ഒരു പുസ്തകവും കൂടാതെ ക്ലാസ്സിൽ വരുന്ന അധ്യാപകരുണ്ടായേക്കാം. അതു പഠിപ്പിക്കുവാനുള്ള പദ്യകൃതികളെല്ലാം കാണാപ്പാഠമുള്ളതുകൊണ്ടാണു് എന്നായാലോ? താൻ വായിച്ചതോ ചൊല്ലിക്കേട്ടതോ ആയ, വൃത്തം പിഴച്ചിട്ടില്ലാത്ത, ഏതു കവിതയും ഓർത്തു ചൊല്ലുവാൻ കഴിയുന്ന ഒരാൾ എന്തിനു പുസ്തകങ്ങൾ പേറി നടക്കണം?
ഇതൊക്കെ ഇക്കാലത്തു് ആരാണു് വിശ്വസിക്കുക? നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞങ്ങൾക്കു് അങ്ങനെയൊരു ഗുരുനാഥനുണ്ടായിരുന്നു. പേരു്: പി. സി. ഏട്ടനുണ്ണിരാജാ. കോഴിക്കോട്ടെ ഗുരുവായൂരപ്പൻ കോളജിൽ മലയാളം പ്രൊഫസർ ആയിരുന്ന ആ മഹാപണ്ഡിതൻ വിദ്യാർത്ഥികൾക്കും സഹാധ്യാപകർക്കും എന്നപോലെ അടുത്തറിയുന്നവർക്കെല്ലാം ഒരത്ഭുതമായിരുന്നു. ഓർമയുടെ ആൾരൂപമായിരുന്ന ‘തമ്പുരാൻ മാസ്റ്റരു’ടെ പ്രധാന കളരിയായിരുന്നതു് അക്ഷരശ്ലോകവും പാഠകം പറച്ചിലും ആണു്. ഏഴു ദിവസം തുടർച്ചയായി ചൊല്ലിയിട്ടും അക്ഷരശ്ലോകമത്സരത്തിൽ കൂട്ടുകാർക്കാർക്കും അദ്ദേഹത്തെ തോൽപ്പിക്കാൻ പറ്റിയില്ല എന്നൊരു കഥ കേട്ടിട്ടുണ്ടു്.
ആ ഓർമശക്തിയുടെ പെരുമ കാണിക്കുന്ന വേറൊന്നു പറയാം:
ഒരിക്കൽ തമ്പുരാൻമാസ്റ്റരും കവി വി. ഉണ്ണിക്കൃഷ്ണൻനായരും ഏതോ സാഹിത്യസമ്മേളനത്തിൽ പ്രസംഗിക്കാൻ പോയി. തമ്പുരാൻ പ്രസംഗത്തിൽ ഉണ്ണിക്കൃഷ്ണൻനായരുടെ ഒരു ശ്ലോകം ഉദ്ധരിച്ചു. പ്രസംഗം കഴിഞ്ഞു മടങ്ങുന്ന വഴി കവി പറഞ്ഞു:
“ട്ടോ തമ്പ്രാൻ, ആ പുസ്തകത്തിന്റെ കോപ്പി തീർന്ന്ട്ടു് ശ്ശി കാലായി. ഇന്നാളൊരു് വിദ്വാൻ അതു് അച്ചടിക്കാംന്നു് പറഞ്ഞു് വന്നു. എന്നാ കൊട്ത്തേയ്ക്കാംന്നു് ഞാനും വിചാരിച്ചു. അലമാരീലു് പരതി നോക്കുമ്പഴാ അബദ്ധം പറ്റീന്നു് ബോധ്യായതു്—പുസ്തകത്തിന്റെ ഒരു് കോപ്പീം കൂടില്ല്യാ. അന്വേഷിച്ചിട്ടു് കിട്ടീതൂല്ല്യ. പിന്നെ പോട്ടേന്നുവച്ചു. അതൊക്കെ മറന്നിരിക്ക്വേയ്ര്ന്നു. ഇന്നിപ്പോ തമ്പ്രാൻ അതീന്നൊരു ശ്ലോകം ഉദ്ധരിച്ചതു് കേട്ടപ്പോ ഓർത്തു. അത്രതന്നെ. എന്താ നിവൃത്തി?”
തമ്പുരാൻ ചിരിച്ചുകൊണ്ടു് പറഞ്ഞു:
“ഓഹോ. അതിനു വഴീണ്ടാക്കാം. ഏതെങ്കിലും ഒരു് കുട്ടിയെ അങ്ങട്ടു് പറഞ്ഞയച്ചോളൂ.”
“എന്താ, അവിടെ കോപ്പി ണ്ടോ?”
“അവിടെ കോപ്പി ണ്ടാവില്ല്യ. ഞാൻ ണ്ടാവും. അതു പോരേ?”
“ങ്ഏ?”
“ഓർമ്മണ്ടാവും. ഞാൻ ചൊല്ലിക്കൊട്ക്കാം.”
“എന്താ ഇപ്പറയണേ? മുപ്പതു് കൊല്ലം മുമ്പു് എറങ്ങിയ പുസ്തകാ. പത്തറുപതു് പേജ്ണ്ടാവും. അതെഴ്തിയ എനിക്കു തന്നെ ഒറ്റ ശ്ലോകം തോന്നില്ല. അപ്പോ-”
“വിഷമിക്കണ്ട. ശ്ലോകങ്ങളു് എഴുതിയെട്ക്കാൻ നിശ്ശള്ള ഒരു കുട്ടിയെ വിട്ടോളൂ. ഞാൻ വായിച്ച പുസ്തകല്ലേ, മുഴുവൻ തോന്നും.”
അങ്ങനെ, ആ പുസ്തകത്തിന്റെ രണ്ടാം പതിപ്പു് ഇറങ്ങി!
