images/Berthe_Worms.jpg
Homesick for Naples, a painting by Berthe Worms (1868–1937).
സൂഫിയുടെ കാൽപ്പാടുകൾ
എം. എൻ. കാരശ്ശേരി
images/PankajMullick.jpg
പങ്കജ് മല്ലിക്

സൈഗാളിന്റെ യോ പങ്കജ് മല്ലിക്കി ന്റെയോ പാട്ടു് ഇടവഴിയിൽ നിന്നു തന്നെ നിങ്ങൾ കേട്ടുതുടങ്ങും. കയറിച്ചെല്ലുമ്പോൾ വൈക്കം മുഹമ്മദ് ബഷീർ പാട്ടിൽ ലയിച്ചു് കണ്ണടച്ചു് വീട്ടുമുറ്റത്തെ ആ മാങ്കോസ്റ്റിന്റെ തണുപ്പിൽ ചാരുകസാലയിൽ കിടപ്പുണ്ടാവും. മുന്നിലെ സ്റ്റൂളിൻമേൽ പത്രമാസികകളും കത്തുകളും ചിതറിക്കിടക്കുന്നു. തൊട്ടടുത്തു് ഫ്ളാസ്കിൽ സുലൈമാനി എന്നു പേരായ കട്ടൻ ചായ. മടിയിൽ തീപ്പെട്ടിയും ബീഡിയും. നിങ്ങൾ വന്നതറിഞ്ഞു് തലയ്ക്കു പിറകിൽ കസാലയിൽ പിണച്ചുവെച്ച കൈകൾ സ്വതന്ത്രമാക്കിമൂപ്പർ നിവർന്നിരിക്കുന്നു. ഇപ്പോൾ പാട്ടു് നേർത്തു്, പശ്ചാത്തല സംഗീതം മാത്രമായിത്തീർന്നിട്ടുണ്ടു്.

ആരെന്നു് നോക്കാതെ സൗമ്യമായി പറയുന്നു: “ഇരിക്കു്”. ആരാണെന്നു് ചോദിക്കുമെന്നു് കരുതിയെങ്കിൽ നിങ്ങൾക്കു് തെറ്റി.

“എവിടെ നിന്നു വരുന്നു?”

നിങ്ങൾ സ്ഥലപ്പേരു് പറഞ്ഞുകഴിയുമ്പോൾ പതിവു് ചോദ്യം വരുന്നു:

“ആഹാരം കഴിച്ചതാണോ?”

—ബഷീർ തന്നെക്കാണാൻ വീട്ടിലെത്തുന്നവരോടു് കാര്യമായി അന്വേഷിക്കുന്ന സംഗതി അതാണു്: വിശക്കുന്നുണ്ടോ? ഏറ്റവും വലിയ ജീവിതയാഥാർത്ഥ്യം എന്ന നിലയിൽ വിശപ്പിനെ അറിഞ്ഞ മനുഷ്യൻ മറ്റെന്തു ചോദിക്കാനാണു് !

എത്രയോ വർഷമായി ബേപ്പൂരിലുള്ള ‘വൈലാലിൽ’ വീട്ടിലേയ്ക്കു ആളുകൾ വരുന്നു.

ബഷീർ അവരോടു് വെറുതെ വർത്തമാനം പറയുകയാണു്. അത്ര ഗഹനമായ കാര്യങ്ങളൊന്നുമല്ല. സാധാരണ സംഗതികൾ, വീട്ടുവിശേഷങ്ങൾ, നാട്ടുകാര്യങ്ങൾ. സാഹിത്യത്തെപ്പറ്റി അദ്ദേഹം സംസാരിക്കാറില്ല. ആർക്കും അവിടെ ഇരിപ്പിടമുണ്ടു്. സുലൈമാനിയുണ്ടു്; തുല്യമായ പരിഗണനയുണ്ടു്. നിങ്ങൾ എണീക്കുമ്പോൾ ആ ക്ഷീണിച്ച വലംകൈ അനുഗ്രഹമുദ്രയോടെ ഉയരുന്നു—‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്നാവും മൊഴി. സ്ത്രീകൾക്കു വേണ്ടി നേരുന്നു. ‘ദീർഘസുമംഗലീ ഭവ’. ബഷീറിന്റെ സംസ്കൃത പാണ്ഡിത്യം ഇത്തരം ചില സുവചനങ്ങളിൽ ഒതുങ്ങുന്നു.

