ഓർത്തുനോക്കിയാൽ ചിരിക്കാൻ തോന്നും. ചിലപ്പോൾ കഷ്ടവും തോന്നും; എന്നാലും നമ്മുടെ നാടു് ഇങ്ങനെയായിപ്പോയല്ലോ!
കാര്യം എന്താണെന്നോ—ഭരണം മാറിയതോടെ കേരളത്തിലെ നല്ലൊരു ശതമാനം സാഹിത്യകാരന്മാരും ചിത്രകാരന്മാരും ഗായകന്മാരും നടന്മാരുമെല്ലാം ആധിയിലാണു്. ഈ ബേജാറു് കാലിയായിപ്പോയ ഖജനാവിനെപ്പറ്റിയോ നാദാപുരം വീണ്ടും കത്തിയെരിയുന്നതിനെപ്പറ്റിയോ വിദ്യാഭ്യാസരംഗം പിന്നെയും കുത്തഴിഞ്ഞുപോവുമോ എന്നതിനെപ്പറ്റിയോ യുവാക്കൾക്കിടയിൽ പെരുകിവരുന്ന തൊഴിലില്ലായ്മയെപ്പറ്റിയോ അല്ല, കേട്ടോ. അക്കാദമികൾ, സ്മാരകങ്ങൾ, കോർപറേഷനുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ലഭിക്കാനിരിക്കുന്ന സ്ഥാനങ്ങളെപ്പറ്റിയാണു് വേവലാതി: അവനവനു് സ്ഥാനം കിട്ടുമോ, കിട്ടുമെങ്കിൽ ഏതു്, അതില്ലെങ്കിലും മറ്റവനു് കിട്ടാതാക്കാൻ എന്തു വഴി തുടങ്ങി ഉറക്കം നഷ്ടപ്പെടുത്തുന്ന കാക്കത്തൊള്ളായിരം തൊരടികളിൽ ‘സാംസ്കാരികനായകന്മാരി’ൽ പലരുടെയും തലകൾ കുരുങ്ങിക്കിടപ്പാണു്. സ്വാഭാവികമായും മുഖസ്തുതി, ഏഷണി, പരദൂഷണം തുടങ്ങിയ ചെറുകിട കുടിൽ വ്യവസായങ്ങളിൽ അവർ സ്വയം അറിയാതെ ഏർപ്പെട്ടുപോകും.
സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിത കലാ അക്കാദമി, ചലച്ചിത്ര അക്കാദമി, ഫോൿലോർ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങൾ തന്നെ ആവശ്യമില്ല എന്നൊരു വാദഗതിയുണ്ടു്. ഞാൻ അതിനോടു യോജിക്കുന്നില്ല. അവ കൊണ്ടു് തീർച്ചയായും ഉപകാരവും ഉപയോഗവുമുണ്ടു്. അതാതു കാലങ്ങളിലെ നടത്തിപ്പുകാരുടെ പിടിപ്പികേടുകൊണ്ടു് ചിലപ്പോൾ അനർഥങ്ങൾ ഉണ്ടാകാറുണ്ടു്, ഉണ്ടായിട്ടുണ്ടു്. നമ്മൾ ആ ഉപദ്രവങ്ങൾ മാത്രം കണ്ടാൽ പോരാ, ഉപകാരവും കാണണം. ഉപദ്രവങ്ങൾ എങ്ങനെ കുറയ്ക്കാമെന്നും ഉപകാരങ്ങൾ എങ്ങനെ കൂട്ടാമെന്നും ആലോചിക്കണം.
