരാറുള്ള ആനവാരി രാമൻനായർ, പൊൻകുരിശുതോമ, എട്ടുകാലി മമ്മുഞ്ഞ്, മണ്ടൻ മുത്തപ, ഒറ്റക്കണ്ണൻ പോക്കർ തുടങ്ങിയ പേരുകളുടെ ആദ്യഭാഗം ഭംഗിയായി തർജ്ജമചെയ്യുക എളുപ്പമാണോ? പതിവിൽനിന്നു വ്യത്യസ്തമായി തർജ്ജമ ആവശ്യപ്പെടുന്നവയും അതിനു വഴങ്ങാത്തവയുമാണു് ബഷീറിന്റെ മിക്ക പേരുകളും. ‘പാത്തുമ്മയുടെ ആടി’ലെ ഒരു പരിഹാസപ്പേരു്:
“ലൈലാമ്മ എന്നെ ഉള്ളാടത്തിപ്പാറു എന്നു് വിളിച്ചു!”
“ഒരാണിനെ ഉള്ളാടത്തിപ്പാറു എന്നു വിളിക്കുകയോ? അതും ഒരു പെണ്ണു്!”
ആഷറുടെ പരിഭാഷ;
“Laila called me a stupid twit!”
“For a male person to be called a stupid twit! And that, too by a girl”
‘ഉള്ളാടത്തിപ്പാറു എന്ന വിളിയിൽ എന്തൊക്കെയുണ്ടു്? വിളിക്കപ്പെട്ടവൻ ആണല്ലെന്നു് കാട്ടുജാതിയാണെന്നു്, പാറു എന്നു വിളിച്ചു് ആൺകുട്ടിയെ കരയിക്കുന്ന പെൺകുട്ടിയുടെ കുസൃതി വേറെയും ആ കുട്ടിക്കുസൃതിയുടെ രസം മുഴുവൻ ഈ പരിഹാസപ്പേരു് തർജ്ജമ ചെയ്യാനാവാത്തതുകൊണ്ടു് നഷ്ടമായി.
‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു’വിൽ ആനമക്കാർ എന്ന പേരിലെ ‘ആന’യ്ക്കു സവിശേഷമായ അർത്ഥവ്യാപ്തിയുണ്ടു്. ഒളിഞ്ഞും തെളിഞ്ഞും കഥയിലുടനീളമുള്ള ആന എന്ന പ്രതീകം നേരിട്ടു ബന്ധപ്പടുന്നതു തന്നെ ഉപ്പുപ്പാ ആയ മക്കാറിനോടാണു്. പക്ഷേ, ആനമക്കാർ എന്ന പേരു് Elephant Makkar എന്നു തർജ്ജമ ചെയ്താൽ അതൊരു മനുഷ്യനാണെന്നേ തോന്നില്ല. അതുകൊണ്ടുതന്നെയാവണം ആഷർ Ana Makkar എന്നു് ലിപിമാറ്റം കൊടുത്തിരിക്കുകയാണു് ഇതോടെ പ്രബന്ധവ്യാപിയായ പ്രതീകത്തിന്റെ അവ്യക്തമധുരമായ രേഖാചിത്രങ്ങളിലൊന്നു് ഇംഗ്ലീഷ് വായനക്കാരനു് നഷ്ടമാവുന്നു. ആനമക്കാറിനു് സമാന്തരമായിവരുന്ന പരിഹാസപ്പേരായ ചെമ്മീനടിമ എന്നതു് Shrimp dealer Adima എന്നു് തർജ്ജമ ചെയ്യാതെ നിവൃത്തിയുമില്ല. കുഞ്ഞുതാച്ചുമ്മാ ചെയ്യുമ്പോലെ ‘ആന’മക്കാറിനെയും ‘ചെമ്മീന’ടിമയേയും താരതമ്യപ്പെടുത്തുന്നതിലെ രസവും പരിഭാഷ വായിക്കുന്നവനു് നഷ്ടമാവും ‘പരിഭാഷയിൽ നഷ്ടമാവുന്നതു്’ എന്നൊക്കെ പറയാറില്ലേ, ആ നഷ്ടമാണിതു്. പരിഭാഷകന്റെ കുറവല്ല. ‘പരിഭാഷ’യുടെ കുറവാണു്.
