സ്ത്രീ ഇന്ത്യയിൽ പലവിധമായ വിവേചനത്തിനും അനീതിക്കും വിധേയയാവുന്നു എന്നതിനെപ്പറ്റി ആരും തർക്കിക്കുമെന്നു തോന്നുന്നില്ല. ഹിന്ദു–മുസ്ലിം–ക്രിസ്ത്യൻ സമൂഹങ്ങളിലെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ മേല്പറഞ്ഞ വിവേചനവും അനീതിയും നിലനിൽക്കുന്നുണ്ടു്. മറ്റു സമുദായങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല.
ഇപ്പറഞ്ഞതിലേക്കു് വിവാഹവുമായി ബന്ധപ്പെട്ട ചെറിയൊരുദാഹരണം കാണിക്കാം. ചൊവ്വാദോഷമെന്നു് ജാതകത്തിൽ പറയുന്ന ഒരു സ്ത്രീയ്ക്കു് ഹിന്ദുസമൂഹത്തിൽ വിവാഹം നടക്കാൻ പ്രയാസമാണു്. കാര്യമോ കാരണമോ ഇല്ലാതെ തന്നിഷ്ടത്തിനു ഭാര്യയെ മൊഴിചൊല്ലി ഉപേക്ഷിക്കുവാൻ പുരുഷനു് സൗകര്യം നൽകുന്നതാണു് മുസ്ലീങ്ങളുടെ മത നിയമം. ക്രിസ്ത്യൻ പാരമ്പര്യം എന്തു കാര്യമുണ്ടായാലും, എത്ര ന്യായമായ കാരണമുണ്ടായാലും, ഒരിക്കലും വിവാഹമോചനം അനുവദിക്കുകയില്ല.
ഇതുകൊണ്ടെല്ലാം കൂടുതൽ ദുരിതം അനുഭവിക്കുന്നതു് സ്ത്രീയാണു്. നമ്മുടെ നാട്ടിൽ കുടുംബത്തിലും നിരത്തിലും തൊഴിൽശാലയിലും രാഷ്ട്രീയത്തിലുമെല്ലാം രണ്ടാംതരം പൗരത്വമാണു് സ്ത്രീക്കുള്ളതു്. സംശയമില്ല.
ഇതിനു് എന്താണു് പരിഹാരം?
ആളുകൾ പറയുന്നു: സ്ത്രീ വിദ്യാഭ്യാസം നേടണം, തൊഴിൽ ചെയ്യണം, പണം സമ്പാദിക്കണം, പുരുഷനെ ആശ്രയിക്കാതെ ജീവിക്കണം, സംഘടിച്ചു ശക്തരാകണം, രാഷ്ട്രീയത്തിലിറങ്ങണം… മറ്റും മറ്റും…
ഇതെല്ലാം ശരിതന്നെ. വേണ്ടതു തന്നെ. ഇക്കൂട്ടത്തിൽ സ്ത്രീശാക്തീകരണത്തിനു് ഏറ്റവും അത്യാവശ്യമായതു് എന്താണു് ?
എന്റെ നോട്ടത്തിൽ അതിന്നു് ഏറ്റവും ആദ്യം വേണ്ടതു് സ്ത്രീകൾക്കു് അധികാരത്തിൽ പങ്കുകിട്ടുകയാണു്.
ഇക്കഴിഞ്ഞ അച്യുതാനന്ദൻ സർക്കാരിന്റെ (2006–2011) പ്രധാനപ്പെട്ട നേട്ടം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഇരിപ്പിടങ്ങളിൽ 50 ശതമാനം സ്ത്രീക്കുവേണ്ടി സംവരണം ചെയ്തുകൊണ്ടു് നിയമം കൊണ്ടുവന്നതാണു്.