എല്ലാം പോട്ടെ, കേരളപാണിനീയം പുസ്തകം നോക്കാതെ പഠിപ്പിച്ചതാണു് ഞങ്ങളെ അമ്പരപ്പിച്ചു കളഞ്ഞതു്: കാരികയ്ക്കു് ഒരു താളമുണ്ടല്ലോ. അതുകൊണ്ടു് കാരികയെല്ലാം മൂപ്പർക്കു് മനഃപാഠമായി. പിന്നെ, അതിന്റെ വിശദീകരണം—അതു മൂപ്പരെപ്പോലൊരാൾക്കു് നിസ്സാരമാണു്.
ഒരിക്കൽ ഞങ്ങളോടു പറഞ്ഞു:
“വൃത്തം പെഴയ്ക്കാതെ എഴ്താൻ നിശ്ശള്ളോരു് നിങ്ങടെ കൂട്ടത്തില്ണ്ടോ? എന്നാൽ എത്ര വരിയാച്ചാ എഴ്തിക്കൊണ്ടോന്നോളൂ. ഒരു് തവണ വരി പെഴയ്ക്കാതെ എന്നെ ചൊല്ലിക്കേപ്പിച്ചാ മതി. അതത്രയും പിന്നെ, ഞാൻ അങ്ങട്ടു് ചൊല്ലിത്തരാം. ന്താ?”
ആ വെല്ലുവിളി സ്വീകരിക്കാൻ ഞങ്ങൾക്കാർക്കും തോന്നിയില്ല. അപ്പറഞ്ഞതു് ഞങ്ങൾക്കു വിശ്വാസമായിരുന്നല്ലോ.
ഓർമശക്തിയും അക്ഷരശ്ലോകവുമൊക്കെ ഇടയ്ക്കു ക്ലാസ്സിൽ ചർച്ചാ വിഷയമാവും. അപ്പോൾ തന്റെ കഴിവൊന്നും ഒരു കഴിവല്ലെന്നു കാണിക്കാൻ അദ്ദേഹം പറഞ്ഞ ഒരു കഥയാണിതു്:
പണ്ടുകാലത്തെ ഒരു അക്ഷരശ്ലോകമത്സരം. എണ്ണം പറഞ്ഞ കവികൾക്കു മാത്രമേ പങ്കെടുക്കാൻ പറ്റൂ. മത്സരത്തിലെ നിബന്ധനകൾ:
രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണു് സമയം. ഓരോരുത്തരും പുതിയ പുതിയ ശ്ലോകങ്ങൾ അപ്പപ്പോൾ ഉണ്ടാക്കിച്ചൊല്ലണം. തീർന്നില്ല—രാവിലെ മുതൽ വൈകുന്നേരം വരെ ആ സദസ്സിൽ ചൊല്ലിക്കേട്ട പുതിയ ശ്ലോകങ്ങളത്രയും ഓരോരുത്തരും ഓർത്തുചൊല്ലണം!
അതു നടന്നു. ഒന്നാം സമ്മാനം കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാനും വീതംവച്ചു!

ഇമ്മാതിരി ഒരു മത്സരത്തിനു പോയാൽ തനിക്കു സമ്മാനം പോയിട്ടു്, പ്രവേശനംപോലും കിട്ടില്ല എന്നായിരുന്നു തമ്പുരാന്റെ ബോധ്യം. കാര്യം: സ്വന്തമായി ശ്ലോകം ഉണ്ടാക്കി ചൊല്ലാൻ താൻ കൂട്ടിയാൽ കൂടില്ല. മറ്റതൊന്നും വിഷയമല്ല.
സൃഷ്ടിയല്ല, പുനഃസൃഷ്ടിയായിരുന്നു ആ മനുഷ്യന്റെ ജന്മദൗത്യം. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു ചുറ്റും ഭൂതകാലത്തിന്റേതു മാത്രമായ ഒരു ഗന്ധമുണ്ടായിരുന്നു.

അദ്ദേഹം വളരെക്കാര്യമായി ഇംഗ്ലീഷ് പഠിച്ചില്ല. ആ ഭാഷ ഒരുമാതിരി കൈകാര്യം ചെയ്യാൻ വശമുണ്ടായിരുന്നെങ്കിലും സംസ്കൃതത്തിൽ നേടിയപോലെ അതിൽ ഉപസ്ഥിതി വേണമെന്നു് അദ്ദേഹത്തിനു തോന്നിയില്ല. ഓക്സ്ഫോർഡ് നിഘണ്ടു ആരെങ്കിലും സംസ്കൃതവൃത്തത്തിൽ പദ്യമാക്കി എഴുതിക്കൊടുത്തിരുന്നെങ്കിൽ അദ്ദേഹം, ദാ എന്നു പറയുമ്പോഴേക്കു്, അതു മുഖസ്ഥമാക്കിയേനെ! ആറ്റൂർ കൃഷ്ണപ്പിഷാരോടിയുടെ അടുത്തു് കെ. പി. നാരായണപ്പിഷാരോടി ക്കൊപ്പം സംസ്കൃതം പഠിച്ച ഒരാൾക്കു് അതു നിഷ്പ്രയാസം.
പുതിയ കാലത്തിന്റെ രുചികളും ആലോചനകളും അദ്ദേഹത്തെ ആകർഷിച്ചില്ല. ഏതോ ഭൂതകാലത്തിൽ നിന്നു വഴിതെറ്റി വർത്തമാനകാലത്തിൽ വന്നുവീണുപോയ മട്ടു് ആ ശരീരഭാഷയിൽപോലും ഉണ്ടായിരുന്നു. രാജാധിപത്യം വാഴ്ച ഒഴിഞ്ഞതു് സാമൂതിരി രാജകുടുംബാംഗമായ ഈ തമ്പുരാൻ കൃത്യമായി അറിഞ്ഞിരുന്നുവോ എന്നുതന്നെ സംശയമാണു്. ഭാരതത്തിന്റെ ഗതകാലമഹിമകളിൽ ഉല്ലസിച്ചാണു് അദ്ദേഹം ജീവിച്ചതു്. ഫ്യൂഡൽ മൂല്യങ്ങളാണു് ആ മനസ്സിനു രൂപം കൊടുത്തതു്.