ഈ എഴുത്തുകാരന്റെ ഇഷ്ടപ്പെട്ട കല സാഹിത്യമല്ല; സംഗീതമാണു്. എത്രനേരം പാട്ടുകേട്ടിരുന്നാലും മൂപ്പർക്കു് മുഷിയില്ല. പാട്ടുകാരെപ്പറ്റി ആവേശത്തോടെ സംസാരിക്കും. അധികവും ഹിന്ദുസ്ഥാനി ഗായകരെപ്പറ്റിയാണു്. സൈഗാൾ, പങ്കജ് മല്ലിക്ക് തുടങ്ങിയവരിലാണു് കമ്പം. പങ്കജ് ഉദാസ്, തലത്ത് അസീസ് തുടങ്ങിയ ചെറുപ്പക്കാരോടുപോലും ആരാധന. അത്തരം സംഗീതസദസ്സുകൾ കോഴിക്കോട്ട് എപ്പോൾ നടന്നാലും ബഷീർ മുൻനിരയിൽ കാണും. സാഹിത്യസദസ്സുകളിൽ ഈ കഥാകൃത്തിനെകണ്ടുകിട്ടുകയില്ല.

കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയ്ക്കു് എത്രയോ തവണ ആ വീട്ടിൽ പോയിട്ടുള്ള ഞാൻ കനപ്പെട്ട എന്തെങ്കിലും പുസ്തകം മൂപ്പർ വായിക്കുന്നതു് കണ്ടിട്ടില്ല. തീരെ ഇല്ലെന്നു പറഞ്ഞുകൂടാ. ഒരിക്കൽ നീലച്ചട്ടയുള്ള ഒരു തടിയൻ ഇംഗ്ലീഷ് പുസ്തകം കയ്യിലിരിക്കുന്നു: ‘മോപ്പസാങ്ങിന്റെ സമ്പൂർണ്ണകഥകൾ’ ആണു് സാധനമെന്നു ചട്ടകണ്ടു് മനസ്സിലാക്കിയെങ്കിലും ഞാൻ ചോദിച്ചു:

“ഏതാണു് കിത്താബ്?”

അതിനു മറുപടി പറയാതെ ‘ഓ’ എന്നു പറഞ്ഞു് അതു് സ്റ്റൂളിന്മേൽവെച്ചു് അതിനുമുകളിൽ ഏതോ പത്രം സ്ഥാപിച്ചുകളഞ്ഞു. ഞാൻ വല്ല സാഹിത്യചർച്ചയും നടത്തിക്കളയും എന്നു പേടിച്ചു കാണണം!

ഒന്നു ചൊടിപ്പിച്ചുകളയാം എന്നുവെച്ചു് ഞാൻ ചോദിച്ചു: “മോപ്പസാങ്ങ് ആണു്, അല്ലേ? അദ്ദേഹത്തിന്റെ കഥകളൊക്കെ വായിച്ചിട്ടുണ്ടോ?”

“ചെറുപ്പത്തിൽ ചിലതൊക്കെ വായിച്ചിട്ടുണ്ടു്. നിങ്ങളുടെ വീട്ടു പണി എന്തായി?”

—ചർച്ച വേണ്ട എന്നു ചുരുക്കം.

എഴുത്തിന്റെ കാര്യവും ഇങ്ങനെത്തന്നെ. എഴുതിക്കൊണ്ടിരിക്കുന്നതിനെപ്പറ്റി ഡയലോഗില്ല. ന്യായം: “പറഞ്ഞാൽപ്പിന്നെ എഴുതില്ല”. എഴുതിക്കൊണ്ടിരിക്കുന്നതു് കണ്ടുകൊണ്ടു ചെന്നാൽ അതു് നിർത്തി കടലാസുകൾ പത്രത്തിലേക്കു് പൂഴ്ത്തിവെച്ചു് വർത്തമാനത്തിനിരിക്കും. അതിനെപ്പറ്റി ചോദിക്കരുതേ എന്നു വ്യംഗ്യം.