‘ന്റുപ്പുപ്പാ’യിൽ കുഞ്ഞുപാത്തുമ്മയും ആയിഷയും തമ്മിലുള്ള വർത്തമാനം. അവിടെ നാടൻ മൊഴിയുടെ സാമുദായികഭേദവും അതിന്റെ തിരുത്തലുകളും ഏറെയാണു് കുഞ്ഞുപാത്തുമ്മ “കുളിച്ചല്ലേ” എന്നു പറയുമ്പോൾ ആയിഷ “കുളിക്കല്ലേ” എന്നു തിരുത്തികൊടുക്കുന്നു. Dont bath—Dont bathe എന്ന വ്യത്യാസത്തിലൂടെ വിദഗ്ദ്ധമായി ഈ കടമ്പ ചാടിയിരിക്കുന്നു.
ആയിഷ കുഞ്ഞുപാത്തുമ്മയെ അക്ഷരങ്ങളും മലയാള പദങ്ങളുടെ യഥാർത്ഥ രൂപങ്ങളും പഠിപ്പിക്കുന്ന ഭാഗം എങ്ങനെ മൊഴിമാറ്റം നടത്തും എന്നറിയാൻ ആർക്കും കൗതുകും തോന്നും. ഒരു ഭാഗം നോക്കാം:
“പിന്നെ… ലാത്തിരി എന്നു് പറയരുതു്, രാത്രി എന്നു് പറയൂ.” കുഞ്ഞുപാത്തുമ്മ പറഞ്ഞു.
“രാത്ത്രി.”
“ഹോ—അങ്ങനെയല്ല, ത്രിട്ടോഷ് എന്ന വാക്കില്ലേ, അതിലെ ത്രി പറയൂ. രാത്രി.”
ഇനി പരിഭാഷ:
“you mustn’t say ‘noight’, say ‘night’.
“Neight” said Kunjupathumma.
“Not like that. ‘I’ as in white’ say it Night.”.
ഇത്തരം പ്രശ്നങ്ങളൊക്കെ ഏതു മലയാളകൃതി തർജ്ജമചെയ്യുമ്പോഴും ഉള്ളതല്ലേ? ഇത്ര കൂടിയ അളവിൽ കാണില്ല. ബഷീറിന്റെ രചനാശീലം നമ്മുടെ ഭാഷയുടെ ആന്തരചൈത്യന്യവുമായി എത്രമാത്രം ബന്ധപ്പെട്ടതാണെന്നു് ആലോചിക്കാത്ത ചില മലയാളികളെങ്കിലും അക്കാര്യം ഈ പരിഭാഷയിലൂടെ കൂടുതൽ മനസ്സിലാക്കും എന്നു് തോന്നിപ്പോകുന്നു. കാരണം ബഷീർകൃതികൾ നേരിട്ടു് വായിക്കുമ്പോൾ നമ്മിൽ മിക്കവരും മാതൃഭാഷയുടെയും സ്വന്തം ജീവിതസാഹചര്യത്തിന്റെയും പ്രവാഹത്തിനടിയിലാണു്. അതിൽ നിന്നു് അല്പം പൊങ്ങിനിന്നു് അതിന്റെ തന്നെ ചില സൂക്ഷ്മ വശങ്ങൾ നോക്കിക്കാണാൻ നമ്മിൽ ചിലർക്കു് ഈ പരിഭാഷക്കണ്ണട ഉപകാരപ്പെട്ടേക്കും ഒരുദാഹരണം മാത്രം പറയാം.