മുണ്ടുടുത്തുവരുന്ന അപൂർവം അധ്യാപകരിൽ ഒരാളായിരുന്നു തമ്പുരാൻ. ഇഴയടുപ്പം കുറഞ്ഞ ആ മുണ്ടു് കോണകത്തിന്റെ കൊടിനീളം മറച്ചുവയ്ക്കുന്നതിൽ പലപ്പോഴും പരാജയപ്പെട്ടു. പരിഷ്കാരമട്ടിൽ ക്രോപ്പ് ചെയ്ത തലമുടിയും മുഴുക്കയ്യുള്ള മഞ്ഞ ടെറിലിൻ ഷർട്ടും മുണ്ടുറപ്പിക്കുന്ന പച്ച ബെൽട്ടും മാത്രമായിരുന്നു, ആ ദേഹത്തെ വർത്തമാനകാല ചിഹ്നങ്ങൾ. ആ ബെൽട്ടിന്റെ സാന്നിധ്യം വിളംബരപ്പെടുത്തിക്കൊണ്ടു് കുടവയറു ചുറ്റിക്കിടന്ന ഷർട്ടിൽ സമൃദ്ധമായി കറ വീഴ്ത്തി വായിൽ അരഞ്ഞുകൊണ്ടേയിരുന്ന മുറുക്കാൻ ആ ചർവിതചവർണസ്വഭാവത്തിനു് എപ്പോഴും കൂട്ടായി.
മൂപ്പർ ബസ്സിൽ കയറുന്നതു് അപൂർവമാണു്. ഒരു സാധാരണ സൈക്കിളിലാണു് കോളേജിൽ വരുന്നതു്. കോഴിക്കോട്ടെ ഏറ്റവും പൊക്കമുള്ള കുന്നായ ‘പൊക്കുന്നി’ന്റെ നെറുകയിലുള്ള കോളേജിലേക്കു രാവിലെ സൈക്കിൾ ഉന്തിക്കയറ്റിക്കൊണ്ടു വിയർപ്പുപൊടിഞ്ഞ മുഖത്തു് ഒരിളം ചിരിയുമായി, അദ്ദേഹമങ്ങനെ നടന്നു കയറിവരും. വൈകുന്നേരം, ഇക്കണ്ടതിനു് എന്തോ പ്രതിക്രിയ ചെയ്യുംപോലെ, സൈക്കിളിൽ കയറി വളവും തിരിവുംകൊണ്ടു് മനോഹരമായ റോട്ടിലൂടെ വലിയ പത്രാസിൽ അദ്ദേഹമങ്ങനെ ഒഴുകിയിറങ്ങിപ്പോവും: വാർധക്യത്തിന്റെ പുറത്തു് ആ ആരോഗ്യം അങ്ങനെ സവാരി നടത്തി.
ആ ഫ്യൂഡൽരുചി പ്രധാനമായും വെളിപ്പെട്ടിരുന്നതു ഭക്ഷണത്തിലാണു്. വലിയ തീറ്റിപ്രിയനായിരുന്നു—സസ്യഭുക്കു് തന്നെ. ഇറച്ചിയുടെയോ മീനിന്റെയോ മണമുള്ള പ്രദേശത്തേക്കു് തിരിഞ്ഞു നോക്കുക കൂടിയില്ല. ചോറും കറിയും നിറച്ച ടിഫിൻ കാരിയറിന്റെ കൂടെ ഊണു കഴിക്കാനുള്ള വാഴയിലയും കുടിക്കാനുള്ള ചുക്കുവെള്ളവുമെല്ലാം സൈക്കിളിന്റെ മുൻവശത്തു് വീർത്ത വയറുമായി തൂങ്ങിക്കിടന്ന സഞ്ചി പേറിക്കൊണ്ടുവന്നിരുന്നു.
വരവും പോക്കുമെല്ലാം ഒറ്റയ്ക്കാണു്. ആ രൂപവും ഭാവവും കോളേജന്തരീക്ഷത്തിൽ വെട്ടിത്തിരിഞ്ഞുനിന്നു. ബഹുമാനം മൂലമാവാം, മറ്റുള്ളവർ ഇത്തിരി അകലം എപ്പോഴും പാലിച്ചു.
വിദ്യാർത്ഥികൾക്കു് പൊതുവെ തമ്പുരാനെ പേടിയായിരുന്നു. കുണ്ടാമണ്ടികൾ നിറഞ്ഞ അന്നത്തെ ചുറ്റുപാടിൽ ഒരിക്കൽ കേട്ട ഏതു പേരും കൃത്യമായി ഓർമവയ്ക്കുന്ന ആ അധ്യാപകൻ വഴിയിലോ ക്ലാസ്സിലോ വരാന്തയിലോ ഓഫീസ്സിലോ വച്ചു് എന്തെങ്കിലും വികൃതി ഒപ്പിക്കുന്നതിനിടയിൽ തങ്ങളെ തിരിച്ചറിയും എന്ന വേവലാതിയായിരുന്നു കാരണം. കോളേജ് വിട്ടു പതിനെട്ടു കൊല്ലം കഴിഞ്ഞു മിഠായിത്തെരുവിൽ വച്ചു ശിഷ്യനെ കാണുമ്പോൾ ഇളംചിരിയോടെ മൂപ്പർ ചോദിക്കും: “വി. ടി. അരവിന്ദാക്ഷൻ എവിടേയ്ക്കാ?” അപ്പോഴേക്കു് പണിയൊന്നും കിട്ടാതെ അലഞ്ഞു നടക്കുന്ന അരവിന്ദാക്ഷൻ പോലും ആ ഇനീഷ്യൽ മറന്നുകഴിഞ്ഞിരിക്കും.
