
കേരള സർവകലാശാലയിലാരംഭിച്ച ആട്ടക്കഥാവിവാദം (ഉണ്ണായി വാര്യരുടെ ആട്ടക്കഥയ്ക്കു പകരം ആർ. രാമചന്ദ്രൻ നായരുടെ ആട്ടക്കഥ പഠിക്കാൻ വെച്ച പ്രശ്നം) ആർ. രാമചന്ദ്രൻ നായർ രംഗത്തുനിന്നു സ്വയം പിൻവാങ്ങി തീർക്കണമെന്നു ടി. എൻ. ജയചന്ദ്രൻ നിർദ്ദേശിക്കുകയുണ്ടായി. (മനോരമ, 95 ഡിസം. 28). ഉണ്ണായി വാര്യരുടെയും ആർ. രാമചന്ദ്രൻ നായരുടെയും പുസ്തകം വേണ്ട, പകരം മോയിൻകുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടുകൾ കാച്ചാം എന്നു് ഒരു പ്രതിവിധിയുമായി പി. പരമേശ്വരൻ (മനോരമ, 96 ജനു. ആറു്) രംഗത്തെത്തിയിരിക്കുന്നു.

“ഈ ഊരാക്കുടുക്കിൽനിന്നു് എല്ലാവർക്കും രക്ഷപ്പെടാനുള്ള ഒന്നാം തരം മാർഗം” എന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ടാണു് പണ്ഡിതനായ പരമേശ്വർജി സ്വന്തം വിധി അവതരിപ്പിക്കുന്നതു്. ആണ്ടി തല്ലുകാരനാണു് എന്നു് ആദ്യം പറയേണ്ടതു് ആണ്ടിതന്നെയാണല്ലോ.

പാവം മോയിൻകുട്ടി വൈദ്യർ എന്തു പിഴച്ചു എന്നാണെങ്കിൽ വൈദ്യർ ഉണ്ണായിവാര്യർക്കു തുല്യനാണു് എന്നു ഡോ. എം. എം. ബഷീർ പറഞ്ഞു കളഞ്ഞു എന്നാണു് പരമേശ്വരജിയുടെ സമാധാനം. ഈ കണക്കനുസരിച്ചു കേരളകാളിദാസൻ, കേരളപാണിനി, കേരളവാല്മീകി മുതലായ പ്രയോഗങ്ങളുടെ നേരെയും പരമേശ്വർജി പടയ്ക്കിറങ്ങും എന്നു കരുതാം. അതുപോലെ മതമൗലികവാദത്തിന്റെ കാര്യത്തിൽ സുലൈമാൻ സേട്ടി നു തുല്യനാണു് ഗാന്ധി എന്നു് ഇ. എം. എസ്. പ്രസ്താവിച്ചതും കർണാടക മുഖ്യമന്ത്രിയായിരുന്ന വീരപ്പമൊയ്ലി വനം കൊള്ളക്കാരൻ വീരപ്പന്നു തുല്യനാണു് എന്നു് കെ. ജി. മാരാർ പ്രസ്താവിച്ചതും എല്ലാം ഇമ്മാതിരി പ്രശ്നപരിഹാരങ്ങൾക്കു് വഴിയൊരുക്കും. നമുക്കു കാത്തിരിക്കാം.

