പത്രാധിപർ തിരിച്ചയച്ച കൃതികൾ!
ഈശ്വരാ, പത്രാധിപർ തിരിച്ചയച്ചിട്ടും പാവം വായനക്കാരനു് രക്ഷയില്ല: അതെല്ലാം തുന്നിക്കെട്ടി പുസ്തകമാക്കിയിരിക്കുന്നു.
ഞാനും തിരിച്ചയച്ചേക്കാം എന്നു് കരുതി.
അപ്പോൾ പിന്നെ, അവതാരികാകാരൻ തിരിച്ചയച്ച കൃതികൾ എന്നും പറഞ്ഞു് പുസ്തകം വന്നാലോ?
ഹമ്പട! മനുഷ്യൻ ചുറ്റിപ്പോവുകയേയുള്ളൂ…
കൃതിയേക്കാൾ കേമമാണല്ലോ വികൃതി!
അടിച്ചതിന്മേൽ ചുറ്റുന്ന ഈ വേല കൊള്ളാം.
ഏതെങ്കിലും പത്രാധിപർ എപ്പോഴെങ്കിലും തന്റെ എതെങ്കിലും രചന തിരിച്ചയച്ചിട്ടുണ്ടു് എന്നു് സാധാരണ നിലയ്ക്കു് എഴുത്തുകാർ സമ്മതിക്കാറില്ല. ആ ‘ബിസിനസ്സ് സീക്രട്ട്’ അങ്ങനെ കാറ്റത്തുവെച്ചുകൂടാ. വല്ലപ്പോഴും ആ സ്വകാര്യം വെളിപ്പെടാറു് പരാതിയും പരദൂഷണവും ആയിട്ടാണു്. ഇവിടെയിതാ, ഒരു ചെറുപ്പക്കാരൻ അതു് മേനിയായിട്ടു് പറഞ്ഞിരിക്കുന്നു. മാത്രമോ, അക്കാര്യം പുസ്തകത്തിന്റെ തലക്കെട്ടു് ആക്കുകയും ചെയ്തിരിക്കുന്നു. ജോർ!
‘ഉമ്മിണി വല്യ’വരായശേഷം ചില സാഹിത്യകാരന്മാർ ഇത്തരം തിരിച്ചയയ്ക്കലുകളെപ്പറ്റി പറയുന്നതു് കേട്ടിട്ടുണ്ടു്. ആ പത്രാധിപന്മാരെപ്പറ്റി ജനം സഹതപിക്കട്ടെ എന്നതാണു് ലാക്കു്. ഇവിടെ അതും വ്യത്യസ്തം: ഈ ഗ്രന്ഥകാരന്റെ ആദ്യത്തെ പുസ്തകമാണിതു്. ചങ്കൂറ്റം കൊള്ളാം.
മലയാളത്തിൽ ഈ മട്ടിൽ ഒരു പുസ്തകം ഇതാദ്യമാണു്. വേറെ ഭാഷകളിലും ഈ ജാതിയൊന്നു് കാണാൻ പ്രയാസമാവും. ഇതിനൊക്കെ മുടക്കാൻ പാകത്തിൽ ഈ ചെറുപ്പക്കാരൻ ഗൾഫിൽ പോയി കുറച്ചു കാശുണ്ടാക്കിയിട്ടുണ്ടു് എന്നതു നേരു തന്നെ. എന്നാലും ഈ പേരിൽ ഇത്തരമൊരു സമാഹാരം ഇറക്കിക്കളയാം എന്നു് തോന്നുക എളുപ്പമല്ല. ആർക്കറിയാം, ഒരു പക്ഷേ, ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ പുസ്തകമാവാം ഇപ്പോൾ നിങ്ങളുടെ കൈയിലിരിക്കുന്നതു്! ഇതിന്റെ അവതാരികാകാരനായതിൽ ഇപ്പോൾ എനിക്കു ശകലം അന്തസ്സൊക്കെ തോന്നുന്നുണ്ടു്. ഇതിന്റെ വായനക്കാരനായ വകയിൽ ലേശം അന്തസ്സു് നിങ്ങൾക്കും തരാം. എന്താ?
കണ്ടില്ലേ, ഇതിനൊക്കെയാണു് ‘വീണതു് വിദ്യയാക്കുക’ എന്നു് പറയുക. ഗ്രന്ഥകാരന്റെ സുഖക്കേടു് അവതാരികാകാരനിലേക്കും പകരാം എന്നു് വ്യംഗ്യം.