ആദ്യത്തെ ക്ലാസ്സിൽ അദ്ദേഹം എല്ലാവരുടെയും പേരു ചോദിക്കും. അതൊരു കാര്യമായ ചടങ്ങുപോലെയാണു്. ഇനിഷ്യലും സ്ഥലപ്പേരും കൂട്ടത്തിൽ പറയണം. എല്ലാം സ്ഫുടമായി, വ്യക്തമായി പറയണം. ഇല്ലെങ്കിൽ വീണ്ടും ചോദിക്കും. ഇതു വിദ്യാർത്ഥികളുടെ ജാതി തിരിച്ചറിയാനാണു് എന്നൊരു അപവാദം പ്രചാരത്തിലുണ്ടായിരുന്നു. പേരു കേട്ടാൽ തിരിയാത്ത ജാതി തമ്പുരാനു്, പേരു് പറയുന്ന രീതി കേട്ടാൽ തിരിയുമെന്നും എന്നിട്ടും വ്യക്തമാവാത്തതു് അദ്ദേഹം ഇനീഷ്യലിൽനിന്നോ സ്ഥലപ്പേരിൽനിന്നോ തിരിച്ചെടുക്കുമെന്നും ആയിരുന്നു കഥ.
ഈ അപവാദകഥയ്ക്കു് ആക്കം കൂട്ടുന്ന മട്ടിൽ ഒരിക്കൽ മൂപ്പർക്കു് ഒരമളി പിണഞ്ഞു. പിൽക്കാലത്തു് നാടകകൃത്തായി പേരെടുത്ത പി. എം. താജ് ആണു് ഈ കഥയിലെ ‘വില്ലൻ’.
ആദ്യത്തെ ക്ലാസ്സിൽ പതിവുപോലെ ‘പേരെടുക്കൽ’ നടക്കുന്നു. കറുത്തു മെലിഞ്ഞുനീണ്ട ഒരു പയ്യൻ എണീറ്റു് ‘താജ്’ എന്നു പറഞ്ഞതും ഇരുന്നു.
ആജാതി കുരുത്തംകെട്ട പുതുമാതിരിപ്പേരുകളൊന്നും കേട്ടു് ശീലമില്ലാത്തതിനാൽ തമ്പുരാൻ പറഞ്ഞു:
“ഇരിക്കാൻ വരട്ടെ. പേരു് സ്ഫുടമായിപ്പറയൂ.”
“താ—ജ്.”
എന്നിട്ടും തമ്പുരാനു് അതങ്ങോട്ടു് തലയിൽ കയറിയില്ല:
“താജ്, അല്ലേ? ശരി. അച്ഛന്റെ പേരെന്താ?”
മറ്റാരോടും ചോദിക്കാത്ത ‘അച്ഛന്റെ പേരു്’ തന്നോടു മാത്രമായി ചോദിച്ചു എന്നതു താജ് ശ്രദ്ധിച്ചു. ഉടനെ ചെന്നു, മറുപടി:
“ഞാൻ മാപ്പിളയാ. ബാപ്പാന്റെ പേരു് ആലിക്കോയ.”
ആർത്തുചിരിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ ഇരിപ്പുണ്ടായിരുന്ന സി. കെ. വിജയകൃഷ്ണൻ ഈ കഥ പറഞ്ഞ കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞു: “തമ്പുരാൻ മാസ്റ്റർ പിന്നെ ഒരു ക്ലാസ്സിലും പേരു ചോദിച്ചിട്ടില്ല!”
വിദ്യർത്ഥികളുടെ പേരിന്റെ കൂട്ടത്തിൽ ജാതി അറിയണമെന്നും അതു് അവരെ കൂടുതലായി മനസ്സിലാക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം വിചാരിച്ചിരിക്കാം. അത്തരം എന്തെങ്കിലും വിവേചനം വിദ്യാർത്ഥികളോടുള്ള പെരുമാറ്റത്തിൽ ഒരിക്കലും കാണിച്ചിട്ടില്ല എന്നാണു് ഞങ്ങളുടെ അനുഭവം.
ഇന്ത്യയിൽ ഉള്ളതെന്തും അദ്ദേഹത്തിനു് നിസ്തുലമായിരുന്നു—ഭാഷയും സാഹിത്യവും ശാസ്ത്രവും തത്വചിന്തയും എല്ലാം. അതിനു പുറത്തുള്ള ‘മ്ലേച്ഛത’കളെ മൂപ്പർ കണക്കാക്കിയിരുന്നില്ല. അവയോടു വെറുപ്പല്ല, സഹതാപമായിരുന്നു—അതൊക്കെ അത്രയ്ക്കല്ലേ കൊള്ളൂ എന്നു്. പക്ഷേ, ഒന്നുണ്ടു്: ഭാരതീയമായ എന്തിനെപ്പറ്റിയും ഞങ്ങൾ അകാരണമായി കൊണ്ടുനടന്നിരുന്ന പുച്ഛം മുറിച്ചുകളഞ്ഞതു് ആ ക്ലാസ്സുകളാണു്. രണ്ടു മണിക്കൂറു വിസ്തരിച്ചു് രന്തിദേവന്റെ ത്യാഗകഥ പറഞ്ഞതിലൂടെ ഭാരതീയർ ഉയർത്തിപ്പിടിച്ച ജീവിതമൂല്യങ്ങൾ ചൂണ്ടിക്കാണിച്ചുതന്ന രംഗം എനിക്കു് ഇന്നലെക്കഴിഞ്ഞപോലെ ഓർമയുണ്ടു്.
രാമചരിതം, ഉണ്ണുനീലിസന്ദേശം, കണ്ണശ്ശരാമായണം മുതലായ പ്രാചീനകൃതികളിലാണു് തമ്പുരാൻമാസ്റ്റർക്കു് കമ്പം. ഇഷ്ടകവി ഉള്ളൂരാ ണു്. വള്ളത്തോളി നെയും ആശാനെ യുമൊന്നും ആ നിയോ ക്ലാസ്സിക് രുചിക്കു് അത്രപിടുത്തമല്ല. അഞ്ചുകൊല്ലം അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായിരുന്ന ഞാൻ, ഒരിക്കലെങ്കിലും മൂപ്പർ ചങ്ങമ്പുഴ എന്ന പേരു് ഉച്ചരിക്കുന്നതു കേട്ടിട്ടില്ല.