മോയിൻകുട്ടി വൈദ്യർ പാഠ്യവിഷയമാകുന്നതോടെ സവർണത്തമ്പുരാക്കന്മാർക്കു മാത്രം പ്രവേശനമുള്ള ഒരു രംഗം അങ്ങനെയല്ലാതായി മാറും എന്നു പരമേശ്വർജി കിനാവു കാണുന്നുണ്ടു്. സവർണ്ണ താൽപര്യത്തിന്റെ വൈതാളികനാണു് അദ്ദേഹം എന്ന ദുരാരോപണം ഇതിനാൽ റദ്ദായിപ്പോയിരിക്കുന്നു. ഇതു കണ്ടു് ആരാർ സന്തോഷിക്കയില്ല!
ഇവിടെ ചില സംഗതികൾ പണ്ഡിതനായ ലേഖകൻ വിട്ടുപോയിട്ടുണ്ടു് എന്നു പറയേണ്ടിവന്നതിൽ ഖേദിക്കുന്നു. ഭാഷാപ്രയോഗത്തിന്റെ കാര്യത്തിൽ മോയിൻകുട്ടി വൈദ്യർ ഉണ്ണായിവാര്യർക്കു തുല്യനാണു് എന്നു് ആദ്യം പറഞ്ഞതു് ഗവേഷകനും പണ്ഡിതനുമായ ശൂരനാടു് കുഞ്ഞൻ പിള്ള യാണു്. 1970-ൽ തന്നെ ശൂരനാടൻ അതു രേഖപ്പെടുത്തിക്കളഞ്ഞു. ഭാഷാശാസ്ത്ര പണ്ഡിതനും കാലിക്കറ്റ് സർവകലാശാലാ മലയാളവിഭാഗത്തിലെ പ്രഫസറും ആയ ഡോ. ടി. ബി. വേണുഗോപാലപ്പണിക്കർ 1992-ൽ വിജ്ഞാനകൈരളിയിൽ എഴുതിയ ഒരു ലേഖനത്തിലും വൈദ്യരും വാര്യരും തമ്മിലുള്ള സമാനതയെപ്പറ്റി പ്രസ്താവമുണ്ടു്. പിന്നെ മോയിൻകുട്ടി വൈദ്യരുടെ കൃതികൾ പാഠ്യവിഷയമായിട്ടു കാലം കുറച്ചായി. കാലിക്കറ്റ് സർവകലാശാലയിൽ കാൽനൂറ്റാണ്ടുകാലമായി മലയാളം എം. എ.-യ്ക്കു വൈദ്യരുടെ ബദറുൽ മുനീർ-ഹുസ്നുൽ ജമാൽ പാഠപുസ്തകമാണു്. ഇതേ കൃതിയിൽനിന്നുള്ള ചില ഭാഗങ്ങൾ ഇടയ്ക്കു് പ്രീഡിഗ്രി പാഠപുസ്തകത്തിലും വന്നിരുന്നു. തിരക്കുകൾക്കിടയിൽ സവർണത്തമ്പുരാക്കന്മാരുടെ അരങ്ങിലേക്കു വൈദ്യർ നേരത്തേ ആനയിക്കപ്പെട്ട വർത്തമാനം പരമേശ്വർജി അറിയാതെപോയതാവാം. പോട്ടെ, ആ കുത്തക തകർന്നുവല്ലോ എന്നു പൂർവകാലപ്രബല്യത്തോടെ അദ്ദേഹത്തിനു പുളകംകൊള്ളാം.

എനിക്കിപ്പോൾ ഓർമ്മവരുന്നതു് ഒരു പഴങ്കഥയാണു്. കഥ വരുന്നതു് പേർസ്യയിൽനിന്നായതിനാലും അതു് സൂഫിപാരമ്പര്യത്തിന്റെ ഭാഗമായതിനാലും പരമേശ്വർജിക്കു രുചിക്കുമോ എന്നു് ആദ്യം സംശയിച്ചു. കഥാരംഗത്തു സവർണ്ണക്കുത്തക തകർക്കാനുള്ള ഒരു വിനീതശ്രമം മാത്രമായി ഈ ഓർമ്മയെ പരമേശ്വർജി കാണുമെന്നും അദ്ദേഹം എന്നെ അനുമോദിക്കുമെന്നും പിന്നീടു വെളിവു വന്നു. അതിനാൽ ആ സൂഫികഥ പറയാം.
പാതിരയ്ക്കു ഒരു കള്ളൻ പീടികയുടെ ചുമര് തുരന്നു തുടങ്ങി. സംഗതിവശാൽ അടച്ച പീടികയ്ക്കകത്തു് ഉടമസ്ഥൻ ഇരിപ്പുണ്ടായിരുന്നു. കള്ളന്റെ പരിപാടി മനസ്സിലാക്കി അയാൾ അനങ്ങാതെ, മിണ്ടാതെ കുത്തിയിരുന്നു. ചുമരിൽ ഒരു ദ്വാരം ആയിക്കഴിഞ്ഞപ്പോൾ കള്ളൻ അകത്തേക്കു് എത്തിനോക്കി. ഈ തക്കം നോക്കി ഉടമസ്ഥൻ കൈയിൽ കരുതിയിരുന്ന ഇരുമ്പുകോലുകൊണ്ടു് കള്ളന്റെ കണ്ണിനു് ഒരു കുത്തുകൊടുത്തു. അയാൾ നിലവിളിച്ചുകൊണ്ടോടി.
കള്ളന്റെ കണ്ണു പൊട്ടിപ്പോയിരുന്നു. അയാൾ പിറ്റേന്നു് കോടതിയിലെത്തി. കേസ് വിസ്തരിച്ച ന്യായാധിപൻ പറഞ്ഞു. കള്ളന്റെ കണ്ണു് കുത്തിപ്പൊട്ടിക്കാൻ പീടികക്കാരനു് അധികാരമില്ല. അതിനാൽ ഉടനെ പീടികക്കാരന്റെ ഒരു കണ്ണു് കുത്തിപ്പൊട്ടിക്കേണ്ടതാണു്.
താൻ കച്ചവടക്കാരനാണെന്നും അളവും തൂക്കവും പാലിക്കാൻ രണ്ടു കണ്ണിന്റെ അത്യാവശ്യമുണ്ടെന്നും പീടികക്കാരൻ ബോധിപ്പിച്ചു. ന്യായാധിപൻ അതു ശരിവച്ചു് അയാളെ വെറുതെ വിട്ടു.
പ്രശ്നം അപ്പോഴും ബാക്കിയാണു്: കള്ളന്റെ കണ്ണു പൊട്ടിയതിനു് സമാധാനം ഉണ്ടാക്കേണ്ടതല്ലയോ? പീടികക്കാരൻ പറഞ്ഞതു ന്യായമല്ലേ? എന്നാലും നീതി നടക്കേണ്ട?