തനിക്കുനേരെ വരുന്ന വിമർശനങ്ങളെപ്പറ്റി ബഷീർ അങ്ങേയറ്റത്തെ സഹിഷ്ണുത പുലർത്തി എന്നു പലരും പറയാറുണ്ടു്. അതു് മുഴുവൻ ശരിയല്ല. ഒരു മാതിരിയൊക്കെ വിട്ടുകളയും. അല്ലാത്തതിന്റെ നേരെ ക്ഷോഭിക്കും. പക്ഷേ, അതു് ആ നിമിഷത്തേക്കേ കാണൂ. ആ ഒരു പൊട്ടിത്തെറിയിൽ എല്ലാം തീർന്നു. പകയില്ല, വിരോധമില്ല. അങ്ങനെയൊന്നു് നടന്നു എന്നുപോലും ബഷീർ പിന്നെ ഓർക്കുന്നുണ്ടാവില്ല. കുടുംബാംഗങ്ങളോടു് കഠിനമായി ദേഷ്യപ്പെട്ടാലും സ്ഥിതി ഇതാണെന്നു് ഫാബി ബഷീർ പറഞ്ഞു കേട്ടിട്ടുണ്ടു്.

വളരെ അലിവുള്ള മനുഷ്യനായിരുന്നു ബഷീർ. ഈ അലിവു് ഏറെയും കണ്ടിരുന്നതു് മറ്റുള്ളവർ നിസ്സാരന്മാരാക്കി തള്ളിക്കളയുന്ന ആളുകളോടുള്ള മനോഭാവത്തിലാണു്. വേശ്യകളോടും കള്ളന്മാരോടുമെല്ലാം തന്റെ പുസ്തകങ്ങൾ കാണിച്ചതിലുമധികം ദയവു് ആ മനുഷ്യൻ കാണിച്ചിട്ടുണ്ടു്. ഒരു കള്ളൻ ബഷീറിനെ വിളിച്ചിരുന്നതു് ‘ഉസ്താദ്’ എന്നാണു്! പല ദിവസവും അയാൾ വൈലാലിൽ വീട്ടിൽചെല്ലും. കൈനീട്ടം കിട്ടാനാണു്. ബഷീർ ഒരുരൂപാ നാണയം കൊടുക്കും. ‘സുഖമോഷണ’വും ആശംസിക്കും! കള്ളന്റെ നെറുകയിലേയ്ക്കുപോലും ആ അനുഗ്രഹമുദ്ര നീണ്ടുചെല്ലുന്നു.

ബഷീറിനു വസ്ത്രം ധരിക്കാൻ ഇഷ്ടമുണ്ടായിരുന്നില്ല. “എനിക്കു് ആടയാഭരണങ്ങളിൽ അശേഷം താൽപര്യമില്ല” എന്നു് അച്ചു വടിവിൽ വെച്ചുകാച്ചും. ജുബ്ബയിട്ടു് വീട്ടിലിരുന്നു് കണ്ടിട്ടേയില്ല. നഗ്നതയുടുത്തുകഴിയാനായിരുന്നു മോഹം. പിന്നെ മുണ്ടു ചുറ്റി അങ്ങനെയായിരിക്കും എന്നുമാത്രം. ആരാധികമാരായ പെൺകിടാങ്ങളുടെ കത്തുകളെപ്പറ്റി സാധാരണയായിപ്പറയുന്നതു് ‘പ്രേമലേഖനം’ എന്നാണു്. അക്കൂട്ടത്തിൽ പ്രേമലേഖനങ്ങൾക്കും പഞ്ഞമില്ലായിരുന്നു! എല്ലാം പച്ചായി, പരസ്യമായി, ഭാര്യയും മക്കളും കേൾക്കെ പറയും ഇതിനൊക്കെ തരംപോലെ മറുപടി അയച്ച ഖിസ്സയും വിസ്തരിച്ചു പറയും. ഒന്നും ഒളിക്കാനില്ല. ചെയ്തതും പറഞ്ഞതും വിചാരിച്ചതുമെല്ലാം പരസ്യമാണു്. ഏറ്റവും അടുത്ത ആൾ നിങ്ങളോടു് പറയാൻ ഇഷ്ടപ്പെടാത്ത രഹസ്യം പോലും ബഷീർ നിങ്ങളോടു് പറയും.