ഇതുകൊണ്ടൊക്കെ എന്തു് ഉപകാരം എന്നു് ചോദിക്കാം. അതാതു കലകളുടെ പോഷണത്തിനും സംരക്ഷണത്തിനും വിലപ്പെട്ട പല സേവനവും അർപ്പിക്കാൻ ഇത്തരം സ്ഥാപനങ്ങൾക്കു സാധിക്കും. ചില ഉദാഹരണങ്ങൾ: ചലച്ചിത്ര അക്കാദമി കഴിഞ്ഞ വർഷങ്ങളിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും നടത്തിയ ഫിലിം ഫെസ്റ്റിവലുകൾ കേരളത്തിൽ മങ്ങിത്തുടങ്ങിയ ചലച്ചിത്രാവബോധം തെഴുപ്പിക്കുന്നതിനു് സഹായകമായിട്ടുണ്ടു്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സിനിമാ രംഗത്തു് ഉണ്ടായ പുതിയ ചലനങ്ങൾ അവ കേരളീയർക്കു് അനുഭവവേദ്യമാക്കി; ഭിന്നജനവിഭാഗങ്ങളുടെ ജീവിതാവസ്ഥകളോടു് അവ കേരളീയരെ അടുപ്പിച്ചുനിറുത്തി; ചലച്ചിത്രഭാഷയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളിൽ പങ്കുചേരേണ്ടതെങ്ങനെ എന്നു് ആലോചിക്കുവാൻ അവ കേരളീയരെ നിർബന്ധിച്ചു. ചെലവില്ലാതെയോ ചുരുങ്ങിയ ചെലവിലോ ലോകോത്തരസിനിമകൾ കാണുവാൻ കേരളത്തിലെ ബഹുജനങ്ങൾക്കു് അവസരം നൽകുന്ന ഇത്തരം മേളകൾ സംഘടിപ്പിക്കുവാനുള്ള ഭാരിച്ച സാമ്പത്തികബാധ്യതയും സംഘാടകത്വപ്രതിബന്ധങ്ങളും ഏറ്റെടുക്കുവാൻ ചലച്ചിത്ര അക്കാദമി പോലുള്ള സർക്കാർ ഏജൻസികൾക്കു മാത്രമേ സാധിക്കുകയുള്ളൂ. ഇതുപോലെത്തന്നെ, പോയ്മറയുന്ന നമ്മുടെ നാടൻ കലാ പാരമ്പര്യത്തിന്റെ സംരക്ഷണത്തിനു് പല കാര്യങ്ങളും ചെയ്യുവാൻ ഫോൿലോർ അക്കാദമിക്കു് സാധിക്കും. സാഹിത്യത്തിന്റെ ചരിത്രവുമായും ഗവേഷണവുമായും ബന്ധപ്പെട്ട സുപ്രധാനമായ പലതും നമ്മുടെ സാഹിത്യ അക്കാദമി ചെയ്തിട്ടുണ്ടു്.
ഇപ്പോഴത്തെ പ്രശ്നം വേറെയാണു്—ഇത്തരം സ്ഥാപനങ്ങളിലെ സ്ഥാനമാനങ്ങൾ നമ്മുടെ പല കലാകാരന്മാർക്കും വലിയ പ്രലോഭനമായിത്തോന്നുന്നു; സ്വന്തം കലയും ആത്മാഭിമാനവും പണയപ്പെടുത്തി അധികാരികളെ പ്രീണിപ്പിച്ചു് അതു നേടിയെടുക്കുവാൻ അവർ ഉത്സാഹിക്കുന്നു.
എന്തുകൊണ്ടു്?
ഏതു കലാകാരനും അംഗീകാരം ആഗ്രഹിക്കും. അതു സ്വാഭാവികമാണു്. അതിൽ കുറ്റം പറയേണ്ടതായി യാതൊന്നുമില്ല. കലാകാരനെ അംഗീകരിക്കേണ്ടതും ആദരിക്കേണ്ടതും ആരാണു്?
പഴയ കാലത്താണെങ്കിൽ രാജാവിന്റെ അംഗീകാരമാണു് അംഗീകാരം. അദ്ദേഹത്തിന്റെ കയ്യിൽനിന്നു് പട്ടും വളയും കിട്ടണം. തങ്കമുദ്ര കിട്ടണം, കരമൊഴിവായി ഭൂമി കിട്ടണം. അതേ അംഗീകാരമാവൂ, അതേ ആദരവാകൂ.