“ഈ ഊരാക്കുടുക്കിൽനിന്നു് എല്ലാവർക്കും രക്ഷപ്പെടാനുള്ള ഒന്നാംതരം മാർഗ്ഗം” എങ്ങനെ നിർദ്ദേശിക്കും എന്ന ആധിയായി ന്യായാധിപനു്. ഒടുക്കം നിർദ്ദേശം വന്നു—രണ്ടു കണ്ണു് ഉള്ളവനും രണ്ടുകൊണ്ടും അത്യാവശ്യം ഇല്ലാത്തവനുമായ വല്ലവനെയുംകണ്ടുപിടിച്ചു് ഒരു കണ്ണു കുത്തിപ്പൊട്ടിക്കുക. ന്യായാസനത്തിന്റെ കൽപനയല്ലേ? പോലീസുകാർ നാടെങ്ങും തെണ്ടിത്തിരിഞ്ഞു് ഒരു അമ്പെയ്ത്തുകാരനെ കണ്ടുപിടിച്ചു—അയാൾക്കു കണ്ണു രണ്ടും ഉണ്ടെങ്കിലും ലാക്ക് നോക്കാൻ ഒന്നേ ഉപയോഗിക്കുന്നുള്ളൂ. ഉത്തരവിൻപടി അമ്പെയ്ത്തുകാരന്റെ ഒരു കണ്ണു് കുത്തിപ്പൊട്ടിച്ചു. കേസ് തീർന്നു. വാദിക്കു തുല്യനായി ഒരാളെ കോടതി സൃഷ്ടിച്ചാൽ പിന്നെ തീരാത്ത കേസുണ്ടോ?
ആട്ടകഥാവിവാദത്തിലെ ന്യായാധിപനായി രംഗത്തെത്തിയ പരമേശ്വർജി സ്വയം അഭിനന്ദിച്ചുപറയുന്നതുപോലെ ‘സാമൂഹികനീതി’ നിറവേറ്റപ്പെടുന്ന ഉജ്വലമായ ആശയം! ‘അസുഖകരമായ ഏതു വിവാദ’ത്തിന്റെയും കാറ്റു് പോവാൻ ഇമ്മാതിരി വിധിത്തീർപ്പുകൾ മതിയാകും.
എനിക്കു് 1995-നെപ്പറ്റി സന്തോഷം തോന്നുന്നു. പുതുവർഷപ്പുലരിയിൽ നമ്മുടെ പണ്ഡിതന്മാരും ചിന്തകന്മാരും പ്രശ്നപരിഹാരങ്ങളെപ്പറ്റി ക്രിയാത്മകമായി ആലോചിച്ചുതുടങ്ങിയിരിക്കുന്നു. വരട്ടുപണ്ഡിതനെന്നു നാളിതുവരെ ചിലരെങ്കിലും വിചാരിച്ച പരമേശ്വർജിക്കു് ചിരിക്കാനും ചിരിപ്പിക്കാനും പ്രാപ്തി കൈവന്നുതുടങ്ങിയിരിക്കുന്നു. ആനന്ദലബ്ധിക്കിനിയെന്തു വേണം?
മലയാള മനോരമ: 5 ഫെബ്രുവരി 1995.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.