ബഷീർ പൊട്ടിച്ചിരിക്കാറില്ല. ഫലിതം പറയുന്നു എന്നു ഭാവിക്കാറില്ല. സത്യത്തിൽ, അദ്ദേഹം ഫലിതം പറയുകയല്ല. തന്റെ സവിശേഷമായ രീതിയിൽ കാര്യം പറയുകയാണു്. ആ ശബ്ദത്തിനു തന്നെ വാക്കുകൊണ്ടു വിശദീകരിക്കാൻ കഴിയാത്ത ഏതോ നർമസ്പർശമുണ്ടു്. കൈയാംഗ്യങ്ങളും മുഖഭാവചേഷ്ടകളും ശകലം അഭിനയവും അനുകരണങ്ങളുമെല്ലാം ചേർത്താണു് അവതരണം. ആ മുഖത്തു് അപ്പോൾ ഒരു നേർത്ത പുഞ്ചിരി കാണും. പുതിയ വാക്കുകളും പുതിയ പ്രയോഗ രീതികളും പൊടുന്നനെ ഉരുവം കൊള്ളുന്നതു് കാണുമ്പോൾ നിങ്ങൾ ചിരിച്ചു കുഴങ്ങുന്നു.

ഒരിക്കൽ കോഴിക്കോട്ടെ ഒരു സദസ്സിൽവെച്ചു് അദ്ദേഹം ഏതോ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചിട്ടു പറഞ്ഞു: “കരുണാമയനായ അല്ലാഹു എല്ലാവർക്കും ശാന്തിയും സുഖവും പ്രദാനം ചെയ്യട്ടെ. ഈ സദസ്സിലെ പെണ്ണുങ്ങൾക്കു് ഞാൻ കൂടുതൽ സൗന്ദര്യം നേരുന്നു”. അടുത്ത നിമിഷം കൂട്ടിച്ചേർത്തു: “ആണുങ്ങൾക്കു് ഇപ്പോഴുള്ള സൗന്ദര്യമൊക്കെ മതി!”

1985: ശരീഅത്ത് വിവാദകാലം. ശരീഅത്തിന്റെ ദുരുപയോഗത്തെപ്പറ്റി സംസാരിക്കുന്നതിനിടയ്ക്കു് പറഞ്ഞു: “ഇമ്മാതിരി ആണുങ്ങളുടെയൊക്കെ ‘പെണ്ണുകെട്ടു് യന്ത്രം’ മുറിച്ചു് കഴുത്തിൽ കെട്ടിത്തൂക്കണം.”

ടി. വി.-ക്കാർക്കുവേണ്ടി നടത്തിയ ഒരു അഭിമുഖത്തിൽ ഫ്രിഡ്ജിനെപ്പറ്റി പറയുന്നതിനിടയിൽ വാഷിങ്മെഷീൻ പരാമർശിക്കേണ്ടിവന്നു: ബഷീർ പറഞ്ഞതു് “തിരുമ്പുന്ന ഫ്രിഡ്ജ്” എന്നാണു്!

ഫോട്ടോഗ്രാഫർമാരുടെ നിരന്തരശല്യത്തെപ്പറ്റിയുള്ള കമന്റ്: “ഫോട്ടോ എടുത്തെടുത്തു് എന്റെ മുഖം തേഞ്ഞുപോയി.”

