സാമൂഹ്യജീവിതത്തിന്റെ വേവും ചൂടുമല്ല, കലാസ്വാദനത്തിന്റെ കുളിരും തണലുമാണു് കെ. പി. ശങ്കരൻ സാഹിത്യത്തിൽ അന്വേഷിച്ചതു്.
ചരിത്രം, സംസ്ക്കാരം, രാഷ്ട്രീയം സാമൂഹ്യപ്രശ്നങ്ങൾ മുതലായവയുടെ ഭാഗം മാത്രമായി സാഹിത്യം അടക്കമുള്ള കലാരൂപങ്ങളെ കണ്ടറിയുന്ന മൂന്നു് എഴുത്തുകാരിലാണു്—കേസരി ബാലകൃഷ്ണപിള്ള (1889–1960), കുട്ടികൃഷ്ണമാരാരു് (1900–1973), ജോസഫ് മുണ്ടശ്ശേരി (1903–1977)—നമ്മുടെ വിമർശനം തന്റേടം ആർജിക്കുന്നതു്, ‘വിമർശകത്രയം’ എന്നു വിശേഷിപ്പിക്കാവുന്ന ഈ പണ്ഡിതന്മാരുടെ വഴികൾ പലനിലയ്ക്കു് വ്യത്യസ്തമായിരുന്നു. ചിലപ്പോൾ അവ സമാന്തരമായി മുന്നേറി; മറ്റു ചിലപ്പോൾ അവ തീർത്തും എതിരായ ദിശകളിൽ നിന്നു് പുറപ്പെട്ടുവന്നു് കൂട്ടിമുട്ടി; വേറെ ചിലപ്പോൾ അവ സന്ധിയുടെ നാല്ക്കവലകൾ സൃഷ്ടിച്ചു; അത്യപൂർവ്വമായി അവ വെവ്വേറെയാണു് എന്നു വിചാരിക്കാൻ കഴിയാത്തവിധം ഒന്നായിത്തീർന്നു.
അവരുടെ കാലത്തെ പ്രധാന സാന്നിധ്യമായിരുന്ന കവിത്രയത്തിന്റെ രചനകളിൽ നിന്നു് ജീവിതം, കല, ഇവ രണ്ടും തമ്മിലുള്ള ബന്ധം മുതലായവയെപ്പറ്റി പല ഉൾക്കാഴ്ചകളും നേടിയ ഈ വിമർശകരുടെ പാതകൾ മലയാളിയുടെ ആസ്വാദനബോധത്തിലേക്കും വിശകലനപ്രാപ്തിയിലേക്കും പുതിയ ഉന്മേഷം കൊണ്ടുവന്നു: മലയാളത്തിൽ നിയോക്ലാസിക് അഭിരുചിയെ കുഴിച്ചുമൂടുന്നതിന്നും കാല്പനികതയുടെ വരവു് കൊണ്ടാടുന്നതിന്നും വിമർശകത്രയം മുൻനിന്നു. ഈ സാമൂഹ്യസന്ദർഭത്തിലാണു് പുരോഗമന സാഹിത്യപ്രസ്ഥാനം പിറവിയെടുക്കുന്നതു്.
1930-കളുടെ ഒടുവിൽ സമാരംഭിക്കുകയും 1950-കളുടെ തുടക്കത്തിൽ ചൈതന്യരഹിതമായിത്തീരുകയും ചെയ്ത ആ പ്രസ്ഥാനം നമ്മുടെ രചനാമണ്ഡലത്തെയും ആസ്വാദനബോധത്തെയും നിരൂപണാദർശത്തെയും പലമട്ടിൽ സ്വാധീനിച്ചു—ജീവിതമൂല്യങ്ങളെ കലാസ്വാദനത്തിന്റെ മേലെസ്ഥാപിക്കാൻ ഉത്സാഹിക്കുന്ന കാലമാണതു്. ഇതിനോടുള്ള പ്രതിപ്രവർത്തനം കൂടിയാകാം, ജി. ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി മുതലായ കവികളുടെയും ഡോ. കെ. ഭാസ്കരൻനായർ, എസ്. ഗുപ്തൻനായർ മുതലായ നിരൂപകരുടെയും എഴുത്തിൽ സൗന്ദര്യാംശത്തിനു് ഊന്നൽ കിട്ടിക്കാണുന്നുണ്ടു്.