‘ന്റുപ്പുപ്പാ’യിലെ കൊമ്പനാന കുഴിയാനയായിരുന്നു എന്ന പ്രയോഗം കേൾക്കുമ്പോൾ പരിഹാസത്തിന്റെ നർമ്മത്തിനപ്പുറത്തേക്കു് സാധാരണയായി നാം ചെന്നെത്തുകയില്ല. നേരത്തെ സൂചിപ്പിച്ച ‘ആന’ എന്ന പ്രതീകത്തെ തലകീഴായിപ്പിടിക്കുവാൻ കേരളീയ ജീവിതത്തിന്റെ ഒരു സവിശേഷത ഉപയോഗപ്പെടുത്തുകയാണിവിടെ. ഒരു വലിയ ജീവിയേയും ഒരു കൊച്ചു ജീവിയേയും ഒരേ പേരുകൊണ്ടു് പരാമർശിക്കുന്ന മലയാളിയുടെ സ്വഭാവത്തെപ്പറ്റി അത്രെയെളുപ്പം നമുക്കു് ആലോചന ചെല്ലുകയില്ല. പരാമ്പര്യാഭിമാനത്തിന്റെയും ഊതിവീർപ്പിച്ച പൊങ്ങച്ചത്തിന്റെയും ബലൂണിന്മേൽ ഒരു തമാശ പൊട്ടിച്ചതിനപ്പുറം ബഷീറിനു് ഭാവഭേദങ്ങളൊന്നുമില്ല താനും. ‘കുഴിയാന’യായി മാറിയ ഈ ‘കൊമ്പനാന’യെ എങ്ങനെ ഇംഗ്ലീഷുകാരന്റെ വളപ്പിൽ തളയ്ക്കും? കുഴിയാനയുടെ ഇംഗ്ലീഷ് പദം ant-lion എന്നാണു്. ഈ വാക്കിൽ ‘ആന’യ്ക്കുള്ള ഇംഗ്ലീഷു പദമായ elephant ഇല്ല. ഈ ‘ആന’ ഇല്ലെങ്കിൽ ആ പ്രതീകം തിരിച്ചിടുമ്പോൾ കിട്ടുന്ന ഹാസ്യം അടക്കമുള്ള എല്ലാ പ്രയോജനങ്ങളും നഷ്ടമാവുകയും ചെയ്യും. ഒടുക്കം ആഷറിനു് ഇംഗ്ലീഷിൽ ‘കുഴിയാന’യെ ഈ ആവശ്യത്തിനുവേണ്ടി സൃഷ്ടിക്കേണ്ടിവന്നു: elephant ant! അങ്ങനെയൊരു ജീവിയില്ലെന്നും ഇപ്പറയുന്ന elephant ant പാവം കുഴിയാനയാണെന്നും ആഷർ ആമുഖത്തിൽ മുന്നറിയിപ്പു നൽകുന്നുണ്ടു്. സായ്പിനെ മുട്ടുകുത്തിക്കാൻ നമുക്കു് കൊമ്പനാന വേണ്ട കുഴിയാന മതി എന്നോർത്തു ചിരിക്കേണ്ട നേരം ഇതാകുന്നു!
ആഷർസായ്പിനെ ബഹുമാനിക്കേണ്ട നേരവും ഇതുതന്നെ. മലയാളം പഠിച്ച ഒരു ഇംഗ്ലീഷുകാരൻ തർജ്ജമ ചെയ്തു് ആദ്യമായി വിദേശത്തു് പ്രസിദ്ധപ്പെടുത്തുന്ന മലയാള കൃതി Me grandad ’ad an elephant ആയിരിക്കണം. നമ്മുടെ ആദ്യ നോവലായ ഇന്ദുലേഖ (1889) ഇറങ്ങിയ ഉടനെത്തന്നെ ഒരു സായ്പ് മലബാറിൽ കലക്ടറായിരുന്ന ഡ്യൂമർഗ്ഗ് ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യുകയുണ്ടായി. പക്ഷേ, അതു് പ്രസിദ്ധീകരിച്ചതു് (1890) ഇന്ത്യയിലാണു്. വിദേശത്തു് പ്രസിദ്ധീകരിച്ച തകഴിയുടെ ചെമ്മീൻ, തോട്ടിയുടെ മകൻ എന്നിവയുടെയും ആദ്യ പ്രസാധനം ഇന്ത്യയിൽതന്നെ. ഇംഗ്ലീഷ് പഠിച്ചു് മലയാളികൾ മലയാളകൃതികൾ തർജ്ജമ ചെയ്യുക എന്നതാണു് നമ്മുടെ പതിവു്. ബഷീറടക്കമുള്ള നമ്മുടെ പല കാഥികരുടെയും പല കൃതികളുടെയും ഇംഗ്ലീഷ് പരിഭാഷകൻ വി. അബ്ദുല്ല യാണല്ലോ. അവയെല്ലാം പ്രസിദ്ധീകരികപ്പെടുന്നതും ഇന്ത്യയിൽതന്നെ. ഈ പരിതഃസ്ഥിതിയിൽ ‘ഇപ്പോഴും സൂര്യനസ്തമിക്കാത്ത സാമ്രാജ്യ’മുള്ള ഭാഷയായ ഇംഗ്ലീഷിലേക്കു എഡിൻബറോ യൂനിവേർസിറ്റി വഴി എത്തിപ്പെടുന്ന ബഷീർ കൃതികൾ തീർച്ചയായും മലയാളിക്കു് മേനി വളർത്തുന്നുണ്ടു്. മറ്റു വിദേശഭാഷകളിലെത്തിപ്പെടുവാൻ ഈ കൃതിക്കു് ഏറെക്കാലം വേണ്ടിവരുമെന്നുതോന്നുന്നില്ല. ഈ പുസ്തകത്തിലെ പുരാവൃത്തങ്ങളോടും ആചാരസവിശേഷതകളോടും രക്തബന്ധം പുലർത്തുകയും നൂറ്റാണ്ടുകളായി കേരളത്തോടു് വ്യാപാര-സാംസ്കാരിക വിനിമയങ്ങൾ നിലനിർത്തുകയും ചെയ്തു പോരുന്ന അറബ് നാടുകളിൽ ഇതിന്റെ പരിഭാഷയ്ക്കു ഊഷ്മള സ്വീകാരം ലഭിക്കാനിടയുണ്ടു്.
