തെരഞ്ഞെടുപ്പു കഴിഞ്ഞു (2011). ഇപ്പോഴത്തെ തമാശ: തെരഞ്ഞെടുപ്പുകാലത്തു് ഇന്നയിന്ന കാര്യങ്ങൾ ചർച്ച ചെയ്യേണ്ടിയിരുന്നു എന്നും ഇന്നയിന്ന കാര്യങ്ങൾ ചർച്ചചെയ്യാൻ പാടില്ലായിരുന്നു എന്നും വാദിക്കുന്നതു് ആ ചർച്ചകളൊക്കെ നടത്തിയ നേതാക്കന്മാർ തന്നെയാണു്!
ചർച്ചകൾ വഴിതെറ്റിച്ചതു് മാദ്ധ്യമങ്ങളാണു് എന്നു വാദിക്കുന്ന ചിലരെയും കൂട്ടത്തിൽ കണ്ടു. അപ്പോൾ, ജനങ്ങളെ നയിക്കുന്നതു് നേതാക്കന്മാരാണെങ്കിലും നേതാക്കന്മാരെ നയിക്കുന്നതു് മാദ്ധ്യമങ്ങളാണു് എന്നാവും വന്നുകൂടുക. ഏതെങ്കിലും തുച്ഛവിഷയം ഉയർത്തിക്കാണിക്കാൻ വല്ല ചാനലോ പത്രമോ ഒരുമ്പെട്ടിറങ്ങിയാൽ അതു് തടഞ്ഞുനിർത്താനുള്ള തന്റേടം രാഷ്ട്രീയകക്ഷികൾക്കു് ഇല്ല എന്നും വരും. രാഷ്ട്രീയകക്ഷികളുടെ പാപ്പരത്തിന്റെ സൂചകം ആയിട്ടേ അതിനെ മനസ്സിലാക്കാൻ കഴിയൂ. ഈ അളവിലുള്ള പോരിമ മാദ്ധ്യമങ്ങൾക്കുണ്ടെന്നോ, ഈ അളവിലുള്ള പോരായ്മ നേതാക്കൾക്കൂണ്ടെന്നോ ഞാൻ വിചാരിക്കുന്നില്ല. തെരഞ്ഞെടുപ്പു കാലത്തെ കൊള്ളാവുന്നതോ കൊള്ളരുതാത്തതോ ആയ പ്രമേയങ്ങൾ അവതരിപ്പിച്ചതും അവയെപ്പറ്റി കടിപിടി കൂടിയതും രാഷ്ട്രീയനേതാക്കന്മാർ തന്നെയാണു്. അതിന്റെ ആഴക്കുറവിനു് മറ്റാരെയും കുറ്റം പറയേണ്ട.
ഇപ്പോൾ ചർച്ചചെയ്യേണ്ട പ്രധാന പ്രശ്നം: നമ്മുടെ നിയമസഭാ തെരഞ്ഞെടുപ്പു് മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം ഒരു വ്യക്തിക്കുചുറ്റും കറങ്ങിത്തിരിയുകയായിരുന്നു. തുടക്കത്തിൽ മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദൻ സ്ഥാനാർത്ഥിയാണോ എന്നതായിരുന്നു എൽ. ഡി. എഫിന്റെ പ്രശ്നം; അതുതന്നെയായിരുന്നു യു. ഡി. എഫിന്റെയും പ്രശ്നം.
ഒറ്റയ്ക്കു നിൽക്കുകയും പാർട്ടിയ്ക്കകത്തും മുന്നണിയ്ക്കകത്തും പലതരം പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കേണ്ട എന്നാണു് സി. പി. എം. ആദ്യം ആലോചിച്ചതു്. തെരഞ്ഞെടുപ്പുപ്രചാരണത്തിനു് പിന്നെ ആരു് നേതൃത്വംകൊടുക്കും എന്ന ചോദ്യത്തിനു് ‘വ്യക്തികളല്ല, ആശയാദർശങ്ങളും പാർട്ടിയും ആണു് പ്രധാനം’ എന്നായിരുന്നു മറുപടി. ‘പാർട്ടി പറഞ്ഞാൽ മത്സരിക്കാം’ എന്നു് സന്നദ്ധത പ്രകടിപ്പിച്ച മുഖ്യമന്ത്രിയെ സ്ഥാനാർത്ഥി ആക്കാത്തതിലെ ചിതക്കേടു് എടുത്തു കാണിച്ചു് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാം എന്നാണു് യു. ഡി. എഫ്. കണക്കുകൂട്ടിയതു്.
