പൊറ്റെക്കാട്ടി ന്റെ കന്നിപ്രേമം കവിതയോടു തന്നെ. അദ്ദേഹം സാഹിത്യത്തിൽ അരങ്ങേറിയതു് ഏതാനും കവിതകളുടെ സമാഹാരവുമായിട്ടാണു് (പ്രഭാതകാന്തി). എസ്. കെ.-യുടെ ആത്മകഥാപ്രധാനമായ നോവൽ ഒരു ദേശത്തിന്റെ മാത്രം കഥയല്ല, ഒരു കവി രൂപം പൂണ്ടു വരുന്നതിന്റെ കഥ കൂടിയാണു്.
സ്വന്തം അനുഭവങ്ങൾ ഗദ്യത്തിൽ വിവരിക്കുന്നതു കൊണ്ടുമാത്രം എസ്. കെ. തൃപ്തനാവുമായിരുന്നില്ല. തന്റെ ജീവിതത്തിലെ ഉന്മാദവും ഹർഷാവേശവും നിറഞ്ഞ ഏതാനും നിമിഷങ്ങൾ കവിതയിലേക്കു് മൊഴിമാറ്റം നടത്തുവാനുള്ള ഉത്ക്കടമായ അഭിനിവേശം എന്നും അദ്ദേഹത്തിൽ തുടിച്ചിരുന്നു. എങ്കിലും കഥാരചനയുമായി താരതമ്യപ്പെടുത്തി നോക്കിയാൽ വളരെക്കുറച്ചു് കവിതകളേ അദ്ദേഹം എഴുതിയിട്ടുള്ളൂ. മൂന്നു് കവിതാസമാഹാരങ്ങൾ മാത്രം—‘പ്രഭാത കാന്തി’, ‘പ്രേമശില്പി’, പിന്നെ ‘സഞ്ചാരിയുടെ ഗീതങ്ങ’ളും. കവിതാമാധ്യമത്തിനു് ഏറെ പരിശുദ്ധി കല്പിച്ച ഒരെഴുത്തുകാരനാണു് എസ്. കെ. അദ്ദേഹത്തിനു് കവിതാരചന ക്ഷേത്രത്തിലേക്കു് കടന്നുചെല്ലുന്നതു പോലെയോ, കൊടുമുടി കയറുന്നതുപോലെയോ ഉളള അനുഭൂതിയായിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രജതജൂബിലിയാഘോഷങ്ങളോടനുബന്ധിച്ചു് കേരളത്തിൽ സംഘടിപ്പിച്ച കവിതാ മത്സരത്തിൽ പൊറ്റെക്കാട്ടിനു് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ടു്—24-ാമത്തെ വയസ്സിലാണതു്. പില്ക്കാലത്തു് ഇതേപ്പറ്റി അദ്ദേഹം ‘ഭാഗ്യവിപര്യയം’ എന്നു വിവരിക്കുകയുണ്ടായി. പദ്യരചനയിൽ ജന്മവാസനയും നല്ല കൈത്തഴക്കവും ഉള്ള മലയാളത്തിലെ ഒരു മുതിർന്ന കവിയും ഈ മത്സരത്തിനു് എത്തിയിരുന്നു. പൊറ്റെക്കാട്ടിന്റെ ഭാഗ്യത്തിനു്, സംഘാടകർ കൊടുത്ത ‘ചർക്ക’ എന്ന തലക്കെട്ടു് അല്പം ബധിരത ബാധിച്ചിരുന്ന ആ കവി ‘ചക്ക’ എന്നാണു് കേട്ടതു്!