ഈ പുസ്തകപ്രസാധനത്തിലെ പ്രതിഷേധം എനിക്കു പിടിച്ചു. നാട്ടിലുള്ള ചെറുപ്പക്കാരൊക്കെ ഇങ്ങനെ തുടങ്ങിയാൽ നന്നോ? ആലോചിക്കണം, ഒറ്റയടിക്കു മറുപടി പറയാൻ പ്രയാസം.
‘ശ്രീമാൻ പത്രാധിപർ’ അല്ലാത്തതുകൊണ്ടു് ഞാൻ ശ്രദ്ധിച്ചു് ഈ കൈയെഴുത്തു കൃതികൾ വായിച്ചുനോക്കി—നാടായ നാട്ടിലുള്ള പത്രാധിപന്മാരൊക്കെ കാണുമ്പോഴേയ്ക്കു് തിരിച്ചയയ്ക്കത്തക്കവിധം ഇതൊക്കെ ചവറാണോ? പുസ്തകരൂപത്തിൽ അച്ചടിച്ചേൽപിക്കാൻ മാത്രം ഇതിലൊക്കെ വല്ലതുമുണ്ടോ?
പലതും ഞാൻ രസിച്ചു് വായിച്ചു. നേരു് പറയണമല്ലോ, എല്ലാം മികച്ചതായി തോന്നിയില്ല. ഒന്നു പറയാം. ഇവയിൽ മിക്കതും ഇന്നു് നമ്മുടെ പത്രാധിപന്മാർ തെരഞ്ഞെടുത്തു് അച്ചടിക്കുന്ന പലതിനേക്കാളും ഭേദമാണു്. പിന്നെ, ഇടയ്ക്കു് എവിടെയോ കുഞ്ഞുണ്ണി ക്കവിതകളുടെ സ്വാധീനം കണ്ടു. ചെറുപ്പമല്ലേ, തുടക്കമല്ലേ, ഒരു കുഞ്ഞു് സ്വാധീനമല്ലേ… പോട്ടെ.
ഓ, ഇതൊക്കെ നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായം. പത്രാധിപർക്കു് അയാളുടെ അഭിപ്രായവും ആകാമല്ലോ എന്നു് ഇവിടെ ഒരു മൂന്നാംചേരിവാദം വരാം. വാസ്തവം. സാഹിത്യരംഗത്തെ അഭിപ്രായപ്രകടനങ്ങൾക്കു് പൊതുവെ ബാധകമായ കാര്യമാണതു്. എനിക്കും എന്റെ അഭിപ്രായമല്ലേ, പറയാൻ പറ്റൂ—പുസ്തകരൂപത്തിൽ സമാഹരിക്കാവുന്ന കുറച്ചു് രചനകൾ ഇവിടെയുണ്ടു്: ലോകോത്തരം എന്ന തസ്തികയിലല്ല, ഒരു യുവാവിന്റെ ആദ്യകാലകൃതികൾ എന്ന നിലയിൽ.
ഗ്രന്ഥകാരനായ ബാവ താനൂരിന്റെ പേരു് ഞാൻ ആദ്യം കണ്ടതു് കാർട്ടൂണുകളിലാണു്. ഈ പുസ്തകത്തിലും അദ്ദേഹം വരച്ച കാരിക്കേച്ചറുകളുണ്ടു്. ബാവയുടെ ഭാഷയ്ക്കും ഒരു കാർട്ടൂൺ സ്വഭാവമുണ്ടു്—അതു് സംക്ഷിപ്തമാണു്, തെളിച്ചമുള്ളതാണു്, നർമ്മം സ്ഫുരിക്കുന്നതാണു്. വരകൊണ്ടെന്നപോലെ വാക്കുകൊണ്ടും അദ്ദേഹം കാർട്ടൂൺ എഴുതുന്നു… ഫലിതബോധമാണു് ഗ്രന്ഥകർത്താവിന്റെ പ്രധാനപ്പെട്ട നേട്ടം—ഈ സമാഹാരത്തിന്റെ പ്രസാധനസങ്കല്പത്തിലും തലക്കെട്ടിലും ഉള്ളടക്കത്തിലുമെല്ലാം അതു തെളിഞ്ഞുകാണാം.
ചിരി വഴിയുന്ന ഈ രചനകളുടെ പ്രസക്തി അവ നിർവ്വഹിക്കുന്ന സാമൂഹ്യവിമർശനത്തിലാണു് എന്നെനിക്കു് തോന്നുന്നു. സമൂഹത്തിന്റെ കപടനാട്യത്തെയും പൊങ്ങച്ചത്തെയും മനുഷ്യത്വമില്ലായ്മയെയും പരിഹസിച്ചുകൊല്ലുക എന്നതാണു് ഇവയുടെ പൊതുസ്വഭാവം. ‘സമയം’, ‘ടിക്കറ്റ്’, ‘അവറാനും പെണ്ണും പിന്നെ ഞാനും’ തുടങ്ങിയ രചനകൾ ഇപ്പറഞ്ഞതിനു് നല്ല മാതൃകകളാകുന്നു.
