ലോകത്തു് കലഹമുണ്ടാകുന്നതു് കനകം, കാമിനി എന്നിവ കൊണ്ടാണെന്നു് കവി പറഞ്ഞുവെച്ചിട്ടുണ്ടു്. കലഹകാരണങ്ങളായ ഇവയുടെ കൂട്ടത്തിൽ ഒരിനംകൂടി പെടുത്തേണ്ടതുണ്ടു്. ആ സംഗതി ‘പ്രസിദ്ധി’യാകുന്നു.
കനകത്തിനും കാമിനിക്കും വേണ്ടി മറ്റെന്തും കയ്യൊഴിക്കാം, അവ കിട്ടുമെങ്കിൽ എന്തു കലഹവുമാകാം എന്നിത്യാദി വിചാരങ്ങളെക്കുറിച്ചോർത്താണല്ലോ ഉലകത്തിലെ കലഹകാരണങ്ങളായി അവയെ വിശേഷിപ്പിച്ചതു്.
പ്രസിദ്ധിക്കുവേണ്ടി ആളുകൾ, വിശേഷിച്ചു് ഈ നൂറ്റാണ്ടിലെ ജനങ്ങൾ, എന്തും ത്യജിക്കും; കനകവും കാമിനിയും പോലും അവർക്കു പ്രശ്നമായെന്നു് വരില്ല. പ്രസിദ്ധനാകാൻ വേണ്ടി ഏതു് വിധത്തിലുള്ള മത്സരത്തിനും അവരൊരുക്കവുമാണു്.
ഇതിനു ഉദാഹരണം തേടി എങ്ങും പോകേണ്ടതില്ല നമ്മുടെ ചുറ്റുമുള്ള അപ്രസിദ്ധരായ സാധാരണക്കാരിൽപോലും ചെറിയ തോതിലെങ്കിലും ഈ പ്രസിദ്ധിദാഹം ഉണ്ടു്. “സൽപ്പേരു്” കളഞ്ഞുകുളിക്കാൻ ആരും മുതിരുകയില്ല, അതിന്റെ മുമ്പിൽ സുഖഭോഗങ്ങളിൽ മിക്കതും ചെറുതായിത്തോന്നുന്നു. മോഹമില്ലാഞ്ഞിട്ടാണോ, ആളുകൾ കക്കാത്തതും ബലാത്സംഗം ചെയ്യാത്തതും?
ഇപ്പോൾ ഈ കാര്യത്തിൽ ഒരു സദാചാരപ്രശ്നം തലനീട്ടുകയായി: അതെ സൽപ്പേരു് നമ്മുടെ സമൂഹത്തിന്റെ ഒരു മൂല്യമാണു്—സത്യം, അഹിംസ തുടങ്ങിയവ പോലെ സദാചാരത്തിന്റെ വേലി പൊളിക്കാൻ ആർക്കും പേടിയില്ല—അതു് മൂലം അവനവന്റെ സൽപ്പേരിന്റെ മതിൽ പൊളിയരുതെന്ന ഒറ്റ നോട്ടമേയുള്ളു. അങ്ങനെ പറഞ്ഞുവരുമ്പോൾ സമൂഹം ഉപയോഗിക്കുന്ന തട ഈ സൽപ്പേരിന്റേതാണു് എന്നു വന്നുകൂടും.
ഇരിക്കട്ടെ, ഈ സൽപ്പേരു് കൊണ്ടും പ്രസിദ്ധികൊണ്ടും എന്തുണ്ടൊരു കുഴപ്പം?
പ്രസിദ്ധികൊണ്ടും സൽപ്പേരു് കൊണ്ടും തരിമ്പും കുഴപ്പമില്ല. പക്ഷേ, ഈ ഇടക്കാലത്തു് ഇക്കൂട്ടത്തിൽ കയറിപ്പറ്റിയ ഒരു കള്ളനാണയത്തെപ്പറ്റിയാണു് ഈ ലേഖനം പരാതിപ്പെടുന്നതു്. ആ കള്ളനാണയം ‘പരസ്യം’ ആകുന്നു.
