രണ്ടാം ലോകമഹായുദ്ധത്തിനു് മുമ്പു് മുതിർന്നുകൊണ്ടിരുന്ന ഫാസിസത്തെ ചെറുക്കുവാൻ സാംസ്ക്കാരികരൂപങ്ങൾ ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കുന്നതിനു് ‘പുരോഗമനവീക്ഷണ’മുള്ള സാഹിത്യകാരന്മാർ 1935-ൽ പാരീസിൽ യോഗം ചേരുകയുണ്ടായി. മാക്സിംഗോർക്കി, ഇ. എം. ഫോസ്റ്റർ, ആന്ദ്രേ ഴീദ്, ആന്ദ്രേ മാൽറോ മുതലായവരുടെ സാന്നിധ്യം കൊണ്ടു് ശ്രദ്ധേയമായ ആ ചർച്ചാസമ്മേളനത്തിൽ ഇന്ത്യയിൽനിന്നു് മുൽക്ക്രാജ് ആനന്ദ്, സജ്ജാദ് സഹീർ മുതലായവർ പങ്കെടുത്തിരുന്നു. അക്കൊല്ലം തന്നെ ലണ്ടൻ കേന്ദ്രമായി ‘ഇന്ത്യൻ പുരോഗമന സാഹിത്യസംഘടന’ രൂപീകൃതമായി. 1936-ൽ പ്രേംചന്ദി ന്റെ നേതൃത്വത്തിൽ ലഖ്നോവിൽ ചേർന്ന അഖിലേന്ത്യാ പുരോഗമനസാഹിത്യ സമ്മേളനം ഇന്ത്യയിലെ പുരോഗമനസാഹിത്യസംഘത്തിനുണ്ടായിരിക്കേണ്ട ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. ഇതിന്റെ പ്രചോദനത്തിലാണു് കേരളത്തിൽ തൃശ്ശൂർ കേന്ദ്രമായി ‘ജീവത് സാഹിത്യസംഘം’ രൂപം കൊള്ളുന്നതു് (1937 ഏപ്രിൽ 30). രാഷ്ട്രീയ പ്രവർത്തകരും എഴുത്തുകാരും ആയിരുന്ന ഇ. എം. എസ്. നമ്പൂതിരിപ്പാട് (1909–1998), പി. കേശവദേവ് (1904–1983), കെ. ദാമോദരൻ (1912–1976), കെ. എ. ദാമോദരമേനോൻ (1906–1980) തുടങ്ങിയവരായിരുന്നു മുൻനിരപ്രവർത്തകർ.
ആറേഴുകൊല്ലം സമ്മേളനങ്ങളും ചർച്ചകളും കൊണ്ടുനടന്ന സംഘത്തിന്റെ തുടർച്ച എന്ന നിലയിലാണു് ചെറുതുരുത്തിയിൽ 1944-ൽ ചേർന്ന യോഗത്തിൽ ‘പുരോഗമനസാഹിത്യസംഘടന’ രൂപം കൊള്ളുന്നതു്. പ്രൊഫസർ എം. പി. പോൾ (പ്രസിഡണ്ട്), സി. അച്യുതക്കുറുപ്പ് (സെക്രട്ടറി), പി. കേശവദേവ്, തകഴി ശിവശങ്കരപ്പിള്ള മുതൽ പേരായിരുന്നു ഭാരവാഹികൾ. പിൽക്കാലത്തു് ജോസഫ് മുണ്ടശ്ശേരി (1903–1977), പൊൻകുന്നംവർക്കി (1910–2004), വയലാർ രാമവർമ്മ (1928–1975) മുതലായ പ്രമുഖ സാഹിത്യകാരന്മാർ ഇതിന്റെ ഭാരവാഹികളായിരുന്നിട്ടുണ്ടു്. പത്തുകൊല്ലക്കാലം (1944–1954) സംഘടന സജീവമായിരുന്നു.