ഈ തലവും കടന്നു് ജീവിതത്തിന്റെ ക്ഷണികതയിലേക്കും അതിന്റെ പൊരുളെന്തെന്ന സമസ്യയിലേക്കും കണ്ണുതുറക്കുവാൻ ശ്രമിക്കുന്ന ചുരുക്കം ചില രചനകളുമുണ്ടു്. ഒരുദാഹരണം: കുളക്കരയിൽ ചൂണ്ടയിട്ടിരിക്കുന്നവന്റെ നേരെ മറ്റൊരു ചൂണ്ടൽ നീണ്ടുവരുന്നുണ്ടെന്നും അവൻ തന്നെ വലിയൊരു കുളത്തിലാണെന്നും ഉള്ള നിരീക്ഷണം. ജീവിതത്തിന്റെ ഭാവവിപര്യയങ്ങളിലേക്കു നീളുന്ന ഒരു ചൂണ്ടുപലക ഇവിടെക്കാണാം.
സ്നേഹരാഹിത്യവും മൂല്യശോഷണവും ഈ ചെറുപ്പക്കാരനെ അസ്വസ്ഥനാക്കുന്നുണ്ടു്. സ്നേഹത്തിനുവേണ്ടിയുള്ള നേർത്ത നിലവിളി ഒരന്തർധാര പോലെ ഈ രചനകളിൽ കുടികൊള്ളുന്നു. അച്ഛനും മകനും തമ്മിലുള്ള വർത്തമാനമായി ഉരുവം കൊള്ളുന്ന രചനകൾ ഉദാഹരണം. പ്രകൃതിയും ദൈവാസ്തിത്വവും എല്ലാം ആ വഴിക്കാണു് ഇവിടെ തെളിഞ്ഞുവരുന്നതു്. ആനയെ കെട്ടിപ്പിടിക്കാനാവുന്നില്ലല്ലോ, എറുമ്പിനെ ചുംബിക്കാനാവുന്നില്ലല്ലോ എന്നു് ഈ എഴുത്തുകാരൻ വിഷാദിക്കുന്നു.
ചുരുങ്ങിയ വാക്കുകളിൽ അന്തരീക്ഷാവിഷ്കാരവും പാത്രസൃഷ്ടിയും സാധിക്കാൻ ബാവ താനൂർ പ്രാപ്തി നേടും എന്നു് ഈ പ്രസാധനം പറയുന്നുണ്ടു്. നന്നു്. നന്നായി വരട്ടെ.
ഞാൻ ബാവയ്ക്കു് എല്ലാ മംഗളവും ആശംസിക്കുന്നു—ഈ കൃതിയുടെ രണ്ടാംഭാഗം ഇറക്കുവാൻ അദ്ദേഹത്തിനു് ഇടയാകാതെ പോകട്ടെ. ഇനിയെങ്കിലും പത്രാധിപന്മാർ അദ്ദേഹത്തിന്റെ കൃതികൾ തിരിച്ചയയ്ക്കാതിരിക്കട്ടെ.
പറഞ്ഞുനിർത്തുമ്പോൾ എനിക്കൊരു ബേജാറു്. ഈശ്വരാ, ഈ കുന്ത്രാണ്ടത്തിനു് ഒരവതാരിക എഴുതി എന്നുംപറഞ്ഞു് ഇനി പത്രാധിപന്മാർ എന്റെ കൃതികളും തിരിച്ചയച്ചുകളയുമോ? എങ്കിൽ ഇതിന്റെ രണ്ടാം ഭാഗം ഇറക്കേണ്ടി വരിക ഞാനായിരിക്കുമല്ലോ… കഷ്ടകാലത്തിനു് അങ്ങനെയെങ്ങാനും വന്നാൽ വായനക്കാരാരെങ്കിലും എനിക്കും ഒരു വിസ സംഘടിപ്പിച്ചു് തന്നു് സഹായിക്കണം എന്നപേക്ഷിക്കുന്നു. നമസ്ക്കാരം![1]
[1] ബാവ താനൂരിന്റെ ‘പത്രാധിപർ തിരിച്ചയച്ച കൃതികൾ’ എന്ന പുസ്തകത്തിന്റെ അവതാരിക: പി. കെ. ബ്രദേഴ്സ്, കോഴിക്കോട്: ഏപ്രിൽ 1993.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.