തപാലിനെപ്പറ്റി ഓർക്കേണ്ടി വരുമ്പോഴൊക്കെ, കുഞ്ഞുണ്ണിക്കവി പണ്ടെഴുതിയ ഒരുവരിക്കവിതയാണു് ആദ്യം മനസ്സിൽ തെളിയുക.
“പാലു കെടാം.
തപാലു കെട്ടാലോ?”

പണ്ടൊരു തപാൽ സമരകാലത്താണു് കവി ഈ വരി കുറിച്ചതു്. തപാലുകെട്ടാൽ? എനിക്കതു് രസിച്ചു. പല സന്ദർഭങ്ങളിലും തപാലിനെപ്പറ്റി ഓർക്കേണ്ട സ്ഥിതിയാണെനിക്കു്: ‘കത്തെഴുതിത്തുലയുന്ന’വരിൽ ഒരാളാണു് ഞാൻ. ഭാര്യ തപാൽ ജീവനക്കാരിയാണു്. പല സുഹൃത്തുക്കളും ആ സർവ്വീസിലുണ്ടു്.
തപാലില്ലാത്ത ദിവസം എനിക്കൊരു സുഖക്കുറവുണ്ടു്. ദിനപത്രം ഇല്ലാത്ത ദിവസത്തെ അസ്ക്കിത തപാലുണ്ടെങ്കിലും എനിക്കു് കത്തില്ലെങ്കിൽ കുറച്ചുനേരത്തേക്കാണെങ്കിലും, നിരാശ തോന്നും. പെട്ടെന്നു് ഒറ്റപ്പെട്ടുപോയതുപോലെ ആർക്കും എന്നെ വേണ്ടാതായോ? പിന്നെ സമാധാനിക്കും—‘പോസ്റ്റൽ ഡിലേ’ ആവാം തപാലു കെട്ടാലോ?
തപാലിനു് പാലുമായി എന്താണാവോ ബന്ധം? ഒരു ബന്ധവും കാണാനിടയില്ല. തപാൽ എന്ന പദം ഹിന്ദിയാണു്. ഹിന്ദിയിലാവുമ്പോൾ പദങ്ങളുടെ പുല്ലിംഗവും സ്ത്രീലിംഗവും തിരിച്ചറിയണം. എങ്കിലേ ഉപയോഗിക്കാൻ കഴിയൂ. തപാൽ ആണോ പെണ്ണോ? എന്റെ വീടിനെ സംബന്ധിച്ചു് തപാൽ സ്ത്രീലിംഗമാവുന്നതാണു് ഭംഗി ഔചിത്യം.
പണ്ടു് നമ്മുടെ നാട്ടിൽ ‘അഞ്ചൽ’ എന്ന പദമായിരുന്നു നടപ്പു്. തപാൽക്കാരൻ എന്ന അർത്ഥത്തിൽ അഞ്ചൽക്കാരൻ എന്നും തപാലാപ്പീസ് എന്ന അർത്ഥത്തിൽ അഞ്ചല്പുര എന്നും പറഞ്ഞിരുന്നു. തപാൽ ശിപായി തന്റെ കത്തുസഞ്ചിയുമായി കയ്യിലൊരു ചെറിയ ആയുധവും പിടിച്ചു് ഓടിയോടിയോടിപ്പോകുന്ന രംഗം ഞാൻ കുട്ടിക്കാലത്തു് സിനിമയിൽ കണ്ടിട്ടുണ്ടു് ‘അഞ്ചൽ ഓട്ടക്കാരൻ’ എന്ന പ്രയോഗം ഈ സമ്പ്രദായത്തിൽ നിന്നു് ഉണ്ടായതാവണം. പരപ്പനങ്ങാടിക്കു് സമീപം ‘അഞ്ചപ്പുര’ എന്നൊരു സ്ഥലമുണ്ടു്. പണ്ടു് തപാലാപ്പീസ് അവിടെയായിരുന്നുവോ? അറിഞ്ഞുകൂടാ. അഞ്ചലാഫീസ് എന്നും പണ്ടു് പറഞ്ഞിരുന്നു.