ഉള്ളൂരിനോടു് ഇത്രയും സ്ഥായിയുള്ള ഒരധ്യാപകനെ എന്നല്ല, ഒരു വായനക്കാരനെയും ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഞങ്ങൾക്കു് മെയിൻ പേപ്പറിൽ ‘കർണഭൂഷണം’ പഠിക്കാനുണ്ടായിരുന്നു. മൂന്നു കൊല്ലം കൊണ്ടാണു് തമ്പുരാൻ അതെടുത്തുതീർത്തതു്. അവസരത്തിലും അനവസരത്തിലും ഉള്ളൂരിന്റെ മറ്റു കൃതികളിൽനിന്നു ലോഭമില്ലാതെ ഉദ്ധരിക്കും. എല്ലാം കാണാപ്പാഠമാണല്ലോ. പിന്നെ, പാഠകം പറച്ചിലിൽ പ്രവീണനായ ആ പണ്ഡിതനു് ഉപകഥകളും സൂചിതകഥകളുമായി ധാരാളം പറയാൻ ഉള്ളൂരിന്റെ ‘പുരാവൃത്തപരാമർശങ്ങൾ’ സൗകര്യം നൽകും. ആ സന്തോഷം ഉള്ളൂരിനെപ്പോലെ മറ്റാർക്കു നൽകുവാൻ കഴിയും? ‘വാഴക്കുല’യിൽ എന്തു പറയാനാണു്? ‘ഉള്ളൂരിന്റെ കവിത്വം’ എന്ന വിഷയത്തിൽ മാത്രമാവാം, തമ്പുരാൻ തന്റെ പ്രിയസുഹൃത്തു് കുട്ടികൃഷ്ണമാരാ രോടു് യോജിച്ചിരിക്കുക.
സംസ്കൃതപാണ്ഡിത്യം കടുകട്ടിയാണു്. കോളേജിലെ സംസ്കൃതം അധ്യാപകർ ഈ മലയാളംപ്രൊഫസറോടു ചോദിച്ചാണു് സംശയം തീർക്കാറു് എന്നു കേട്ടിട്ടുണ്ടു്. “സംസ്കൃതത്തിൽ സംസാരിക്കുന്നതെങ്ങനെ?” എന്നു് ഞങ്ങൾ ഒരിക്കൽ ചോദിച്ചപ്പോൾ പത്തു മിനിട്ടു നേരം സംസ്കൃതത്തിൽ ക്ലാസ്സെടുത്തു. പിന്നെ, ഡൽഹിയിൽ ഒരു സമ്മേളനത്തിൽ താൻ സംസ്കൃതത്തിൽ പ്രസംഗിച്ച കഥയും പറഞ്ഞു.
മൂപ്പർ പാഠഭാഗങ്ങൾ ചൊല്ലുന്നതിനു് ഒരു പ്രത്യേകവശ്യതയുണ്ടു്. വാക്കുകളുടെ കൃത്യമായ അർഥവും ഭാവവും വ്യക്തമായി അറിഞ്ഞുകൊണ്ടുള്ള ആ ചൊല്ലൽ കേട്ടാൽതന്നെ പദം മുറിയുന്നതെവിടെയാണെന്നും ഉദ്ദിഷ്ടാർഥം എന്താണെന്നും ഒരുമാതിരിക്കാർക്കൊക്കെ പിടികിട്ടും. പിന്നെ, ഓരോ പദവും എടുത്തു വിസ്തരിക്കും. പദത്തിന്റെ നിരുക്തം പറയും, പര്യായം പറയും. സംസ്കൃതത്തിലെ നിഘണ്ടുവായ ‘അമരകോശം’ കാണാപ്പാഠമാക്കിയ പാരമ്പര്യപണ്ഡിതന്മാരെപ്പോലെ പറഞ്ഞതിനു് പ്രമാണം ഹാജരാക്കിക്കൊണ്ടു് ‘എന്നമരം’ എന്നാണു് അത്തരം വാക്യങ്ങൾ അവസാനിക്കുക. സന്ദർഭത്തിനിണങ്ങിയ ഉപകഥകളും ഉദ്ധരണികളും കൊണ്ടു് ഓരോ വാക്കിന്റെയും അർഥവും ആഴവും കാണിച്ചുതരും. ഓരോ വാക്കിനെപ്പറ്റിയും എന്തുമാത്രം ആലോചിക്കുവാനും പഠിക്കുവാനും ഉണ്ടു് എന്നു ഞങ്ങൾ അമ്പരന്നുതുടങ്ങിയതു് ആ ക്ലാസ്സുകളിലാണു്.
ക്ലാസ്സെടുക്കാൻ തുടങ്ങിയാൽപിന്നെ നേരമെന്തായി, പീരീഡ് കഴിഞ്ഞുവോ തുടങ്ങിയ ചിന്തകൾ പല സമയത്തും തമ്പുരാനെ അലട്ടാറില്ല. രാവിലെ 9 മുതൽ ഉച്ചയ്ക്കു് ഒരുമണിവരെ ക്ലാസ്സെടുത്ത സന്ദർഭങ്ങൾ പലതുണ്ടു്. സരളടീച്ചർ, ഉണ്ണിക്കൃഷ്ണൻ ചേലേമ്പ്ര മാസ്റ്റർ, എം. കെ. വത്സൻ മാസ്റ്റർ തുടങ്ങിയ ശിഷ്യസ്ഥാനീയർ ആണു് സഹപ്രവർത്തകർ എന്നതു കൊണ്ടായിരിക്കാം, ഈ മാരത്തോൺക്ലാസ്സുകൾ ഡിപ്പാർട്ടുമെന്റിൽ പ്രശ്നമൊന്നുമുണ്ടാക്കിയിരുന്നില്ല.