ഈ വഴിക്കെല്ലാം നമ്മുടെ ആലോചന തിരിച്ചുവിടുന്ന ഡോ. റൊനാൾഡ് ഇ. ആഷർ ബ്രിട്ടനിലെ നോട്ടിംഗ് ഹാം ഷെയറിലാണു് ജനിച്ചതു്—1962-ൽ. ദക്ഷിണേഷ്യൻ പഠനങ്ങളിൽ ഒരു വിദഗ്ദ്ധനും ഭാഷാശാസ്ത്രജ്ഞനുമായ അദ്ദേഹം എഡിൻബറോ യൂനിവേർസിറ്റിയിൽ ഭാഷാശാസ്ത്രത്തിന്റെ പ്രൊഫസറാണു്. ദക്ഷിണേഷ്യൻ പഠനങ്ങൾ ഭാഷാശാസ്ത്രം, ദ്രാവിഡഭാഷകൾ വഴിയാണു് ഈ ബഹുഭാഷാപണ്ഡിതൻ മലയാളത്തിൽ എത്തിപ്പെട്ടതു്. സൗകര്യപ്പെടുമ്പോഴൊക്കെ കേരളത്തിൽ വരികയും ഇവിടത്തെ എഴുത്തുകാരോടു് സ്ഥിരമായ സൗഹൃദം പുലർത്തിവരികയും ചെയ്യുന്ന ആഷർ തകഴി, ബഷീർ തുടങ്ങിയവരുടെ രചനകൾ പരിഭാഷപ്പെടുത്തിയതിനുപുറമെ മലയാള ഭാഷയെപ്പറ്റിയും സാഹിത്യത്തെപ്പറ്റിയും നിരവധി പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ടു്. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (1967), പെൻഗ്വൻ കംപാനിയൻ റ്റു ലിറ്ററേച്ചർ (1969), കാസ്സൽസ് എൻസൈക്ലോപീഡിയ ഓഫ് വേൾഡ് ലിറ്ററേച്ചർ (1973), ഡിക്ഷണറി ഓഫ് ഓറിയന്റൽ ലിറ്ററേച്ചർ (1975) തുടങ്ങിയ പ്രാമാണികഗ്രന്ഥങ്ങളിൽ മലയാളത്തെപ്പറ്റി എഴുതിയതും അദ്ദേഹം തന്നെ. കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി 1983-ൽ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ആ ബഹുമതി നേടുന്ന മലയാളിയല്ലാത്ത ആദ്യത്തെ വ്യക്തിയാണു് ഡോ. ആഷർ.
മലയാളികൾ രണ്ടു കൈ കൊണ്ടും അന്യഭാഷകളിൽനിന്നു് തർജ്ജമ ചെയ്തുവരുന്നു. നമ്മുടെ വായനക്കാർ രണ്ടു കൈയും നീട്ടി അതു് സ്വീകരിച്ചും വരുന്നു. പക്ഷേ, മലയാളത്തിൽ നിന്നു് പുറത്തേക്കു് എത്ര കൃതികൾ തർജ്ജമ ചെയ്യുന്നുണ്ടു്? മലയാളത്തെപ്പറ്റി മറ്റു ഭാരതീയർക്കുള്ള അറിവു് എത്ര തുച്ഛമാണു് എന്നതിനു തെളിവു് ‘മദ്രാസി’ എന്ന വിളിമതി. ആ വിളിയിൽ ഉത്തരേന്ത്യക്കാർ സാധാരണയായി മലയാളിയെക്കൂടി ഉൾപ്പെടുത്തുന്നുണ്ടു്! ഒരു പഴയ കണക്കു പറയാം: നാം ഏറ്റവും കൂടുതൽ കൃതികൾ തർജ്ജമ ചെയ്യുന്ന ബംഗാളിയിൽനിന്നു് 1975-വരെ 266 കൃതികൾ മലയാളത്തിലേക്കു് പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. അതുവരെ ബംഗാളിയിലേക്കു് തർജ്ജമ ചെയ്യപ്പെട്ട മലയാളകൃതികളുടെ എണ്ണം കേൾക്കണോ വെറും ഏഴു്! കേന്ദ്ര-പ്രാദേശിക സാഹിത്യ അക്കാദമികളുടെയും നാഷണൽ ബുക്ക് ട്രസ്റ്റിന്റെയും പ്രവർത്തനങ്ങളൊക്കെ ഉണ്ടെങ്കിലും ഈ അനുപാതക്രമം കഴിഞ്ഞ ഒരു ദശകം കൊണ്ടു് ഏറെയൊന്നും മാറിയിരിക്കാനിടയില്ല.