അതനുസരിച്ചാണു് 2010-ൽ തദ്ദേശ സ്വയംഭരണ സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പു് നടന്നതു്. പക്ഷേ, തൊട്ടുപിറകെ വന്ന നിയമസഭാതെരഞ്ഞെടുപ്പിൽ (ഏപ്രിൽ 2011) സ്ത്രീസംവരണത്തെപ്പറ്റി ഇടതുമുന്നണിയോ ജനാധിപത്യമുന്നണിയോ മാധ്യമങ്ങളോ ആരും ആലോചിച്ചില്ല, ഒന്നും മിണ്ടിയില്ല!
2011-ലെ ജനസംഖ്യാകണക്കനുസരിച്ചു് കേരളത്തിൽ 3 കോടി 33 ലക്ഷം പേരുണ്ടു്. ഇതിൽ എണ്ണം അധികമുള്ളതു് സ്ത്രീകളാണു്. 1000 പുരുഷനു് 1084 സ്ത്രീ. എന്നും കേരളത്തിൽ സ്ത്രീകൾ അധികമായിരുന്നു. ഈ ന്യായം അനുസരിച്ചു് കേരളനിയമസഭയിലെ 140 ഇരിപ്പിടങ്ങളിൽ 70 എണ്ണം (അതായതു് 50 ശതമാനം) സ്ത്രീകൾക്കുവേണ്ടി സംവരണം ചെയ്യേണ്ടതാണു്.
ഇവിടത്തെ ഏറ്റവും വലിയ കക്ഷിയായ സി. പി. എം. 8 വനിതാ സ്ഥാനാർത്ഥികളെ മാത്രമേ മത്സരരംഗത്തിറക്കിയുള്ളു. രണ്ടാമത്തെ കക്ഷി കോൺഗ്രസ്സിന്റെ വനിതാസ്ഥാനാർത്ഥികളുടെ എണ്ണം 7. മൂന്നാമത്തെ കക്ഷി മുസ്ലിം ലീഗ് ഇത്തവണ 24 പേരെ നിർത്തി. അതിൽ ഒരു സ്ത്രീ പോലുമില്ല!
2011-ൽ നിലവിൽവന്ന 13-ാം കേരള നിയമസഭയിൽ എത്ര വനിതാ എം. എൽ. എ.-മാരുണ്ടെന്നോ: വെറും 7. സത്യത്തിൽ വേണ്ടതിന്റെ (അതായതു് 70) പത്തു ശതമാനം മാത്രം…
ഇന്ത്യൻ പാർലിമെന്റിൽ 33 ശതമാനം ഇരിപ്പിടം സ്ത്രീക്കു് സംവരണം ചെയ്യണം എന്നു് നമ്മൾ പറയാൻ തുടങ്ങിയിട്ടു് കാലമെത്രയായി? പല സർക്കാറുകളും ഇതു ചർച്ച ചെയ്തു. മിക്ക കക്ഷികളുടെയും പ്രകടനപത്രികകളിൽ തെരഞ്ഞെടുപ്പു് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി അതു് പ്രത്യക്ഷപ്പെട്ടിരുന്നു. മൻമോഹൻസിങ്ങി ന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ യു. പി. എ. സർക്കാർ ഭരണം തുടങ്ങിയ സമയത്തു് രാജ്യസഭയിൽ ആ ബില്ല് പാസ്സാവുകകൂടി ചെയ്തു. ബഹളം കാരണം ലോക്സഭയിൽ പാസ്സായില്ല. പിന്നെ, എല്ലാ കക്ഷിക്കാരും പതിവുപോലെ, അതേപ്പറ്റി ഉദാസീനരായി.
കാര്യം ലളിതമാണു്. സ്ത്രീയെ അധികാരസ്ഥാനത്തു് കാണാൻ ഇന്ത്യക്കാർക്കു് ഇഷ്ടമില്ല. കുടുംബങ്ങളിലും പുറത്തുമെല്ലാം അവളെ താഴെ നിർത്തുക എന്നതാണു് നമ്മുടെ രീതി.