കവിയും നിരൂപകനുമായ എൻ. വി. കൃഷ്ണവാരിയരു ടെ നേതൃത്വത്തിൽ നടന്നുവരുന്ന ‘സാഹിത്യസമിതി’ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സാമൂഹ്യലക്ഷ്യങ്ങളോടു് അനുഭാവം പുലർത്തുമ്പോഴും അതിന്റെ യാന്ത്രികമായ സാഹിത്യസമീപനങ്ങളെ നിരാകരിച്ചു; സാഹിത്യത്തിന്റെ കലാത്മകതയ്ക്കു് ശ്രദ്ധ കൊടുക്കണമെന്നു് നിഷ്കർഷിച്ചു. ഈ അന്തരീക്ഷത്തിൽ നിന്നു് ഉരുവം കൊണ്ട നിരൂപകനാണു് കെ. പി. ശങ്കരൻ—എൻ. വി.-യുടെ പത്രാധിപത്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പു് 1960-കളിൽ വളർത്തിയെടുത്ത എഴുത്തുകാരിൽ എണ്ണം പറഞ്ഞ ഒരാൾ.
എം. ആർ. ചന്ദ്രശേഖരൻ, എം. എസ്. മേനോൻ മുതലായവരുടെ ഉത്സാഹത്തിൽ നടന്നുപോന്ന സാഹിത്യസമിതി ക്യാമ്പുകളും ചർച്ചകളും അദ്ദേഹത്തിന്റെ ആലോചനാപഥങ്ങൾക്കു് ദിശാബോധം നൽകി. മൈസൂരിൽ മലയാളം മാഷു് ആയിരിക്കുമ്പോഴും ആ മനസ്സു് ഈ സംഘത്തിൽ തന്നെയായിരുന്നല്ലോ.
നമ്മുടെ പല നിരൂപകരും അവനവന്റെ നിലപാടിനുവേണ്ടി പൊരുതുന്ന പോരാളിയുടെയോ, സ്വന്തം ഭാഗം വാദിച്ചുകേറുന്ന വക്കീലിന്റെയോ പ്രതിരൂപമാണു് വായനക്കാരിൽ ബാക്കിയാക്കുന്നതു്. മുണ്ടശ്ശേരി, മാരാരു്, അഴീക്കോടു്, പി. കെ. ബാലകൃഷ്ണൻ മുതൽ പേരുടെ ചിത്രം ഓർത്തെടുത്തുനോക്കുക. ഖണ്ഡനം വിമർശനത്തിന്റെ അനിവാര്യതയായി അവരിൽ പലരും എടുക്കുന്നുണ്ടു്. ഇതിൽ നിന്നു് ഭിന്നമായി, എതിരു തോന്നിയാൽ എതിർക്കാൻ നില്ക്കാതെ ചിരിച്ചൊഴിയുകയാണു് ശങ്കരന്റെ രീതി. ഈ വിമർശകൻ വല്ല ഖണ്ഡനവും നടത്തിയിട്ടുണ്ടോ? സംശയമാണു്. ദേവിന്റെ അധികാരം, പാലായുടെ പാലാഴി തുടങ്ങിയ അപൂർവം ചിലതിനെപ്പറ്റി എഴുതിയതു് മാത്രമാവും അപവാദം.
സാമാന്യമായി, സംസ്ക്കാരത്തിന്റെ പ്രതിസന്ധികളും സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങളുമാണു് നമ്മുടെ മിക്ക നിരൂപകരുടെയും വിഷയം. അവർ അതിന്റെ ഭാഗം മാത്രമായിട്ടാണു് കലാപ്രശ്നങ്ങളെ തിരിച്ചറിയുന്നതു്. ‘കവി കാലംശത്തിലേ കലാകാരനായിരിക്കേണ്ടൂ; മുക്കാലംശത്തിലും മനുഷ്യസംസ്ക്കാരത്തിന്റെ ചിഹ്നമായിരിക്കുകയാണു് വേണ്ടതു് ’ എന്നു് മാരാര്. ശങ്കരനു് കലയാണു് മുഖ്യം; സൗന്ദര്യമാണു് പരമപുരുഷാർത്ഥം. എങ്കിലും ‘കല കലയ്ക്കുവേണ്ടി’ എന്ന ആന്ധ്യത്തിലേക്കു് ചെന്നെത്തുന്നില്ല. അധാർമ്മികത അസുന്ദരമാണു് എന്നു് അദ്ദേഹത്തിനു് അറിയാം. ഇവിടെ സൗന്ദര്യത്തിന്റെ ഒരു ഭാഗമാണു് ധാർമ്മികത. ‘മേഘസന്ദേശം ഉൾക്കൊള്ളാൻ കഴിഞ്ഞ ഒരാളും പിന്നെ കൊലപാതകം ചെയ്യില്ലെ’ന്നു് ശ്യാമസുന്ദരിയുടെ നിരൂപണത്തിൽ ശങ്കരൻ എഴുതിയിട്ടു് നാലു് പതിറ്റാണ്ടു കഴിഞ്ഞു (1968). അദ്ദേഹം പറഞ്ഞേയ്ക്കും: ‘കവി മുക്കാലംശത്തിലും കലാകാരനായിരിക്കുകയാണു് വേണ്ടതു്: കാലംശത്തിലേ മനുഷ്യസംസ്ക്കാരത്തിന്റെ ചിഹ്നമായിരിക്കേണ്ടൂ.’