മറ്റു ഭാരതീയഭാഷകൾ നമ്മളോടു് ഈ മനോഭാവം കാണിക്കുന്നതിനിടയിലാണു് ഇതുപോലെ തകഴിയുടെയും ബഷീറിന്റെയും കൃതികൾ വിദേശങ്ങളിൽ പ്രത്യക്ഷപ്പെടുന്നതു് എന്നു് ഓർത്തുവെയ്ക്കണം. യുനെസ്കൊ അവരുടെ പരിഭാഷപ്പട്ടികയിൽ ഈ പരിഭാഷാ സമാഹാരം ഉൾപ്പെടുത്തിയിട്ടുണ്ടു്. ഇതിനുമുമ്പു് ചെമ്മീൻ (പരിഭാഷ: നാരായണമേനോൻ, 1964), തോട്ടിയുടെ മകൻ (പരിഭാഷ ആർ. ഇ. ആഷർ, 1975) എന്നീ കൃതികൾക്കു മാത്രമേ ഈ അംഗീകാരം ലഭിച്ചിട്ടുള്ളു. പല വഴിക്കും മലയാളികൾക്കു് തന്നോടുള്ള കടപ്പാടു് ബഷീർകൃതികളുടെ ഈ തർജ്ജമയിലൂടെ ആഷർ ഒന്നുകൂടി കനപ്പിച്ചിരിക്കുന്നു.
ഇന്ത്യയിലെ നിരവധി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ബഷീർ അലഞ്ഞെത്തിയതുപോലെ കേരളത്തിന്റെ ഉൾത്തുടിപ്പുകളും പേറി ഈ പരിഭാഷാസമാഹാരം ദുനിയാവു മുഴുവൻ അലഞ്ഞെത്തട്ടെ. “ചക്രവാളത്തിന്റെ അപ്പുറത്തുള്ള ലോകങ്ങൾ കാണുവാൻ” എന്നും കൊതിച്ചിരുന്ന മജീദും മാവിന്റെ ഉച്ചിയിൽ കയറിയാൽ മക്കം കാണാമോ എന്നു ചോദിച്ചിരുന്ന ജിജ്ഞാസുവായ സുഹ്രയും റേഡിയോ എന്ന ‘പാട്ടുപെട്ടി’യിൽക്കൂടി “ലോകത്തിലെ മിക്ക സ്ഥലങ്ങളിൽ നിന്നും” പാട്ടുകൾ കേൾക്കാം എന്നറിയുമ്പോൾ ബേജാറായിപ്പോകുന്ന നിഷ്കളങ്കയായ കുഞ്ഞുപാത്തുമ്മയും അനവധിയനവധി വിദേശനാടുകളിലേക്കു് കടന്നുചെല്ലട്ടെ. പ്ലാവിലയ്ക്കൊപ്പം പുസ്തകങ്ങളും ചവച്ചുതിന്നുന്ന പാത്തുമ്മയുടെ ആടു് വിദേശികളുടെ പുസ്തകശാലകളിൽ അലഞ്ഞുതിരിയട്ടെ. നമ്മുടെ കൊമ്പനാനകളും കുഴിയാനകളും വിദേശികളെ വീണ്ടും വീണ്ടും മുട്ടുകുത്തിക്കട്ടെ. സ്വന്തം ജീവിതപശ്ചാത്തലത്തെ ഭാഷയിൽ ആവാഹിക്കുന്നതിൽ അനുഗൃഹീതമായ സിദ്ധിവിശേഷവും മനുഷ്യനെ അടുത്തറിയുന്നതിൽ അത്ര സാധാരണമല്ലാത്ത സ്നേഹവായ്പും കാണിച്ച വൈക്കം മുഹമ്മദ് ബഷീർ എന്ന കലാകാരൻ തീർച്ചയായും അതർഹിക്കുന്നുണ്ടു്.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.