ഇക്കഴിഞ്ഞ അഞ്ചുകൊല്ലവും സ്വന്തം പാർട്ടിക്കും മുന്നണിക്കും പ്രയാസങ്ങൾ ഉണ്ടാക്കുമ്പോഴൊക്കെ വി. എസ്സിനെ പിന്തുണയ്ക്കുകയാണു് യു. ഡി. എഫ്. ചെയ്തതു്. പ്രതിപക്ഷം എന്ന നിലയിൽ അവർ ചെയ്ത പ്രധാനപ്പെട്ട പണിയും ഇതുതന്നെ!
അപ്പോഴാണു്, തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിലെ (2006) സംഭവങ്ങളുടെ തനിയാവർത്തനംപോലെ, വി. എസ്സിനെ മലമ്പുഴയിൽ നിർത്താൻ സി. പി. എം. തീരുമാനിക്കുന്നതു്. പ്രചാരണത്തിന്റെ നേതൃത്വം അദ്ദേഹത്തിനായിരിക്കും എന്നു് തിരുത്തു വന്നു. പാർട്ടിക്കു പുറത്തും മുന്നണിക്കു പുറത്തും മെച്ചപ്പെട്ട പ്രതിച്ഛായയുള്ള അച്ചുതാനന്ദനെ മാറ്റിനിർത്തുന്നതു് സ്വന്തം അണികളുടെയും നിഷ്പക്ഷസമ്മതിദായകരുടെയും പ്രതിഷേധത്തിനു് വഴിവെക്കും എന്ന തിരിച്ചറിവായിരുന്നു, ഈ വീണ്ടുവിചാരത്തിനു പിന്നിൽ.
പെട്ടെന്നുണ്ടായ ഈ വഴിമാറ്റത്തിൽ കഷ്ടത്തിലായതു് യു. ഡി. എഫാണു്. മുമ്പു് ഭരണപക്ഷത്തെ വിമർശിക്കുമ്പോഴും നിവൃത്തിയുള്ളടത്തോളം വി. എസ്സിനെ ഒഴിവാക്കിയിരുന്ന പ്രതിപക്ഷം അദ്ദേഹത്തിനെതിരായി തിരിഞ്ഞു. ഇടമലയാർ കേസ്സിൽ യു. ഡി. എഫിലെ കേരളാകോൺഗ്രസ് നേതാവു് ബാലകൃഷ്ണപിള്ള ജയിലിൽ പോയതിന്റെ ദ്വേഷ്യം വി. എസ്സിനു് നേരേയാണു് പുകഞ്ഞതു്. ഐസ്ക്രീം പാർലർ കേസ്സിൽ കേരള ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുവാൻ മുസ്ലീംലീഗ് നേതാവു് കുഞ്ഞാലിക്കുട്ടി ശ്രമിച്ചു എന്ന ആരോപണം മുഖ്യമന്ത്രി ഏറ്റുപിടിച്ചപ്പോൾ വിരോധം ആളിക്കത്തി. പിന്നെ, മുഖ്യമന്ത്രിയുടെ മകനെതിരേ ആരോപണങ്ങളുടെ ഘോഷയാത്രയായി.