ഈശ്വരവിശ്വാസിയായിരുന്നു ബഷീർ. “ഞാൻ മുസ്ലീമാണു്” എന്നു ഇടയ്ക്കിടെ പറയും. പക്ഷേ, ഏതെങ്കിലും മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ അദ്ദേഹത്തിനു എന്നെങ്കിലും താൽപര്യമുണ്ടായിരുന്നോ എന്നു സംശയമാണു്. അദ്ദേഹം ആ മട്ടിൽ എന്തെങ്കിലും അനുഷ്ഠിക്കുന്നതു് കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. സ്നേഹത്തെപ്പറ്റിയാണു് എപ്പോഴും പറയുക. “കരുണാമയനായ അല്ലാഹു” എന്നു് ആവർത്തിച്ചു പറയും.

ഏതു സമയത്തും അദ്ദേഹം ഓർമ്മിക്കുന്നതും പറയുന്നതും മരണത്തെപ്പറ്റിയാണു്. അതു് ഇന്നലെയോ മിനിഞ്ഞാന്നോ തുടങ്ങിയതല്ല, പണ്ടേയുണ്ടു്. സ്വന്തം ജീവിതത്തിന്റെയും പ്രപഞ്ചങ്ങളായ സർവ്വപ്രപഞ്ചങ്ങളുടെയും നശ്വരതയെപ്പറ്റി, ആ ശാശ്വതസത്യത്തിന്റെ ദുഃഖത്തെപ്പറ്റി, ബഷീർ എപ്പോഴും ആധികൊണ്ടിരുന്നു. വർത്തമാനങ്ങൾ തുടങ്ങുന്നതു് മിക്ക നേരത്തും മരണത്തെപ്പറ്റി പറഞ്ഞു കൊണ്ടാവും. ഇടയ്ക്കിടെ അവിടേയ്ക്കു് മടങ്ങിയെത്തും. അദ്ദേഹം നിരന്തരമായി ആവർത്തിക്കുന്നു. “ഒന്നുള്ളതു്, സമയമില്ല. ആരു് എപ്പോൾ മരിച്ചുവീഴും എന്നറിഞ്ഞുകൂടാ. കരുണാമയനായ അല്ലാഹുവിന്റെ ഖജനാവിൽ മാത്രമാണു് അനന്തമായ സമയമുള്ളതു്.”

മരണാനന്തരജീവിതത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നു. അതിന്റെ വിശദാംശങ്ങൾ ഒരിക്കലും ചർച്ചാവിഷയമാക്കിയിരുന്നില്ല. ‘പ്രലോഭനീയമായ സ്വർഗ്ഗത്തിൽ’ താൽപര്യമുള്ളതായോ, ‘ഭീഷണമായ നരക’ത്തിൽ പേടിയുള്ളതായോ ബഷീർ പറഞ്ഞു കേട്ടിട്ടില്ല. എന്നും എപ്പോഴും എല്ലാ പരേതാത്മാക്കൾക്കും അദ്ദേഹം ‘ശാന്തി’ ആശംസിച്ചിരുന്നു.

അദ്ദേഹത്തിന്റെ അലിവും സ്നേഹവും മനുഷ്യർക്കു് മാത്രമുള്ളതായിരുന്നില്ല:

ബഷീർ ചായ കുടിച്ചു് ഗ്ലാസ് കമിഴ്ത്തിവെക്കുന്നതു് പലപ്പോഴും കണ്ടിട്ടുണ്ടു്. ഒരിക്കൽ ഞാൻ ചോദിച്ചു,

“എന്തിനാണു് ഗ്ലാസ് തലകുത്തനെവെക്കുന്നതു്?”

“വല്ല വിവരവുമുണ്ടോ? പൊന്നു സാറേ, ഈ ഗ്ലാസിൽ ച്ചിരിപ്പിടിയോളം ചായ ബാക്കി കാണും. ഉറുമ്പുകൾ വന്നു വീണു ചാവും അതൊഴിവാക്കാനാണു്.”