‘ജീവിത യാഥാർത്ഥ്യം’ എന്നതു് അന്നൊരു സാഹിത്യമൂല്യമായിരുന്നു. നിയോക്ലാസിസത്തിന്റെ കൊട്ടാരക്കെട്ടുകളിൽ നിന്നും റൊമാന്റിസിസത്തിന്റെ പൂങ്കാവനങ്ങളിൽനിന്നും സാഹിത്യം റിയലിസത്തിന്റെ ചേറ്റുപാടങ്ങളിലേക്കു് ഇറങ്ങി വരികയായിരുന്നു. ‘മണ്ണിന്റെ മണം’ അക്കാലത്തെ സാഹിത്യത്തിന്റെ കൊടി അടയാളമായിരുന്നു. മനുഷ്യമോചനം ലക്ഷ്യമായിക്കണ്ട പൊതുപ്രവർത്തനത്തിന്റെ കലാസുന്ദരമായ ഉപായങ്ങളിൽ ഒന്നായി സാഹിത്യം മനസ്സിലാക്കപ്പെട്ടു. സോഷ്യൽ റിയലിസം (സ്ഥിതി സമത്വയാഥാതഥ്യം) ആയിരുന്നു അതിന്റെ ആദർശം.
വൻ സമ്മേളനങ്ങൾ സംഘടിപ്പിക്കുക, ചർച്ചകൾ നടത്തുക, ആനുകാലികങ്ങളിലെ സാഹിത്യ സംവാദങ്ങളുടെ ദിശ നിർണയിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മുന്നേറിയ ഇതിന്റെ പ്രവർത്തനം ‘സംഘടന’ എന്നതിലധികം ‘പ്രസ്ഥാനം’ എന്ന നിലയ്ക്കായിരുന്നു. ‘പുരോഗമനസാഹിത്യപ്രസ്ഥാനം’ എന്നാണു് മലയാളികൾ പറയാറുള്ളതും. സമകാലിക സാമൂഹ്യരാഷ്ട്രീയസാഹചര്യം തുറന്നു കാണിച്ചു് അവയിൽ കുടികൊള്ളുന്ന അന്യായങ്ങൾക്കും അനീതികൾക്കുമെതിരെ വായനക്കാരെ ബോധവത്ക്കരിക്കുക എന്നതായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷ്യം. എഴുത്തിനും വായനയ്ക്കും രാഷ്ട്രീയമായ ദിശാബോധം നൽകുക എന്നതായിരുന്നു പ്രസ്ഥാനത്തിന്റെ ഉള്ളടക്കം.
തുടക്കത്തിൽ ദേശീയപ്രസ്ഥാനക്കാരുടെയും പിന്നീടു് കമ്യൂണിസ്റ്റുകാരുടെയും ഒത്താശയിൽ നടന്ന ജീവത്സാഹിത്യസംഘം, പുരോഗമനസാഹിത്യസംഘടന വന്നതോടെ ബഹുജനപ്രസ്ഥാനമായി. കേരളത്തിന്റെ നാനാഭാഗത്തുമുള്ള എഴുത്തുകാരും പണ്ഡിതന്മാരും അധ്യാപകരുമെല്ലാം കക്ഷിഭേദമില്ലാതെ ഇതിനോടു് സഹകരിച്ചിരുന്നു. ഇതിന്നു് പിൻബലം നൽകിയവരിൽ പ്രധാനി ദേശീയപ്രസ്ഥാനപ്രവർത്തകരിൽ പ്രമുഖനായിരുന്ന മഹാകവി വള്ളത്തോൾ നാരായണമേനോൻ (1878–1958) ആയിരുന്നു. പത്രപ്രവർത്തകനും പണ്ഡിതനും നിരൂപകനുമായ കേസരി ബാലകൃഷ്ണപിള്ള (1889–1960) സംഘടനാഭാരവാഹിയാവാതെതന്നെ പ്രസ്ഥാനത്തിനു് ആശയപരമായ ദിശാബോധം നൽകുവാൻ സഹായിച്ചു.
കമ്മ്യൂണിസത്തിന്റെ അതിപ്രസരത്തെപ്പറ്റിയുള്ള പരാതികളും രൂപഭാവങ്ങളെപ്പറ്റിയുള്ള സംവാദങ്ങളും കൊണ്ടാണു് പ്രസ്ഥാനം തളർന്നതു്. അതിന്റെ എതിരാളികളിൽ പ്രധാനി പ്രമുഖ നിരൂപകൻ കുട്ടികൃഷ്ണമാരാര് (1900–1973) ആയിരുന്നു.