തന്നെ രസിപ്പിച്ചതും തനിക്കു് വ്യാഖ്യാനിക്കാൻ രസമുള്ളതും ആയ ചില എഴുത്തുകാരെപ്പറ്റി, അമ്മട്ടിലുള്ള ചില പുസ്തകങ്ങളെപ്പറ്റി ചിലതു പറഞ്ഞുതരിക എന്നതാണു് ഇവിടത്തെ രീതി—നേർക്കുനേരെയുള്ള, സരളമായ വിശദീകരണം. ക്ലാസിൽ അധ്യാപകനോ സല്ലാപത്തിൽ സുഹൃത്തോ പെരുമാറുമ്പോലെ സൗമ്യമായിട്ടാണു് അദ്ദേഹം പ്രമേയത്തെ പരിചരിക്കുന്നതു്—വായനക്കാരുടെ ആസ്വാദനത്തിന്റെ സാധ്യതകൾ വിപുലീകരിക്കുക എന്നതാണു് ദൗത്യം. നിങ്ങൾ കാണാതെ പോയതോ, കണ്ടിട്ടു് വേണ്ടമാതിരി ശ്രദ്ധിക്കാതെ പോയതോ ആയ ഒരു പദം, സമാസം, ബിംബം, അലങ്കാരം സൂചന മുതലായവയെപ്പറ്റി ആ അധ്യാപകനു് ചിലതു് പറയാനുണ്ടു്. എല്ലാം അതിന്റെ ചാരുതയെപ്പറ്റിയാണു്. ബാല്യകാലസഖിയിൽ ദേശാടനം കഴിഞ്ഞു് മടങ്ങിയെത്തുന്ന മജീദിനെ കുട്ടിക്കാലത്തു് വിളിച്ചപോലെ സുഹ്റ ‘ചെറുക്കാ’ എന്നു വിളിക്കുന്നുണ്ടു്. കാതു കൂർപ്പിച്ചിരിക്കുന്ന ശങ്കരൻ അതു കേട്ടറിഞ്ഞു് ആ ഒരു വാക്കിൽ ഇരമ്പുന്ന വികാരസാഗരത്തെപ്പറ്റി ഉപന്യസിക്കുകയുണ്ടായി (നവകം).
ആലോചിക്കുംതോറും അമൃതായിത്തീരുന്നതു് (ആലോചനാമൃതം) എന്ന വിശേഷണം സാഹിത്യത്തിനു് ലഭിച്ചിട്ടു് നൂറ്റാണ്ടുകളായി. വായനയിൽ രുചിച്ചറിയാൻ കഴിഞ്ഞ രസാനുഭൂതികളെപ്പറ്റി പിന്നെയും പിന്നെയും ആലോചിച്ചുചെല്ലുന്ന ഈ വിമർശകൻ ‘അനുവാചകരുടെ സൗന്ദര്യതൃഷ്ണയ്ക്കു് എന്നെന്നും അയവിറക്കാനുള്ള അനുഭൂതി’ എന്നു കവിതയെ നിർവ്വചിക്കുന്നതു് (മാതൃഭൂമി ആഴ്ചപ്പതിപ്പു്: 7 ഏപ്രിൽ 1968) സ്വാഭാവികം.