എന്റെ ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്ന ഒരു രംഗം: ഞാൻ കയറിച്ചെല്ലുമ്പോൾ ബഷീർ വീട്ടുമുറ്റത്തുനിന്നു ഭയങ്കരമായി ഒച്ചവെക്കുന്നു. മുമ്പിൽ അദ്ദേഹത്തിന്റെ ഏക പുത്രി ഷാഹിന. എന്നെ കണ്ടിട്ടും മൂപ്പർക്കു് ഭാവഭേദമൊന്നുമില്ല. ഞാൻ ഷാഹിനയോടു് ചോദിച്ചു:

“എന്താണു് കേസ്സ്?”

ഷാഹിന ചിരിച്ചുകൊണ്ടു പറഞ്ഞു:

“ഞാൻ ഈ റോസാച്ചെടിയിലെ പുഴുവിനെതട്ടിക്കളഞ്ഞു. അതിനാണു് ലഹള.”

എനിക്കു് മനസ്സിലായില്ല. വീട്ടിലെന്നപോലെ ഭ്രാന്തസ്പത്രിയിലും ജയിലിലുമെല്ലാം പൂങ്കാവനങ്ങൾ വെച്ചുപിടിപ്പിക്കുന്ന ആളാണു് ബഷീർ. അദ്ദേഹത്തിനു് പ്രിയങ്കരമായ ഒരു പദമാണു് പൂങ്കാവനം. മകൾക്കും ഈ സംഗതിയിൽ നല്ല താൽപര്യമുണ്ടു്.

ഷാഹിന വിശദീകരിച്ചു:

“റ്റാറ്റ പറയുകയായിരുന്നു, റോസാച്ചെടി നിനക്കു് കാണാനെന്നതുപോലെ പുഴുവിനു് തിന്നാനും ഉള്ളതാണു്. അതിനെതട്ടിത്തെറിപ്പിക്കാൻ ആരു് നിനക്കു് അധികാരം തന്നു?”

കുറേക്കൊല്ലാം മുമ്പാണു്. ഞങ്ങൾ ഒരുമിച്ചു് ബേപ്പൂർ അങ്ങാടിയിൽ പോയി. മീൻ വാങ്ങാനാണു്. വീട്ടിൽ നിന്നിറങ്ങുമ്പോൾ ഞാൻ ഓർമ്മിപ്പിച്ചു “ചെരിപ്പു് ഇട്ടില്ല.”

ഉടനെവന്നു മറുപടി: “എനിക്കു് ചെരിപ്പില്ല.” അപ്പോഴാണു് ഞാനോർത്തതു്, ഈ മനുഷ്യൻ ചെരിപ്പിട്ടു് കണ്ടിട്ടില്ലല്ലോ.

നിരവധി വർഷങ്ങൾക്കുശേഷം അതേപ്പറ്റി ഞാൻ ചോദിച്ചു. കുറച്ചുനേരം എന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചുനോക്കിയിരുന്ന ശേഷം, സവിശേഷവും അഗാധവുമായ സ്വരത്തിൽ ബഷീർ മറുപടി പറഞ്ഞു:

“ഈ ഭൂമിയിൽ ചെരിപ്പിട്ടു് ചവിട്ടാൻ എനിക്കു് പ്രയാസം തോന്നും. എത്രയോ കാലമായി, അതൊന്നുമില്ല.”

കളിയും കാര്യവും വകതിരിക്കാനാവാത്ത വിധമാണു് വർത്തമാനവും പെരുമാറ്റവും.

ഒരു തവണ ഞാൻ ചെന്നപ്പോൾ കുറേ കളർ ഫോട്ടോകൾ എന്നെക്കാണിച്ചു. ബഷീർ ഭാര്യക്കും മക്കൾക്കും നോട്ടുകൾ കൊടുക്കുന്ന രംഗങ്ങളാണു് ഫോട്ടോകളിൽ. വിശദീകരണം വന്നു: “ആരുടെയെങ്കിലും ഭാര്യയോ മക്കളോ കിട്ടിയ കാശു് മുഴുവൻ കിട്ടി എന്നു നാളിതുവരെ സമ്മതിച്ചിട്ടുണ്ടോ? ആദിപുരാതീനമായ സംഗതിയാണിതു്. എനിക്കു് തെളിവുണ്ടു്. മനസ്സിലായോ? ചുമ്മാ പോ.”