ആൺകുട്ടികളിൽ വലിയൊരു ശതമാനം ഈ ക്ലാസ്സുകൾ രസിച്ചിരുന്നില്ല. അവർ വൈകി വരുന്നതോ, അനുവാദം ചോദിച്ചു് നേരത്തേ പോകുന്നതോ, ഇനി തീരെ വരാതിരിക്കുന്നതോ ഒന്നും തമ്പുരാൻ ഗണ്യമാക്കിയിരുന്നില്ല—‘അവനു നഷ്ടം’ എന്നൊരു മട്ടായിരുന്നു.
ആ ക്ലാസ്സുകൾ രസിച്ചിരുന്ന എന്നോടും പി. കെ. ദയാനന്ദൻ, എസ്. സുന്ദർദാസ്, യു. കെ. കുമാരൻ, ബാലകൃഷ്ണൻ ആറാട്ടുപുഴ തുടങ്ങിയ സുഹൃത്തുക്കളോടും തമ്പുരാനു് വാത്സല്യമായിരുന്നു. ഈ വാത്സല്യം ഒരു തവണയെങ്കിലും എന്നെ ശ്വാസം മുട്ടിച്ചുകളഞ്ഞു.
സെക്കന്റ് ലാംഗ്വേജിന്റെ ജനറൽ ക്ലാസ്സാണു്. നൂറിലേറെ വിദ്യാർത്ഥികളുള്ള ബി.എ. രണ്ടാംവർഷ ക്ലാസ്സ്. തമ്പുരാന്റെ സാന്നിദ്ധ്യം മറന്നു് എന്തോ കാര്യമായ വിക്രസ്സു് കാട്ടിയതിനു് ഞാൻ പിടിയിലായി. ആ മുഖത്തു പതിവുള്ള ചിരി മാഞ്ഞു. വായ്ക്കകത്തു സ്ഥിരവാസമുള്ള മുറുക്കാൻ ചവയ്ക്കുന്നതിനു ശക്തികൂടി. ചെന്നിയിൽ ഞരമ്പുകൾ വിയർപ്പിൽ പിടഞ്ഞു. ഞാൻ പരിഭ്രമിച്ചു.
“മെഹ്യുദ്ദീൻ, ഇവിടെ വരൂ.”
—ശബ്ദത്തിനു പതിവില്ലാത്ത പാരുഷ്യം.
ഞാൻ എണീറ്റു ചെന്നു. പ്ലാറ്റ്ഫോമിലേക്കു കയറിച്ചെല്ലാൻ ചൂണ്ടു വിരൽകൊണ്ടു് ആംഗ്യം കാട്ടി. ഞാൻ അടുത്തെത്തിയപ്പോൾ കല്പന വന്നു:
“പത്തു് ഏത്തമിടൂ.”
—രാജകല്പന തന്നെ!
ക്ലാസ്സ് അമ്പരന്നുപോയി. 1971 കാലത്താണു്. ബി. എ. ക്ലാസ്സിൽ ഏത്തമിടുകയോ? ആൺകുട്ടികളും പെൺകുട്ടികളും ഉള്ള ക്ലാസ്സ്. വിദ്യാർത്ഥിരാഷ്ട്രീയത്തിനു് അന്നു് ആകാവുന്ന എല്ലാ ‘പ്രബുദ്ധത’യും പുകയുന്ന കോളേജ്. ഞാൻ വിയർത്തുപോയി…
“വേഗം വേണം.”
—എന്തുവേണ്ടൂ എന്നറിയാതെ ഞാൻ ശരിക്കും കുഴങ്ങി. ഏത്തമിടാൻ വിസമ്മതിച്ചാൽ മഹാപണ്ഡിതനായ ഗുരുനാഥൻ അവമാനിതനാകും. ഏത്തമിട്ടാൽ എന്റെ മാനം പോകുമോ? ശിഷ്യനായ എന്റെ മാനത്തെക്കാൾ എത്രയോ, എത്രയോ വലുതാണു് ആ ഗുരുനാഥന്റെ മാനം എന്ന തീർപ്പിൽ ഒറ്റയടിക്കു് എത്തിയതും ഞാൻ ഏത്തമിട്ടു. ചിട്ടയായി എണ്ണി പത്തു തികച്ചു. തലനിവർത്തി നോക്കുമ്പോൾ വാത്സല്യത്തിന്റെയും ആശ്വാസത്തിന്റെയും കൺതിളക്കവുമായി തമ്പുരാൻ!
ആ ‘കുറ്റ’ത്തിനു് ഒരു സഹപാഠിപോലും എനിക്കു മാപ്പു തന്നില്ല. പെൺകുട്ടികൾ പോലും എന്നെ ചീത്ത പറഞ്ഞു. പ്രൊഫസറുടെ ‘തമ്പ്രാൻ കോംപ്ലക്സിനെ’യും ഫ്യൂഡൽരീതികളെയും വഷളാക്കുന്നതു് എന്നെപ്പോലുള്ളവരാണു് എന്നതാണു് വിമർശനത്തിന്റെ കാമ്പു്. അധ്യാപകവർഗത്തിനെതിരേ വിദ്യാർഥിവർഗം കൈക്കൊള്ളേണ്ട വർഗപരമായ നിലപാടുകളെപ്പറ്റിയും ഉപദേശങ്ങളുണ്ടായി. എന്നെപ്പറ്റിയുള്ള വിശ്വാസം കൊണ്ടല്ലേ, നിറഞ്ഞ ക്ലാസ്സിനെ സാക്ഷിനിർത്തി ഏത്തമിടാൻ പറഞ്ഞതു് എന്നായിരുന്നു എന്റെ സ്വകാര്യചിന്ത. കൂട്ടുകാർ വിധിച്ചു: “നീയൊക്കെ പിന്തിരിപ്പനാ.”