ഈ ഘട്ടത്തോടെ വി.,എസ്സിന്റെ പ്രതിച്ഛായ തന്നെയായിത്തീർന്നു തെരഞ്ഞെടുപ്പുവിഷയം. 140 മണ്ഡലത്തിലും അച്ചുതാനന്ദനാണു് സ്ഥാനാർത്ഥി എന്നു തോന്നുന്ന മട്ടിൽ, ഏതു പരസ്യപ്പലകയിലും സ്ഥാനാർത്ഥിയുടേതിനെക്കാൾ വലിപ്പത്തിൽ ചിരിക്കുന്ന മുഖ്യമന്ത്രിയുടെ വർണ്ണചിത്രം തെളിഞ്ഞു. എല്ലാ യോഗങ്ങളിലും വി. എസ്. നീട്ടിവലിച്ചു് ആവർത്തിച്ചു: ‘നാട്ടുകാരുടെ പണം കട്ടുമുടിക്കുന്ന അഴിമതിക്കാരെയും സ്ത്രീകളെ കഷ്ടപ്പെടുത്തുന്ന പെൺവാണിഭക്കാരെയും ജയിലിലടയ്ക്കും.’ അതു കേട്ടു് കയ്യടിക്കാനും ആർത്തുചിരിക്കാനും എവിടെയും നാട്ടുകാർ ഇരമ്പിയെത്തി—എപ്പോഴും വി. എസ്. തന്നെ വിഷയം!
മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കുകയാണു് തങ്ങളുടെ രക്ഷാമാർഗ്ഗം എന്ന മട്ടിൽ പെരുമാറിത്തുടങ്ങുവാൻ യു. ഡി. എഫ്. നേരമെടുത്തില്ല. അദ്ദേഹത്തിന്റെ മകനു് എതിരേയുള്ള ആരോപണങ്ങൾ ആവർത്തിക്കപ്പെട്ടു; സി. പി. എമ്മിലെ അഴിമതിക്കാരുടെയും ഒളിസേവക്കാരുടെയും കാര്യം പുനരാനയിക്കപ്പെട്ടു. അത്തരക്കാരെ അമർച്ച ചെയ്യുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടു എന്നു തെളിയിക്കുകയായിരുന്നു ലക്ഷ്യം. അപ്പോഴും വി. എസ്. തന്നെ വിഷയം!
ഇതിനിടയിൽ അഞ്ചുകൊല്ലത്തെ ഭരണനേട്ടങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കാൻ എൽ. ഡി. എഫ്. മറന്നു; അഞ്ചുകൊല്ലത്തെ കോട്ടങ്ങളെപ്പറ്റി ബോധവത്ക്കരിക്കാൻ യു. ഡി. എഫും. രണ്ടു് മുന്നണിയുടെയും പ്രകടനപത്രികകൾ നാട്ടുനടപ്പനുസരിച്ചു് പുറത്തിറങ്ങായ്കയല്ല. അവയെ രാഷ്ട്രീയമായി വിശകലനം ചെയ്യാനോ അവയിൽ ഉള്ളടങ്ങിക്കിടക്കുന്ന ജനകീയപ്രശ്നങ്ങൾ ചർച്ചചെയ്യാനോ ആർക്കും വേണ്ടത്ര സമയവും സാവകാശവും ഉണ്ടായില്ല. എല്ലാം മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പുയോഗങ്ങളിലേക്കു് ജനക്കൂട്ടത്തെ ആകർഷിച്ചടുപ്പിക്കുന്നതിൽ ഇത്തവണ ഒന്നാമൻ അദ്ദേഹമായിരുന്നു.
എൽ. ഡി. എഫിന്റെ പ്രകടനപത്രികയും തൽക്കാലത്തെ കൊടിയും വി. എസ്സായി. ഇതിനുമുമ്പു് ഒരിക്കലും ചെയ്തിട്ടില്ലാത്തമാതിരി സി. പി. എം. വ്യക്തിയുടെ കണക്കിൽ വോട്ടു ചോദിച്ചു. അതിനെ എതിർക്കുക മാത്രമാണു് സ്വന്തം ധർമ്മം എന്നു് യു. ഡി. എഫ്. അന്ധാളിച്ചു. എന്തിനു്, കേന്ദ്രപ്രതിരോധമന്ത്രി എ. കെ. ആന്റണി പോലും തന്റെ അമ്പുകളുടെ ഏകലക്ഷ്യമായി വി. എസ്സിനെ തെരഞ്ഞെടുത്തു!