ഇത്തരം പ്രായോഗിക തമാശകൾക്കിടയിൽ വളരെ ഗൗരവമായി. അദ്ദേഹം തന്നെക്കാണാനെത്തുന്ന യക്ഷികളെപ്പറ്റി പറയും. യഥാർത്ഥവും അയഥാർത്ഥവുമായ സംഗതികൾക്കിടയിലുള്ള മതിലുകൾ മാഞ്ഞുപോയതുപോലെ. യക്ഷികളുടെ സൗന്ദര്യത്തെപ്പറ്റിയും വർത്തമാനം പറച്ചിലിനെപ്പറ്റിയും കണ്ണിൽ കണ്ടതുപോലെ വിസ്തരിക്കും സംഗതി സത്യമാണെന്നു് ആണയിടും.

ഒരു തവണ എന്നോടു് പറഞ്ഞതു് മുഹമ്മദ് നബി തന്നെക്കാണാൻ വന്നു എന്നാണു്!

വിശദീകരണം: നബി മാത്രമല്ല, കേട്ടോ. അലിയും കൂടെയുണ്ടായിരുന്നു. അലി ആരാണെന്നറിയാമോ? അദ്ദേഹത്തിന്റെ മകൾ ഫാത്തിമയുടെ പുന്നാര പുതിയാപ്പിളയാണു്. രണ്ടും പേരും കൂടിയാണു് വന്നതു്. കുറേനേരം വർത്തമാനം പറഞ്ഞിരുന്നിട്ടു് അവർ പോയി.

ഞാൻ ചോദിച്ചു “അവർക്കും സുലൈമാനി കൊടുത്തോ?”

“കൊടുത്തു.”

“അവർ വന്നതിനു് വല്ല തെളിവുമുണ്ടോ?”

ഉടനെ അദ്ദേഹം ചാരുകസാലയ്ക്കു വലത്തുവശത്തുള്ള പനിനീർച്ചെടികളിലേയ്ക്കു ചൂണ്ടിക്കാട്ടി. രണ്ടെണ്ണമുണ്ടു്. ഒന്നിൽ മനോഹരമായ ഒരു ചുവന്ന പൂവു് വിടർന്നു നിൽക്കുന്നു. മറ്റേതു് വാടിക്കരിഞ്ഞുപോയിരിക്കുന്നു.

“കണ്ടോ, ഇതു് രണ്ടും അവർ നട്ടതാണു്. മനസ്സിലായോ, സാറേ? ചുമ്മാ പോ!”

ഇത്തരം സംഗതികൾ പറഞ്ഞുവന്ന ഒരു സന്ദർഭത്തിൽ ഞാൻ ചോദിച്ചു: “ബഷീറിനു് ഭ്രാന്തു് ഇപ്പോഴുമുണ്ടോ?”

“കുറച്ചതും ഉണ്ടെന്നു വെച്ചോ. പക്ഷേ, ഇപ്പറഞ്ഞതൊക്കെ സത്യമാ. നിങ്ങൾ വിശ്വസിക്കേണ്ട. ഞാൻ കണ്ണുകൊണ്ടു കണ്ടതല്ലേ?”

അത്യഗാധമായി എന്തോ ആലോചിച്ചുകൊണ്ടു വിദൂരതയിൽ കണ്ണുനട്ടു്, പരിസരം മറന്നു് ബഷീർ ചാരുകസാലയിൽ കിടക്കുന്നതു് അപൂർവ്വമായി കണ്ടിട്ടുണ്ടു്. പാട്ടുകേട്ടിരിക്കുമ്പോഴും ഇതേ ഭാവമാണു്. പുറലോകം എന്നൊരു ബോധം കൂടി ഇല്ലെന്നുതോന്നും. ആ ദൃശ്യം കാണുമ്പോഴൊക്കെ ഞാൻ വിചാരക്കാറുണ്ടു്—“അനൽ ഹഖ്” (ഞാനാണു് സനാതനസത്യം) എന്നു് ഉരുവിട്ടുനടന്ന യൗവനകാലത്തെന്നപോലെ ഇന്നും ഈ മനുഷ്യൻ സൂഫിയായിരിക്കാം.