പഴങ്കഥകളും സംസ്കൃതവും വ്യാകരണവും മാത്രം വായിൽ വരുന്ന ഒരരസികൻ ആയിരുന്നു തമ്പുരാൻ എന്നു ധരിക്കേണ്ട. മൂപ്പർക്കു് ഇതിനെക്കാളൊക്കെ കമ്പം ശൃംഗാരശ്ലോകങ്ങൾ ചൊല്ലിയാടുന്നതിലായിരുന്നു. മണിപ്രവാളത്തിൽ ‘പെൺമലയാളം’ ഉടുതുണിയുരിയുന്ന വേളകളെ അദ്ദേഹം താലോലിച്ചു. നേർവഴിക്കോ വളഞ്ഞ വഴിക്കോ ശൃംഗാരപദ്യങ്ങൾ ഉദ്ധരിക്കാൻ ആ വാർധക്യകാലത്തും മൂപ്പർ പഴുതുകണ്ടെത്തിപ്പോന്നു. മാത്രമോ, അതൊക്കെ പദം മുറിച്ചു് അർഥം വിശദീകരിച്ചു വ്യാഖ്യാനിച്ചുകളയും.
ഏതോ കവിതയിൽ ‘പദ്മിനി’ എന്നൊരു പദം വന്നു. താമരപ്പൊയ്ക എന്നു് അർഥം പറയുന്നതിനു പകരം അദ്ദേഹം മേശപ്പുറത്തുനിന്നിറങ്ങി വരാന്തയിൽ ചെന്നു വെറ്റില തുപ്പി വന്നു. പിന്നെ, മേശപ്പുറത്തു കൊണ്ടു വയ്ക്കാറുള്ള പൊതിയിൽനിന്നു പുതിയൊരു മുറുക്കാൻ എടുത്തു ചവച്ചു്, വലംകൈയിലെ ചെറുവിരൽ ഉയർത്തിക്കൊണ്ടു ചോദിച്ചു:
“പദ്മിനീന്നു പറഞ്ഞാ, ആരാ? നിശ്ശണ്ടോ?”
താംബൂലരസത്തിനൊപ്പം പുതിയൊരു ശൃംഗാരരസം വായിലൂറുന്നുണ്ടെന്നു് ആ ചിരി കണ്ടാലറിയാം:
“കേട്ട്ട്ട്ണ്ടാവില്യ. ഞാൻ പറഞ്ഞു് തരാം. കാമശാസ്ത്രകാരന്മാർ സ്ത്രീകളെ നാലു് ഇനമായിട്ടു് തിരിച്ചിട്ടുണ്ടു്—പദ്മിനി, ചിത്രിണി, ശംഖിനി, ഹസ്തിനി. ഒരിനം സ്ത്രീയുടെ പേരാണു് പദ്മിനി. ഓരോ ഇനത്തിനും സ്വലക്ഷണം പറഞ്ഞ്ട്ട്ണ്ട്. പദ്മിനീടെ ലക്ഷണം എന്താശ്ശണ്ടോ? പദ്മിനീ പദ്മഗന്ധാ.
ച്ചാൽ, പദ്മഗന്ധമുള്ളവൾ. അതായതു് താമരപ്പൂവിന്റെ മണമുള്ളവൾ പദ്മിനി. വെട്പ്പായിട്ടു് പറയാച്ചാൽ, ഏതൊരു സ്ത്രീയുടെ മദജലത്തിനു് താമരപ്പൂവിന്റെ ഗന്ധമുണ്ടോ, അവളാണു് പദ്മിനി.”
അതും പറഞ്ഞു്, പാൽപ്പായസം കുടിച്ചതുപോലെ, മുറുക്കാൻകറ പാഞ്ഞ വലിയ പല്ലുകൾ മുഴുവൻ കാണിച്ചു വിസ്തരിച്ചൊരു ചിരി. അതിന്റെ മുഴക്കം സ്വയം ആസ്വദിക്കുന്നതിനിടയിൽ വിദ്യാർഥിനികളുടെ തല താണുപോകുന്നതു് ആ രസികൻ കണുകയില്ല. ആ ക്ലാസ്സിലോ മറ്റു ക്ലാസ്സുകളിലോ ഉണ്ടാകാനിടയുള്ള പദ്മിനി എന്നു പേരായ സാധുപെൺകുട്ടികളെപ്പറ്റി മൂപ്പർക്കു് ആലോചന ചെല്ലുകില്ല.
പെരുമാറ്റത്തിൽ കണ്ടിരുന്ന അനൗപചാരികതയും ഋജുത്വവും ആ വ്യക്തിത്വത്തിന്റെ ആകർഷണീയത വർധിപ്പിച്ചു. എന്നും, എപ്പോഴും എവിടെയും അദ്ദേഹം ഒരേ മനുഷ്യനായിരുന്നു. ആ സ്വഭാവത്തിന്റെ അളവുകളും അതിരുകളും കിറുകൃത്യം. ആരോടും എപ്പോഴും എന്തും തുറന്നുപറയുന്ന പ്രകൃതം.
എന്റെ കല്യാണത്തിനു കോളേജിലെ അധ്യാപകരെ ക്ഷണിക്കാൻവേണ്ടി ഞാൻ ചെന്നു. തമ്പുരാൻമാസ്റ്റർ ക്ലാസ്സിലാണു്. എന്റെ കാത്തിരിപ്പു് നീണ്ടപ്പോൾ സരളടീച്ചർ ഉപദേശിച്ചു:
“തമ്പ്രാൻ മാഷ്ടെ കാര്യം തനിക്കറിയാലോ? എപ്പഴാ വര്ആന്നറീല. കത്തു് ഇവടെ ഏല്പിച്ചു് പൊയ്ക്കോളൂ. ഇനി, നേരിട്ടു് കണ്ടു് പറയണംച്ചാൽ ക്ലാസ്സിൽ ചെന്നു പറയ്വേ നിവൃത്തിള്ളു. താൻ എത്രയാച്ച്ട്ടാ കാത്തിരിക്ക്യാ?”