പൊറ്റെക്കാട്ടിന്റെ കവിതകൾ ലളിതമാണു്, ഋജുവാണു്. ഭാവവിപര്യയം, ആക്ഷേപഹാസ്യം, നിഗൂഢമായ ആവിഷ്ക്കാരങ്ങൾ എന്നിവ ഒഴിവാക്കിക്കൊണ്ടു് അദ്ദേഹം എഴുതുന്നു. പരിഹാസവും അദ്ദേഹത്തിനു് പത്ഥ്യമല്ല. മേച്ചിൽപുറങ്ങളിലും വിഷയവൈവിധ്യത്തിലും സങ്കേതങ്ങളിലും ഏറെ പരിമിതകളുള്ള കവിയാണദ്ദേഹം. കവിത എസ്. കെ.-യ്ക്കു് ഉദാത്ത ഭാവങ്ങളെ വിശിഷ്ട ശൈലിയിൽ അവതരിപ്പിക്കലാണു്. സംസ്കൃതപദങ്ങളോടു് കലശലായ കമ്പമുണ്ടു്—വിശേഷിച്ചു് സമസ്തപദങ്ങളോടു്. പ്രതാഃസന്ധ്യ സുഗന്ധി, മഞ്ജുപുഷ്ക്കര മഞ്ജുഷ, കൈരവ കുഗ്മള സൂക്ഷ്മ ദശാന്തരേ തുടങ്ങിയ പ്രയോഗങ്ങളിൽ നീളെ ഈ കമ്പം കാണാം. ഇതു് അദ്ദേഹത്തിനു് മാത്രമായി ഉള്ളതല്ല; ഉള്ളൂർ, ശങ്കരക്കുറുപ്പു് തുടങ്ങിയ കവികളുടെ രചനകളിലൂടെ പ്രതിഷ്ഠിതമായിത്തീർന്ന പാരമ്പര്യത്തിന്റെ ഭാഗമാണു്. ആദ്യസമാഹാരമായ ‘പ്രഭാതകാന്തി’യിൽ താരാട്ടിന്റെയും വഞ്ചിപ്പാട്ടിന്റെയും ഈണത്തിൽ എഴുതിയ കവിതകളുണ്ടെങ്കിലും കേക, മഞ്ജരി മുതലായ വൃത്തങ്ങൾക്കാണു് പ്രാമുഖ്യം. നല്ലൊരു ശതമാനം ഭാവഗീതങ്ങളുമാണു്. പ്രണയം, ദേശഭക്തി, പ്രകൃതിഭംഗി, കലാവിഷ്ക്കാരങ്ങൾ എന്നിവയാണു് നിരന്തരം പ്രത്യക്ഷപ്പെടുന്ന പ്രമേയങ്ങൾ. തീർത്തും കാല്പനികമനസ്ക്കനാണു് എസ്. കെ. അദ്ദേഹത്തിന്റെ ചില ചെറുകഥകളുടെ തലക്കെട്ടുകൾ പോലും ഇപ്പറഞ്ഞതിനു് തെളിവു് നല്കും—‘നിശാഗന്ധി’, ‘ഏഴിലംപാല’, ‘രാജമല്ലി’, ‘ഹിമവാഹിനി’, ‘വനകൗമുദി’ എന്നിങ്ങനെ. മൂന്നു കവിതാസമാഹരങ്ങളിലും മനോഹരമായ ബിംബങ്ങളോടൊപ്പം വിരിയുന്ന പ്രകൃതിദൃശ്യങ്ങൾ ധാരാളമായിക്കാണാം. ഒരു കവിതയിൽ നിശാസുന്ദരി സൂര്യതാപത്തിൽ ആകാശദുഗ്ദ്ധം തിളപ്പിച്ചു് തൈരു് കടയുമ്പോൾ ഊറിക്കൂടിയ വെണ്ണയായി ചന്ദ്രനെ സങ്കല്പിച്ചിരിക്കുന്നു. മറ്റൊരു ഭാവഗീതത്തിൽ നക്ഷത്രലിപികളാൽ വിരചിതമായ മനോഹരമായ കവിതയായി ആകാശത്തെ രൂപണം ചെയ്തിരിക്കുന്നു. കുങ്കുമവസ്ത്രധാരിയായ ഒരു ഭക്തൻ ആകാശക്ഷേത്രത്തിലേക്കു് കടന്നു ചെല്ലുന്നതിന്റെയും സമുദ്രത്തിന്റെ മഹാനിധികുംഭത്തിലേക്കു് ഒരു വെള്ളി നാണയം കാണിക്ക ഇടുന്നതിന്റെയും ചിത്രത്തിലൂടെയാണു് മറ്റൊരിടത്തു് അദ്ദേഹം സാന്ധ്യശോഭയെ അവതരിപ്പിക്കുന്നതു്.