ഞാൻ വിചാരിക്കുന്നു: ലൗകികബന്ധങ്ങളുടെ പൊള്ളത്തരത്തിനു മുകളിലൂടെയാവാം, ഏകാന്തതയുടെ ശോകവും പേറി ബഷീർ നടന്നുപോയതു്. അനന്തതയിലേയ്ക്കു കണ്ണയച്ചു് ശോകരാഗത്തിനു് കാതോർത്തിരുന്ന സാധുവായ ആ മനുഷ്യന്റെ ചിരി സ്നേഹശീലത്തിന്റെ തെളിച്ചം മാത്രമാവാം. അവിടെ നന്മയുടെ കഥകൾ മാത്രം വിരിഞ്ഞതു് സ്വാഭാവികം.

ഒപ്പം പാട്ടുകേട്ടിരിക്കെ, പലവട്ടം അദ്ദേഹം എനിക്കു് പറഞ്ഞു തന്നിട്ടുണ്ടു്:

“ദുഃഖമാണു് കലയായിത്തീരുന്നതു്. ശരിയായ കല സംഗീതമാണു്. അതിനു മാത്രമേ ദുഃഖത്തിന്റെ ശരിപ്പകർപ്പാകാൻ കഴിയൂ. അതാണു് നാദബ്രഹ്മം.”

ഉള്ളിന്റെയുള്ളിൽ അങ്ങേയറ്റം ഏകാന്തനും ദുഃഖിതനും ആയിരുന്നു ബഷീർ. ലോകാലോകങ്ങളുടെ സ്രഷ്ടാവിനെപ്പറ്റിയുള്ള ചിന്ത അദ്ദേഹത്തിനു ആശ്വാസം നൽകിയിരുന്നിരിക്കണം. പ്രാർത്ഥനയെപ്പറ്റി സംസാരിക്കുമ്പോഴൊക്കെ ആവർത്തിക്കും:

“ഞാൻ ഒന്നും പ്രാർത്ഥിക്കാറില്ല, എന്താ പ്രാർത്ഥിക്കാനുള്ളതു്? എല്ലാ കഥയും മൂപ്പർക്കറിയാം. അനന്തമായ പ്രാർത്ഥനയാകുന്നു ജീവിതം.”

എല്ലാ സൂഫികളെയുംപോലെ ബഷീറും സ്നേഹത്തിന്റെ, സംഗീതത്തിന്റെ, ഫലിതത്തിന്റെ വഴിയിലൂടെ ജീവിതത്തിന്റെ പൊരുളു് തേടിയലഞ്ഞു. ശോകാവിലവും ഏകാന്തവുമായ ആ പാത ലൗകിക ജീവതത്തിനു് നടുവിലും നല്ലവനായ ആ മനുഷ്യനു് തെളിഞ്ഞുകിട്ടി: ബഷീർ ഒരു പ്രാർത്ഥനയായിരുന്നു.

മുഹമ്മദ് എന്ന വാക്കിനു് സ്തുതി അർഹിക്കുന്നവൻ എന്നു് അർത്ഥമാകുന്നു. മുഹമ്മദ് ബഷീറിനു് സ്തുതിയായിരിക്കട്ടെ!

മാതൃഭൂമി വാരാന്തപ്പതിപ്പു്: 17 ജൂലായ് 1994.

എം. എൻ. കാരശ്ശേരി
images/MN_Karasseri.jpg

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.

പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.

Colophon

Title: Soofiyude Kaalpaadukal (ml: സൂഫിയുടെ കാൽപ്പാടുകൾ).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Soofiyude Kaalpaadukal, എം. എൻ. കാരശ്ശേരി, സൂഫിയുടെ കാൽപ്പാടുകൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 14, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Homesick for Naples, a painting by Berthe Worms (1868–1937). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.