എന്താണു് ഈ അഞ്ചൽ? ‘അഞ്ചുക’ എന്ന പഴയ മലയാളപദത്തിൽ പിൻവാങ്ങുക, തോല്ക്കുക, ശങ്കിക്കുക, ലജ്ജിക്കുക എന്നൊക്കെയാണർത്ഥം. ആ വാക്കുമായി ഈ പരിപാടിക്കു് ഒരു ബന്ധവും ഉണ്ടാകാനിടയില്ല. ഇംഗ്ലീഷിലെ ANGEL (എയ്ഞ്ചൽ) എന്ന പദവുമായി അഞ്ചലിനു ബന്ധമുണ്ടാകാം എന്നു ശബ്ദതാരാവലിയിൽ സൂചനയുണ്ടു്. ഏയ്ഞ്ചൽ എന്നാൽ മാലാഖ. മാലാഖമാരാണു് ദിവ്യസന്ദേശങ്ങൾ ഭൂമിയിലെത്തിക്കുന്നതു്. ആ പദത്തിനു ഇംഗ്ലീഷ് ഡിക്ഷണറികളിൽ കാണുന്ന ഒരർത്ഥം divine messanger എന്നാണു് ഇംഗ്ലീഷ്-മലയാളം ഡിക്ഷണറികളിൽ ‘ദൈവദൂതൻ’ എന്നും.
ഈ വഴിക്കു് ആലോചിച്ചുചെല്ലുമ്പോൾ സെമിറ്റിക് പാരമ്പര്യത്തിലെ ഗബ്രിയേൽ മാലാഖയെ എനിക്കോർമ്മവരുന്നു. അഞ്ചൽക്കാരന്റെ പ്രാക്തനരൂപം അദ്ദേഹമാണെന്നു് വരുമോ? (അദ്ദേഹം എന്ന പദം ഇവിടെ ഗുലുമാലുണ്ടാക്കും മാലാഖയ്ക്കു ദേഹമുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ സ്വരൂപമെന്താണു്? അതൊക്കെ തിരിയാതെ ‘അദ്ദേഹം’ എന്നുപ്രയോഗിക്കാമോ? തപാൽ പുല്ലിംഗമോ സ്ത്രീലിംഗമോ എന്നു ചോദിച്ചപോലെത്തന്നെയായി ഇതും ഗബ്രിയേൽ ആണോ പെണ്ണോ? ഇന്നത്തെ മലയാളത്തിൽ ആണിനെ അദ്ദേഹം എന്നും പെണ്ണിനെ അവർ എന്നും വേണം പരാമർശിക്കാൻ. സുയിപ്പുതന്നെ!) മുസ്ലിംകളുടെ വേദഗ്രന്ഥമായ ഖുർആൻ എന്നതു് ദൈവത്തിൽനിന്നു് ഇപ്പറഞ്ഞ ഗബ്രിയേൽ മാലാഖ (ജിബ്രീൽ എന്ന മലക്ക്) പലപ്പോഴായി എത്തിച്ചുകൊടുത്ത ദിവ്യസന്ദേശങ്ങളുടെ സമാഹാരമാണു് എന്നാണു് വിശ്വാസം. മാലാഖമാർക്കും മലക്കുകൾക്കും ചിറകുകളുണ്ടു് എന്നു പറഞ്ഞുവരുന്നു.
സന്ദേശത്തിന്റെ ഇന്ത്യൻ വേരുകളോ? എന്റെ ഓർമ്മയിലുള്ള ഏറ്റവും പഴയ സന്ദേശം രാമായണത്തിലെ ഹനുമൽസന്ദേശമാണു്—രാവണരാജധാനിയിൽ കഴിയുന്ന സീതയ്ക്കു് ഭർത്താവു് രാമൻ തന്റെ സുഹൃത്തായ ഹനുമാൻ വഴി കൊടുത്തയച്ച സന്ദേശം. അഞ്ചൽഓട്ടമല്ല, അഞ്ചൽചാട്ടമാണു് ആ ദൂതൻ നടത്തിയതു്! നമ്മുടെ നാട്ടിലെ പ്രാചീനശിപായി ഹനുമാനാവാം ഭക്തനും ശക്തനും ആയ വാനരൻ ചിറകില്ലാതെ പറക്കാൻ കഴിഞ്ഞ സ്നേഹശീലൻ.