തെരഞ്ഞെടുപ്പു് കഴിഞ്ഞിട്ടാണെങ്കിലും, വ്യക്തികേന്ദ്രിതമായ പ്രചാരണത്തിലെ ജീർണ്ണത സി. പി. എം. നേതാവു് എം. എം. ലോറൻസ് എടുത്തുകാട്ടുകയുണ്ടായി.
മനുഷ്യമനസ്സു് മൂന്നു തരത്തിലാണു് എന്നു പറയാറുണ്ടു്. ആലോചനയും ആഴവും ഉള്ള മനസ്സിനു് കൗതുകം ആശയങ്ങളിലാവും: അവ കുറഞ്ഞ മനസ്സിനു് സംഭവങ്ങളിലും. ഇപ്പറഞ്ഞവ തീരെക്കമ്മിയായ മനസ്സിനു് താത്പര്യം വ്യക്തികളിലാവും.
സത്യത്തെ സംബന്ധിച്ചു് ഗാന്ധി ആവിഷ്ക്കരിക്കുന്ന ഒരാശയം വേണ്ട അളവിൽ തിരിച്ചറിയാൻ വിവേകം വേണം. ജാലിയൻ വാലാബാഗിലെ കൂട്ടക്കൊലയോടു് അദ്ദേഹം എങ്ങനെ പ്രതികരിച്ചു എന്ന സംഭവം മനസ്സിലാക്കാൻ അത്ര പ്രയാസമില്ല. ഇപ്പറഞ്ഞ രണ്ടു സംഗതിയെക്കാളും എളുപ്പമാണു് ഗാന്ധി എന്ന വ്യക്തിയെ പൂജിക്കുകയോ പുച്ഛിക്കുകയോ ചെയ്യുന്നതു്—ആശയത്തെക്കാളും സംഭവത്തെക്കാളും ലളിതമാണു് വ്യക്തി.
കേരളത്തിൽ രാഷ്ട്രീയകക്ഷികളിലും മതപാരമ്പര്യങ്ങളിലും കലാസ്വാദനമണ്ഡലങ്ങളിലുമെല്ലാം വ്യക്തിപൂജ വ്യാപകമായിക്കൊണ്ടിരിക്കുകയാണു്. അതുകൊണ്ടാണു് നമ്മൾ രാഷ്ട്രീയനേതാവിനോടുള്ള പൂജ അദ്ദേഹത്തിന്റെ കാലശേഷവും തുടരുവാൻ മകനെ നേതാവാക്കുന്നതു്; ആദ്ധ്യാത്മികമൂല്യങ്ങൾക്കു് സ്വന്തം ജീവിതത്തിൽ ആവിഷ്കാരം നൽകുന്നതിനു പകരം മതാചാര്യനെ ചെന്നു കണ്ടു് നമസ്ക്കരികുന്നതു്; സിനിമാനടന്റെ പ്രകടനം ആസ്വദിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിനു പകരം അദ്ദേഹത്തെ ന്യായീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സംഘങ്ങൾ രൂപീകരിക്കുന്നതു്. ഇവയെല്ലാം അരാഷ്ട്രീയവത്കരണത്തിന്റെ പാതകളാകുന്നു.
മലയാളികൾക്കു് രാഷ്ട്രീയമായ ആശയചർച്ചകളിൽ താത്പര്യവും പ്രാപ്തിയും കുറഞ്ഞുവരികയാണു് എന്നും ഉള്ളുപൊള്ളയായ വ്യക്തിപൂജയിലും വ്യക്തിവിരോധത്തിലും രമിക്കുവാനുള്ള കമ്പം കൂടിവരികയാണു് എന്നും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു് അടയാളപ്പെടുത്തുന്നുണ്ടു്.
(കലാകൗമുദി: 1 മെയ് 2011)
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.