‘അനുഭൂതി’ എന്ന പദം ഈ വിമർശനലോകത്തു് പ്രധാനമാകുന്നു. അനുഭൂതിനിഷ്ഠ (impressionistic) മായിട്ടാണു് കെ. പി. ശങ്കരൻ എഴുതുന്നതു്. കൃതിയിൽ നിന്നു് നിരൂപകനു് വ്യക്തിപരമായി ലഭിച്ച അനുഭൂതികളെ അടിസ്ഥാനമാക്കി നടത്തുന്ന നിരൂപണമാണിതു്. കൃതി സ്ത്രീത്വത്തെ എങ്ങനെ കാണുന്നു എന്നു് സ്ത്രീവാദനിരൂപണം അന്വേഷിച്ചു ചെല്ലുന്നതുപോലെ, നിരൂപകനിൽ സൃഷ്ടിച്ച വൈയക്തികമായ അനുഭൂതികളുടെ മട്ടും മാതിരിയും അന്വേഷിച്ചു് അനുഭൂതിനിഷ്ഠനിരൂപണം പോകുന്നു. കൃതി സമൂഹത്തെ എങ്ങനെ ബാധിക്കും എന്നതല്ല, തന്നെ എങ്ങനെ ബാധിച്ചു എന്നതാണു് ഇവിടെ നിരൂപകന്റെ വിഷയം. എന്തിനെ സംബന്ധിച്ച യാഥാർത്ഥ്യവും ആരംഭിക്കുന്നതു് അതുണ്ടാക്കുന്ന അനുഭൂതികളിലാണു് എന്നതാണു് ഇതിന്റെ അടിസ്ഥാനം. ‘കുടുംബം വൈലോപ്പിള്ളിക്കവിതയിൽ’ എന്ന ലേഖനത്തിൽ കാണുംപോലെ, ‘എനിക്കു് ഏറെ പ്രിയപ്പെട്ട ഒന്നാണിതു്. ഏതെല്ലാമോ പൊരുളിന്റെ ചാരിതാർത്ഥ്യങ്ങൾ ഇതിൽ നിന്നു് ഊറിക്കിട്ടാറുണ്ടു്’ എന്നു് അദ്ദേഹം എവിടെയും സാക്ഷി നിൽക്കാനിടയുണ്ടു്.
ഈ സമാഹാരത്തിലെ ആദ്യലേഖനമായ സുഘടിതമായ സൂര്യസങ്കൽപത്തെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി: ‘അങ്ങനെ ചിലതു് തഴുകി എന്റെ ചിരലാളിതമായ ഒരു സ്വപ്നത്തിന്റെ ഇതളുകൾ പതുക്കെ ഒന്നു് നിവർത്താനാണു് ഇപ്പോൾ ഉദ്ദേശിക്കുന്നതു്’ എപ്പോഴും അദ്ദേഹം അതേ ഉദ്ദേശിക്കുന്നുള്ളൂ.
മുകളിലുദ്ധരിച്ച വാക്യത്തിൽ തെളിയുന്ന കാൽപനികാഭിമുഖ്യം ആ വ്യക്തിത്വത്തിന്നും ഭാഷാരീതിക്കും നിരൂപണത്തിന്നും ഒരുപോലെ ഇണങ്ങും. ചുട്ടുപൊള്ളുന്ന യാഥാർത്ഥ്യത്തിന്റെ വെയിലിനെക്കാൾ കുളിരുകോരുന്ന സ്വപ്നത്തിന്റെ നിലാവാണു് തനിക്കു പഥ്യം. എന്റെ നോട്ടത്തിൽ അദ്ദേഹത്തിന്റെ ഇഷ്ടകവി വൈലോപ്പിള്ളി യാണു്; ഇഷ്ട കാഥികൻ എം. ടി.-യും.