തെളിവു തരാം: സമുദായം ഏതുമാവട്ടെ, നാട്ടിലെ ഭക്തരിലധികവും സ്ത്രീകളാണു്. മതസ്ഥാപനങ്ങൾക്കു വേണ്ടിയും ദേവാലയങ്ങൾക്കു വേണ്ടിയും കൂടുതൽ പണവും അധ്വാനവും ചെലവാക്കുന്നതു് സ്ത്രീകളാണു്. ഏതു മതക്കാരാണു് ദേവാലയങ്ങളിൽ പുരോഹിതരായോ, ഭരണസമിതി അംഗങ്ങളായോ സ്ത്രീകളെ നിശ്ചയിക്കുന്നതു്? എത്ര അമ്പലങ്ങളിൽ പൂജാരിണിമാരുണ്ടു്? ഏതു പള്ളിയിലാണു് പള്ളീലച്ചനെപ്പോലെ പള്ളീലമ്മയുള്ളതു്? ഏതെങ്കിലും മസ്ജിദിൽ ഇമാം ആയി വല്ല സ്ത്രീയും ഉണ്ടോ? അത്തരം ആലോചനകൾ തന്നെ നട്ടപ്പിരാന്തായി വ്യാഖ്യാനിക്കപ്പെടാനാണു് സാധ്യത.
അഡ്വ. കെ. പി. മറിയുമ്മ കേരളത്തിലെ ഒരു മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റ് ആകില്ല. പക്ഷേ, ജനാധിപത്യം അവരെ മലപ്പുറം ജില്ലാ പഞ്ചയത്തിന്റെ പ്രസിഡന്റാക്കി—ഇതാണു് മതപാരമ്പര്യവും ആധുനികരാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം.
ഞാൻ ആവർത്തിക്കുന്നു: ഈ സ്ത്രീവിവേചനം എല്ലാ മതപാരമ്പര്യങ്ങളിലും കണ്ടുകിട്ടുന്നതാണു്. പ്രകടമാകുന്ന രീതിക്കു് ചില്ലറ വ്യത്യാസങ്ങൾ ഉണ്ടാവും എന്നേയുള്ളൂ.
സത്യത്തിൽ സ്ത്രീ എന്നതു് ഒരു പ്രത്യേകസമൂഹമായി തിരിച്ചറിയപ്പെടണം. ഏതു മത പാരമ്പര്യത്തിൽ ജനിച്ചാലും എത്ര വിദ്യാഭ്യാസം നേടിയാലും ഏതു തൊഴിൽ ചെയ്താലും എത്ര പണം ഉണ്ടാക്കിയാലും അവൾ പലവിധമായ അനീതികൾക്കു് ഇരയാവുന്നുണ്ടു്. അതിനു പരിഹാരം ഉണ്ടാവാൻ ആദ്യം വേണ്ടതു് നിയമസഭ, ലോക്സഭ മുതലായ നിയമ നിർമ്മാണസമിതികളിൽ ഇരിപ്പടം സംവരണം ചെയ്തു് അധികാരത്തിലുള്ള പങ്കു് ഉറപ്പാക്കുകയാണു്: സ്ത്രീവിരുദ്ധമായ നിയമങ്ങൾ ഇല്ലാതാക്കുവാനും സ്ത്രീകൾക്കു് നീതി നൽകുന്ന നിയമങ്ങൾ ഉണ്ടാക്കുവാനും അതു് അത്യാവശ്യമാണു്.
അധികാരത്തിൽ പങ്കുകിട്ടിയാലേ, സമൂഹത്തിനു് സ്ത്രീയോടുള്ള സമീപനം മാറുകയുള്ളൂ. അഭിപ്രായം പറയാനും തീരുമാനം എടുക്കാനും നടപ്പാക്കാനും അവൾക്കു് പ്രാപ്തിയുണ്ടെന്നു് വന്നലേ പ്രണയത്തിലും ദാമ്പത്യത്തിലും തൊഴിൽശാലയിലും സമൂഹത്തിലും അവൾക്കു് തുല്യതകിട്ടൂ.
അത്തരം തുല്യതകളിലാണു് ജനാധിപത്യം നിലനിൽക്കുന്നതു്.
മിത്രവേദി—2011.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.