വൈക്കം മുഹമ്മദ് ബഷീറി ന്റെ അഞ്ചു് രചനകൾ ഇതിനകം സിനിമയായിട്ടുണ്ടു്—നീലവെളിച്ചം (ചെറുകഥ), ബാല്യകാലസഖി (നോവൽ), മുച്ചീട്ടുകളിക്കാരന്റെ മകൾ (നീണ്ടകഥ), മതിലുകൾ (നോവൽ), ശശിനാസ് (ചെറുകഥ).
‘നീലവെളിച്ചം’ എന്ന കഥയുടെ ചലച്ചിത്രരൂപത്തിനു് മാത്രമേ പുതിയൊരു പേരുള്ളൂ—‘ഭാർഗവീനിലയം’. ഇതിനു മാത്രമേ ബഷീർ തിരക്കഥ എഴുതിയിട്ടും ഉള്ളൂ. മറ്റാരുടെ കഥക്കും അദ്ദേഹം തിരക്കഥ എഴുതിയിട്ടില്ല. ‘ബാല്യകാലസഖി’ക്കു് സ്വന്തം നിലയ്ക്കു് തിരക്കഥ എഴുതാനാരംഭിച്ചെങ്കിലും മുഴുവനാക്കിയില്ല. ‘ഭാർഗവീനിലയം’ അദ്ദേഹത്തിന്റെ ഒരേയൊരു തിരക്കഥയാണു്.
1967-ലാണു് ആ സിനിമ വന്നതു്. 1985-ൽ മാത്രമേ തിരക്കഥയുടെ പുസ്തകരൂപം പുറപ്പെടുകയുണ്ടായുള്ളൂ. എ. വിൻസെന്റിന്റെ സംവിധാനം; യേശുദാസ്, കമുകറ പുരുഷോത്തമൻ, ജാനകി തുടങ്ങിയവരുടെ ഗാനാലാപനം; പി. ഭാസ്ക്കരന്റെ ഗാനരചന; പ്രേംനസീർ, മധു, വിജയനിർമ്മല, പി. ജെ. ആന്റണി തുടങ്ങിയവരുടെ മികച്ച അഭിനയം എന്നിവകൊണ്ടു് ശ്രദ്ധേയമായിത്തീർന്ന സിനിമയാണതു്. കലാമൂല്യവും ജനപ്രീതിയും ഒന്നിച്ചുനേടിയ മലയാളത്തിലെ അപൂർവം ചിത്രങ്ങളിൽ ഒന്നു്. ആൾപാർപ്പില്ലാത്തതു്, ഏറെ പഴക്കം ചെന്നതു്, പേടിപ്പെടുത്തുന്നതു് എന്നെല്ലാമുള്ള അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു ശൈലിയായി ‘ഭാർഗവീനിലയം’ എന്ന വാക്കു് ഇപ്പോൾ മാറിയിട്ടുണ്ടു്.
ബഷീറിന്റെ ഇതിവൃത്തത്തെ ആസ്പദമാക്കി സിനിമയെടുത്തവരിൽ ഏറ്റവും പ്രഗത്ഭൻ അടൂർ ഗോപാലകൃഷ്ണനാ ണു്: മതിലുകൾ (1989).
‘ഭാർഗ്ഗവീനിലയ’ത്തിന്റെ അടിസ്ഥാനം നീലവെളിച്ചം എന്ന ചെറുകഥ (പാവപ്പെട്ടവരുടെ വേശ്യ 1952) യാണു്. അതിനു് തിരക്കഥാരൂപം കൊടുത്തു് വികസിച്ചപ്പോൾ നിലാവു് കാണുമ്പോൾ (വിഡ്ഢികളുടെ സ്വർഗ്ഗം 1948), ഹുന്ത്രാപ്പി ബുസ്സാട്ടോ (‘പാവപ്പെട്ടവരുടെ വേശ്യ’ 1952), എന്നീ ചെറുകഥകളും അനർഘനിമിഷ (1946) ത്തിലെ അനർഘനിമിഷം, ഏകാന്തതയുടെ മഹാതീരം, അജ്ഞാതഭാവിയിലേക്കു് എന്നീ രചനകളിലെ വാക്യങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ടു്; കൂട്ടത്തിൽ ‘മതിലുകൾ’ (1965) എന്ന നോവലിലെ ചില പ്രണയരംഗങ്ങളും.