ഞാൻ അദ്ദേഹത്തിന്റെ ക്ലാസ്സിന്റെ വാതിൽക്കൽ ചെന്നു മുഖം കാണിച്ചു. ഇളംചിരിക്കൊപ്പം ഉയർന്ന പുരികക്കൊടി ‘എന്താ?’ എന്നന്വേഷിച്ചു. ‘ഒരത്യാവശ്യകാര്യം പറയാനുണ്ടെന്നും ഒരു മിനിട്ട് പുറത്തേക്കു വരണമെന്നും’ ആംഗ്യത്തിന്റെയും മുഖഭാവത്തിന്റെയും ഭാഷയിൽ ഞാൻ അപേക്ഷിച്ചു. അദ്ദേഹം ഉടനെ മേശയുടെ അടുത്തേക്കു ചെല്ലാൻ ചൂണ്ടുവിരൽ കാട്ടി ആജ്ഞാപിച്ചു.
ഞാൻ വശംകെട്ടു നിന്നു. പത്തുനൂറു വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൽ കയറിച്ചെന്നു് എങ്ങനെയാണു് കല്യാണം വിളിക്കുക?
അദ്ദേഹം വീണ്ടും ആംഗ്യം കാണിച്ചു. 6–7 കൊല്ലം മുമ്പു നടന്ന ഏത്തമിടലിന്റെ കഥ ഓർമയായതിനാൽ ഞാൻ രണ്ടുംകല്പിച്ചു് അടുത്തേക്കു ചെന്നു. കുട്ടികൾ ഏതോ പുതുമ കാണുംപോലെ ആ രംഗം നോക്കിയിരിക്കുകയാണു്.
പതിവുപോലെ മേശപ്പുറത്തു് ഇരുന്നരുളുന്ന തമ്പുരാൻ അപ്പോഴും ഏതോ സാധാരണകാര്യം പോലെ ചോദിച്ചു:
“എന്താ മൊഹ്യുദ്ദീൻ, വിശേഷം?”
ആ ക്ലാസ്സിൽ നോട്ടീസ് വായിക്കുമ്പോലെ എന്റെ കല്യാണക്കത്തു് വായിച്ചാലോ എന്നൊരു കുസൃതി തോന്നിപ്പോയി. പിന്നെ, പെട്ടെന്നു തോന്നിയപോലെ ഞാൻ അദ്ദേഹത്തിന്റെ ചെവിയിൽ വളരെ സ്വകാര്യമായി സംഗതി പറഞ്ഞു പുറത്തേക്കിറങ്ങി.
ഞാൻ പുറത്തെത്തുമ്പോഴേക്കു് കേൾക്കാം:
“ആരാ ആ പോയതു് ശ്ശണ്ടോ? എന്റെ ശിഷ്യനാ. ഇവിടെ പഠിച്ചതാ. ഇപ്പെന്തിനാ വന്നതു് ശ്ശണ്ടോ? അയാള്ടെ കല്യാണാ…”
ഞാൻ ഓടി. ആ കുട്ടികളുടെ മുഖത്തു തെളിയാനിടയുള്ള പരിഹാസച്ചിരി! ആരോടാണു് ഞാൻ സ്വകാര്യം പറഞ്ഞതു് ? തമ്പുരാനു് എന്തു സ്വകാര്യം?
ഇതാണു് തരം.
മൺമറഞ്ഞുപോയ ആ ഗുരുനാഥനെ ഞാൻ ഓർക്കാത്ത ദിവസമില്ല. തമ്പുരാനെ മറന്നുപോകരുതല്ലോ! പേരുകളും മറ്റും ഇടയ്ക്കിടെ മറന്നുപോകുന്നതിന്റെ ദുരിതം അനുഭവിക്കുമ്പോഴാണു് അധികവും ഓർക്കുക: തമ്പുരാന്റെ ശിഷ്യനായിട്ടും ഓർമ വിട്ടുപോയല്ലോ. വല്ലപ്പോഴും വല്ലതും ഓർത്തു പറഞ്ഞതിനു് ആരെങ്കിലും എന്നെ അഭിനന്ദിക്കുമ്പോൾ ഞാൻ നീട്ടിച്ചൊല്ലും:
“ഞാനൊരു ബാലനശക്തനെന്നാകിലും
മാനിയാമെന്നുടെ മാസ്റ്ററെയോർക്ക നീ!”
ഈ ലേഖനത്തിനു് ഒരു തുടക്കം കിട്ടാതെ കഷ്ടപ്പെട്ടപ്പോൾ എന്റെ പേനയിൽ പതിവു് വാക്യം വന്നു—തമ്പുരാൻ മാസ്റ്റർ ഓർമയായി. ഒരിളം ചിരിയോടെ ഞാനതു് വെട്ടിക്കളഞ്ഞു. കാരണം, നമ്മളൊക്കെ മരിക്കുമ്പോഴാണു് ‘ഓർമ’യാവുന്നതു്. അദ്ദേഹമാകട്ടെ, ജീവിച്ചിരിക്കുമ്പോൾതന്നെ ‘ഓർമ’യായിരുന്നു.
ഇന്നു് ആലോചിച്ചു ചെല്ലുമ്പോൾ എനിക്കു വ്യസനം തോന്നുന്നു: മനുഷ്യജീവിതത്തിൽ മറന്നുകിട്ടേണ്ട സംഗതികളും ഒരുപാടുണ്ടാവുമല്ലോ. ഈശ്വരാ! അമ്മാതിരി ദുരിതങ്ങൾ മറന്നുകിട്ടാതെ, നല്ല വാർധക്യത്തിലും തീക്ഷ്ണമായിത്തന്നെ നിലനിന്ന ആ ഓർമയുടെ ഇരയായി എന്റെ ഗുരുനാഥൻ കഷ്ടപ്പെട്ടിരിക്കുമോ?
ഭാഷാപോഷിണി: ഡിസംബർ 2000.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.