പ്രസിദ്ധിയും പരസ്യവും ഒന്നല്ല: ഒന്നാകാൻ വയ്യ. പ്രസിദ്ധനാവുക എന്നതിനർത്ഥം പേരു് പ്രസിദ്ധപ്പെടുക എന്നു മാത്രമല്ല തന്നെ. സമൂഹത്തിനും സംസ്കാരത്തിനും ഗുണകരമായി വല്ലതും ചെയ്യുമ്പോഴാണു് ഒരാൾ പ്രസിദ്ധനാവുന്നതു്. പ്രസിദ്ധനാകാൻ കൊതിക്കുന്ന ആരും അത്തരം വല്ലതും ചെയ്തുവെക്കാൻ ആഗ്രഹിക്കുന്നു; ഒരുങ്ങുകയും ചെയ്യുന്നു. ഇതു് പാപമല്ല; നന്മയാണുതാനും. പരസ്യം കൊതിക്കുന്നവനെ ഇതിന്റെ നാലയലത്തെങ്ങും കൊണ്ടുവരരുതു്. പണം, സൗഹൃദബന്ധങ്ങൾ, രാഷ്ടീയസ്വാധീനം തുടങ്ങിയ ‘വിദ്യ’കളിലൂടെ സാഹിത്യസംസ്ക്കാരികമണ്ഡലങ്ങളിൽ കയറിപ്പയറ്റി പേരു് പരസ്യപ്പെടുത്തുന്നവർ തങ്ങൾ പ്രസിദ്ധരാണെന്നു കരുതുന്നു. അവരോടൊപ്പം പൊലിഞ്ഞുപോകുന്നതും പൊലിഞ്ഞുപോകേണ്ടതും ആയ ഈ ‘പേരി’നെയാണു് ഇവിടെ പരസ്യം എന്നു വിളിച്ചതു്.
പ്രസിദ്ധിയും പരസ്യവും തമ്മിലുള്ള വ്യത്യാസവും ഇതാണു്: ഒന്നു് പ്രചണ്ഡമായ മദ്ധ്യാഹ്നസൂര്യനാണെങ്കിൽ മറ്റേതു് ഏതോ വഴിപോക്കൻ കത്തിച്ചുകാട്ടിയ ചൂട്ടാകുന്നു.
ഈ പരസ്യപ്രവണതക്കാരെ ദുഷ്കീർത്തിക്കാരെന്നോ, ചീത്തപ്പേരുകാരൊന്നോ വിളിക്കാൻ നിവൃത്തിയില്ല. പ്രസിദ്ധിയിൽ കമ്പമുള്ളവർ എന്നു് ഇവരെ ആക്ഷേപിക്കുന്നതും ശരിയല്ല. ഇവർക്കു് പ്രസിദ്ധിയിൽ അശേഷം താല്പര്യമില്ല! ഇവരുടേതു് ‘പേരു’മാത്രമാണു് അതിനോടു വിശേഷണം ചേർന്നു നിൽക്കില്ല.

പ്രസിദ്ധിയെ തന്നെ കുപ്രസിദ്ധിയെന്നും സുപ്രസിദ്ധിയെന്നും വക തിരിച്ചിട്ടുണ്ടല്ലോ എന്നു ചോദിക്കാം. പ്രസിദ്ധിക്കു് തീർച്ചയായും അങ്ങനെയൊരു തരം തിരിവു് വേണ്ടിവരും. ശാശ്വതതിന്മയായി ചരിത്രത്തിൽ വിളികൊള്ളുന്ന വ്യക്തികളെ വിശേഷിപ്പിക്കാൻ കുപ്രസിദ്ധനെന്ന വാക്കു് നമുക്കു് ആവശ്യമാണു്. മഹാത്മജിയായി ജീവിക്കുവാൻ ഒരു വ്യക്തി പെടുന്ന പാടുകൾ നന്മയെ എത്രമേൽ ഉദാഹരിക്കുന്നുവോ, അതേ അളവിൽ തിന്മയെ ഉദാഹരിക്കുവാനാണു് ആ പുണ്യാത്മാവിനെപ്പോലും വെടിവെച്ചു് കൊല്ലുവാൻ ഒരു വ്യക്തി തോക്കുയർത്തി നിൽക്കുന്നതു്. തുല്യപ്രാധാന്യമുള്ള രണ്ടു് വിപരീതപ്രതിഭാസങ്ങളാണവയെന്നർത്ഥം.