കേരളസംസ്ഥാനം രൂപം കൊണ്ടതോടെ (1 നവംബർ 1956) രാഷ്ട്രീയ പ്രവർത്തകരുടെ ശ്രദ്ധ അധികാരത്തിലേയ്ക്കും കക്ഷിമത്സരത്തിലേക്കും തിരിഞ്ഞു. ഈ പ്രസ്ഥാനത്തിന്നു് ബഹുജനസ്വഭാവം നഷ്ടപ്പെട്ടു. എങ്കിലും മലയാളസാഹിത്യത്തിൽ അതിന്നുമുമ്പോ പിമ്പോ മറ്റൊരു പ്രസ്ഥാനത്തിന്നും നേടാൻ കഴിയാത്ത സ്വാധീനം അതു് നേടിയെടുത്തു. അളവു് വളരെക്കുറഞ്ഞു പോയെങ്കിലും ആ പ്രഭാവം ഇന്നും നിലനിൽക്കുന്നു.
ഹിന്ദുപുരാവൃത്തങ്ങൾ, സംസ്കൃതഭാഷ, രാജവാഴ്ച, സവർണമേധാവിത്തം, വിദേശക്കോയ്മ, ജന്മി–കുടിയാൻ വ്യവസ്ഥ, മതവർഗീയത, അന്ധവിശ്വാസം, അനാചാരം മുതലായ ജനാധിപത്യവിരുദ്ധതകളിൽ നിന്നു് സാഹിത്യമടക്കമുള്ള കലാരൂപങ്ങളെ രക്ഷിച്ചെടുക്കുക എന്നതായിരുന്നു പ്രസ്ഥാനത്തിന്റെ പ്രധാന ദൗത്യം. നിയോക്ലാസിക്ക് രുചികളിൽ നിന്നു് റിയലിസത്തിലേക്കുള്ള മലയാളത്തിന്റെ പാത ഈ പ്രസ്ഥാനമായിരുന്നു.
സംസ്കൃത വൃത്തങ്ങളിൽ നിന്നു് ദ്രാവിഡ വൃത്തങ്ങളിലേക്കും ദ്രാവിഡവൃത്തങ്ങളിൽ നിന്നു് നാടൻ ശീലുകളിലേക്കും കവിതാരചന വഴിമാറി. പദ്യത്തിന്റെ സർവ്വപ്രാധാന്യത്തെ വെല്ലുവിളിച്ചുകൊണ്ടു് ഗദ്യം ഇരമ്പിക്കുതിച്ചു വന്നു. ചെറുകഥകളും നോവലുകളും ധാരാളമായി എഴുതപ്പെട്ടു. രാജാക്കന്മാരുടെയും സമ്പന്നരുടെയും സവർണരുടെയും കഥകളുടെ സ്ഥാനത്തു് പ്രജകളുടെയും നാനാജാതിമതസ്ഥരായ ആളുകളുടെയും ജീവിതം സാഹിത്യപ്രമേയമായി. തൊഴിലാളികളും നിരക്ഷരരും നായികാനായകന്മാരായി. ഏതു പ്രദേശത്തെയും ഏതു സമുദായക്കാരുടെയും വാമൊഴിക്കു് സാഹിത്യഭാഷയിൽ പ്രവേശനം കിട്ടി. കേരളത്തിൽ ഭാഷയുടെയും സാഹിത്യത്തിന്റെയും ജനാധിപത്യവത്കരണത്തിനു് വഴിയൊരുക്കിയതു് പുരോഗമനസാഹിത്യപ്രസ്ഥാനമാണു്.
പ്രസ്ഥാനത്തോടു് പല നിലയ്ക്കും ലയിച്ചുചേരേണ്ട സാഹചര്യമാണു്, അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ പങ്കുപറ്റേണ്ട പൊതുജീവിതമുണ്ടായിരുന്ന ബഷീറി ന്റേതു്. പ്രസ്ഥാനത്തിന്റെ പ്രവർത്തനം സജീവമായിരുന്ന കാലത്തു് അതിന്റെ വേദികളായിരുന്ന തൃശ്ശൂർ, എറണാകുളം, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിലാണു് ബഷീർ കഴിഞ്ഞുകൂടിയിരുന്നതു്. അതിന്റെ പ്രവർത്തകരിൽ മിക്കവരും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവു് എം. പി. പോളി ന്റെ കൂടെയായിരുന്നു ഇക്കാലത്തു് പലപ്പോഴും താമസം. ഇതൊക്കെയായിട്ടും ബഷീർ പ്രസ്ഥാനത്തിന്റെ ആരുമായില്ല. പേരിനു് അംഗമായ സംഘടനയോടു് തനിക്കു് അനുഭാവം ഉണ്ടു് എന്ന കാര്യം ‘അനുരാഗത്തിന്റെ ദിനങ്ങളി’ൽ രേഖപ്പെടുത്തിയിട്ടുണ്ടു് (ഒന്നാം അധ്യായം).