ഇന്നോ? ഇന്നും സർക്കാരുണ്ടു്. ഈ സർക്കാരാണെങ്കിൽ ജനങ്ങളുടെ സർക്കാരാണു്. അക്കാദമി അംഗത്വമായോ അക്കാദമി അവാർഡായോ ആ സർക്കാരിന്റെ അംഗീകാരം കിട്ടുന്നതല്ലേ, ഇക്കാലത്തെ അംഗീകാരം?
അല്ല, അല്ല. ഇന്നത്തെ അക്കാദമികൾക്കും ഇതുപോലുള്ള സ്ഥാപനങ്ങൾക്കും അനേകം പരിമിതികളുണ്ടു്. അവയിൽ എടുക്കാവുന്ന അംഗങ്ങളുടെ എണ്ണം വളരെ പരിമിതമാണു്. അവക്കു് കൊടുക്കാവുന്ന അവാർഡുകളുടെ എണ്ണവും പരിമിതമാണു്. അർഹിക്കുന്നവർക്കെല്ലാം ഇതൊന്നും കിട്ടില്ല. പിന്നെ, അതു നിർണയിക്കുന്ന ചുരുക്കം വ്യക്തികളുടെ രുചിഭേദങ്ങളും പക്ഷഭേദങ്ങളും തീർപ്പുകളെ സ്വാധീനിക്കാം. പ്രദേശം, ജാതി, മതം, രാഷ്ട്രീയം തുടങ്ങിയ പരിഗണനകളും സംവരണങ്ങളും വേറെ.
ഇതൊക്കെയാണെങ്കിലും അർഹതയുള്ളവർക്കു് ഇത്തരം അംഗീകാരങ്ങൾ കിട്ടിക്കൂടെന്നില്ല. കിട്ടാറില്ലെന്നുമില്ല.
എന്റെ നിലപാടു് തീർത്തും വ്യത്യസ്തമാണു്. കലാകാരനു് അംഗീകാരം കിട്ടേണ്ടതു് അധികാരികളിൽ നിന്നല്ല, ജനങ്ങളിൽ നിന്നാണു്. കുടുസ്സായ താൽപ്പര്യങ്ങൾക്കപ്പുറത്തു് പുലരുന്ന കലാഭിരുചിയുടെ മാത്രം മാനദണ്ഡങ്ങൾ ജനങ്ങൾ കലാകാരനെ തിരിച്ചറിഞ്ഞു് അംഗീകരിച്ചു് ആദരിക്കും. കേന്ദ്രസാഹിത്യ അക്കാദമിയോ കേരള സാഹിത്യ അക്കാദമിയോ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കൃതിക്കും ഒരു അവാർഡും കൊടുത്തിട്ടില്ല എന്നതുകൊണ്ടു് ജനങ്ങൾ അദ്ദേഹത്തിന്റെ ഒരു കൃതിയും നെഞ്ചേറ്റി ലാളിക്കാതിരുന്നിട്ടില്ല.
പിൽക്കാലത്തു് ഈ രണ്ടു് അക്കാദമികളും ബഷീറിനു് ഫെല്ലോഷിപ്പ് കൊടുത്തു എന്ന കണക്കിൽ ജനങ്ങൾക്കു് അദ്ദേഹത്തോടു പ്രത്യേകമായി ‘മുഹബ്ബത്ത്’ വർധിച്ചിട്ടുമില്ല. ‘പള്ളി വേറെ, പള്ളിക്കൂടം വേറെ’ എന്നു പറഞ്ഞപോലെ ‘കല’ വേറെ, അധികാരി ‘വേറെ’ എന്നു് ജനങ്ങൾ ഏതോ ഏഴാമിന്ദ്രിയം കൊണ്ടു് മനസ്സിലാക്കിയിരിക്കുന്നു. ആ പാഠമാണു്, നിർഭാഗ്യവശാൽ നമ്മുടെ ചില കലാകാരന്മാർ ഇടക്കിടെ മറന്നുപോകുന്നതു്. അവർ ‘അംഗീകാര’ത്തിനുവേണ്ടി അധികാരിയുടെ പിന്നാലെ നടക്കുന്നതിനു പകരം സ്വന്തം കലയിലേക്കും അതുവഴി ജനങ്ങളിലേക്കും തിരിഞ്ഞെങ്കിൽ!