ഇവയെ സംബന്ധിച്ച തീർപ്പു് തികച്ചും വ്യക്തിപരമാണു് അതുകൊണ്ടാണു് ചിലർക്കെങ്കിലും ഗോദ്സേ സുപ്രസിദ്ധനും ഗാന്ധിജി കുപ്രസിദ്ധനുമാകുന്നതു്.
ആ കൂട്ടത്തിലെങ്ങും ഈ ‘പരസ്യപ്പേരുകാരൻ’ പെട്ടുപോകരുതെന്നാണു് ഇവിടത്തെ വാദം. കുപ്രസിദ്ധിയുടെയോ സുപ്രസിദ്ധിയുടെയോ പട്ടികയിൽ പോയിട്ടു് പ്രസിദ്ധിയുടെ പട്ടികയിൽപോലും അയാൾ വരില്ലല്ലോ.
ഈ വെറും പേരു് ഇത്ര ചീത്തയാകുന്നതെങ്ങനെ?
ഒന്നാമത്തെ കുഴപ്പം പരസ്യം ഒരു ലഹരിയാണു് എന്നതത്രെ. ഏതു തരം ലഹരിയും ചീത്തയാണു് പരസ്യത്തിൽ രമിച്ചു തുടങ്ങിയാൽ പിന്നെ മറ്റൊന്നിനും നേരം കിട്ടിയെന്നു വരില്ല.
രണ്ടാമതു് അതൊരു ബാദ്ധ്യതയാണു്. ചില രംഗത്തൊക്കെ ചെന്നു് പേരു് പിടിച്ചാൽ പിന്നെ ആ വകയിൽ പെടുന്നതും അതിന്റെ ‘അളിയന്റെ വകയിൽ’ പെടുന്നതുമൊക്കെ കേറിപ്പിടിച്ചുകളയും. ഊരിപ്പോരാൻ തരപ്പെടുകയുമില്ല.
മേൽപ്പറഞ്ഞപോലെ പണവും മറ്റു അവശ്യവസ്തുക്കളും ഈ ‘പരസ്യദേവത’ക്കു് അർപ്പിച്ചു കൈയും കെട്ടി നിൽക്കുന്ന ഒരു പതനത്തിലെത്തിച്ചേരാനും എളുപ്പമുണ്ടു്. പ്രസിദ്ധി നേടിയാൽ മറ്റുളളവർ നമുക്കു വേണ്ടി ചെലവാക്കിക്കൊള്ളും. പരസ്യം തേടുന്നവനാകട്ടെ എന്നും എപ്പോഴും മറ്റുള്ളവർക്കു് വേണ്ടി ചെലവിടുന്നു.
പരസ്യത്തിൽ കിടന്നു പുളിച്ചുപോയ പേരു് ശുദ്ധമാക്കിയെടുക്കുക എളുപ്പമല്ല എന്നതാണു് പ്രധാന കുഴപ്പം. അതെ, പിന്നെ പ്രസിദ്ധനാകാൻ പറ്റില്ല.
പ്രസിദ്ധിക്കു് കോപ്പില്ലാത്തവൻ അതു കൊതിക്കുമ്പോൾ അവന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന കാനൽജലമാണു് പരസ്യം. പ്രസിദ്ധിക്കു കോപ്പുള്ളവൻ ഈ കാനൽ ജലം നോക്കിപ്പോയാലത്തെ നഷ്ടം അവനെ കാത്തിരിക്കുന്ന സാക്ഷാൽ മരുപ്പച്ച പിറകെ വരുന്ന വല്ലവരും എന്നേക്കുമായി കൈയടക്കിക്കളയും എന്നതത്രെ.
ഈ നൂറ്റാണ്ടിന്റെ വാണിജ്യവാണിയിൽ പറഞ്ഞാൽ പ്രസിദ്ധി സമ്പത്താണു്; പരസ്യം ബാധ്യതയും.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.