ബഷീറിനെ പുരോഗമനസാഹിത്യവും അതിന്റെ രാഷ്ട്രീയ വിവക്ഷകളും പ്രത്യക്ഷമായി സ്വാധീനിച്ചില്ല. താനൊരു കലാകാരനാണെന്നും അതുകൊണ്ടു രാഷ്ട്രീയക്കാരുടെ വരുതിക്കു് നിന്നുകൂടാത്തവനാണെന്നും ഉള്ള വെളിവു് ബഷീറിന്നു് എപ്പോഴുമുണ്ടു്. വിശപ്പിനെപ്പറ്റിയും ദരിദ്രരെപ്പറ്റിയും തൊഴിലാളികളെപ്പറ്റിയും ധാരാളമായി എഴുതിയിട്ടും വർഗസംഘട്ടനത്തിന്റെ കഥകളൊന്നും ബഷീർ എഴുതിയില്ല. ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം ഏതെങ്കിലും പ്രത്യയശാസ്ത്രം കൊണ്ടു് പരിപൂർണ്ണമായി പരിഹരിക്കാം എന്നു് അദ്ദേഹം വിചാരിച്ചുമില്ല—രാഷ്ട്രവും സമൂഹവും പോലെ കുടുംബവും വ്യക്തിയും പ്രധാനമാണു്; ആത്മീയപ്രശ്നങ്ങളും പ്രധാനമാണു്. സ്വന്തം അനുഭവങ്ങളിലും അനുഭൂതികളിലും ചരിത്രത്തിന്റെ പ്രശ്ന സങ്കീർണ്ണതകൾ ആവിഷ്കാരം കൊള്ളുന്നതിന്റെ പൊരുൾ അന്വേഷിച്ചുചെല്ലുന്ന കലാകാരനാണദ്ദേഹം.
സ്വന്തം രചനകളിലെ അന്യസ്വാധീനങ്ങളെപ്പറ്റി ഒരിക്കലേ ബഷീർ എഴുതിയിട്ടുള്ളൂ. അതു് സാഹിത്യഗവേഷകൻ ഡോ. കെ. എം. ജോർജിനു് 1968 ജനുവരി 24-ാം തീയതി എഴുതിയ കത്തിലാണു്: ‘പടിഞ്ഞാറൻ സാഹിത്യത്തിൽ നിന്നോ കിഴക്കൻ സാഹിത്യത്തിൽ നിന്നോ ഞാൻ പ്രചോദനം ഉൾക്കൊണ്ടിട്ടില്ല എന്നു് വേഗം പറയാൻ കഴിയും… ഞാൻ കുറെ എഴുതിക്കഴിഞ്ഞപ്പോഴാണു് പാശ്ചാത്യസാഹിത്യവുമായി എനിക്കു് ബന്ധം പുലർത്താൻ സൗകര്യം കിട്ടിയതു്. സോമർ സെറ്റ്മാം, സ്റ്റെയിൻബക്ക്, മോപ്പസാങ്ങ്, ഫ്ളാബർട്ട്, റൊമെയിൻ റോളണ്ട്, ഗോർക്കി, ചെക്കോവ്, ഹെമിങ്ങ്വെ, പേൾബക്ക്, ഷെക്ക്സ്പിയർ, ഗാൽസ് വർത്തി, ഷാ—ഇങ്ങനെ കിട്ടിയതെല്ലാം വായിച്ചു. വായിക്കാൻ സൗകര്യത്തിനുവേണ്ടി ഒന്നു രണ്ടു ബുക്ക്സ്റ്റാളുകൾ നടത്തി. ഞാൻ അധികവും വായിച്ചതു് ക്രാഫ്ട് മനസ്സിലാക്കാൻ വേണ്ടിയായിരുന്നു. എഴുതാൻ എനിക്കു് ഒരുപാടു് അനുഭവങ്ങൾ ഉണ്ടായിരുന്നു. ഉണ്ടു്!… പടിഞ്ഞാറൻ സാഹിത്യകാരന്മാർ എന്നെ ഇൻഫ്ളുവൻസ് ചെയ്തു എന്നു പറയണമെങ്കിൽ റൊമയിൻ റോളണ്ട്, സ്റ്റെയിൻ ബക്ക് എന്നിവരുടെ പേരുകൾ പറയാം.’ (ഡോ. എൻ. സാം—‘ചരിത്രം തുടിക്കുന്ന താളുകൾ’, 2005: പു. 56, 57)
ബഷീറിന്റെ ക്രിയാത്മക പുരോഗമന സാഹിത്യപ്രസ്ഥാനം ചൂണ്ടിക്കാണിച്ച പ്രമേയങ്ങളെയോ സന്ദേശങ്ങളെയോ വിലവെച്ചില്ല. പ്രണയം, വ്യഭിചാരം, കാമം, കലഹം, മദ്യപാനം, ഭ്രമകൽപനകൾ മുതലായവ ഇതിവൃത്തമാക്കി ബഷീർ എഴുതിയ പല രചനകളെയും അക്കാലത്തെ പുരോഗമനക്കാർ തള്ളിക്കളഞ്ഞിട്ടുണ്ടു്. അവയുടെ ആഴം കണ്ടെത്തുവാൻ അവർ സമയമെടുത്തു.