ഒന്നോർത്താൽ പോരേ, ടോൾസ്റ്റോയി ക്കു് നോബൽ സമ്മാനം കിട്ടിയില്ല എന്നതുകൊണ്ടു് അദ്ദേഹത്തിനു് കിട്ടുന്ന അംഗീകാരത്തിനു് വല്ല കുറവും ഉണ്ടോ? നോബൽ സമ്മാനം കിട്ടിയ എത്രയോ പേർ വിസ്മൃതിയുടെ മഹാസാഗരത്തിൽ ചെന്നടിഞ്ഞുപോയപ്പോഴും ആ എഴുത്തുകാരൻ കലാപ്രവാഹത്തിന്റെ മുകൾ പരപ്പിൽ തിളങ്ങികിടക്കുന്നില്ലേ?
എന്തിനു്, മഹാത്മാഗാന്ധി ജീവിച്ചിരുന്ന കാലത്തു് സമാധാന പ്രവർത്തനത്തിനുള്ള നോബൽ സമ്മാനം മറ്റു പലർക്കും കൊടുത്തിട്ടുണ്ടു്; അദ്ദേഹത്തിനു് ഒരിക്കലും കൊടുത്തിട്ടുമില്ല! അതുകൊണ്ടു് ഗാന്ധിക്കോ സമാധാന പ്രവർത്തനത്തിനോ വല്ല ദോഷവും വന്നുപോയോ? സമാധാന ദൂതനായി ഗാന്ധി അന്നും ജനഹൃദയങ്ങളിൽ ഉണ്ടായിരുന്നു, ഇന്നും ഉണ്ടു്. ആ സ്ഥാനവും മാനവും ഇല്ലാതാക്കാൻ ഒരു ശക്തിക്കും സാധ്യമല്ല.
അതാണു് അംഗീകാരം. അതു മാത്രമാണു് അംഗീകാരം!
ജനതയുടെ ഈ അംഗീകാരം കിട്ടാത്തവരോ ഇതു് കിട്ടാനിടയില്ലെന്നു് വേവലാതികൊള്ളുന്നവരോ ആണു് അധികാരിയുടെ അംഗീകാരത്തിനു വേണ്ടി ദാഹിച്ചുകേഴുന്നതു്. സ്വന്തം ജീവിതത്തിൽ ആത്മവിശ്വാസമില്ലാത്ത ആ കൂട്ടരെയാണു് സർക്കാർ സ്ഥാപനങ്ങൾക്കു മുമ്പിലെ ക്യൂവിൽ നാം കണ്ടുമുട്ടുന്നതു്.
സർക്കാരുകളോ അധികാരികളോ അക്കാദമികളോ അറിഞ്ഞു തരുന്ന അംഗത്വമോ അവാർഡുകളോ സ്വീകരിക്കുന്നതിനെതിരായി എനിക്കു് ഒരു വാദവുമില്ല. അതു് സ്വീകരിക്കുന്നതും സ്വീകരിക്കാതിരിക്കുന്നതും വ്യക്തിയുടെ ഇഷ്ടം. അതു ഇരന്നു ചെല്ലുന്നതിനെതിരിലാണു് ഈ ലേഖനത്തിനു് വാദമുള്ളതു്.
ഏതു കലാകാരന്റെയും പ്രധാന ബലം സ്വന്തം കലയിലുള്ള ആത്മവിശ്വാസമാണു്. അതു് ആർജിക്കുവാനും വളർത്തിയെടുക്കുവാനും അധികാരികളുടെ ആനപ്പുറമല്ല, ആശയാദർശങ്ങളുടെ നട്ടെല്ലാണു് വേണ്ടതു്.
മലയാളം ന്യൂസ്: 23 ജൂൺ 2001.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.