മലയാളസിനിമ അന്നു് റിയലിസത്തിന്റെ പൂർണമായ പിടിയിലായിരുന്നു. ആ അന്തരീക്ഷത്തിലേക്കാണു് അക്കാലത്തു് മേൽക്കൈ നേടിയിരുന്ന യുക്തിബോധം, ശാസ്ത്രബോധം, ‘പുരോഗമനചിന്ത’ മുതലായവ കൊണ്ടു് വിശദീകരിക്കാനാവാത്ത പ്രേതയാഥാർത്ഥ്യത്തിന്റെ കഥയുമായി ‘ഭാർഗ്ഗവീനിലയം’ വരുന്നതു്.
നൂറ്റിഒന്നു് സീനുകളുള്ള സാമാന്യം ദീർഘമായ തിരക്കഥ പ്രണയരംഗങ്ങളും നർമവും വില്ലന്റെ കുടിലതകളും കൊണ്ടു് നാനാരസപ്രധാനമാണു്. ബഷീർസാഹിത്യത്തിൽ ഈ തിരക്കഥ വെട്ടിത്തിരിഞ്ഞു് നില്ക്കുന്നതു് വില്ലന്റെ സാന്നിധ്യം കൊണ്ടാണു്. ബഷീറിന്റെ ലോകത്തു് ആകപ്പാടെ ഒരു വില്ലനേയുള്ളൂ—‘ഭാർഗ്ഗവീനിലയ’ത്തിലെ നാരായണൻ നായർ മാത്രം.
നിരത്തുവക്കത്തുള്ള ആൾപ്പാർപ്പില്ലാത്ത ‘ഭാർഗ്ഗവീനിലയം’ എന്ന മാളിക വീട്ടിൽ സാഹിത്യകാരൻ വാടകക്കാരനായി എത്തുന്നതോടെയാണു് കഥ ആരംഭിക്കുന്നതു്. പ്രേതബാധയുള്ള ആ വീടിനെ നാട്ടുകാർക്കൊക്കെ പേടിയാണു്. അയാളുടെ സുഹൃത്തുക്കളും അയൽക്കാരുമൊക്കെ ഭീതിയോടെയാണു് ആ കെട്ടിടത്തിലേക്കു് നോക്കുന്നതുപോലും. എല്ലാവരും അയാളെ പിന്തിരിപ്പിക്കാൻ നോക്കുന്നുണ്ടു്. ഒരു പെണ്ണിന്റെ പ്രേതമാണു് അവിടെ ആവസിക്കുന്നതു് എന്നറിഞ്ഞതോടെ സാഹിത്യകാരനു് കൗതുകമായി. അവൾ കിണറ്റിൽ ചാടി മരിച്ചുവെന്നും അതിനു കാരണം കാമുകൻ വേറെ കല്യാണം കഴിച്ചതാണു് എന്നും അവളെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്ന മുറച്ചെറുക്കൻ ആ പരിസരത്തെവിടെയോ ഉണ്ടു് എന്നും അറിഞ്ഞതോടെ അയാളിലെ കഥാകൃത്തു് ഉണർന്നു. അവളുടെ കഥ എഴുതുവാനുള്ള അന്വേഷണവും നിരീക്ഷണവും ആലോചനയുമായി പിന്നെ. വൈകാതെ കഥ എഴുതിത്തുടങ്ങുകയും ചെയ്തു. എഴുതിയ ഭാഗങ്ങൾ അപ്പപ്പോൾ പ്രേതത്തെ വായിച്ചു കേൾപ്പിക്കുന്നുണ്ടു്. ആ കഥ ചുരുൾ നിവർന്നാണു് സിനിമക്കുള്ളിലെ ഉൾക്കഥ രൂപം കൊള്ളുന്നതു്:
ഭാർഗ്ഗവി കോളേജുകുമാരിയാണു്. സുന്ദരി, ബി. എ.ക്കു പഠിക്കുന്നു. പാട്ടിലും ഡാൻസിലും പ്രസംഗത്തിലും കമ്പമുണ്ടു്. നാണുക്കുട്ടൻ എന്നു് വീട്ടുകാർ വിളിക്കുന്ന നാരായണൻ നായർ അവളുടെ മുറച്ചെറുക്കനാണു്. അവളെ കല്യാണം കഴിക്കാൻ ബഹുകമ്പവും. പക്ഷേ, അവൾക്കു് അയാളുടെ രൂപവും ഭാവവും പെരുമാറ്റവും ഒന്നും ഇഷ്ടമല്ല.
ആയിടെയാണു് അവളുടെ അയൽപക്കത്തു് ശശികുമാർ എന്നു പേരായി ഒരു ചെറുപ്പക്കാരൻ വാടകക്കു് താമസിക്കാനെത്തുന്നതു്. സുന്ദരൻ. സഹൃദയൻ. നന്നായി സിത്താർ വായിക്കും. പാടും, പാട്ടെഴുതും. ഡാൻസ് കമ്പോസു ചെയ്യും.