പുരോഗമനക്കാരുടെ ലോകത്തു് സാഹിത്യം കലാരൂപം എന്ന നിലയ്ക്കു് പിന്നെപ്പിന്നെ അവഗണിക്കപ്പെട്ടുപോയി. രചനയിലെ ‘സന്ദേശം’ മാത്രമായി പ്രശ്നം. പ്രത്യക്ഷമായ ‘പുരോഗമന’വീക്ഷണമുള്ള കൃതികൾ കൊണ്ടാടപ്പെട്ടു. അത്തരം ഒന്നു് എടുത്തുകാണിക്കാനില്ലാത്ത ഏതു് കൃതിയും ‘പിന്തിരിപ്പൻ’ ആയി മുദ്ര കുത്തപ്പെട്ടു. ആ രചനകൾ നടത്തിയവർ ‘മൂരാച്ചി’കളായി നിന്ദിക്കപ്പെട്ടു.
രാഷ്ട്രീയ പ്രശ്നങ്ങളും മുതലാളി—തൊഴിലാളിബന്ധവും ചിത്രീകരിക്കുന്നതിലെ ഈ യാന്ത്രികസമീപനം ആണു് രണ്ടു പതിറ്റാണ്ടു് കാലം (1937–1957) വാഴ്ചകൊണ്ട പുരോഗമനസാഹിത്യപ്രസ്ഥാനത്തെ ജഡപ്രായമാക്കിയതു്. നന്മയുടെ പ്രതിരൂപമായ തൊഴിലാളി വിജയിച്ചരുളുകയും തിന്മയുടെ പ്രതിരൂപമായ മുതലാളി തോറ്റമ്പുകയും ചെയ്യുന്ന ആവർത്തന വിരസമായ രചനാമണ്ഡലം രാഷ്ട്രീയക്കാരുടെ കൂലിയെഴുത്തുകാർ മാത്രമായി സാഹിത്യകാരന്മാരെ വെട്ടിക്കുറയ്ക്കുകയായിരുന്നു. സാഹിത്യത്തിന്റെ രൂപഭാവങ്ങൾ ഇമ്മട്ടിൽ ഒരു അടച്ച വാർപ്പിനകത്തു് വീർപ്പുമുട്ടിക്കൊണ്ടിരുന്ന ദുരവസ്ഥക്കെതിരായ കലാപമായിട്ടുകൂടിയാണു് 1950-കളുടെ ഒടുവിൽ എം. ടി. വാസുദേവൻ നായർ (ജനനം: 1933), ടി. പത്മനാഭൻ (ജനനം: 1931), എൻ. പി. മുഹമ്മദ് (1928–2003) മുതലായവർ എഴുതിത്തുടങ്ങിയതു്. അവരുടെ ലോകത്തു് വ്യക്തിയുടെ മാനസികപ്രശ്നങ്ങൾക്കു് വലിയ വിലയുണ്ടായിരുന്നു. ഈ പ്രതിരോധപ്രവണതകളുടെ സ്വാഭാവിക പരിണാമമായിരുന്നു മലയാളത്തിൽ 1960-കളുടെ ഒടുവിൽ പിറവികൊണ്ട ആധുനികത.
ആധുനികത വന്നെത്തിയപ്പോൾ അതിന്റെ രുചികളെ കൂടുതൽ തൃപ്തിപ്പെടുത്തിയ മുൻതലമുറയിലെ എഴുത്തുകാരൻ ബഷീറായിത്തീർന്നതു് സ്വാഭാവികം.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.