പൊറ്റെക്കാട്ട് അജയ്യമായ ശൂഭാപ്തിവിശ്വാസത്തിന്റെ കവിയാണു്:
മരണഗന്ധം കലർന്നതാണെങ്കിലു-
മൊരു നിയമവുമേലാത്തതെങ്കിലും
ഒരു നിരർത്ഥകസ്വപ്നമാണെങ്കിലും
മധുരമാണെനിക്കെന്നുമിജ്ജീവിതം (എന്റെ ജീവിതം)
മറ്റൊരിടത്തു് അദ്ദേഹം പറയുന്നു:
കരിമുകിൽ മാത്രമല്ല കാർവില്ലുമു-
ണ്ടരിയ വർഷകാലാന്തരീക്ഷത്തിലായ് (എന്റെ ജീവിതം)
ഒരു സഞ്ചാരി എന്ന നിലയിൽ അനുഭവിക്കാനിടയായ ഹർഷോന്മാദങ്ങളുടെ പുനരാവിഷ്ക്കാരമാണു് പ്രധാനമായും രണ്ടാമത്തെയും മൂന്നാമത്തെയും സമാഹാരങ്ങളിൽ കാണുന്നതു്. കാശ്മീരിലെ മഞ്ഞണിഞ്ഞ കൊടുമുടികൾ, പച്ചച്ച താഴ്‌വാരങ്ങൾ, കരപല്ലവങ്ങളിൽ ദേവതകൾക്കുള്ള നിവേദ്യങ്ങളുമായി വന്നെത്തുന്ന ബാലിദ്വീപിലെ പെൺകിടാങ്ങളുടെ നൃത്തം, ഡാന്യൂബ് നദിയുടെ കരകളിൽ തമ്പടിച്ച ജിപ്സിക്കൂട്ടം—എല്ലാം അദ്ദേഹത്തിന്റെ ഭാവനയെ ഉദ്ദീപിപ്പിക്കുന്നു. ഡാന്യൂബിനെ പാവാടയുടുപ്പിക്കുന്ന പൈൻമരങ്ങൾ അദ്ദേഹത്തിനു് കുത്തനെ നിന്നു് എരിയുന്ന വിളക്കുതിരികളാണു്. താജ്മഹൽ ചന്ദ്രികയിൽ ഘനീഭവിച്ചു പോയ ആർദ്രാനുരാഗത്തിന്റെ കിനാവാകുന്നു.
എസ്. കെ. രചിച്ച ഏതാനും ദീർഘകവിതകളിൽ പ്രധാനപ്പെട്ടതു് ‘പ്രേമശില്പി’യാണു്. ഈ രചനയിൽ ടിമൂർ എന്ന ചക്രവർത്തി, അദ്ദേഹത്തിന്റെ പ്രിയപത്നി, ഒരു ശില്പി എന്നിവരെ കേന്ദ്രമാക്കിയുള്ള ഐതിഹ്യത്തിലൂടെ ചരിത്രപരമായ ഒരിതിവൃത്തം അനാവരണം ചെയ്തിരിക്കുന്നു: ചക്രവർത്തിനി സ്വന്തം ഭർത്താവിനോടുള്ള ഗാഢപ്രണയത്തിന്റെ പ്രതീകമായി അതിമനോഹരമായ ഒരു കൊട്ടാരം പണിയാൻ ആഗ്രഹിക്കുന്നു. പടയോട്ടം കഴിഞ്ഞു് ചക്രവർത്തി തിരിച്ചെത്തുംമുമ്പേ അതിന്റെ പണി പൂർത്തിയാക്കാൻ അവർ തന്റെ നാട്ടിലെ പ്രശസ്തനായ ശില്പിയോടു ആജ്ഞാപിക്കുന്നു. പക്ഷേ, ഉമർ എന്നു പേരായ ആ യുവശില്പി ചക്രവർത്തിനിയുടെ സൗന്ദര്യാതിരേകത്തിൽ വ്യാമുഗ്ദ്ധാനായിപ്പോയിരുന്നു. അവരോടുള്ള അയാളുടെ മോഹാവേശം നിയന്ത്രണാതീതമായിത്തീരുകയും അതു് ഒരു വിഷാദബാധയായി വളർന്നുകയറുകയും ചെയ്യുന്നു. ബീഗം അയാളെ വിളിപ്പിച്ചു് ആലസ്യത്തിന്റെ കാരണം ആരായുന്നു. ഉമർ സത്യം തുറന്നു