ആധുനികതാപ്രസ്ഥാനം പുരോഗമനസാഹിത്യത്തിന്റെ സമീപനങ്ങളെ എന്നപോലെ കാല്പനികതയുടെ രീതികളെയും വെല്ലുവിളിച്ചുകൊണ്ടാണു് വന്നെത്തിയതു്. അത്തരം പുതുമാതിരികളെ കണ്ടറിയാൻ പ്രാപ്തനായി എന്നതു് ഈ വിമർശകന്റെ നേട്ടം തന്നെ: ആധുനിക കവിതാസമാഹരങ്ങളിൽ പ്രഥമവും പ്രധാനവുമായി കണക്കാക്കിവരുന്ന പുതുമുദ്രകൾക്കെഴുതിയ പഠനം ഓർമ്മിക്കുക. കുഞ്ഞുണ്ണിയുടെ രചനകളിൽ ബാലസാഹിത്യത്തിന്റെ ലീലകളെക്കാൾ പ്രസക്തമാണു് ദാർശനികതയുടെ ആഴം എന്നു് സമർത്ഥിച്ചു് ആ കവിതയുടെ ആസ്വാദനത്തെ വഴിതിരിച്ചുവിട്ടതിൽ ഈ എഴുത്തുകാരനുള്ള പങ്കു് വലുതാണു്. ആർ. രാമചന്ദ്രന്റെ ശ്യാമസുന്ദരിക്കെഴുതിയ നിരൂപണം ആ കവിതയുടെ കാല്പനിക ഭംഗികളെയെന്നപോലെ ദാർശനികമാനങ്ങളെയും കാണിച്ചു തന്നിരുന്നു. കടമ്മനിട്ട ക്കവിതയുടെ രൗദ്രപ്രവാഹത്തിൽ കുമിളിച്ചുപൊങ്ങുന്ന ലാവണ്യസങ്കൽപങ്ങളിലേക്കാണു് ശങ്കരന്റെ കണ്ണുചെന്നതു്.
കാല്പനികകവിതയോടുള്ള അഭിനിവേശം കഥയിലേയ്ക്കും പടർന്നു എന്നതു് നിരൂപകന്റെ സമകാലികതയുടെ മറ്റൊരു സൂചകം ആകുന്നു. മുണ്ടശ്ശേരി, മാരാര്, ഗുപ്തൻനായര്, അഴീക്കോട് തുടങ്ങിയവരെല്ലാം കാവ്യങ്ങളിൽ പെരുമാറാനുള്ള പ്രാപ്തി കഥകളിലും നോവലുകളിലും തങ്ങൾക്കില്ലെന്നു് അടയാളപ്പെടുത്തുന്നുണ്ടു്. അവരുടെ ഇളമുറക്കാരനായ ശങ്കരൻ ഈ പരിമിതിയിൽനിന്നു് മുക്തനാണു്—അക്കിത്ത ത്തിന്റെ കവിതപോലെ പൊറ്റക്കാട്ടി ന്റെ കഥയും അദ്ദേഹത്തിനു് വഴങ്ങും. മറ്റു് ഉദാഹരണങ്ങളുടെ ആൽബം ആണു് ഈ ലേഖനസമാഹാരം: ‘കവിതയുടെ ഇനിമ എവിടെ കിനിയുന്നു’ എന്നു് നോക്കിയിരിപ്പാണദ്ദേഹം.
സൗന്ദര്യത്തിന്റെ ആരാധകനും വ്യാഖ്യാതാവുമാണു് അദ്ദേഹം. താൻ കണ്ടറിഞ്ഞ സൗന്ദര്യത്തെ വ്യാഖ്യാനിക്കുന്നതിന്റെ ആനന്ദത്തിനുവേണ്ടിയാണു് ആ എഴുത്തു്.
സാഹിത്യത്തിന്റെ നെടുംപാതയിൽ കാല്പനികതയുടെ പൂങ്കാവുകളിലേക്കു് വഴികാട്ടി നിൽക്കുന്ന കൈചൂണ്ടിയാണു് കെ. പി. ശങ്കരൻ. സമൂഹത്തിന്റെ നാനാവിധമായ ജീർണ്ണതയ്ക്കുള്ള ഔഷധം കലയുടെ സൃഷ്ടിയും ആസ്വാദനവുമാണു് എന്ന ബോധ്യത്തിൽ ആർദ്രമായും സൗമ്യമായും സംസാരിക്കുന്ന അദ്ദേഹത്തിന്റെ രചനകൾ സൗന്ദര്യത്തിന്റെ നന്മയെപ്പറ്റിയും നന്മയുടെ സൗന്ദര്യത്തെപ്പറ്റിയും മലയാളികളെ ഉണർത്തിക്കൊണ്ടിരിക്കുമെന്നു് ഞാൻ പ്രതീക്ഷിക്കുന്നു.
കുളിരും തണലും—ലേഖനസമാഹാരം—കെ. പി. ശങ്കരൻ.
മാതൃഭൂമി ബുക്സ്, കോഴിക്കോട്: 2009.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.