അവർ തമ്മിൽ പരിചയമായി. എളുപ്പത്തിൽ ആ അടുപ്പം മൂത്തു് പ്രണയമായി. നാരായണൻ നായരിലെ വില്ലൻ ഉണർന്നു. അയാൾ കല്യാണം വേഗം നടത്താൻ തിടുക്കം കൂട്ടി. ഭാർഗവി തന്റെ അനിഷ്ടം തുറന്നുപറഞ്ഞു. ശശികുമാർ ഉടനെയൊന്നും സ്ഥലം വിടാനിടയില്ലെന്നു മനസ്സിലാക്കിയ നാരായണൻ നായർ അയാളെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു.
അന്തരീക്ഷത്തിൽ മരണം മണത്ത ഭാർഗ്ഗവി ‘നമുക്കു് വല്ലേടത്തും പോയി ജീവിക്കാം’ എന്നു് കാമുകനോടു് പറയുന്നുണ്ടു്. അയാൾ ഒറ്റക്കു് പോവാൻ തയ്യാറായി. വണ്ടിയിൽ വെച്ചു് ഭാർഗ്ഗവി തന്നയച്ചതാണെന്ന വ്യാജേന വിഷം ചേർത്ത ഏത്തപ്പഴം കൊടുത്തു് നാരായണൻ നായർ അയാളെ കൊല്ലാൻ ശ്രമിച്ചു. മരണം വൈകുന്നതു് കണ്ടു് ശ്വാസംമുട്ടിച്ചു് കൊന്നു. കാമുകനെ കൊന്ന വിവരം അയാൾ തന്നെയാണു് ഭാർഗവിയോടു് പറയുന്നതു്. എന്നിട്ടും അവൾ കല്യാണത്തിനു വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ അവളെ കിണറ്റിൽ തള്ളിയിട്ടു് കൊന്നു. അവളുടേതു് ആത്മഹത്യയാണെന്നു് വരുത്തിക്കൂട്ടുന്നതിൽ അയാൾ വിജയിച്ചു.
ഒരു കുറ്റാന്വേഷകന്റെ സാമർത്ഥ്യത്തോടെ ഇതെല്ലാം കണ്ടെത്തിയ സാഹിത്യകാരനെ കൊല്ലേണ്ടതു് നാരായണൻ നായരുടെ ആവശ്യമായിത്തീർന്നു. അവർ തമ്മിൽ മല്പിടുത്തം നടന്നു. അബദ്ധത്തിൽ ആ വില്ലൻ കിണറ്റിൽ വീണു മരിച്ചു.
ഭ്രമാത്മകതയും കുറ്റാന്വേഷണവും പ്രണയവും നർമവും നിറഞ്ഞ കഥ ഉദ്വേഗം നിലനിർത്തിക്കൊണ്ടു് രസകരമായി പറഞ്ഞു ഫലിപ്പിക്കുന്നതിൽ തിരക്കഥ വിജയിച്ചിട്ടുണ്ടു്. പ്രേതസാന്നിധ്യം യാഥാർത്ഥ്യം എന്ന നിലയിൽ പുലരുന്ന ഒരു മായികലോകമാണു്, സിനിമയുടെ ദൃശ്യസാധ്യതകളും സംഗീതത്തിന്റെ സഹകരണവും ഉൾച്ചേർത്തുകൊണ്ടു് ബഷീർ സൃഷ്ടിച്ചിരിക്കുന്നതു്. എണ്ണതീർന്നു് കരിന്തിരി കത്തിയ വിളക്കിൽനിന്നു് നീലവെളിച്ചം പുറപ്പെടുവിച്ചതു് ഭാർഗ്ഗവിയാണു്! അബദ്ധത്തിൽ കിണറ്റിൽ വീണുപോയ സാഹിത്യകാരനെ അത്ഭുതകരമായി മുകളിൽ എത്തിച്ചതും അവൾ തന്നെ. മല്പിടുത്തത്തിനിടയിൽ നാരായണൻ നായരെ കിണറ്റിലേക്കു് ഉന്തിത്തള്ളിയിട്ടു് കൊന്നതും അവളാകാം!
ജീവിതത്തിനും മരണത്തിനുമിടക്കുള്ള അതിരുകൾ മായ്ച്ചുകളയുകയും സങ്കല്പങ്ങളുടെയും സ്വപ്നങ്ങളുടെയും ഒരു മായികലോകം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ തിരക്കഥ, മനുഷ്യവംശത്തിനു് സ്വാർത്ഥതയും ക്രൂരതയും എത്ര വലിയ ബാധ്യതകളാണെന്നും സ്നേഹവും കലാരൂപങ്ങളും എത്ര വലിയ സാധ്യതകളാണെന്നും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടു്.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.