ഇന്ത്യൻ കാവ്യപാരമ്പര്യത്തിൽ ഏറ്റവും അധികം കൊണ്ടാടപ്പെട്ടകൃതിയും ‘അഞ്ചലു’മായി ഒരു നിലയ്ക്കു ബന്ധപ്പെട്ടതുതന്നെ—മേഘദൂതു്. കാളിദാസൻ രചിച്ച സന്ദേശകാവ്യം. ആടിമാസപ്പിറവി കുറിച്ചുകൊണ്ടു് ആനയുടെ വടിവിൽ വന്നെത്തിയ മഴമേഘത്തെ കുടകപ്പാലപ്പൂക്കൾ വാരി അർപ്പിച്ചു്, അതിന്റെ കൈവശം (മേഘത്തിനു കൈയുണ്ടോ എന്നു്, അല്ലേ? നോ—കഥയിൽ ചോദ്യമില്ല.) പ്രിയപത്നിക്കു് യക്ഷൻ സന്ദേശം കൊടുത്തയയ്ക്കുന്നു എന്നാണു് കാളിദാസകഥ. ‘മേഘസന്ദേശം’ വായിച്ചു് ഉണ്ടായ കെടുതികൾ ചില്ലറയല്ല—മലയാളത്തിൽ ‘സന്ദേശകാവ്യപ്രസ്ഥാനം’ എന്നൊരു മൂവ്മെന്റ് തന്നെ ഉണ്ടായിക്കളഞ്ഞു. അതിൽ ഉണ്ണുനീലിസന്ദേശം പ്രധാനം. കോകസന്ദേശം, ശുകസന്ദേശം, മയൂരസന്ദേശം എന്നിത്യാദി പറവപ്രധാനമായ ‘അഞ്ചൽ കാവ്യ’ങ്ങളെപ്പറ്റി കേട്ടുകാണുമല്ലോ! അതു് പദ്യത്തിൽ തീർന്നു എന്നു് വിചാരിക്കേണ്ട ഗദ്യത്തിൽ ഈയടുത്ത കാലത്തു് വൈക്കം മുഹമ്മദ് ബഷീർ ‘മുട്ടസന്ദേശം’ എഴുതിയിട്ടുണ്ടു്.
ഇപ്പറഞ്ഞതാകെ ഒരിക്കൽ കൂടി വായിച്ചാൽ നിങ്ങൾക്കു് ചില സംഗതികൾ വ്യക്തമാകും:
- ഒന്നു്:
- അഞ്ചലവും ചിറകും ആയി എന്തോ ബന്ധമുണ്ടു്. ചിറകുള്ള മാലാഖ പറക്കാൻ കഴിയുന്ന വാനരൻ, പറക്കാൻ കഴിയുന്ന മേഘം സന്ദേശവുമായി പോകുന്ന നിരവധി പക്ഷികൾ… സന്ദേശത്തിന്റെ തിരക്കു് എത്ര വമ്പിച്ചതാണു് എന്നതിന്റെ സൂചനയാകാം ഇന്ത്യാഗവൺമെന്റ് ‘എയർമെയിൽ’ ഏർപ്പെടുത്തിയതോടെ ആ സങ്കല്പം ശരിക്കും യാഥാർത്ഥ്യമാവുകയായിരുന്നു. കവികൾ പുലരാൻകാലത്തു് കണ്ട ഏതോ കിനാവാകാം ഈ ചിറകിൻ കഥ.