പറഞ്ഞു. ബീഗം അതു കേട്ടു് ബേജാറായി. എത്രയും വേഗം കൊട്ടാരത്തിന്റെ പണി പൂർത്തിയാക്കാം എന്ന നിബന്ധനയിൽ ഒരു സായാഹ്നത്തിൽ തന്റെ കവിളിൽ ചുംബിക്കുവാൻ ചക്രവർത്തിനി ശില്പിക്കു് അനുവാദം നല്കി. ഉമർ വാക്കു പാലിച്ചു. വിജയശ്രീലാളിതനായി തിരിച്ചെത്തിയ ടിമൂർ പ്രണയത്തിന്റെ അടയാളം പോലെ വെട്ടിത്തിളങ്ങുന്ന ഗംഭീരമായ കൊട്ടാരം കണ്ടു് ഏറെ സന്തുഷ്ടനായി. അദ്ദേഹം ആ രാത്രി പത്നിയോടൊപ്പം ആ കൊട്ടാരത്തിൽ താമസിച്ചു. പത്നിയുടെ കവിൾത്തടത്തിൽ ഒരു കറുത്ത അടയാളം ടിമൂർ കണ്ടെത്തി—അത്യഗാധമായ പ്രണയത്തോടെ ചുംബിച്ചതിനാൽ മായ്ചു കളയാനാവാത്ത വിധം ബാക്കിയായ സ്നേഹത്തിന്റെ മുദ്ര! ബീഗം ഭർത്താവിനോടു് സത്യം പറഞ്ഞു. ക്രുദ്ധനായ ടിമൂർ ശില്പിക്കു് ആളയച്ചു. ശിഷ്യനായ ബാലനോടൊപ്പം ടിമൂറിന്റെ കിടപ്പറയിലേക്കുള്ള കോണിപ്പടി കയറിവരുന്നതിനിടയിൽ പൊടുന്നനെ, വിചിത്രമായ മട്ടിൽ ഉമർ അപ്രത്യക്ഷനായി. ആ ബാലൻ ചക്രവർത്തിക്കു് അത്ഭുതസംഭവത്തിന്റെ രഹസ്യം വിവരിച്ചുകൊടുത്തു: കൊട്ടാരത്തിന്റെ താഴ്ഭാഗത്തു ശില്പി തനിക്കു വേണ്ടി ഒരു ശവക്കല്ലറ പണിതൊരുക്കിയിരുന്നു. അതിലേക്കു് അതിഗൂഢമായ ഒരു വഴിയും നിർമ്മിച്ചിരുന്നു. വിചിത്രമെന്നു പറയാം, കൊട്ടാരം ഒരു ശവകുടീരമായും ശില്പിക്കു് ചക്രവർത്തിനിയോടുള്ള ഗാഢപ്രണയത്തിന്റെ സ്മാരകമായും തീർന്നു! ഭാവഗീതിയുടെ മുഴക്കമുള്ള ശൈലിയിൽ എസ്. കെ. ഈ കഥ പറഞ്ഞിരിക്കുന്നു; ദൃശ്യഭംഗി വഴിഞ്ഞൊഴുകുന്ന പ്രകൃതിവർണ്ണനയിൽ അദ്ദേഹം ആണ്ടുമുങ്ങുകയും ചെയ്യുന്നു. ‘പ്രേമശില്പി’യെപ്പോലുള്ള കവിതകളിൽ പൊറ്റെക്കാട്ട് തന്റെ കഥാകഥനപാടവവും കാല്പനികമനസ്സും സമന്വയിപ്പിക്കുകയാണു്. അദ്ദേഹത്തിന്റെ ഉള്ളിലെ കവിയെയും നോവലിസ്റ്റിനെയും വകതിരിക്കുവാനാവില്ല; പലപ്പോഴും അവ പരസ്പരപൂരകങ്ങളായി വർത്തിക്കുകയും ചെയ്യുന്നു. എങ്കിലും സ്വന്തം സാഹിത്യജീവിതത്തിന്റെ രണ്ടാം പാതിയിൽ എസ്. കെ. ക്രിയാത്മകഭാവനയുടെ ഊർജ്ജമെല്ലാം കഥാകഥനത്തിനു് മാത്രമായി മാറ്റി വെക്കുകയാണുണ്ടായതു്.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.