- രണ്ടു്:
- അഞ്ചലും ദാമ്പത്യവുമായി ‘മൊഴിചൊല്ലാൻ’ പറ്റാത്തത്ര പിരിശമുണ്ടു്: പഴയ കഥകളിലെല്ലാം ഭാര്യഭർത്താക്കന്മാർക്കിടയിലാണു് അഞ്ചൽക്കാർ നടന്നും പറന്നും നടുതളരുന്നതു്. ഇതു് പഴയ കാലത്തെ വ്യക്തിബന്ധത്തിന്റെ ദാർഢ്യം കാണിക്കുന്നു. കുറച്ചുകഴിഞ്ഞാൽ ഇങ്ങനെയൊക്കെ ബേജാറാവാൻ ഇതിലൊക്കെ എന്തുണ്ടു് എന്നു് ആളുകൾ ചോദിച്ചേയ്ക്കും. പോയകാലത്തിന്റെ ഒരു ഭംഗി ഇവിടെ രേഖപ്പെട്ടു കിടപ്പുണ്ടു്.

ഇക്കാലത്തെ അഞ്ചൽക്കാരനെപ്പറ്റി വല്ല സാഹിത്യകൃതിയും ഉണ്ടായതായി കേട്ടിട്ടുണ്ടോ? എന്റെ അറിവിൽ അങ്ങനെയൊന്നുണ്ടു്. നാലഞ്ചുദശകം മുമ്പാണു്. മഞ്ചേരിക്കടുത്തുവെച്ചു് വലിയൊരു മണിയോർഡർ തുകയുമായി പോകുന്ന ‘അഞ്ചലോട്ടക്കാരനെ’ കൊള്ളക്കാർ പിടികൂടി. ഈ സംഭവം അന്നു സമീപപ്രദേശങ്ങളിലാകെ വലിയ ഒച്ചപ്പാടുണ്ടാക്കി. വണ്ടൂർക്കാരനും പേരു് കേട്ട മാപ്പിളപ്പാട്ടു് രചിതായാവുമായ പുലിക്കോട്ടിൽ ഹൈദർ ഇതേപ്പറ്റി ഒരു ലഘുകാവ്യം രചിച്ചു. പേരു് ‘അഞ്ചൽക്കാരനും കൊള്ളക്കാരും.’ ‘പുലിക്കോട്ടിൽ കൃതികൾ’ (1979) എന്ന സമാഹാരത്തിൽ ഈ പാട്ടുകാവ്യം കാണാം.
ഇങ്ങനെ ആലോചിച്ചു ചെല്ലാൻ ഒരുപാടു കിസ്സകളുണ്ടു്. ‘തപാലിന്റെ സ്വാധീനം—സംസ്ക്കാരത്തിലും സാഹിത്യത്തിലും’ എന്ന തലക്കെട്ടു് വെച്ചു് വല്ലവരും പി എച്ച്. ഡി. പ്രബന്ധം കാച്ചിക്കളയുമോ എന്ന പേടി കൊടുമയായതിനാൽ നിർത്തുന്നു. സാഹിത്യത്തിൽ “പോസ്റ്റ് മോഡണിസ”ത്തിന്റെ കാലമായതിനാൽ വിശേഷിച്ചും.
പോസ്റ്റ് സ്ക്രിപ്റ്റ്: ദുബായിലുള്ള പുന്നാരപ്പുതിയാപ്പിളയ്ക്കു് വേണ്ടമാതിരി എയ്ത്തു് പഠിച്ചിട്ടില്ലാത്ത വീടർ എഴുതിയ കത്തിലെ ഒടുക്കത്തെ വർത്തമാനം:
നിങ്ങള് ഇബടെ ഇല്ലാത്തപ്പോ എടക്കെടക്കു് പോസ്റ്റ്‘മോൻ’ വരുന്നതു് ഒരു സമാദാനമാണു്. എപ്പളും എപ്പളും കത്തെയ്തണം.
നല്ലളം പി & ടി സ്റ്റാഫ് ക്വാർട്ടേഴ്സ് സുവനീർ: 1995.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.